24-11-18

ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാവർക്കും സ്നേഹ സ്വാഗതം..🌹🌹
പ്രണയവർണ്ണങ്ങൾ...
എന്റെ മാനം മുഴുവൻ നിന്റെ മൗനത്തിന്റെ
മാരിവില്ലഴകായിരുന്നു...
എന്റെ മുറ്റം നിറയെ
നിന്റെ നിശബ്ദതയുറഞ്ഞ
മഞ്ഞുകണികകളും
അതിൽ തിളങ്ങിയത്, എന്റെ പ്രതീക്ഷകളുടെ
സൂര്യവെളിച്ചവുമായിരുന്നു...
എന്റെ പാതകൾക്കിരുപുറവും
നിന്റെ നോട്ടങ്ങളുടെ
കുസൃതിപ്പൂക്കളും
നിന്റെ കിന്നാരങ്ങളുടെ
മധുരത്തേൻകണങ്ങളുമായിരുന്നു...
എന്റെ ജാലകച്ചില്ലുകളാകെ
നിന്റെ നിഴൽച്ചിത്രങ്ങളുടെ
ആകാരഭംഗിയാൽ അലംകൃതമായിരുന്നു...
പക്ഷേ,
നീയെന്റെ മുന്നിലെത്തിയപ്പൊളൊക്കെ,
എന്റെ വാക്കുകൾ മൗനതാളത്തിലും
എന്റെ ഹൃദയമിടിപ്പുകൾ
നിശബ്ദരാഗത്തിലും
അലിഞ്ഞുപോയിരുന്നു...
നിന്റെ കണ്ണിലെയനുരാഗത്തിളക്കം
എന്റെ പ്രണയ നക്ഷത്രമാകാൻ കൊതിച്ചപ്പൊഴൊക്കെ,
എന്റെ മിഴികളെ കളവിന്റെ കരിമഷിയെഴുതി ഞാൻ ഒളിപ്പിക്കയായിരുന്നു...
ഒടുവിൽ....
എന്റെ കൂട്ടുകാരിയെയാണ് നീ സ്നേഹിക്കുന്നതെന്ന നിന്റെ സമർത്ഥമായ വെളിപ്പെടുത്തലിൽ,
എന്റെ നുണകളൊക്കെ
കരിമഷിച്ചാലുകളായൊഴുകി നിന്നോടുള്ള പ്രേമമത്രയും മകരസൂര്യ നായി എന്റെ മുഖത്ത് ഉദിക്കുകയായിരുന്നു...
അതെ,
എന്റെ ഹൃദയം മുഴുവനും അളന്നു കുറിച്ച നീ, എന്റെ മറച്ചുവച്ച അനുരാഗനിറങ്ങൾ,
മാരിവില്ലഴകാക്കി വിടർത്തുകയായിരുന്നു....
ഡോ.വിനിത അനിൽകുമാർ
************************* നിന്നെ പിരിഞ്ഞിരിക്കുമ്പോൾ
നിന്നെ പിരിഞ്ഞിരിക്കുമ്പോൾ ഞാൻ ഉപേഷിക്കപ്പെട്ടവളാകുന്നു ...
ആരവങ്ങളടങ്ങിയ നഗരചത്വരം പോലെ എന്റെ പരിത്യജിക്കപ്പെട്ട ഹൃദയം  ..
ഏകാകിനിയും ദരിദ്രയുമായവൾ ,
നൃത്തം മറന്ന കാലുകളാൽ
നിന്നിലേക്കുള്ള കടൽ ദൂരങ്ങളത്രയും ഓടിത്തളർന്ന ഒരുവൾ.
ഭൂതവും ഭാവിയും  ബോധാബോധങ്ങളും നഷ്ടപ്പെട്ടു പോയവൾ ,
പുഞ്ചിരിക്കുന്ന പൂക്കളുടെയും മനുഷ്യരുടെയും ലോകത്ത് നിന്ന്   പുറത്താക്കപ്പെട്ടവൾ ..
ദൈർഘ്യമേറിയ സായന്തനങ്ങളിൽ ,
നീയില്ലായ്മയുടെ  വീട്ടിലേക്ക്,
മുഖമൊന്നുയർത്താതെ എന്തോ പിറുപിറുത്ത് നടക്കുന്ന ഒരവധൂതി ,
അവളുടെ ജല്പനങ്ങളെ കവിതകളെന്ന് വിളിക്കാതിരിക്കൂ..
ഷീലാ റാണി

*************************
പുല
കൊല ചെയ്യപ്പെട്ട
അമ്മയുടെ മാറിൽ നിന്ന്
ഒരു കുഞ്ഞ് ഇറങ്ങിയോടും
അമ്പലനടയിലേക്ക്
അഭയത്തിനായ് .
പുരോഹിതനവനെ
തടഞ്ഞു നിറുത്തും ,
പുലയുണ്ടെന്ന് പറഞ്ഞ് .
കൊന്നവനപ്പോഴും
അമ്പലനടയിൽ
തൊഴുതുനില്പുണ്ടാവും
ചിലപ്പോൾ
പൂജ ചെയ്യുന്നുണ്ടാവും.
കൊന്നതേയുള്ളല്ലോ
തിന്നിട്ടില്ലല്ലോ
ലാലു കെ ആർ

*************************
കപാലം
ഏതെങ്കിലും തലയോട്ടി
കരയുന്നത് കണ്ടിട്ടുണ്ടോ?
സൂക്ഷിച്ച് നോക്കിയാൽ
തലതല്ലിച്ചിരിച്ച്
പിളർന്നു പോയ
പാടുകൾ കാണാം
തലയോട്ടിയിൽ.
എടുത്തു നോക്കിയാൽ
മണ്ണിലുരുണ്ട്
ചിരിച്ചതിന്റെ
ചെളിപ്പാടു കാണാം
തലയോട്ടിയിൽ.
ചിരിച്ച് ചിരിച്ച്
മുൻ പല്ലിളകിയതു
വരെ കാണാം
തലയോട്ടിയിൽ.
ഇങ്ങനെ ചിരിക്കാനോ?...
പഴയ മാംസത്തിന്റെ
കഥയോർത്തല്ലാതെ  !
വിനോദ്  ആലത്തിയൂർ

*************************
പോയിക്കഴിഞ്ഞാൽ
പോയിക്കഴിഞ്ഞാൽ
ഒരിക്കൽ ഞാൻ തിരിച്ചു വരും.
നിങ്ങൾ അത്താഴത്തിന്നിരിക്കുമ്പോൾ
എന്നെ കാണും, കിണ്ണത്തിൻ വക്കിലെ ഉപ്പു തരിയായി.
നോട്ടു പുസ്തകം തുറക്കുമ്പോൾ കാണും
ഉണങ്ങിയിട്ടും മണം വിടാത്ത കൈതപ്പൂവായി .
വെറ്റിലയിൽ ഞാൻ ഞരമ്പാകും.
കുന്നിമണിയുടെ കറുപ്പാകും.
ചെമ്പരത്തിയുടെ കേസരമാകും.
പനിക്കൂർക്കയുടെ ചവർപ്പാകും.
കാന്താരിയുടെ എരിവാകും.
കാക്കയുടെ കറുപ്പാകും.
കലമാനിന്‍റെ  കുതിപ്പാകും.
പുഴയുടെ വളവാകും.
കടലന്‍റെ  ആഴമാകും ഞാൻ.
സൂര്യനാവില്ല ഞാൻ.
ചന്ദ്രനോ ചക്രവാളമോ ആവില്ല.
താമരയും മയിൽപ്പീലിയുമാവില്ല.
അക്ഷരമാവും ഞാൻ.
ഓരോ തലമുറയുടേയും കൂടെ
വീണ്ടും ജനിക്കുന്ന അക്ഷരം.
രക്തമാവും ഞാൻ.
കൊല്ലപ്പെട്ട നീതിമാന്‍റെ
മരിച്ചാലും കട്ടിയാകാത്ത രക്തം.
മഴയാവും ഞാൻ.
എല്ലാം വിശുദ്ധമാക്കുന്ന
അവസാനത്തെ മഴ.
സച്ചിദാനന്ദൻ

*************************
വിമർശനം
വിശകലനം  ചെയ്യപ്പെടാൻ  പോകുന്ന   കവിത
പോസ്റ്റുമോർട്ടത്തിനായ്   ടേബിളിൽ  കിടക്കുന്ന    ശവശരീരത്തെ  പോലെ....!
പലർ   കീറി മുറിക്കുന്നു....!
എങ്കിലും   കവിതയുടെ  ആത്മാവ്   പുറത്തു  നിന്നു  ചിരിക്കുന്നുണ്ടാവും
അത്  പൂക്കളെയും  തുമ്പികളെയും തിരഞ്ഞ്  പുഴ വാക്കുകളിലേക്ക്.ii
തുമ്പികളിലേക്ക് ചേക്കേറിയിരിക്കും.....!"
അപ്പോഴും   കവിതയെന്നു   കരുതി    ചിലർ
അതിനെ -- ...!!
ദീപ്തി റിലേഷ്

*************************
ഓർമ
 കണ്ണുതുറന്നപ്പോൾ ഡെറ്റോളിന്റെ മണം മൂക്കിൽ തുളച്ചു കയറി.....പൂവിന് ഭംഗി കൂട്ടിക്കൊണ്ട് പച്ചനിറത്തിൽ ജ്വലിച്ചുനിന്നിരുന്ന താനെന്ന ഇല ഇന്ന് വാടിക്കരിഞ്ഞ് നിലത്തു വീണു കിടക്കുന്നു.. കാറ്റിന്റെ ദിശക്കനുസരിച്ച് അതെങ്ങോ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്....
 അന്ന്.....
 ആ ദിവസം....
 നാല് അനിയത്തിമാരും പിന്നെ ഉമ്മയും. ആ അഞ്ച് സെന്റിലെ കുഞ്ഞുവീടും.ഇതായിരുന്നു തന്റെ ലോകം. കയ്യിൽ നിറയെ കുപ്പിവളയും കണ്ണിൽ സുറുമയുമെഴുതി തന്റേതായ ലോകത്ത്..തന്റേതു മാത്രമായ ആ ചെറു ലോകത്ത്..സങ്കടങ്ങളെ സന്തോഷങ്ങളാക്കി മാറ്റിക്കൊണ്ട് കഴിഞ്ഞുകൂടിയ ദിനങ്ങൾ..
       മറ്റെല്ലാവരെയും പോലെ നിറയെ സ്വപ്നങ്ങളായിരുന്നു. സ്വപ്നങ്ങളുടെ ആ മായാജാല ലോകത്തുനിന്നും യാഥാർത്ഥ്യത്തിന്റെ ആഴങ്ങളിലേക്ക് വന്നപ്പോഴാണ് മനസ്സിലായത്, രണ്ടും തമ്മിലുള്ള അന്തരം..
        ദല്ലാളിന്റെ  ആ വാക്കുകൾ ഇന്നും ചെവിയിൽ ഒരു ഇടിമുഴക്കം പോലെ കേൾക്കാൻ കഴിയുന്നുണ്ട്.
        " ചെക്കന് കൊറച്ച് പ്രായം കൂടുതൽ ആന്നേള്ളൂ.റബ്ബിന്റെ തുണ്ടോണ്ട് ഓളെ ചെക്കന് പെരുത്ത് ഇഷ്ടായി. ഗൾഫിൽ വല്യ ഷെയ്ഖാണത്രേ..എന്താ ഓന്റടുത്തുള്ള പൈസ. ഇങ്ങളെ എല്ലാ ബുദ്ധിമുട്ടും മാറും. അല്ലേലും ഈ അഞ്ച് സെൻറ് പുരേല് അഞ്ചു പെൺകുട്ട്യോളേം കൊണ്ട് ഇങ്ങള് ഒറ്റക്ക് എന്തോന്ന് കാട്ടാനാണ്..??"
         ഉമ്മ അതിന് സമ്മതം വേണ്ടി വരികയായിരുന്നു...
         കയ്യിലെ കുപ്പിവളകൾക്ക് പകരം സ്വർണവളകൾ ചിരിച്ചു.സുറുമയെഴുതിയ കണ്ണുകളിലെ തിളക്കം കൂടുന്നതിനു പകരം കുറയുകയാണുണ്ടായത്.വീട് പെട്ടെന്ന് വലുതായി. മനസ്സിനു മാത്രം ആഴമേറിയ മുറിവേറ്റതുപോലെ..
          അറബിക്കടലും കടന്ന് തന്നെ തേടിവരുന്ന മാരനെ പ്രതീക്ഷിച്ചു കടലിലേക്ക് നോക്കിയിരിക്കാറുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ വരുന്നത് ഉപ്പാന്റെ പ്രായം തോന്നുന്ന ഒരാളാണെന്നറിഞ്ഞപ്പോ മനസ്സിന്റെ മുറിവിന് മരുന്നില്ലെന്നു തോന്നി..
           വലിയ ആഘോഷം തന്നെയായിരുന്നു. നിക്കാഹ് പൊടിപൊടിച്ചു. എല്ലാ ചെലവും അവർതന്നെ വഹിച്ചു. കണ്ണാടി നോക്കിയിരിക്കുമ്പോ കൂട്ടുകാരികൾ 'അറബിക്കഥയിലെ മാരനതാ വര്ണു ' എന്നു പറഞ്ഞു.വടിയും കുത്തിയാന്നുമാത്രം എന്ന് ഞാൻ മനസ്സിലുംപറഞ്ഞു.
            നാലുമാസം,വെറും നാലുമാസം മാത്രം താമസിച്ച് അറബ്നാട്ടിലേക്ക് തന്നെ അയാൾ വീണ്ടും പോയി.നാലുമാസത്തോളം ഒന്നും സംസാരിച്ചിട്ടില്ല.സ്നേഹത്തിന് ഭാഷയൊരു പ്രശ്നമേയല്ല എന്നൊക്കെ പറയുന്നത് എന്തുകൊണ്ടാവാം എന്നിപ്പോൾ മനസ്സിലായി.
             കത്തിയെരിയുന്ന സൂര്യനു കീഴിൽ എന്തോ തേടിയുള്ള യാത്രയെന്നോണം അയാൾ പോയി. പോയതിൽ പിന്നെ ഒരു വിവരവുമില്ല.മുത്തുപോയ ചിപ്പിയായി ഈ കടൽത്തീരത്ത് അടിഞ്ഞു കിടക്കാനാവാം വിധി...
             പെട്ടെന്നാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഞെട്ടിയുണർന്നത്.. താനിന്ന് ജീവിച്ചിരിക്കുന്നതിന്റെ ഏക കാരണം ആ കുഞ്ഞു മാത്രമാണ്. മഴ മേഘങ്ങളെ പോലെ കണ്ണീരിന്റെ കനം കൊണ്ട് മനസ്സ് ഇരുണ്ട് കിടക്കുകയാണ്. വിധിയെന്ന് സ്വയമാശ്വസിച്ച്, ആ കുഞ്ഞിനെ കൈകളിലേക്ക് വാരിയെടുത്തു.. പഴയ ഓർമ്മകളെല്ലാം ഇല്ലാതാക്കാനുള്ള പുതിയ പ്രതീക്ഷ... മറക്കാനാഗ്രഹിക്കുന്ന ഓർമ്മകളെ മായ്ച്ചുകളയാൻ മാത്രം ശക്തിയാർന്ന പ്രതീക്ഷ....പ്രതീക്ഷക്ക് ശക്തി കൂട്ടാനായി ഓർമ്മയുടെ കനലും..
ലിസ്ന റഹ്മാൻ
10 T- K.H.M.H.S.ആലത്തിയൂർ

*************************
വേരുകൾ

ഇന്നു രാത്രി ഞാനൊരു സ്വപ്നം കാണും
നിന്റെ തലയറുത്ത് എന്റെ ദൈവത്തിന് അർപ്പിക്കുന്നതായിട്ട്.
നീ എന്റെ ചങ്ങാതി തന്നെ.
ഞാനതൊരിക്കലും നിഷേധിക്കുന്നില്ലല്ലോ!
എങ്കിലും ഞാനത് കാണും
ചോര വാർന്ന നിന്റെ ഉടലിന്റെ പൊള്ളയായ മറിഞ്ഞു വീഴൽ.
കുളിപ്പിച്ചാലും കുളിപ്പിച്ചാലും വെളുക്കാത്ത
നിന്റെ അയൽക്കാരന്റെ
കറുത്ത ദൈവങ്ങളെ കുഴിച്ചുമൂടിയതായി സ്വപ്നം കണ്ടത് കഴിഞ്ഞ ദിവസമായിരുന്നു.
പുരാണങ്ങൾ ഘോഷിക്കുന്ന വെളുത്ത ദൈവങ്ങൾ മാത്രം മതിയിവിടെ
ചെറിയ മീനുകളെ വിഴുങ്ങിയാണ്
വലിയ വായിലെ വിശപ്പാറ്റിയതെന്ന്
ഞങ്ങൾ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുത്തോളാം.
കഴിഞ്ഞില്ല സുഹൃത്തെ,
നിന്റെ വീട് പൂർണ്ണമായി
പൊളിച്ചിട്ടു വേണം ഇതിഹാസങ്ങൾക്കൊണ്ടവിടെ
കുഴിച്ചു നോക്കാൻ.
വിശേഷപ്പെട്ട എന്തെങ്കിലുമവിടെ കാണുമായിരിക്കും'
പുതുച്ചരിത്രകാരന്മാരെ കൊണ്ട്
അതിന്റെ ചരിത്രം ഞങ്ങൾ എഴുതിക്കും.
പുണ്യപുരാണ പുരുഷന്മാരെ
B.C യ്ക്കുള്ളിൽ നിന്ന് പുറത്തെടുത്ത്
പുതിയ കാലഗണന സൃഷ്ടിക്കും.
ആയുധങ്ങൾ, വിമാനങ്ങൾ, കപ്പലുകൾ,
കലപ്പകൾ, പാദുകങ്ങൾ, സേതുബന്ധനങ്ങൾ, രഥച്ചക്രങ്ങൾ
എല്ലാമെല്ലാം പുന:സൃഷ്ടിക്കും.
നിങ്ങളുടെ
ഒന്നുമിവിടെ അവശേഷിപ്പിയ്ക്കരുത്
എല്ലാം പൊളിച്ചു കൊണ്ടു പോകണം.
വന്നിടങ്ങളിലേയ്ക്കു തന്നെ പോകണം
കുടിയേറ്റത്തിന്റെയും
അധിനിവേശത്തിന്റെയും
പഴത്തുണികൾ മാറാപ്പാക്കി
കൊള്ളുക.
പൊള്ളിക്കുന്ന ഒരു ഒച്ചയെ ആരാണ് '
എന്നിലേക്ക് അവിചാരിതമായി ഇങ്ങനെ എടുത്തെറിഞ്ഞ് ചോദ്യമായത്
'കൂട്ടുകാരാ,
നൂറ്റാണ്ടുകൾക്ക് മുൻപ്  നിങ്ങൾ ഇന്നാട്ടിൽ പടർത്തിയ വേരുകൾ പറിച്ചെടുത്ത് നിന്റെ തിരിച്ചു പോക്കിനൊരുങ്ങുന്നതെന്ന്?'
ആ വാക്കുകൾക്ക്
കറുപ്പിന്റെ
മണമായിരുന്നുവെന്ന് മാത്രമാണ് ഇപ്പോളെന്റെ ഓർമ്മ.
ശ്രീജിഷ്.കെ.പൊയ്യാറ

*************************
പുനർജ്ജനി
വീണ്ടും പാടുക ...
കയ്പിന്റെ കണ്ണുനീർച്ചൂടേറ്റു നീറുമീ
മോഹനരാഗങ്ങൾ മൃതിയിൽ
നിന്നുണർത്തുക...
ഊഷരമായൊരീ ഹൃദയതാളങ്ങൾ
പകുത്തെന്റെ
ഇരുൾവഴികൾക്കായി പങ്കുവെച്ചീടുക..
അടരാർന്നടങ്ങുമീ ജീവിതപ്പാതയിൽ
മോക്ഷക്കനിയുടച്ചെന്റെ
നെറുകയിൽപ്പാകുക...
ആകാശമുനയൊടിഞ്ഞിറ്റിറ്റു വീഴുന്ന
തുള്ളികളേറ്റെന്റെ
മഴയാത്രകൾക്കൊരീണം പകരുക....
കരി പടർന്നുറഞ്ഞ മനസ്സിന്റെ ചുവരിൽ
മുനയൊടിഞ്ഞ തൂലികയാൽ
ഞാൻ കോറിയെടുത്ത പ്രിയ ചിത്രങ്ങളെ
പ്ലാവിലത്തൊപ്പിക്കുള്ളിലൊളിപ്പിച്ച
രാജ്യഭാരങ്ങളെ...തിരിച്ചു നൽകുക
കാലം കരളിലുയർത്തുന്ന
മോക്ഷപ്രവാഹമായ്
ഹേ.... ബാവുൽ
നിന്റെ ഏകതാര ഇനിയും സ്വരങ്ങൾ തേടട്ടെ..
അഷിബ ഗിരീഷ്

*************************
നായായും നരനായും
എന്റെ നായയോട്
ഇനി കുരക്കുകയേ വേണ്ടെന്ന്
ഒരു പിച്ചക്കാരൻ.
വാലാട്ടി പിന്നാലെ നടക്കരുതെന്ന് അയൽക്കാരൻ.
ചെവി വട്ടം പിടിക്കുകയോ,
മണം പിടിക്കുകയോ ഒരിയ്ക്കൽപ്പോലും ചെയ്യരുതെന്ന്
വെളുമ്പിപ്പൂച്ച.
കാവൽപ്പണിയ്ക്ക്  മേലിൽ  കണ്ടു പോകരുതെന്ന് ആസ്ഥാന കള്ളൻ.
കടിക്കാൻ വരേണ്ടെന്ന് കാക്കാലത്തി.
ഇറച്ചിയോ,മീനോ ഇനി മേൽ തിന്നരുതെന്ന് വാടകവീടിനുടമ.
ഇതെല്ലാം കേട്ട അവനാകെ തളർന്നു.
കൂട്ടിൽ കിടന്ന് തന്റെ ജന്മം പാഴായി
പോകുമല്ലോയെന്ന ധർമ്മസങ്കടം
അവന്റെ  നോട്ടത്തിലുമുണ്ടെന്ന്
ഞാൻ സ്വയം വ്യാഖ്യാനിച്ച്
അവനോട് സ്നേഹത്തോടെ പറഞ്ഞു
'ടാ നായിന്റെ മോനെ,
ഇതു ഇന്ത്യാമഹാരാജ്യമാണ്.
ഇവിടെ എപ്പോഴും ജനാധിപത്യം തന്നെയാണ് വ്യവസ്ഥ.
നിന്നാൽ കഴിയുന്നത് നീ ചെയ്യ്...
ആരാ തടയാൻ വരുന്നതെന്ന നമുക്കൊന്ന് കാണാലോ.'
കഷ്ടം!
അവൻ മറുപടിയായി
എന്നോട് പറഞ്ഞത്
നിങ്ങളോട് പറയാൻ കൊള്ളില്ല...
അത്ര മുത്തൻത്തെറിയാണത്.
ഏതു നായക്കും ഒരു ദിനം വരുമെന്ന്
വിചാരിച്ച് ആ കൂട്ടിൽ കിടന്ന്
അവൻ കാലം കഴിക്കട്ടെ.....
അല്ലാതെന്ത് ചെയ്യാൻ....
ശ്രീജിഷ്.കെ.പൊയ്യാറ

*************************
സ്നേഹം
സ്നേഹിക്കപ്പെടുക എന്നത് അത്രമേലൊരു ആവശ്യമാകുമ്പോഴും ,
സ്നേഹിക്കുക എന്നത് അത്ര എളുപ്പമല്ല .
പാറയുടെ ഉറപ്പും  ,
ജലത്തിന്റെ വഴക്കവും അതാവശ്യപ്പെടുന്നുണ്ട് .
സുമനസ്സുകൾക്ക് മേൽ സ്നേഹം  മഴവില്ലിന്റെ കൂടാരമത്രേ.. അവരുടെ പൂന്തോട്ടങ്ങൾക്കുമേൽ ശൈത്യകാലം പ്രഹരമേൽപ്പിക്കുകയില്ല.
സന്തുഷ്ടന് സ്നേഹമെന്നത് അവന്റെ മേൽ ചൊരിയപ്പെട്ട അനുഗ്രഹങ്ങളാകുന്നു. ..
നിറഞ്ഞു തുളുമ്പുന്ന  അവന്റെ പാനപാത്രത്തിന്റെ പേരിൽ  ,
ഇല്ലായ്മക്കാരനോട് അവന് കടപ്പാടുണ്ട് .
പ്രണയികൾക്ക് സ്നേഹമെന്നാൽ ആത്മാവോളമെത്തുന്ന
ഉറപ്പാണ്. ...
അതിന്മേലത്രേ അവർ അവരുടെ ജീവിതകാമനകളുടെ നൗകയെ ബന്ധിച്ചിടുന്നത്
ഏകാകിക്ക് അത് അവന്റെ ഏകാന്തത തന്നെ ..
ഒറ്റയാക്കപ്പെട്ടവന്റെ  സങ്കടകരമായ  ആനന്ദം അവനു മാത്രം സ്വന്തം .
ദുഷ്ടന് , സ്നേഹം അവന്റെ വീടിന്റെ ചരിഞ്ഞ മേൽക്കൂരയിന്മേൽ പതിക്കുന്ന മഴയത്രേ. .. ദുഷ്ടതയുടെ കാഠിന്യത്താൽ  അവനത് വേഗത്തിൽ മറക്കും ...
രോഗിക്ക് സ്നേഹം കൂട്ടിരിപ്പുകാരനാണ്  ... അവന്റെ കൈ പിടിച്ചത്രേ അവശൻ  കഷ്ടസാഗരം നീന്തിക്കയറുന്നത്.
മഴവില്ലുകൾക്ക് മുകളിൽ ഒറ്റപ്പെട്ടു പോയ ദൈവവും സ്നേഹം കൊതിച്ചിരുപ്പുണ്ടാവും ...
പുരോഹിതരുടെ  മനം പിരട്ടുന്ന  സ്തുതികളിൽ  വല്ലാതെ മടുത്ത്  ...
അതുകൊണ്ടാവാം ,
ആകാശത്തിന്റെ  നരച്ച പടവുകളിറങ്ങി ,
വല്ലപ്പോഴും ദൈവം ഭൂമിയിലേക്ക് വരുന്നത് ...
സ്വർഗ്ഗം, സ്വന്തം കഠിന നിയമാവലികളോർത്ത് ലജ്ജിക്കുന്നതും .
ഷീലാ റാണി

*************************
നിവേദ്യം 
ചെമ്പനീർപ്പൂവൊന്നു  ഞാൻ  നിവേദിക്കയാ
ണെൻ പ്രിയേ  നിന്റെ  അദൃശ്യ കരങ്ങളിൽ,
ഇന്നു പ്രണയികൾ  ഉത്സവ ഛായയിൽ  ഒന്നുചേരുന്ന 'വാലന്റൈൻ ദിനമിതിൽ.  കേവലം  പൂവല്ല,  നിൻ  വിയോഗം തരും
നോവിൽ  തുടുത്ത  ഹൃദയപുഷ്പം  സഖീ.
കാണാവതില്ലേ  ഇതൾ വിരിഞ്ഞെന്നുടെ
പ്രേമം  മിഴിനീരിലാർദ്രമാം  പൂവിതിൽ.
ഓരോ ഇതളിലും നിന്നോർമ്മ  ധ്യാനമായ്
തീരും  പരിമളം  വീശുവതില്ലയോ.
നിൻ കവിൾപ്പൂവിൽ  പ്രണയം  പുലരുന്ന
കുങ്കുമകാന്തിയിലൊന്നു  വിരൽ  തൊടാൻ,
ഒന്നുരിയാടാൻ,  ഒരു  നിമിഷം  തമ്മിൽ  ഒന്നിച്ചു കണ്ടൊന്നു  കണ്ണിൽ നിറയ്ക്കുവാൻ....
എല്ലാം  വെറുതെ  കൊതിപ്പുഞാൻ  തീരത്തൊരല്ലിൻ  നിഴലിൽ  ഉഴലും  മനസ്സുമായ്.
കല്പന പോലുമിതേവരെ  കാണാത്ത
സ്വർഗ്ഗത്തിൽ നിന്നും പറന്നൊരു മാത്ര നീ
എൻ മനഃശ്ശാന്തിക്കു സ്വപ്നമായെങ്കിലും
വന്നെന്നരികിൽ  വസിക്കുകയില്ലയോ.
സുന്ദരമാം  ഈ ചുവന്ന പൂ  ചേലെഴും
നിൻ കുന്നുകൂന്തലിൽ  ചൂടുകയില്ലയോ !
പ്രൊഫസർ.എം.രാധാകൃഷ്ണൻ
(അകാലത്തിൽ പൊലിഞ്ഞ പ്രണയിനിക്കായി സമർപ്പിച്ചത് )

*************************
നമ്മൾ...
നീൾമിഴി ചിമ്മാതെ,
നിദ്ര നുകരാതെ-
നീക്കുന്നു നാം ധരജീവിതങ്ങൾ;
കണ്ടാലറിയാതെ,
മന്ദഹസിക്കാതെ-
തന്ത്രം തികഞ്ഞ പാഴ് യന്ത്രങ്ങളായ്;
നിശയുടെ നീല-
ഞരമ്പായ് നിഴലിൻ-
നീരവരൂപം വരച്ച മണ്ണിൽ;
പകലിൻ നോവുകൾ-
തീഷ്ണാതപത്തിന്റെ,
സ്വേദകണങ്ങളായ്ത്തീർ
ന്ന ഭൂവിൽ;
പുലരീ സന്ധ്യകൾ,
ചന്ദ്രികാ താരകൾ
നഷ്ടസ്വർഗ്ഗങ്ങളാം ജീവിതത്തിൽ;
സ്വപ്നങ്ങളില്ലാതെ,
വർണ്ണങ്ങളില്ലാതെ-
യൂഷരമായ മനസ്സുകളിൽ;
മുഗ്ദ്ധമാം സംഗീത-
ധാരയായിന്നെന്റെ-
ചാരത്തണഞ്ഞുവോ കാലമേ,നീ...?!
ഒരു കൊച്ചു കുഞ്ഞിൻ-
നിർമ്മലഹൃത്തുമാ-
യരികിൽ നിർത്തുമോ,ഞങ്ങളെ നീ...?
ജനിയിൽ മരണ-
സത്യമൊളി,പ്പതിൻ
ഗന്ധം പരക്കാത്ത പൂവു തേടി;
തേൻ കുടിച്ചാമോദ-
മത്തിൽ മദിക്കുമീ-
യേഴകൾ വാഴുമീയൂഴി തന്നിൽ;
ഏഴു നിറങ്ങളി-
ലാകാശ നീലയിൽ
മാരിവില്ലായി നീ പുഞ്ചിരിപ്പൂ...
ചെന്നിറം പൂശിയീ-
മാനത്തു പുത്തനാം
ചിത്രമെഴുതി നീ കിന്നരിപ്പൂ...
ആഴിയുമാകാശ-
മേഘവും കാണാതെ-
യമ്പരപ്പിൻ കാർമുകിലാകവേ;
ആരെയോ തേടിയ-
ലഞ്ഞു തളരവേ,
ആർത്തലച്ചാ മുകിൽ പെയ്തീടവേ,
അമൃതകുംഭത്തി-
ന്നോങ്കാര നാദമാ-
യാഴി നിമന്ത്രണം ചെയ്തിടുന്നൂ..
ഒരു ജീവബിന്ദൂ-
ഹൃദയതാളത്തിൻ-
ശ്രുതിചേർന്നു നാമും പാടിടുന്നൂ...
ഒരു കുഞ്ഞോളമാ-
യൊന്നായൊഴുകിടാ-
മൊരു പല്ലവത്തിന്നു നീരാകാം...
ഒരു വേള, ജന്മ-
നിയോഗം നിനയ്ക്കാ-
മൊരു കുളിർ കാറ്റിൻ തണുവാകാം...
ഡോ. വിനിത അനിൽകുമാർ

*************************
കിനാമഴ
രാവുറങ്ങിയപ്പോഴാണ് അവൻ മെല്ലെ എന്നെ തേടിയെത്തിയത്.വൃശ്ചികക്കുളിരിൽ പുതപ്പിന്റെ ചൂടിൽ മയങ്ങുകയായിരുന്ന എന്നെ ഒന്ന് കാണാനായിരിക്കണം ചാരിയിട്ട ജാലകപ്പാളി പതിയെ ഊതിത്തുറക്കാനവൻ കാറ്റിനെ കൂട്ടുപിടിച്ചത്. അവന്റെ കുളിരൂറുന്ന ഒരു ചുംബനം എന്റെ നെറ്റിത്തടത്തിൽ വന്നുപതിച്ചു.  ഇരുളിന്‍റെ മടിയിൽ അവന്‍റെ കാൽപ്പെരുമാറ്റം എന്നെ കോരിത്തരിപ്പിച്ചു. ആകാശത്തിന്‍റെ ഒരു മിന്നൽച്ചിരിയിൽ അവനെ ഞാൻ ശരിക്കും കണ്ടു.അവന്‍റെ ക്ഷണം നിരസിക്കൻ എനിക്കിന്നുവരെ കഴിഞ്ഞിട്ടില്ല.
പതിയെ വിരൽത്തുമ്പിൽ നടക്കുമ്പോൾ കൊലുസിന്റെ കൊഞ്ചൽ കേൾക്കാതിരിക്കാൻ ഞാൻ പാടുപെട്ടു. വാതിൽസാക്ഷ മെല്ലെത്തുറന്ന് നീണ്ടവരാന്തയുടെ പടിക്കെട്ടിലിരുന്ന് ഞാനവനോട് കിന്നാരം ചൊല്ലി.  അവന്റെ കൈപിടിച്ച് പിന്നെയും ഇറങ്ങിനടന്നു. കാറ്റ്  ഞങ്ങളെ കളിയാക്കി പൊട്ടിച്ചിരിച്ചു. വാനം വെളിച്ചം വീശി  വഴികാട്ടിയെങ്കിലും ഇടക്കൊന്ന് പൊട്ടിത്തെറിച്ചെന്നെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.ഭയം തോന്നുമ്പോഴെല്ലാം ഞാനവന്റെ നെഞ്ചിൽ കൂടുതൽ ഒട്ടിച്ചേർന്നുനിന്നു.പെട്ടെന്ന് അമ്മയുടെ ശകാരം കേട്ട്  ഞെട്ടിയുണർന്നപ്പോഴാണ് നനഞ്ഞതത്രയും കിനാമഴയായിരുന്നെന്ന്  ബോധ്യമായത്.
ദിവ്യ ഇന്ദീവരം

*************************
വേരുകൾ
വൃദ്ധസദനത്തിൻ ജാലകപ്പഴുതിലൂടെത്തിപ്പിടിച്ചു ഞാനെന്നോർമ്മകൾ
 ആകാശ മേലാപ്പിനോമൽതുരുത്തിലായ്
വേരുകൾ തീർത്ത പ്രഭാത രശ്മി
പകലിന്നൊടുക്കത്തിൽ പരൽമീൻ പ്രയാണം പോൽ
സന്ധ്യ തൻ വേരുകൾ കടലിൽ മുങ്ങി
ഒരു തപ്ത നിശ്വാസം താഴേക്കുതിർത്തു ഞാൻ
 എന്നിലെ എന്നിലേക്കാഴ്ന്നിറങ്ങി.
ജീവനും ജീവനും ഒരുമിച്ചു ചേർന്ന നാൾ
സഫല പ്രതീക്ഷ തൻ ശലഭമായ് ഞാൻ
ജനനി തന്നുദരത്തിലൂന്നിയ വേരുകൾ
ജനകന്നഭിമാന തിലകമായി
പത്തുമാസം പൊക്കിൾക്കൊടിയിലൂടമ്മതൻ
ഉൾക്കാമ്പു മൊത്തമായ് ഊറ്റിയ ഞാൻ
 അന്നൊരു നാളിലീ മണ്ണിൻ മുകളിലായ്
വന്നു പിറന്നു വേരറ്റപോലെ
അമ്മിഞ്ഞപ്പാലുണ്ട് , അമ്മടിത്തട്ടിലായ്
തായ് വേരു പടലമായ് മാറിയോൾ ഞാൻ
പിന്നെയും ഞാനെന്റെ വേരുകളൊന്നൊന്നായ്
അവനി മാതാവിൽ പടർത്തീടവെ
ഞാനാകെ മാറി..പതുക്കെയീ ലോകത്തിൻ
സൂനമായ്....വർണ്ണ പതംഗമായി
മധുവുണ്ടു പ്രേമത്തിൻ രാഗം പൊഴിക്കുവാൻ
ഭ്രമരങ്ങൾ മൂളിമുരണ്ടു നിന്നു.
നിറമൊത്ത നലമൊത്ത പെണ്ണായ നിമിഷം ഞാൻ
അകലത്തിൻ വേരിനായ് കൊതി പൂണ്ട നാൾ
അച്ഛൻ കരങ്ങളാൽ പാണീഗ്രഹണത്തിൻ
സുരഭില സിന്ദൂര രേഖ തീർത്തു.
നാളുകളൊന്നൊന്നായ് നാണം പൊഴിക്കവേ
പൈതങ്ങൾ തൻ ചിരിക്കൊഞ്ചലുകൾ
ഹൃദയത്തിലേറ്റി ഞാനൂറ്റം നടിക്കവേ
മരണമായ് അച്ഛന്റെ വേരറുത്തു.
മക്കളെ കണ്ടു...മാമ്പൂവും കണ്ടു
മത്സര സ്നേഹത്തിൻ മാറ്റുരച്ചു
തറവാടു വീടിന്റെ തായ് വേരറുക്കവേ
സ്നേഹത്തിൻ വേരും മുറിച്ചു മാറ്റി
ആശാ ദേവി.കെ

*************************
ഒരു 'വറ്റിന്റെ 'ജീവിതയാത്ര..
 (നെൽച്ചെടിയിൽ നിന്നും അരിമണി പിറക്കുന്നതും അതു നമുക്കു മുന്നിൽ ഉച്ചിഷ്ടമായി മാറുന്നതുമായ ദുർവിധിയെ പറ്റി ഒരു അരി മണിയുടെ വിലാപമാണ് ഈ കവിത. ഭക്ഷണം പാഴാക്കിക്കളയുമ്പോൾ നാം ഓർക്കുന്നില്ല ഒരു നേരം ഭക്ഷണം കിട്ടാതെ അലയുന്നവരെ ...)
 കതിരിടും നേരത്ത് പതിരായിപ്പോയില്ല
  കതിർ കനം വെച്ചപ്പോൾ കിളിതിന്നും പോയില്ല
  ഇളം കാറ്റടിച്ചപ്പോൾ ഞെട്ടറ്റുവീണില്ല ചാഞ്ചാടും നേരത്തോ ചാഴി പിടിച്ചില്ല അയലത്തെ പിള്ളേരോ തല്ലി കൊഴിച്ചില്ല
കൊയ്യുന്ന നേരത്തോ കൂട്ടം പിരിഞ്ഞില്ല
കറ്റ കെട്ടീടുമ്പോൾ കയറിൽ കുരുങ്ങീല
കറ്റ മെതിക്കും കരിങ്കല്ലിനുള്ളിലെ പൊത്തിലും പറ്റിപ്പിടിച്ചു കിടന്നില്ല
 ചേറുന്ന നേരത്തോ ദൂരെത്തെറിച്ചില്ല അളവെടുക്കുമ്പോഴോ പറ തെന്നിപ്പോയില്ല
   പത്തായപ്പുരയിലെ പൊത്തിലൊളിച്ചില്ല. പുഴുങ്ങിയുണക്കുമ്പോൾ കാക്ക കൊറിച്ചില്ല കുത്തുന്ന നേരത്തോ മില്ലിൽ കുരുങ്ങീല ചാക്കിൽ നിറക്കുമ്പോൾ ചാടി മറഞ്ഞില്ല വാഹന യാത്രയിൽ വഴിയിലോ വീണില്ല പലപല ധാന്യപ്പുരകൾക്കയറി ഞാൻ
  നാട്ടിലെ റേഷൻ കടയിലും വന്നെത്തി അവിടത്തെയെലി എന്നെ തിന്നു മുടിച്ചില്ല കടയിലെത്തറയിൽ ചവിട്ടിയരച്ചില്ല
  വീട്ടുകാരൻ വന്നു തൂക്കിയെടുക്കുമ്പോൾ ഒട്ടും മടിക്കാതെ സഞ്ചിയിൽക്കയറി ഞാൻ വീട്ടമ്മയെന്നെ കഴുകിയ നേരത്തും പാത്രത്തിൽനിന്നും തെറിച്ചു പോയീല ഞാൻ വെട്ടി തിളച്ചുമറിയുന്ന നേരത്ത്
  മൂടി തുറന്ന് പുറത്തു പോയീല ഞാൻ ഊറ്റിയെടുത്തെന്നെ പാത്രത്തിലാക്കുമ്പോൾ
 ഊറിച്ചിരിച്ചു ഞാൻ ഏറെ പ്രതീക്ഷയാൽ ആരോ കഴിക്കുമെന്നേറെ മോഹിച്ചു ഞാൻ സ്വപ്നങ്ങൾ കണ്ടു മയങ്ങുന്ന നേരത്ത്
  വീട്ടമ്മ വന്നു പലപല പാത്രത്തിൽ
  മെല്ലെ വിളമ്പിക്കറിയുമൊഴിച്ചു കൊച്ചുമോൻ വന്നു കഴിച്ചോരു പാത്രത്തിൽ പാതി കഴിച്ചതിൻ ബാക്കിയായി വന്നു ഞാൻ കാതങ്ങളേറെ ഞാൻ പിന്നിട്ടു വന്നിപ്പോൾ
  ഉച്ചിഷ്ടമായി കിടക്കുന്നതെൻ വിധി
ഗോപാലൻ മങ്കട

*************************
നീയും ഞാനും
നീ പുഴയാകുമ്പോൾ
ഞാൻ  തുരുത്താകാം.
മഞ്ഞ് ആണെങ്കിൽ '
ഉൾ ചൂടാകാം
മിന്നലായ് തീർന്നാൽ
കണ്ണീർമഴയാകാം
വെയിലായ് പിറക്കുമ്പോൾ
തണലിന്റെ കുടയാകാം
മഴയായ് പെയ്തിറങ്ങുമ്പോൾ
മലർക്കളമായ്  ഉയിർക്കാം
 കാട് പൂക്കുമ്പോൾ
നക്ഷത്ര വെളിച്ചമാകാം.
വേരുകളാഴ്ത്തുമ്പോൾ
പടർന്നു പന്തലിക്കാം.
പറക്കാൻ ചിറകേകിയാൽ
അതിരില്ലാത്ത ആകാശം തീർക്കാം.
സീമാതീതമായ ആകാശമോ
സാഗരമോ ,ഹിമാലയമോ
പോലെ പകരം
വെയ്ക്കാനില്ലാത്ത
പ്രതിഭാസങ്ങൾ
തീർക്കുമ്പോൾ
നിനക്ക് നീയും
എനിക്ക് ഞാനും ആയി
പുനർജനിക്കാം.
കൃഷ്ണദാസ് .കെ

*************************
പ്രതീക്ഷ ഈ ജീവിതം
അമ്മതൻ സ്നേഹമാണേറ്റം
വലുതെന്നും,,,,,
അമ്മതൻ ത്യാഗമാണേറ്റം
മഹത്തെന്നു.....
ഘോഷിക്കയാണെന്റെ
പുസ്തക പാഠങ്ങൾ,,,...
അമ്മത്തൊട്ടിലിൽ താരാട്ടും
അമ്മയെഴുത്തിൻ തെളിച്ചവും
മകനായ് വിശന്നിരിക്കുന്നോരു
ബഷീറിനമ്മതൻ
കാത്ത് കാത്തൊള്ളോരിരിരുപ്പും,,,,,
നാടിൻ വിശപ്പിന്റെ തീവ്രമാംവേവാറ്റും അമ്മതൻ
വേദവും,,,,
അങ്ങനെയങ്ങനെ അമ്മ നിറയുന്നു...
അമൂല്യമാം അക്ഷരദീപമായെന്റെ
പുസ്തകത്തിന്നക ത്താളുകളിൽ,,,,
എന്നമ്മയെങ്ങെന്നു ചിന്തിക്കേ
എൻ മനസ്സെന്തേ.. സുറുങ്ങുകയായ്.....
രണ്ട് കുരുന്നിനെ...
പെൺപൈതങ്ങളെ....
തീരെ ചെറുതിലേ....
അച്ഛനെയേൽപ്പിച്ചു മാഞ്ഞതമ്മ
ആരുടെ കൂടെന്നോ....
എങ്ങെന്നോ...
എത്ര നാളെന്നോ...
എന്നമ്മയെ ഇന്നും ഞാൻ തേടിടുന്നു......
എന്നനുജത്തിയെ മാറോടു ചേർത്തു ഞാൻ അമ്മയായ് മാറുന്നു....
മിക്കപ്പോഴും,,,,..
വർഷങ്ങളെത്ര കഴിഞ്ഞു പോയ് അമ്മ തൻ
പേർ പോലും ആരും പറഞ്ഞതില്ല'......
മദ്യമാണച്ഛനെല്ലാമെന്നാകിലും....
അച്ഛന്റെ ത്യാഗമാണിപ്പൊഴും....
സ്നേഹമായ്
അന്നമായ്.... കരുതലായ്....ഇടയ്ക്കൊക്കെമാറുന്നതെന്ന് മാത്രം,,,,,,
രാതികൾ കൂരിരുട്ടാണ്... കറുപ്പാണ്
ഭീതിതൻ പേക്കിനാവാണ്;....
പക്ഷേ പുലരികൾ
ജീവിത പ്രേരണയാകും പ്രതീക്ഷകൾ,,,,,
നാളെ തൻ സ്വപ്നങ്ങൾ:...
ശുന്യമാം നഷ്ടമാം ഇന്നിന്റെ നോവിനെയാറ്റും
പ്രതീക്ഷയാണെന്നുമെൻ ജീവിതം,,,,,
ശ്രീലാ അനിൽ

*************************
ഹാ ഹാ റെഡീമെയ്ഡ്സ്
തയ്യൽക്കാരന്റെ
മുറിയിപ്പോൾ
അളവുകൾ
തൂങ്ങി മരിച്ച
ആളൊഴിഞ്ഞ പറമ്പാണ്
അണുവിട
പിഴക്കാതെ
അളന്നു മുറിച്ച്
തയ്ച്ചെടുത്ത്
ശ്രദ്ധാപൂർവ്വം
തേച്ചു മിനുക്കി
പലരെയും
തൂക്കിയതിന്റെ
പാപഫലം..
അടുത്തടുത്ത്
ഞാനും നീയും.
അയാൾ കാണാതെ
പരസ്പരം
തൊട്ടു നോക്കുന്നു
ചുവന്ന ഷർട്ടിനോട്
നിന്റെ നീല ചുരിദാർ
എന്നാണ് കല്യാണമെന്ന്
ഒന്നുമറിയാത്ത പോലെ
നാടൻ ഭാഷയിൽ
നിഷ്ക്കളങ്കപ്പെടുന്നു...
മരിച്ചതിനാൽ
വാങ്ങപ്പെടാതെ
പൊടിപിടിച്ച്
നരച്ചു മുഷിഞ്ഞ്
അയൽ ഭിത്തിയിൽ
തൂങ്ങിയാടുന്നു
വക്കു തുന്നി വെച്ച
പഴയ മോഡൽ
വോയിൽ സാരി...
കക്ഷം കീറിയ
വിയർപ്പുമായി
പെട്ടെന്നൊരു വെയിൽ
പടി കയറി വരുന്നു...
തുന്നലിനിടെ
സൂചി പൊട്ടി
തയ്യൽക്കാരന്
ചായ കുടിക്കാൻ തോന്നുന്നു
ഏതോ അളവിൽ
തുന്നി വച്ചതാകിലും
മരണശേഷമിട്ടു നോക്കുമ്പോൾ
എനിക്ക് നീ എത്ര പാകം!
ശ്രീനിവാസൻ തൂണേരി