25-03-19

:books::books:

കുഞ്ഞേ നീ കരയാതെ
ഗൂഗി വാ തിയോംഗോ
WEEP NOT,CHILD
NGUGI WA THIOBG'O
 ഗ്രീൻ ബുക്സ്
പേജ് 160
വില 190

    കെനിയൻ എഴുത്തുകാരനും പ്രൊഫസറും പ്രഭാഷകനുമായ ഗൂഗി വാ തിയാംഗോ സാഹിത്യനോബൽ പ്രൈസ് ചുരുക്കപ്പട്ടികയിൽ വന്നിട്ടുള്ള ആളാണ്. സാഹിത്യത്തിലുള്ള ലോട്ടസ് പ്രൈസ് ,നോനിനോ ഇൻറർനാഷണൽ പ്രൈസ്, ക്രിട്ടിക്സ് സർക്കിൾ അവാർഡ് ,തത്വചിന്തയിൽ സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് ,എന്നിവ നേടിയിട്ടുണ്ട് .ആദ്യകാലത്ത് ഇംഗ്ലീഷിൽ എഴുതിക്കൊണ്ടിരുന്ന ഇദ്ദേഹം കെനിയയിലെ ഗികുയു എന്ന സ്വന്തം മാതൃഭാഷയിൽ മാത്രം രചന നടത്താൻ തീരുമാനിച്ചത് അദ്ദേഹത്തിൻറെ ശക്തമായ രാഷ്ട്രീയ നിലപാടുകൊണ്ടാണ്.

     ബുദ്ധിജീവി നാട്യങ്ങളേതുമില്ലാത്ത, തികച്ചും ജനകീയമായ ഒരു നോവലാണ് 'കുഞ്ഞേ നീ കരയാതെ'.  പക്ഷേ,നോവൽ വായിക്കുന്ന സുമനസ്സുകൾ കരഞ്ഞു പോയേക്കും. കെനിയയിലെ -വിശേഷിച്ചും ഗിഗുയൂ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളിലെ- ഇംഗ്ലീഷുകാരുടെ കുടിയേറ്റവും നാട്ടുകാരുടെ മേൽഅവർ നടപ്പിലാക്കിയ കാട്ടു നിയമവുമാണ് ഈ നോവലിൻറെ പശ്ചാത്തലം. അക്രാമകത്വത്തിന്റെവൻ ശക്തിയോട് പൊരുതാൻ ഏറ്റ ജനതയുടെ ചര്യയും വിധിയുമാണ് നോവൽ വരച്ചിടുന്നത് .ജൊറോഗെ ആണ് കഥാനായകൻ. കെനിയയിലെ കർഷകനായ ന്യോക്കാബിയുടെ മകൻ.നുജേരി,നുഗോത്തോ എന്നിവർ അമ്മമാർ. കെനിയൻ (കറുത്തവൻ)ധനികനായ ജെക്കോബിന്റെ കൃഷി സ്ഥലത്താണ് താമസം. ജെക്കോബിന്റെയും ജൂലിയാനയുടെയും മകൾ മ്വിഹാകി ജെറോഗെയുടെ സഹപാഠിയും സുഹൃത്തും കാമുകിയുമാണു്. കെനിയൻ ഗ്രാമീണ കുടുംബാന്തരീക്ഷവും സാംസ്കാരിക ജീവിതവും ഈ നോവലിൽ തെളിഞ്ഞുകാണാം. ലോകമഹായുദ്ധത്തിലെ പോരാളികളായി ഇംഗ്ലീഷുകാർ ബലമായി കൊണ്ടുപോയ കെനിയൻ മനുഷ്യർ എങ്ങനെ ഇംഗ്ലീഷുകാരുടെ അടിമകളായി എന്ന് ഈ നോവൽ വരച്ചുകാട്ടുന്നുണ്ട്. കെനിയൻ കുട്ടികൾക്ക് കിട്ടാവുന്ന അത്യപൂർവ്വ ഭാഗ്യമാണ് വിദ്യാഭ്യാസം. ജെറോഗേക്കാ ആ ഭാഗ്യം ലഭിച്ചു .പിതാവിന്റെയും ജ്യേഷ്ഠൻ മാരുടെയും സൗമനസ്യം കൊണ്ടാണ് അവനത് സാധിച്ചത്. നാടിൻറെ അഭിമാനമായി അവൻ ഹൈസ്കൂളിൽ എത്തി .ഈ സമയം കെനിയയിൽ സാധാരണക്കാരുടെ തൊഴിൽ സമരം ആരംഭിച്ചിരുന്നു. ഇന്ത്യക്കാർക്കും മറ്റും കിട്ടുന്നതുപോലെ ജീവിക്കാനാവശ്യമായ കൂലിക്ക് വേണ്ടിയുള്ള സമരം അക്രമാസക്തമായി. കൊടിയ പീഡനങ്ങളും കൊലപാതകങ്ങളും അരങ്ങേറി .മൗ മൗ എന്ന കെനിയൻ വിപ്ലവപ്രസ്ഥാനം ചോരയുടെ വഴി തെരഞ്ഞെടുത്തു. അതോടെ ഗ്രാമത്തിൽനിന്ന് ആളുകൾ അപ്രത്യക്ഷമാകാനും കാട്ടിൽനിന്ന് പലരുടെയും ശവശരീരങ്ങൾ ലഭിക്കാനും തുടങ്ങി .കറുത്തവനെ കിട്ടിയ വാഗ്ദത്ത ഭൂമിയായ തങ്ങളുടെ നാട് തങ്ങൾക്ക് തന്നെ തിരിച്ചുകിട്ടുമെന്ന് ഉറച്ച് വിശ്വസിച്ച കെനിയൻ ജനത അല്പാല്പമായി കീഴടങ്ങുന്നതിന്റെകഥ നായകൻറെ ആത്മഹത്യയിൽ അവസാനിപ്പിക്കാതിരുന്നത് ഗൂഗി വാ തിയോംഗോ യുടെ അസാമാന്യമായ പ്രതിഭയുടെ അടയാളമാണ്. ഗ്രാമീണ ജീവിതത്തിൻറെ ചിത്രത്തിന് decolonising the mind ലെ ആഴമോ പരപ്പോ നൽകാതെ, അതിനുപൂരകമായി വർത്തിക്കുകയാണ്.

     ഇന്ത്യക്കാരോടുള്ള ആഫ്രിക്കൻ സാധാരണക്കാരൻ വെറുപ്പ് നമ്മളെ ചൂളിച്ചേക്കാം. സാമ്രാജ്യത്വം എല്ലാ നാടിനോടും ഏതാണ്ട് ഒരേ രൂപത്തിലാണ് പ്രവർത്തിക്കുന്നതെന്നും, അവിടെ എത്തുന്ന എല്ലാവരും ആ നാടിനോട് അനുവർത്തിക്കുന്ന നീതികേടും, വിലക്കുറവ് നൽകി കച്ചവടം പിടിച്ചടക്കിയ ഇന്ത്യൻ വ്യാപാര തന്ത്രവും ,ഈ നോവൽ നമുക്ക് കാട്ടിത്തരുന്നു .ഈ നോവൽ വായിക്കാൻ ശ്രമിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ് തരട്ടെ, തുടങ്ങിയാൽ തീരാതെ പുസ്തകം താഴ്ത്തി വയ്ക്കാനായേക്കില്ല.

രതീഷ് കുമാർ