24-06-19b


📚📚📚📚📚
പച്ചില
ദേവി കെ എസ്
സെൽഫ് പബ്ലിഷിംങ്
പേജ് 70
വില 120


വരിയിലെ ചിത്രവും വരയിലെ കവിതയും ഒന്നിനൊന്ന് താങ്ങായി നിൽക്കുന്ന; അന്യോന്യം ഊന്നുവടികളാകുന്ന, ചെറു പുസ്തകമാണ് 'ദേവി കെ എസ്' ന്റെ പച്ചില എന്ന കാവ്യസമാഹാരം. ചെറു കവിതകളുടെ സമാഹാരം എന്നും വിളിക്കാം.
        അനുഭവങ്ങളുടെ നൈരന്തര്യം കവിമനസ്സിൽ സൃഷ്ടിച്ച സമതലഭൂമിയിൽ നിത്യജീവിത സന്ദർഭങ്ങളോ ദൃശ്യങ്ങളോ സമ്മാനിക്കുന്ന ആകസ്മികദർശനം കവിതാരൂപമാർജ്ജിച്ചവയാണ് പച്ചിലക്കവിതകൾ. പെൺകരളിന്റെ പൊള്ളലാണ് നടേപറഞ്ഞ സമതലഭൂമി. അംഗീകാരവും  സ്നേഹവും നഷ്ടപ്പെടുന്ന സാധാരണ മലയാളി യുവതിയുടെ വേദന കവിതയുടെ പൊതു സ്വത്വമാണ്. അത്തരമൊരു ദർശനത്തിലേക്ക് , തൻറെ മുമ്പിൽ വന്നുപെടുന്ന ദൃശ്യങ്ങളെല്ലാം വ്യാഖ്യാനിച്ചുചേർക്കുകയാണ് പച്ചിലയിലെ കവിതകളുടെ പൊതു സ്വഭാവം എന്ന് പറഞ്ഞുവെന്നേയുള്ളൂ.

      ഈ പൊതു സ്വഭാവത്തിന്  കടകവിരുദ്ധമായ ഒന്നാണ് 'വസന്തം വരച്ചവർ' എന്ന കവിത. കനത്ത വേനലിനെ പരത്തിയിട്ട് തന്നെ വല്ലാതെ ചുട്ടുപൊള്ളിക്കാൻ, ജെസിബികൾ പച്ചവേരുകളെല്ലാം പറിച്ചെറിഞ്ഞിട്ടും; ഒരു പുഞ്ചിരിച്ചാറൽകൊണ്ട് വസന്തം രചിച്ചയാളെ ഓർക്കുകയാണ് ഈകവിത. " എല്ലാം നശിച്ചു പോയിട്ടില്ല പോകില്ല വല്ലതും ശേഷിക്കും" എന്ന് ഒരു കവി മുന്നമേ പറഞ്ഞിട്ടുണ്ടല്ലോ!
     കിനാവിന്റെ കാട്ടുപൊന്തയെ ചുട്ടുകരിക്കാൻ ഉള്ള തീപ്പൊരി കണ്ണീരിൽ നിന്ന് കണ്ടെടുക്കുന്ന നവഭാവുകത്വം ഈ കവിതകളെ വേറിട്ടു വായിക്കാൻ അനുവാചകനെ പ്രേരിപ്പിക്കും.

   നിൻറെ തിരക്കുകളിൽ ഞാൻ അന്യയായി പോകുന്നതിന്റെസങ്കടം നാലു കവിതകളിൽ നാലു തരത്തിൽ
അവതാരം എടുക്കുന്നു.             
    തേച്ചുമിനുക്കി രാകി ക്കൂർപ്പിച്ച് എടുത്ത വാക്കുകൾ നിൻറെ മുന്നിലെത്തുമ്പോൾ മുട്ടുമടക്കുന്നതാണ് കവി(ത)യുടെ സങ്കടം . വാക്കുകളാൽ മോഹിപ്പിച്ച് പരിഭവത്തിലേക്ക് പങ്കാളിയാക്കിയ നിന്നെ  എങ്ങനെ എൻറെ മനസ്സ് ഉപേക്ഷിച്ചു എന്ന് ഒരുകവിത പറഞ്ഞുതരുന്നു

മൂന്നു പേരാണ്  ഈ കവിതകളെ ചിത്രങ്ങളാൽ  പുതു വ്യാഖ്യാനത്തിലേക്ക് ക്ഷണിക്കുന്നത് .ഉണ്ണി വർണ്ണശാല, ജാസില ലുലു,നസി എന്നിവർ. 'നീ കെട്ടഴിച്ചപ്പോൾ' തുടങ്ങി  ചില ചിത്രങ്ങൾ സുന്ദരമായ കേവല രചനകൾ ആണെങ്കിലും, കൂടുതൽ ചിത്രങ്ങളും കവിതയ്ക്ക്  പുതിയ വ്യാഖ്യാനം നൽകാൻ പര്യാപ്തമാണ് .
ദേവിയുടെ ആദ്യ കവിതാ സമാഹാരമായകാറ്റിൽ നിന്നും  പച്ചില എന്നരണ്ടാംസമാഹാരത്തിലേക്കുകടക്കുമ്പോൾ കവിത മുമ്പോട്ടു നടക്കുന്നതിന്റെ കാലൊച്ച ആണ് നാം കേൾക്കുന്നത്.

രതീഷ് കുമാർ
🌾🌾🌾🌾🌾