24-08-19

ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാന്നിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." തുടർന്ന് വായിക്കാം..👇🏻
വാക്കുകൾ കൊണ്ട് പറയുന്നതിനേക്കാൾ ഹൃദയം കൊണ്ട് തിരിച്ചറിയുന്നതാണ് പ്രണയം എന്ന തിരിച്ചറിവിലൂടെ പ്രണയപ്പെയ്ത്ത് തുടരുന്നു..👇🏻
ഇതാണ് ഞാൻ...
ആത്മായനം
ജസീന റഹീം

വിധി നമുക്കായി ചില ഒരുക്കി വയ്ക്കലുകൾ നടത്തി കാത്തിരിക്കുമ്പോൾ അതിൽ നിന്ന് വഴിമാറി നടക്കാൻ ആർക്കാണ് കഴിയുക.. ഫാത്തിമയിലെ ബി.എ ക്ലാസ്സിൽ എത്തിപ്പെട്ടതു പോലും എത്ര യാദൃശ്ചികമായിരുന്നു.. ഒടുവിൽ മൂന്നു വർഷങ്ങൾ കഴിഞ്ഞ്  ഒട്ടേറെ ആശങ്കകൾ അലട്ടുന്ന മനസോടെ കോളേജിന്റെ പടിയിറങ്ങുമ്പോൾ ഭാവി ഒരു ചോദ്യചിഹ്നമായി മാറി..
പ്രീഡിഗ്രിക്കാലം മുതൽ ചെറിയ കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നതിനാൽ ഡിഗ്രി വെക്കേഷനും വെറുതെ ഇരിക്കേണ്ടി വന്നില്ല.. ട്യൂഷനെടുത്തും അടുത്തുള്ള ലൈബ്രറികളിൽ നിന്നും പുസ്തകങ്ങളെടുത്തു വായിച്ചും ചവറയിൽ മാമാടെ വീട്ടിൽ ഇടക്കിടെ പോയും  അവധിക്കാലം കടന്നു പോയി..
എന്നെയൊന്ന് വണ്ണം വയ്പിക്കാൻ വാപ്പ തമിഴ്നാട്ടിൽ നിന്ന് കിലോ കണക്കിന് കൂവരക് കൊണ്ടുവന്നു.. ചോറല്ലാത്ത ഏത് ഭക്ഷണത്തോടും അന്നുമിന്നും കലഹിക്കുന്ന വയർ ഒരിക്കലും എന്റെ നിയന്ത്രണത്തിലല്ലാതിരുന്നതിനാൽ കൂവരക്, പഞ്ച ജീരക ഗുഡം എന്നിവ അയലത്തെ പെണ്ണുങ്ങളെ തടി വയ്പിക്കുന്നത് ഞാൻ അസൂയയോടെ നോക്കി നിന്നു..
അക്കാലത്തെ എന്റെ ഏറ്റവും വലിയ പെൺ മോഹം അല്പം കൂടി ഒന്നു ശരീരം നന്നാക്കി പെണ്ണുടലളവുകൾ സ്വന്തമാക്കുക എന്നതായിരുന്നു.. എന്നെ കാണുമ്പോഴൊക്കെ അവനെന്നോട് കനിവോടെ ചോദിച്ചതും "നീയൊന്നും കഴിക്കാറില്ലേ.. "യെന്നായിരുന്നു..
സ്വന്തം കാമുകിയുടെ മെലിഞ്ഞ ഉടൽ നോക്കി നെടുവീർപ്പിട്ട ആദ്യ കാമുകൻ..
ഞാൻ ഭക്ഷണം കഴിക്കുന്നതും,ചെറുതായിട്ടെങ്കിലുമൊന്ന് ചമഞ്ഞൊരുങ്ങുന്നതും.. അവന് വേണ്ടി മാത്രമായി തുടങ്ങിയിരുന്നു.. ലൈബ്രറിയിലേക്ക് പോകുമ്പോഴോ.. മറ്റെവിടെയെങ്കിലും വച്ചോ അവനെന്റെ മുന്നിൽ പൊട്ടി വീണേക്കുമെന്ന് ഞാനാശിച്ചു.. തോളൊരല്പം ചാഞ്ഞുള്ള നടത്തം ആരിൽ കണ്ടാലും അതവൻ തന്നെയെന്നോർത്ത് മനസിരമ്പിപ്പാഞ്ഞൂ..ഒരേ സമയം പ്രണയവും വിരഹവും ചേർന്നൊരു ഭ്രാന്തമായ അവസ്ഥയിൽ ഞാൻ ദിവസങ്ങൾ തള്ളി നീക്കി..
ഒടുവിൽ അവനെ കാണാനായി വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഞാൻ കുണ്ടറ മുക്കടയിൽ ടൈപ്പ്റൈറ്റിംഗ് പഠനമാരംഭിച്ചു... ഫുട്ബോൾ കളിക്കാനും കുണ്ടറയിലെ കൂട്ടുകാരെ കാണാനും ഇടയ്ക്ക് വരുമെന്നറിഞ്ഞതിനാൽ മനപ്പൂർവ്വം തുടങ്ങിയ ടൈപ്പ് പഠനം.. ഇടയ്ക്ക് കുറെ ഉപദേശങ്ങൾ  കുത്തിനിറച്ച കത്തല്ലാതെ പ്രണയാർദ്രമായ ഒരു കത്തു പോലും അക്കാലത്ത് എനിയ്ക്കയയ്ക്കാത്ത  കശ്മലൻ കാമുകൻ.. ഉപദേശങ്ങൾ അയയ്ക്കുന്ന ഇയാൾ എന്റെ കാമുകനോ, കാർന്നോരോ എന്നു പോലും സംശയിച്ചു..
ഡിഗ്രിയുടെ റിസൾട്ടിനെ കുറിച്ചുള്ള ആശങ്കകൾക്കൊടുവിൽ ഫസ്റ്റ് ക്ലാസ്സോടെ ജയിച്ചത് വീട്ടുകാർക്കു മുന്നിൽ പിടിച്ചു നിൽക്കാൻ മറ്റൊരു ബലമായി മാറി...
റിസർട്ട് വന്ന ശേഷം ഇനിയെന്ത് എന്നത് വീണ്ടും ഒരു ചോദ്യചിഹ്നമായി മാറി ??! കൊട്ടിയം പോളിടെക്നിക്കിൽ ചേരാൻ കൂട്ടുകാരൻ പറഞ്ഞെങ്കിലും കണക്കും സയൻസുമെന്നൊക്കെ കേൾക്കുമ്പോഴേ വിറക്കുന്ന ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചതേയില്ല..അന്ന് മലയാളം മാസ്റ്റർ ബിരുദം കൊല്ലം എസ്.എൻ കോളേജിൽ മാത്രമേ ഉണ്ടായിരുന്നുള്ളു.. അതും എഴുപത്തഞ്ചു ശതമാനത്തിലേറെ മാർക്ക് ഡിഗ്രിക്ക് ഉള്ളവർക്ക് മാത്രം.. എസ്.എൻ കോളേജിൽ വെറുതെ അപേക്ഷ നൽകി  കിട്ടില്ലെന്ന ഉറുപ്പുണ്ടായിരുന്നു.ഒടുവിൽ കൊല്ലം ചൈത്രത്തിൽ ഡോ.രാധാകൃഷ്ണൻ സാറിന്റെ അടുത്ത് പ്രൈവറ്റ് ആയി എം.എ യ്ക്ക് ചേർന്നു... ഫാത്തിമയിലെ ക്ലാസ്സ്മേറ്റായ സാം ജോൺ,ബീന,രാജലക്ഷ്മി,പുതിയ കൂട്ടുകാരായ ഷൈനി,സ്മിത,നിറയെ മുടിയുള്ള ബേബി അങ്ങനെ പതിനഞ്ചോളം പേരുണ്ടായിരുന്നു.. കോളേജിന്റെ വിശാലതയിൽ നിന്നും രാധാകൃഷ്ണൻ സാറിന്റെ വീടിനോട് ചേർന്നുള്ള ഷെഡിന്റെ ചെറിയ ചുമരുകൾക്കുള്ളിൽ ഞങ്ങളുടെ എം.എ പഠനം ചുരുങ്ങി ചെറുതായി.. എങ്കിലും ഞങ്ങൾ ആ രണ്ടു വർഷക്കാലം നുറുങ്ങ് രസങ്ങളാൽ നിറച്ച് മുന്നോട്ട് കൊണ്ടുപോയി.. ഈ രണ്ടു വർഷക്കാലം ഞാൻ എം.എ പഠനത്തിൽ മുഴുകിയപ്പോൾ ഡിഗ്രിയോടെ പഠനമവസാനിപ്പിച്ചൊരാൾ..വീടിന്റെ ഉത്തരവാദിത്തങ്ങളിൽ പെട്ട് മുങ്ങാറായ വഞ്ചിയെ കരയ്ക്കടുപ്പിക്കാനുള്ള ശ്രമങ്ങളുടെ ബദ്ധപ്പാടിലായിരുന്നു..
 ഏതു സമയവും എനിക്കൊരു വിവാഹാലോചന വന്നേക്കാമെന്നും ഒന്നും മിണ്ടാതെ ഞാനങ്ങു പോകുമെന്നുമുള്ള ചിന്തയിൽ അവൻ ഞാനുമായി കൃത്യമായ അകലം പാലിച്ചു പോന്നു. കൊല്ലത്ത് ക്ലാസിന് വരുന്ന എന്നെ എപ്പോൾ,എവിടെ വച്ച് വേണമെങ്കിലും കാണാൻ അവസരങ്ങൾ ഉണ്ടായിട്ടും പരിമിതമായ കൂടിക്കാഴ്ചകൾ മാത്രമേ ഉണ്ടായുള്ളൂ.. ഓരോ തവണ കാണുമ്പോഴും എന്തൊക്കെയോ അവ്യക്തതകളല്ലാതെ ഭാവിയെ കുറിച്ച് ഒന്നും പറയാതെ സങ്കടത്തോടെ യാത്ര പറഞ്ഞ് പിരിയൽ. എന്നെ കൂടുതൽ സങ്കടങ്ങളിലേക്കും സംഘർഷങ്ങളിലേക്കും എത്തിച്ചു... ഒരു വശത്ത് വീട്ടുകാർ നിരന്തരം മുഴക്കുന്ന ഭീഷണി കൂടിക്കൂടി വന്നു.. കല്യാണത്തിനു സമ്മതിക്കാത്തതിന്റെ പേരിൽ ഉമ്മായും ഞാനുമായി വഴക്കുകൾ വർധിച്ചു.. മറുവശത്ത് ആർക്കു വേണ്ടിയാണോ കാത്തിരിക്കുന്നത് ആ  ആളിന്റെ നിസംഗത..അത്രയേറെ സംഘർഷങ്ങൾ ഒരു പ്രണയത്തിനു വേണ്ടി അനുഭവിക്കേണ്ടി വരുന്നത് എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു..
അവനെന്നെ യഥാർഥത്തിൽ പ്രണയിക്കുന്നുവോ എന്നു പോലും ആശങ്കപ്പെട്ട നാളുകൾ.. അവനു വേണ്ടിയല്ലാതെ മറ്റൊന്നിനു വേണ്ടിയും ആരോടും വാശി പിടിക്കാത്ത എന്റെ കൊച്ചു ജീവിതം അവസാനിപ്പിക്കാൻ പോലും തോന്നിയ ദിവസങ്ങൾ..
അതിനിടെ പഠനം നിർത്താനും ഇനി പോകണ്ടെന്നും ഉമ്മ കടുംപിടിത്തമാരംഭിച്ചു.. പഠിത്തം നിർത്തിയാൽ ഞാൻ അവരുടെ ഇഷടത്തിനു വഴങ്ങി മറ്റൊരു കല്യാണത്തിന് വഴങ്ങുമെന്ന പ്രതീക്ഷയായിരുന്നു അതിനു പിന്നിൽ.. കണ്ണീരും പട്ടിണിയും  ഒറ്റപ്പെടലും മരണ ചിന്തയും പിടികൂടിയ ആ ദിവസങ്ങളിൽ ഞാനനുഭവിച്ച വേദനയോളം ആഴം വരുന്നതൊന്നും പിന്നെ ഒരിക്കലും ഞാൻ അനുഭവിച്ചില്ല..
അതിനിടയ്ക്ക് മറ്റൊന്നു കൂടി സംഭവിച്ചിരുന്നു.. ഒമ്പതാം ക്ലാസ്സ് പാതിയോടെ താമസമാരംഭിച്ച.. വേലന്റെ ആത്മാവുറങ്ങുന്ന വീട് വാപ്പ വിറ്റു കഴിഞ്ഞിരുന്നു.. ഏഴ് വർഷത്തിലേറെ താമസിച്ച.. ചെറുതെങ്കിലും ഞങ്ങൾ ടെ സ്വന്തമായിരുന്ന വീട്.. തൊട്ടയലത്തെ സാവിത്രി ചേച്ചിയും മോഹനണ്ണനുമാണ് വാങ്ങിയത്.. കുറച്ച് കാശ് ജാസിന് കൊടുത്ത ശേഷം.. വസ്തു വിറ്റ ബാക്കി കാശിനൊപ്പം കുറച്ചു കൂടി പലിശയ്ക്കു മറ്റും എടുത്ത് തൊട്ടടുത്ത് തന്നെഅറുപത് സെന്റ് വെറും വസ്തു വാങ്ങി.. നാല് മുറിയുള്ള ഒരു ചെറിയ വീട് അതിൽ പണി തുടങ്ങി.. പണി തീരും മുമ്പെ ...തേക്കാത്ത ചുമരും മൺ തറയുമുള്ള വീട്ടിലേക്ക് ഞങ്ങൾ മാറി...
സാമ്പത്തിക ഞെരുക്കങ്ങളുടെ കാലമായിരുന്നു.. മുമ്പ്  തീരെ ചെറിയ കുട്ടിയായി വിളക്കുടിയിലായിരുന്ന കാലത്ത് പോലും വീട്ടിൽ ഭക്ഷണത്തിനു ബുദ്ധിമുട്ടില്ലായിരുന്നു .. എന്നാൽ എം.എ കാലത്ത് കഴിച്ച നാറ്റമുള്ള റേഷനരിയുടെ മണം ഇന്നും വിരലുകളിൽ മാറാതെ നിൽക്കുന്നുണ്ട്..

അമ്മി
നസീറ നൗഷാദ്

വീടിനു വേണ്ടാത്ത രണ്ടുപേരുണ്ടവർ പിന്നാമ്പുറത്താണ്
വിശ്രമ ജീവിതം...
പണ്ടവർ നന്നായി
വേലയെടുത്തു
ഫലമോ ആരോഗ്യദായകം ജീവിതം...
ബർഗറും പീസയുമില്ലാത്ത കാലം
പീസാവുന്നതിന്നെണ്ണം കുറവുള്ളൊരു കാലം...
ബർമുഡ ആരുമണിയാത്ത കാലം...
ആലില വയറുള്ളോരുടെ
ആരോഗ്യ കാലം...
കുഴിമന്തിയില്ലാത്ത നല്ലൊരു കാലം
സ്വയം കുഴി മാന്താനിഷ്ടമില്ലാത്ത കാലം...
ആമസോണില്ല, ഫ്ലിപ്കാർട്ടുമില്ല
ആമ  മാർക്കല്ലോ
നാട്ടാർക്ക് ശരണം...
തേങ്ങയും മാങ്ങയു-
മുള്ളിയും മുളകും
പാകത്തിനുപ്പും ചേർത്തരച്ചീടും
രുചിയേറും ചമ്മന്തിയാണന്നത്തെ താരം...
ചൂട് ചോർ ചമ്മന്തി കൂട്ടിക്കുഴച്ചൊരാ
അമ്മിച്ചോറിൻ രുചി
നാവിലുണ്ടിന്നും...
അന്തിക്ക് അത്താഴം
കാലമാക്കീടുവാൻ
അമ്മി തൻ ചാരെ
വിളക്കേന്തി മക്കൾ
അമ്മയ്ക്ക് ചുറ്റും
നിരന്നൊരു കാലം...
ഇടയ്ക്കൊന്ന് പിന്നാമ്പുറത്ത് പോയീടും
അമ്മിയോടെന്നും കുശലം പറയാൻ...
അമ്മ തൻ കൈപുണ്യത്തിൻ നന്മയോർത്തീടാൻ
പൊയ്‌പ്പോയ ചമ്മന്തി
കാലമോർത്തീടാൻ...

പൊള്ളിയടരുന്ന പെയ്ത്തുകൾ
സ്വപ്നാ റാണി

ഞാനിപ്പോൾ
ആർത്തലച്ചു പെയ്യുമൊരു
മഴയാണ് .
ഉയരങ്ങളിൽ നിന്ന്
തലതല്ലി വീണ്
പൊട്ടിച്ചിതറുന്ന
ഒരുന്മാദം.
മേഘരാവുകളുടെ
ഇരുൾ നീലിമയിൽ
പിറവി കൊള്ളുന്നവൾക്ക്
മുടിയഴിച്ചിട്ടാടുന്ന
പ്രവാഹത്തിന്റെ
വന്യതയാണിപ്പോൾ -
കുടഞ്ഞു കളയാനാവാത്ത
ചില തേങ്ങലുകളെ
മാറോടണച്ച്
അട്ടഹാസങ്ങളുടെ
പെരുമ്പറ മുഴക്കുമൊരു
മഴ ഭ്രാന്ത്.
സ്വയംതപിച്ചും ഉരുകിയും
കുളിരിനെപ്പുറമേ പുതച്ചും
മരച്ചാർത്തുകളിൽ
ഓർമ്മത്തുള്ളികളെ
ചേർത്തു വച്ചും
കിതച്ചു പെയ്യുമൊരു
പേമാരി.
ശാപവചനങ്ങളുടെ
മേളപ്പെരുക്കങ്ങൾ മാത്രം
ചുറ്റിനും കൊട്ടിക്കയറുമ്പോൾ
ഉറക്കെയുറക്കെ
പൊട്ടിച്ചിരിച്ചു കൊണ്ട്
ഞാൻ
ആകാശങ്ങൾ വിട്ട്
മണ്ണിലേക്ക്,
ആഴങ്ങളിലേക്ക്,
ഊർന്നിറങ്ങുന്നു
ഗർഭാശയത്തിനകത്തെ
ലാവാപ്രവാഹത്തെ
തണുപ്പിച്ചെടുക്കാൻ മാത്രം
ആർദ്രത തേടുന്ന
അശാന്തിയുടെ തോരാമഴയാകുന്നു.
[19:35, 24/08/2019] ഗഫൂർമാഷ� � ആലത്തിയ ൂർ:


മഴയ്ക്കു മുമ്പ്
രമ.ജി.വി

എന്നിലെ വാക്കുകൾ തിരഞ്ഞ്
ഞാൻ നടന്നു.
വേലിയരികിലെ കുറിഞ്ഞിപ്പൂക്കൾ
തലതാഴ്ത്തി
തൊട്ടാവാടിമുള്ളു കോറിയ
കാൽഞരമ്പിൽ
ചോരയിറ്റി.
ആവണക്കിലയുടെ
തണ്ടിൽനിന്നിറങ്ങിയ കുമിള
ആയുസ്സെത്താതെ മേലോട്ട്
പോയകാലത്തെ
പ്രളയഭീതിയിൽ
വെന്തെരിഞ്ഞ്
ഇടവപ്പാതി
പിരിമുറുക്കത്തിന്റെ
വേദനയിൽ
നടുനിവർക്കാനാവാതെ
പുകയുന്ന ചിമ്മിനി
കറുത്തരാത്രിയുടെ
നുറുങ്ങുവെട്ടത്തിൽ
രാക്കിളിയുടെ നാവേറു പാട്ട്
ഇമയനക്കങ്ങളറ്റ്
ഓളങ്ങളേറി........

പ്രളയാനന്തരം ..
വിനോദ്.കെ.ടി

ഇനിയെങ്കിലും
മലയുടെ അസ്ഥിത്വത്തിലേക്ക്
വിരൽ ചൂണ്ടരുത്,
കാട്ടാറിന്റെ
നൃത്ത ധാരകളിൽ
കാലിളക്കി
ചെളി കലക്കരുത്,
അവരുടെ
വിധേയത്വങ്ങൾ
നിരുപാധികമായിരുന്നു,
മുകളിൽ വേരുകളും
ഉള്ളിൽ ഉറവകളുമായി,
വിത്തുകൾ കൊണ്ടവർ
തണലുകൾ മുളപ്പിച്ചു..
താഴ്‌വാരങ്ങൾ കൊണ്ട്
മഞ്ഞു വായിച്ചു..
മേഘങ്ങൾ ചാലിച്ച്
മഴകൊണ്ട് നിലത്തെഴുതി.
ഒന്നും കാണാതെ
ഞാനോ സ്വയം
നഷ്ടപ്പെടുത്തി.
അവരുടെ
സാധാരണ സംഭവങ്ങളെ
പ്രതികാരമെന്നു വിളിക്കരുത്,
മലകൾ
വിത്തു ചിതറിയിട്ടേയുള്ളൂ,
പുഴകൾ
പുതിയ വഴി
തേടിയിട്ടേയുള്ളൂ,
ഒരു പുഴയും
സമുദ്രമായ് അലറിയിട്ടില്ല,
ഒരു മലയും തീതുപ്പി
ഗ്രാമത്തെ വിഴുങ്ങാൻ
ചെന്നിട്ടില്ല..
ഇനിയെങ്കിലും
അവരുടെ  ചലനങ്ങളെ
ചോദ്യം ചെയ്യാതെ
എന്റെ തോൽവികളെക്കുറിച്ച്
ഉറക്കെ പാടട്ടെ,
ജലം തട്ടി മുറിഞ്ഞയിടങ്ങൾ
ഉണങ്ങും വരെയെങ്കിലും.....

സങ്കടമണമുള്ള ബിരിയാണി
അബ്ദുൽ മജീദ്

പീടികത്തിണ്ണയില്‍ ചര്‍ച്ചകളുടെ വിഷയങ്ങള്‍ ഒാരോന്നും മാറിവരും . അവസാന ചര്‍ച്ച രാഷ്ടീയത്തിലെത്തി നില്‍ക്കും പിന്നീട് പരസ്പരം തര്‍ക്കങ്ങളും വാക്കേറ്റവുമായി അവസാനിക്കും. കുടിച്ച ചായയുടെ പണം പോലും നല്‍കാതെ ചിലര്‍ സ്കൂട്ടാവും..
അങ്ങനെ ഒരു ചര്‍ച്ചയിലാണ് ചായയടിച്ചു കൊണ്ടിരുന്ന ചായടക്കാരന്‍ കരീം സാബിറയുടെ കാര്യമെടുത്തിട്ടത്.
'' അല്ലടോ ഈ സാബിറയെന്തിനാ വെെകീട്ട് മാനുവിന്റെ  ഒട്ടോറിക്ഷയില്‍ പോകുന്നത്..
രാത്രിയാണ് മടങ്ങിവരുന്നത്. ഇപ്പോ രണ്ട് ദിവസമായി ഞാന്‍ കാണുന്നു''.
പഴം പൊരി കടിച്ചു തിന്നുകൊണ്ടിരുന്ന ഷബീര്‍ തീറ്റ നിര്‍ത്തി തന്റെ സംശയവും അവിടെ എഴുന്നള്ളിച്ചു.
''അത് ശെരിയാണ് ഞാനും ശ്രദ്ധിക്കുന്നുണ്ട്. എന്തോ ഒരു ചുറ്റിക്കളിപോലെ...അവസാനം ഒളെ കെട്ടിയോന്‍ വരുമ്പോള്‍ അവള്‍ മാനൂന്റെ കൂടെ ഒളിച്ചോടുമോ''
മെഴുക്ക് തട്ടിയ ദിനപ്പത്രത്തില്‍ കണ്ണും നട്ട് പീഡന ന്യൂസുകള്‍ തിരയുകയായിരുന്ന രാജീവ് ഒരു നിമിഷം തിരച്ചില്‍ നിര്‍ത്തി  പ്രതികരിച്ചു.
''ഹേയ് മാനു അങ്ങനെയുള്ള ആളല്ല, ഒരുപാവം ചെക്കനാണ്. നിങ്ങള്‍ വെറുതെ അവനെ സംശയിക്കേണ്ട''.
അതോടെ അന്നത്തെ ആ വിഷയം തീര്‍ന്നെങ്കിലും ചായക്കടക്കാരന്‍ കരീംമിട്ട സംശയത്തിന്റെ വിത്ത് നന്നായി മുളച്ചു.
ഷബീര്‍ തന്റെ സംശയം കെട്ടിയവളോട് പങ്കുവെച്ചപ്പോള്‍ കെട്ടിയവളത് വാഡ്സാപ്പില്‍ പലരിലുമെത്തിച്ചു.
ഇന്നലെ  സാബിറയുടെ ഭര്‍ത്താവ് മുനീര്‍ ഗള്‍ഫില്‍ നിന്നും എത്തി. ഇന്ന് അവരുടെ വീട്ടില്‍ സല്‍ക്കാരമാണ്. എല്ലാ കുടും ബക്കാരേയും  അയല്‍വാസികളേയും ക്ഷണിച്ചിട്ടുണ്ട്...
എല്ലാവരും ആട് ബിരിയാണിയും കോഴി പൊരിച്ചതും നിരത്തിയ ടേബിളിന് മുന്നിലിരിക്കുമ്പോള്‍ മുനീര്‍ സാബിറയെ കൂട്ടി  അവര്‍ക്ക് മുന്നില്‍ നിന്ന് എല്ലാവരും കേള്‍ക്കെ പറഞ്ഞു.
''എനിക്ക് നിങ്ങളോട് ചില കാര്യങ്ങള്‍ പറയാനുണ്ട്. എന്റെ ഭാര്യ സാബിറയെക്കുറിച്ച് നിങ്ങളുടെ ഇടയില്‍ നടക്കുന്ന പരദൂഷണത്തെക്കുറിച്ചാണ്.! ഇവള്‍ മാനുവിന്റെ കൂടെ ചില രാത്രികളില്‍ കണ്ടു എന്നാണല്ലോ ആക്ഷേപം..! അത് സത്യം തന്നെയാണ്..! എന്നാല്‍ എന്തിനായിരുന്നു എന്ന് എനിക്ക് നിങ്ങളെ ബോധ്യപ്പെടുത്തേണ്ടതില്ല. പക്ഷെ ഞങ്ങളുടെ വളര്‍ന്നു വരുന്ന മക്കള്‍ അവര്‍ നിങ്ങളുടെ പരദൂഷണം അറിഞ്ഞാല്‍ വേദനിക്കും..
ഇവള്‍ മാനുവിന്റെ കൂടെ കുറച്ച് ദിവസം നടന്നത് ഞാന്‍ പറഞ്ഞിട്ടാണ്. നിലമ്പൂരില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് കൊടുക്കാനുള്ള സാധനങ്ങള്‍ കളക്ട് ചെയ്യുന്ന ഒാട്ടപ്പാച്ചിലിലായിരുന്നു അവള്‍. എന്റെ കൂടെ ജോലിചെയ്യുന്നവരുടെ വീടുകളില്‍ നിന്നും ഞങ്ങളുടെ വകയായും ഞങ്ങള്‍ നിലമ്പൂരിലേക്കയച്ചത് ഒരു ലക്ഷത്തോളം വില വരുന്ന സാധനങ്ങളാണ്.
നിങ്ങളില്‍ എത്രപേര്‍ പ്രളയ ബാധിതർക്ക് വല്ലതും കൊടുത്തിട്ടുണ്ട്..?''
ഷബീറും കരീമും കൂട്ടാളികളും ബന്ധുക്കളും അന്ന് കഴിച്ചത് സങ്കടമണമുള്ള ബിരിയാണിയായിരുന്നു.  പലർക്കും കുറ്റബോധം കൊണ്ട് ശിരസ്സ് കുനിഞ്ഞുപോയി, പലരുടെയും കണ്ണു നനഞ്ഞു.
അച്ചാറിന് എരിവ് കൂടുതലായതോണ്ടാണ് കണ്ണിര്‍ വന്നതെന്ന് രാജീവ്. ബിരിയാണിയില്‍ ഉപ്പ് കൂടുതലാണെന്ന് ഷബീറും.

മൂന്നാം കണ്ണ്...
യൂസഫ് നടുവണ്ണൂർ

സ്നേഹിക്കുകയും
വിശ്വസിക്കുകയും
ചെയ്യുന്നവർക്കിടയിൽ നിന്നൊരു
മൂന്നാം കണ്ണ്
തുറന്നു വരുന്നു.
ആ കണ്ണുകൾ
ആൾക്കൂട്ടത്തിന്റെ
ആരവങ്ങളിലൂടെ
ഔപചാരികതയിൽ
നോട്ടം തെറ്റി വീഴുന്നു.
എന്റെ ഉറക്കങ്ങളിലിപ്പോൾ
അസാധാരണമായ
ചില കുത്തിറക്കങ്ങളുണ്ട്.
ചീഞ്ഞുപോയ
എല്ലാ ഗന്ധങ്ങളിൽ നിന്നും
ഞാനൊരു പൂമണം
തൊട്ടെടുക്കുന്നു.
അതിന്റെ സൗരഭ്യത്തിൽ
നിലാവുടുക്കുന്നു.
അടഞ്ഞു പോയ എല്ലാ ഒച്ചകളിലും
ഒരു തേങ്ങൽ മാത്രം
വേറിട്ടു കേൾക്കുന്നു.
വേർപാടിന്റെ
കനത്ത നിശ്ശബ്ദതയ്ക്കുമേൽ
ആർദ്രതയുടെ ഒച്ചയനക്കങ്ങളായ്
അതൊരു പുലരിയായുണരുന്നു.
മരവിച്ച രുചികളിൽ
മനം മടുക്കുമ്പോഴും
പ്രണയംവെന്ത വാക്കുകൾ
ഞാനിന്നും ചവച്ചു തിന്നുന്നു!
ഓർത്തെടുക്കാനാവുന്നവയ്ക്കെല്ലാം
മറവിയുടെ താങ്ങാനാവാത്ത ഭാരമുണ്ട്!
എന്റെ ചുക്കിച്ചുളിഞ്ഞ
കൈവിരലുകളിലെ
ചൂടുള്ള വിറയലുകൾക്കിടയിൽ
നിന്റെ തണുപ്പിനെ
ഞാൻ
ഇടയ്ക്കിടെ തൊട്ടു നോക്കുന്നു.

ഭാഗ്യവഴികൾ
ശ്രീലാ അനിൽ

മരത്തലപ്പുകൾ പേടിച്ച്
ഇടയ്ക്കിടെ
പുണരുന്നുണ്ടായിരുന്നു
കാറ്റിന് പാഞ്ഞിട്ടും
വട്ടം പിടിച്ചുലച്ചിട്ടും കലി തീർന്നിരുന്നില്ല.
രാത്രി തണുത്ത് വിറച്ചിരുന്നു...
മലയടരുകൾ നീർവിങ്ങിനൊന്തിരുന്നു,
ചുരന്നൊഴുകിയെങ്കിലെന്ന് കൊതിച്ചിരുന്നു
പിന്നെയും
പിന്നെയും നൂൽമഴ പെരുമഴയായി തിങ്ങിയപ്പോ....
അറിയാതെ
പൊട്ടിയൊഴുകി
പ്പോയതാണ്....
ചോര വാർന്നു മണ്ണടരുകൾ.....
പാറക്കൂട്ടങ്ങൾ.....
പച്ചപ്പുകളപ്പാടെ
മണ്ണിൽ പുതഞ്ഞു
സ്വപ്നങ്ങൾ.....
ഇപ്പോഴും
ഉറക്കമാണ്.....
ഉറക്കത്തിൽ നിന്ന് പൊടുന്നനെ
എന്തെന്നു പോലും തിരിച്ചറിഞ്ഞിട്ടില്ലത്തത്ര പെട്ടെന്ന്...
മൺപുതപ്പ് പുതച്ചൊരുക്കം....
കാത്തിരിക്കുന്നവർ
തർക്കിക്കുന്നിടത്തേക്ക്....
ഒറ്റക്കായവരുടെ
നീറ്റലിലേയ്ക്ക്.....
പുതപ്പിനടിയിൽ നിന്നുയർത്തി
മറ്റൊരു മണ്ണിലേക്ക്....
മാറ്റി നടാൻ
തെരച്ചിലുകളിപ്പോഴും....
ഒന്ന് മാത്രമുണ്ട് മിച്ചം
ഡോക്ടർക്കു പറയാൻ
നിമിഷങ്ങൾക്കുള്ളിൽ
ശക്തമായ ഇടിയിൽ,
ഉറക്കത്തിൽ
നിന്നുറക്കത്തിലേക്ക്...
ഒന്നുമറിയാതെ...
ഭാഗ്യങ്ങളുടെ വഴി
ബാക്കിയായവർ
ഈ ഭാഗ്യത്തിനായി എത്ര മഴ
കാക്കണം.

വോട്ട്
ഇസ്മായിൽ കുറുമ്പടി

വൃദ്ധസദനത്തിലെ ദ്രവിച്ച മരബഞ്ചിലിരുന്ന് അന്നത്തെ ദിനപത്രത്തിൽ കണ്ണോടിക്കവേ ആ ഫോട്ടോയിൽ അയാളുടെ കണ്ണുകളുടക്കി.
ചുളിവുകൾ വീണ നെറ്റിത്തടത്തിൽ കൈവച്ച് ഒന്നു കൂടി അതിൽ സൂക്ഷിച്ചു നോക്കി.. കുഴിഞ്ഞ കണ്ണുകൾ വിടർന്നു.
നിറഞ്ഞ ചിരിയോടെ ഒരു പടുവൃദ്ധനെ കെട്ടിപ്പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു നിൽക്കുന്ന സ്ഥാനാർത്ഥി..
തന്റെ ഒരേ ഒരു മകൻ, കുഞ്ഞിരാമൻ!!!
വൃദ്ധസദനത്തിലെ അന്തേവാസികൾക്കു മുന്നിൽ അയാൾ അഭിമാനത്തോടെ ആ ഫോട്ടോയും വാർത്തയും പ്രദർശിപ്പിച്ചു.
"കുഞ്ഞിരാമാ... നീയ് വല്യോനാവൂന്ന് എനിക്കറിയാം..പക്ഷേ,അച്ഛന്റെ വോട്ട് നിനക്കല്ല..."
അയാൾ ആത്മഗതം ചെയ്തു....