26-10-18


സംഗീത സാഗരത്തിലേക്ക്..🦋
ഏവർക്കും സ്വാഗതം..🌼
അന്ധനായിരുന്നിട്ടും സംഗീത ലോകം കീഴടക്കിയ ആഫ്രിക്കൻ - അമേരിക്കൻ സമൂഹത്തിൽ നിന്നെത്തിയ
റേ ചാൾസ്...
അദ് ദേഹത്തെയും ആ സംഗീതത്തെയും പരിചയപ്പെടാമിന്ന്..🌹

ആഭ്യന്തരയുദ്ധത്തിനു മുമ്പ്, അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളിലെ പാടശേഖരങ്ങളിൽ അടിമപ്പണിയെടുത്തിരുന്ന ആഫ്രിക്കന്‍ വംശജർ പാടിയിരുന്ന ഫീൽഡ് ഹോളേസ് (field hollers) മുതല്‍ സമകാലികമായ ഹിപ്-ഹോപ് സംഗീതം വരെ പല ഇനങ്ങളിലായി പരന്നു കിടക്കുകയാണ് ആഫ്രിക്കന്‍-അമേരിക്കന്‍ സംഗീതശാഖ. ആ സംഗീതത്തിന്റെ കഥ, ആത്മാവിൽ സംഗീതം കൊണ്ടു നടന്ന ഒരു ജനതയുടെ ചെറുത്തുനിൽപ്പിന്റെ കഥയും കൂടിയാണ്. ചരിത്രപരമായ ഓർമ്മയും, സ്വത്വവും, സംസ്കാരവുമെല്ലാം തുടച്ചുമായ്ച്ച് തങ്ങളെ ഉടമസ്ഥരുടെ ജംഗമവസ്തുക്കളാക്കി മാറ്റിയ അടിമത്തത്തെയും, പിൻകാലത്തെ വർണ്ണവെറിയേയും അതിജീവിക്കുവാൻ അവർക്ക് കരുത്ത് നൽകിയത് അവരിൽ നിറഞ്ഞുനിന്ന സംഗീതമായിരുന്നു. അടിമത്തത്താലും, ഇന്നും

തുടർന്നുകൊണ്ടേയിരിക്കുന്ന വര്‍ണ്ണവെറിയാലും, തളച്ചിടപ്പെട്ട ആഫ്രിക്കന്‍-അമേരിക്കന്‍ സമൂഹത്തില്‍ നിന്ന്, തന്റെ സംഗീതം കൊണ്ട് അതിരുകളെയെല്ലാം മറികടന്നു അമേരിക്കൻ മുഖ്യധാരാ സംഗീതത്തിൽ ഇടം പിടിക്കുകയായിരുന്നു റേ ചാൾസ്. വ്യത്യസ്ത സംഗീത പാരമ്പര്യങ്ങളുടെയും രൂപങ്ങളുടെയും അതിരുകളെ ഗൗനിക്കാതെ, അവയില്‍ നിന്നെല്ലാം ഊര്‍ജ്ജം ഉള്‍ക്കൊണ്ടു റേ തന്റേതായ സംഗീതം രൂപപ്പെടുത്തി. തൊട്ടതെല്ലാം സ്വന്തമാക്കി, ഒരു പുത്തന്‍ സംഗീത രീതിതന്നെ സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. ആ സംഗീതമാകട്ടെ, കറുത്ത വർഗ്ഗക്കാരുടെ പൗരാവകാശ സമരവും, ശാക്തീകരണ പ്രസ്ഥാനവും അടക്കമുള്ള സാമൂഹിക മുന്നേറ്റങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച, സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശങ്ങള്‍ വംശ-രാഷ്ട്രീയ-ദേശ അതിരുകള്‍ ഭേദിച്ചുകൊണ്ടു അനായാസമായി ആസ്വാദകരിലെത്തിച്ചു.

ആദ്യരൂപങ്ങൾ
തോട്ടങ്ങളിലും മറ്റും പകലന്തിയോളം കഠിനജോലിയെടുത്തിരുന്ന ആഫ്രിക്കന്‍ അടിമകള്‍ പാടിയിരുന്ന ,വാമൊഴിയില്‍ അധിഷ്ഠിതമായ പാട്ടുകളാണ് (field-hollers, work songs, shouts) ആഫ്രിക്കന്‍-അമേരിക്കന്‍ സംഗീതപാരമ്പര്യത്തിന്റെ ആദ്യരൂപങ്ങള്‍. ഒരാള്‍ ഏതാനും ശീലുകള്‍ പാടുകയും അതിനുത്തരമായി കേള്‍ക്കുന്നവര്‍ ബാക്കി വരികള്‍

കേള്‍ക്കുന്നവര്‍ ബാക്കി വരികള്‍ പാടുകയും ചെയ്യുന്ന വിളി-മറുവിളി (call and response) സങ്കേതം ഈ പാട്ടുകളില്‍ പൊതുവായിരുന്നു. ആഫ്രിക്കന്‍ സംസ്കാരങ്ങളിലെ ജനാധിപത്യ പങ്കാളിത്തത്തിന്റെ ശേഷിപ്പായി ഈ സങ്കേതത്തെ നിരൂപകര്‍ വിശേഷിപ്പിക്കുന്നു. പിന്നീട്, ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനത്തെ തുടര്‍ന്നു പലായനത്തിന്റെ കഥകളിലൂന്നിയ സ്പിരിച്വൽസ് (spirituals) സംഗീതരൂപം അടിമകള്‍ക്കിടയില്‍ പ്രചാരം നേടി. യൂറോപ്യന്‍ തത്വചിന്തയോടുള്ള കറുത്തവരുടെ കീഴടങ്ങലായി ധരിച്ച് ഉടമകള്‍ സ്പിരിച്വൽസ് സംഗീതത്തേയും, പിന്നീട് ഉടലെടുത്ത ഗോസ്പൽ (Gospel) സംഗീതത്തെയും പ്രോല്‍സാഹിപ്പിച്ചു.

ഉച്ചസ്ഥായിയില്‍ ആലപിച്ചിരുന്ന ആ ഗാനങ്ങളിലൊക്കെയും കൊടിയ മനോവേദനയാല്‍ വേവുന്ന ആത്മാക്കളുടെ പ്രാര്‍ത്ഥനയും പതം പറച്ചിലും നിഴലിച്ചിരുന്നതായി ഫ്രെഡ്രിക് ഡഗ്ലസ് തന്റെ ആത്മകഥയിലെഴുതിയിട്ടുണ്ട്. സുന്ദരമാണെങ്കിലും ഈ അടിമപ്പാട്ടുകളിലെല്ലാം ഒരു ‘പരാജയഭാവം’ നിഴലിക്കുന്നതായി പല നിരൂപകരും തെറ്റായി കരുതിയിരുന്നു. രൂപകങ്ങളുടേയും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടേയും സമര്‍ത്ഥമായ ഉപയോഗത്തിലൂടെ, മേൽനോട്ടക്കാരുടെ കണ്മുന്നിൽ വെച്ച് തന്നെ എന്നാല്‍ അവരുടെ ശ്രദ്ധയില്‍പ്പെടാതെ

ഐക്യത്തിന്റേയും, മോചനത്തിന്റേയും വിപ്ലവസന്ദേശങ്ങള്‍ കൈമാറിയ പാട്ടുകളാണവ. നിസ്സാരമായ, പലപ്പോഴും പരിഹാസ്യമായ നേരമ്പോക്കായി അധികാര വര്‍ഗ്ഗം കണക്കാക്കിയിരുന്ന ആ പാട്ടുകള്‍ കറുത്തവരുടെ ചെറുത്തുനില്പിന്റെ ഉത്തമമാധ്യമം തന്നെയായിരുന്നു. ശോകത്തിന്റെയും പ്രതീക്ഷയുടെയും ആവിഷ്കാരം മാത്രമായിരുന്നില്ല ആ പാട്ടുകൾ; അതിലുപരി, തങ്ങളുടെ മനുഷ്യത്വഗുണങ്ങളെ ഓരോന്നായി വറ്റിച്ചു കളയുന്ന അടിമത്തത്തിനെ ചെറുത്ത്, ‘മനുഷ്യര്‍’ എന്ന് സ്വയം അടയാളപ്പെടുത്തുവാനും ആ സംഗീതം അവരെ സഹായിച്ചു. ടോണി മോറിസന്റെ ബിലവഡ് (Beloved) എന്ന നോവലിലെ കഥാപാത്രങ്ങള്‍ അടിമത്തത്തിനു കീഴില്‍ തങ്ങള്‍ അനുഭവിച്ച കൊടുംക്രൂരതകളെക്കുറിച്ച് സംസാരിക്കുവാന്‍ പോലും അധൈര്യപ്പെട്ട് നില്‍ക്കുന്ന സമയങ്ങളിലൊക്കെയും പാട്ടുകളില്‍ അഭയം കണ്ടെത്തിയിരുന്നത് ഇവിടെ ഓര്‍ക്കാവുന്നതാണ്.

സ്വാതന്ത്ര്യ പ്രഖ്യാപനത്തിനെ തുടര്‍ന്നുണ്ടായ ആരവങ്ങള്‍ കെട്ടടങ്ങിയപ്പോൾ, സ്വാതന്ത്ര്യം ലഭിച്ചിട്ടും സാമൂഹിക സമത്വം തങ്ങള്‍ക്കു അപ്രാപ്യമാണെന്ന തിരിച്ചറിവും, വര്‍ണ്ണവെറിയുടെ ക്ലൂ ക്ലക്സ് ക്ലാന്‍ (klu klux klan) പോലുള്ള തീവ്രവാദമുഖങ്ങളും, ദാരിദ്ര്യവും ചേര്‍ന്നൊരുക്കിയ പ്രതീക്ഷയറ്റ സാമൂഹിക ചുറ്റുപാടുകളില്‍ നിന്നാണ് ഭൗതിക വിഷയങ്ങള്‍

ഉള്ളടക്കമായ ബ്ലൂസ് (blues) എന്ന സംഗീതരൂപം ഉടലെടുത്തത്. ആ കാലഘട്ടത്തില്‍ തന്നെ കറുത്തവരുടെ പള്ളികളും അവയോടൊപ്പം ഗോസ്പൽ സംഗീതവും ഒരിക്കല്‍ കൂടി പ്രാധാന്യം നേടി. ബ്ലൂസും ഗോസ്പലും കൂടിച്ചേര്‍ന്ന് സോൾ (soul) എന്ന തികച്ചും നവീനമായ സംഗീതരൂപവും ഉരുത്തിരിഞ്ഞു വന്നു. അടിമത്തം അനുഭവിച്ചിരുന്ന തങ്ങളുടെ പൂര്‍‌വികരെപ്പോലെ കറുത്ത വര്‍ഗ്ഗക്കാര്‍ ഒരിക്കല്‍കൂടി തങ്ങളുടെ സംഗീതത്തെ ചേര്‍ത്തുപിടിച്ചു. വേദനകള്‍ ശമിപ്പിക്കുവാനും, ധൈര്യവും ഐക്യവും കൈവരിക്കുവാനും അവര്‍ സംഗീതത്തിലേക്ക് തിരിഞ്ഞു. അവരുടെ വംശീയമായ പ്രജ്ഞയെ ഉണർത്തി സധൈര്യം ജീവിക്കുവാനുള്ള ഇടമൊരുക്കുകയായിരുന്നു സംഗീതം. ഗോസ്പൽ, ബ്ലൂസ്, ജാസ്, സോൾ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ആ സംഗീതം, കറുത്തവരുടെ പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള ഉദ്ഗ്രഥനം എന്ന ലക്ഷ്യവുമായി നിലവില്‍ വന്ന പൗരാവകാശ സമരത്തേയും, ശാക്തീകരണ പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തി. തങ്ങളെ ഏകീകരിക്കുവാനും, സാംസ്കാരികത ഉയര്‍ത്തിപ്പിടിക്കുവാനും സംഗീതത്തെ ഉപയോഗിച്ചു കൊണ്ട് രണ്ടാം കിട പൗരത്വത്തിനെതിരെ അവര്‍ പൊരുതി. കറുത്ത സംഗീതം, അവരുടെ ചെറുത്തുനില്പ് സമരങ്ങള്‍ക്ക് പ്രത്യയശാസ്ത്രപരമായ അര്‍ത്ഥങ്ങള്‍ക്കു പുറമേ,

അര്‍ത്ഥങ്ങള്‍ക്കു പുറമേ, വൈകാരികമായ അര്‍ത്ഥങ്ങൾ നല്‍കുന്നതിലും വിജയിച്ചു. തങ്ങളുടെ പോരാട്ടത്തിൽ, സുവ്യക്തമായ രാഷ്ട്രീയ സന്ദേശങ്ങളെ പോലെ തന്നെ ഫലപ്രദമാണ് സംഗീതം നല്‍കുന്ന വൈകാരികമായ അര്‍ത്ഥങ്ങള്‍ എന്ന് തിരിച്ചറിഞ്ഞ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍, ‘സംഗീതമാണ് ഞങ്ങളുടെ ചെറുത്തുനില്പിന്റെ ആത്മാവ്, സംഗീതമാണ് ഞങ്ങളെ ഒരുമിപ്പിക്കുന്നതും, മുന്നോട്ട് നയിക്കുന്നതു’മെന്ന് പ്രസ്താവിച്ചിരുന്നു. കറുത്തവരുടെ ശാക്തീകരണ പ്രസ്ഥാനത്തെ വെളുത്തവര്‍ക്കെതിരെയുള്ള ശബ്ദഘോഷമായി ഒതുങ്ങുന്നതില്‍ നിന്ന് തടഞ്ഞതിന് അറുപതുകളിലെ കറുത്ത സംഗീതത്തിനു മുഖ്യ പങ്കുണ്ടായിരുന്നു.

സംഗീതവും ജീവിതവും
ഫ്ലോറിഡയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍, ചെറുപ്പത്തിലേ കാഴ്ച നഷ്ടപ്പെട്ട് ബൂഗി-വൂഗി (boogie-woogie) സംഗീതം കേട്ടുവളര്‍ന്ന റേ ചാള്‍സിനു തന്റെ ശരീരത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു സംഗീതം; ശ്വാസവും വെള്ളവും പോലെ ജീവനു ഒഴിച്ചുകൂടാനാവാത്തതും. തന്റെ ഭാവനയെ പിടിച്ചടക്കുന്ന സംഗീതപാരമ്പര്യങ്ങളെയെല്ലാം തുറന്ന മനസ്സോടെ സ്വീകരിച്ച് സ്വന്തമാക്കിയ റേ അതിരുകളോട് മാത്രമായിരുന്നു അന്ധത പുലര്‍ത്തിയിരുന്നത്. വംശീയവും സാംസ്കാരികവുമായ സീമകളെയെല്ലാം അനായാസേന മറികടക്കുന്നതാണ് റേയുടെ സംഗീതം. സോൾ(soul) സംഗീതത്തിന്റെ ഉപജ്ഞാതാവായാണ് റേ ചാള്‍സിനെ ആസ്വാദകരും നിരൂപകരും കണക്കാക്കുന്നത്.

ചെറുകിട ബാന്‍ഡുകളില്‍ വാദ്യോപകരണങ്ങള്‍ വായിച്ചും പാടിയും സംഗീതം ചിട്ടപ്പെടുത്തിയും കഴിഞ്ഞിരുന്ന റേയുടെ I’ve got a woman (1955) എന്ന ഗാനം ആസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റി. ഗോസ്പൽ സംഗീതത്തില്‍ നിന്നുള്ള ചടുലതാളവും, തുറന്നുള്ള ആലാപനശൈലിയും ബ്ലൂസിന്റെ ഭാവവും ഒരുമിപ്പിച്ച ആ ഗാനം പില്‍ക്കാലത്തു സോൾ സംഗീതത്തിന്റെ അടിത്തറയായി തീര്‍ന്നു. ഒരു നിശാക്ലബ്ബിലെ പ്രകടനം പ്രതീക്ഷിച്ചതിലും പെട്ടെന്ന് തീര്‍ന്നപ്പോള്‍, ബ്ലൂസ്, ഗോസ്പൽ, ജാസ്, ലാറ്റിൻ രൂപങ്ങളെ ഇണക്കിച്ചേര്‍ത്തുകൊണ്ട് കാണികളുടെ മുന്നില്‍ പിറന്നു വീണ What’d I Say (1959) എന്ന ഗാനം ഒരു തരംഗമായി മാറി.

അടിമപ്പാട്ടുകളില്‍ നിന്നു വന്ന വിളി-മറുവിളി (call and response) സങ്കേതവും ലൈംഗികത പ്രസരിക്കുന്ന വരികളും ബ്ലൂസിന്റെ ഭാവവും ഇണങ്ങിയ ആ ഗാനത്തോടെ സോൾ സംഗീതത്തില്‍ അഗ്രസ്ഥാനം നേടിയ റേ, ആരാധകരെ അതിശയിപ്പിച്ചു കൊണ്ടു പിന്നീട് ആ ശൈലിയില്‍ ഉറച്ചുനില്‍ക്കാതെ തികച്ചും പുതിയ ഇടങ്ങള്‍ തേടുകയായിരുന്നു. റേയുടെ തനതായ ആലാപനവും ഭാവതരളതയും പകര്‍ന്ന Georgia on My Mind (1960) എന്ന കണ്ട്രി വെസ്റ്റേൺ ഗാനം പോപ്പ് ചാര്‍ട്ടുകളില്‍ മൂന്നാം സ്ഥാനം നേടി. ആ വിജയം ഒരു വഴിത്തിരിവായി. I’m moving on (1960) എന്ന കണ്ട്രിവെസ്റ്റേൺ ഗാനമാണ് റേ പിന്നീട് ചിട്ടപ്പെടുത്തിയത്. അതിനു തൊട്ടു പിറകേ ഇറങ്ങിയ Modern Sounds in Country and Western music (1962) എന്ന ആല്‍ബം അമേരിക്കന്‍ സംഗീതചരിത്രത്തിലെ നാഴികക്കല്ലായി തീര്‍ന്നു, അതിലെ I can’t stop loving you എന്ന പാട്ട് പോപ്പ് ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്തെത്തി. വെളുത്തവര്‍ഗ്ഗക്കാരുടെ സംഗീതമായ കൺട്രി വെസ്റ്റേൺ (country western) രൂപത്തെ തന്റേതായ സ്പർശത്താൽ മാറ്റിമറിച്ചു കൊണ്ട്, വെളുത്തവരുടേയും കറുത്തവരുടേയും സംഗീതത്തെ ഒരുമിപ്പിച്ച ആ ആല്‍ബത്തിലൂടെ നിലവിലുള്ള നിർവചനങ്ങളാൽ തളച്ചിടാനാവാത്തതാണ് തന്റെ സംഗീതം എന്ന് റേ തെളിയിച്ചു. വര്‍ണ്ണവിവേചനം കൊടികുത്തിയ കാലത്ത് ചാര്‍ളി പ്രൈഡിനെ പോലുള്ള കറുത്ത കൺട്രി വെസ്റ്റേൺ ഗായകര്‍ക്കും, ജോ കോക്കറിനെ പോലുള്ള വെളുത്ത ബ്ലൂസ് ഗായകര്‍ക്കും വഴിയൊരുക്കി.

രാജ്യത്തിനകത്തും പുറത്തും നിരന്തരം യാത്ര ചെയ്തു സംഗീതപരിപാടികള്‍ നടത്തിയ അദ്ദേഹത്തിനു സംഗീതമില്ലാതെ ജീവിതമില്ലായിരുന്നു. ‘സംഗീതം എന്നില്‍ അലിഞ്ഞുചേര്‍ന്നതാണ്, ഒരു ശരീരാവയവത്തില്‍ നിന്ന് വിരമിക്കാനാവാത്ത പോലെ തന്നെ സംഗീതത്തില്‍ നിന്ന് വിരമിക്കാനും എനിക്കാവില്ല’ എന്ന് തന്റെ ജീവചരിത്രത്തിൽ റേ പറയുന്നുണ്ട്. റേ പാടിയ Georgia on my mind (1960) ജോര്‍ജ്ജിയയുടെ ഔദ്യോഗിക ഗാനമായി ആയിരത്തിത്തൊള്ളായിരത്തി എഴുപത്തെട്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് എണ്‍പതുകളില്‍ നിരവധി ടിവി ഷോകളിലും, സിനിമകളിലും റേ പ്രത്യക്ഷപ്പെട്ടിരുന്നു. പത്ത് കണ്‌ട്രി വെസ്റ്റേന്‍ ഗായകരോടൊപ്പം ഇറക്കിയ, Friendship (1984) എന്ന ആല്‍ബവും തുടര്‍ന്നു My World (1993) എന്ന ആല്‍ബവും അടക്കം നിരവധി ആല്‍ബങ്ങള്‍ ഇറക്കുകയും, ‘ജീനിയസ്’ എന്ന വിളിപ്പേര് അന്വര്‍ഥമാക്കുന്ന വിധം മരണം വരെ അദ്ദേഹം സംഗീതത്തിന്റെ വിവിധ തുറകളില്‍ പ്രാഗല്‍ഭ്യം തെളിയിക്കുകയും ചെയ്തു. പതിനേഴു ഗ്രാമി അവാര്‍ഡുകളടക്കം നിരവധി പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.

കറുത്ത വർഗ്ഗക്കാരുടെ പൗരാവകാശ
കറുത്ത വർഗ്ഗക്കാരുടെ പൗരാവകാശ സമരത്തിൽ നിന്നെല്ലാം പ്രത്യക്ഷത്തില്‍ മാറിനിന്ന റേയുടെ രാഷ്ട്രീയം സംഗീതം തന്നെയായിരുന്നു. റേയുടെ പ്രതിഭ സംഗീതരൂപങ്ങളുടെ അതിരുകള്‍ക്കു പുറമേ, രാഷ്ട്രീയവും വംശീയവുമായ അതിരുകളും കടന്നു അവയെ ക്ഷയിപ്പിച്ചു. വംശീയമായ അതിര്‍ത്തികളെ നിഷ്ഫലമാക്കിയ ആ സംഗീതം പോരാട്ടസമരങ്ങളിലൂടെ അമേരിക്കന്‍ ജനതയുടെ ഏകീകരണത്തില്‍ കറുത്ത വർഗ്ഗക്കാരുടെ പൗരാവകാശ സമരവും, ശാക്തീകരണ പ്രസ്ഥാനവും വഹിച്ച പങ്കിനൊപ്പം തന്നെ പരിഗണിക്കാവുന്നതാണ്.
https://youtu.be/6ZKHW74lCpo

https://youtu.be/CyVuYAHiZb8