25-05-19


ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാനിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." കഴിഞ്ഞയാഴ്ചയിലെ ബാക്കി ഇപ്പോൾ വായിക്കാം..👇🏻
രണ്ടാഴ്ചത്തെ ഇടവേളക്കു ശേഷം പ്രീഡിഗ്രിക്കാല വിശേഷങ്ങൾ തുടരുന്നു...👇🏻
ഇതാണ് ഞാൻ..
ആത്മായനം
ജസീന റഹീം
പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ഭക്ഷണത്തോട് മുഖം തിരിക്കുന്ന എന്റെ രോഗം ദിവസങ്ങളോളം നീണ്ടു നിന്നു.. ഞാൻ പതിവായി കാണുമായിരുന്ന അടുത്തു തന്നെയുള്ള രോഗിയായ ഒരു ആൺകുട്ടി ..ഒരു ദിവസം അപസ്മാരം വന്ന് വെള്ളത്തിൽ മുഖമടിച്ച് വീണ് ആരുമറിയാതെ ഏറെ നേരം കിടന്ന് .. മരിച്ചു പോയി.. അവന്റെ മൃതദേഹം കാണാൻ ഞാനും പോയിരുന്നു.. എപ്പോഴും കാണുമായിരുന്ന .. അല്പം ബുദ്ധി കുറവുണ്ടായിരുന്ന അവന്റെ ചിരിച്ച വെളുത്ത മുഖം .. ദിവസങ്ങളോളം എന്നെ അലട്ടിയിരുന്നു.. ആ സംഭവത്തിനു ശേഷം മരണവീടുകളിൽ പോകാനുള്ള ഭയം ഒന്നുകൂടി വർധിച്ചു.. പക്ഷേ ഇത് മറ്റുള്ളവരോട് പറഞ്ഞാൽ വഴക്കോ കളിയാക്കലോ കിട്ടുമെന്ന് പേടിച്ച് മനസിലൊതുക്കി ...  വർഷങ്ങളോളം മരണവീടുകളിൽ നിന്നും ഒഴിഞ്ഞ് മാറി നടക്കുമ്പോൾ എനിക്ക്  പോലും അജ്ഞാതമായ എന്തോ ഒന്ന് മനസിലങ്ങനെ ഉറഞ്ഞ് കിടന്നു..
        ജീവിതത്തിൽ ഏറ്റവുമധികം സന്തോഷിച്ച ..ചിരി കൊണ്ട് നിറഞ്ഞ .. പ്രീഡിഗ്രിയുടെ രണ്ട് വർഷങ്ങൾ മെല്ലെ കടന്നു പൊയ്ക്കൊണ്ടിരുന്നു.. ക്ലാസിൽ ഏറ്റവും മോഡേണായി വരുന്ന ആശയും ദീപാറാണിയെയുമൊക്കെ അല്പം അസൂയയോടെയായിരുന്നു നോക്കിയിരുന്നത് .. പിറകിൽ വെട്ടുള്ള മിഡിയും അറ്റം കൂർത്ത ഷൂവും ബോബ് ചെയ്ത മുടിയും ആഷ് പുഷ് ഇംഗ്ലീഷുമായി ദീപാറാണി കടന്നു വരുമ്പോൾ .. അവരുടെ സൗഭാഗ്യമോർത്ത് കൊതി പിടിച്ചു.. ജീവിതത്തിലെ യഥാർഥ സൗഭാഗ്യങ്ങൾ എന്താണെന്ന് തിരിച്ചറിയാത്ത പ്രായത്തിൽ എനിക്കുള്ളതിനെക്കാൾ മികച്ചതെല്ലാം ഉള്ളവർ ഭാഗ്യമുള്ളവരായി ഞാൻ കരുതി..
        പ്രീഡിഗ്രിക്കു പഠിക്കുമ്പോഴേക്കും ചുമ്മാ ഉയരം വച്ചു തുടങ്ങിയിരുന്നു .. മെലിഞ്ഞ് ..ഉയരം വച്ച് .. നീളൻ മുടിയുമായി ഒട്ടും ഇഷ്ടമില്ലാത്ത കണ്ണടയും വച്ച് ..ഒത്തിരി അപകർഷതയുമായി നടന്ന എനിക്ക് ആകെ ഒരു സമാധാനം തന്നത് എന്റെ വെളുത്ത നിറം മാത്രമായിരുന്നു.. വല്ലാതെ മെലിഞ്ഞിരിക്കുന്നതിനാൽ ബന്ധുക്കളും കൂട്ടുകാരും പരിഹസിക്കമ്പോഴും.. നിറത്തെ മാത്രം ചിലരെങ്കിലും വാഴ്ത്തിയത് സന്തോഷിക്കാൻ ജീവിതത്തിൽ വലുതായി ഒന്നുമില്ലാതിരുന്നവൾക്ക് അല്പം ആശ്വാസമായി.. വിളക്കുടിയിൽ നിന്നു വന്ന ശേഷം പഠിത്തമല്ലാതെ മറ്റൊന്നും വീട്ടിൽ ചെയ്യാനില്ലായിരുന്നു.. മുറ്റം അടിച്ചുവാരൽ എന്റെ ജോലിയായിരുന്നു.. അത് ഞാൻ പതിവായി ചെയ്തു .. അടുക്കളയിലേക്ക്‌ കഴിക്കാൻ മാത്രം എത്തി നോക്കുകയും ..ഉമ്മ ജോലി എന്തെങ്കിലും ചെയ്യാൻ വിളിച്ചാൽ ഒരുപാട് പഠിക്കാനുണ്ടെന്ന തന്ത്രമെടുത്ത്  ഒഴിഞ്ഞ് മാറുകയും .. അടുക്കളയിലെ ഉമ്മാടെ ജോലി തീരുന്നതിനൊപ്പം ഞങ്ങളുടെ പഠനവും തീരുകയും ചെയ്തു.
        പാചകത്തിൽ സമർഥയായ ഉമ്മ വയ്ക്കുന്ന കറികൾ മാത്രമേ വാപ്പ കൂട്ടുമായിരുന്നുള്ളു.. ഉമ്മ വല്ലപ്പോഴും വല്ല ചടങ്ങുകളിലോ മറ്റോ പങ്കെടുക്കാൻ ബന്ധുവീടുകളിൽ പോകുന്ന ദിവസം കറികൾ വക്കാൻ ഞങ്ങൾ നിയുക്തരായി.. ഉമ്മ വയ്ക്കുന്ന പോലെ കറികൾ വക്കാൻ ഞങ്ങൾ ശ്രമിച്ച് ..ഒടുവിൽ അമ്പേ പരാജയപ്പെട്ട്.. ഉമ്മ മടങ്ങി വരുമ്പോൾ അരച്ച് തരുന്ന ചമ്മന്തി കൂട്ടി ചോറുണ്ണാനായി വാപ്പായും ഞങ്ങളും ഉമ്മായേം നോക്കി വിശന്ന വയറുമായി വഴിയിൽ നിൽക്കുമ്പോൾ .. അതു കാണുന്ന ഉമ്മാടെ ഒരഹങ്കാരമുണ്ട്.. കറി വക്കാൻ കല്ലിൽ മുളകരച്ച് കൈ നീറി പുകഞ്ഞ് കൈ വെള്ളത്തിൽ മുക്കി വച്ചിരുന്നതെത്രയാണാവോ
        വീട്ടിൽ ആൺകുട്ടികൾ ഇല്ലാത്തതിനാൽ എല്ലായിപ്പോൾ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനോടിയിരുന്നത് ഞാനായിരുന്നു.. എനിയ്ക്കത് ഇഷ്ടമല്ലാതിരുന്നിട്ടും മറ്റ് പോംവഴികൾ ഇല്ലാത്തതിനാൽ ഞാൻ തന്നെ പോകേണ്ടി വന്നു..
കളിയും ചിരിയും ക്ലാസ്സ് കട്ട് ചെയ്യലും കറക്കവുമൊക്കെയായി രണ്ട് വർഷങ്ങൾ ഓടിപ്പോയി.. ഒന്നാം വർഷം കെമിസ്ട്രിയ്ക്ക് കിട്ടിയ നാല് മാർക്ക് ..ഇംപ്രൂവ്മെന്റ് പരീക്ഷയിൽ ഒമ്പത് ആയി എന്നതൊഴിച്ചാൽ പഠനത്തിൽ കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല.. ഒടുവിൽ രണ്ടാം വർഷ പരീക്ഷയടുത്തു.. കെമിസ്ട്രിയും ഫിസിക്സും പുസ്തകങ്ങളും ബുക്കുകളും തുറന്നപ്പോൾ തല പെരുക്കുകയും കണ്ണിൽ ഇരുട്ട് കയറുകയും ചെയ്തു.. സെക്കന്റ് ഗ്രൂപ്പ് എടുക്കാൻ തോന്നിയ നിമിഷങ്ങളെ ശപിച്ച് ..ശപിച്ച്.. ഒടുവിൽ പരീക്ഷാ ഹാളിൽ ചോദ്യപ്പേപ്പറും പിടിച്ചിരുന്ന് വിയർത്ത് പരവശയായി.. മലയാളം വളരെ നന്നായും  ഇംഗ്ലീഷ് കുഴപ്പമില്ലാതെയും..ബോട്ടണിയും സുവോളജിയും കഷ്ടിച്ചും .. ഫിസിക്സും കെമിസ്ട്രിയും ഒന്നുമെഴുതാതെയും പരീക്ഷണ കാലം അവസാനിപ്പിച്ചു..
എസ്.എസ്.എൽ.സി ഫസ്റ്റ് ക്ലാസ്സോടെ പാസായവൾ പ്രീഡിഗ്രിയ്ക്ക് തോറ്റ് നാണംകെട്ട് നിൽക്കുന്ന രംഗമോർത്ത് ആകെ തളർന്നു.. ആധിയോടെ ദിവസങ്ങളെണ്ണി റിസൾട്ട് കാത്തിരുന്നു..
**************
ലാസ്റ്റ് ബസ്സ്
യൂസഫ് നടുവണ്ണൂർ
തിരക്കുപിടിച്ചൊരു ബസ് സ്റ്റോപ്പിൽ
ഏകനായി നിൽക്കുകയാണ്
പലവിധ ചിന്തകളിലൂടെ
നിങ്ങളപ്പോൾ
യാത്ര ചെയ്യേണ്ടി വരും.
പുറത്തു പറയാനാവാത്ത
ചില ഉള്ളുരുക്കങ്ങൾ
വിയർപ്പുതുള്ളികളായ് പൊടിയും
അതിൽ കാറ്റ് തട്ടുമ്പോഴുണ്ടാകുന്ന
ചെറിയ തണുപ്പ്
രോമക്കുത്തുകളിലൂടെ
അരിച്ചരിച്ച് കയറും!
വരാനിരിക്കുന്ന ബസ്
ഏതാണെന്ന ആശങ്ക
അനാവശ്യമാണ്.
യാത്ര എന്ന ആശയമാണ് പ്രധാനം!
ബസ്സിൽ
ആരെല്ലാമുണ്ടാവുമെന്നതും
ഏതു തരക്കാരാണെന്നതും
അലോസരപ്പെടുത്തരുത്.
കയറിക്കഴിഞ്ഞാൽ കിട്ടേണ്ട
ഇരിപ്പിടത്തെക്കുറിച്ച്
തല പുകയ്ക്കാം
പറ്റുമെങ്കിൽ സൈഡ് സീറ്റ് തന്നെ.
പുറത്തേക്ക് നോക്കുമ്പോൾ
എന്തെല്ലാം കാഴ്ചകളാണ്
മുന്നോട്ട് കുതിക്കുമ്പോൾ
അതിവേഗം പിന്നോട്ടു പായുന്നവ!
അലസമായി മേയുന്ന
പുള്ളിപ്പശു
കുറുകെ കടക്കുകയോ
തൊപ്പി വെച്ചൊരു പയ്യൻ
വട്ടം ചാടുകയോ ചെയ്യില്ല.
ഇനി അങ്ങനെയെങ്ങാനും
സംഭവിച്ചാലും
ഗൗനിക്കേണ്ടതില്ല.
യാത്രയാണ് മുഖ്യം!
അമർത്തിപ്പിടിച്ചൊരു ഞരക്കം
പച്ചമുള ചീന്തും പോലൊരു
നിലവിളി
ബസ്സിനു പുറത്ത്
എന്തെല്ലാം ഒച്ചകളാണ്!
നിനച്ചിരിക്കാതെ
ചില കുഴികളിൽ ബസ് ചാടുമ്പോൾ
നിങ്ങൾ തന്നെ
കോരിയിട്ട മാലിന്യക്കൂമ്പാരത്തിലേക്ക്
തെറിച്ചു വീഴാതെ
പിടിച്ചിരിക്കണം.
ചില കെട്ടിപ്പിടുത്തങ്ങൾ
ചാരി നിൽക്കലുകൾ
ഒട്ടിച്ചേരലുകൾ
ബസ് യാത്രയിൽ
അനുവദനീയമാണല്ലോ!
എന്നാലും
ഈ ബസ്...
എന്താ ആലോചിച്ചു നിൽക്കുന്നത്?
കയറുന്നില്ലേ?
അവസാനത്തെ ബസ്
പുറപ്പെടാറായി!
**************
തെറ്റും, ശരിയും
സുനിത ഗണേഷ്
ശരിയെ കാത്തിരുന്ന്,
കരഞ്ഞുകരഞ്ഞ്,
കണ്ണ്
വരണ്ടുണങ്ങിയപ്പോളാണ്
തെറ്റുകൾ
ശരികളായത്...
പിന്നെ,
ശരികൾ മാത്രമുള്ള
ലോകം ഉണ്ടായത്.
**************
ചതുരംഗം
സ്വപ്നാ റാണി
അറുപത്തിനാല് കളങ്ങളിലും നിറഞ്ഞു കളിക്കുന്ന മന്ത്രിയുടെ ജീവിതമാണ് അവളെ എന്നും വിസ്മയിപ്പിച്ചത്. താൻ പേരിന് രാജാവാണ്, കളിയുടെ കേന്ദ്രം തന്നെയാണ് എന്നെല്ലാം വാഴ്ത്തുകൾ. പക്ഷേ എത്ര പരിമിതമാണ് തന്റെ ചലനങ്ങൾ!
എപ്പോഴും പ്രതിരോധത്തിലാക്കപ്പെടുന്ന നിസ്സഹായത. ഒന്നാഞ്ഞു വെട്ടി ശത്രുവിനെ വീഴ്ത്താനുള്ള ചലന സ്വാതന്ത്ര്യം എന്നെങ്കിലും ഈ കളി നൽകിയിട്ടുണ്ടോ?
 വീഴ്ത്തപ്പെട്ട് കളത്തിനു പുറത്താകുന്നതിൽ പോലും ഒരു കാവ്യനീതിയുണ്ടെന്ന് അവൾക്കു തോന്നാറുണ്ട്. മാറി നിന്ന് കളി കാണുന്നതിലെ ഒരു രസം. പക്ഷേ താൻ വീഴുമെന്നുറപ്പാകുമ്പോൾ തീർന്നു പോകുന്ന ഈ കളി എത്ര വിരസം!
**************
വിഷച്ചിലന്തികൾ
ജസി കാരാട്
  ഐ. സി. യു വിന്റെ തണുപ്പിലാണ് ഞാനവളെ ആദ്യമായി കണ്ടത്.
      ഉയരം കുറഞ്ഞ് , ‎ മെലിഞ്ഞ, തീരെ ചെറിയ  ഒരു രൂപം.ഇടയ്ക്കെപ്പോഴൊ ‎ ഓക്സിജൻ മാസ്ക് മാറ്റാൻ അടുത്തെത്തിയതെ അവളെന്നോട് അപേക്ഷിച്ചു.
      ‎ സിസ്റ്ററേ, ഐ.സി.യു. വിനുള്ളിൽ നഴ്സിംഗ് സ്റ്റുഡന്റ്സിനെ നിർത്തരുതേ
       'ഇതു കണ്ടോ?
      ‎ ഇന്നലെ മുതൽ എനിയ്ക്കീ- കുഴലിലൂടൊഴിച്ചു തന്ന മരുന്നൊന്നും
      ‎ താഴോട്ടിറങ്ങിയിട്ടില്ല -
      ‎ ഞാൻ അമ്പരന്നു പോയി. ശരിയാണ് മരുന്നും, ഭക്ഷണവും, വായുവും ട്യൂബിനുള്ളിൽ,
രണ്ടു ഫ്ലോറുകളിലെ നാലു വാർഡുകളും ഐ.സി.യു കളും നഴ്സിംഗ് സ്റ്റുഡന്റ്സിനാലാണ് ജീവൻ വയ്ക്കുന്നതു തന്നെ.ആകെയുള്ള രണ്ട  പ്രധാനനഴ്സുമാരിൽ ഞാനാകട്ടെ ലീവ് കഴിഞ്ഞ് ജോയിൻ ചെയ്തതേയുള്ളു.മാനേജ്മെൻറിന്റെ കുറുക്കൻ കണ്ണുകൾ അത്രയ്ക്കുണ്ട്.
  എങ്കിലും എനിക്ക് കുറ്റബോധം തോന്നി.
     ഞാൻ ട്യൂബ് വലിച്ച് വായുകുമിളകളെ  തട്ടി മാറ്റി.
      സൂയിസൈഡ്  അറ്റെംപ്റ്റിലാണ് അവളെ ഇവിടെ കൊണ്ടു വന്നിരിക്കുന്നത്
 ഇന്നലെ - ക്ഷണത്തിൽ മരിക്കാനുള്ള  ത്വര, ഇന്നോ- - - ?
  മനസിന്റെ മറിമായങ്ങൾ പിടി തരാത്ത  നിഷ്കളങ്കമായ ആ മുഖത്തേയ്ക്ക് ഞാനൊന്ന് സൂക്ഷിച്ചു നോക്കി.
അവൾ ഒന്നു ചിരിച്ചു. നിലാവു പോലൊരു ചിരി.പുറത്ത്  പ്രതീക്ഷാനിർഭരമായ നാലു കണ്ണുകൾ എന്നെത്തന്നെ നോക്കുന്നുണ്ട്
 തല നരച്ചു തുടങ്ങിയ ഒരു മധ്യവയസ്ക ,പിന്നെ   കൃശഗാത്രനായ ഒരു ചെറുപ്പക്കാരനും
ഈ ലോകത്തിന്റെ വൈചിത്ര്യങ്ങളെ തിരിച്ചറിയാതെ അയാളുടെ തോളിൽ സുഖമായുറങ്ങുകയാണ് ഒരു പിഞ്ചുകുഞ്ഞ്.
 ഡ്യൂട്ടി റൂമിൽ ആളൊഴിഞ്ഞ സമയത്ത് പയ്യൻ എന്റെയടുത്തെത്തി.
എന്തൊക്കെയോ പറയാൻ വെമ്പി നിൽക്കുന്ന മുഖഭാവം.പാവം അവൻ എന്നിൽ ഒരു ആശ്രയം കണ്ടതു പോലെ അല്ലെങ്കിൽ  ഞാനും അവനും തമ്മിലെന്ത്?
ഞാൻ പുഞ്ചിരിച്ചു
അവൻ പറഞ്ഞു തുടങ്ങി
കുറച്ചു നാൾ മുമ്പ് കെട്ടിടം പണിക്കിടയിൽ വീണ് വാരിയെല്ല് തകർന്ന് രണ്ടു മാസം അഡ്മിറ്റ്  ആയ സമയത്താണ് കാൻറീൻ ജോലിക്കാർക്കിടയിലെ ആ മിടുക്കിയെ
കണ്ണിലുടക്കിയത്.കാഴ്ചയിൽ കറുമ്പിയെങ്കിലും മുഖത്ത് എപ്പോഴും പാൽപുഞ്ചിരി വഴിയുന്ന പ്രസരിപ്പ്:  ഭക്ഷണപ്പൊതികളുടെ വണ്ടിയുമുന്തി കടന്നു പോകുന്ന അവളെ കണ്ണിമവെട്ടാതെ നോക്കിയിരുന്നിട്ടുണ്ട്.കാന്റീനിൽ നിന്നും, ഭക്ഷണപ്പൊതികളുമായാണ് വരുന്നതെങ്കിലും ഇടയിൽ കിട്ടുന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ  രോഗികളുടെ പ്ലാസ്റ്റർ വെട്ടാനൊക്കെ ആവശ്യമെങ്കിൽ കൂട്ടിരിപ്പുകാരെ അവൾ സഹായിച്ചിരുന്നു
 വേദനകൾക്കും മുറിവുകൾക്കും മുന്നിൽ പകച്ചു പോകാത്ത ആ പ്രസരിപ്പ് അവളുടെ നരുന്ത് ശരീരത്തിനുള്ളിൽ ഒളിച്ചിരിക്കുന്നു എന്നത് എനിക്കത്ഭുതമായി തോന്നി.
  ആ  മനോബലം   ---പ്രസരിപ്പ്---- ധൈര്യം ---
       എന്നെ ---വല്ലാതെ കീഴടക്കിക്കളഞ്ഞു സിസ്റ്ററേ.. :ഞാനവളെ എന്റെ ഹൃദയത്തോട് ചേർത്തുവച്ചു. ---എന്നു പറഞ്ഞ് ഒന്ന് നിറുത്തിയതിനു ശേഷം പയ്യൻ വീണ്ടും തുടർന്നുപക്ഷെ ...ആ.. അവളിപ്പോൾ
ഇങ്ങനെ ചെറിയ കാര്യങ്ങൾക്ക് -----!
ചെറിയ കാര്യത്തിനോ...?
അല്ലെങ്കി എന്തിനാ ചെയ്തേന്ന്  ‎പറയണ്ടേ..?
എത്ര ചോദിച്ചാലും അവക്കാകെ ഒന്നേ പറയാനുള്ളൂ.
ഏട്ടനെ എനിക്ക് വല്യ ഇഷ്ടാ -----
 എനിയ്ക്കൊന്നും മനസിലാകുന്നുണ്ടായിരുന്നില്ല.
 ഐ സി - യു വിൽ നിന്ന് വാർഡിലേയ്ക്ക് മാറ്റിക്കഴിഞ്ഞപ്പോൾ മുതൽ മീനു വീണ്ടും കിലുക്കാംപെട്ടിയായി,
ഡ്യൂട്ടി റൂമിന്റെ അടച്ചിട്ട വാതിൽ തുറന്ന് നിലാവു പോലെ ചിരിച്ച് അവൾ എന്റെയടുത്തെത്തി
നീയെന്നെ വല്ലാതെ പറ്റിച്ചു കളഞ്ഞല്ലോ കുട്ടീ.. ‎ ഞാനോർത്തു - നീ വെറും സ്കൂൾ കുട്ടിയാണെന്ന്!  മീനു   വീണ്ടും ചിരിച്ചു
 * * * * * * * * *
പരിചയപ്പെടലിനിടയിൽ നഴ്സ് എന്നതിനോടൊപ്പം വിദൂര വിദ്യാഭ്യാസത്തിലൂടെഅല്പം   മനശ്ശാസ്ത്രവും  പഠിച്ചിട്ടുണ്ട് എന്നറിഞ്ഞതിനാലാവണം പയ്യൻ വീണ്ടും എന്റെയടുത്തെത്തി.
 അവൻ  ഒരു അത്താണി തേടുന്നതു പോലെ
 സിസ്റ്ററെ ഞാൻ പറഞ്ഞില്ലാരുന്നോ
  ഇത് രണ്ടാം വട്ടമാ..
  മുന്നേം ഒന്ന് ചെയ്തിട്ടുണ്ട്
 അന്ന് രണ്ടാഴ്ചയാണ് കിടന്നത്
 രൂപ നാല്പതിനായിരം ചിലവായി
  ഇപ്പഴും ആയി മുപ്പത്തയ്യായിരം.
 കൂലിപ്പണി ചെയ്താ സിസ്റ്ററെ ഞാനീ പണമൊക്കെ ഉണ്ടാക്കുന്നത്
 എന്തു പറയണമെന്നറിയാതെ ഞാൻ കുഴങ്ങി
  മീനുവിനോട് കൂടുതൽ സംസാരിക്കുവാൻ ഞാൻ അവസരം പാർത്തു.
  അവളെത്തേടി വാർഡിലെത്തി പക്ഷെ.അവളവിടെയില്ലായിരുന്നു.
  അമ്മ  അവളെ തിരഞ്ഞു നടക്കുന്നുണ്ട്
ഒടുവിൽ മറ്റൊരു വാർഡിൽ രോഗികളുടെ ഇടയിൽ നിന്ന് ഞങ്ങളവളെ പെറുക്കിയെടുത്തു.
മുടി നിറയെ ചൂടിയ മുല്ലമാല തൊട്ടു കാട്ടി പകുതി എന്നോടും ബാക്കി സ്വന്തം മകളോടുമായി അമ്മ പറഞ്ഞു. -കാലത്ത് ആഹാരമൊക്കെക്കൊണ്ട് അമ്മായിയമ്മ വന്നപ്പോൾ മുടിയില് കെട്ടിക്കൊടുത്തതാ. അത്രേം സ്നേഹമൊള്ളോരാ അവര്
 നല്ല മനസൊള്ളോര്
അതൊക്കെ നീയ്   മനസ്സിലാക്കണം.  ‎അല്ലാതെ കാര്യല്ലാത്ത കാര്യത്തിന് കടുംകൈ ചെയ്യല്ല വേണ്ടത്  ‎ ആദ്യത്തെ സംഭവൊന്നും അല്ലല്ലോ ഇത്
 അന്നും ഞാൻ നിന്നോട് പറഞ്ഞതല്ലേ? ----
* * * * * * **
കാര്യല്ലാത്ത .കാര്യം !   ?
അമ്മയും അതുതന്നെ പറയുന്നു.ഞാനവളെ ഒറ്റയ്ക്ക് വിളിച്ച് മടിയിൽ ചേർത്തിരുത്തി നനവാർന്ന് ചോദിച്ചു.
കുട്ടീ എന്തേ ഇതൊക്കെ?   എന്തിനാണ്  സ്നേഹിക്കുന്നവരെ ഇങ്ങനെ വിഷമിപ്പിക്കുന്നത്?
ഏട്ടന് പനി തുടങ്ങീട്ട് എത്ര ദിവസായതാ?
ആസ്പത്രീ പോയോ? ഏട്ടന് എന്തേലും പറ്റിയാൽ എനിക്കാരാ?
അതോർത്തപ്പഴാ ഞാനിങ്ങനെ---
ഞാൻ അമ്പരന്നു പോയി
ആക്സിഡന്റിൽ ദേഹമാസകലം നുറുങ്ങിക്കിടക്കുന്നവരെ പോലും പുഞ്ചിരിച്ച് പരിചരിച്ച ഒരാളുടെ മറ്റൊരു മുഖം
 "എനിക്ക് സന്തോഷേട്ടനെ വല്യ ഇഷ്ടമാ
 ഏട്ടനും ഏട്ടന്റമ്മയ്ക്കും എന്നെയും "
മിന്നുവിന് മറ്റൊന്നും പറയാനില്ല.
 ‎ ആ മാനസികാവസ്ഥ എനിക്ക് പിടി കിട്ടിയില്ല
പയ്യനെ വിളിച്ച് വിദഗ്ദ്ധമായ ഒരു കൗൺസിലിംഗിന്റെ ആവശ്യകത നിരത്തി ഞാൻ പിന്മാറി...  ‎ മനുഷ്യ മനസിലെ അജ്ഞാതമായ സമസ്യകൾ -
വൈചിത്രൃങ്ങൾ കൊണ്ടും സങ്കീർണതകൾകൊണ്ടും നൂലിഴ പാകിയ മനസ് - ഇതുപോലെ എത്രയെത്ര?
      ‎ മിന്നു എനിക്ക് പിടി തരാതെ എത്രയോ ദിവസങ്ങൾ തൊട്ടുണർത്തി.
      ‎ ഒരു പക്ഷെ, ഞാനറിയാത്ത അഥവാ എന്നോട് പറയാത്ത എന്തൊ ഒന്ന് അവളുടെ ജീവിതത്തിൽ ഇനിയും ബാക്കിയുണ്ടാവാം.
   ആരോടും പറയാതെ ഒളിപ്പിച്ചുവച്ച കണ്ണീർ പൂക്കളായിരുന്നോ
ആ ചിരിച്ചെപ്പിനുള്ളിൽ ആർക്കറിയാം?
ഞാൻ വീണ്ടും ജോലിത്തിരക്കുകളിലേയ്ക്കൂളിയിട്ടു.
* * * * * * * *
ഏകദേശം രണ്ടു മാസം കഴിഞ്ഞു കാണും.
പതിമൂന്നു കോൽ താഴ്ചയുള്ള കിണറ്റിൽ വീണ ഒന്നര വയസുകാരിയെ
രക്ഷിച്ച അയൽവാസിയായ  യുവതിയ്ക്ക് നാടിന്റെ ആദരം
ഉപഹാരങ്ങളേറ്റുവാങ്ങി  നില്ക്കുന്ന
മിന്നുക്കുട്ടിയുടെ ചിരിക്കുന്ന മുഖമുള്ള പത്രം കയ്യിൽ പിടിച്ച് ഞാൻ വീണ്ടും ആഹ്ലാദ ചിത്തയായി
ആഴ്ചകളോളം ആ പത്രം എന്റെ  മേശപ്പുറത്ത് പുഞ്ചിരി വിതറി കിടന്നു.ചേച്ചിയുടെ മകന്റെ വിവാഹത്തിനായി
നാട്ടിലേയ്ക്ക് പോകാനായി രണ്ടു ദിവസത്തെ ലീവ് എടുത്ത് ബാഗടുക്കി വയ്ക്കുമ്പോഴേയ്ക്കും മരിയസിസ്റ്ററുടെ ഫോൺ വന്നു. ഒരു എമർജൻസി കേസുണ്ട്
സ്റ്റാഫ് മിക്കവാറും ലീവായതിനാൽ
പെട്ടന്ന് തന്നെ വരണം
ഇത്തവണയും മീനു തന്നെ
 നിരാശയിലാണ്ടുപോയ കൂമ്പിയ കണ്ണുകളോടെ '
 പയ്യൻ വീണ്ടും എന്റടുത്തെത്തി.
 അവൻ  കരഞ്ഞു പോകുമെന്ന് എനിക്ക് തോന്നി.എന്തു പറഞ്ഞാശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു.എന്തൊ ഒന്ന് പങ്കു വയ്ക്കാൻ അവൻ വെമ്പുന്നതു പോലെ ഡ്യൂട്ടി റൂമിൽ തിരക്കൊഴിഞ്ഞ സമയമായിരുന്നു
ഒന്നും ചോദിക്കാതെ തന്നെ അവൻ പെയ്തൊഴിഞ്ഞു.കൗൺസിലിംഗിനൊന്നും പോകാൻ കഴിഞ്ഞില്ല...സിസ്റ്ററേ ----
      പക്ഷെ --- --
      എന്താന്നറിയില്ല.
      എന്തൊ ---- കുഴപ്പമുണ്ട്.
      അവന്റെ ശബ്ദം നേർത്തു വന്നു.
      പിന്നെ -- .-അവൾക്ക്  ഞാൻ
      തൊടുന്നതു തന്നെ പേടിയാ
      സിസ്റ്ററേ....അതു പറഞ്ഞ് തല കുനിച്ച് കൃഷ്ണമണികൾ കീഴ്പോട്ടാക്കി
അവൻ തുടർന്നു
കല്യാണം കഴിഞ്ഞ് വന്നപ്പാക്കെ ചെലപ്പൊക്കെ രാത്രീല് മുറിയുടെ വാതിലടച്ച് കുറ്റിയിടാൻ ഓക്ക് പേടിയുണ്ടാരുന്നു.-- --  ഒരു കുട്ടി ഉണ്ടായതു തന്നെ --
 അവൻ അർധോക്തിയിൽ നിർത്തി
 എന്റെ മനസിൽ സന്ദേഹങ്ങൾ ഊറിക്കൂടിയിരുന്നു.'.
റൂമിലെത്തി രണ്ടു നാൾക്ക് ശേഷം
   മടിയിൽ തല ചായ്ചു കിടന്ന് നീനു എന്നോട് ബാക്കി പറഞ്ഞു.പതിനൊന്നാം വയസിൽ  ഇരുണ്ടു മൂടിയ ഒരു ഞായറാഴ്ച ഉച്ച കഴിഞ്ഞ് 
 മുത്തശ്ശിയ്ക്ക് കണ്ണിലൊഴിക്കുവാനുള്ള മരുന്നു വിവരം പറഞ്ഞ് വാങ്ങുവാനായി  ഗവ..ആസ്പത്രിയിലേയ്ക്ക്  നടന്നു പോയ  ദിവസം...
 പിന്നാലെ കൂടി ബലമായി പിടിച്ചു വലിച്ച് ഇടവഴിയോരത്തെ കൈപ്പൻകാട്ടിലേയ്ക്ക്  വലിച്ചിട്ട്  ഒറ്റയുടുപ്പ് പൊന്തിച്ച് മേനി പരതിയ കഞ്ചാവടിയന്റെ വൃത്തികെട്ട വിരലുകൾ
 അട്ടകളെ പോലെ അടിവയറ്റിലൂടെയും, നെഞ്ചത്തൂടെയും ഇഴഞ്ഞത്. വർഷങ്ങളോളം ഉറക്കത്തിൽ പോലും അവളെ ഞെട്ടിയുണർത്തിയിരുന്നത്രേ.
പതിവില്ലാതെ വന്ന  കാളവണ്ടിക്കാരൻ വക്കൻ ചെറുക്കന്റെ ചൂളം വിളിയാണ് അന്ന് അവളെ രക്ഷിച്ചത്. ആ കാളവണ്ടിയുടെ പിൻമറപറ്റിയാണ് അന്നവൾ ദൂരെ കുന്നിൻ മുകളിലുള്ള സ്വന്തം വീട്ടിലേയ്ക്ക് പൈശാചിക ശക്തിയോടെ ഓടിക്കയറിയത്.
എന്ന താടി കൊച്ചേ!
എന്നതാ ? എന്നൊക്കെ ചോദിച്ച വല്യമ്മയോടും അമ്മയോടും പോലും,
സംസാരിക്കാനാവാതെ
പേടിച്ചരണ്ട്, കിതച്ച്
അടുക്കളയുടെ ചാണകം, മെഴുകിയ തണുത്ത നിലത്ത് പടർന്ന് കിടന്നത്.
 ചെക്കനോട് ഒന്നന്വേഷിച്ചു എന്നതായിരുന്നു
പരമാവധി നടപടി.ഉയരം കുറഞ്ഞ
ചെമപ്പൻ ഷർട്ടിട്ട്, ഒരു മനുഷ്യൻ
സാമാന്യം വേഗതയിൽ നടന്നു പോകുന്നതു 
 കണ്ടു എന്നതിൽ കവിഞ്ഞ് ആർക്കും ഒന്നും അറിയില്ല.വിവരങ്ങൾ കാട്ടുതീ പോലെ പടർന്നു.പിറ്റേന്നു മുതൽ വക്കൻ  ചെറുക്കൻ അവളെ കാണുമ്പോൾ
 ഒരു തരം വല്ലാത്ത ചിരി ചിരിക്കുവാൻ തുടങ്ങിയിരുന്നു.
 അയ്യേ എന്തൊക്കെയായിരുന്നു.
 ഞാനൊക്കെയറിഞ്ഞേ എന്ന മട്ടിൽ...അതവളെ ഏറെ ജാള്യതയിലേയ്ക്ക് തള്ളിവിട്ടു.പുഴു പോലെ  ദേഹത്തരിച്ചു നടന്ന  വിരലുകൾ അവൾക്കു മുമ്പിൽ അനേകം പാമ്പുകളായി പിന്നെയും, പിന്നെയും പത്തി വിടർത്തി,
 പിച്ചാത്തി മുനകളായി കുത്തി മുറിച്ചു കൊണ്ടേയിരുന്നു.
 വട്ടം പിടിച്ചിരുന്ന എന്റെ കൈപ്പത്തി വിടുവിക്കുവാനുള്ള ദുർബ്ബല ശ്രമത്തിലായി മിന്നു.
എന്റെ വിരലുകളിപ്പോൾ അവളുടെ അടിവയറ്റിലൂടെ വർഷങ്ങൾ പിന്നിലോടുകയാവാം.വിയർപ്പുകണങ്ങൾ പൊടിഞ്ഞൊഴുകുന്ന നെറ്റി
ചുണ്ടുകൾ നേർത്ത് വിറച്ചു കൊണ്ടേയിരുന്നു
എന്റെ സെലിയേച്ചി  ---- .സെലിയേച്ചി ----
കുഴഞ്ഞ ചുണ്ടുകളിൽ നേർത്തു പതിഞ്ഞ ശബ്ദം.
കണ്ണുകൾ പകുതിയടഞ്ഞ്, മേലോട്ടുയർന്ന്
ബോധത്തിനും, അബോധത്തിനുമിടയിലുള്ള
ആ നൂൽപാലത്തിലും
കഴുത്തിലെ മാലയിൽ കൊരുത്തിട്ട ലോക്കറ്റിൽ അവളുടെ വിരലുകൾ പിടിമുറുക്കുന്നുണ്ടായിരുന്നു.
ഞാനാ വിരലുകൾ മെല്ലെ വിടർത്തി നോക്കി.
ബ്ലാക്ക് ആൻറ് വൈറ്റ് നിറങ്ങളിൽ ഒരു കൗമാരക്കാരിയുടെ മുഖം പ്രസന്നതയാർന്നിരിക്കുന്നു
തെങ്ങുംകുഴീല് കഴുത്തു പിരിഞ്ഞ് കിടക്കാരുന്നു   സെലീനാമ്മ
 ഞങ്ങടെ സെലിമോള് ..
 തൊട്ടടുത്ത വീടാരുന്നു  സിസ്റ്ററേ
 അമ്മ. പറഞ്ഞു.
 സെലീനാമ്മ --സെലീനാമ്മ ---
  ഓർമയിലെവിടെയോ ഒരു കൊളുത്തി വലിയ്ക്കൽ
  പക്ഷെ ഒന്നും തെളിഞ്ഞു വന്നില്ല
 ഞങ്ങളന്ന് കട്ടപ്പനേലാരുന്നു
  ഇരട്ടയാറ്റില് മെഡക്സ് കാണാൻ പോയിട്ട്  നടന്നു വരുവാരുന്നു സെലിമോള്
പറഞ്ഞു തീർക്കാനാകാതെ അമ്മ മുഖം പൊത്തി.ഓർമകൾ ഞരമ്പു പിളർത്തി പിന്നോട്ടോടി.പിരിയൻ ശംഖുപോലെ  പിരിഞ്ഞൊടിഞ്ഞ കഴുത്തുമായെത്തിയ പതിനാറുകാരി സെലീനാമ്മ
ലാബിലെ അസ്ഥിക്കൂടത്തേക്കാൾ ഉണങ്ങിച്ചുരുണ്ട് കട്ടിലിനോടൊട്ടി പ്രജ്ഞയറ്റു കണ്ണു തുറക്കാതെ കിടന്ന രണ്ടു വർഷക്കാലം
ആ ബഡ്ഷീറ്റിനടിയിൽ
ഒരു മനുഷ്യ ശരീരം കിടക്കുന്നുണ്ട് എന്ന് തിരിച്ചറിയുക തന്നെ ദുഷ്കരമായിരുന്നു
അത്ര തന്നെ ഒട്ടിത്തീരാത്ത തലയോട്ടിയും
ഓക്സിജൻ മാസ്കും കുറച്ചു ട്യൂബുകളും മാത്രമായിരുന്നു ജീവന്റെ തുടിപ്പായി അവിടെയവശേഷിച്ചിരുന്നത്
ഇടയ്ക്ക് സന്ദർശകയായെത്തി ഉറക്കത്തിനിടയിൽ ഞെട്ടിയുണർന്ന്  കരഞ്ഞിരുന്ന ഒറ്റയുടുപ്പുകാരി പെൺകുട്ടി വർഷങ്ങൾക്കു ശേഷം ഇപ്പോൾ വീണ്ടും എന്റെ മുമ്പിൽ നേർത്ത ഒച്ചയിൽ പെയ്തിറങ്ങുകയാണ്
 വഴി വക്കിലെ കൊങ്ങിണിച്ചെടികൾ പോലും ഭയപ്പെടുത്തുന്ന നാഗങ്ങളായി പരിണമിച്ചത്.
 ഇടവഴികളിൽ പതുങ്ങിയിരിക്കുന്ന പിശാചുക്കളെ കണ്ണു തുറന്നിരിക്കുമ്പോൾ പോലും കാണാൻ തുടങ്ങിയത്
 വാതിൽ മറവുകളെ പോലും ഭയന്നു വിറച്ച്
 കിതപ്പോടെ ഓടിയൊളിക്കാൻ തുടങ്ങിയത്
 വളരുകയെന്നാൽ വലിയൊരു കാരാഗൃഹത്തിലേയ്ക്കുള്ള വാതിൽ തുറക്കുകയാണെന്ന് തിരിച്ചറിഞ്ഞത്
 ഒറ്റയ്ക്ക് കിലോമീറ്ററുകൾ നടന്ന് സ്കൂളിൽ പോയിരുന്ന കുട്ടിക്കാലം ഭയപ്പെടുത്തുന്ന മറ്റൊരു പേടിക്കാലത്തിലേയ്ക്ക്   ആട്ടിയകറ്റപ്പെട്ടത്
 എല്ലാം എന്റെ മുമ്പിൽ ഉതിർന്നു വീണു
''കണ്ണടച്ചാൽ സെലിയേച്ചിയുടെ ദേഹവും
 ഇടുപ്പിലൂടെയും നെഞ്ചിലൂടെയുമിഴയുന്ന
കഞ്ചാവടിയന്റെ അഴുകിയ വിരലുകളും മാത്രം..എനിക്കെല്ലാരെയും പേടിയാ സിസ്റ്ററേ
 ഇരുട്ടിന്റെ മറവിൽ സന്തോഷേട്ടനെ പോലും "
മിന്നു പറഞ്ഞു നിർത്തി ..മരിച്ചവരേക്കാളധികമുണ്ട്
വലക്കുരുക്കുകളിൽ മരിച്ചു ജീവിക്കുന്നവർ ഞാൻ എന്നോടു തന്നെ പറഞ്ഞു.....
**************
മുഴുവൻ
ശ്രീലാ അനിൽ
അർധ സിംഹാസനം...
പോര...
ഞാൻ എന്റെ ഹൃദയം മുഴുവാനാണ് ....
നീട്ടുന്നത്...
പാതിമെയ്തന്നെയാവണം...
പോര....
ഞാൻ..  പ്രണയ പൂർണയായാണ്...
നിൽക്കുന്നത്....
മറ്റൊന്നുമല്ല...
ഞാൻ എന്നെയാണ്.... നൽകുന്നത്....
അൽപം പോലും....
കുറയുക വയ്യ....
നിന്നെ വേണം....
നിന്റെ ഹൃദയം... വേണം...
പ്രണയവും...
പ്രിയവും
വേണം....
മുഴുവനായും...
ഞാനും നീയുമല്ല....
നാമാണ്.....
നമ്മുടെ പ്രണയ പൂർണത .....
അതു മാത്രമേ....
**************
ചില നേരങ്ങളിൽ...
ദിവ്യ.സി.ആർ
  എങ്ങനെയാണ് ഞാൻ എൻെറ വേദനകൾ നിങ്ങളോട് പങ്കുവയ്ക്കേണ്ടത് ?
പലരും ചോദിക്കുന്നതു പോലെ അത്രയേറെ വേദനകൾ എനിക്കെന്താണ് ?
അറിയില്ല..
സ്വസ്ഥമായ കുടുംബം.. ജീവിതം !
ആരോഗ്യപരമായ ശരീരം.
ഇതിൽപരം സമാധാനം മറ്റെന്ത് വേണം..?
 പക്ഷെ മനസ്സ്...
 ചുറ്റുമുള്ളവരുടെ വേദനകൾ.. രോഗങ്ങൾ.. സങ്കടങ്ങൾ.. എല്ലാം കണ്ടും കേട്ടും നിസ്സഹായായിരിക്കുന്ന അവസ്ഥയാണ് ഏറ്റവും വേദനാജനകമെന്ന്  ഞാൻ മനസ്സിലാക്കുന്നു.
ദയനീയമായ നോട്ടങ്ങൾ പലപ്പോഴുമെന്നെ വേട്ടയാടാറുണ്ട്. രോദനങ്ങൾക്ക് മുഖം കൊടുക്കാതെ നടന്നകലുമ്പോഴും കാതുകളിൽ മുഴങ്ങാറുണ്ട് ആ വേദന !
 ഇല്ല ! നിങ്ങളൊന്നും എൻെറ ആരുമല്ല' എന്നു പറഞ്ഞ് ദൂരേക്ക് പോകുമ്പോഴും ഒരിറ്റ് സ്നേഹവും ആശ്വാസവും കൊതിക്കുന്ന ആ മുഖങ്ങൾ, എൻെറ ഹൃദയത്തെ തകർക്കുന്നു. അഗാധമായ ദു:ഖത്തിലേക്കു ഞാൻ വഴുതി വീഴുന്നു...
അതെ. നിൻെറ വേദനകൾ എന്നെയും വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു...
**************
അമ്മ
അസ്ലം തിരൂർ
അമ്മ പോയെന്നറിഞ്ഞു...
 കണ്ണു കലങ്ങിപ്പോയി
കരൾ നുറുങ്ങിപ്പോയി...
കണ്ണേന്നും വിളിച്ച് കണ്ണീരാറ്റിയവൾ.. കരളേന്നു വിളിച്ച് കരളിൻ നീറ്റലൊടുക്കിയവൾ..
അവൾ....
നമ്മുടെ കണ്ണും കരളുമായിരുന്നെന്ന് തിരിച്ചറിയുമ്പോഴേക്കും
നമ്മെ തനിച്ചാക്കി, പടികളിറങ്ങി,
വിളറിയ വെയിലിലെ ചിതറിയ നിഴലായി മാറിക്കഴിഞ്ഞിരിക്കുന്നു അവൾ.
**************
കെണി
ഷീബ ദിൽഷാദ്
ആപ്പീസിലെ അനേകം ചുറ്റുകളുള്ള
ഗോവണി കയറി വരുന്നൊരാൾ
വഴിയറിയാതെ കുഴങ്ങുന്നു
വരാന്തയിൽ, കെണിഞ്ഞ വഴിയിൽ
നിറയെ ഈച്ചകൾ
അയാളോടൊപ്പം കുറേ ഈച്ചകൾ
മുറിയ്ക്കകത്തേയ്ക്ക് കയറുന്നു
അയാളാകെ അമ്പരന്ന് നോക്കുന്നു
വേർപ്പിന്റെ ഗന്ധം,
അനേകം വ്രണങ്ങളുടെ നോവ്,
എല്ലാം അവിടമാകെ നിറഞ്ഞു.
തലപ്പാവഴിച്ച്, വേർപ്പൊപ്പി
വിനീതനായി അയാൾ
അയാളുടെ വിരലൊപ്പ്
പതിഞ്ഞ കടപ്പത്രം
വരാന്തയിൽ നിന്ന്
വരാന്തയിലേക്ക്
ഒരൊച്ചിനെപ്പോലെ
ജല സ്പർശം
തിരഞ്ഞു നീങ്ങുന്നു
ഒരു കിണർ,
പാതി കുഴിച്ച നിലയിൽ
താഴോട്ടുള്ള വെട്ടു കാത്ത്
കിടക്കുന്നു
ഒരു കപ്പലണ്ടിപ്പാടം
അയാളുടെ കടങ്ങളുടെ
വലിയ തലപ്പാവിൽ
കൊള്ളാതെ
കൂമ്പുവാടിക്കിടക്കുന്നു..
പോകും നേരം
അയാളെന്നെ ഒന്നു നോക്കി
മുറുകിയ കയറിൽ നിന്ന്
കഴുത്ത് നീളും പോലെ
അയാളുടെ ചൂണ്ടുവിരൽ
എന്നെക്കാണിച്ചു
വോട്ടിംഗ് മഷി പുരണ്ട
നഖത്തിൽ ഈച്ചകൾ
പൊതിഞ്ഞ ഒരു വ്രണം !
**************