25-02-19b


തെറ്റുകൾ 
പുനത്തിൽകുഞ്ഞബ്ദുള്ള
പൂർണ്ണ പബ്ലിക്കേഷൻസ്
35 രൂപ
ഒരു സാധാരണ മുസ്ലിം കുടുംബത്തിന്റെ കഥയാണ് തെറ്റുകൾ .സാങ്കേതികമായി മുസ്ലിം കുടുംബം എന്നു പറയാമെന്നേയുള്ളൂ നിർധനരായ ഏത് കേരളീയ കുടുംബത്തിലെയും കഥ, കഥാപാത്രങ്ങൾ മുസ്ലീങ്ങൾ ആയതുകൊണ്ട് പശ്ചാത്തലവും അതിനനുസരിച്ച് ആണെന്ന് മാത്രം .ബീവി കണ്ടുനിൽക്കുന്ന ഒരു കശാപ്പിന്റെ വിശദീകരണത്തോടെയാണ് നോവൽ ആരംഭിക്കുന്നത് .അവളുടെ വിവാഹത്തിന് വേണ്ടിയാണ് ഈ ജീവൻ പൊലിയുന്നതെന്നോർത്ത് വിഷമത്തിലും അവൾ ആശ്വസിക്കുന്നു .പക്ഷേ വിവാഹം സ്ത്രീധന കണക്കിൽ ഉടക്കി നിന്നു പോയേനെ ഒരു മട്ടോക്കെ ആ ചടങ്ങ് കഴിഞ്ഞു. പുതിയാപ്പിള മമ്മദ് കുഞ്ഞി ആവീട്ടിൽ താമസമാക്കി. തൻറെ സമ്പാദ്യം മുഴുവനും ചെലവാക്കി ആ വീട് താമസ യോഗ്യമാക്കി. വീട്ടുകാരുടെ പട്ടിണി മാറ്റി. പണം തീർന്നതോടെ വീട്ടുകാരുടെ മട്ടും മാതിരിയും ഭേദപ്പെട്ടു. അയാൾ ഒന്നിനും കൊള്ളാത്തവനായി. ബീവിയുടെ അനുജത്തിയെ ഉപദ്രവിച്ചതിന്റെ പേരിൽ വീട്ടിൽനിന്ന് മാമ അടിച്ചിറക്കിയ ചെക്കൻ പുറത്തുപോയി പണമുണ്ടാക്കി വലിയ മുതലാളിയായി തിരിച്ചെത്തി നാട്ടിൽ കച്ചവടം ആരംഭിച്ചു. മാമയുടെ മരണം കഴിഞ്ഞപ്പോൾ മെല്ലെ വീട്ടിലെത്തിയ അയാൾ അവരെ വളരെയധികം സഹായിക്കുകയും അനുജത്തിയെ വിവാഹം കഴിക്കുകയും ചെയ്തതോടെ ,മമ്മദ് കുഞ്ഞി ആ വീടിന് അന്യനായി .കുഞ്ഞളിയൻ അബ്ദുവിനെ ദൈവമായി കണ്ട ആ വീട് മമ്മദ് കുഞ്ഞി ഉപേക്ഷിക്കുന്നതിന് മുമ്പ് അയാൾ സ്വന്തം ഭാര്യയാൽ ഉപേക്ഷിക്കപ്പെടിരുന്നു. സമ്പത്ത് കണ്ടാൽ സ്ത്രീകളിൽ ഉണ്ടാവുമെന്ന് പണ്ടേ പറയപ്പെട്ട ,തികച്ചും മനുഷ്യവിരുദ്ധമങ്കിലും ഒറ്റപ്പെട്ടനിലയിൽ എങ്കിലും സംഭവിക്കുന്ന ,പൈങ്കിളി വികാരമാണ് ഈ നോവൽ പങ്കുവയ്ക്കുന്നത്. കുഞ്ഞബ്ദുള്ളയുടെ എഴുത്തിലെ പരായണ ക്ഷമതയും സൗന്ദര്യവും മാത്രമാണ് നോവലിനെ ആകർഷകമാക്കുന്നത്
രതീഷ് കുമാർ