കഥാവലോകനം
📚📚📚📚📚
വാസ്കോ പോപ്പയെ വായിക്കുമ്പോൾ....
📗📗📗📗📗
വിനോദ് കൃഷ്ണയുടെ വാസ്കോ പോപ്പ .. ( മാധ്യമം ആഴ്ചപ്പതിപ്പ്.ലക്കം.1086) സമകാലിക ഇന്ത്യയുടെ നേർക്ക് നീട്ടിപ്പിടിച്ച കണ്ണാടി.. ജയപ്രകാശിന്റെ ആത്മസഞ്ചാരങ്ങളിലൂടെ ചുരുൾ നിവരുന്ന നേർക്കാഴ്ചകൾ..
മരിക്കുന്നതിന് ഒരാഴ്ച മുമ്പാണ് അച്ഛന്റെ ബോധം പോയത്.മരണക്കിടക്കയിലെ അച്ഛന്റെ പിറുപിറുപ്പ് അയാളുടെ കരളിൽ നിറഞ്ഞു .. വാർധക്യസഹജമായ മരണമെന്ന് എല്ലാവരും കരുതിയെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ പരുക്കൻ ഓർമകളാണ് അച്ഛന്റെ രക്തസമ്മർദ്ദം കൂട്ടിയത്.. മൃതദേഹം പൊതുദർശനത്തിനു വെച്ചപ്പോൾ അച്ഛനെ പിടികൂടിയ അതേ പേടി മകനെയും പിടികൂടുന്നു .. പിന്നെ, അടിയന്തരാവസ്ഥക്കാലത്തെ വെല്ലുന്ന സമകാലിക യാഥാർത്ഥ്യങ്ങളുടെ വേട്ടയാടൽ ... അച്ഛന്റെ വേർപാടിന്റെ മൂന്നാം നാൾ ഭയം അയാളുടെ വാതിലിൽ മുട്ടി .. കാണാതെ പോയ പഴയ പോലീസ് ഇടിവണ്ടി അന്വേഷിച്ചെത്തിയ മൂന്ന് മഫ്തി പോലീസുകാർ.. താക്കോലെടുപ്പിച്ച്, വണ്ടി കണ്ടു പിടിച്ച്,അയാളെയും പിറകിൽ കയറ്റി പച്ചയായ യഥാർത്ഥ്യങ്ങളുടെ ചരൽപ്പാതകളിലൂടെ ഇടിവണ്ടി മുന്നോട്ട്...പെട്രോൾ പമ്പിൽ നിന്ന് ഫുൾ ടാങ്ക് നിറച്ചപ്പോൾ വണ്ടിയിൽ ഒളിച്ചു കഴിഞ്ഞിരുന്ന എലിക്ക് ശ്വാസം മുട്ടി ..അടിയന്താരാവസ്ഥക്കാലത്ത് അച്ഛന്റെ നെഞ്ച് പോലീസുകാർ ഇടിച്ചു കലക്കിയത് ഈ വണ്ടിയിൽ വെച്ചായിരുന്നു എന്ന അച്ഛനോർമയിലൂടെ ജയപ്രകാശ് ഊളിയിട്ടു .. അച്ഛനെപ്പോലെ അനേകരുടെ നിലവിളിയും മരണവെപ്രാളത്തിന്റെ താളവും ഈ വണ്ടിയിലുണ്ട് എന്ന ചിന്ത അഭിനവ അടിയന്തരാവസ്ഥക്കാലത്തിന്റെ നോവുകളിലേക്ക് നമ്മെയാഴ്ത്തിക്കളയും.. ആ കറുത്ത മാസങ്ങളുടെ ഓർമക്കായി ഈ ഇടിവണ്ടി സ്വന്തമാക്കണമെന്ന് വാശിയോടെ അച്ഛൻ തീർച്ചയാക്കിയത്, നിയമ പോരാട്ടങ്ങൾക്കൊടുവിൽ വണ്ടി ലേലത്തിൽ പിടിച്ചത് എല്ലാം മകന്റെ സ്മരണയിൽ നിറഞ്ഞു കവിഞ്ഞു..
ഇടിവണ്ടി കുലുങ്ങിക്കുലുങ്ങി മുന്നോട്ട്.. അകത്ത് പോലീസുകാരുടെ വർത്തമാനം.. വേദനയുടെയും സഹനത്തിന്റെയും സ്മാരകമായ ഈ വണ്ടി ഇവന്മാർ എവിടെയെങ്കിലും കൊണ്ടുപോയിപ്പൊളിക്കുമോ എന്ന് ജയപ്രകാശ് ഭയപ്പെട്ടു ..."എഴുപതുകളിൽ ഈ വണ്ടി നമ്മുടെ രാജ്യത്തിന്റെ പാറ്റൺ ടാങ്ക് ആയിരുന്നു" എന്ന പോലീസുകാരന്റെ വാക്ക് കേട്ട് എലി സ്വയം ചൊറിഞ്ഞു.. പോലീസുകാരുടെ പഴിവർത്തമാനം കേട്ട് സഹികെട്ട എലി ജയപ്രകാശിന്റെ കാലിന്നടിയിൽ അയാളുടെ ഉറക്കത്തിന് കൂട്ടുകിടന്നു.."നമ്മുടെ രാജ്യത്തെ നയിക്കുന്ന ധീരനായ മനുഷ്യനുണ്ടല്ലോ, നമ്മുടെ സിംഹം .. പണ്ട് അദ്ദേഹത്തിന്റെ നേതാവിനേയും ഈ വണ്ടിയിൽ കൊണ്ടുപോയിട്ടുണ്ട്. അന്ന് നേതാവിന്റെ ഗതി വരാതിരിക്കാൻ അദ്ദേഹം ഒളിവിൽ കഴിയുകയായിരുന്നു ... സിഖുകാരന്റെ വേഷം ധരിച്ച് തിരിച്ചറിയാതെയാണ് സിംഹം ആ ഇരുപത്തൊന്നു മാസക്കാലവും കഴിഞ്ഞത്" പോലീസുകാരന്റെ വാചാലത.."അറസ്റ്റ് പേടിച്ച് വേഷം കെട്ടി നടന്ന ഭീരു എന്ന പറച്ചിൽ ശത്രുക്കളുടെ വെറും ഗീർവാണമായിരുന്നു" എന്ന് അപരന്റെ ന്യായീകരണം..
ഇടക്കെപ്പഴോ ഉറക്കമുണർന്നപ്പോൾ വണ്ടി ഇരുട്ടിലൂടെ നീങ്ങുന്നത് ജയപ്രകാശ് അറിഞ്ഞു ..ഉറങ്ങാൻ തോന്നിയ നിമിഷത്തെ അയാൾ പഴിച്ചു ..അയാളുടെ മനസ്സു പോലും സംസാരിക്കാൻ കൂട്ടാക്കിയില്ല..അയാളുടെ ഏകാന്തതയ്ക്ക് എലി അയാളറിയാതെ കൂട്ടിരുന്നു.. സാവധാനം നീങ്ങുന്ന വണ്ടി ഒറ്റമുറി വെളിച്ചമുള്ള ഒരു വീട്ടിനു മുന്നിൽ നിർത്തി.. അകത്ത് ബിമൽ സർക്കാർ എന്ന ചെറുപ്പക്കാരൻ വാസ്കോ പോപ്പ എന്ന സെർബിയൻ റിബൽ കവിയുടെ കവിത പരിഭാഷപ്പെടുത്തുകയാണ്..
"വൃഡാക്കിൽ യുദ്ധത്തിന്റെ തലേന്ന്
ഡെജാൻ ബ്രാങ്കോവ് എന്ന കവി
വാടകക്ക് വീടെടുത്തു
ഞങ്ങളുടെ വീടിന് തൊട്ടരികെ
ഞങ്ങളുടെ ഭാഗത്തെ ചുവരിൽ
ഒരു ഏണി ചാരി വെക്കാൻ
അച്ഛനോട് നിർബന്ധിക്കാൾ
അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു
ഏതു രാത്രിയും അദ്ദേഹം
പ്രതീക്ഷിക്കുകയായിരുന്നു
കോൺസൻട്രേഷൻ ക്യാമ്പിലേക്ക്
തന്നെ കൊണ്ടു പോകാൻ
അവരെത്തുമെന്ന്
ഒളിപ്പോരാളികളുടെ സംഘത്തെ
നയിച്ച് പോകുമ്പോൾ
അദ്ദേഹം കൊല്ലപ്പെട്ടിട്ടേറെ കാലം കഴിഞ്ഞും
ഏണി സ്ഥാനം തെറ്റാതെ
അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു ..
അതിന്റെ മരക്കൈവരികളിൽ പടർന്നു കയറിയിരുന്നു
ഒരു കയ്പൻ മുന്തിരിവള്ളി...."
കവിയുടെ ഏണി നമ്മെ എന്തൊക്കെയോ നീറ്റലോടെ ഓർമിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ, ബിമലിന്റെ വാതിൽ ചവിട്ടിപ്പൊളിക്കുന്ന ശബ്ദം നമ്മുടെ കാതിൽ മുഴങ്ങും.. കടലാസുകളിലേക്ക് നോക്കി "ഇതെന്താണ്" എന്ന് പോലീസുകാരൻ ചോദിക്കുമ്പോൾ ചില സമകാലിക ചോദ്യങ്ങളുടെ പ്രതിധ്വനിയുയരുന്നു." വാ, പോകാം" എന്ന വിളിക്ക് "അതിന് ഞാനൊന്നും ചെയ്തില്ലല്ലോ" എന്ന പറച്ചിലിന്, ഉഗ്രമായ ചവിട്ടായിരുന്നു മറുപടി.. മണ്ണിൽ വീണ അവനെ പോലീസുകാർ തൂക്കിയെടുത്ത് ഇടിവണ്ടിയിലിട്ടു .. പുനർജന്മത്തിലും ഈ വാഹനത്തിന് പഴയ വിധി തന്നെ ആണല്ലോ എന്ന് പലപ്പോഴും ജയപ്രകാശ് നെടുവീർപ്പിട്ടു ..അപ്പോൾ, ജയപ്രകാശിന്റെ ഉടൽ പറ്റി, കണ്ണടച്ച് എലി കിടന്നു..
എലി കരണ്ട ഒരു കടലാസ് ചീളു പോലെ വിറങ്ങലിച്ച സമകാലിക ഭൂപടം നമ്മുടെ കരളിൽ നിറഞ്ഞു വരും..
പിന്നെ, ഇടതൂർന്ന മരക്കാടുകൾക്കിടയിലെപ്പോഴോ വണ്ടി നിന്നു.. റാംബോ സിനിമയിലെ നായകനെപ്പോലെ മസിലുകളുള്ള പോലീസുകാരൻ അവരോട് ഇറങ്ങാൻ പറയുന്നു .. ജീവിതം ഈ കാട്ടിൽ അവസാനിക്കുമെന്ന ചിന്തയിലാണ് ബിമൽ പുറത്തേക്ക് കാലെടുത്തു വെച്ചത്.... അവന് നാഭി വേദനിക്കുന്നുണ്ടായിരുന്നു .. വ്യാജ ഏറ്റുമുട്ടൽ കൊലയെപറ്റി വായിച്ചത് ഓർമയിൽ നിറഞ്ഞു .. "ഈ മരം തരുന്ന ഓക്സിജനാണ് എന്റെ അവസാന ശ്വാസം" എന്ന വാസ്കോ പാപ്പയുടെ വരികൾ ധീരത തിരിച്ചുപിടിക്കാനെന്നവണ്ണം അവൻ മനസ്സിൽ ഉരുവിട്ടു.. പക്ഷേ, അച്ഛൻ പറഞ്ഞ അനുഭവങ്ങളിൽ നിന്ന് ഇത്തരം സാഹചര്യങ്ങൾ സുപരിചിതമായ ജയപ്രകാശിന് വേവലാതി തോന്നിയില്ല .. പോലീസുകാരൻ തോക്കുമായി വന്നിട്ട് പറഞ്ഞു: "മൂത്രമൊഴിക്കാനുണ്ടെങ്കിൽ ഒഴിച്ചോ.. വണ്ടിയിൽ മുള്ളി നാറ്റിക്കരുത്.... ഇനിയും അനേകം മൈൽ യാത്രയുണ്ട്." ബിമൽ ആശ്വാസത്തോടെ കണ്ണടച്ച് സിബ് തുറന്നു.. പക്ഷേ, ജയപ്രകാശ് പാടുപെട്ടു.. ഈർക്കിൽ കയറ്റിയപ്പോൾ അച്ഛൻ പിടഞ്ഞ വേദന അയാളറിഞ്ഞു.. "അയ്യോ.."എന്ന് ഉറക്കെനിലവിളിച്ചു പോയി..
വീണ്ടും വണ്ടിയിലേക്ക് ... വണ്ടി ആടിയുലഞ്ഞ് മുന്നോട്ട്... വണ്ടിയിൽ പിടികിട്ടാപ്പുള്ളികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഗുൽഷൻ ഭാട്ടിയ എന്ന മുൻ ഐ.പി.എസ്.ഓഫീസർ, പ്രൊ: വന്ദന ശിവാകർ.. ഉറക്കം വരാതിരിക്കാൻ വണ്ടിയിൽ പോലീസുകാർ നിർത്താതെ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നു .. "നമ്മുടെ രാജ്യം ഭരിക്കുന്ന മനുഷ്യൻ എത്ര ധീരനാണെന്നറിയാമോ..?അദ്ദേഹത്തിന്റെ ബാല്യകാലം ചിത്രകഥാരൂപത്തിലിറങ്ങിയിട്ടുണ്ട് .. ഞാനത് മക്കൾക്ക് വാങ്ങിക്കൊടുത്തു.. "
" ശരിയാണ്... കഴിഞ്ഞയാഴ്ച നടപ്പിൽ വരുത്തിയ ജയിൽ ടൂറിസം പദ്ധതി നോക്കൂ.. എത്ര മനോഹരം.. നാലായിരം രൂപക്ക് ഒരാൾക്ക് രണ്ട് ദിവസം ജയിലിൽ കിടക്കാം ..'' അപരന്റെ പിന്തുണക്കൽ .. പെട്ടെന്ന് ഒരു പശു റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോൾ പോലീസുകാരൻ നിർത്താതെ ഹോൺ മുഴക്കുകയും വേഗത കുറക്കുകയും ചെയ്തു. ആ ഹോണിന്റെ മുഴക്കം എപ്പോഴും നമ്മുടെ കരളിൽ ബാക്കി കിടക്കും ..വണ്ടി മുന്നോട്ട്.... ഇടക്കെപ്പൊഴോ ഒരു പോലീസുകാരൻ ഒരു എലിക്കെണിപ്പെട്ടി കൊണ്ടുവന്ന് വണ്ടിയുടെ ഒഴിഞ്ഞ സീറ്റിനടിയിൽ വെക്കുന്നു.ഒടുവിൽ ഇടിവണ്ടി ഒരു ക്യാമ്പ്ഫയറിന്റെ മുന്നിൽ നിന്നു ..പ്രൊ: വന്ദന ശിവാകറിന്റെ മുഖത്തേക്കുറ്റു നോക്കിയപ്പോൾ അവരുടെ പ്രസംഗം ജയപ്രകാശിന്റെ കാതിൽ മുഴങ്ങി .." വംശഹത്യ നടത്തിയയാൾ രാജ്യം ഭരിക്കുമ്പോൾ എല്ലാ വീടും ജയിലാവും. നാടും നഗരവും ഗ്രാമവും വാഹനങ്ങളും എല്ലാം .. വാക്കുകൾ സ്വാതന്ത്ര്യം നേടിത്തരും.. അതിനാൽ നാം എപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കണം''
ഒരിക്കലും അവസാനിക്കില്ലെന്നു തോന്നിച്ച ഇരുട്ടിലൂടെ വണ്ടി വീണ്ടും ഓടിയോടി ഒടുവിൽ ഒരു ടെന്റിൽ... വിചാരണക്കായി ഓരോരുത്തരെയായി വിളിപ്പിക്കുന്നു .. നിന്റെ പേരെന്താണ്?"രാജ്ഗുരു സിങ്ങ് "
നിന്റെയോ ..?" എം.എഫ്.ഹുസൈൻ."
നീ..? " ഞാൻ ഫിൽഡെ കൊപ്പി. "
അടുത്തത് പ്രകാശ് രാജിന്റെ ഊഴമായിരുന്നു ..
"നിങ്ങളുടെ കണ്ണുകൾ പോൾ മോർഗനെ ഓർമിപ്പിക്കുന്നു .."
"യെസ്,അയാം പോൾ മോർഗൻ.''
നിങ്ങൾക്കു പോകാം..
കൂട്ടത്തിൽ ഏറ്റവും ശാന്തനായ നിങ്ങളുടെ പേരെന്താണ്?
"വാസ്കോ പോപ്പ"
നിങ്ങൾ നക്സലേറ്റാണോ?
അല്ല, ഞാൻ കവിയാണ്.
ചിത്രകാരനാണ്.
മനുഷ്യാവകാശ പ്രവർത്തകനാണ്.
ചിത്രകാരനാണ്.
അന്ധവിശ്വാസങ്ങളോട് പൊരുതുന്നവനാണ്.
എഴുത്തുകാരനാണ്..
കാർട്ടൂണിസ്റ്റാണ്.
കാമുകനാണ് ..
ബീഫ് കഴിക്കുന്നവനാണ്..
പിന്നീട് ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലമാവുന്ന ഒറ്റച്ചോദ്യത്തിന്റെ ആവർത്തനം എല്ലാവരോടും... ബോധപൂർവ്വം ശരിയുത്തരം പറഞ്ഞ് മരണത്തിലേക്ക് നടന്നു കയറിയവർ.. ബോധപൂർവ്വം തെറ്റുത്തരം പറഞ്ഞ് ഇനിയും ഒരുപാട് ചെയ്തു തീർക്കാനുള്ളതു കൊണ്ട് ജീവിതത്തിലേക്ക് നടന്ന ജയപ്രകാശ് ... തുറക്കപ്പെട്ട എലിപ്പെട്ടിയിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ രാജ്യത്തിലേക്ക് ഓടിക്കയറിയ എലി... എല്ലാം പലതും ഓർമിപ്പിക്കുന്നു... ആ മൗനത്തിന്റെ നിലവിളി നമ്മുടെ കാതിൽ മുഴങ്ങിക്കൊണ്ടേയിരിക്കും.. മണ്ടൻ ചോദ്യങ്ങളിലൂടെ അതിലേറെ മണ്ടനായ ഉത്തരങ്ങളിലൂടെ ഊറിച്ചിരിപ്പിക്കുന്ന ആക്ഷേപഹാസ്യത്തിന്റെ, ആ സമകാലികതയുടെ നേർക്കാഴ്ച.. അടിയന്തരാവസ്ഥക്കാലത്തെ കൊടും ക്രൂരതകളും അതിന്റെ തനിയാവർത്തനമായിത്തീരുമോ എന്ന ആശങ്ക പടർത്തുന്ന വർത്തമാന സമസ്യകളും ഒരു ചലചിത്രത്തിലെന്ന പോലെ ഹൃദയത്തിൽ പിറുപിറുപ്പുണ്ടാക്കും.... ഏകാധിപത്യ ദുഷ്പ്രവണതകളെ തകർത്തെറിയാൻ ഒരു അഭിനവ ജയപ്രകാശ് നാരായണന്റെ പുനർജ്ജനിയെ നാം അനുഭവിക്കും.... അധികാരശക്തിയുടെ കടിഞ്ഞാണുങ്ങളെ പൊട്ടിച്ചെറിയുന്ന ഒരു പുതിയ അശ്വമേധമായി വിനോദ് കൃഷ്ണയുടെ ഈ കഥ കുതിച്ചുപായുന്നത് നാം കണ്ട് നിൽക്കും..
വെട്ടം ഗഫൂർ