24-09-19

🌷🌹🌷🌹🌷🌹🌷🌹🌷🌹
🙏ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏
🌷🌹🌷🌹🌷🌹🌷🌹🌷🌹
ഈയാഴ്ച നമ്മൾ പരിചയപ്പെടുന്ന ചിത്രകാരൻ ഏറെ പ്രശസ്തനല്ല... നശിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രകലാ ശൈലിയുടെ ജീവൻ നിലനിർത്താൻ വേണ്ടി പോരാടുന്ന രണ്ടോ മൂന്നോ പേരിൽ ഒരാൾ...
ഇദ്ദേഹമാണ് കെ.കെ. ഹരിദാസ് .കേരളത്തിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന ബ്ലാവേലി വായനയുടെ പ്രചാരകൻ. എന്താണ് ബ്ലാവേലി വായന എന്ന് മനസ്സിൽ സംശയം തോന്നുന്നുണ്ട് അല്ലേ?ആദ്യം ബ്ലാവേലി വായന പരിചയപ്പെടുത്തിയ ശേഷം നമുക്ക് ചിത്രകാരനിലേക്ക് തിരിച്ചു വരാം (ദൃശ്യകലാപംക്തിയിൽ ബ്ലാവേലി വായനയെക്കുറിച്ചുള്ള ഒരു സൂചന മുമ്പ് കൊടുത്തിരുന്നു)
ബ്ലാവേലി വായന
〰〰〰〰〰〰
എറണാകുളം, കോട്ടയം ആലപ്പുഴ ജില്ലകളിൽ പ്രചാരത്തിലുള്ള ചിത്രവായന രൂപത്തിലുള്ള കലാരൂപമാണ് ബ്ലാവേലി വായന.കയ്യിൽ ചുരുട്ടിപ്പിടിച്ച ചിത്ര ശേഖരവുമായി ചിത്രവായന നടത്തുന്ന പണ്ടാരൻ സമുദായത്തിലെ മ്ലാവേലി പണ്ടാരൻമാർ വീടുവീടാന്തരം കയറിയിറങ്ങുകയും ചുരുട്ടിപ്പിടിച്ച ചിത്രശേഖരം നിവർത്തി അതിലുള്ള നൂറിലധികം ചിത്രങ്ങൾ വടിയുപയോഗിച്ച്  ചൂണ്ടിക്കാട്ടി പാട്ടു രൂപത്തിൽ വിശദീകരിക്കുകയും ചെയ്യുന്നു. നാട്ടുഭാഷയിലാണ് വിശദീകരണം .കർക്കടക മാസത്തിലാണ് ഇവരുടെ വരവ്.ശ്രീ മഹാദേവ ലീലകൾ വർണ്ണിച്ച് മനുഷ്യരെ നൻമയിലേക്ക് നയിക്കുകയാണ് ഈ ചിത്രവായനയുടെ ലക്ഷ്യം. കൃഷി ,കാലി വളർത്തൽ, ഈശ്വരഭജനം ,ദാനം എന്നിവയാണ് മുഖ്യ പ്രമേയങ്ങൾ.
കെ.കെ.ഹരിദാസ് എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം മ്ലാവേലി ചിത്രരചനയും വായനയും ധനസമ്പാദനത്തിനുള്ള തൊഴിൽ എന്നതിലുപരി അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു കലയുടെ ജീവൻ നിലനിർത്തുന്നതിനുള്ള പോരാട്ടമാണ്. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കൽ ചില തിരക്കുകൾ കാരണം നടന്നില്ല. ബ്ലാവേലി ചിത്രങ്ങൾ വരയ്ക്കുമ്പോഴും ബ്ലാവേലി ചാർട്ടുകൾ തലമുറകൾക്കായി കൈമാറുമ്പോഴും നടക്കാറുള്ള ചടങ്ങുകൾ 65 കാരനായ ഹരിദാസിന്റെ ഓർമ്മയിൽ   ഉണ്ട്.കർണ്ണാടകയിൽ നിന്നും വന്ന പൂർവികരിൽ നിന്നുമാണ് ഹരിദാസിന് ഈ ചിത്രരചനയുംവായനയും രക്തത്തിൽ ചേർന്നത്.15 വയസു മുതലേ അമ്മാവന്റെ കൂടെ അദ്ദേഹം ഈ രംഗത്തുണ്ട്. ആദ്യകാലത്ത് കോട്ടൺ തുണിയിൽ മൈദ കലക്കി മുക്കി കട്ടിയാക്കിയ ശേഷം മഞ്ഞൾ കലർത്തുന്നു.ഇതിൽ മഷിയുപയോഗിച്ച്  വരയ്ക്കുന്നു. ഇപ്പോളിത് പ്ലാസ്റ്റിക് / ഫ്ലക്സ് ഷീറ്റിലേക്ക് വഴിമാറിയിട്ടുണ്ട്‌. ഹരിദാസിന്റെ ചിത്രങ്ങൾ കാണു.. ബ്ലാവേലി വായന ആസ്വദിക്കൂ
https://youtu.be/TpTSDSFNBc0
ചിത്രകലയുടേയും പാട്ടു രൂപത്തിലുള്ള താളാത്മക വായനയുടേയും മധുരതരമായ മേളനമായ ഈ മ്ലാവേലി വായനയുടെ കേരളത്തിൽ നിലവിലുള്ള  മറ്റു പേരുകൾ😊
🌷രാവേലി വായന
🌷ബ്ലാവേലി വായന
🌷ഡാവേലി വായന
🌷ബ്ടാവേലി വായന
ബ്ലാവേലി വായനയെക്കുറിച്ചുള്ള ഒരു അനുഭവക്കുറിപ്പിതാ.... എഴുതിയത് ശ്രീ.മുരളി തുമ്മാരുക്കുടി👇👇
വെങ്ങോലക്കവലയിൽ നിന്നും ഒന്നര കിലോമീറ്ററോളം ഉള്ളിലേക്ക് മാറിയാണ് തുമ്മാരുകുടി. അന്നുമിന്നും അവിടേക്ക് ബസ് സംവിധാനമൊന്നുമില്ല. കവലയിൽ ബസിറങ്ങി ഈ ദൂരം നടക്കുക തന്നെ വേണം. പണ്ട് ഞങ്ങൾക്കും സ്വന്തം വാഹനം ഒന്നുമില്ല. പല കച്ചവടക്കാരും സാധനങ്ങളുമായി വീടുകളിൽ എത്തുകയാണ് അക്കാലത്ത് പതിവ്. എന്നും മീനുമായി വരുന്ന ആലി മാപ്പിളയെപ്പറ്റി ഞാൻ പണ്ടേ എഴുതിയിട്ടുണ്ടല്ലോ. “സോപ്പ്, ചീപ്പ്, കണ്ണാടി” എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് വരുന്ന സ്ഥിരം കച്ചവടക്കാരന്റെ ചെറിയ പെട്ടിയിൽ ഒരു വീട്ടിലെ സ്ത്രീകൾക്കാവശ്യമായ സകല സൗന്ദര്യവർദ്ധക വസ്തുക്കളും കാണും. തലയിൽ ഉപ്പുചാക്കുമായി വരുന്ന “ഉപ്പുകാരൻ മാപ്പിള” മറ്റൊരു കാഴ്ചയാണ്. നാട്ടിലൊന്നും കിട്ടാത്ത വലിപ്പത്തിലും വെണ്മയിലും ഉള്ള ഉപ്പുമായാണ് പുള്ളിയുടെ വരവ്. ഒരു ലിറ്റർ കല്ലുപ്പിന് അന്ന് പത്തു പൈസയായിരുന്നു വില. ഒരു ദിവസം ഒരാൾക്ക് ചുമക്കാൻ പറ്റുന്നതിന്റെ പരമാവധി ഉപ്പ് ചുമന്നുനടന്ന് വിറ്റാൽ പോലും ദിവസം രണ്ടുരൂപ കിട്ടിയാലായി. അതിൽ ഉപ്പിനു കൊടുക്കുന്ന വില കഴിഞ്ഞാൽ പിന്നെ വില്പനക്കാരന് എന്ത് വരുമാനം കിട്ടും? എന്തായാലും അദ്ദേഹവും മുടങ്ങാതെ വന്നിരുന്നു. വീട്ടിൽ സ്ഥിരമായി വരുന്ന ഭിക്ഷക്കാർ ഉൾപ്പടെയുളളവരെപ്പറ്റി എനിക്ക് നല്ല ഓർമ്മകൾ ഉണ്ട്, അവർ ഓരോരുത്തരും ഓരോ കഥാപാത്രങ്ങളാണ്. സമയം കിട്ടുമ്പോൾ എല്ലാവരെയും പറ്റി എഴുതണം.
ഇക്കൂട്ടത്തിൽ വ്യത്യസ്തനായ ഒരാളായിരുന്നു, ബ്ലാവേലി വായിക്കാൻ വന്നിരുന്ന ചേട്ടൻ. ഈ ബ്ലാവേലി എന്ന സാധനം പുതിയ തലമുറ കണ്ടിട്ടുകൂടി ഉണ്ടാവില്ല. വളരെ മാന്യമായി വസ്ത്രം ധരിച്ച്, വലിയൊരു ചാക്കും ഒരു കലണ്ടറുമായാണ് ആളുടെ വരവ്. വീട്ടിലെത്തിയാലുടൻ ചാക്ക് പുറത്തുവെച്ച് കലണ്ടർ ചുമരിലെ ആണിയിൽ തൂക്കും. അപ്പോഴേക്കും ഞങ്ങൾ കുട്ടികളെല്ലാം ചുറ്റും ചമ്രം പടിഞ്ഞിരിക്കും.
കലണ്ടർ എന്ന് പറഞ്ഞത് തുണിയിൽ പെയിന്റ് ചെയ്ത ഒന്നാണ്. ഒരു പശുവും കുറച്ചാളുകളും അറുക്കപ്പെട്ട ഒരു തലയും കുറച്ച് പാത്രങ്ങളും ഒക്കെയാണ് ചിത്രത്തിലുള്ളത്. എല്ലാവരും ഹാജരായിക്കഴിഞ്ഞാൽ അദ്ദേഹം ബ്ലാവേലി വായന തുടങ്ങും. കൈയിലുള്ള വടികൊണ്ട് ഓരോ ചിത്രത്തിലേക്കും ചൂണ്ടി ഒരു പ്രത്യേക സ്റ്റൈലിലാണ് കഥ പറയുന്നത്. തെളിച്ചു വർത്തമാനം പറയാത്ത ആളുകളെ “ബ്ളാവേലി വായനക്കാരനെ പോലെ” എന്നാണ് തുമ്മാരുകുടിയിൽ പൊതുവെ പറയുന്നത്.
കുട്ടികളുണ്ടാകാതെ ദുഃഖിച്ചിരുന്ന ദമ്പതികളുടെ വീട്ടിൽ ഒരു പരദേശി വരുന്നതാണ് കഥ. അവരുടെ ദുഃഖം അറിഞ്ഞ പരദേശി തന്റെ അനുഗ്രഹം കൊണ്ട് അവർക്ക് കുട്ടിയുണ്ടാകുമെന്ന് അനുഗ്രഹിച്ചു, ഒരു വ്യവസ്ഥയിൽ. കുട്ടിയുടെ അഞ്ചാം പിറന്നാളിന് താൻ വീണ്ടും വരുമെന്നും അന്ന് കുട്ടിയെ കൊന്ന് കറിവെച്ചു കൊടുക്കണമെന്നുമായിരുന്നു വ്യവസ്ഥ. കുട്ടിയുണ്ടാകാനുള്ള അദമ്യമായ ആഗ്രഹത്തിൽ ഗത്യന്തരമില്ലാതെ ദമ്പതികൾ വ്യവസ്ഥ അംഗീകരിക്കുന്നു. കുട്ടിയുടെ അഞ്ചാമത്തെ പിറന്നാളിന് അവനെ ബലികൊടുത്ത് അതിൽ നിന്ന് കറിയുണ്ടാക്കി വെക്കും. അതിന്റെ പടമാണ് കലണ്ടറിൽ ഉള്ളത്. അങ്ങനെ “ഉണ്ടക്കറിയും ഉതിരക്കറിയും” ഉണ്ടാക്കി ദമ്പതികൾ പരദേശിയെ കാത്തിരുന്നു. പിറന്നാൾ ദിനത്തിൽ അവിടെയെത്തിയ പരദേശി സദ്യ കഴിക്കുന്നതിന് മുൻപ് അവരോട് കുട്ടി എവിടെ എന്ന് ചോദിക്കും, അവർ മറുപടി പറയുന്നില്ല. ‘കുട്ടിയും സന്തോഷവും ഇല്ലാത്ത വീട്ടിൽ എങ്ങനെ ഭക്ഷണം കഴിക്കും, നിങ്ങൾ അവനെ പേരെടുത്ത് നീട്ടി വിളിക്കൂ’ എന്ന് പരദേശി പറയും. അങ്ങനെ അമ്മ വിളിക്കുമ്പോൾ ബലി കൊടുത്ത കുട്ടി ചിരിച്ചോടി വരുന്ന ശുഭ പര്യവസായിയാണ് ബ്ളാവേലി കഥ.
ഇതുപോലെ നാട്ടിൽ പട്ടുപാടുന്ന പുള്ളുവന്മാരും പുള്ളുവത്തിമാരും വരാറുണ്ടെങ്കിലും അവർ ഓരോ തവണയും വേറെ പാട്ടാണ് പാടുന്നത്. പക്ഷെ ഈ ബ്ളാവേലിക്കാരന്റെ അടുത്ത് ഇങ്ങനെ ഒരു കഥയേ ഉള്ളൂ. ഈ കഥ ഞാൻ എത്രയോ പ്രാവശ്യം കേട്ടിട്ടുണ്ട്. എന്നാൽ എന്തിനാണ് ഒരേ ആൾ ഒരേ സ്ഥലത്ത് ഒരേ കഥ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ എല്ലാ വീട്ടിലും വന്ന് പറഞ്ഞിരുന്നത്? എന്തിനാണ് പല തവണ കേട്ടിട്ടും ഒരേ കഥ കേൾക്കാൻ ആളുകൾ അയാൾക്ക് പണം കൊടുത്തിരുന്നത്? ആർക്കറിയാം !
ഈ ബ്ലാവേലി വായനയുടെ അവസാനഭാഗത്ത് ഒരു തമാശയുണ്ട്. ‘ഈ ബ്ലാവേലി ദാനം ചെയ്തത് ഇന്ന വീട്ടിലെ ഇന്ന വലിയപ്പൻ/വലിയമ്മ’ എന്നുകൂടി പറഞ്ഞാണ് കഥ അവസാനിപ്പിക്കുന്നത്. അതിനുശേഷം ഇടങ്ങഴി നെല്ല് അയാൾക്ക് കൊടുക്കും, അതാണ് കൂലി. അഞ്ചിടങ്ങഴി നെല്ല് കൊടുത്താൽ അതിന് “ബ്ളാവേലി ദാനം” എന്ന പേരായി. വായനക്കാരൻ പിന്നെ അടുത്ത വീട്ടിൽ ചെല്ലുമ്പോൾ “ബ്ളാവേലി ദാനം ചെയ്തത്ന തുമ്മാരുകുടിയിലെ രണ്ടാമൻ” എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും, വേറെ ആരെങ്കിലും ബ്ളാവേലി ദാനം ചെയ്യുന്നത് വരെ.
ഒരു വീഡിയോ ലിങ്കും കൂടിയിതാ👇👇
https://youtu.be/C-L0FvDPf0I
മ്ലാവേലി വായനയുടെ വേരുകൾ എവിടെ നിന്നായിരിക്കാമെന്ന ഇന്നത്തെ ഈ ചുരുങ്ങിയ സമയത്തിനുള്ളിലെ അന്വേഷണം എന്നെ കൊണ്ടുചെന്നെത്തിച്ചത് "പട്വ" എന്ന ചിത്രകലാശൈലിയിലായിരുന്നു.പശ്ചിമബംഗാൾ,ഒഡിഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന ഈ ചിത്രവായനാകലാരൂപത്തിന്റെ അടിസ്ഥാനം ഒന്നുതന്നെ

ശ്രീ.വിജയകുമാർ മേനോൻ എഴുതിയ ഈ ലേഖനം മ്ലാവേലി വായനയുടെ ചരിത്രത്തിലേക്ക് ഒരു സൂചന തരുന്നു... വായിച്ചു നോക്കണേ👇👇👇
ചുമർചിത്രങ്ങളിൽ കഥാകഥനമുണ്ടെങ്കിലും നാടോടി സംസ്‌കാരത്തിന്റെ ഭാഗമായി ‘കൊണ്ടുനടന്നു’ കാണിക്കുന്ന ചിത്രങ്ങൾ മറ്റൊരിനത്തിൽപ്പെടുന്ന ആഖ്യാനചിത്രങ്ങളാണ്‌. പഴക്കം പറയാമെങ്കിലും എ.ഡി.15-​‍ാം നൂറ്റാണ്ടോടെ ഭാരതത്തിലെ പല പ്രദേശത്തും (വടക്കേ ഭാരതത്തിൽ പ്രത്യേകിച്ചും) ‘കൊണ്ടുനടക്കാവുന്ന’ ചിത്രങ്ങൾക്ക്‌ സമൂഹത്തിൽ പ്രിയമേറുന്നുണ്ട്‌. മുന്നേതന്നെ താളിയോല ഗ്രന്ഥങ്ങളിലെ സാഹിത്യലിഖിതത്തോടൊപ്പം ചിത്രലിഖിതങ്ങളുമുണ്ടായിരുന്നു. സാഹിത്യഭാഷയിലുളള ആഖ്യാനത്തിന്റെ സമാന്തര ദൃശ്യഭാഷാഖ്യാനമായിരുന്നു അത്‌. എന്നാൽ 15-​‍ാം നൂറ്റാണ്ടോടെ വടക്കേ ഭാരതത്തിൽ പ്രാദേശികഭാഷകളായ മൈഥിലി, അവഥി, ബ്രജ്‌ തുടങ്ങിയ ഭാഷകൾ ആഖ്യാനത്തിന്റെ മേഖലയിൽ ശക്തമായി. അതോടൊപ്പം അവിടങ്ങളിൽ ദൃശ്യഭാഷയും പ്രബലമായി. എഴുത്തുഭാഷയേക്കാൾ സംസാരഭാഷ എന്ന നിലയിലാണ്‌ ഈ പ്രാദേശികഭാഷകൾ നിലനിന്നതും വളർന്നതും. ആ വാങ്ങ്‌മയസംസ്‌കാരത്തിന്റെ നാടോടിത്തവുമായാണ്‌ അതിന്റെ ദൃശ്യഭാഷയ്‌ക്കും അടുപ്പം കാണുന്നത്‌. നിലത്തുനിന്നും ചുമരിൽനിന്നും വേർപെട്ട്‌ തുണി-കടലാസു ചുരുളുകളിൽ ഉണർന്ന ഈ ചിത്രങ്ങൾ സമൂഹത്തിൽ ഒരു കൂട്ടത്തിനോടോ ഓരോ വീട്ടിലെ അംഗങ്ങളോടെ നേരിട്ടു സംവാദം നടത്തുന്നവയായി. ചുരുൾചിത്രം വരയ്‌ക്കുന്നവർ അതു കൊണ്ടുനടന്ന്‌ അതിലെ രൂപങ്ങൾ ചൂണ്ടിക്കാട്ടി ഒപ്പം അതിന്റെ പാട്ടുകളും പാടുക എന്ന രീതിയുപയോഗിച്ചു. അത്‌ ഒരു ‘ചിത്രപ്പാട്ടു’ രീതിയായി. ഈ ചിത്രപ്പാട്ടുകാരെ ‘പട്വ’ എന്നാണ്‌ വടക്കേ ഭാരതത്തിൽ പൊതുവേ അറിയുന്നത്‌. ഈ പാരമ്പര്യം എന്നു തുടങ്ങി എന്ന്‌ കൃത്യമായി പറയുക വയ്യ. ഇക്കൂട്ടർതന്നെ നാഥദ്വാര, പുരി, കാളിഘട്ട്‌, തഞ്ചാവൂർ എന്നീ ക്ഷേത്രനഗരങ്ങളിൽ അവിടത്തെ ഉൽസവക്കമ്പോളത്തിൽ ചിത്രവില്പനയും നടത്താറുണ്ട്‌. ഭിത്തിയിൽ ചിത്രം വരയ്‌ക്കുകയും, മണ്ണുകൊണ്ടു ശില്പമുണ്ടാക്കുകയും ക്ഷേത്രച്ചുമരലങ്കരിക്കുകയും ചെയ്യുന്ന ഈ ‘പട്വാ’കൾ പ്രവൃത്തിയിലും കലയിലും ജീവിതത്തിലും നാടോടി സംസ്‌കാരം കാണിക്കുന്നു.
ഈ ചിത്രങ്ങളിൽ പലതിലെയും കഥ രാമായണ, ഭാരത, ഭാഗവത ഗ്രന്ഥങ്ങളിൽ നിന്നാകും. എങ്കിലും അവയോടൊപ്പം തങ്ങളുടെ പ്രാദേശിക ദൈവങ്ങളും കഥാപാത്രങ്ങളും അനായാസമായി കൂടിച്ചേരും. രാമരാവണയുദ്ധം വരയ്‌ക്കുവാൻ രാമന്റെ കൂടെ ഭരതനും യുദ്ധം ചെയ്യുന്നത്‌ ഉന്നത രാമായണത്തിലില്ല. ഭരതൻ ആ സമയം നാടുവാഴുകയാണല്ലോ. എന്നാൽ സ്വന്തം സഹോദരൻ യുദ്ധം ചെയ്യുമ്പോൾ നാടുവാണിരിക്കാൻ തയ്യാറാകാതെ ഭരതനും യുദ്ധത്തിൽ പങ്കെടുക്കുന്നതായി ചിത്രീകരിക്കുന്ന ‘പട്വാ’കളുണ്ട്‌. രാമായണത്തിന്റെ ഒരു ‘ഫോക്‌പാഠ’മാണിത്‌. അതിലവരുടെ ജീവിതവീക്ഷണം പ്രതിഫലിക്കുന്നു. സഹോദരന്റെ ദുരിതം പങ്കിടാൻ തയ്യാറായ ഭരതൻ ‘പട്വാ’കളുടെ സഹോദരസ്നേഹമെന്ന ജീവിത വീക്ഷണത്തിന്റെ ചിഹ്‌നമാണ്‌. ഇതാണ്‌ സ്വാഭാവികമായിവരുന്ന പാഠാന്തരത്തിനു ഹേതു. അതുപോലെ ദൈവങ്ങളുടെ കൂടെ സമകാലികരും കടന്നുവരാം. ഈ ചിത്രപ്പാട്ടുകാർ അതാതു നാട്ടിലുളള മാന്ത്രിക പ്രവൃത്തി, ജ്യോതിഷം, കൈനോട്ടം എന്നിവയും നടത്താറുണ്ട്‌. തിരശ്ചീനമായോ ലംബമായോ ചുരുട്ടിവെക്കുന്ന ഈ ചിത്രങ്ങൾ ചിത്രപ്പാട്ടവതരിപ്പിക്കുന്ന സമയത്ത്‌ ചുരുൾ നിവർത്തി, കഥയുടെ ഓരോ ഭാഗം തൊട്ടുകാട്ടി, ആ ഭാഗത്തെക്കുറിച്ചുളള പാട്ടുപാടി, ഒരു ദൃശ്യ-ശ്രവ്യാനുഭവം, പ്രദാനം ചെയ്യുന്നവരാണ്‌ ‘പട്വാ’കൾ. അതിനവർക്ക്‌ ‘ദക്ഷിണ’യും കിട്ടും. പലപ്പോഴുമിത്‌ വിവിധ അനുഷ്‌ഠാനങ്ങളുമായി ബന്ധപ്പെട്ടാണു ചെയ്യുന്നത്‌. ഇത്‌ കലയും ജീവിതമാർഗ്ഗവുമാണ്‌. ഗ്രന്ഥങ്ങളോട്‌ കൂടിയ ചിത്രങ്ങളിൽ ചിത്രത്തോടൊപ്പം അതിൽ ലിപി വിന്യാസമുണ്ടാകും. അത്‌ അതിന്റെ സാഹിത്യഭാഗമാണ്‌. ചിത്രപ്പാട്ടിൽ ലിപിവിന്യാസമില്ല. ലിഖിത സാഹിത്യത്തിൽനിന്ന്‌ തനി നാടോടി പാട്ടുസാഹിത്യമായി ഇതു മാറുന്നു. ലിപി ലാവണ്യം കാണുന്നതിനുപകരം ഇവിടെ നാടൻപാട്ടിന്റെ സ്വരലാവണ്യമായി അതു കേൾക്കാൻ കഴിയും. നൂറ്റാണ്ടുകളായി അവരാർജിച്ചുപോന്ന പല സിംബോളിക്‌ രൂപങ്ങളും ചിത്രപ്പാട്ടിന്റെ ഈ ചുരുൾ ചിത്രങ്ങളിൽ കാണാം.
20-25 അടി നീളം വരുന്ന പടങ്ങളാണ്‌ ചുരുട്ടി ‘പട്വാ’കൾ കൊണ്ടുനടക്കുന്നത്‌. പലതിലേയും ശൈലീവത്‌കരണം സവിശേഷതയുളളതാണ്‌. നദിക്ക്‌ സർപ്പചലനത്തിന്റെ ആകൃതിരേഖയും, സ്‌ത്രീശരീരത്തിന്‌ ലതാവളവുകളും, ഫലങ്ങൾക്ക്‌ കുംഭാകൃതിയും പൊതുവെ കാണുന്ന സ്വഭാവമാണ്‌. അതുകൊണ്ടുതന്നെ വാർളി ഭിത്തിചിത്രങ്ങളിലും കാണുന്ന പോലുളള ജ്യോമിട്രിവത്‌കൃതരൂപങ്ങൾ ഇല്ല എന്നുതന്നെ പറയാം. സംഗീതത്തിന്റെ താളം, കാറ്റ്‌, സസ്യലതാദികൾക്കു നൽകുന്ന ചലനം, മനുഷ്യനിർമ്മിതികളിൽ വർത്തുളരൂപങ്ങളോടുളള ആഭിമുഖ്യം എന്നിവയാണ്‌ ഇവയിൽ കാണാവുന്ന ശൈലീവിശേഷത.
കണ്ടും കേട്ടും പരിചയമുളള ‘ജാത്ര’കളിലെ രംഗങ്ങളുടെ ടാബ്‌ളോപോലുളള രംഗമോ രംഗാംശമോ വരച്ച്‌ അവയെ പാട്ടുകൊണ്ടു ബന്ധപ്പെടുത്തുന്നതാണ്‌ ചിത്രപ്പാട്ടിലെ ആഖ്യാനത്തിന്റെ ഒഴുക്ക്‌. രാമയാത്ര, ശിവയാത്ര, ചണ്‌ഡിയാത്ര എന്നിവയെല്ലാം ഈ വിധത്തിൽ ചിത്രപ്പാട്ടിൽ കാണാം. ‘യമപടം’ ഒരു പ്രധാന ചിത്രമാണ്‌. ദുഷ്‌ടരെ നിഗ്രഹിക്കുന്ന ധർമ്മദേവന്റെ ചിത്രപ്പാട്ടാണത്‌. ബംഗാൾ&ബീഹാർ പ്രദേശത്തെ ‘സന്താൾ’ വർഗ്ഗക്കാരുടേത്‌ വിവിധ ആചാരങ്ങളുമായി ബന്ധപ്പെട്ട മാന്ത്രികചിത്രങ്ങളാണ്‌. ഈ ‘ജാതു പട്വാ’ക്കൾ അവരുടെ വർഗ്ഗ&ഗോത്ര ദേവന്മാരോടൊപ്പം തന്നെ കൃഷ്‌ണനേയും മൃഗരൂപമുളള മനുഷ്യരേയും അവരുടെ നായക&രാജാവായ ‘സത്യപീർ’നെയും വരക്കും. ‘സത്യപീർ’ ഹിന്ദുക്കളും മുസ്ലീങ്ങളും ആദരവോടെ സ്‌മരിക്കുന്ന ഒരു കഥാപാത്രമാണ്‌. ജാതുപട (മന്ത്രചിത്രം) ങ്ങളിൽ മൃതരുടെ രൂപമെഴുതി അവസാനം ചെയ്യുന്ന ക്രിയയാണ്‌ ‘ചക്ഷുദാനം.’ കണ്ണിന്റെ കൃഷ്‌ണമണി വരക്കുന്ന ഉന്‌മീലനക്രിയയാണിത്‌. മൃതലോകത്തിൽനിന്ന്‌ ആവാഹിച്ചെടുത്ത രൂപങ്ങളാണിതെന്നത്രെ വിശ്വാസം.
രാജസ്ഥാനിലെ ഭിൽദേശത്തെ ചിത്രപ്പാട്ടുകാരായ ‘ഭോപ്പ’മാർ ‘പാബുജി കാ പട്‌’ ചിത്രച്ചുരുളുകളുമായി നാടുചുറ്റി പ്രകടനം നടത്തുന്നവരാണ്‌. തിരശ്ചീനമായി നീളത്തിലാണ്‌ ഈ ചിത്രച്ചുരുൾ. ‘റാതോറി’ലെ വീരനായകനായ ‘പാബുജി’യും അദ്ദേഹത്തിന്റെ കറുത്ത കുതിര ‘കേസൽകാലിനി’യുമാണ്‌ ഇതിലെ മുഖ്യകഥാപാത്രങ്ങൾ. മഞ്ഞ, ചുമപ്പ്‌, കറുപ്പ്‌ എന്നിവയുടെ തീക്ഷ്‌ണ ടോണുകൾ ഉപയോഗിച്ച്‌ ഇതിലെ രൂപങ്ങളൊരുക്കുന്നു. ‘ദേവൽ ദേവി’ എന്ന ഒരു ദേവതാകഥാപാത്രം തന്റെ കുതിരയായ ‘കേസർകാലിനി’യുടെ പുറത്തേറി രാജസ്ഥാനിലെ മാർവാർ ദേശത്ത്‌ കാലിമേയ്‌ക്കുമ്പോൾ ജിയാലിലെ ‘ജിന്തുരാജ്‌’ അവളുടെ കുതിരയെ സ്വന്തമാക്കാൻ ശ്രമിച്ചു. കുതിരയെ വിട്ടുകൊടുക്കാൻ തയ്യാറാവാതെ ദേവൽദേവി ‘കോലുഗർലെ’ ഗ്രാമത്തിലെ നായകനെ സമീപിച്ചു. അദ്ദേഹത്തിന്റെ മകനായ യുദ്ധവീരൻ ‘പാബുജി’ ദേവൽദേവിയുടെ കന്നുകാലികളെ രക്ഷിക്കാമെന്നേറ്റു. ദേവി പാബുജിക്ക്‌ ‘കേസൽകാലിനി’ എന്ന സ്വന്തം കുതിരയെ നൽകി. ഒരിക്കൽ കുതിരപ്പുറത്തു സവാരി ചെയ്യുന്ന ഈ വീരനായകനെ കണ്ട്‌ ആ നാട്ടിലെ രാജകുമാരി അനുരക്തയാവുകയും തന്നെ വിവാഹം ചെയ്യണമെന്ന്‌ പാബുജിയോട്‌ അഭ്യർത്ഥിക്കുകയും ചെയ്‌തു. തനിക്ക്‌ ദേവൽദേവിയുടെ കാലിക്കൂട്ടങ്ങളുടെ പരിപാലനമാണ്‌ പ്രധാനധർമ്മം എന്നു പറഞ്ഞ്‌ അവളുടെ പ്രേമം നിരസിച്ച പാബുജിയെ നിർബന്ധിച്ച്‌ തന്നെ വിവാഹം ചെയ്യാൻ അവൾ സമ്മതിപ്പിച്ചു. വിവാഹം നടക്കുന്ന സമയത്ത്‌ ‘ജിന്ത്‌രാജ്‌’ ദേവൽദേവിയുടെ കാലികളെ മോഷ്‌ടിച്ചു. ഈ വിവരം ദേവൽദേവി പാബുജിയെണ വിവാഹസമയത്തു തന്നെ അറിയിച്ചപ്പോൾ വിവാഹം മുടക്കി ഉടനെതന്നെ ‘ജിന്ത്‌രാജ്‌’നെ നേരിടാൻ പാബുജിയും ആയിരം യോദ്ധാക്കളും തിരിച്ചു. യുദ്ധത്തിൽ പാബുജിയും കുതിര കേസർകാലിനിയും കൊല്ലപ്പെട്ടു. സ്വർഗ്ഗത്തിലെങ്കിലും തനിക്കു ഭർത്താവുമായി ചേരാൻ കഴിയുമെന്നു കരുതി വധു സതിയനുഷ്‌ഠിച്ചു. ഈ ചിത്രപ്പാട്ട്‌ ഗ്രാമസമൂഹത്തിനു മുന്നിൽ കലാകാരകുടുംബത്തിലെ ഭോപ്പയും ഭാര്യയുംചേർന്നു പാടും. നീളത്തിൽ ചുരുൾ നിവർത്തിയ ചിത്രത്തിലെ സന്ദർഭങ്ങൾ പാട്ടിനനുസരിച്ച്‌ അതാതു സമയത്തു തെളിയിച്ചു കാണിക്കാൻ അതാതിടത്ത്‌ പന്തം കാട്ടികൊടുക്കും. രാജസ്ഥാനിലെ നാഥദ്വാരയിൽ നാടോടിച്ചിത്രപ്പാട്ടുകൾ വൈഷ്‌ണവകഥകൾ വരച്ച ചിത്രങ്ങളുപയോഗിച്ച്‌ ശ്രീനാഥജി എന്ന ദൈവത്തിന്റെ കഥയും ചൊല്ലാറുണ്ട്‌.
കേരളത്തിലെ ചിത്രപ്പാട്ട്‌&ചുരുൾചിത്രപാരമ്പര്യത്തിൽ ബ്ല (ംലാ) വേലിപ്പാട്ടാണ്‌ പ്രധാനം. എറണാകുളം ജില്ലയിൽ ഇന്നും അപൂർവ്വമായി കാണാവുന്ന ഈ കലാരൂപം ലംബരൂപത്തിലുളള ചിത്രത്തുണിയാണ്‌. ഇതു നിവർത്തി ഒരു വടിയിൽ തൂക്കിനിർത്തും. മറ്റൊരു വടിയുപയോഗിച്ച്‌ ഓരോ രൂപത്തിൽതൊട്ട്‌ അതിന്റെ കഥപ്പാട്ട്‌ പാടും. ശൈവകഥയായ ശൂരത്തുണ്‌ഡചരിതമാണ്‌ ആഖ്യാനം ചെയ്യുന്നത്‌. ഓണക്കാലത്ത്‌ വീടുകളിൽപോയി ചിത്രപ്പാട്ടുകാർ ഇത്‌ അവതരിപ്പിക്കാറുണ്ട്‌. ശൈവഭക്തനായ ശൂരത്തിണ്‌ഡന്‌ ശിവകൃപയാൽ ഒരു മകൻ ജനിക്കുന്നു. വലിയ ദയാലുവായ ശൂരത്തുണ്‌ഡൻ ഭക്ഷണദാനം ചെയ്‌തശേഷം മാത്രമേ ആഹാരം കഴിക്കൂ എന്ന വ്രതമുളളയാളാണ്‌. പതിവായി അനേകംപേർക്ക്‌ ഭക്ഷണം നൽകാറുളള ശൂരത്തുണ്‌ഡന്‌ ഒരു ദിവസം ഭക്ഷണസമയം കഴിഞ്ഞിട്ടും ആരെയും കാണാനായില്ല. വ്രതഭംഗം വരാതിരിക്കാൻ ആൽത്തറയിൽ കണ്ട ഭിക്ഷുവിനോട്‌ ദാനം സ്വീകരിക്കാൻ അഭ്യർത്ഥിച്ചു. തനിക്കു ഭക്ഷണം തരാൻ ശൂരത്തുണ്‌ഡനാവില്ല എന്നു ശഠിച്ച ഭിക്ഷുവിന്‌ എന്തുവേണമെങ്കിലും നൽകാമെന്നു പറഞ്ഞപ്പോൾ സ്വന്തം മകനെ കറിവച്ചുകൊടുക്കാൻ ഭിക്ഷു കല്പിച്ചു. സത്യവ്രതനായ ശൂരത്തുണ്‌ഡനതു ചെയ്‌തു. പ്രീതനായ ഭിക്ഷു (അത്‌ പരമശിവനായിരുന്നു) മകനെ തിരിച്ചു നൽകിയനുഗ്രഹിച്ചു. ഇതിനു സമാന്തരമായി പ്രാദേശിക പാഠവ്യത്യാസത്തോടെ ഒരു കഥ സൗരാഷ്‌ട്രഭാഗത്തുണ്ട്‌. ബ്ലാവേലിപ്പാട്ടിൽ കഥാഖ്യാനത്തോടൊപ്പം ചില സുഭാഷിത വരികളും കേൾക്കാം. വളരെ അസംസ്‌കൃതശൈലി ആണ്‌ ചിത്രത്തിന്റേത്‌.
ആന്ധ്രയിലും മഹാരാഷ്‌ട്രയിലും ചിത്രകാഥികൻമാരുണ്ട്‌. വിജയനഗര രാജാക്കൻമാരുടെ കാലത്തെ ചിത്രകാരൻമാരുടെ പാരമ്പര്യം പേറുന്ന ഈ കൃതികളെ പ്രതിഷ്‌ഠാനചിത്രങ്ങൾ എന്നാണു വിളിക്കുന്നത്‌. രാമായണ-ഭാരത കഥകളുടെ പ്രാദേശിക പാഠങ്ങളുൾക്കൊണ്ട ഈ ചിത്രങ്ങൾ ദന്തനിറത്തിനു പ്രാധാന്യം നൽകുന്നവയാണ്‌. ഇതിന്റെ ശൈലിക്ക്‌ അന്നാട്ടിലെ ‘തോൽബൊമ്മലാട്ട’ത്തിലെ തുകൽനിർമ്മിത രൂപങ്ങളുടെ സാമ്യമുണ്ട്‌. ആന്ധ്ര, കർണ്ണാടക, മഹാരാഷ്‌ട്ര പ്രദേശങ്ങളിലെ സങ്കരഭാഷയാണ്‌ ഇതിലുപയോഗിക്കുന്ന വാചികം. ചിത്രങ്ങളുടെ ശൈലിക്ക്‌ ആന്ധ്രപ്രദേശിലെ ലേപാക്ഷി ചുമർചിത്രശൈലിയുമായും സാമ്യം തോന്നിക്കാം. ‘പ്രതിഷ്‌ഠാന’ചിത്രങ്ങളിൽ സൈനിക വിഷയങ്ങൾക്കാണ്‌ പ്രാധാന്യം. ആന്ധ്രയിൽ കാളഹസ്‌തി, നാഗപട്ടണം എന്നിവിടങ്ങളിൽ ക്ഷേത്രങ്ങളിലെ രഥോൽസവത്തിന്‌ ഒരു തിരശ്ശീലപോലെ വിശാലമായ ചിത്രത്തുണി ഉപയോഗിക്കുന്ന പതിവുണ്ട്‌. പത്തുകൈകളുളള ഭദ്രകാളിയാകും പ്രധാന രൂപം. കൂടാതെ രേണുക(പരശുരാമന്റെ അമ്മ), കൃഷ്‌ണലീല, പാലാഴിമഥനം, രാമായണം എന്നീ വിഷയങ്ങളും കാണാം. ഗുജറാത്തിൽ സപ്‌തമാതാക്കളുടെ ചിത്രങ്ങൾ (മാതി നിപച്ചേഡി)വരച്ച്‌ അമ്മദൈവങ്ങളെ ആരാധിക്കാറുണ്ട്‌. ഭദ്രകാളി, നാലുകൈകളുളള ബഹുചാര, അംബ, ചാമുണ്‌ഡി, കാളിക, ഖോദിയാൾ എന്ന മുടന്തിയമ്മ തുടങ്ങി നിരവധി അമ്മരൂപങ്ങൾ ചിത്രങ്ങളിലുണ്ടാകും. ‘ബുവ’ എന്ന പുരോഹിതന്റെ അനുഷ്‌ഠാനനൃത്തം ഇതോടനുബന്ധിച്ചു നടക്കും.
ചില പാട്വ ചിത്രങ്ങൾ(ചുരുൾ ചിത്രങ്ങൾ... ബ്ലാവേലി ചിത്രങ്ങൾ) കണ്ടാലോ😊

പാട്വ ചിത്രം വരയ്ക്കുന്ന ഒരു കലാകാരി

കഥയുടെ ചുരുൾ നിവരുമ്പോൾ....



ഒരു കാൻവാസ്‌...എത്രയെത്ര കഥകൾ🌷
കൃഷ്ണലീല

ഈ ചിത്രം വരച്ച് വായന നടത്തുന്ന ചിത്രകാരനെപരിചയപ്പെട്ടാലോ

ഇത് ഗുരുപാദ ചിത്രകാർ(പട്വ വരയ്ക്കുന്നവരുടെ പേരിന്റെ കൂടെ ചിത്രകാർ എന്നു ചേർക്കും)എട്ടാമത്തെ വയസു മുതൽ സ്കൂൾ പഠനമെല്ലാം ഉപേക്ഷിച്ച് ഗുരുപാദ ഈ രംഗത്തുണ്ട്. ഇദ്ദേഹത്തിന്റെ പാട്വ ചിത്രവായന സ്പെയിൻ,മെക്സിക്കോ എന്നിവിടങ്ങളിലും നടന്നിരുന്നു.ബ്രിട്ടീഷ് മ്യൂസിയത്തിൽ ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇപ്പോഴും പ്രദർശിപ്പിക്കുന്നു.നമ്മുടെ ബഹുമാന്യനായ മുൻ രാഷ്ട്രപതി APJ.യുടെ കയ്യിൽ നിന്നും. ബഹുമതി ഏറ്റുവാങ്ങിയ നല്ലൊരു കലാകാരനാണ് ഗുരുപാദർ.
 
ഗുരുദേവ ചിത്രകാർ ചിത്രവായനയിൽ...
ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ് (IGNCA) യുനെസ്കോ യ്ക്ക് സമർപ്പിച്ച dying artsനെ ക്കുറിച്ചുള്ള റിപ്പോർട്ടിലെ 35ാം പേജ്...👇