26-10-19

ദാമ്പത്യം
സുരേഷ് കുമാർ.ജി

അപരിചിതമാം ഹേ
നഗരമേയെത്രയോ
അരികിലാകുന്നു നാം
എപ്പൊഴുമെങ്കിലും
അതിഗൂഢമായി
തുടരുന്നുവോ നഗര
ഹൃദയത്തിലേയ്ക്കു
നയിക്കുന്ന പാതകൾ ?
ഉണ്ടുറങ്ങുന്ന
തൊരേയിടത്തെങ്കിലും
മിണ്ടാതിരിക്കുക -
യല്ല ,നാമെങ്കിലും
എന്തോ മറന്നതു
പോലെയിത്തോണിയിൽ
നമ്മളനുസ്യൂത -
മായിത്തുഴയവേ
ദ്വീപങ്ങളെന്നു
വിചാരിച്ചതൊക്കെയും
നീളും ചതുപ്പുക -
ളെന്നറിയുന്നൊരീ
ബോധോദയത്തിൻ
അതീത തലങ്ങളാൽ
സ്നാനപ്പെടുന്നു ,നാം
ബുദ്ധപഥങ്ങളിൽ ...
അങ്ങനെയോരോ
പരിക്രമണത്തിനു
മപ്പുറം പാതകൾ
നിന്നിലേയ്ക്കെത്തവേ
ഉണ്ടായിരുന്നെ-
ന്നറിഞ്ഞില്ല പിന്നെയും
എങ്ങോ ഒളിച്ചിട്ടൊ-
രൊട്ടു ഗ്രാമീണത
കണ്ടിരുന്നില്ല
യൊരിക്കലും മൈലാഞ്ചി
കൊണ്ടു തുടുത്തു
ചുവന്ന പാദങ്ങളെ
സന്ധ്യാ പരാഗം
മയങ്ങും കപോലത്തി
ലെങ്ങോ മറഞ്ഞു
കിടന്ന സിന്ദൂരത്തെ
എന്നോ നിലാസാധകം
ചെയ്തിടും പുഴ-
യ്ക്കക്കരെ നീന്തി
ത്തുടിച്ച യാമങ്ങളെ......
നിന്നിരിക്കാം നി-
ന്നെടുപ്പുകൾ ഗോപുര
ഭംഗികൾ കണ്ടു
നടന്ന,ന്നു യാത്രികർ
പാടിയിട്ടുണ്ടാ
യിരിക്കാം കവിതകൾ
പ്രാണനേ,യെന്നു
വിളിച്ചിട്ടാരാധകർ ..!
എങ്കിലും ജീവിതം
നമ്മളെയെത്തിച്ചൊ-
രീ ശരപഞ്ജര-
ത്തിൻ നൊമ്പരത്തിലും
വഴി മറന്നെങ്ങോ
നടന്നൊരീ പാന്ഥനായ്
നഗര ദീപങ്ങ -
ളണയ്ക്കാതിരിക്കണേ ...!

നോവു കനത്ത അടയാളങ്ങൾ..
റബീഹ ഷബീർ

അന്നൊരിക്കൽ ക്ലാസ് മുറിയുടെ
ജനൽക്കമ്പികളിൽ വിരൽത്തുമ്പിനാൽ
പ്രണയമെന്നെഴുതുമ്പോൾ എവിടെ നിന്നോ
പറന്നു വന്നൊരു കറുത്ത പക്ഷി
നിന്റെ കണ്ണുകളിൽ നിന്നെന്നെ
കൊത്തിയെടുത്തു പറന്നകന്നതിൽ പിന്നെ-
യവിടെയൊരുശിലയായുറഞ്ഞു
പോയതാണു ഞാൻ...
എവിടെയൊക്കെയോ നിന്നെ
മറന്നുവെന്നെഴുതി വെച്ചിട്ടും,
ഉറക്കം നടിച്ച് നിന്റെ കണ്ണുകൾക്കു മേലെ
ഇരുട്ടു കനത്തപുതപ്പു വലിച്ചിട്ടിട്ടും,
നിന്നെ കൊത്തിവെച്ച ഹൃദയത്തിലെന്റെ
പേരും അടയാളപ്പെടുത്തിയിരിക്കുന്നു.
ചിന്തകളുടെ കാട്ടിലേക്ക്
തനിയെ ഇറങ്ങിപ്പോകുന്ന,
ഒട്ടും പേടിയില്ലാത്തൊരാത്മാവിനെ
ഏകാന്തതയിൽ ഞാനറിയാറുണ്ട്.
ബന്ധങ്ങളുടെയോ ബന്ധനങ്ങളുടെയോ
ചങ്ങലയഴിഞ്ഞു പോയ കണങ്കാലുകളിൽ
നോവെന്ന് അടയാളപെടുത്തിയിട്ടുണ്ട്.
മോഹങ്ങളുടെ വർണ്ണങ്ങളത്രയും
ചേർത്തു വെച്ച് തുന്നിപ്പിടിപ്പിച്ച ചിറകുകൾ
അടച്ചിട്ട ചില്ലുജാലകങ്ങളിൽ
വന്നു തട്ടുമ്പോൾ
സ്പ്നങ്ങളുടെ വസന്തകാലങ്ങളിലേക്കെന്റെ
ചിത്രശലഭങ്ങൾ പറന്നുയരുന്നു.
ആകാശം തൊടാനാവാതെയവ
തിരിച്ചെത്തുമ്പോൾ ഇരുട്ട് കനത്തിരിക്കും.
ഭീതിയുടെ ആഴങ്ങളിലേക്ക്
തളർന്നു വീഴാതിരിക്കാനെന്റെ
ആത്മാവിനെ ഞാൻ സ്വതന്ത്രയാക്കും!
വിഭജിക്കപ്പെട്ട നമ്മുടെ രാജ്യത്തിന്റെ
അതിർവരമ്പുകളിൽ പടുത്തുയർത്തപ്പെട്ട
നഷ്ടങ്ങളുടെ മതിൽ കെട്ടിലേക്ക്
രക്തം ചിന്തി നിലവിളിച്ചത്;
എന്റെ രൂപം കടമെടുത്ത ഓർമ്മകളുടെ
നഗ്നയായൊരു നിഴലായിരുന്നു.
ഒരൊറ്റ ചുംബനം കൊണ്ട് കത്തിയമർന്നൊരു
പച്ചമാംസത്തെ നീ മറന്നു പോയിരിക്കും.
ചോര വറ്റിയ ഞരമ്പുകളിലേക്ക് നീ
കുത്തിയിറക്കിപ്പോയ കാരമുള്ളുകളിൽ
ഇപ്പോഴുമെന്റെ മോഹങ്ങൾ ചുവന്നു കിടപ്പുണ്ട്.
എവിടെയൊക്കെ തോറ്റുപോയെന്ന്
ഓർമ്മകൾ കോറിവെക്കപ്പെട്ടാലും
അതിജീവിത്തിന്റെ മുദ പതിപിച്ച്
ഞാനെന്നെ വീണ്ടും
വീണ്ടും അടയാളപ്പെടുത്തും!!

കവിതാതപം
ശാന്തി പാട്ടത്തിൽ

എന്റെ കവിത
രാവിലെ മുതൽ
കരച്ചിലാണ്
അതിന്
പുത്തൻ മേൽക്കുപ്പായം
വേണമത്രെ!
കുപ്പായമിടാത്ത
എന്നെ എല്ലാർക്കും
മനസ്സിലാകും;
എല്ലാരുമെന്നെ
കൗതുകപൂർവം
നോക്കുന്നു
വായിക്കുന്നു
ആസ്വദിക്കുന്നു
എന്നാൽ
കുപ്പായമിട്ട
കവിതകളെയാണ്
എല്ലാരും എണ്ണുന്നത്
എന്നാണ് അവളുടെ
പതം പറച്ചിൽ
പലതരം കുപ്പായങ്ങൾ
അവൾ കണ്ടുവച്ചിരിക്കുന്നു
മനംമയക്കുന്ന
മതക്കുപ്പായങ്ങൾ
വെറി തുന്നിപ്പിടിപ്പിച്ച
ജാതിക്കുപ്പായങ്ങൾ
അജ്ഞത ഊടും പാവും നെയ്ത
കൈക്കൂലി കുപ്പായങ്ങൾ
രതിയുടെ പച്ചപ്പാർന്ന
റെഡിമെയ്ഡ് കുപ്പായങ്ങൾ
പളപളക്കുന്ന
മീ-ടു കുപ്പായങ്ങൾ
ചില പ്രത്യേക സമയങ്ങളിൽ ഇൽ
മാത്രം ധരിക്കും
കാര്യസാധ്യ കുപ്പായങ്ങൾ
ഇമ്മാതിരി ചുടുചുടാ
കുപ്പായങ്ങളിട്ടാൽ
മാത്രമേ
റാമ്പിൽ കയറ്റുകയുള്ളത്രേ.
എന്റെ കവിതേ....
റെഡ് കാർപെറ്റിൽ കയറി
നിനക്കൊരു
പൂച്ച നടത്തം നടക്കണമെങ്കിൽ
ഞാൻ ഇനി എന്ത് വിറ്റുപെറുക്കണം ?
നിനക്ക് കിട്ടുന്നതും തിന്ന്
അടങ്ങിയൊതുങ്ങി കഴിഞ്ഞുകൂടേ?

അവസാനം...
രാജു കാഞ്ഞിരങ്ങാട്

അണിവിരലാണ്
കെണിയൊരുക്കിയത്
കെട്ടിപ്പിടിച്ചാണ്
രാജ്യം വെട്ടിപ്പിടിച്ചത്
ചിരിയുടെ കാലം
ചിതലെടുത്തു പോയ്
ചതിയുടെ ചിതയിൽ
വിറകായ് വാക്കുകൾ
ഓരോ ദിനവും
ഓരോ മാൻപേട
എരുവുള്ള ഇരയായി
സിംഹത്തിന് കാഴ്ച
വേട്ടക്കാരനൊരുക്കിയ
രാമരാജ്യം
ഇരയ്ക്കുള്ളതാണ്
വേട മൊഴി
പുണ്ണ്യ വചനം
പാനസുഖം എനിക്ക്
യാനസുഖം നിനക്ക്.
നൃപനാക്കേണ്ടയെന്നെ
കൃപ മാത്രം മതി
മണൽപ്പായയിൽ
അന്തിയുറങ്ങാൻ
നിളയോരം മാത്രം മതി

ചുവന്ന ഉറുമ്പുകൾ.....
ആതിര സന്തോഷ്

നഗരത്തിലെ തിരക്കുള്ള റോഡിനു വശംചേർന്നു നിന്നിരുന്ന ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ, റോഡിനഭിമുഖമായി തുറക്കാവുന്ന ജനാലകളുള്ള മുറിയായിരുന്നു നതാലിയയുടേത്. രാത്രിയിൽ പോലും തുറന്നു കിടക്കുന്ന ആ ജനലിൽ നതാലിയ കുടിച്ചു ബാക്കിവെച്ച കാപ്പിക്കപ്പും മധുരം നുണഞ്ഞിരിക്കുന്ന ഏതാനും ചുവന്ന ഉറുമ്പുകളും കൂടാതെ നതാലിയ സൂക്ഷിച്ചിരുന്ന സൗന്ദര്യവർദ്ധക വസ്തുക്കളുമുണ്ടായിരുന്നു. കാപ്പിക്കപ്പ് കഴുകി വാഷ്‌ബേസിനിലേക്കൊഴിക്കുമ്പോൾ കപ്പിന്റെ മറുഭാഗത്തു നിന്നും പിടഞ്ഞു പിടഞ്ഞ് ഏതാനും ഉറുമ്പുകൾ വെള്ളത്തോടൊപ്പം ഒഴുകി പോയത് രണ്ടു മൂന്നു ദിവസങ്ങളായി നതാലിയയുടെ ഉറക്കം കെടുത്തിയതിനാൽ പുതിയൊരു കാപ്പിക്കപ്പ് വാങ്ങി അതിൽ തനിക്കു വേണ്ടി കാപ്പിയെടുത്ത് ബാക്കി വരുന്ന  കാപ്പി ജനലരികിലെ പഴയ കപ്പിൽ ഒഴിച്ചു വെക്കാൻ അവൾ ശീലിച്ചിരുന്നു.
നതാലിയ ആ ഹോസ്റ്റലിൽ എത്തിയിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ. ഗവേഷണ വിദ്യാർഥിനിയായ തനിക്ക് തനിച്ചു താമസിക്കാൻ പാകത്തിന് ഒരു മുറി വേണമെന്ന് ആവശ്യപ്പെട്ട് വന്ന നതാലിയയെ സുന്ദരിയും  ചെറുപ്പക്കാരിയുമായ വാർഡൻ തന്റെ  ഫ്രെയിമില്ലാത്ത കണ്ണടകൾക്കിടയിലൂടെ  മുഴുവനായി അളന്നു. മുറിയൊന്നും ഒഴിവില്ലാഞ്ഞിട്ടു കൂടി അവളെ പറഞ്ഞയക്കാൻ സൂസനു മനസു തോന്നിയില്ല. അങ്ങനെയാണ് വല്ലപ്പോഴും ഗസ്റ്റ് റൂമായി ഉപയോഗിച്ചിരുന്ന മുറി നതാലിയയ്ക്ക് തുറന്നു കൊടുക്കുന്നത്. വാർഡനു നതാലിയയുടെ മേൽ പ്രത്യേകമായി എന്തോ താല്പര്യമുള്ളതു കൊണ്ടാണ് അവർ അത്തരമൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്ന് ഹോസ്റ്റൽ അന്തേവാസികൾ പലരും പലപ്പോഴായി നതാലിയ കേൾക്കെയും കേൾക്കാതെയും പറഞ്ഞു. പഴയ പ്രേമബന്ധം തകർന്നത് കൊണ്ടാണ് വാർഡൻ അവിവാഹിതയായി തുടരുന്നതെന്നുമൊരു കഥ കൂടി വാർഡനെ കുറിച്ചുണ്ടായിരുന്നു. നതാലിയയെ പക്ഷേ ഇതൊന്നും ബാധിച്ചതേയില്ല. അവൾ ഓരോ ദിവസവും രാവിലെ ഭംഗിയായി വസ്ത്രം ധരിച്ചു ഇരു വശത്തു നിന്നും നീളമേറിയ വള്ളികൾ തൂങ്ങിക്കിടക്കുന്ന ബാഗുമായി ഓഫീസ് മുറിക്കു മുന്നിലൂടെ രാവിലെ മുറി വിട്ടിറങ്ങുകയും വൈകിട്ട് കൃത്യസമയത്ത് മടങ്ങിയെത്തിക്കൊണ്ടുമിരുന്നു. ഹോസ്റ്റലിലും പുറത്തും സുഹൃത്തുക്കളൊന്നുമില്ലാത്ത അവൾ ഞായറാഴ്ചകളിൽ മാത്രം മുറിയിൽ നിന്നു പുറത്തിറങ്ങാതെ ജനലരികിൽ കയ്യിലൊരു കാപ്പിക്കപ്പുമായി റോഡിലേയ്ക്ക് അലസമായി നോക്കി നിന്ന് സമയം കൊന്നു.
നതാലിയ പതിവ് പോലെ പുറത്തേയ്ക്കു പോയ ശേഷമുള്ള ഒരുച്ച നേരത്താണ് ആ ചെറുപ്പക്കാരൻ ഓഫീസ് റൂമിനു മുൻപിൽ പ്രത്യക്ഷപ്പെട്ടത്. ഷേവ് ചെയ്യാത്ത മുഖത്തു നിറയെ കുറ്റിരോമങ്ങൾ വളർന്നു നിൽക്കുന്നത് കണ്ടപ്പോൾ സൂസന് ഓക്കാനം വന്നു. എന്നിട്ടും സ്വയം നിയന്ത്രിച്ചു കൊണ്ട് അവൾ ചെറുപ്പക്കാരനെ ഓഫീസ് റൂമിനുളളിൽ കയറ്റിയിരുത്തുകയും വന്ന കാര്യമന്വേഷിക്കുകയും ചെയ്തു. അവൻ നതാലിയയെക്കുറിച്ചു സംസാരിക്കാനാണ് വന്നതെന്നറിഞ്ഞപ്പോൾ സൂസനിൽ  എന്തെന്നില്ലാത്ത ഒരു ആവേശമുണർന്നു.  മുൻപുണ്ടായ ഓക്കാനം മനഃപൂർവം മറന്നുകൊണ്ടാണ് അവർ അവനോടു സംസാരിച്ചു തുടങ്ങിയത്. നതാലിയ നിങ്ങൾ വിചാരിക്കുന്നതു പോലെ ഒരുവളല്ല എന്ന് അവൻ പറഞ്ഞപ്പോൾ കണ്ണടയ്ക്കുള്ളിൽ സൂസന്റെ കണ്ണുകൾ ചുരുങ്ങുകയും പുരികം വളയുകയും ചെയ്തു. തന്റെ ഭാവപ്പകർച്ച മുന്നിലിരിക്കുന്ന ചെറുപ്പക്കാരനിൽ നിന്നു മറച്ചു പിടിയ്ക്കാൻ ശ്രമിച്ചു കൊണ്ട് സൂസൻ കാരണം തിരക്കി.
സൂസനുണ്ടായ ഭാവവ്യത്യാസം മുഖത്തു നിന്നും വായിച്ചെടുത്തിട്ടും അയാളത് മനസിലാവാത്ത ഭാവം നടിച്ചു.  പറയാൻ വന്നത് മുഴുവൻ പറഞ്ഞു കഴിഞ്ഞിട്ടേ അയാൾ കസേര വിട്ട് എഴുന്നേറ്റുള്ളു. വാതിൽക്കലെത്തി, അപ്പോഴും ഒന്നും മിണ്ടാനാവാതെയിരിക്കുന്ന സൂസനു നേരെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ച് അയാൾ നടന്നു നീങ്ങി. അയാളുടെ കണ്ണുകളിലും പുഞ്ചിരിയിലും സംസാരത്തിൽ കൂടിയും ഒരു നിഗൂഢത ഒളിഞ്ഞു കിടപ്പുണ്ടായിരുന്നില്ലേ എന്ന് സംശയിച്ചും അയാൾ പറഞ്ഞ കാര്യമോർത്തുണ്ടായ ഞെട്ടലോടെയും സൂസൻ കുറച്ചു സമയം കൂടി അതേയിരുപ്പ് തുടർന്നു. ശേഷം പുറത്തു പോകുമ്പോൾ കൗണ്ടറിൽ അതാതു മുറി നമ്പറിന് നേർക്ക് ഓരോരുത്തരും തൂക്കിയിട്ടിട്ടു പോകുന്ന താക്കോലുകൾക്കിടയിൽ നിന്നും നതാലിയയുടെ മുറിയുടെ കീ തിരഞ്ഞെടുത്തു. തടിയിൽ പണിഞ്ഞെടുത്ത, ഉരുണ്ട കണ്ണുകളുള്ള ഒരുറുമ്പിന്റെ രൂപമാണ് കീചെയിനായി അതിൽ ഉപയോഗിക്കപ്പെട്ടിരുന്നത്! സൂസൻ അത് ശ്രദ്ധിച്ചില്ല.
നതാലിയയുടെ മുറി വാതിൽക്കലെത്തി ഒന്നു കൂടി ആലോചിച്ച ശേഷമാണ് സൂസൻ താക്കോലുപയോഗിച്ചു വാതിൽ തുറന്നത്. വളരെക്കാലങ്ങളായി ഉപയോഗിക്കാതിരുന്ന മുറിവാതിൽ തുറക്കുമ്പോഴെന്ന പോലെ ഒരു ശബ്ദം വാതിൽ തുറക്കുമ്പോഴുണ്ടായി. മറ്റാരെങ്കിലും കണ്ടേക്കുമെന്ന ഭയത്താൽ സൂസൻ വാതിൽ ഉള്ളിൽ നിന്നു ചേർത്തടച്ചു. ശേഷം തിരിഞ്ഞു നിന്ന് മുറി മൊത്തത്തിലൊന്നു നോക്കി. മേശയുടെ ഉള്ളിലും മുകളിലും ഡ്രസ്സ്‌ അടുക്കി വെച്ചിരിക്കുന്ന അലമാരത്തട്ടിലും പരതി ഒന്നുമില്ല എന്ന നിരാശയിൽ ഏറ്റവുമവസാനമാണ് സൂസൻ ആ ജനലഴികൾക്കരികിലെത്തിയത്. എയ്ബൽ എന്ന് പേരെഴുതിയ ഒരു പെർഫ്യൂം ബോട്ടിലും നിരത്തി വെച്ചിരിക്കുന്ന കാപ്പിക്കപ്പുകളുമൊഴിച്ചാൽ ജനൽ ശൂന്യമാണെന്നു അവൾ കണ്ടു. മുൻപു വന്ന അപരിചിതൻ പറഞ്ഞതു പോലെ സംശയിക്കാത്തതായി ഒന്നും ആ മുറിയ്ക്കുള്ളിലില്ല എന്ന് സൂസൻ കണ്ടെത്തി. ഒടുവിൽ വന്നയാൾക്ക് ഭ്രാന്തായിരുന്നിരിക്കാം എന്ന അനുമാനത്തിൽ വാതിൽ പൂട്ടി തിരികെയിറങ്ങുമ്പോൾ കീചെയിനിലേയ്ക്ക് സൂസന്റെ കണ്ണുകൾ നീണ്ടു. അതൊരു ഉറുമ്പിന്റെ രൂപമാണെന്നു കണ്ടപ്പോൾ ചെറിയൊരു നടുക്കം അവളുടെ ഹൃദയത്തിലാകെ പടർന്നു വ്യാപിച്ചു.
അന്നു വൈകിട്ട് പതിവ് സമയത്തിന് ശേഷവും നതാലിയ തിരികെയെത്താത്തത് സൂസനെ അസ്വസ്‌ഥയാക്കി. ആറു മണി വരെയും അവൾ അക്ഷമയോടെ നതാലിയയെ കാത്തു നിന്നു. ശേഷം ഗേറ്റ് അടച്ചു പൂട്ടി മുറിക്കുള്ളിൽ കയറി കതകടച്ചിരുന്നു. വൈകി ഹോസ്റ്റലിലെത്തിയവർ പുറത്തു നിന്ന് ശബ്ദമുണ്ടാക്കുന്നത് അവളെ  അലോസരപ്പെടുത്തിയതേയില്ല.
മൂന്ന് ദിവസങ്ങൾക്കു ശേഷം ഒരു വൈകുന്നേരമാണ് നതാലിയ തിരികെയെത്തിയത്. അവൾ ക്ഷീണിതയെങ്കിലും സന്തോഷവതിയായി കാണപ്പെട്ടു. കൗണ്ടറിൽ തൂക്കിയിട്ടിരുന്ന കീയെടുത്തു കൊണ്ട് വരാന്തയിലൂടെ  നടന്നു പോകുന്ന അവളെ നോക്കി സൂസനിരുന്നു. മനസ്സിൽ പല ചിന്തകളും ഉയരുന്നത് തടയാൻ സൂസൻ വ്യർത്ഥമായൊരു ശ്രമം നടത്തി നോക്കി. വെറുമൊരു ഹോസ്റ്റൽ വാർഡനായ താൻ എന്തിനാണ് ആവശ്യമില്ലാത്ത പ്രശ്നങ്ങളിലേക്ക് തലയിടുന്നതെന്ന് അവൾ കഴിഞ്ഞ മൂന്നു ദിവസങ്ങളായി തന്നോടു തന്നെയും ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. പണ്ടൊരു ഹോസ്റ്റൽക്കാലത്ത് മുറി പങ്കിട്ടിരുന്ന പഴയ  സുഹൃത്തിനെ സൂസന് അപ്പോഴോർമ വന്നു. ഒരു ചുംബനം കൊണ്ടില്ലാതായിത്തീർന്ന ബന്ധമെന്നാണ് സൂസൻ എപ്പോഴും അതേക്കുറിച്ചോർക്കുന്നത്. തന്നെക്കുറിച്ചവൾ ആരോടെങ്കിലും പറഞ്ഞാലുണ്ടായേക്കാവുന്ന  അപമാനഭാരമോർത്താണ് അന്ന് പഠനം നിർത്തി ഹോസ്റ്റൽ ഉപേക്ഷിച്ചു പോന്നത്. വീട്ടിൽ വെറുതെയിരിക്കുന്ന സമയത്ത് ഹോസ്റ്റൽ വാർഡനായി ജോലി കിട്ടിയതും ഒരു കണക്കിൽ സന്തോഷമായിരുന്നു തനിക്കെന്ന് സൂസൻ  അപ്പോഴോർത്തു. തനിക്ക് ചേരുന്ന ആരെങ്കിലുമൊരാൾ ഈ കൂട്ടത്തിനിടയ്ക്ക്  വന്നു ചേരാതിരിക്കില്ല ഇവിടെ എന്ന ഒരു പ്രതീക്ഷ. നതാലിയ തനിച്ചു താമസിക്കാനൊരു മുറി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ മുതൽ ആ പ്രതീക്ഷ വളരുകയായിരുന്നില്ലേ എന്നു സൂസന് സംശയം തോന്നി. എന്തു കൊണ്ടാണ് അവളുടെ മേൽ അത്രയേറെ പ്രതീക്ഷയുണ്ടായതെന്ന് സൂസന് തീർച്ചയുണ്ടായിരുന്നില്ല. കൂടുതൽ ആലോചിച്ചു സമയം കളയാൻ മെനക്കെടാതെ, പെട്ടെന്നുണ്ടായ ഒരാവേശത്തിൻമേൽ സൂസൻ എഴുന്നേറ്റ് മുകളിലേക്കുള്ള പടികൾ കയറിത്തുടങ്ങി.
വാതിൽക്കൽ മുട്ടാനുള്ള ക്ഷമയില്ലാതെ സൂസൻ അകത്തേയ്ക്കു കടന്നു. നതാലിയ മുറിയിലുണ്ടായിരുന്നില്ലെന്നു കണ്ട് സൂസൻ അമ്പരന്നു. അവൾ മുറിയിലാകെയൊന്നു നോക്കി. ജനലിൻമേലിരുന്ന പെർഫ്യൂം ബോട്ടിലിനു മീതെ ഇപ്പോൾ അടപ്പുണ്ടായിരുന്നില്ല. തുറന്നു വെച്ച ബോട്ടിലിൽ നിന്നും മുറിയിലാകെ അത്രയേറെ പരിചിതമല്ലാത്ത, എന്നാൽ ഒരിക്കലെപ്പോഴോ താനറിഞ്ഞിട്ടുള്ള ഒരു ഗന്ധം  പടരുന്നത് അവളറിഞ്ഞു. ജനലരികിലെ കാപ്പിഗ്ലാസ്സിൽ മധുരം നുണയുന്ന ഉറുമ്പുകളെ അപ്പോൾ മാത്രമാണ് അവൾ കണ്ടത്. കുറച്ചു കൂടി അടുത്തേയ്ക്ക് നീങ്ങുമ്പോൾ ചുവന്ന ശരീരത്തിലെ ചെറിയ വട്ടക്കണ്ണുകളിൽ ഭയം നിഴലിച്ചിരിക്കുന്നുവെന്ന് സൂസന് തോന്നി. കുറച്ചു ദിവസങ്ങൾ മുൻപ് തന്നെക്കാണാനെത്തിയ യുവാവിനെ അവൾക്കപ്പോൾ ഓർമ വന്നു. നതാലിയയും അവളുടെ ജന്തു ശാസ്ത്രത്തിൽ അഗ്രഗണ്യനായ പ്രൊഫസ്സറും ചേർന്ന് ഏതൊക്കെയോ നീച പ്രവൃത്തികൾക്കു വേണ്ടി പലതരം ജീവികളെ  ഉപയോഗിക്കുന്നുവെന്നും അതാണ് അവളുടെ ഗവേഷണ വിഷയമെന്നും  അയാൾ പറഞ്ഞത് അവൾക്കോർമ വന്നു. അവൾക്ക് ഭയം തോന്നിത്തുടങ്ങിയിരുന്നു. മുറിയിൽ നിറഞ്ഞു നിന്നിരുന്ന ഗന്ധം പൊടുന്നനെ ഒരു നിമിഷം സൂസന്റെ ആത്മാവിനോളം കടന്നു ചെന്നു. അന്നു വന്ന അപരിചിതനും ഇതേ ഗന്ധമായിരുന്നുവല്ലോ എന്ന് അതേ നിമിഷം ഞെട്ടലോടെ സൂസനറിഞ്ഞു.
* * * * * * * * * * * * * * * * * * * * * * * *
ആഴ്ചകൾക്കു മുൻപ് കാണാതായ വാർഡനു പകരം പുതിയ ആൾ വന്നു ചേർന്നിരുന്നു. മൂന്നാം നിലയിൽ റോഡിലേയ്ക്ക് തുറക്കുന്ന ജനലുകളുള്ള അതേ മുറിയിൽ ജനലരികിൽ പാതി നിറച്ചു വെച്ചിരുന്ന കാപ്പി ഗ്ലാസിൽ ആണുറുമ്പുകളുടെ സ്പർശമേൽക്കാതിരിക്കാൻ ശ്രദ്ധിച്ചും ഉരുണ്ട കണ്ണുകളിൽ ഭയം നിറച്ചും ചുവന്ന ഒരുറുമ്പ് റോഡിലേയ്ക്ക് നോക്കി മധുരം നുണഞ്ഞു കൊണ്ടിരുന്നു. ജനാലയ്ക്കപ്പുറം റോഡിൽ മഴ വീണു തുടങ്ങിയിരുന്നു അപ്പോൾ!!!

ചില ചിത്രങ്ങൾ
സേതു ലക്ഷ്മി.സി

ഒരു മഞ്ചാടി, ശ്വാസപ്പാതി,
തെളിവേനൽ വാനിൽ പാറും നീലപ്പക്ഷി.
കണ്ണാലൊപ്പിക്കരളിൽ കോർത്തു
കൊരുത്തു നടന്നേൻ
നെഞ്ചിൽ നെഞ്ചാൽ ചേർന്നൊരു
ഗാഢ സ്പർശ നിമിഷം
വിളറും കവിളിന് മിന്നൽത്തീയാൽ
ചുംബനമവളെ ചേർത്തുപിടിക്കും.
സാന്ത്വന വർഷം
എത്ര ഋതുക്കൾ കഴിഞ്ഞും മായാ മായക്കാലം.
ഇനി മധുശാലയിൽ, നേരെ കാണും
ബാർ സ്റ്റൂളിലൊന്നിലിരുന്ന ചെറുപ്പക്കാരൻ
വോഡ്കയിൽ മുങ്ങിപ്പൊങ്ങി,
കരളിൽ കോറിക്കീറി വരഞ്ഞൊരു
ജീവൽച്ചിത്രം മായ്ക്കാൻ പാടുപെടുന്നു.
(കഥ തുടരുമ്പോൾ) ഇരുണ്ട പച്ചക്കാട്,
കാട്ടിൻ വീഥികൾ,നീതികൾ
കത്തും രണ്ടു കനൽക്കണ്ടങ്ങൾ.
പേടിപ്പിക്കും ജന്തുശരീരം,
കെണിയിലകപ്പെട്ടെന്നാലപ്പൊഴു-
മെരിഞ്ഞു പുകഞ്ഞും  ചോരക്കണ്ണുകൾ
ഇങ്ങനെയാർത്തിയുമോർമ്മയുമറിവില്ലായ്മ-
യുമൊത്തു പകർത്തിയ പല ചിത്രങ്ങൾ
ചിലവയെടുത്തും,ചിലവ കളഞ്ഞും
ചിലവയെന്തിനെന്നോർത്തു കരഞ്ഞും
അൻപതു വർഷപ്പടുത്തീയിൽ
തീണ്ടാപ്പാടുകൾ നോക്കിയിരിക്കെ
അവനവനെത്താൻ താണ്ടി നടന്നിടും
അറിയൽ,ചാലുകൾ കാൺകേ-
യറിഞ്ഞേനോരോ ചിത്രവുമോരോ യുദ്ധവും
ഓരോ ദൂരവുമെത്ര ചിതം...

ഓർമ്മകൾ
ദിവ്യ.സി.ആർ

ഈ നിമിഷങ്ങൾ നിന്നെയും
കടന്ന് പോയേക്കാം..
ഈ ലഹരികൾ നിൻെറ
ബോധം മറച്ചേയ്ക്കാം...
ഈ കനത്ത മഴയിലും
ചടുലമായ കാറ്റിലും
പതിഞ്ഞൊരോർമ്മകൾ
തീഷ്ണമായ് നിന്നെ
അലട്ടിയേക്കാം..
കത്തുന്ന വേനലിനാൽ
പൊള്ളിയടർന്ന പാദങ്ങൾ
നീ പോലുമറിയാതെ
നടന്നകന്നേക്കാം..
ചുടുനിശ്വാസമായ് ;
ചെറുചാറ്റൽ മഴയായ് ;
നിന്നിൽ പടർന്നൊരാ-
പുതു സ്വപ്നഗന്ധത്തെ
എവിടെയൊളിപ്പിച്ചു
മരിക്കും നീ...!!!

എന്റെ ഷാനു
ശബ്ന നജ്മുദ്ദീൻ

എന്റെ ഷാനു ,അവന് ആറുമാസം തികഞ്ഞപ്പൊ പല പരിശോധനകൾക്കൊടുവിൽ ഡോക്ടർ പറഞ്ഞു  അവൻ MR ( മെന്റൽ റിഡ്രാടേഷൻ) ആണെന്ന് "മരുന്ന് കഴിച്ചാൽ മാറുന്ന അസുഖമാണോ ഡോക്ടറെ" എന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട് ഡോക്ടർ പറഞ്ഞു "സാവധാനം നമുക്ക് മാറ്റിയെടുക്കാം ശരിയാകും". അതു വരെ ഇങ്ങനെയൊന്ന് കേട്ടിട്ടില്ലാത്ത ഞാൻ കാലക്രമേണ മനസ്സിലാക്കി ഇതൊരു രോഗമല്ല, അവസ്ഥയാണ്. നമുക്കു ചുറ്റും ഒരുപാട് പേർ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവരുണ്ട്.
       ആദ്യമായി  ജനിച്ച കുഞ്ഞ്, സമപ്രായക്കാരായ കുട്ടികളെ പോലെ ഒന്നും ചെയ്യാതായപ്പൊ മനസ്സിലെ ആശങ്ക കൂടി വന്നു.' എന്തുകൊണ്ട് എന്റെ ഷാനു മാത്രം...? പിന്നീടങ്ങോട്ട് ഓട്ടപ്പാച്ചിലുകളായിരുന്നു അവനെ കൊണ്ട്.പല ഡോക്ടർമാർ ,വിവിധ തെറാപ്പികൾ. ഉറക്കമില്ലാത്ത രാത്രികളായിരുന്നു ,ചില ദിവസങ്ങളിൽ ഞെട്ടലോടെ എണീക്കും നേരം പുലരും വരെ അവനെ മാറോട് ചേർത്ത് കരയും. ഒരമ്മ ഏറ്റവും സന്തോഷിക്കേണ്ട ദിവസങ്ങളിൽ കരയാൻ വിധിക്കപ്പെട്ടവരാണോ ഞങ്ങൾ ഭിന്നശേഷീകുട്ടികളുടെ അമ്മമാർ ?ഇടക്കിടെ മനസ്സിൽ ആ ചോദ്യമുയരും
    വർഷങ്ങളായുള്ള തെറാപ്പികൾക്കൊടുവിൽ അവൻ നടക്കാനും ഏറെ വൈകി അവ്യക്തമായി സംസാരിക്കാനും തുടങ്ങി. എന്നിലവൻ പ്രതീക്ഷ നൽകി.
     പുറത്തേക്ക് അവനെ കൊണ്ടിറങ്ങുമ്പോഴും പരിപാടികളിൽ പങ്കെടുക്കുമ്പോഴും മാത്രമാണ് എനിക്ക് നിരാശ തോന്നി തുടങ്ങിയത്.ഹൈപ്പർ ആക്ടീവായ അവൻ ചെയ്യുന്ന വികൃതികൾ ആളുകൾക്കിടയിൽ സംസാരമാകും" എന്തിനാ ഇവനെ കൊണ്ടുവന്നത്, വീട്ടിലിരുത്തിക്കൂടെ " ഒരു കൂസലുമില്ലാതെ ചിലർ ചോദിക്കും അതുമല്ലങ്കിൽ പാവമാണെന്ന സഹതാപത്തോടെയുള്ള നോട്ടവും പറച്ചിലും, "കൂടെ ഞങ്ങളുണ്ട് " എന്ന് പറഞ്ഞു കേൾക്കാനാണ് ഞങ്ങളാഗ്രഹിക്കുന്നത്. അല്ലാതെ സഹതാപത്തോടെയുള്ള നോട്ടമോ കുത്തുവാക്കുകളോയല്ല . അവൻ മുടിയിഴകൾ വലിച്ചു പറച്ചിട്ടും ,കടിച്ചു മുറിവാക്കിയും എന്നെ വേദനിപ്പിക്കാറുണ്ട്. ശരീരത്തിലുണ്ടാകുന്ന ആ വേദനയേക്കാൾ സഹിക്കാൻ വയ്യാത്തതാണ് സ്വന്തക്കാരിൽ നിന്നും അയൽപക്കക്കാരിൽ നിന്നും കിട്ടുന്ന ഈ സംസാരങ്ങൾ... മറ്റു അമ്മമാർ തന്റെ കുഞ്ഞുങ്ങളെ പറ്റി സന്തോഷത്തോടെ സംസാരിക്കുമ്പോൾ എന്തുകൊണ്ടോ എനിക്ക് ചിരിക്കാൻ പോലും അർഹതയില്ലെന്ന് തോന്നിപോയിരുന്നു.
      ഞാൻ തന്നെ ചിന്തിച്ചു തുടങ്ങി ഒരുപാടങ്ങു കേൾക്കുമ്പോൾ ശീലമാകുന്നതല്ലേയുള്ളു ഈ വാക്കുകളും നോട്ടങ്ങളും.ആദ്യം മാറേണ്ടത് നമ്മളല്ലെ, അതെ ആദ്യം മാറേണ്ടതും അംഗീകരിക്കേണ്ടതും അമ്മമാരാണ്. അല്ലെങ്കിലും ഇവരുടെ ഏറ്റവും വലിയ ഡോക്ടറും, ടീച്ചറും, തെറാപിസ്റ്റും അമ്മമാരാണല്ലൊ.
      ഇറങ്ങി തുടങ്ങി അവനെ കൊണ്ട്, പോകുന്ന സ്ഥലങ്ങളിലൊക്കെ. വീട്ടിലിരുന്ന് കിണറ്റിൽ വിലപിടിപ്പുള്ള വസ്തുക്കളിട്ടും  വീട്ടിലുള്ളവരെ വികൃതി കാണിച്ചുo ഹരം കണ്ടിരുന്ന അവന് യാത്രകൾ, പാർട്ടികൾ ഇഷ്ട്ടപ്പെട്ടു തുടങ്ങി. അവനെ കൊണ്ട് ബസിൽ യാത്ര ചെയ്യാൻ തുടങ്ങി.ബസിൽ കയറി ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന അവനെ ആളുകൾ ശ്രദ്ധിക്കുന്നത് എനിക്കും ഇഷ്ട്ടമായി തുടങ്ങി.  അവന്റെ തോളിലൂടെ കൈയിട്ട് ഞാൻ പറയും, "താനൊരു  സംഭവാണല്ലോ "
      എന്തുകൊണ്ട് അവരുടെ നല്ല സുഹൃത്ത് അമ്മമാർക്കായിക്കൂടാ നമ്മുടെ ഓരോ അഭിരുചിയും സാധാരണക്കാരായ മക്കളെ പോലെ അറിയുന്നുണ്ടവർ. അവന് ആറ് വയസ്സുള്ളപ്പോഴാണ്  ഞാൻ മകൾക്ക് ജന്മം നൽകിയത്. എന്റെ കണ്ണുവെട്ടിച്ച് അവളെ ഉപദ്രവിക്കുമായിരുന്നു അവൻ, അവനെ വഴക്കു പറയുന്നതിനു പകരം ഞാനാ കരയുന്ന മോളോട് പറയും " വാവ വലുതായാൽ ഇക്കയെ എവിടേം കൊണ്ടു പോകേണ്ടട്ടൊ ".അതു കേട്ടാൽ ശാന്തനാകും അവൻ. അവരുടെ ഉള്ളിനുള്ളിൽ അറിയുന്നു എല്ലാം. നമ്മൾ കാണിക്കുന്ന സൗഹൃദം അവരിലുള്ള കഴിവുകളെ  പുറത്തു കൊണ്ടുവരും.
     അഞ്ചാം വയസ്സിൽ സാധാരണ സ്ക്കൂളിൽ ചേർത്ത അവന്റെ വികൃതി സഹിക്കാൻ വയ്യാതെ വന്നപ്പോൾ മാഷെന്നെ വിളിച്ചു പറഞ്ഞു. "ദയവു ചെയ്തു കൊണ്ടു പോകണം, ഞങ്ങൾക്കിവനെ നോക്കിയിരിക്കാൻ വയ്യ". ഒട്ടും വിഷമം പുറത്തു കാണിക്കാതെ ഞാനവനെ കൂട്ടികൊണ്ടു വന്നു.  സ്ക്കൂളിൽ പോകാൻ ഇഷ്ടപ്പെടുന്ന അവനെ സ്പെഷ്യൽ സ്ക്കൂളിലാക്കി.അവിടേയും ഹീറോയായി വിലസുവാ അവനിപ്പം .
    സ്ക്കൂളിൽ നടത്തിയ ക്വിസ്  മത്സരത്തിൽ "നമ്മുടെ ദേശീയ പക്ഷി ഏത് ?എന്ന ചോദ്യത്തിന് യാതൊരു സംശയവും കൂടാതെ അവൻ ഉത്തരം പറഞ്ഞു " കാക്കാ" അവനെ ഉത്തരം പറഞ്ഞു പഠിപ്പിച്ച ടീച്ചർ നിരാശയോടെ നോക്കി നിന്നപ്പൊ ചിരിച്ചോണ്ട് ഞാൻ പറഞ്ഞു "കാക്ക പക്ഷിയാണെന്ന് അവനറിയാമെങ്കിൽ  അതൊരു മാറ്റമല്ലെ ടീച്ചറേ"..
     അതെ മാറ്റമുണ്ട് ഒരുപാട് ഒരുപാട്, മാറ്റത്തിനായി ചെയ്യേണ്ടത് ഒന്നേയുള്ളു അവരെ സ്വാതന്ത്ര്യമായി വിടുക, സ്ക്കൂൾ വിട്ടു വന്നാൽ അയൽപക്കത്തെ വീടുകളിൽ പോയി സൗഹൃദ സംഭാഷണം പതിവാക്കി അവരുടേയും കണ്ണിലുണ്ണിയായി ഇന്നവൻ. എന്തുകൊണ്ട് നമ്മളവരെ മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്ഥരാക്കണം.?  
 സാധാരണ മക്കളെ പോലെ ആവശ്യങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കാറില്ല ഞങ്ങളുടെ പൊന്നോമനകൾ. പാട്ടുകൾ കേൾക്കാൻ ഇഷ്ട്ടമുള്ള അവന് കെ.എസ് ചിത്ര പാടിയ 'ഉമ്മാന്റെ കാലടി പാടിലാണ് സുവർഗ്ഗം " എന്ന പാട്ടിനോട് വല്ലാത്ത ഇഷ്ട്ടമാണ്. ഒരു ദിവസ്സം ,മറ്റാരും കേൾക്കാതെ എന്റെ ചെവിയിലവൻ പറഞ്ഞു, "ഇക്ക് ഓളെ കാണണം, "ആരേയാടോ ? ആശങ്കയോടെ ഞാൻ ചോദിച്ചു ."ചിത്തിരയെ " അവനുത്തരം പറഞ്ഞു. എന്റെ ഷാനു ആദ്യമായി എന്നോട് ആവശ്യപ്പെട്ട കാര്യം ,ഇപ്പോഴും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യം "  ഉമ്മയെ പറ്റി ഭംഗിയായി അവതരിപ്പിച്ച ആ പാട്ട് പാടിയ കെ.എസ്.ചിത്ര യെ കാണണം.എന്റെ ഷാനുവിന്റെ ആ ചെറിയ വലിയ ആഗ്രഹം സാധിപ്പിച്ചു കൊടുക്കുന്ന ആ നിമിഷമായിരിക്കും എന്റേയും അവന്റെയും ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷം.
     ഭിന്നശേഷിക്കാരായ കുഞ്ഞുകളെ ഓർത്ത് കരയുന്ന അമ്മമാരോട് ഒന്നേ പറയാനുള്ളൂ, അവരെയോർത്ത് കരയുകയല്ല അവരെ അംഗീകരിക്കുകയാണ് വേണ്ടത് ,നമ്മളവരെ അംഗീകരിച്ചാൽ ലോകമവരെ അംഗീകരിക്കും. നെഞ്ചത്ത് കൈ വെച്ച് ആത്മവിശ്വാസത്തോടെ അഭിമാനത്തോടെ വിളിച്ചു പറയൂ ''ഞാനും ഒരു ഭിന്നശേഷീ കുട്ടിയുടെ അമ്മയാണ് ''...!

ഈ കുറിപ്പിന്റെ പശ്ചാത്തലത്തിൽ ഈ ടീച്ചറും കുട്ടിയും കൂടുതൽ പ്രസക്തമാണ് .... ഇത്തരം കുട്ടികൾ നമ്മുടേതു കൂടിയാണെന്ന് നമുക്ക് ഹൃദയത്തിലെഴുതാം.👇🏻🌹