25-11-19c

📚📚📚📚📚
ദൈവത്തിന്റെ ചാരന്മാർ
ജോസഫ് അന്നംകുട്ടി ജോസ്
ഡിസിബുക്സ്
പേജ് 232
വില 225



    ബാല്യത്തിൽ രഹസ്യമായി ഫാഷൻ ടിവി കണ്ട കുട്ടിയെ ഒപ്പമിരുത്തി ആ ചാനൽ കാണിച്ച അമ്മയുടെ കഥപറയുന്ന പോസ്റ്റിട്ട് കേരളക്കരയിലാകെ സംസാരവിഷയമായ ചെറുപ്പക്കാരൻ അമ്മയുടെ പേരും സ്വന്തം പേരിനോടുചേർത്ത് മറ്റൊരു വസ്മയമായി.2019മാർച്ചിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ 8ാംപതിപ്പ് ഇതേ ആഗസ്റ്റിൽ പ്രസിദ്ധീകരിക്കത്തക്ക തരത്തിൽ വായനക്കാരുടെ നെഞ്ചേറാൻ ഇദ്ദേഹത്തെ പ്രാപ്തമാക്കിയതെന്തന്ന് അറിയാനുള്ള കൗതുകം മാത്രംമതി ഈ പുസ്തകത്തിൽ പുതുവായനക്കാരന് എത്തിച്ചേരാൻ. ആമുഖവും അവതാരികയും കടന്ന് ഒന്നാം ലേഖനത്തിൽ-കുമ്പസാരം-എത്തിയാൽമതി, അനുഭവതീവ്രതയും എഴുത്തിന്റെ കരുത്തും മേളിച്ചാലുണ്ടാവുന്ന മാസ്മരികത അനുഭവിച്ചറിയാൻ.പഠിക്കേണ്ട കാലം മുഴുവൻ ഉഴപ്പി നടന്ന് പരീക്ഷക്ക് ഒരാഴ്ച മുമ്പ് വേവലാതിയോടെ ഓടിനടക്കുന്ന ചെറുപ്പക്കാർ അത്ര കുറവൊന്നും അല്ല. അത്തരമൊരാളെ ഉള്ളസമയംകൊണ്ട് പഠിച്ചുജയിക്കാമെന്ന് ആത്മവിശ്വാസം കൊടുക്കാൻ കഴിയുന്നവർ കുറയും. പേര് പോലും ചോദിക്കാൻ മറന്നുപോയെങ്കിലും, ജോപ്പന്റെ ഓർമ്മയിൽനിന്നും ഒരിക്കലും കടന്നു പോകാത്ത ആ പുരോഹിതൻ, വായനക്കാരിലും ചിരം ജീവിക്കും-സ്വന്തം പരാജയത്തെപ്പറ്റിയുള്ള കള്ളക്കഥകൊണ്ടല്ല;സമയം വല്ലാതെ വൈകിപ്പോയിട്ടില്ല എന്ന് ആശ്വസിപ്പിച്ചുകൊണ്ട്.

എന്റെ സത്യാന്വേഷണ പരീക്ഷണകഥയിലെ എന്റെ ഇരട്ട ലജ്ജ എന്ന; പിതാവിൻറെ മരണത്തിന്  തൊട്ടു മുമ്പുള്ള സംഭവം  വിവരിച്ചുകൊണ്ട്, അമ്മയുടെ പേര് സ്വന്തം പേരിനൊപ്പം കൂട്ടിച്ചേർത്തു  നാട്ടുകാർക്കെല്ലാം ആരാധനയ്ക്ക് പാത്രമായ അമ്മയുടെ മകൻറെ കുമ്പസാരമാണ് രണ്ടാം ലേഖനം ആയ ഇരട്ട ലജ്ജ, അമ്മയേക്കാൾ അച്ഛനെ ഇഷ്ടപ്പെടാനുള്ള കാരണവും ഒപ്പം അമ്മ പരുഷമായി പെരുമാറാനുള്ള കാരണം  അമ്മയുടെ വീക്ഷണത്തിൽ ചിന്തിച്ച് നോക്കുന്നതും,
 ഒടുവിൽ ജീവിതം അമ്മയുടെ ഹൃദയത്തിൽ ഏൽപ്പിച്ച മുറിവുകളിൽ ഒരായിരം ചുംബനങ്ങൾനൽകിക്കൊണ്ട് എഴുത്ത് നിർത്തുമ്പോഴും ആ അമ്മയും മകനും നമുക്ക് പ്രിയപ്പെട്ടവരായി മാറും.

തൻറെ സ്റ്റുഡിയോവിലെ വാച്ച്മാൻ ആയിരുന്ന മനുഷ്യൻറെ കഥയാണിനി പറയുന്നത്. അത് കേട്ട് വായനക്കാർ  അവിശ്വാസത്തോടെ നെറ്റി ചുളിക്കേണ്ടെന്ന് കൃത്ത് ഉറപ്പിച്ചുപറയേണ്ട കഥയാണ് 'കാവൽക്കാരൻ' എന്ന അനുഭവം പറയുന്നത്. പത്തു പൈസ പോലും പ്രതിഫലം വാങ്ങാതെ തൻറെ ശരീരത്തിലെ ഒരു ഭാഗം സ്വന്തം ജീവനെയും ജീവിതത്തെയും മറന്ന് അപരിചിതയായ ഒരു പെൺകുട്ടിക്ക് മുറിച്ചു നൽകിയ ആ മനുഷ്യനു മുമ്പിൽ ആരുടെ ശിരസ്സാണ് കുനിയാത്തത്! റേഡിയോ മിർച്ചി യിൽ ആർജെ ആയി കഴിഞ്ഞ് കഴിഞ്ഞ പരിചയപ്പെട്ട  ഫെമിനിച്ചി യുടെ കഥ കേരളത്തിലെ പെണ്ണവസ്ഥകളുടെ ദൈന്യത നമ്മെ ബോധ്യപ്പെടുത്തും.
ഒരു മോട്ടിവേഷൻ ക്ലാസിൽ പങ്കെടുത്ത പെൺകുട്ടി ജോസഫിനോട്  പറഞ്ഞ നിരാകരിക്കപ്പെട്ട  സ്നേഹത്തിൻറെ കഥ കൗമാര പ്രണയത്തിൻറെ  ഒരു സ്ഥിരം കാഴ്ച പങ്കിടുന്നു .
   കാറിൻറെ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്ന് അടുത്ത വീട്ടിലെ മതിൽ തകർത്ത കഥയിൽ തെളിയുന്ന അച്ഛൻറെ ചിത്രത്തിന് വല്ലാത്ത ഗ്ലാമർ ഉണ്ട് .പിന്നെയും രണ്ടുമൂന്ന് ലേഖനങ്ങൾ കൗമാരക്കാരെയും യുവാക്കളെയും നന്മയിലേക്ക് പ്രലോഭിപ്പിക്കാൻ തക്ക കരുത്തുള്ളവയാണ് .
തന്നെ സ്നേഹിച്ചതുപോലെ താൻ സ്നേഹിച്ചിട്ടില്ലത്ത ഒരു ആൺ സുഹൃത്തിന്റെയും ഒരു പെൺ സുഹൃത്തിന്റെയും കഥകൾ വായനക്കാരനെ  വല്ലാതെ ആകർഷിച്ചേക്കും.

   ഇനിയങ്ങോട്ടുള്ള സംഭവങ്ങളിൽ ദൈവത്തിൻറെ ചാരന്മാരുടെ സാന്നിധ്യം  വളരെ കുറവാണ് . ജോസഫ് അന്നംകുട്ടി ജോസ് ന് വളരെ പ്രിയപ്പെട്ട ഓർമ്മകൾ തന്നെവും. പക്ഷേ വായന ചെടിച്ചു തുടങ്ങും. തന്തയില്ലാത്ത  ഡിജിറ്റലിസം എന്ന ഹെഡ്ഡിംഗ് തന്നെ ഒരു ഉദാഹരണം. വളരെ ഗംഭീരവും വഴികാട്ടൽ സ്വഭാവമുള്ളതും ആയ അനുഭവ കുറിപ്പുകളിലൂടെ തുടങ്ങി  വായനക്കാരനെ ഞെട്ടിച്ചിട്ട് വിലകുറഞ്ഞ കുറിപ്പുകളിലൂടെ പുസ്തകത്തിൻറെ  ഗൗരവം കളഞ്ഞു കുളിക്കുകയാണ് ഈ യുവാവ് .അപ്പോഴും ഒന്നോർക്കണം, കേരളത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന പുസ്തകങ്ങളിൽ ഒന്നാണ്  ദൈവത്തിൻറെ ചാരന്മാർ. കൗമാരക്കാരായ കുട്ടികൾ ഏറ്റവുമധികം അന്വേഷിക്കുന്ന പേര് ജോസഫ് അന്നംകുട്ടി ജോസ് എന്നതാണ്. മോട്ടിവേഷൻ ട്രെയിനർ മാർക്ക് അതിലൊരു പങ്കുണ്ടെന്ന് വ്യക്തം. പക്ഷേ അതുമാത്രം ആയിരിക്കില്ലല്ലോ ആരാധകരെ സൃഷ്ടിക്കുന്നത്.

രതീഷ് കുമാർ
22\11\19

🌾🌾🌾🌾🌾🌾