26-01-2019

****************************************
നവ സാഹിതിയിലെ എഴുത്തുകാരെ ഒന്ന് പരിചയപ്പെടുത്തുക കൂടി ചെയ്താൽ നന്നാവുമെന്ന് പറഞ്ഞ് ഗ്രൂപ്പിലെ ഒരു സുഹൃത്ത് എന്റെ പിറകെയുണ്ടായിരുന്നു.. ആ അഭിപ്രായം മാനിച്ച് ഒരു ശ്രമം നടത്തുകയാണ്.. പൂർണമായിട്ടില്ല .. അത്തരം ചിന്ത മനസ്സിലിട്ടു തന്ന അദ്ദേഹത്തിന് നന്ദി സ്നേഹം..🌹🌹🌹
****************************************
കാവൽ
അടയിരുന്ന് വിരിയിക്കുമായിരുന്നു
പഞ്ഞിക്കെട്ടു പോൽ പത്തിരുപതെണ്ണത്തെ.
പേടാവില്ല ഒന്നു പോലും
വിരിഞ്ഞിറങ്ങും കൊക്കു നീട്ടി ചിറകാട്ടി.
ലക്ഷ്മണരേഖ വരച്ച് കാവലിരിക്കും തള്ളക്കോഴി.
കണ്ണ് വേണമിരുപുറമെപ്പോഴുമെന്ന
കവി വാക്യം ചിറകിനടിയിൽ മന്ത്രിച്ചൂതും.
ഒരൊറ്റയൊച്ചയാലസ്ത്ര വേഗം പൂകി
പ്രാണൻ കാക്കും.
പ്രാപിടിയന്റെ കള്ളക്കണ്ണും
പരുന്തിന്റെ കൂത്ത നഖങ്ങളും
കാക്കയുടെ കാഞ്ഞ ബുദ്ധിയും
ഉണർന്ന കണ്ണാൽ ഒപ്പിയെടുത്ത്
ചെറുത്ത് നിന്ന്  കോഴി ജയിച്ചു കയറി
ഒരു കേസിലും വാദിയായില്ല പ്രതിയും.
കോഴിയും കുറക്കനും
കളിയിൽ പോലുമില്ലാതെയായ്!
പടിഞ്ഞാറൻ കാറ്റത്ത്
ചുവട് പിഴച്ച് മെയ്യ് മറന്നു
കോഴി പഠിച്ച ഓതിരം കടകങ്ങൾ!
അടയിരിക്കൽ ചിക്കിപ്പരത്തൽ
കൊത്തിപ്പെറുക്കൽ കൊക്കിലൊതുക്കൽ
പൊരുത്ത്, കോഴിപ്പോര്
കൊക്കരക്കോ കൊക്കിക്കൽ...
തിരക്ക് പൂക്കുന്ന ഇക്കാലത്ത്
ആർക്കുണ്ട് നേരം?
അടയിരിയ്ക്കാതെ വിരിയിച്ച
കുഞ്ഞുങ്ങളെ
വിവിധ നിറങ്ങളിൽ മുക്കി
നിരത്തി വെച്ചിട്ടുണ്ട് .
ആർക്കു വേണമെങ്കിലും
റാഞ്ചിപ്പറക്കാം.
യൂസഫ് നടുവണ്ണൂർ
കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരിൽ ജനനം. ഗവ.കോളേജ് കൊയിലാണ്ടി, ഗവ. ആർട്സ് & സയൻസ് കോളേജ് കോഴിക്കോട്, എം.ജി യൂണിവേഴ്സിറ്റി കോളജ് ഓഫ് ടീച്ചർ എഡുക്കേഷൻ ഈരാറ്റുപേട്ട, കോട്ടയം.
 എന്നിവിടങ്ങളിൽ പഠനം. ഇപ്പോൾ കാസർഗോഡ് ജില്ലയിലെ ഇടനീർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾളിൽ പ്ല ടൂ വിഭാഗം മലയാളം അധ്യാപകൻ. ആദ്യ പുസ്തകത്തിന്റെ പണിപ്പുരയിലാണ്.
Mob.9846388907 (ഗ്രൂപ്പംഗം)
****************************************
മാമ്പഴം
പൊയ്പോയ മാമ്പഴക്കാലങ്ങളിൽ രസരാജനായ് നിറയുന്നു നീ,,,,
ബാല്യകൗമാരങ്ങൾ തന്നവധിക്കാല പുലരികൾ
ഉറക്കമുണരുന്നതേ മാമ്പഴ കൊതികളിൽ,,,
പുലരുന്നതേയുള്ളു,,,,
എങ്കിലും തിടുക്കത്തിൽ
ഇറങ്ങി പോകയാണാ മാവിന്നടുത്തേക്ക്,,,,,,
കാത്തിരിപ്പുണ്ടാമെന്നെ മാമ്പഴക്കണിയുമായ്,,,,
രാത്രിയിൽ അടർന്നോരു തുടുത്ത രുചിയുമായ്,,,,
ചെന്നങ്ങു നോക്കുന്നേരം,,
പൊഴിഞ്ഞിട്ടുണ്ടാം ഏറെ
പെറുക്കി കൂട്ടികൊണ്ടു പോകുമാനിധിയുമായ്,,,,
പല മാഞ്ചുവട്ടിന്റെ വൈവിധ്യ കനി തേടി,,,,,
ചുനയിറ്റു,,, മണമൂറും മാങ്ങയെ മണപ്പിച്ച്
മൂവാണ്ടനും കിളിച്ചുണ്ടനും,,,, നാട്ടുമാങ്ങയുമായി,,, മധുരമായ്,,,, പുളിയായ്,,,, ഓർമ്മയായ്,,,
ഇന്നത്തെ കുട്ടിക്കാലം മാമ്പഴക്കാലത്തിന്റെ വശ്യതയറിയാതെ,,, മാഞ്ചുവട്ടിലെ കൊച്ചു കൂട്ടുകളറിയാതെ,,,, കൊതികളറിയാതെ,,,,
ഏതു കാലത്തും ഇപ്പോൾ മാമ്പഴം വാങ്ങാൻ കിട്ടും,,,,,,
മാവുകൾ പൂക്കുന്നതും,, പൂവുകൾ,,, ഉണ്ണിയായ് വിരിവതും കണ്ണിമാങ്ങ തൻ,,, പുളി ചവർപ്പായ് മാറുന്നതും,,, പിന്നെയോ  ഉള്ളിൽ തേൻകുടം ഒളിപ്പിച്ച് മാമ്പഴം വീഴുന്നതും,,, ഒന്നുമേ കാത്തിടാതെ,,,,

അല്ലെങ്കിൽ തന്നെ തീഷ്ണ രാസരുചികൾ ചോക്കലേറ്റായ്,,, സോഫ്റ്റ് ട്രിങ്കായി,,,,, ഫാസ്റ്റ്ഫുഡായി,,,,
ശീലിച്ചനാവുകൾക്കായ്,,,
ഏതു മാമ്പഴക്കാലം രുചികൾ നിറയ്ക്കേണ്ടൂ?
ശ്രീലാ അനിൽ. 
കോട്ടയം സ്വദേശിനി. കോട്ടയം ഗവ മോഡൽ എച്ച് എസ് എസ്, ൽ ഹൈസ്കൂളിൽ മലയാളം അധ്യാപിക. ഭർത്താവും രണ്ടു പെൺകുട്ടികളുമടങ്ങുന്ന കുടുംബം. ഭർത്താവ് അനിൽ ഗവ.സേർവൻറാണ്( GST officer). കുട്ടികൾ വിദ്യാർഥിനികൾ - മൂത്ത ആൾ ഐശ്വര്യ,BSc Argiculture,,, final year രണ്ടാമത്തെ ആൾ ദേവഗായത്രി B Voc TTL first Sem (ഗ്രൂപ്പംഗം)
****************************************
അമ്മയൊരോർമ്മയല്ല..
നെഞ്ചിൽ നിന്ന്
ചുണ്ടിലേക്കൂറിയ
സ്നേഹ മാധുര്യം....
ജീവിതപ്പെരുവഴിയി-
ലിടറി വീഴാതെ കാത്ത
നേരിന്റെ ചൂണ്ടുവിരൽ...
കൂട്ടിയും കുറച്ചും
ഗുണിച്ചും ഹരിച്ചും
കണക്ക് കണക്കാകുമ്പോൾ
ഉള്ളം കൈയ്യിലെ
പൊള്ളൽ....
ജന്മ ഭാരത്തിന്റെ
കനൽ വഴികളിൽ
വാത്സല്യപ്പെയ്ത്തിൻ
തുണ....
സഹനത്തിന്റെ
ഊഷരഭൂമിയിൽ
തളിരിട്ടു നിൽക്കാൻ
തുണച്ച താൻ പോരിമ...
ഒഴുക്കിൽ കാലിടറാതെ
നെഞ്ചോട് ചേർത്ത
കൈത്താങ്ങ്....
കൊടും സങ്കടത്തണുപ്പിൽ
മാറോട് ചേർക്കും
അൻപിൻ പുതപ്പ്...
നൊമ്പരച്ചൂടിൽ
ചിറകു വിരിച്ചെത്തും
കുളിർത്തണൽ.....
ഇന്നീ ജീവിതപ്പാതിയിൽ
സ്നേഹ വാത്സല്യമായ്
പിന്തുടർന്നെത്തും
തലോടൽ....
അമ്മയൊരോർമ്മയല്ല....
ജ്യോതി.ഇ.എം.
എച്ച്.എസ്.എ.മലയാളം   അടയ്ക്കാക്കുണ്ട് ക്രസന്റ് എച്ച്.എസ്.  (ഗ്രൂപ്പംഗം)
****************************************

അവൾ
അവൾ ചിലപ്പോൾ അങ്ങനെയാണ്,
ചിലപ്പോൾ അവളൊരു പൂവാകും,
ചിലപ്പോൾ പൂക്കളെ തല്ലിക്കൊഴിയ്ക്കുന്ന ഒരു ഭ്രാന്തത്തി പെരുമഴയും...
ചിലപ്പോൾ അവൾ മുടിയഴിച്ചിട്ടലറുന്ന സമുദ്രമായി കിതയ്ക്കും,
പിന്നെയവൾ നിന്റെ കാലടികളെ ഉമ്മവയ്ക്കുന്ന പാൽനുരയൊഴുകും തിരയാകും.
 അവളുടെ മൗനം വ്യാഖ്യാനങ്ങൾ ആവശ്യപ്പെടാത്തത്.
മഹാകാവ്യമാണവൾ   നിനക്ക്
പ്രണയത്തിന്റെ അക്ഷരമാല ഹൃദിസ്ഥമെങ്കിൽ .
ചിലപ്പോൾ അവൾ നിന്റെ നെഞ്ചിന്റെ ചൂടില്ലെങ്കിൽ തണുത്തു  വിറയക്കുന്ന ഒരു കിളിക്കുഞ്ഞാണ്,
നിന്റെ ഉളളം കൈയിലൊതുങ്ങാനായി ആകാശങ്ങളെ കൊതിപ്പിക്കുന്ന  ചിറകുകൾ അവൾ മുറിച്ചുമാറ്റും.
ചിലപ്പോൾ അവൾ തീരംതല്ലി നിന്നിലേക്ക് മദിച്ചൊഴുകും,
മറ്റു ചിലപ്പോൾ  മഞ്ഞുറഞ്ഞ ഒരു തടാകം പോലെ ശാന്തമാവും.
ഇവളെന്താണിങ്ങനെ എന്നു ചോദിക്കരുത്....
ചിലപ്പോൾ അവൾ
അങ്ങനെയാണ് .
ഷീലാ റാണി 
ടീച്ചർ   പി. വി. യു .പി .എസ്     പേരേത്ത്
****************************************

ഗന്ധർവൻ
എന്ത് പാല പൂത്തുവെന്നോ?
കരിമ്പനകൾക്കിടയിൽ നിന്നും
രക്തത്തിന്റെ മണമുള്ള
ഒരു യക്ഷി നിന്നെ വിളിച്ചുവെന്നോ?
നീ
അവളുമായി ആശയും പാശവും
പിരിച്ചു കളിച്ചുവെന്നോ?
അവൾ നിന്നെ
ഉറിഞ്ചിയെടുത്ത്
തോല് ആറ്റിലൊഴുക്കിയെന്നോ?
അവളെ പിരിയാനാവാതെ
പാലമാരമായി മാറിയെന്നോ?
ഹേ! ഗന്ധർവ്വാ
നീയിപ്പോഴും ഉച്ചവെയിലിൽ
കാട്ടുചോലക്കടുത്ത്
അവളെക്കാത്തിരിക്കുന്നുവെന്നോ?
നീയിത്തിരി മിണ്ടാതിരിക്കു!!
ഇന്ന്
ഇക്കഥയെല്ലാം
കേട്ടു
കണ്ണിൽ നക്ഷത്രങ്ങൾ തെളിയിക്കാൻ
ഞാൻ അത്രമേൽ
കൊച്ചുകുഞ്ഞാണെന്ന്
നീ ധരിച്ചിരിക്കുന്നുവോ?
വെളിച്ചം വന്നു,
നിരത്തിലെല്ലാം...
ഇത്തിരിയിത്തിരിയായി തലയിലും
നിറയെ ഉണ്മച്ചിരാതുകൾ!!!
തിരിച്ചു പോകൂ
ഞാനീ പുസ്തകം അടച്ചുവെക്കട്ടെ.
സുനിത ഗണേഷ്
ഭൗതിക ശാസ്ത്രാവിഭാഗം അധ്യാപിക   ഗവ. വിക്ടോറിയ കോളേജ്   പാലക്കാട്
****************************************

ഇനി ചക്കക്കുരുവിന്റെ കഥയാകാം ..👇🏻
കഥ ചക്കക്കുരു
കഥാതന്തു ചക്കക്കുരുവാണ്!
കഥാനായകനും നായികയും പ്രായപൂർത്തിയാകാത്തവരും.
കഥയിലേക്ക് കടക്കുന്ന വാതിലിൽ നിന്ന് പുറത്തേക്കു നോക്കൂ...
അവിടവിടെയായി പൂത്തു കായ്ച്ച് വിളഞ്ഞ മൂവാണ്ടൻ മാവുകൾ കാണുന്നില്ലേ? പടവലം പന്തലിൽ കായ്ച്ചു പാവലിനോടൊപ്പം തൂങ്ങിയാടുന്നതും, വെള്ളരി മൂത്ത് നിറം മാറി മഞ്ഞയായി വരുന്നതും കാണുന്നില്ലേ? നോക്കൂ ആ ആഞ്ഞിലിമരത്തിൽ എത്ര സന്തോഷത്തോടെയാണ് ഒരു മഞ്ഞക്കിളി പഴുത്ത ആഞ്ഞിലിച്ചക്ക കൊത്തിത്തിന്നുന്നത്?
വടക്കോട്ടൊന്നു നോക്കൂ, തോട്ടിലേക്ക് ചാഞ്ഞ കപ്പമാവിന്റെ മുകളിൽ നിന്നും, താഴെ തോട്ടിലേക്ക് തലകുത്തിമറിയുന്ന കരിമാടിക്കുട്ടന്മാരിൽ പലർക്കും ഉടുതുണി പോലുമില്ല! മാവിന്റെ ചില്ലയിൽ നിന്നും ഉതിർത്തിടുന്ന മാങ്ങാ ബ്ലും ബ്ലും ശബ്ദത്തോടെ തോട്ടിലേക്ക് വീഴുന്നത് പെറുക്കിയെടുക്കാൻ തോട്ടിൽ ഡോൾഫിനുകളെപ്പോലെ കുറെ കുട്ടികളെ കാണുന്നില്ലേ? ചിലരാകട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ കൊച്ചു കലങ്ങളിൽ കക്കാവാരിയിടുന്നു.
കിഴക്കോട്ടു നോക്കൂ കൊയ്ത്തു കഴിഞ്ഞ പാടം കച്ചിക്കുറ്റികളുമായി നില്ക്കുന്നുണ്ടെല്ലോ? ചില കുറ്റികളിൽ അതിജീവനത്തിനായിക്കൊതിക്കുന്ന  പുതുനാമ്പിന്റെ പച്ചപ്പ് കാണാം. അതിനോടു ചേർന്ന് കച്ചിക്കൂനകൾ കാണാം..
മുറ്റത്തെ മുത്തശ്ശിപ്ലാവിൽ നിറയെ ചക്കയുണ്ട്. അതിൽ പഴുത്തവയുടെ അണ്ണാനും  കിളിയും കഴിച്ച ബാക്കി ഉച്ചിഷ്ടങ്ങൾ താഴെവീണിട്ടുണ്ട്.  പ്രധാനമായും ചക്കക്കുരുവാണ് അധികവും. ഉദരകമ്പനം  എന്ന പഴിയുള്ളതിനാൽ അതിന് കീഴിൽ ചിതറിക്കിടക്കുന്ന ചക്കക്കുരു ആരും എടുക്കാറില്ല. വല്ലപ്പോഴും എടുക്കുന്നതാവട്ടെ മുത്തശ്ശി മാത്രം. അന്നതു ചുരണ്ടി ശുദ്ധവെളിച്ചെണ്ണയിൽ വറുത്ത് ചോറിനൊപ്പം എല്ലാവർക്കും ലഭിക്കും. മുത്തശ്ശിപ്പഴമയുടെ സ്വാദ് !
കൊതിച്ചിയാണ് കഥാനായിക. മുഴുക്കൊതിച്ചി. അവൾ കാരണം കഥാനായകന് കാറ്റത്തു വീഴുന്ന പഴമാങ്ങാ ഒരിക്കലും കിട്ടില്ല. നേരം വെളുക്കുമ്പോൾ അവൾ മാഞ്ചുവട്ടിൽ ഉണ്ടാകും.
എന്നാൽ ഒരു കാര്യത്തിനു മാത്രം അവൾ നായകനെ സമീപിക്കും. ചക്കക്കുരു ചുട്ടു തിന്നാൻ. അതിനു കാരണമാവട്ടെ അവൾക്ക് തീപ്പെട്ടിയുരയ്ക്കാൻ ഭയമാണ് എന്നതാണ്.
മധ്യവേനലവധി തുടങ്ങുമ്പോൾ മുതൽ നായികയുടെ കണ്ണുവെട്ടിച്ച് എന്തെങ്കിലും പഴങ്ങളോ മറ്റോ കഴിക്കാൻ നായകൻ ശരിക്കും പാടുപെടും. ഒരു മാങ്ങാ കിട്ടിയാൽ കടിച്ചതായാലും വേണ്ടില്ല, അവൾ അതിന്റെ മറ്റേപ്പാതി എനിക്കു താടാ എന്നു ചോദിക്കും.
പക്ഷേ അവൾക്ക് ചില കരുതൽ ശേഖരങ്ങളുണ്ട്. അത് ആഞ്ഞിലിച്ചക്കക്കുരു, ചക്കക്കുരു, പറങ്ങാണ്ടി എന്നിവയൊക്കെയാണ്. വൈകുന്നേരങ്ങളിൽ, അല്ലെങ്കിൽ അതികാലത്ത് തണുപ്പാറ്റാൻ തീകായാൻ തുടങ്ങുമ്പോൾ ആ തീയിലിട്ടാണ് അവൾ അതൊക്കെ ചുട്ടു തിന്നുന്നത്. അവൾ പറങ്ങാണ്ടി ചുട്ടാൽ  പത്തെണ്ണം തല്ലിപ്പൊട്ടിച്ചു കൊടുക്കുമ്പോൾ ഒരെണ്ണം അവൾ കൂലി പോലെ കൊടുക്കും. ഈ മുതലാളിത്ത വ്യവസ്ഥിതി ലംഘിക്കാൻ നായകൻ പലപ്പോഴും അത് കുത്തി വാരിയോടിയിട്ടുണ്ട്. അന്നൊക്കെ നല്ല ചൂരൽപ്രയോഗം ലഭിച്ചിട്ടുള്ളതിനാൽ ഇപ്പോൾ സംയമനത്തിലാണ് നായകൻ. അവളുടെ അടുത്തിരുന്ന് അവളെ സഹായിച്ച്, കിട്ടുന്നതും വാങ്ങിത്തിന്ന് അവൻ ഒരു അവകാശബോധമില്ലാത്ത തൊഴിലാളിയെപ്പോലെ കഴിഞ്ഞു വരുന്ന ഒരു ദിവസത്തിലാണ് കഥയുടെ ക്ലൈമാക്സ്.
എരിപൊരിവെയിൽ വെള്ളം കുടിക്കാൻപോയ ഒരു നാലുമണി സമയം. കഥാനായിക നമ്മുടെ നായകനെ അരികിൽ വിളിച്ചു. അവൻ അടുത്ത് ചെന്നു. അതാ നോക്കൂ, അവളുടെ പെറ്റിക്കോട്ടിന്റെ മുൻവശം അവൾ മടക്കി ഉയർത്തി പിടിച്ചിട്ടുണ്ട്. അവൻ അടുത്തുചെന്നു. പെറ്റിക്കോട്ടിൽ പിടിച്ചു. അവൾ അതു തുറന്നു കാണിച്ചു. ആ മടക്കിനകവശത്തു നിറയെ ചക്കക്കുരു !  അതിന്റെ നടുവിൽ ഒരു തീപ്പെട്ടിയും. അവൾ അവനോട് , വരൂ നമുക്കീ ചക്കക്കുരു ചുട്ടു തിന്നാമെന്ന് ഹവ്വ ആദത്തോടെന്നപോലെ പറയുകയും, മുന്നോട്ടു നടക്കുകയും ചെയ്തു.
അവൾ പറയുന്നത് അനുസരിച്ചു മാത്രം ശീലിച്ചിട്ടുള്ള നായകൻ തനിക്കു ലഭിക്കുന്ന ഒന്നോ രണ്ടോ ചുട്ട ചക്കക്കുരു മനസിൽ കണ്ട് പിന്നാലെ നടന്നു തുടങ്ങി. നോക്കൂ അവരിപ്പോൾ കൊയ്തൊഴിഞ്ഞ കളത്തിന് മധ്യത്തായി കൂട്ടിയ വൈക്കോൽ കൂനയുടെ മറവിലാണ് .  അവൾ ഇരുന്നു. അവനും. ഇപ്പോൾ അവരെ ആരും കാണുന്നില്ല. അവൾ പെറ്റിക്കോട്ടിൽ നിന്നും ചക്കക്കുരു താഴെയിട്ടു. തീപ്പെട്ടി അവനെ ഏല്പിച്ചു. കൂനയിൽ നിന്ന് അല്പം വൈക്കോൽ വലിച്ചെടുത്തു ചക്കക്കുരുവിന് മുകളിലേക്കിട്ടു. എന്നിട്ടവനോടായി പറഞ്ഞു; ടാ തീപ്പെട്ടി ഉര, വേഗമാകട്ടെ, ആ മറ്റേ പിള്ളേരുവരുന്നതിന് മുന്നേ നമുക്കിത് തീർക്കണ്ണം. അവൻ അപ്രകാരം അനുസരിച്ചു. വൈക്കോൽ കത്തിത്തുടങ്ങി.
എങ്ങാണ്ടൊക്കെയോ തെണ്ടിത്തിരിഞ്ഞെത്തിയ നാലുമണിക്കാറ്റ് കച്ചിക്കൂനയ്ക്ക് ചുറ്റും വന്ന് ചുറ്റിയടിച്ചു. കത്തിക്കൊണ്ടിരുന്ന തീ പതിയെ കച്ചിക്കൂനയിലേക്ക് നാവു നീട്ടി. അതിലേക്ക് തീ പടർന്നു. സംഗതി പന്തിയല്ലെന്നു കണ്ട നായിക കണ്ടം വഴി ഓടി. ആൾക്കാർ ഓടി വരുമ്പോൾ തീ കെടുത്താൻ വൃഥാ ശ്രമിക്കുന്ന നായകനെയാണ് കണ്ടത്. കച്ചിക്കുന്നയിൽ ആരൊക്കെയോ വെള്ളം കൊണ്ടൊഴിച്ചെങ്കിലും അത് കത്തി നശിച്ചു.
കുറ്റാരോപിതനായ നായകന് ഇഷ്ടംപോലെ തല്ലു കിട്ടി. അതും പേരക്കമ്പിന്. അതു കൂടാതെ സ്കൂൾ തുറക്കുന്നതു വരെ മാമന്റെ വീട്ടിലേക്ക് പണീഷ്മെന്റ് ട്രാൻസ്ഫറും.
പിറ്റേദിവസം കാലത്ത് നമ്മുടെ നായകൻ കുളിച്ചൊരുങ്ങി പോകാൻ തയ്യാറാകുകയാണ്. മുറ്റത്തിറങ്ങി നിരാശാബോധത്തോടെ പഴുക്കാൻ ബാക്കിയുള്ള, താൻ നേരത്തെ കണ്ടുവച്ച മൂവാണ്ടൻ മാങ്ങയിൽ കണ്ണുനട്ട്, ഇന്നലെക്കൊണ്ട അടിയുടെ കരിവാളിച്ച പാട് മുട്ടറ്റമുള്ള കാക്കി നിക്കറിനിടയിൽക്കൂടി തടവിക്കൊണ്ടു നില്ക്കവേ അവൾ വന്നു. നമ്മുടെ കഥാനായിക. അവളുടെ കൈയിലിരിക്കുന്ന ചക്കക്കുരു കണ്ട് തികട്ടിവന്ന കോപം ആവിയായി. അവൾ മഹാ കൊതിച്ചിയല്ലേ, കാലത്ത് ആരും കാണാതെ, അവളാ കത്തിപ്പോയ കച്ചിക്കൂനയുടെ അടുത്തെത്തി തലേന്ന് ചുട്ട ചക്കക്കുരുവിൽ ചിലത് കണ്ടെടുത്തു. തനിക്കുവേണ്ടി തല്ലുകൊണ്ട കഥാനായകന് അതിന്റെ വീതം കൊടുക്കാനാണ് അവൾ വന്നത്. അവൾ അവന്റെ കൈപിടിച്ച്  മൂന്നു ചക്കക്കുരു ബലമായി പിടിച്ചേൽപ്പിച്ചിട്ട് ഓടിപ്പോയി.
ഓടിപ്പോകുന്ന അവളെ നോക്കി ചക്കക്കുരു ഓരോന്നായി അവൻ തിന്നു തുടങ്ങുമ്പോൾ അകത്തുനിന്നൊരു വിളി...
എടാ സോമുവേ... നീയെവിടാ... വേഗം വാ... ഒമ്പതരയുടെ കെ.സി.ടി വരാറായി....
വിളികേട്ട ഭാഗത്തേക്ക് അവൻ നടക്കുമ്പോൾ
ആ കഥയുടെ വാതിൽ അടയുകയായിരുന്നു.....
.........ശുഭം........
എൻ.കെ.അജിത് ആനാരി
****************************************

ശിശിരം
വിരഹാർദ്ര യാമം,
ശിശിരാർദ്ര മാസം,
പ്രണയാർദ്ര സങ്കീർത്തനം;
അതിലോലമാരോ,
ശ്രുതി ചേർന്നു പാടി,
സായാഹ്ന സാരംഗിയിൽ.
മനസ്സിന്റെ കോണിൽ,
മധുമാസ രാവിൻ,
മതിലേഖ ചിരി തൂകവേ;
മരവിച്ച മഞ്ഞിൻ,
മകരത്തണുപ്പിൽ,
കുളിരിന്റെ ഹർഷോത്സവം.
അഴകൊത്ത വിണ്ണിൻ,
ചിരിയൊത്ത ചുണ്ടിൽ,
മുത്തുന്ന താരങ്ങളായ്;
അരികത്തു നില്പൂ,
തികവൊത്ത ജ്വാലാ-
മുഖിയാം കിനാപ്പൂക്കളായ്.
അവനീ സുരാംഗി,
രജനിക്കു കേൾക്കാൻ,
ഹംസധ്വനീ രാഗമായ്;
ചിരിതൂകിയല്പം,
മിഴി കൂമ്പി നിന്നൂ,
ശ്യാമാംബരം തെളിഞ്ഞൂ.
അഹസ്സിന്റെ തോഴൻ,
അലയാഴി പൂകി,
അലസോന്മുഖം മയങ്ങീ;
അഴലിന്റെ പീലി-
ച്ചിറകൊന്നു വീശി,
ചക്രവാകം വിതുമ്പീ.
ഒരുമിച്ചു ചേരാ-
നൊരു മോഹമോടെ,
താമരത്താരുറങ്ങീ;
അനുരാഗപൂർവ്വം,
അഭിലാഷപൂർണ്ണം,
ആമ്പൽച്ചിരി വിളങ്ങീ.
ശിശിരാർദ്ര ഗീതം,
ഒഴുകുന്ന നേരം,
ഘനശ്യാമ സന്ധ്യാംബരം;
പകരുന്ന മോഹം,
പടരുന്നുവെന്നും,
പാരിന്നു സമ്മോഹനം...!
ഡോ. വിനിത അനിൽകുമാർ 
ഹോമിയോ ഡോക്ടർ   മണിമന്ദിരം  മാരാരിക്കുളം പി.ഒ  ആലപ്പുഴ-688523
****************************************

ജനുവരിയുടെ നഷ്ടം
ജനുവരിയിലെ മഞ്ഞ്
കഴുകിയെടുത്ത
കണ്ണാടി ജാലകങ്ങൾ
പതിയെ തുറക്കൂ
അവളെ കാണാം
തളിരിളം ചുണ്ടുകൾ
ചെറുതായ് ചുമപ്പിച്ച്;
വയലറ്റ് നിറമുള്ള
ഓർമ്മയിതളുകൾ
നിറയെ ഞൊറിവിട്ട്
അവയെ മറച്ച് ....
മനസ്സ് നിറച്ച് ....
ആരോ മറന്ന
വിത്തിൽ നിന്നും
പുനർജനിച്ച്,
പറിച്ചുനടപ്പെട്ട്,
ഇവിടുത്തെ
ഉഷ്ണകാറ്റുകൾ
ശീലിച്ച്....
ജൻമദേശത്തിന്റെ
മഞ്ഞോർമ്മകളാവാം
ജനുവരിയിലേക്ക് മാത്രം
അവൾ പൂത്തുലയുന്നത്...!
വിരഹത്തിന്റെ  നിറം-
ചാരനിറമാർന്ന
ആകാശത്തിന് അരികിട്ട് ,
അവൾ പ്രണയിതരുടെ
നോട്ടങ്ങളെ ഉൻമാദിയാക്കുന്നു.
എങ്ങോ മറന്ന കൊഴിഞ്ഞ
പ്രണയ ഋതുക്കൾ
അവളാൽ പുനർജനിക്കുന്നു..
സുഗന്ധമില്ലായ്മ
പ്രണയനഷ്ടത്തിന്റെ
പ്രതികാരമാക്കി
വഴികളിലെല്ലാം
നീ പൊഴിക്കുന്നത്
നിശബ്ദതയല്ലേ?
എങ്കിലും -
നിനക്കീ പേര്
ഒട്ടും ചേരില്ല തന്നെ....
ശീമക്കൊന്ന.....
ശാന്തി പാട്ടത്തിൽ
****************************************

തെറ്റി
വാങ്ങിക്കൊണ്ടുവന്നത്
ഒരു ഫുൾബോട്ടിൽ
സന്തോഷമായിരുന്നു
കുടിച്ചു തീർത്തപ്പോഴാണ്
കണ്ണുനീരായിരുന്നെന്നറിഞ്ഞത്
ലാലു കെ ആർ
കരോട്ട് വീട്  മുഹമ്മ പി ഒ  ആലപ്പുഴ  ജോലി ഫോറസ്റ്റ് ഡിപാർട്ട് മെന്റിൽ . ഇപ്പോൾ പറമ്പിക്കുളം കടുവ സങ്കേതത്തിലെ  പറമ്പിക്കുളം ഫോറസ്റ്റ് റേഞ്ചിലെ ക്ലർക്കാണ്  കഴിഞ്ഞ മെയ് മാസത്തിൽ ഭാഷാപോഷിണിയിൽ കവിതയും കഴിഞ്ഞയാഴ്ചത്തെ മംഗളത്തിൽ ഒരു കഥയും പ്രസിദ്ധീകരിച്ചു.
****************************************
ഇനി കർണാടകയിലേക്കൊരു യാത്രയാവാം..👇🏻
ഓർമയിലെ വെള്ളാരങ്കല്ലുകൾ...
യാത്ര
ജീവിതയാത്രയിലെ എല്ലാ ആരവങ്ങൾക്കിടയിലും ഒരു വർഷം മുമ്പ് കർണാടകയിലെ കുദ്രേ മുഖ് ഫോറസ്റ്റ് റിസോർട്ടിലെ ഭഗവതി ഹെർബൽ ക്യാമ്പിലേക്ക് സഹപ്രവർത്തകരോടൊപ്പം നടത്തിയ ഹൃദ്യമായ യാത്ര ഇപ്പോൾ ഹൃദയത്തിൽ തിങ്ങിനിറയുന്നു..വർഷങ്ങളുടെ ആത്മബന്ധം ഉള്ളതുപോലെ ഇടപഴകിയിരുന്ന അഷ്റഫ് എന്ന പറവണ്ണക്കാരൻ ഡ്രൈവറുടെ വെള്ളവാനിൽ...സാബു മാഷിന്റെ ഗൃഹാതുരതയുണർത്തുന്ന പഴയ കാല പാട്ടുകളുടെ അകമ്പടിയോടെ വാഹനം ... പാട്ടിന് തലയാട്ടി താളം പിടിക്കുന്ന ഡ്രൈവർ.. സാബു മാഷിന്റെ ഇടവേളകളിൽ മനോഹരമായി പാടി ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് ഒട്ടും പിടി തരാത്ത അത്ഭുതമായി ഡ്രൈവർ.. ഇടക്കിടെ ജംഷീർ ബാബു മാഷിന്റെ പൊട്ടിച്ചിരിപ്പിക്കുന്ന ഫലിതങ്ങൾ.. അത്യുത്സാഹത്തിൽ വാഹനം പേരാമ്പ്രയിൽ... രാത്രി ഭക്ഷണം സതീശൻ മാഷിന്റെ സഹധർമ്മിണിയുടെ കൈപ്പുണ്യത്തിൽ, അതിലേറെ ഔദാര്യത്തിൽ ചപ്പാത്തിയും കപ്പയും മീൻ കറിയും.. കഴിക്കാനായി മൊയ്തീൻ മാഷിന്റെ നേതൃത്വത്തിൽ സതീശന്റെ വീട്ടിലേക്ക് മറന്നു കളയാനാവാത്ത യാത്ര...വഴിയരികിലെ പൊന്തക്കാടുകൾ ഇപ്പോഴും ഇരുട്ടിൽ ഭയപ്പാടോടെ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടാകും..
            വീണ്ടും നീങ്ങുന്ന വാഹനം.. പാട്ടും ആരവവും ഇപ്പോൾ ഉച്ചസ്ഥായിയിൽ.. ഇടക്കിടെ മയങ്ങിയും പാടിയും പൊട്ടിച്ചിരിച്ചും ആടിക്കുഴഞ്ഞും വണ്ടി മുന്നോട്ട്... ഇടക്കിടെ ഡ്രൈവറുടെ പാട്ടിന്റെ മാന്ത്രികത്തൂവൽത്തഴുകൽ. പാതിരാത്രിയിൽ ട്രക്കിനത്തേക്ക് അരിച്ചെത്തുന്ന തണുപ്പിന്റെ വിരലുകൾ ...ഇടക്കെപ്പഴോ ഉറക്കത്തിന്റെ അനന്തനീലിമ ...
                 പ്രഭാത സൂര്യന്റെ ഉദിച്ചുയരൽ കർണാടകയിൽ... പെട്രോൾ ബങ്കിൽ കാര്യസാധ്യം... തൊട്ടടുത്ത തട്ടുകടയിൽ കട്ടൻ ചായ... വീണ്ടും വാഹനം കുതിച്ചു പായുന്നു.പതിനൊന്ന് മണിയോടെ വാഹനം കാട്ടിന് നടുവിലൂടെ... ഫോട്ടോയെടുത്തോളു എന്ന് ക്ഷണിച്ച് അതിസുന്ദരിയായി, അണിഞ്ഞൊരുങ്ങി, കർണാടക.. ഫോൺ നിറയുവോളം ഫോട്ടോയെടുപ്പ്... പിന്നെയും യാത്ര... മൊബൈലിന്റെ പരിധിക്കപ്പുറത്തുള്ള, അതീവ ശാന്തതയുടെ ഉച്ചസ്ഥായിയിലേക്ക്, ഫോണിന്റെ ഒച്ചയനക്കങ്ങളില്ലാത്ത, കാടിന്റെ പ്രശാന്തതയിലേക്ക് ...
                   വാഹനം റിസോർട്ടിനു മുന്നിൽ .. ബാഗേജുകൾ ഇറക്കി വെച്ച് ഉച്ചക്കറിക്ക് ചിക്കനൊപ്പിക്കാനായൊരു യാത്ര... പിന്നെ, റിസോർട്ടിനകത്തെ, വയനാട്ടിലെ പാപനാശിനിയൊഴുക്കിന്റെ തണുപ്പിനെ വെല്ലുന്ന, മനുഷ്യന്റെ കൈ കടത്തലുകൾക്ക് ഇടം കിട്ടിയിട്ടില്ലാത്ത, തനിത്തെളി നീരിൽ നീരാട്ട്... മണിക്കൂറുകൾ നീണ്ട ജല പൂജ, വെള്ളാരങ്കല്ല് പെറുക്കൽ ...ഓരോ മുങ്ങലിലും വിസ്മയത്തിന്റെ ചികഞ്ഞെടുപ്പ് പോലെ വൈവിധ്യസമ്പന്നമായ, ഹൃദയത്തോട് ചേർക്കാൻ തോന്നുന്ന കൊതിയൂറും കല്ലുകൾ ... മനസ്സിന്റെ ചിമിഴിയിലൊളിപ്പിച്ച ഓർമക്കല്ലുകൾ പോലെ,കുറേ പെറുക്കി കരയിൽ സ്വരുക്കൂട്ടി,വീണ്ടും തുടിച്ചുകുളി.. ഇടക്കെപ്പഴോ മുങ്ങിത്തപ്പിയപ്പോൾ കണ്ടെടുത്തത് വൃത്താകാരമായ സുന്ദരൻ കല്ല്..വെള്ളത്തിലിരുന്ന് അതുയർത്തിപ്പിടിച്ചപ്പോൾ ബദറു മാഷിന്റെയും സതീശൻ മാഷിന്റെയും ജലാഭിഷേകം അതിനു മുകളിലേക്ക്... തണുത്ത് വിറച്ചിട്ടും,ജീവിതത്തിന്റെ അഴുക്കുകളൊഴുക്കിക്കളഞ്ഞ് നില തെറ്റി ഒഴുകിയൊഴുകിയങ്ങിനെ...സമയം പോവുന്നതറിയുന്നില്ല ... ഒടുവിൽ, പ്രിയ സുഹൃത്ത് ബദറു മാഷിന്റെ ശാസനയ്ക്കു വഴങ്ങി മനസ്സില്ലാ മനസ്സോടെ,ഹൃദയം പെറുക്കിയ കല്ലുകളുമായി കരയിലേക്ക്... എല്ലാ അഴുക്കുകളും പൊഴിച്ചിട്ട നിർവൃതിയിൽ കരകയറിയപ്പോൾ, വക്കിലെ ഇടതൂർന്ന മരക്കൂട്ടങ്ങളിലെ വേരുകളിലൊന്നിൽ,കനലാട്ടങ്ങളുടെ തിരുശേഷിപ്പു പോലെ പാമ്പിൻ ഉറ പൊഴിക്കൽ കാഴ്ച.....ജലാശയത്തിനപ്പുറം കയറിന്റെ ഏണിയിലൂടെ കുതിക്കാൻ ജംഷീർ ബാബുവിന്റെയും ബദറു മാഷിന്റേയും സാഹസിക ശ്രമം..അപ്പോഴേക്കും, ചിക്കൻ കറിയുടെ കൊതിപ്പിക്കുന്ന മണം അരിച്ചെത്തുന്നു .. കാടകത്തിലെ, ഓടിട്ട അടുക്കളപ്പുരയിൽ കർണാടകയുടെ രുചി വൈവിധ്യം.... പിന്നെ, റിസോർട്ടിലെ ഹാളിൽ നിരനിരയായുള്ള കിടക്കകളിൽ ഗാഢമയക്കം ...ഉറക്കത്തിന്റെ തീക്ഷ്ണതയിൽ, ദു:സ്വപ്നം കണ്ട് ആരുടെയോ ഒച്ചയിടലിൽ,ഞെട്ടിയുണർച്ച ... പിന്നെ, തമാശകൾ ... വർത്തമാനങ്ങൾ, വീണ്ടും മയക്കം... ടെലിഫോണിന്റെ വീഡിയോ സാധ്യതയിൽ ലയിച്ച് ചിലർ.... ഇടക്കെപ്പഴോ, വൈകുന്നേരത്തിൽ ആരുമറിയാതെ ഒരു മുങ്ങൽ,കൂർക്കം വലിക്കാരെ ഉണർത്താതെ.. കാടിനു നടുവിലെ, ഏകാന്തമായ ഒറ്റ വീടിന്റെ വരാന്തയിൽ,ധ്യാന നിമീലിതനായി അൽപ സമയം..ഇതുവരെ കേട്ടു പരിചയമില്ലാത്ത, കിളികളുടെ ചിലക്കലുകളുടെ തീവ്രപ്രവാഹം ചെവികളിലൂടെ ഹൃദയത്തിലേക്ക് ...പുറത്തെ, ഹൃദ്യമായ ശബ്ദങ്ങൾക്ക് കാതോർക്കുമ്പോൾ, അകമടങ്ങുന്നു... കാടകം, ഹൃദയത്തോട് എന്തൊക്കെയോ മന്ത്രിക്കുന്നു .. ഞാനും പ്രകൃതിയും ഒന്നായിത്തീർന്ന ധന്യ നിമിഷം ...
                    ധ്യാനം പകർന്ന ഉന്മേഷത്തോടെ മുറിയിലേക്ക് ... പരിധിക്ക് പുറത്തായതു കൊണ്ട് വീട്ടുകാരേയും കൂട്ടുകാരേയും അറിയാനാവാത്തതിന്റെ വേവലാതി ചില മുഖങ്ങളിൽ...കാടിന്റെ, ഏതോ മൂലയിൽ വല്ലപ്പോഴും വീണ് കിട്ടുന്ന ഒരു റെയ്ഞ്ച് മൂല മാർക്ക് ചെയ്തിട്ടുണ്ടെന്നറിഞ്ഞപ്പോൾ, ചായക്കു ശേഷം അങ്ങോട്ട് പോകാനുള്ള വെമ്പൽ .... കാട്ടിലെ മൊസൈക്ക് ഗോൾഡൻ പുല്ലിലൂടെ, അട്ടയുടെ കടിയേൽക്കാതെ ശ്രദ്ധിച്ച്,കിലോമീറ്ററുകൾ നടന്ന് അവിടെയെത്തിയപ്പോൾ വന്ന് പോകുന്ന സിഗ്നലിൽ വീട്ടുകാരുടെ, കൂട്ടുകാരുടെ ശബ്ദം കേൾക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത നിർവൃതി പലരിലും .. ഇതുവരെ, വിളിക്കാത്തതിന്റെ പരിഭവങ്ങൾ, പിണക്കങ്ങൾ ..
                    കാടകത്തിലെ ആദ്യരാത്രി .. സോളാർ വിളക്കിന്റെ വെളിച്ചത്തിൽ മുങ്ങിക്കുളിച്ച് ഒരു നവോഢയെപ്പോലെ റിസോർട്ട്.. രാത്രിയിൽ വിടരുന്ന പൂക്കളുടെ രൂക്ഷഗന്ധം അരിച്ചെത്തുന്നു... കല്യാണ രാവിലെന്നതു പോലെ,ആട്ടവും പാട്ടും നൃത്തച്ചുവടുകളും...ആടിക്കുഴഞ്ഞ്,നാണിച്ചൊതുങ്ങി രാത്രി .. കൊഞ്ചിക്കുഴയലുകൾ .... ഹൃദയങ്ങൾ ഒന്നായിത്തീരുന്നു.. ഹൃദ്യമായ പാട്ടുകളുടെ അലയൊലി അന്തരീക്ഷത്തിൽ .. ഹൃദയവർത്തമാനങ്ങൾ, വാഗ്ദാനങ്ങൾ, തീരുമാനങ്ങൾ.... പേട മാനിന് തൽപമൊരുക്കിയ അമ്പിളി ആകാശത്ത് നിന്ന് എത്തി നോക്കുന്നു ..പാട്ടിൻ വരികളെ, ആഹ്ലാദാരവങ്ങളെ ശ്രദ്ധിച്ച്, അതിൽ ലയിച്ച് കാട്...സാബു മാഷിന്റെ മനോഹര ഗാനങ്ങൾ, മൊയ്തീൻ മാഷിന്റെ താളം പിടിയും പ്രോത്സാഹനങ്ങളും..എല്ലാവരേയും ഒരിക്കൽ കൂടി അമ്പരപ്പിച്ചു കൊണ്ട് ഡ്രൈവർ പറവണ്ണ അഷ്റഫിന്റെ പാട്ടിന്റെ പാലാഴി ... പാട്ടിന്റെ മാധുര്യത്തിന് ജംഷീർ മാഷിന്റെ വക സമ്മാനം... സംഗീത ലഹരിയിലാറാടിയ രാത്രി ... ബഹളം കൂടിയപ്പോൾ, റിസോർട്ടിന്റെ എം.ഡി.യും കുടുംബവും രാത്രിയിൽ വന്നിട്ടുണ്ട്, ശബ്ദം കുറക്കാൻ പാറാവുകാരന്റെ താക്കീത് ... താക്കീതിനെ അവഗണിച്ച് ശബ്ദം ഉച്ചസ്ഥായിയിൽ.. ഒടുവിൽ, അടുക്കളപ്പുരക്ക രികിലെ കാടിൻ നടുവിൽ സാബു മാഷ് ആലപിച്ച പാട്ടിന്റെ മാധുര്യം നുണഞ്ഞ് തോറ്റ് പത്തി മടക്കി എം.ഡി...
        "കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും
         ഉടുക്കാൻ വെള്ളപ്പുടവാ...
         കുളിക്കാൻ പനിനീർ ചോലാ..
         കൂന്തൽ മിനുക്കാൻ ഞാറ്റുവേലാ..
         കൂന്തൽ മിനുക്കാൻ ഞാറ്റുവേലാ...
                     രാവിലത്തെ കുളിയുടെ കുളിരും മനസ്സിൽ കുളിർക്കുന്നു ..പാട്ട് അസ്സലെന്ന് കർണാടകയിൽ മൊഴിഞ്ഞ്, മലയാളം സിനിമാ ഗാനങ്ങളറിയാൻ എം.ഡി .. പിന്നെ, മീൻ കറിയുടെ രുചി മാധുര്യത്തോടെ, രാത്രി ഭക്ഷണം .. ചോറ്, ചപ്പാത്തി...അങ്ങിനെ.. നല്ല വിശപ്പ്... എല്ലാവരും മത്സര ബുദ്ധിയിൽ.. എത്ര ചോദിച്ചാലും വീണ്ടും നൽകുന്ന ആതിഥ്യമര്യാദക്ക് പ്രണാമം ... വീണ്ടും റിസോർട്ടിനകത്ത് സല്ലാപം, പാട്ട്, ഹൃദയ വർത്തമാനങ്ങൾ...  പാതിരാത്രിയിലെപ്പഴോ കളി ചിരികൾക്കൊടുവിൽ,ഫോണിന്റെ ചിലക്കലുകളുടെ ഉണർച്ചകളില്ലാത്ത, ഗാഢനിദ്ര.
                  പ്രഭാതമെത്തിയത് യാത്രയ്ക്കു സജ്ജമാക്കിയ മിലിട്ടറി സ്റ്റെലിലുള്ള ജീപ്പുകളെ കണികണ്ടു കൊണ്ട്... പ്രഭാത ഭക്ഷണം, പൂരി, ചപ്പാത്തി, കടലക്കറി, ഉരുളക്കിഴങ്ങു കറി.. .മേമ്പൊടിയായി, കർണാടകയുടെ മഞ്ഞ നിറത്തിലുള്ള കേസരി എന്ന  മധുരപ്പലഹാരവും മതി വരുവോളം.. പിന്നെ, റിസോർട്ടിന്റെ സ്ഥിരം അന്തേവാസിയായ കലമാനുമായി അൽപ സമയം ചങ്ങാത്തം, ഫോട്ടോയെടുപ്പ്...
                  കിലോമീറ്ററുകൾ താണ്ടിയുള്ള ട്രക്കിംഗ് രണ്ട് വണ്ടികളിലായി .. കാടിന്റെ മനം മയക്കുന്ന കാഴ്ചകൾ... രമണീയമായി അണിഞ്ഞൊരുങ്ങിയ പ്രകൃതി ... ഇടക്കിടെ ഫോട്ടോയെടുപ്പ് ...പൂമ്പാറ്റകളുടെ ധന്യക്കാഴ്ചകൾ ...  കുണ്ടും കുഴിയുമുള്ള വെട്ടുവഴിയിലൂടെ കാഴ്ചകൾ കണ്ട് ആടിയാടി... മണിക്കൂറുകൾക്കൊടുവിൽ ഏറ്റവും ഉയരത്തിൽ ... മഞ്ഞുമൂടിയ കൂറ്റൻ പർവ്വതനിരകൾ... സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പ്രകൃതീ ദേവിയുടെ മടിത്തട്ടിൽ, ഓടിക്കളിച്ചങ്ങനെ.... ഫോട്ടോയെടുത്തിട്ട് ആർക്കും മതിയാവുന്നില്ല .. കെട്ടിയുയർത്തിയ ഏറുമാടത്തിൽ കയറി ഫോട്ടോയെടുക്കാൻ മത്സരം... പർവ്വതനിരകളുടെ ഒരുമിച്ചുള്ള വിദൂരക്കാഴ്ച ... മൊബൈൽ സിഗ്നലിന്റെ സമൃദ്ധി .വിളിക്കാനും ഫോട്ടോ പങ്കിടാനുമുള്ള വെമ്പൽ .. ഒടുവിൽ, കണ്ടു മടുക്കാത്ത കാഴ്ചകൾ ബാക്കിയാക്കി തിരിച്ചറക്കം..
                  ഉച്ചയോടെ റിസോർട്ടിൽ .. ഉച്ചഭക്ഷണത്തിന് ബിരിയാണിയുടെ രുചി മാധുര്യം... പിന്നെ, എല്ലാവരോടും യാത്ര പറഞ്ഞ്, നിതാന്തമായ ശാന്തത പകർന്ന, ഹൃദയങ്ങളൊരുമിപ്പിച്ച, പരിസരത്തോട് യാത്ര പറഞ്ഞ് മടക്കയാത്ര... തെളിനീരുറവയുടെ ഹൃദ്യതയിൽ ഒരിക്കൽ കൂടി ആണ്ടു കിടക്കാനാവാത്തതിന്റെ നീറ്റൽ അപ്പോഴും മനസ്സിലെവിടെയോ ബാക്കി കിടക്കുന്നു... ഒരിക്കൽ കൂടി വരണമെന്ന ആത്മഗതം പലരുടെ നെഞ്ചിലും..... അടുത്തിടെ വീണ്ടും കണ്ട 'രാമന്റെ ഏദൻ തോട്ടം'എന്ന സിനിമ ഹൃദയത്തിലെവിടെയോ ബാക്കി കിടന്ന ഓർമകളുടെ വെള്ളാരങ്കല്ലുകളെ ചികഞ്ഞെടുക്കുകയായിരുന്നു.. തനത് കാഴ്ചപ്പാടുകൾ കൊണ്ടും അർപ്പണബോധം കൊണ്ടും അതിലുപരി സംഗീതസാന്ദ്രമായ മനസ്സ് കൊണ്ടും യാത്രയിലെ വേറിട്ട വ്യക്തിത്വമായ പ്രിയ ഡ്രൈവറും ഇപ്പോഴും ഹൃദയത്തിൽ..
വെട്ടം ഗഫൂർ
****************************************

ഭ്രാന്തി
ഉള്ളിൽ തോന്നിയതൊക്കെ
ഉറക്കെ
വിളിച്ചു പറഞ്ഞു
എന്നൊരു തെറ്റേ
ഞാൻ ചെയ്തിട്ടുള്ളു...
രാജാവ് നഗ്നനാണ്
എന്ന് പറഞ്ഞ
കുട്ടിയെ പോലെ ....
കേട്ടവർക്കതെല്ലാം
ദഹിക്കാതെ പോയത്
എന്റെ കുറ്റം കൊണ്ടല്ലല്ലോ ...
അപ്രിയമായവ
പറയാതിരിക്കണമെന്നു
ഒരിക്കലും
തോന്നാതിരുന്നത് കൊണ്ടാവും
തെറ്റെന്നു കണ്ടതൊക്കെ
പറഞ്ഞു പോയത് ....
ന്യായത്തിന്റെ തുലാസിൽ
എന്റെ തട്ടിന്
ഉയരം കൂടിയത്
എന്റെ ഭാരക്കുറവിനാലായിരുന്നില്ല ...
മറു തട്ടിൽ നിരത്തിയ
അന്യായത്തിന്
എന്നെക്കാൾ
ഭാരമായിരുന്നതിനാലായിരുന്നു....
ഇന്നീ ...
അടച്ചിട്ട കൂട്ടിനുള്ളിൽ
ഈച്ചയാർന്ന വൃണത്തിൽ നിന്നും
" ചങ്ങലയ്ക്ക് ഭ്രാന്തായി "
എന്ന് വിളിച്ചു പറയുന്നത്
എന്റെ മുറിവുകളോ
ഞാനോ ...????
രമ്യ ലക്ഷ്മി
****************************************

മരണം - അടയാളപ്പെടുത്തുമ്പോൾ
എൻെറ മരണം നിന്നെ
അടയാളപ്പെടുത്തുക
ചരമക്കോളത്തിലെ ഒറ്റവരി വാർത്തയിലൂടെയാവാം..
അതും ദിവസങ്ങൾക്കിപ്പുറം !
തളരരുത് നീ..
വിറങ്ങലിച്ചു വീഴുകയുമരുത്.
ജീവനറ്റയെൻെറ ശരീരം
നിൻ സ്മൃതിമണ്ഡലങ്ങളിൽ
ഇടിമുഴക്കങ്ങൾ സൃഷ്ടിച്ചേക്കാം..
എങ്കിലും...
ഹൃദയഭിത്തികളിലൊരു നീറ്റൽ
അവശേഷിക്കാം..
വാക്കുകൾ പാലിക്കപ്പെടാതെ
 പോയതിലെ വ്യഥ
നിശബ്ദമായെനിക്കു കേൾക്കാം.
മൗനം,
എൻെറ ഓർമ്മകളെ
നീ താലോലിക്കുമ്പോൾ
തിരപോലെ നീ കുളിരണിയാം..
എങ്കിലും...
പൊള്ളുന്നൊരു വേദന
വീണ്ടുമൊരു ഗദ്ഗദമായി ഉയരാം..
പ്രണയാർദ്രമായൊരു
നോട്ടം പോലും
സമ്മാനിക്കാൻ കഴിയാതെ
പോയതോർത്ത് !!
ദിവ്യ.സി.ആർ
ടീച്ചർ, എച്ച്.എസ്.എസ്. ഫോർ ഗേൾസ്, വെങ്ങാനൂർ
****************************************

പിണക്കം
അലിവില്ലെന്നു കരുതിക്കോട്ടെ
നീറുമെന്നും
വേവുമെന്നുമറിയാം
കാത്തിരിക്കുന്ന മിഴികളിലെ
വിഹ്വലതകളും
കരളിന്റെ പിടച്ചിലുമെല്ലാം ഇരട്ടിയാണെന്നും..
ഉത്തര ദക്ഷിണായനം പോൽ
ഇരുപുറമാണെങ്കിലും ഒറ്റ ഞരമ്പിനാൽ ബന്ധിതമെന്നും...
പിണങ്ങിയാലും ഒരു മാത്ര പോലും അകലാനാവാത്ത വിധം
പിണഞ്ഞിരിക്കുന്നതെന്താണോ......
മേഘങ്ങൾക്കുള്ളിലെയീ
മറഞ്ഞിരിപ്പിലും
മനം തുടിക്കുവതെന്തേ..
തുടിപ്പിന്നീണങ്ങളിലലിഞ്ഞിരിപ്പതും ഒരേ രാഗം
കൊഴിഞ്ഞകലാൻ മടിച്ച് നിമിഷങ്ങൾ യുഗങ്ങളായി
അന്തിയാവുന്തോറും മിടിപ്പിൻ താളത്തിന് വേഗമേറി
മൂവന്തിയ്ക്കീ കനൽ ഭാരം താങ്ങിയകന്നാൽ
ഉലയൂതിയ പോൽ
ഉള്ളമെരിഞ്ഞു തീരും
അടക്കാനാവാതെ വീണ്ടും മുഖം മറച്ചുതന്നെ
ഒളിനോട്ടം കണ്ടു
കരഞ്ഞു മൂടി ഇരുണ്ടയാരൂപം..
പുറത്തേയ്ക്ക് ഒറ്റപ്പാച്ചിലായിരുന്നു
മലവെള്ളം പോൽ വെട്ടവും കണ്ണീരും ഒഴുകിയിറങ്ങി...
തൻ ജീവനായകനെ കണ്ടതും വിതുമ്പിയും ചീറ്റിയുമലറിപ്പാഞ്ഞെത്തീ സവിധം ധരിത്രിയും...
വിങ്ങിപ്പൊട്ടും സഖിയെ
കോരിയെടുത്തണച്ചായിരമാവർത്തി പറഞ്ഞ മാപ്പിൻ
മനമറിഞ്ഞലിഞ്ഞാർദ്രയായവൾ തേങ്ങി....
ദിനംതോറും തനിയ്ക്കുനാഥൻ പകരുന്ന
ജീവരശ്മിക്ക് നന്ദി യോതാനീ ജന്മം പോരായെന്ന ആത്മദാഹത്തിൻ സ്നേഹപ്രവാഹമായവൾ...
ഭൂമീദേവി........
ശ്രീലേഖ
****************************************

കളിക്കൂട്ടുകാരി
ശാലിനിയെൻ കളിക്കൂട്ടുകാരി
സൂര്യകാന്തി പൂവായിയിന്നും
പൂത്തു നിൽപ്പാണു
നീയെന്റെയുള്ളിൽ
നീലമേഘത്തെ
കൊക്കിലൊതുക്കി
കൊറ്റികളെത്ര
പാറിപ്പറന്നു
മേഘജാലങ്ങൾ
മണ്ണിൽത്തലോടി
മരച്ചില്ലയെത്ര
തളിർത്തു പൂവിട്ടു.
ഉത്തരായനം
കടന്നുച്ച സൂര്യൻ
കർണ്ണികാരത്തെയെത്ര
പുണർന്നു...
ഒന്നു നിൽക്കാതെ
സമയ രഥമെൻ
 മുന്നിലെത്ര കലണ്ടർ മറിച്ചു.
 ഓർമ്മയാകും വെയിൽ
 സന്ധ്യയായി തീർന്നെൻ
 മുടിയുമിന്നു വെളുക്കെ
 ചിരിക്കെ
 മാറ്റമില്ലാതെ നിന്നോർമ്മ
 ഇന്നും സൂര്യകാന്തിയായയ്
 പൂത്തുനിൽക്കുന്നു.....
ഗിരീഷ് കളത്തറ
****************************************

അവസ്ഥാന്തരം
ഇരുളിന്റെ നിലാചിറകുകളിൽ,
രാത്രിയെ പകുത്തു വച്ച്,
വെയിൽക്കാലങ്ങളിലേക്കും
പകലിലേയ്ക്കും,നീ
നിഴൽ  നാടകങ്ങളാടി
നടന്നു മറഞ്ഞപ്പോൾ
ഉരുകിയൊലിച്ചതും
ഉറഞ്ഞുകൂടിയതും
ഓർമയുടെ  ഒരു
മഞ്ഞുതുള്ളി.
തുളുമ്പാതെ
ചിതറാതെ
പൂവിതളുകളിലേക്ക്
ഇറുന്നു  വീണത്‌
ഒരു തേൻ കണം-
കൈവിടാതെ
മുറുകെ പിടിച്ച
സ്വപ്നങ്ങളെ പോൽ
മധുരമായ്....
മനസ്സിൽ,
മൗനങ്ങളിൽ
ചേർത്തുവയ്ക്കാനാവാതെ
തിടുക്കപ്പെട്ട്
പുറത്തേയ്ക്ക് കവിഞ്ഞ
ഒരു തേങ്ങലിൽ,
വിട പറയും മുൻപ്
ഞാൻ പതിയെ ചോദിക്കട്ടെ..
പിൻവിളികളോടുള്ള
എന്റെ വിരക്തി,
നിന്റെ വഴി തടയാതിരുന്നെങ്കിലും,
എന്റെ മുന്നോട്ടുള്ള
വഴികളിൽ
മൂടിയ മഴക്കാറു കാണാൻ
വയ്യാത്ത വിധം, നിന്റെ
കണ്ണുകൾ പാതിരാ  സ്വപ്നങ്ങളിൽ
വല്ലാതെ മുഴുകിയിരുന്നതെന്തേ.....?.
ദീപ്തി  നായർ