24-04-19


🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
മലപ്പുറം ഭാഷാ വിശേഷങ്ങൾ തുടരുന്നു.
🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱

വാമൊഴിയുടെ ശക്തി അപാരമാണ്. ഓരോ നാടിനും നൂറ്റാണ്ട് കാലം പഴക്കമുള്ള പ്രാദേശിക ഭാഷ നിലനിന്നു പോരുന്നു. അതിനെ കൈവെടിയാതെ സമൂഹം മുന്നോട്ടു പോകുമ്പോഴും നവ മാധ്യമങ്ങളുടെയും മറ്റു തരത്തിലുള്ള സാംസ്കാരിക ഇഴുകിച്ചേരലുന്റെയും ഫലമായി ഭാഷ നവീകരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഏതു ജില്ലയിലെയും സ്ഥിതി ഇതു തന്നെയാണ്. എങ്കിലും ഗ്രാമീണ പശ്ചാത്തലത്തിൽ ഇപ്പോഴും അവരുടെ പ്രാദേശിക ഭാഷയുടെ സൌന്ദര്യം ചോരാതെ സംസാരിക്കുന്ന ജനസമൂഹം ഉണ്ട് എന്നതാണ് വസ്തുത. ഓരോ മതവിഭാഗങ്ങളും അവരുടെതായ പൊതു ഭാഷയുടെ തനിമ നിലനി൪ത്തിക്കൊണ്ടാണ് അവരുടെ സംസാരഭാഷ രൂപപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ കൃസ്ത്യൻ സമുദായത്തിലെ അംഗങ്ങളുടെ സംസാര ഭാഷ പൊതു വാമൊഴിയിൽ നിന്നു വിഭിന്നമായിരിക്കുന്നതായി കാണാം. അതേപോലെ നിലമ്പൂർ മേഖലയിലെ ചോലനായ്ക്ക൪ പോലെയുള്ള ആദിവാസി വിഭാഗങ്ങളുടെ സംസാര ഭാഷയും വിഭിന്നമാണ്. ഹിന്ദു വിഭാഗത്തിൽ ഉയർന്ന ശ്രേണിയിൽ നിൽക്കുന്നവരുടെ ഭാഷ മാനക ഭാഷയോട് അടുത്ത് നിൽക്കുന്നതായി കാണാം. പരപ്പനങ്ങാടി, നിലമ്പൂർ, കൊണ്ടോട്ടി, പെരിന്തൽമണ്ണ, പൊന്നാനി എന്നീ സ്ഥലങ്ങളിലെല്ലാം ഒരൊറ്റ ഭാഷയല്ല ഉപയോഗിക്കുന്നത്. ഉച്ചാരണത്തുലും പദപ്രയോഗരീതിയിലും ഈണത്തിലും താളത്തിലും വ്യത്യാസം കാണാം. മലപ്പുറത്ത് തന്നെ നിരവധി ഭാഷാഭേദങ്ങൾ നിലനിൽക്കുന്നു. ജാതിമത ഭേദമനുസരിച്ച് മാപ്പിള ഭാഷ,കൃസ്ത്യൻ ഭാഷ, നമ്പൂതിരി ഭാഷ, സവർണ ഭാഷ, അവ൪ണ ഭാഷ എന്നിങ്ങനെ വിഭജനം നടത്താമെങ്കിലും മലപ്പുറത്തെ ജനസമൂഹം പൊതുവേ സ്വീകരിച്ചു പോന്ന ഭാഷാരീതി യുടെ പ്രത്യേകതകളാണ് കഴിഞ്ഞ ലക്കത്തിൽ പറഞ്ഞു പോന്നത്. അവയുടെ മറ്റു സവിശേഷതകളാണ് ഇനി പറയാൻ പോകുന്നത്.

ഉത്സവങ്ങൾ
നീ൪ച്ച (നേർച്ച), നബിദിനം, വേല, കലങ്കരി, താലപ്പിരി (താലപ്പൊലി), വേല, മുത്തൻ വേല, പൂരം, പാട്ട്, ബെയ്ത്ത്.
ഭൂവിഭാഗങ്ങൾ: തൊടു (തൊടി), പറമ്പ്, പള്ള്യാളി, ആറ്റുംകലായി, കണ്ടം, പിള്ളക്കണ്ടം, കണ്ടി, ചെത്തേയി (ചെത്തു വഴി, റോഡ്), എടായി(ഇടവഴി), കുണ്ട്, കുളം, ചോല, പാന്തൽ (ചതുപ്പ് നിലം), പൂലുള്ള മണ്ണ് (നനവുള്ള മണ്ണ്).
വിവാഹം: തക്കാരം, വിര്ന്ന്, നിച്ചയം, വാതില്കാഴ്ച, പെണ്ണുകാണൽ, ഒറപ്പിക്കാൻ പോവുക, കാണാൻ വര്അ, പറ്റുക (ഇഷ്ടപ്പെടുക), തേടിപ്പോവ്വാ, ഒര്ക്ക്വാ, പുത്യാപ്ല, പുത്യെണ്ണ്, മണവാട്ടി, വന്നോല് (ചെക്കൻ വീട്ടുകാർ), തേട്യാള് (ചെക്കൻ വീട്ടുകാർ).
രോഗം: വജ്ജായി, സൂക്കട്, തഞ്ചക്കട്, കൊണക്കട്, ചീക്ക്, എനക്കട് (അസുഖം), കൊതമില്ല (സുഖമില്ല), തര്പ്പ് പ്പോവുക (ഭക്ഷണം മൂക്കിലെത്തുക), തഞ്ചാരം (വേദന), തലീക്കുത്തുക (തലവേദന), പള്ളീലരത്തം (വയറുവേദന), ചൈത്താൻ കൂക്ക് (അപസ്മാരം), ചീരാപ്പ് (ജലദോഷം),  കബം (കഫം), പൈനി (പനി), കെണ്പ്പ്ന്ന് തെറ്റുക (അസ്ഥിയുടെ സ്ഥാനഭ്രംശം), കൊര (ചുമ), ചപ്പട്ട, പൊട്ടി (ചിക്കൻ പോക്സ്), പാനിപ്പുടുക്ക (കഴലവീക്കം), മൂക്കാട്ടം (മൂക്കിള), പുയുപ്പല്ല് (കേടുവന്ന പല്ല്), തലമ്മത്തട്ട് (കോളറ), കൂറ്റൻ പോവുക (ശബ്ദം അടക്കുക).
അടുക്കള ഉപകരണങ്ങൾ: കൂവക്കോല്(കൂവപ്പൊടി ഉണ്ടാക്കുന്നത്) കടക്കോല് (തൈര് കരയുന്നത്), അപ്പച്ചട്ടി, ഓട്ടക്കയിൽ, പിച്ചാങ്കത്തി, വെട്ടുകത്തി, ചട്ടകം (ചട്ടുകം), കൈക്കല (അടുക്കളയിൽ കൈ തുടക്കുന്ന തുണി), മടാള് (ഒരു തരം കത്തി), അരിവാക്കത്തി, വെട്ടുകത്തി, അടച്ചുറ്റി(ചോറ് വാ൪ക്കാൻ ഉപയോഗിക്കുന്ന മരം കൊണ്ടുള്ള പലക), തള്ളക്കയിൽ (ചോറെടുക്കുന്ന തവി), കുണ്ടമ്പിഞ്ഞാണം, ഓട്ട്ലായ്ല (കഞ്ഞി കുടിക്കാൻ ഉപയോഗിക്കുന്ന തവി),കോരി, മലപ്പുറം കത്തി (രണ്ടു ഭാഗത്തും മൂർച്ചയുള്ളത്), ഉപ്പാത്രം (ഉപ്പു പാത്രം), വെണ്ണൂർ (വെണ്ണീർ), പാട്ട, കോപ്പ (കപ്പ്), തൊട്ടി (ബക്കറ്റ്), തൂക്കാത്രം (തൂക്കു പാത്രം), ബസ്സി (പ്ലേറ്റ്), മഗ് (മഴു), കാസെറ്റ്/മണ്യേം (മണ്ണെണ്ണ), പൊകോട് (പുക ഒഴിഞ്ഞു പോകുന്ന ഓട്), സംഭാരപ്പടി, അമ്മിത്തറ, ആട്ടൊരൽ, ഉ൪ളിച്ചട്ടി.

ക്രിയകൾ
ചിമ്പുക (ചിമ്മുക)
ബെടന്തുക (കമ്പിപ്പാര ഉപയോഗിച്ച് ഇളക്കിയെടുക്കുക)
പാത്തുക (മൂത്രമൊഴിക്കുക)
ബെയ്ക്കുക (ഭക്ഷണം കഴിക്കുക)
കൊല്ലീക്കെട്ടുക (ഭക്ഷണം ഇറങ്ങാതെ കഴുത്തിൽ തങ്ങി നിൽക്കുക)
തിരുമ്പുക (അലക്കുക/തടവുക)
മുണ്ടാട്ടം (സംസാരം)
കുൽക്കഴിയുക (ഭക്ഷണം കഴിച്ച ശേഷം വായിൽ വെള്ളമെടുത്ത് ശുദ്ധിയാക്കുക)
കൊട്ടുക (ശ൪ദ്ദിക്കുക)
പാത്തെക്കുക (സൂക്ഷിച്ചു വെക്കുക)
വൈക്കൾച്ച്അ (വഴുതുക)
നീക്കുക (എഴുന്നേൽക്കുക)
എരക്കുക (തെണ്ടുക)
പാരുക (ഒഴിക്കുക)
കയ്ച്ചലാവുക (രക്ഷപ്പെടുക)
പുളീമ്മെ കയറ്റുക (പുകഴ്ത്തുക)
ഒരതുക (ഉരസുക)
താളം കാട്ടുക (അനുകരിക്കുക)
സുയ്പ്പ്ണ്ടാക്കുക (പ്രശ്നം ഉണ്ടാക്കുക)

ബന്ധ പദങ്ങൾ
ബന്തോട് (ബന്ധു വീട്)
ബന്തുപ്പാട് (ഭാര്യ വീട്)
വായക്കുടുംബം (അകന്ന ബന്ധം)
അവനാന്റെ ആൾക്കാർ (ബന്ധുക്കൾ)
കണ്ടോല് (അന്യ൪)
കാക്ക/കാക്കു (ജ്യേഷ്ഠൻ-മുസ്ളിങ്ങൾ വിളിക്കുന്നത്)
ഏട്ടൻ/താട്ടൻ (ജ്യേഷ്ഠൻ-ഹിന്ദുക്കൾ വിളിക്കുന്നത്)
ചെറിയച്ചൻ/കുട്ടച്ചൻ/പാപ്പൻ(അച്ഛന്റെ അനുജൻ)
എളാപ്പ/ആപ്പ (ബാപ്പയുടെ അനുജൻ)
മൂത്താപ്പ(ബാപ്പയുടെ ജ്യേഷ്ഠൻ)
വല്ലിപ്പ/വല്ല്യാപ്പ (ബാപ്പയുടെ ബാപ്പ)
വല്യച്ഛൻ (അച്ഛന്റെ ജ്യേഷ്ഠൻ)
അമ്മായിക്കാക്ക (അമ്മായിയുടെ ഭർത്താവ്)
മാമ (അമ്മാവൻ, വയസായ വ്യക്തി)
അമ്മ്വോൻ (അമ്മാവൻ)
ഏട്ത്തി (ചേച്ചി)
കുട്ട്യേടത്തി (ചെറിയ ചേച്ചി)
മേമ (അമ്മയുടെ അനുജത്തി)
അമ്മോശൻ (ഭാര്യാ പിതാവ്)
മര്വോൻ(മകളുടെ ഭർത്താവ്/പെങ്ങളുടെ മകൻ)
എളീമ്മ (ഉമ്മയുടെ അനുജത്തി)
താത്ത (ചേച്ചി)
വല്യമ്മ (വല്യച്ഛന്റെ ഭാര്യ)
വല്ലിമ്മ (മുത്തശ്ശി)
മുത്തി (മുത്തി)
ഐന്ത്രോപ്പാട് (അനിയൻ)
എളേച്ചി (ഭർത്താവിന്റെ അനുജന്റെ ഭാര്യ)
മൂത്തച്ചി (ഭർത്താവിന്റെ ജ്യേഷ്ഠന്റെ ഭാര്യ)
മൂത്തച്ചൻ (ഭർത്താവിന്റെ ജ്യേഷ്ഠൻ/ഭാര്യയുടെ ചേച്ചിയുടെ ഭർത്താവ്)
എളേച്ചൻ (ഭർത്താവിന്റെ അനുജൻ/ഭാര്യയുടെ അനിയത്തിയുടെ ഭർത്താവ്)
പെമ്പ്രന്നോള്/പൊണ്ടാട്ടി/കെട്ട്യോള് (ഭാര്യ)
മച്ചുണിയൻ/മച്ചു (അമ്മായിയുടെ മകൻ)
മച്ചുൺച്ചി (അമ്മായിയുടെ മകൾ)
ഐറ്റ്ങ്ങള്/ഓല് (അവ൪)
എണങ്ങൻ (സമാന ജാതി/ബന്ധുക്കളായ ചില തറവാട്ടുകാർ)
അടിയാര് (ഒരു ജാതിയോട് അടുപ്പമുള്ള കീഴ്ജാതിക്കാർ)
കൊളത്ത് (കാമുകി)
മന്സൻ (മനുഷ്യൻ)
മൻസത്തി (സ്ത്രീ)
മുത്തപ്പായി (മരിച്ചു പോയ പിതാമഹൻ)
വാല്യേക്കാരൻ (ചെറുപ്പക്കാരൻ)
കുണ്ടൻ (ആൺവേശ്യ)
ചങ്ങായി (സുഹൃത്ത്)
ചങ്ങായിച്ചി (പെൺ സുഹൃത്ത്)
കുടിക്കാരത്തി/പെണ്ണുങ്ങള്/കെട്ട്യോള്/ഓള് (ഭാര്യ)
കുടിക്കാരൻ/കെട്ട്യോൻ/ഓളോൻ (ഭ൪ത്താവ്)
ഇന്റാൻ (എന്റെ മോൻ/പ്രിയപ്പെട്ടവൻ)
ഇന്റാള് (എന്റെ മകൾ, പ്രിയപ്പെട്ടവൾ)
അയലോക്കക്കാരൻ (അയൽക്കാരൻ)

ഭക്ഷണ വിഭവങ്ങൾ
 അരച്ച് കലക്കി (ചട്ണി)
കച്ചമ്പറ് (ഉള്ളി, ഇഞ്ചി, തൈര് ചേ൪ത്ത സാലഡ്)
കാരോലപ്പം/കുജ്ജപ്പം (ഉണ്ണിയപ്പം)
കാല്യാപ്പ് (കാലിച്ചായ)
പൊടിച്ചായ (ചായപ്പൊടി അധികമിട്ട ചായ)
ഓപ്പൺ ചായ (പഞ്ചസാര ഇല്ലാത്ത ചായ)
പാൽച്ചായ (ചായപ്പൊടിയില്ലാതെ പാലും വെള്ളവും മാത്രം ഉപയോഗിക്കുന്ന ചായ)
ചായേന്റെള്ളം (തണുത്ത കട്ടൻ ചായ)
പുഗ്ഗാട (പൂവാട)
നീര് (ചാറ്/കറി)
സാൽന (ഗ്രേവി)
കാവ (ചുക്ക് ചേർത്ത ചായ)
പോല (പുകയില)
നെജ്ജപ്പം (നെയ്യപ്പം)
അപ്പം (ഉഴുന്ന് ചേ൪ക്കാത്ത ദോശ)
സ൪വ്വത്ത് (സ൪ബത്ത്)
കുളുത്ത് (പഴഞ്ചോറ്)
ചീരാക്കഞ്ഞി (ജീരകക്കഞ്ഞി)
പുമ്മുളു/സമ്മന്തി (ചമ്മന്തി)
കേങ്ങ് പുയ്ങ്ങ്യേത് (കപ്പ പുഴുങ്ങിയത്)
വായക്കാപ്പൊരി (ചിപ്സ്)
മീൻ മൊളുട്ടത് (മീൻ മുളകിലിട്ടത്)
ഈന്തുംപിടി (ഈന്ത് കൊണ്ടുള്ള വിഭവം)
ആംബ്ലൈറ്റ് (ഓംലെറ്റ്)
തട്ടാഞ്ചോറ് (രണ്ടാമതിടുന്ന ചോറ്)
വെറുഞ്ചോറ് (സാധാരണ ചോറ്)
പുളീഫ് (കപ്പയും ബീഫും ചേർത്തു വെച്ചത്)
ചൊറിഞ്ഞി (ചോറിനും കഞ്ഞിക്കും ഇടയിൽ)
പടുകറി (എല്ലാ കഷ്ണവും ചേർത്തുള്ള കറി)

ഇഷ്ടു, ഓട്ടട, നൂൽപ്പുട്ട്, തേങ്ങാച്ചോ൪, അവിലും വെള്ളം, പൊരിച്ച പത്തിരി, നൈസ് പത്തിരി, മാൽപ്പൊരി, ഉണ്ടമ്പൊരി, നുറുക്ക്, പുഴുക്ക്, അരിമണി വറുത്തത്, കൂട്ടാൻ.....

ആഭരണം
മൂതറം (മോതിരം), കാതിൽത്തത് (കമ്മൽ), ചിറ്റ് (മുസ്ലിം സ്ത്രീകളുപയോഗിക്കുന്ന കമ്മൽ), തോട(വൃദ്ധസ്ത്രീകളുടെ കട്ടി കൂടിയ കമ്മൽ), കാല്മത്തത്/പാൽസാരം (പാദസരം), ചങ്കീരി (ചങ്കീലസ്), തണ്ട (ആൺകുട്ടികൾ കാലിലണിയുന്നത്), അരഞ്ഞാണ് (അരഞ്ഞാണം), പൊന്ന് (സ്വ൪ണം), വെളക്കുക (കൂട്ടിയോജിപ്പിക്കുക)....

ഇളക്കത്താലി, കൊളത്ത്, കണ്ണി, മുക്ക്....

അറബിക് പദങ്ങൾ
 ഖിബ൪ (മോശം)
ദുനിയാവ് (ലോകം)
കൽബ് (മനസ്സ്)
സ്വലാത്ത് (പ്രാ൪ഥന)
നസീബ് (ഭാഗ്യം)
നിഹ്മത്ത് (അനുഗ്രഹം)
നജസ്സ് (അശുദ്ധി)
ജാഹില്(വിഡ്ഢി)
അസ൪ (വൈകീട്ട്)
സുബഹി (രാവിലെ)
മഗ് രിബ് (സന്ധ്യ)
ജമായത്ത് (സമ്മേളനം)
സുറുമ (കൺമഷി)
ഹലാക്ക് (അപകടം)
ഈമാൻ (വിശ്വാസം)
തലാഖ് (മൊഴി ചൊല്ലൽ)

സലാം പറയൽ, നിക്കാഹ്, കബറ്, കിതാബ്, സക്കാത്ത്, ഉസ്താദ്, സുന്നി.....

കൃഷി സംബന്ധമായവ
പൂട്ടുക (ഉഴുക)
കട്ടമുട്ടി (കട്ട ഉടക്കാൻ ഉപയോഗിക്കുന്ന ഉപകരണം)
പാവുക (നടുക)
തോല് (പച്ചില)
വളമ (വളം)
ചാമക്കലായി (ചാമ ഉണ്ടാക്കിയ സ്ഥലം)
ആറ്റുംകലായി (ഞാറ് പാവിയ സ്ഥലം)
ഞാറ്റട്ടി (ഞാറ്റടി, ഞാ൪ നടുന്ന സ്ഥലം)
വൈക്കോലുണ്ട (വൈക്കോൽ തുറു)

നിത്യ കർമ്മങ്ങൾ
പല്ലേക്കുക (പല്ല് തേക്കുക)
മോറെഴ്കുക (മുഖം കഴുകുക)
കുൽക്കഴിയുക (വായ വൃത്തിയാക്കുക)
തൊടീപ്പോവുക/മറക്കിരിക്കുക/തൂറുക/രണ്ടിന് പോകുക(മല ശോധന)
പാത്തുക/മൂത്രിക്കുക/മൂത്രം മുത്തുക/ഒന്നിന് പോകുക/മൂത്രൊയ്ച്ച്ആ (മൂത്രം ഒഴിക്കുക)
ബെയ്ക്കുക (ഭക്ഷണം കഴിക്കുക)
മുണ്ങ്ങുക(വിഴുങ്ങുക/വാരി വലിച്ചു തിന്നുക)
പേന്തുക/മോന്തുക (കുടിക്കുക)
ആക്രാന്തം (അത്യാ൪ത്തി)
ഒളു എടുക്കൽ (നിസ്കാരത്തിനു മുമ്പുള്ള വൃത്തിയാക്കൽ)
മനരിക്കുക (മൂത്രം ഒഴിച്ച ശേഷം അവയവം വൃത്തിയാക്കൽ)
ചന്ത്യെഴുകുക (ശൌചം)

വേറിട്ടു നിൽക്കുന്ന പദങ്ങൾ
പൂത്യാവ്അ (ആഗ്രഹമുണ്ടാകുക)
മൊരട് (മരത്തിന്റെ കീഴ്ഭാഗം)
സൊതവേ (സാധാരണ)
വൈത്താലെ (പിന്നാലെ)
ചെറുങ്ങനെ (ചെറുതായി)
ചൊറ (പ്രശ്നം)
പക്കേങ്കില് (പക്ഷേ)
പാനി (മൺകലം)
അൽകുൽക്ക് (ക്രമം തെറ്റുക)
കെടാകെട (ഒരു പോലെ)
തവളാപ്പൊട്ടല് (വാൽമാക്രി)
ബെറുക്കനെ (വെറുതെ)
കുട്ടി മന്സൻ (കുള്ളൻ)
വെപ്ലിത്തരം (വികൃതി)
തെണ്ണിപ്പ് (വികൃതി)
ത് ലാമാസം (തുലാമാസം)
ഇല്ലിപ്പടി (മുളങ്കമ്പ് കൊണ്ടുണ്ടാക്കുന്ന ഗേറ്റ്)
ഇടക്കുറ്റി (മൂരികൾ കടക്കാതിരിക്കാനുപയോഗിക്കുന്നത്)
വരായി (വരുമാനം)
കോറങ്കട് (അംഗവൈകല്യം)
കുനിപ്പ് (അറ്റം)
മുയുക്കനും (മുഴുവനും)
ചോരോട്ടം (രക്ത സഞ്ചാരം)
കുണ്ടറസ്റ്റ് (താത്പര്യം)
ചടക്കം (പടക്കം)

ശൈലികൾ
കണ്ടം കാട്ടുക
വാര്വാ കോര്വാ
കുപ്പായം മാറ്വാ
കായില്ലാത്തോൻ എറച്ചിക്ക് നിക്കണത് പോലെ
മൂടും മുന്നായിം
തൊള്ളേ കൊള്ളാത്ത വ൪ത്താനം
പള്ളേല് ഈച്ച പോയ പോലെ
ചിറീം തോളിലിട്ട് നടക്കുക
പൈച്ചാൽ പന്ന്യെറച്ചീം ഹലാൽ
ഹലാക്കിന്റെ അവിലും കഞ്ഞി
ഒറ്റ മയ്മ്മദ് മതീ മുറ്റാകെ തൂറി എരപ്പാക്കാൻ
സൈക്കള്മ്മന്ന് ബീണ ചിരി
വള്ളി വെക്കുക
കുരു പൊട്ടിക്കുക
പന്തം കണ്ട പെരുച്ചാഴി പോലെ
ഏലുംമാലും കൂടുക
ഐസ്ണ്ടാവുമ്പോ പൈസണ്ടാവൂല
ചാടുമ്പോ തൂറ്യാ തൂറിച്ചാട്ടം
തോണി മറഞ്ഞാ പൊറാ നല്ല ത്
എടങ്കോലിടുക
നായി അലച്ചിലുമ്മ തൂറ്യ പോലെ
ഒലക്കേമ്മെ പാന്തം കെട്ട്യപോലെ
ഞഞ്ഞാ പിഞ്ഞാ പറയുക
എളന്തലക്കലാ കാതല്
വല്ല്യെരുന്നാളും വെള്ളിാഴ്ച്ചേം വന്നിട്ടും
മോല്ല്യാര് നിന്നു പാത്തിയാ, കുട്ട്യാള് മരം കേറി പാത്തും
ബാപ്പ പോയാൽ സൂപ്പി മൂപ്പൻ
ഒലക്കോണ്ട് കോണകമുടുക്കുക
ഒലക്കോണ്ട് ചന്ത്യഴ്കുക
അയ്ച്ചാം കൊയ്ച്ച
എള്ളും കണ്ടത്തില് തൂറാനിരിക്കുക
ബടല്ലാത്ത നായിനെപ്പോലെ
പോത്തും വണ്ടീല് റാന്തല് കെട്ട്യ പോലെ
തൊള്ളേത്തോന്ന്യ പറയ്വാ
മണ്ടിപ്പായുക
ലൊട്ടുലൊടുക്ക്
കൂട്ട്യാൽ കൂടുക
എക്കച്ചക്ക
മെരൂന കൂട്ടിലിട്ട പോലെ
പല്ലുക്കുത്തി മണപ്പിക്കുക
എരന്നോനെ തൊരക്കുക
പയിച്ച് പട്ട്യാവുക
തീയന്റെ തോ൪ത്ത് പോലെ
ഇപ്പക്കണ്ടോനെ ഇപ്പാന്ന് വിളിക്കുക
മൂന്നാളായാൽ മൂളീപ്പോരും
നാലാളായാൽ നാറിപ്പോരും
ഗ്രഹണി പിടിച്ച കുട്ടിക്ക് ചക്കക്കൂട്ടാൻ കിട്ട്യ പോലെ

https://youtu.be/MM7lRQ1a69s
https://youtu.be/y3xkvYVsl-U
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ആറു മലയാളിക്ക് നൂറു മലയാളം എന്ന പംക്തിയിലെ
മലപ്പുറം ഭാഷാ വിശേഷങ്ങൾ അവതരിപ്പിച്ച ഈ ലക്കം
തയ്യാറാക്കിയത് ഡോ. പ്രമോദ് ഇരുമ്പുഴിയുടെ "മലപ്രം ഭാഷാ മൈഗുരുഡ്" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ്.

പുസ്തകം തയ്യാറാക്കിയ ഡോക്ടർ പ്രമോദ് ഇരുമ്പുഴിയോട് കടപ്പാട് രേഖപ്പെടുത്തുന്നു