24-07-19


🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄
മലയാളം സർവ്വകലാശാല
പ്രസിദ്ധീകരിച്ച
ഭാഷാഭേദ പഠനം: മലപ്പുറം
എന്ന പുസ്തകത്തെ ആധാരമാക്കി തയ്യാറാക്കിയ കുറിപ്പുകളുടെ പന്ത്രണ്ടാം ഭാഗമാണ് ഈ ലക്കം.
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄
മലപ്പുറം ജില്ലയിലെ ഭാഷാപ്രവണതകളിൽ
അണ്ട്
ആണി
ഏണ്ടി
എന്നിവയോടൊപ്പം
മലപ്പുറം മലയാള നിഘണ്ടു (അഞ്ചാം ഭാഗം)
കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑
ഈ ലക്കം
പീഡിയെഫ്
രൂപത്തിലാണ്
പോസ്റ്റ് ചെയ്യുന്നത്.
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑

അണ്ട്
••••
   ചെയ്തോളാം, തന്നോളാം എന്നിങ്ങനെയുള്ള പൊതുമലയാളരൂപങ്ങൾക്ക് സമാനമായി മലപ്പുറം മലയാളത്തിൽ 'അണ്ട്' ചേർന്ന് യഥാക്രമം ചെയ്യണ്ട്, തരണ്ട് എന്നീ രൂപങ്ങളാണ് പ്രചാരത്തിലുള്ളത്. ചെയ്യാം, തരാം എന്നീ അർത്ഥങ്ങളും ചെയ്യണ്ട്, തരണ്ട് എന്നീ പ്രയോഗങ്ങൾക്കുമുണ്ട്.

ആണി
••••
     മലപ്പുറം ഭാഷയിൽ മുതിർന്ന തലമുറയോടുള്ള ബഹുമാനം തദ്ദേശീയമായി നിലനിലക്കുന്നു എന്നതിന് തെളിവുകൾ ഏറെയുണ്ട്. മുതിർന്നവരോട് ആദരവോടെ അപേക്ഷയായി പറയുന്ന സന്ദർഭങ്ങളിലെല്ലാം മലപ്പുറം മലയാളത്തിന് സവിശേഷമായ രൂപങ്ങളുണ്ട്. കൊടുക്കൂ എന്ന് മുതിർന്നവരോട് പറയുമ്പോൾ അപേക്ഷ നിർബന്ധമാണ്. അതുകൊണ്ട് അവ൪ കൊടുത്താണി/ കൊടുത്താണീ എന്നാണ് പറയുന്നത്. ഇതുപോലെ തരുക എന്നതിന്  'തന്നാണീ'
നിൽക്കൂ എന്നതിന് 'നിന്നാണീ' എന്നൊക്കെ പറയും. ചില പ്രദേശങ്ങളിൽ നിൽക്കൂ എന്നതിന്  'നിക്കീ ' എന്നും ' 'തരൂ' എന്നതിന്   'തരീ'  എന്നും വരൂ എന്നതിന് 'വരി' എന്നുമൊക്കെ പറയുമ്പോഴും ' ഇ' കാരം ബഹുമാനത്തെ സൂചിപ്പിക്കുന്നു. പൊതു മലയാളത്തിന് നഷ്ടപ്പെട്ട ഒരു സവിശേഷതയാണിത്.
    വരിൻ- ബരീ- ആദ്യം അനുസ്വാരലോപം അതിനൊപ്പം സ്വരത്തിന് ആനുനാസിക്യം പിന്നെ സ്വരദൈ൪ഘ്യം.
വന്നാണീ - വന്നുകാണിൻ

ഏണ്ടി
••••   
സംബോധകനും, സംബോധിതനും തമ്മിലുള്ള വ്യക്തിപരവും സാമൂഹികവുമായ ബന്ധങ്ങൾ സംഭാഷണത്തിൽ വെളിപ്പെടുന്നു. ഭവ്യതയും വിനിമയവുമൊക്കെ സാംസ്കാരിക രൂപങ്ങളാണ്. 'അവനോട് പറഞ്ഞുകൊള്ളുക' എന്ന് പൊതു മലയാളത്തിൽ  പറയുമ്പോൾ അത്തരം പ്രയോഗങ്ങൾക്ക് കൂടുതൽ ബഹുമാന സ്വഭാവം കൈവരുത്താൻ ചില അനുപ്രയോഗ ഉപയോഗം മലപ്പുറം ഭാഷയിൽ കാണുന്നുണ്ട്.

പറഞ്ഞു കൊള്ളുക വേണ്ടൂ - പറഞ്ഞു കൊള്ളണ്ടി - പറഞ്ഞോളണ്ടി

   'പറഞ്ഞോൾണ്ട് ' എന്നൊരു രൂപവും പ്രയോഗത്തിലുണ്ട്. 'പറഞ്ഞു കൊള്ളാം' എന്നാണ് ഇതിനർത്ഥം.' 'ചെയ്യണ്ട്' (ചെയ്തു കൊള്ളാം)
  
   ഇങ്ങട്ട് വന്നോളണ്ടി, ഇങ്ങട്ട് പോരണ്ടി, പോയാളണ്ടി എന്നിങ്ങനെയുള്ള രൂപങ്ങൾ തെലുഗുവിലെ   ചെപ്പണ്ടി, ഏമണ്ടി, കുച്ചണ്ടി, തുടങ്ങിയ പ്രയോഗങ്ങളെ ഓർമിപ്പിക്കുന്നു. രണ്ടിലും കാണുന്ന അ/എണ്ടി ബഹുമാനാ൪ത്ഥകമാണ്. എങ്കിലും ഇതൊരു ജനിതക ശേഷിപ്പായി തിരിച്ചറിയാനാവില്ല. 'വേണ്ടൂ' എന്നതിന്റെ ചുരുങ്ങിയ രൂപമാണ് മലപ്പുറം മലയാളത്തിലെ എണ്ടി.തെലുഗുമായി ഏതെങ്കിലും തരത്തിലുള്ള പൂ൪വ്വബന്ധത്തിന്റെ അവശിഷ്ടമായി ഇതിനെ കാണാനാവില്ല.

   അനുമതി രൂപങ്ങളായ പാടിക്കോളീ (പാടിക്കോളൂ/ പാടിക്കൊള്ളുവിൻ), ചെയ്തോളി (ചെയ്തോളൂ), പോയ്ക്കോളി (പോയ്ക്കോളൂ), മണ്ടിക്കളാ (ഓടിയേക്ക്), പറഞ്ഞാളാ (പറഞ്ഞേക്ക്), കുടിച്ചാളാ (കുടിച്ചേക്ക്), ഇവയൊക്കെ മലപ്പുറം ഭാഷയുടെ പ്രത്യേകതയായി കാണാം.

മലപ്പുറം മലയാള നിഘണ്ടു(അഞ്ചാം ഭാഗം)

കൂടുക    - കഴിയുക
കൂട്ടക്കാര്  - കുടുംബക്കാ൪
കൂട്ടാൻ     - കറി, പുഴുക്ക്
കൂട്ടിക്കൊളുത്തുക  - ബന്ധിപ്പിക്കുക, രണ്ടാളുകളെ തമ്മിൽ മൂന്നാമതൊരാൾ പരിചയപ്പെടുത്തുക
കൂട്ട്യാൽ കൂട്അ  - സാധിക്കുക
കൂട്ട് കേറ്റൽ     - പുതിയ വീടിന്റെ കഴുക്കോലും ഉത്തരവും മറ്റും സ്ഥാപിക്കൽ
കൂട്ടം കൂടുക  - ത൪ക്കിക്കുക
കൂമ്പ്     - തളിര്
കൂരിക്കാകുഞ്ഞൻ - ചിവീട്
കൂറ് കൂടുക - പങ്കാളിയാവുക
കൂറാച്ചി      - കൂറ
കൂറ്റ്   - ഒച്ച, ശബ്ദം
കൂളി    - മുങ്ങാംകുഴി
കെഗ്ഗുക - കഴുകുക
കെടക്ക  - കിടക്ക
കെട്ക/ കെടുക - അണയുക
കെടുമ്പ്   - പുറമെ നല്ലതെന്നു തോന്നുമെങ്കിലും ഉള്ളിൽ കേടുള്ള പഴങ്ങൾ
കെട്ട   - കേടുവന്ന
കെട്ട് പന്ത്    - ഉണങ്ങിയ വാഴയില, പഴന്തുണി എന്നിവ കൊണ്ടുണ്ടാക്കിയ പന്ത്
കെഞ്ചുക    - യാചിക്കുക
കെത്യട്/ കെതിയേട്/ കെതികേട്  - കഠിനം, ഗതികേട്, ബുദ്ധിമുട്ട്
കെണ്പ്പ്   - സന്ധി
കെണീസ്  - കെണിയിൽ പെട്ടതു പോലെ, ബുദ്ധിമുട്ടുള്ള
കെണിഞ്ഞു   - വലഞ്ഞു
കെരണ്ട്     - കിണ൪
കെല്ലൻ    - തടിയൻ, ശക്തൻ
കെൽപ്പ്    - കഴിവ്
കേക്ക് ആ  - കേൾക്കുക
കേക്ക്      - കിഴക്ക്, കേൾക്കൂ
കേദം    - ഖേദം
കേന്തല  - ഉറങ്ങുമ്പോൾ കുട്ടികളുടെ വായിൽ നിന്നു വരുന്ന സ്രവം
കേളി  - പ്രസിദ്ധി
കേളിയുള്ള   - പ്രശസ്തിയുള്ള
കേറ്അ   - കയറുക
കേറിക്കോളീ    -  വീട്ടിലേക്കു കയറൂ, വരൂ
കൊടം  - കുടം
കൊട് ര് അ - കൊണ്ടു വരുക
കൊടൂരം   - കഠിനം
കൊടന്ന്    - കൊണ്ടു വന്നു
കൊട്ടത്തളം  - പാത്രം കഴുകുന്ന സ്ഥലം
കൊട്ടകൈല് - ചോറുറ്റാൻ ഉപയോഗിക്കുന്ന മുള കൊണ്ടുണ്ടാക്കിയ അരിപ്പ പോലുള്ള കയിൽ
കൊട്ടടയ്ക്ക - ഉണങ്ങിയ അടക്ക
കൊട്ടാവി ഇടുക/ കൊട്ടനാവിയിടുക - കോട്ടുവായിടുക
കൊട്ടാറ വെയിൽ/ കൊട്ടാൻവെയിൽ  - തീക്ഷ്ണതയുള്ള വെയിൽ
കൊണം   - ഗുണം
കൊണക്കേട്  - അസുഖം
കൊണക്കെടാരൻ - രോഗി
കൊണ്ടേര്ആ  - കൊണ്ടുവരിക
കൊണ്ടോയി - കൊണ്ടു പോയി
കൊതംകെട്ക - വിഷമിക്കുക
കൊതം  - രക്ഷ/മാ൪ഗം
കൊതുമ്പ്  - തെങ്ങിൻ കുലയുടെ ഭാഗം
കൊത്തളങ്ങ - ഒരു തരം പ്രാണി
കൊത്തൻ  - പൊട്ടൻ
കൊത്താംകല്ല്/കൊത്തൻകല്ല് - ചെറിയ കല്ലു കൊണ്ട് പെൺകുട്ടികൾ കളിക്കുന്ന കളി
കൊന്ത്രൻ പല്ല് - ക്രമരഹിതമായ പല്ല്
കൊപ്ലിക്കുക  - വായിൽ വെള്ളം വെച്ചു എല്ലാ ഭാഗവും വൃത്തിയാക്കുക
കൊയ്ന്തം   - രൂപം/കോലം
കൊയിക്ക്അ  - കൊഴിക്കുക
കൊയ്യ്      - ചകിരി ചതച്ച് അതിൽ നിന്നും ഒരു ചെറിയ ഭാഗം പിരിക്കാൻ എടുക്കുന്നു. ആ ചെറിയ അളവാണ് കൊയ്യ്.
കൊരണൻ   - പരുക്കൻ
കൊരലാരം   - നെക്ലയ്സ് പോലുള്ള ഒരു തരം ആഭരണം
കൊരക്കുക  - ചുമയ്ക്കുക
കൊരല്    - തെങ്ങിന്റെ മണ്ട
കൊരോദം കാട്ട്ക - ദേഷ്യപ്പെടുക
കൊരോശം    -ദേഷ്യം
കൊലായി    - കൊലായ, ഉമ്മറം
കൊല്ലി       - കഴുത്ത്
കൊല്ലീക്കെട്ടി  - നെക്ലയ്സ്
കൊശവൻ    - കുംബാരൻ
കൊൾത്ത് അ - കൊളുത്തുക
കൊളം   - കുളം
കൊള്ളി   - ചുള്ളി
കൊള്ളിയായ  -മെലിഞ്ഞ
കൊ൪ച്ച്    - കുറച്ച്
കൊ൪ച്ചീച്ചെ  - കുറേശ്ശെ
കൊഴക്ക്   - ക്ഷീണം
കൊഴക്ക് മാറ്റ് അ - വിശ്രമിക്കുക
കൊറവ് ആകുക    - ലജ്ജയുണ്ടാവുക, നാണിക്കുക
കൊറച്ച് കൊറച്ചായി  - ഭാഗീകമായി
കൊറ്റി, കൊക്ക്  - മുണ്ടി
കൊറ്റനാട്/കൊറ്റാട്   - മുട്ടനാട്
കോക്ക്അ  - കോ൪ക്കുക
കോച്ചുക   - ചെറു മോഷണം നടത്തുക
കോഞ്ഞാട്ട  - കൊതുമ്പ്
കോത    - പെണ്ണ്, സ്ത്രീ (പരിഹാസത്തോടെയുള്ള പരാമർശം)
കോന്തല   - സ്ത്രീകൾ ഉടുതുണിയുടെ അറ്റം അരയുടെ താഴേക്ക് തൂക്കിയിടുന്നത്
കോപ്രാട്ടി കാട്ടുക - മുഖം വക്രീകരിച്ച് മറ്റുള്ളവരെ ചിരിപ്പിക്കുക
കോട്ടില്  - വായ്ക്കകത്ത്
കോട്ട് പല്ല്  - അണപ്പല്ല്
കോട്ടി      - ഗോട്ടി
കോയ്യാക്കൽ/കോയി ആക്കുക    - പരിഹസിക്കുക
കോലത്ത്ലാക്ക് അ- ശരിയാക്കുക, ഉചിതമായി പ്രവ൪ത്തിക്കുക
കോരിക  - കോരുന്ന ഉപകരണം
കോരി   -  ചോറ് കോരുന്ന വീതി കൂടിയ കയിൽ
കോ൪ങ്ങെട്   - വൈകല്യം
കോള്     - സമ്മാനം, മേഘം
കൃഷ്ണകിരീടം - കിരീടാകൃതിയിൽ കുലകളുള്ള ഒരു തരം പുഷ്പം
കൈക്കല (തുണി/ശീല)  - അടുപ്പത്ത് നിന്ന് ചൂടുള്ള പാത്രങ്ങൾ ഇറക്കി വെക്കാൻ വേണ്ടി ഉപയോഗിക്കുന്ന ശീല
കൈചെര  - കൈചിരവ
കൈപ്പാട്ട   - പിടിയുള്ള പാട്ട
കൈരി    - കരി
കൈലാട്ട - തവികൾ തൂക്കിയിടാൻ മരം കൊണ്ടുണ്ടാക്കുന്ന വീട്ടുപകരണം
കൈല്  - കയിൽ
കൈലുംകണ  - കയിലിന്റെ പിടി
കൌങ്ങ്    - കവുങ്ങ്
കൌത്ത്   - കഴുത്ത്
കൌല്അ, കമ് ല് അ - കമിഴുക

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഭാഷാഭേദപഠനം മലപ്പുറം
എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്.
പുസ്തകം തയ്യാറാക്കിയ
ഗവേഷകരോടുള്ള
 കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏