24-06-19

📚📚📚📚📚
വൈകിയോഞാൻ
അദിതി
മാതൃഭൂമി
പേജ്100
വില 140
ഉടയാത്ത വിഗ്രഹങ്ങള്‍
...........🌹..........
ഒാര്‍മ്മക്കുറിപ്പുകള്‍ക്ക്  സാഹിത്യത്തില്‍ വേണ്ടത്ര ഔന്നത്യം ലഭിച്ചിട്ടുണ്ടോയെന്ന് ചിന്തിച്ചാല്‍ സംശയമാണ്..എന്നാല്‍ അവയ്ക്ക്  വലിയ സ്ഥാനമാണ് എന്‍െറ മനസ്സിലുളളത്..സത്യത്തില്‍ കഥയോ നോവലോ കവിതയോ സ്രഷ്ടാവിന്‍െറ ഭാവനയ്ക്കനുസരിച്ചോ അല്ലെങ്കില്‍ അവരുടേയോ മറ്റാരുടേയോ അനുഭവങ്ങളോ ആകാം..അത്തരം കൃതികള്‍ യാഥാര്‍ത്ഥ്യമാകണമെന്നുമില്ലല്ലോ!!എന്നാല്‍ ഒാര്‍മ്മക്കുറിപ്പുകളില്‍ നേരിന്‍െറ വെളിച്ചം കാണാം..അവ ജീവിതത്തിന്‍െറ നിഴല്‍ തന്നെയാണ്..അനുഭവങ്ങളില്ലാത്തവരില്ലല്ലോ?..അവയെ സ്വരുക്കൂട്ടി വച്ചാല്‍ നല്ലൊരു പാഠപുസ്തകമായി...അതിലും വലിയ വഴികാട്ടിയോ  ഗുരുവോ വേറെയുണ്ടോ??..അവ ചിതല്‍ തിന്നാതെ സൂക്ഷിക്കപ്പെടേണ്ടവയാണ്..അങ്ങനെ ഒരസാധ്യ സ്മരണകളുടെ ചിന്തുകള്‍ അടുത്തിടയ്ക്ക് മാതൃഭൂമിയില്‍ വായിക്കാനിട വന്നു. ഇതുവരെ എഴുത്തുകാരുടെ പട്ടികയില്‍ കാണാതിരുന്ന ഒരാളുടേതായിരുന്നു ആ സ്മൃതികള്‍..പോരാത്തതിന് ഇരുത്തം  വന്ന രചനയും...പ്രസിദ്ധ കവിയും അദ്ധ്യാപകനുമൊക്കെയായ ശ്രീ.വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ മകള്‍ ഡോക്ടര്‍. അദിതിയുടേതായിരുന്നു, ആ ഒാര്‍മ്മച്ചിന്തുകള്‍...അച്ഛനെന്ന പാഠപുസ്തകത്തെ ഉയിരോടു ചേര്‍ത്തു പഠിച്ച മകളുടെ ആത്മഭാഷണങ്ങള്‍... വായിക്കുന്തോറും ഇനിയുമിനിയും വായിക്കണമെന്നു തോന്നുന്ന വരികള്‍...അതാണെങ്കിലോ പ്രസിദ്ധീകരണത്തിലിരിക്കുന്ന, 'വൈകിയോ ഞാന്‍' എന്ന പേരിലുളള പുസ്തകത്തിലേതും.. ആ കൃതിക്കു വേണ്ടി കുറെ അന്വേഷണം നടത്തി...അങ്ങനെ കാത്തിരിപ്പിനു വിരാമമായി...കോഴിക്കോട്ടു നിന്ന് പുസ്തകവുമായാണ് അമ്മാമന്‍ എത്തിയത്...കൊച്ചു പുസ്തകം....സുഗതകുമാരിടീച്ചറുടെ ലളിതസുന്ദരവും വാത്സല്യം വഴിഞ്ഞിറങ്ങുന്നതുമായ അവതാരിക... കയ്യിലെത്തിയത് ഒറ്റയിരുപ്പില്‍ മുഴുവനാക്കി....ഒതുക്കിയെഴുത്ത് വായിച്ച സുഖം...എന്നിട്ടും മതിവരാത്ത വായനാനുഭവം...സ്വന്തം അച്ഛനെന്ന രക്ഷിതാവിനെ,സുഹൃത്തിനെ,വഴികാട്ടിയെ എന്നതിലുപരിയായ ഒരു പ്രഭാവലയത്തെ സുക്ഷ്മ നിരീക്ഷണത്തിലൂടെ ചാരുതയാര്‍ന്ന ഒരു വാങ്മയചിത്രമാക്കി കൈരളിക്ക് സമ്മാനിച്ചിരിക്കുന്നു...ഒരു മഹാകവിയെന്നതിലപ്പുറം വാത്സല്യവും ഉത്തരവാദിത്തവും ധിഷണയുമുളള തന്‍െറ പിതാവിനെയും, അദ്ദേഹത്തിന്‍െറ ഒപ്പമുളള ജീവിതനൗകയിലൂടെയുളള തുഴച്ചിലും അലച്ചിലുമെല്ലാം ശുദ്ധിയുളള ഭാഷയില്‍ കുറിച്ചിട്ടിരിക്കുന്നു പിതാവിന്‍െറ പ്രതിച്ഛായയുളള മകള്‍ അദിതി...മഹാകവിയെ ഞാനത്ര വായിച്ചിട്ടില്ല...മാതൃഭൂമിയില്‍ വന്നതില്‍ ചിലത് ഒാര്‍മ്മയുണ്ടു താനും..'ഒരു ജനനം;ഒരു മരണം' എന്ന ലഘു കവിത ഉളളില്‍ ജ്വലിച്ചു നില്‍ക്കുന്നു..''മൂന്നു വര്‍ഷങ്ങള്‍ കടന്നുപോയ്..എന്നു തുടങ്ങി ''ഞാന്‍ വെല്ലുകയല്ലോ മൃതിയുടെ ദൂതനെ'' വരെയുളള 14 വരികളില്‍ വര്‍ഷങ്ങളുടെ യാത്രയെ ചിട്ടയായി ആവിഷ്ക്കരിച്ചിരിക്കുന്നു..ആ കവിതയിലെ അജയ്യത കവിയുടെ ചങ്കൂറ്റത്തെ ഒാര്‍മ്മപ്പെടുത്തുന്നതായിരുന്നു...അമ്മയുടെ മരണത്തിലെ വ്യസനവും മകളുടെ ജനനത്തിലെ ഹര്‍ഷവും യഥാക്രമം അശ്രുവും മധുവുമാക്കി മാറ്റാന്‍ കഴിഞ്ഞ  ആ സല്‍പിതാവ് ചുണ്ടില്‍ത്തേച്ച നെയ്യും നറുന്തേനുമുണ്ട മകള്‍ക്ക് ഇതില്‍പ്പരം ജന്മസാഫല്യമെന്തു വേണം!!   ഒറ്റ വായനയില്‍ തന്നെ  ആ കാവ്യവൈഭവം തെളിഞ്ഞു കണ്ടു...അപൂര്‍വ്വ സിദ്ധിതെളിയിക്കുന്ന ധിഷണാനദിയുടെ കൈവഴികള്‍ക്കും ആ മേന്മയുണ്ടാവാതെ തരമില്ല...ഞാന്‍ കുട്ടിയായിരിക്കുമ്പോളൊരിക്കല്‍ കവിയെ എം ആര്‍ ബി മുത്തശ്ശന്‍െറ വീട്ടില്‍ വച്ചു കണ്ടു..സാഹിത്യ അക്കാദമിയിലെ ഏതോ പരിപാടി കഴിഞ്ഞ്  തുഷാരയില്‍ വന്ന് ഊണ് കഴിച്ച് മടങ്ങും വഴിയായിരുന്നു അത്..ഒരു മിന്നായം പോലെയാണെങ്കിലും പ്രൗഢിയുളള ആ രൂപക്കാഴ്ച ഇന്നും ഉളളിലുണ്ട്...വര്‍ഷങ്ങള്‍ക്കു ശേഷം കാലിഫോര്‍ണിയയിലെ ബിഗ് ബേസിന്‍ ദേശീയ വൃക്ഷസങ്കേതം സന്ദര്‍ശിച്ചപ്പോള്‍ 2000 വയസ്സു കഴിഞ്ഞ മരമുത്തശ്ശനെ ചൂണ്ടി  ശ്രീ വിഷ്ണു നാരായണന്‍ നമ്പൂതിരി നമസ്കരിച്ച മരം എന്ന് ഏട്ടന്‍ പറഞ്ഞപ്പോള്‍ ആ മരത്തെ ഞാനും മനസ്സാ നമിച്ചു...ഇക്കൊല്ലം ഇടവത്തിലെ തൃക്കേട്ടയില്‍, അതായത് കവിയുടെ ജന്മനാളില്‍ അനന്തപുരിയില്‍ നടന്ന ആഘോഷങ്ങളെക്കുറിച്ചും വായിക്കുകയുണ്ടായി... ഇന്നലെ ഈ പുസ്തകം വായിച്ചപ്പോള്‍ ഈ കാര്യങ്ങളെല്ലാം  എന്‍െറ മനസ്സിലൂടെ ഒാടി മറഞ്ഞു..അച്ഛനും മകളും തമ്മിലുളള അസൂയപ്പെടുത്തുന്ന ആത്മബന്ധം ഈ പുസ്തകത്തില്‍ തുറന്നുകാട്ടുന്നു...കേവലം 21 വയസ്സില്‍ അച്ഛനായ കവിയുടെ പക്വതയും ഉത്തരവാദിത്തങ്ങളും സ്നേഹവാത്സല്യങ്ങളും ലേഖിക സൂചിപ്പിക്കുന്നു..പ്രായവും പക്വതയും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലെന്നുളള എന്‍െറ വിശ്വാസത്തെ ഇതൊന്നുകൂടി ബലപ്പെടുത്തി..ഉളളവരും  ഇല്ലാത്തവരും വേണ്ടാത്തവരും സമൂഹത്തിലുണ്ടെന്നറിഞ്ഞു..ശാന്തിക്കാരന്‍െറ മകനും പ്രൊഫസ്സറുടെ മകള്‍ക്കും ജീവിതമൂല്യങ്ങള്‍ അന്തസ്സോടെയും അഭിമാനത്തോടെയും ഉയര്‍ത്താനാകുമെന്നും തെളിഞ്ഞു .. അറിവും ആത്മാഭിമാനവുമുളള ആ അച്ഛനോടൊപ്പം കുട്ടിക്കാലത്ത്  മാറി മാറി താമസിച്ച വീടുകളില്‍ വേരോടിയതും വേരടര്‍ന്നതും ഒരു കഥാകാരിയുടെ വഴക്കത്തോടെ മകള്‍  വിവരിക്കുമ്പോള്‍ ഞാനും ആ വീടുകളിലൊക്കെ സഞ്ചരിച്ചു...അവിടങ്ങളിലെ കാറ്റും സുഗന്ധവും  ആസ്വദിച്ചു...കുഞ്ഞുടുപ്പിട്ടും പിന്നീട്  പാവാടക്കാരിയായും പറമ്പുകള്‍ കയറിമറിഞ്ഞ് പഴങ്ങളുടേയും മരങ്ങളുടേയും കണക്കെടുത്ത്  ധൃതിയില്ലാതെ സ്കൂളിലെത്തിയിരുന്ന ആ പഴയ നല്ലകാലത്തിലേയ്ക്ക് ഊളിയിട്ടു... മനോഹരമായിരുന്ന ഒട്ടും യാന്ത്രികമല്ലാത്ത സുവര്‍ണ്ണകാലത്തേയ്ക്ക്.....പുസ്തകത്താളുകളില്‍ കണ്ട കവിയുടെ ചിട്ടയും വൃത്തിയുമുളള ജീവിതരീതിയോട് ബഹുമാനം തോന്നി.. ഇഷ്ടപ്പെടാത്തവര്‍ക്കുപോലും  പരീക്ഷിക്കാന്‍ തോന്നുന്ന   അനുഭവഗുണമുളള അവിയല്‍ പാചകക്കുറിപ്പ് ....ചായ,കാപ്പികളെ അമൃതാക്കുന്ന നിര്‍മ്മാണക്കുറിപ്പ്...കവിയുടെ ആ സംസര്‍ഗ്ഗ ഗുണം കിട്ടിയവരൊക്ക ഭാഗ്യവാന്മാര്‍...എത്ര ചെറിയ ജോലി ചെയ്യുമ്പോഴും സൂക്ഷ്മത,കൃത്യത,ഏകാഗ്രതയൊക്കെ വേണമെന്ന അറിവും അച്ഛന്‍ മകള്‍ക്കു പകര്‍ന്നു...ആ അറിവിന്‍െറ ജ്യോതിസ്സ് ആളിക്കത്തിക്കാനും അതില്‍ സ്നേഹമെന്ന എണ്ണ നിറക്കാനും ആ പിതാവ് മറന്നില്ല...സ്വന്തം പ്രവൃത്തിമേഖലയിലേയ്ക്ക് കടക്കും മുമ്പ് അച്ഛന്‍ നല്‍കിയ ഉപദേശം നിന്‍െറ പഠനമാധ്യമം സ്നേ ഹമാകട്ടെയെന്നായിരുന്നു..സ്നേഹമുളള അച്ഛന്‍െറ ആശംസ..അച്ഛനമ്മമാര്‍ക്ക് ആറ്റുനോറ്റ് പ്രാര്‍ത്ഥിച്ചുണ്ടായ ഏകമകന്‍  ആ പ്രാര്‍ത്ഥനപോലെ  കുലീനനും സന്മാര്‍ഗ്ഗിയും തേജസ്വിയും ധിഷണാശാലിയും ആയതില്‍ അത്ഭുതമില്ല..മാതാപിതാക്കളോടും കുടുംബത്തോടും കൂട്ടുകാരോടും വിദ്യാര്‍ത്ഥികളോടും ഒരുപോലെ കടമകള്‍ നിറവേറ്റാന്‍  അദ്ദേഹം താല്പര്യം കാണിച്ചു.. തേവരോടും കവിക്ക്‌  വളരെ പ്രതിപത്തിയുണ്ടായിരുന്നു..ബ്രഹ്മജ്ഞാനമുളള തികഞ്ഞ ബ്രാഹ്മണന്‍.. സ്വപ്രയത്നം കൊണ്ട് വെട്ടിപ്പിടിച്ച ജീവിതത്തില്‍ മുന്നേറാനും കെട്ടിപ്പടുത്ത കുടുംബത്തെ നിറമനസ്സോടെ,നേതൃപാടവത്തോടെ,കര്‍ത്തവ്യനിരതയോടെ പരിപാലിക്കാനും അതില്‍ വിജയിക്കാനും ആ മഹാനുഭാവന് കഴിഞ്ഞു..ഇനിയൊട്ടും വേവലാതിപ്പെടേണ്ട... യാതൊരു  വിഷമവും ഭയപ്പാടും വേണ്ട.ഒട്ടും വൈകിയിട്ടുമില്ല... ഒാരോ മനുഷ്യനും  പ്രായമേറുന്തോറും കുട്ടിയാകുന്നു..ആ കുട്ടിയുടെ കൈ പിടിക്കാന്‍ മറ്റൊരു കരുത്തുററ  കൈകളുണ്ടാകുന്നു..അത് നിയോഗം..ജീവിതസായാഹ്നത്തില്‍ സ്വബുദ്ധിയോടെ ശാന്തിയോടെ  തുടരാന്‍ അദ്ദേഹത്തിനു കഴിയട്ടെ.. ആ ആത്മവീര്യത്തിന്‍െറ തിരിയണയാതെ കാക്കാന്‍ മകള്‍ക്കും.....

റീത്ത.എം.ഇ.
 🌾🌾🌾🌾🌾