23-11-19

ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാന്നിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." തുടർന്ന് വായിക്കാം..👇🏻
അവൻ കടൽ കടന്നെത്തും വരെ പിടിച്ചു നിൽക്കാൻ എന്തുണ്ട് മാർഗം ??!👇🏻

ഇതാണ് ഞാൻ.....
ആത്മായനം
ജസീന റഹീം

ബി.എഡ് പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെങ്കിലും കത്തുകളിലൂടെ കൂട്ടുകാരുമായി ബന്ധം തുടർന്നു.പരീക്ഷ കഴിഞ്ഞയുടനെ  നിഷയുടെ വിവാഹം കഴിഞ്ഞിരുന്നു. എങ്കിലും കുറച്ചു നാൾ കത്തുകളിലൂടെ ഞങ്ങൾ വിശേഷങ്ങൾ കൈമാറിയിരുന്നു.. പിന്നീടെപ്പോഴോ അതില്ലാതായി..
                  റിസൾട്ടിനായി കാത്തിരിക്കവെ ഒരു ദിവസം മനുവും മറ്റൊരാളും എന്നെ തിരക്കി വീട്ടിൽ വന്നു. ഇളമ്പള്ളൂർ പുതുതായി തുടങ്ങിയ വിദ്യാനികേതൻ എന്ന പാരലൽ കോളേജിന്റെ പ്രിൻസിപ്പാൾ പത്മകുമാർ സാറായിരുന്നു മനുവിനൊപ്പമുണ്ടായിരുന്നത്.. ട്യൂട്ടോറിയലിൽ ഹൈസ്കൂൾ ക്ലാസുകളിൽ മനുവിനൊപ്പം  മലയാളം പഠിപ്പിക്കാൻ എന്നെ വിളിക്കാനാണവർ വന്നത്.. ഞാൻ സന്തോഷത്തോടെ ആ ക്ഷണം സ്വീകരിച്ചു.കാരണം അപ്പോൾ എന്തിലെങ്കിലും എൻഗേജ്ഡ് ആയേ പറ്റൂ എന്ന അവസ്ഥയിലായിരുന്നു.. വീട്ടിലെ ബുദ്ധിമുട്ടുകൾ ഒരു വശത്ത്.. ഇടക്കിടെ വന്നു കൊണ്ടിരുന്ന കല്യാണാലോചനകൾ.. അവൻ ഗൾഫിൽ നിന്നു വരും വരെ എനിക്ക് പിടിച്ചു നിൽക്കാൻ .. എന്റെ സംഘർഷങ്ങൾ മറക്കാൻ ഒരു മാർഗമായി അത്.. എന്നും എപ്പോഴും കുട്ടികൾക്കു മുന്നിൽ എന്റെ വേദനകൾ ഞാൻ മറക്കുമായിരുന്നു.. റിസൾട്ടറിയും മുമ്പെ ..1997 മേയ് മാസത്തിൽ.. അധ്യാപികയായി വിദ്യാനികേതനിൽ തുടക്കം കുറിച്ചു.. സമർഥരായ ഒരു കൂട്ടം അധ്യാപകരുടെ കേന്ദ്രമായിരുന്നു വിദ്യാനികേതൻ.. ഇംഗ്ലീഷിന് അനിൽകുമാർ ..കണക്കിന് ജ്ഞാനവാസ്.. സയൻസിന് ഗോപകുമാർ, സോഷ്യലിന് പത്മകുമാർ സാർ.. ഹിന്ദിക്ക് റോജ.. മലയാളത്തിന് ഞങ്ങൾ ക്ലാസ്മേറ്റ്സ്.. യു .പി യിൽ ബിനു ,സന്തോഷ്, സുരേഷ്, സുനിത..
 ഞാൻ പത്താം ക്ലാസിൽ പഠിച്ച അതേ പുസ്തകവും അതേ പാഠങ്ങളും പഠിപ്പിക്കാനുള്ള അവസരമെന്നെ കൂടുതൽ സന്തോഷിപ്പിച്ചു.. ഗീതാഞ്ജലിയും ശാകുന്തളവും ലക്ഷ്മണോപദേശവും മാർത്താണ്ഡവർമ്മയുമൊക്കെ പഠിപ്പിക്കുമ്പോൾ അധ്യാപികയെന്ന നിലയിൽ ആത്മവിശ്വാസം നിറഞ്ഞു...
  അന്ന് വടികൾ നിരോധിച്ചിച്ചിരുന്നില്ല .. അധ്യാപകർ ശാസിക്കുമ്പോൾ ആത്മഹത്യയിലൊരു കുട്ടിയുമൊടുങ്ങിയുമില്ല.. അധ്യാപകരും കുട്ടികളും തമ്മിൽ നല്ല സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്.
                       എന്റെ ആദ്യവിദ്യാർഥി ഒന്നാം ക്ലാസ്സുകാരനായ ഷമിൻ ആയിരുന്നു.. അവരുടെ വീട്ടിൽ പോയി പഠിപ്പിച്ചു.. ചിലപ്പോഴേക്കെ അവൻ വീട്ടിലേക്ക് വന്നു പഠിച്ചു. എന്റെ എക്കാലത്തെയും മിടുക്കനായ കുട്ടിയായിരുന്നു ഷമിൻ.. ഇന്നും കാണുമ്പോൾ ജസീനാത്താന്ന് സ്നേഹത്തോടെ വിളിച്ച് ഓടിയെത്താറുണ്ടവൻ..
      ഫെമി എന്ന ഫെമിതയായിരുന്നു എന്റെ മറ്റൊരു ശിഷ്യ.. അവളെ ഹരിശ്രീ ആദ്യാക്ഷരങ്ങളിൽതുടങ്ങി യു.പി യിൽ വരെ പിന്നീട് പഠിപ്പിച്ചു... അവളെ ഹരിശ്രീ പഠിപ്പിച്ചത് രസകരമായിരുന്നു.. ഹരി എഴുതാൻ പറയുമ്പോൾ.. " അരിയോ.. നാനോ.. ജച്ചീനത്താ..എയ്തണോ.. " എന്ന അവളുടെ ചിണുങ്ങൽ .. എത്ര മുതിർന്നിട്ടും അവളെ കാണുമ്പോഴൊക്കെ അതു പറഞ്ഞു ചിരിക്കാറുണ്ട്.. വർഷങ്ങൾക്ക് ശേഷം എന്റെ കല്യാണമൊക്കെ കഴിഞ്ഞ് മോനായതിൽ പിന്നെ ഒരിക്കൽ കണ്ടപ്പോൾ എന്റെ മോനെ അതീവ സ്നേഹത്തോടെ അവൾ വാരിയെടുത്ത് ഉമ്മ വച്ചു. പക്ഷേ അതിഷ്ടപ്പെടാതെ എന്റെ രണ്ടു വയസുകാരൻ അവളുടെ ചുണ്ടും മുഖവും നിർദ്ദാക്ഷണ്യം കടിച്ചു പറിച്ചു കളഞ്ഞു..
        പഠിക്കാൻ മടി പിടിച്ച് കരഞ്ഞ് കരഞ്ഞ് മുഖമൊക്കെ ചോപ്പിക്കുന്ന സലീമ ആയിരുന്നു മറ്റൊരാൾ.. രമ്യയും ധന്യയും ടിട്ടുവും.. കുഞ്ഞുമോനും കൊച്ചുമോനും.. അങ്ങനെ അയലത്തെ കുട്ടികളുടെയെല്ലാം ടീച്ചറായി കുറച്ചു കാലം കഴിഞ്ഞു..
          വിദ്യാനികേതനിൽ പഠിപ്പിക്കാൻ തുടങ്ങിയ അതേ സമയം തന്നെ കുണ്ടറയിലെ എം.ഇ.എസ് സ്കൂളിലും അധ്യാപികയായി.. എം.ഇ.എസ് ഒരു അൺ എയ്ഡഡ് വിദ്യാലയമായിരുന്നു..
            രാവിലെ ഏഴു മുതൽ ഒമ്പതു വരെ വിദ്യാനികേതനിലും അതിനു ശേഷം വൈകിട്ട് നാല് വരെ സ്കൂളിലും നാലു മണി കഴിഞ്ഞാൽ പിന്നെയും വിദ്യാനികേതനുമായി എന്റെ ഓട്ടം തുടങ്ങി.. രാവിലെ വിദ്യാനികേതനിൽ ക്ലാസില്ലാത്ത ദിവസം ഒന്ന് രണ്ട് ഹോം ട്യൂഷനുണ്ടായിരുന്നു. ആ ഓട്ടത്തിനിടയിൽ ഞാനെന്റെ ആകുലതകളെ ജീവിത വഴിയുടെ ഇരുവശങ്ങളിലായി ഒതുക്കി വച്ചു.....

കൊഴിഞ്ഞപൂവ്...
ലാലൂർ വിനോദ്

വിതുമ്പാതിരിക്കുക..
പെറ്റമ്മേ നിൻ ഹൃദന്തം..
ഗുരുവിൻ അവിവേകം.
പൊറുക്കുക....
ജീവിച്ചു കൊതിതീരാതെ
പറക്കയായി പൈങ്കിളി..
അതിരുകാണാത്ത..
പാരിൻ വിഹായസ്സിൽ..
ഗുരുവെന്ന് കരുതുവോർ
ഗുരുവാകുന്നതൊരു മാത്ര
അറിവിൻദീപം പകർത്തു
നേരെ നയിക്കുവോർ...
താൻതന്നെ എല്ലാമെന്നൊരു.
ചിന്തയുള്ളിൽ ജനിച്ചാൽ
ഗുരു ഗുരുവാകുന്നില്ല..
അറിവിന്റെ പാതയിൽ..
ഇനിയൊരുകുഞ്ഞുപൂവ് പോലും.
കൊഴിയാതിരിക്കട്ടെ..
ഗർവ്വം ചുമലേറ്റുന്ന..
വിദ്യാലയങ്ങളിൽ...
നിനക്ക് ഞാനേകുന്നു
മിഴിനീർപൂവുകൾ..
ഓർത്തിടാം നീചനാം
ഗുരുവിനെ നിന്നോർമയിൽ..

ഇപ്പോൾ മേലാറ്റൂരിൽ നടക്കുന്ന മലപ്പുറം ജില്ലാ കലോത്സവത്തിൽ കവിതാ രചനയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ഷെഹ്റാസാദ് എന്ന കൊച്ചു മിടുക്കിയുടെ ഒരു കവിത വായിക്കാം...
ആകാശം പറഞ്ഞത്....
ഷെഹ്റാസാദ്

മണ്ണിലെ കണ്ണീർപ്പരപ്പിന് ഇളക്കമറ്റപ്പോൾ
വെളുത്തു വിളർത്ത മേഘങ്ങളെയത് കാട്ടിത്തന്നപ്പോൾ
ആകാശം പറയാൻ തുടങ്ങി
മരത്തലപ്പുകൾ അത് കേൾക്കാനും
നിന്റെ കണ്ണുകൾ..
എന്റെ നിറങ്ങളെ നിന്റേതാക്കി കാണിച്ച,
നിന്റെ മീൻ കുഞ്ഞുങ്ങൾ നീന്തിയുല്ലസിച്ച,
എന്റെ മേഘങ്ങൾ ഒഴുകി നടന്ന
നിന്റെ കണ്ണുകൾ.
ആ കണ്ണുകൾക്ക് വെളിച്ചം കെട്ട ദിനം
ഞാൻ നിറങ്ങൾ നഷ്ടപ്പെട്ടവനായി.
നിന്റെ കാതുകൾ..
എന്റെ സ്വരങ്ങളെ നിൻ ഹൃദയത്തിലെത്തിച്ച
നിന്റെ കിളിക്കുഞ്ഞുങ്ങൾക്ക് കൂടൊരുക്കിയ,
എന്റെ മഴത്തുള്ളികൾ തത്തിക്കളിച്ച
നിന്റെ കാതുകൾ
ആ കാതുകൾ മുറിച്ചു മാറ്റപ്പെട്ട ദിനം
ഞാൻ സ്വരങ്ങൾ നഷ്ടപ്പെട്ടവനായി.
നിന്റെ ഹൃദയം..
എന്റെ മഴവില്ലിനെ സൂക്ഷിച്ചു വച്ച
നിന്റെ സ്നേഹജലം ഉറവപൊട്ടുന്ന,
എന്റെ നിശ്വാസമാരുതനെ പിടിച്ചു നിർത്തുന്ന
നിന്റെ ഹൃദയം.
ആ ഹൃദയം പറിച്ചു മാറ്റപ്പെട്ട ദിനം
ഞാൻ ജീവൻ നഷ്ടപ്പെട്ടവനായി.
ഒരു നിമിഷം..
കരയണമായിരുന്നു.. ആർത്തലയ്ക്കണമായിരുന്നു..
ഒരു വെറും ഭ്രാന്തനാവണമായിരുന്നു..
ആ രാത്രി മറക്കുക
ഇനി നീ മയങ്ങുക..
💦  💦  💦  💦
സ്വപ്നം നിറച്ച ഒരു മഴനീർത്തുള്ളി
ഇളക്കമറ്റ ജലപ്പരപ്പിൽ വന്നു വീണു.



കാണാപ്പുറങ്ങൾ
സ്വപ്നാ റാണി

കാറ്റിൽ
വിഷാദത്തിന്റെ ഇലകൾ
പറന്നു വീണു കൊണ്ടിരുന്നു-
മഞ്ഞുമൂടിയ ശാഖകളിൽ
സ്വയം വെളിപ്പെടുത്താനാവാതെ
മരം ഒളിച്ചു നില്ക്കയാണ്.
ശിശിരത്തിന്റെ കൈകളിൽ
 മറഞ്ഞിരിക്കുന്ന തളിരുകൾ
 ഇനിയൊരിക്കലും
 തലനീട്ടുകില്ലെന്ന്
 നോവിൽപ്പൊതിഞ്ഞ
 ഒരു മൗനം
 പറയാതെ പറയുന്നു.
 ഹരിതാഭയെല്ലാം മറഞ്ഞ്
 അസ്തമയത്തിലെ
 രേഖാചിത്രമെന്ന പോൽ
 അസ്ഥി മാത്രമവശേഷിച്ച
 ഒരോർമ്മത്തെറ്റായി
 മരം വേരുകളിലേക്ക്
 മുഖം താഴ്ത്തുന്നു.
 

കോഴിമുട്ട
അഭിലാഷ് വേങ്ങേരി

 ''കോഴിമുട്ട കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റും?''
നാലാം ക്ലാസിൽ  ഭക്ഷ്യ ശൃംഖല പഠിപ്പിക്കുന്നതിനിടയിൽ പെട്ടന്നാണ് ബാലകൃഷ്ണൻ മാഷ് അത് ചോദിച്ചത്.
കുട്ടികൾ എല്ലാവരും പെട്ടൊന്നൊന്ന് അമ്പരന്നു.കോഴിമുട്ട കൊണ്ട് എന്തൊക്കെയാ ചെയ്യാൻ പറ്റുക? എല്ലാവരും പരസ്പരം നോക്കി. ഉടനെ തന്നെ മുന്നിലെ ബെഞ്ചിലെ ഷിബിൻ ചാടി എഴുന്നേറ്റ് പറഞ്ഞു
'' പുഴുങ്ങി തിന്നാം മാഷേ..'' മാഷിന്റെ ചോദ്യത്തിന് എല്ലാം പെട്ടന്ന് ചാടി കയറി ഉത്തരം പറയുക അവന്റെ ഒരു ശീലമായിരുന്നു. അവന്റെ ഉത്തരം കേട്ട് കുട്ടികളെല്ലാവരും ചിരിച്ചു. മാഷും.'' എന്നിട്ട് മാഷ് എല്ലാവരോടുമായി പറഞ്ഞു...'' ചിരിക്കണ്ട..ശരിയല്ലെ അവൻ പറഞ്ഞത്?   
                     അതു കേട്ടപ്പോഴേയ്ക്കും അന്ന എഴുന്നേറ്റുനിന്നു പറഞ്ഞു.'' കോഴിമുട്ട കേയ്ക്ക് ഉണ്ടാക്കാനെടുക്കും മാഷേ '' മമ്മി കെയ്ക്ക് ഉണ്ടാകുമ്പോ കോഴി മുട്ട ഉടച്ച് ഒഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.''
ശരിയാ മാഷേ ... ഓളെ മമ്മി നല്ല ടേയ്സ്റ്റുള്ള കേയ്ക്കുണ്ടാക്കാറുണ്ട്. ഇടയ്ക്ക് ഞങ്ങൾക്കെല്ലാർക്കും കൊണ്ടത്തരാറും ഉണ്ട്. അന്നയുടെ തൊട്ടടുത്തു തന്നെയിരിക്കുന്നവർ അത് ശരി വച്ചു.
                                   "കോഴിമുട്ട തലയിൽ തേയ്ക്കാനെടുക്കും.... നല്ലോണം മുടി ഉണ്ടാകും'' പെട്ടെന്നോർത്ത് കൊണ്ട് സീന പറഞ്ഞു.
എല്ലാവരും സീനയുടെ മുടിയിലേക്ക് അറിയാതെ നോക്കി പോയി. നല്ല കറുത്തിരുണ്ട മുടിയുണ്ട് സീനയ്ക്ക് അവളുടെ അമ്മയ്ക്കും അങ്ങനെ തന്നെ.'' ''അപ്പോ ഇതാ ഓള്ടെ മുടീന്റെ രഹസ്യം.. അല്ലെ? പഹച്ചി നമ്മളോടു പോലും പറഞ്ഞില്ല.. ''അവളുടെ തന്നെ ബഞ്ചിലെ സബീന ദീപയോട് അടക്കം പറഞ്ഞു. അവർ മൂന്ന് പേരും ഉറ്റ കൂട്ടുകാരികളാണ്.
ഒരു പുതിയ അറിവ് കിട്ടിയ പോലെ എല്ലാവരും അൽപ്പം നിശബ്ദരായി പോയി.
                 ആ നിശബ്ദതയെ ഭേദിച്ച് സംഗീത് എഴുന്നേറ്റു നിന്നു പറഞ്ഞു... "നിങ്ങൾക്കാരും അറിയാത്ത ഒരു ഉപയോഗം കോഴിമുട്ട കൊണ്ട് ഉണ്ട്.. എല്ലൊടിഞ്ഞാൽ കോഴിമുട്ടയുടെ വെള്ളയിലാ ചെന്നിനായകം എന്ന മരുന്ന് അരച്ച് പുരട്ടുക''
ഇതിനെ കുറിച്ച് വളരെ ആധികാരികമായി വിവരിക്കാൻ സംഗീതിന് അറിയാമായിരുന്നു.കാരണം കഴിഞ്ഞ മാസം മുഴുവനും അവൻ മരത്തിന്റെ കൊമ്പിൽ നിന്നു വീണ് കൈ ഒടിഞ്ഞ് വീട്ടിൽ കിടപ്പായിരുന്നു.ആ സമയത്ത് കുട്ടൻ വൈദ്യരുടെ മേൽ പറഞ്ഞ ചെന്നിനായക ചികിൽസയിലായിരുന്നു അവൻ.'' ശരിയാ മാഷേ പണ്ട് എന്റെ അനിയന്റെ കാല് ഒടിഞ്ഞ് കെട്ടിയ്ക്കാൻ കൊണ്ട് പോയപ്പോ വൈദ്യർ കോഴിമുട്ട കൊണ്ടുചെല്ലാൻ പറഞ്ഞിരുന്നു. സബിത അത് ശരിവച്ചു.
        ''ശരി ശരി.. കഴിഞ്ഞോ വേറെ എന്തെല്ലാം പറ്റും കോഴിമുട്ട കൊണ്ട്? മാഷ് ചോദിച്ചു.വ്യത്യസ്തമായി എന്ത് പറയാം എന്ന് കുറേ നേരമായി ആലോചിച്ചു കൊണ്ടിരുന്ന ഗിരീഷ് പതുക്കെ എഴുന്നേറ്റു, എന്നിട്ട് എല്ലാവരേയും നോക്കി അഭിമാനത്തോടെ പറഞ്ഞു '' കോഴിമുട്ടത്തോടിൽ കളറടിച്ച് ചെടികളിൽ കമഴ്ത്തിവയ്ക്കാം... നല്ല രസാ കാണാൻ... പിന്നെ കോഴിമുട്ടത്തോട് പൊടിച്ച് റോസാചെടിയ്ക്ക് ഇടാം. നല്ല വളാ.. ''
ഗിരീഷിന്റെ വീട്ടിൽ നല്ലൊരു പൂന്തോട്ടമുണ്ട്. അവന്റെ അച്ചനാണ് അത് പരിപാലിക്കുന്നത്.പ്രധാന സഹായി ഗീരീഷ് തന്നെ. ആരും ഇതുവരെ പറയാത്ത ഒരു കാര്യം പറഞ്ഞപോലെ ഗിരീഷ് അഭിമാനപൂർവം നിന്നപ്പോൾ മാഷ് അവനെ തോളിൽ തട്ടി അഭിനന്ദിച്ചു.എന്നിട്ട് എല്ലാവരോടും ചോദിച്ചു.''കഴിഞ്ഞോ? എല്ലാവർക്കും ഇത്രയൊക്കെയേ അറിയൂ?
കുട്ടികൾ പരസ്പരം നോക്കി.. ''വേറെന്താ...''??
''ശരി... നാളെ എല്ലാവരും കോഴിമുട്ടയുടെ ഇതൊന്നുമല്ലാത്ത വ്യത്യസ്തമായ ഉപയോഗങ്ങൾ എഴുതി വരിക''
ശരി മാഷേ.. എല്ലാവരും തല കുലുക്കി സമ്മതിച്ചു.
.....ർ ർ ർ ണീം.....
പെട്ടന്നാണ് ബെല്ലടിച്ചത്.അത് കേട്ടതും കുട്ടികളെല്ലാം പുറത്തേയ്ക്കോടി...
സിറാജൊഴികെ !
എറ്റവും പിറകിലെ ബഞ്ചിലിരിക്കുന്ന സിറാജ് ചെറിയൊരു നാണക്കാരനായിരുന്നു. അവന് വാപ്പ ഉണ്ടായിരുന്നില്ല.. മരിച്ചു പോയതാണെന്ന് അവനും അതല്ല അവനേയും, ഉമ്മയേയും ഉപേക്ഷിച്ചു പോയതാണെന്ന് നാട്ടുകാരും വിശ്വസിച്ചുപോന്നു.പലപ്പോഴും സിറാജ് സ്കുളിൽ വരാറുണ്ടായിരുന്നില്ല.. ഒരേ ഒരു ട്രൗസറും ഷർട്ടും മാത്രമേ അവന് ഉണ്ടായിരുന്നു എന്നത് മാത്രമായിരുന്നില്ല അതിന്റെ കാരണം. അവന്റെ ഉമ്മയ്ക്ക് ഒരുപാട് ആടും കോഴികളും ഉണ്ടായിരുന്നു. ആട്ടിൻപാലും കോഴികളെയുമൊക്കെ വിറ്റിട്ടായിരുന്നു സിറാജും ഉമ്മയും ജീവിച്ചിരുന്നത്. ആടുകളെയും കോഴികളേയും പരിചരിച്ച് നേരം വൈകി അവന് മിക്കപ്പോഴും സമയത്തിന് സ്കൂളിൽ പോകാൻ കഴിയുമായിരുന്നില്ല. അന്നവൻ സ്കൂളിൽ പോവില്ല. അവൻ സ്കൂളിൽ വരാത്തതിന് ആദ്യമൊക്കെ ബാലകൃഷ്ണൻ മാഷ് വഴക്ക് പറയുമായിരുന്നു.പിന്നെ പിന്നെ അവന്റെ കഥകളെല്ലാം അറിഞ്ഞതിന് ശേഷം ആരും അവനെ ഒന്നും പറയില്ലായിരുന്നു.
"എന്താ സിറാജെ നീ പോവാത്തത് ''?
മാഷ് അവനോട് ചോദിച്ചു ''
അവൻ എന്തോ പറയാൻ ശ്രമിച്ചു.പക്ഷെ വാക്കുകൾ പുറത്ത് വന്നില്ല.
''നീ ഇന്ന് ഒന്നും കഴിച്ചില്ലെ ഉച്ചയ്ക്ക്. ''
അവൻ ഉണ്ടെന്നോ ഇല്ലെന്നോ തിരിച്ചറിയാൻ പറ്റാത്ത വിധം തലയാട്ടി.
''നിനക്ക് സുഖമില്ലെ?''
മാഷ് ചേദിച്ചു..
''അതല്ല മാഷെ.... '' കരച്ചിലിന്റെ വക്കോളം എത്തിയ സ്വരത്തിൽ അവൻ പറഞ്ഞു.
''കോഴിമുട്ട വിരിയിച്ചെടുക്കാം മാഷേ... അത് വിരിഞ്ഞ് കുഞ്ഞിക്കണ്ണുകളും ഇളം മഞ്ഞ കൊക്കും കാലുകളുമൊക്കെയുള്ള കോഴിക്കുഞ്ഞുങ്ങളുണ്ടാകും.......എന്നിട്ട് അതെല്ലാം കൂടി കിയ്യോ.. കിയ്യോന്ന്......
അത്രയും പറഞ്ഞപ്പോഴേയ്ക്കും സിറാജ് കരഞ്ഞു പോയി... അവൻ പൊട്ടി പൊട്ടിക്കരഞ്ഞു.. എന്തിനാണെന്നറിയാതെ..
 

സംഘരതി..
ലാലു.കെ.ആർ

സന്ധ്യയൊന്ന്
മയങ്ങുമ്പോഴാണവർ
പതുങ്ങി വരുന്നത്,
രണ്ട് ജാരന്മാർ..
രണ്ട് ജാരന്മാർ
ഒരുമിച്ച് വരുമ്പോഴാണ്
ഇവളിങ്ങനെ
നനഞ്ഞൊട്ടുന്നത്,
ഈറനിൽ കുളിച്ചിവൾ
കരിമ്പച്ച ബ്ലൗസിട്ട്
സെറ്റുസാരിയുടുക്കുന്നത്,
അവർ രണ്ടുപേരുമവളെ
പൂണ്ടടക്കം പിടിക്കും
അവളുടെ ഉടലാകെ
മരുതുകൾ പൂക്കും
മാറിനുള്ളിലൊരു
രാപ്പുളള് കുറുകും
കുറുകി കുറുകിയത്
ചിറകടിച്ചിറങ്ങും
മാറി മാറിയവർ
തഴുകുമ്പോഴാണ്
വാകയും പ്ലാശും
വാശിക്ക് പൂത്ത്
അവളൊരുവർണ്ണ
പ്രപഞ്ചമാകുന്നത്
ചീവീട് കിതയ്ക്കുമൊരു
പച്ചോലപ്പാമ്പായവൾ
പുളഞ്ഞു നിൽക്കുന്നത്
 മിന്നാമിനുങ്ങുകൾ
 കൂട്ടമായ് വന്നവളുടെ
 മുടിവേരുകളിലെല്ലാം
 ഇക്കിളി കൂട്ടുന്നത്
നിശാശലഭങ്ങളവളുടെ
കഴുത്തിലും കാതിലും
പറന്നു വന്നിരുന്ന്
നിരങ്ങി നീങ്ങുന്നത്
ഉളളിന്റെയുള്ളിൽ നിന്നൊരു
കാട്ടുചോലയൊഴുകി വരുന്നത്
ജാരന്മാരതിൽ
നേരം വെളുക്കുവോളം
നീന്തിത്തുടിക്കും
മുങ്ങിനിവർന്നു വ-
ന്നവളെ വീണ്ടും
കെട്ടിപ്പുണരും
പുലരിവന്നെത്തുമ്പോൾ
വിടപോലും പറയാതെ
അവരോടി മറയും
നവംബറിലെ
പകൽ മുഴുവൻ
വിഷാദവതിയായവൾ
മൂകയായ് നിൽക്കും,
രാത്രിയൊന്നെത്തുവാൻ,
നിലാവും മഞ്ഞും
ജാരന്മാരായെത്തുവാൻ 

അധ്യാപനം എത്ര പുണ്യം...
നരേന്ദ്രൻ.എ.എൻ

വീട്ടിനു മുന്നിൽ സ്റ്റോപ്പിൽ ബസ്സുകാത്തു നിൽക്കുകയായിരുന്നു. ഒരു കാറ് മുന്നിൽ വന്നു നിന്നു.കേറിക്കോളി... മിക്കവാറും രാവിലത്തെ യാത്ര ഓസിയ്ക്കാണ്!

വിലകൂടിയ കാറാണ്.പക്ഷേ, അതും ഡ്രൈവറുടെ രൂപവും പൊരുത്തപ്പെടുന്നില്ല. ആൾക്കൊരു പത്തെഴുപത് വയസ്സായിട്ടുണ്ടാവും.
വീടെവിടെയാ? സ്റ്റോപ്പിൽത്തന്നെ. മേലെ. അപ്പൊ വീട്ടും പേര്? ഞാൻ കുട്ടൻ മാഷടെ മകനാണ്. അപ്പൊ രാഘവൻ മാഷടെ?... അത് എന്റെ വല്യച്ചനാണ്...
അയാൾ വണ്ടി സ്ലോ ആക്കി.ഞാൻ രാഘവൻ മാഷടെ ശിഷ്യനാണ്. ആ വാക്കുകളിലെ  ആദരവും മുഖത്തെ സ്നേഹഭാവവും കണ്ടപ്പോൾ രാഘവൻ മാഷുടെ മുന്നിലാണ് അയാൾ നിൽക്കുന്നതെന്ന് തോന്നിപ്പോയി...
വാപ്പാന്റെ ലോഗ്യക്കാരൻ.ന്റെ മാഷ്. എന്തൊരു സ്നേഹായിരുന്നു. കാണാൻ തോന്ന്ണൂ...
പേര് അലവ്യാജി.മോളെ മീനാർകുഴിക്കാണ് കെട്ടിച്ചത്.ഇസ്മായില്...തന്നെപ്പറ്റി അയാൾ പറഞ്ഞു നിർത്തി.
ഇറങ്ങുംവരെ വല്യച്ചന്റെ കുടുംബത്തെക്കുറിച്ച്, മക്കളെക്കുറിച്ച് അയാൾ ചോദിച്ചു കൊണ്ടേയിരുന്നു. ബാബൂന്റെ താമസം എവടെയാ? ഇൻശാ അള്ളാ ഒന്ന് പോയിക്കാണണം...
എന്റെ കുടുംബത്തിൽ ഒരാളെയെങ്കിലും ടീച്ചറാക്കണം. കാശ് ണ്ടായ്ട്ട് കാര്യല്ല. അയ്ലും വല്യ ഒരു സമ്പാദ്യണ്ട് ങ്ങക്ക്...
ഞാനറിയുന്നുണ്ട്. ആൾക്കൂട്ടത്തിൽ നിന്നും മറവിൽ നിന്നും എന്റെ നേരെ നിറഞ്ഞ ചിരിയുമായി വന്നെത്തുന്ന കണ്ണുകൾ. ഒതുങ്ങി നിശ്ശബ്ദരായി ഒരു പുഞ്ചിരി തന്ന് ഓരം ചേർന്ന് പോവുന്നവർ. ഓടി വന്ന് കൈ തരുന്നവർ... വലിയ സമ്പാദ്യങ്ങളേക്കാൾ വിലപ്പെട്ടവ...
ഞങ്ങൾ അവർക്ക് വലുതായൊന്നും കൊടുക്കുന്നില്ല. ഒരു പക്ഷേ.വീട്ടിൽ നിന്നും കരഞ്ഞു ബഹളം കൂട്ടി വരുന്നവരെ വഴിക്കു കൊണ്ടുവരാൻ ഒരു വാക്ക്.ഒരു ചിരി, ഒരു സമ്മാനം, ഒരു കഥ... അവർക്ക് അതു മതിയാവുമല്ലോ...
മേശക്കു ചുറ്റും കൂടി നിന്ന് തൊണ്ണ് കാട്ടിച്ചിരിക്കുന്നവർ. കൈകളിൽ, കുപ്പായത്തിൽ തൂങ്ങി പിറകേ നടക്കുന്നവർ.മാസ്റ്റേ... ഞങ്ങൾക്ക് ആ വിളി മതിയാവുമല്ലോ!
ഇറങ്ങാൻ നേരത്ത് അയാൾ ഒന്നുകൂടി കൈ നീട്ടി. വല്യ സന്തോഷായി... വല്യ സന്താഷം. എന്നെ കണ്ടതിനല്ല,മാഷെ വീണ്ടും ഓർത്തതിന്, വിവരങ്ങൾ അറിഞ്ഞതിന്...
പിരിയുമ്പോൾ പറഞ്ഞു കേൾക്കാറുള്ള ഒരു വരി എന്റെ മനസ്സിൽ പതുക്കെ നിറഞ്ഞു വന്നു... അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാഹി വ ബറക്കാത്തുഹു...
തന്റെ ആരുമല്ലാത്ത ഒരാളെ രണ്ടക്ഷരം പറഞ്ഞുതന്നു എന്നതിന്റെ പേരിൽ പതിറ്റാണ്ടുകൾക്കു ശേഷവും ആദരവോടെ സ്നേഹത്തോടെ ഓർത്തു വക്കുന്ന ഒരാൾക്കു തന്നെയല്ലേ സമാധാനവും കാരുണ്യവും അനുഗ്രഹവും വർഷിക്കപ്പെടേണ്ടത്?...
 

കള്ളക്കണ്ണീർ....
സന്തോഷ് പെല്ലിശ്ശേരി

ഫാത്തിമാ , നീയൊരു
           രക്തപുഷ്പം..!
           ഫാത്തിമാ , നീ വെറും
                        ചുവന്നപുഷ്പം...!
നീയൊരു കനൽക്കൊടി -
       - യാവില്ലയിവിടെ,
       - നീയൊരു
        -തീപ്പന്തമാവുകില്ലാ...
കുഞ്ഞു പെങ്ങളെ നിന്റെ
         ചിന്തകളെന്റെയീ ,
         നെഞ്ഞിലിതാ വല്ലാതെ
                 വീർപ്പുമുട്ടുന്നൂ...
കാണാമറയത്ത് നീ
        പൊട്ടിക്കരഞ്ഞതോർത്ത് ,
        കാണെക്കാണെ ചിരി
               അഭിനയിച്ചതോർത്ത്...
കുഞ്ഞു പെങ്ങളെ നിന്റെ
         ചിന്തകളെന്റെയീ ,
         നെഞ്ഞിലിതാ വല്ലാതെ
                 വീർപ്പുമുട്ടുന്നൂ...
ഇനിയൊരു കാരണം
     വരുന്നതുവരേയ്ക്കും
     എനിയ്ക്കൊക്കെയെഴുതാനൊരു
            ഹേതു മാത്രം നീ...
മഞ്ഞപ്പത്രങ്ങൾക്കച്ചു -
      -   നിരത്തുവാൻ
      -   തേഞ്ഞു തീരാറായൊ -
       - രക്ഷരം നീ...
ഫാത്തിമാ , നീയൊരു
           രക്തപുഷ്പം..!
           ഫാത്തിമാ , നീ വെറും
                        ചുവന്നപുഷ്പം...!
നീയൊരു കനൽക്കൊടി -
       - യാവില്ലയിവിടെ,
       - നീയൊരു
       -  തീപ്പന്തമാവുകില്ലാ...
നേതാക്കന്മാർക്കൊക്കെ
        നാടുനീളെയിനി
        വാതോരാതോതാനൊരു
               ബലിമൃഗം നീ...
ദുര മൂത്ത , യധികാര
        ഗർവ്വിൽ മദിക്കുന്ന....
        ക്രൂരമനങ്ങൾക്കൊരു
               കൃമികീടം മാത്രം നീ...
കാണാത്ത മറയത്ത്
       പൊട്ടിക്കരഞ്ഞു നീ...
       കാണെക്കാണെ ചിരി
            അഭിനയിച്ചും...
നിൻ മനോവേദന
     പങ്കുവച്ചില്ല നീ...
     നിന്നച്ഛനുമമ്മയും
         അറിഞ്ഞതില്ലൊന്നും....
തീക്കനൽ താണ്ടിയും
      തീമഴകളേറ്റും
      നോക്കി ,കണ്ണായ് നിന്നെ
            പോറ്റി വളർത്തിയ
അച്ഛനുമമ്മയ്ക്കും
       അരുമക്കിടാവു നീ...
       അറ്റുപോയൊരു കരൾ -
           - പ്പാതി നീയേ....
ഞാനുമൊരു പെൺകുഞ്ഞിൻ
     അച്ഛനാണോമലേ..
     ഞാനെന്ന ബിംബം
             കൊതിക്കുന്നു പലതും...
കാണട്ടെ ഞാനീ
    കദനക്കടലാഴത്തിൽ ,
    കാട്ടുതീ പോലെ നീ
        പടർന്നേറുമോ....?
ചുറ്റിലുമലറുമൊരു
  നൊമ്പരത്തീനാളമായ്
  കാറ്റിലതെങ്ങെങ്ങും
  എരിച്ചിടുമോ....?
നീയിനിയൊരു വേള
  ക്രൂര പിശാചായി ,
 ഉയിർത്തെഴുന്നേൽക്കുമോ
 പ്രതികാരമോടെ...? 
നിന്റെയാ പ്രതികാര -
  - വഹ്നിയിലൊന്നാകെ
  - എന്റെ കുലത്തിലെ
 - കാപാലികർ,
എരിഞ്ഞങ്ങു തീരട്ടെ ,
 വീണ്ടും ജനിക്കാതെ ,
 കരിഞ്ഞു പോട്ടെ ദുഷ്ട -
 - ജന്മങ്ങളെങ്ങൾ....!
ഫാത്തിമാ , നീയൊരു
   രക്തപുഷ്പം..!
   ഫാത്തിമാ , നീ വെറും
   ചുവന്നപുഷ്പം...!
നീയൊരു കനൽക്കൊടി -
 - യാവില്ലയിവിടെ,
 - നിന്നെക്കുറിച്ചാരുമിനി
 - പാടുകില്ലാ...
 

വീട്‌
സനു ഓച്ചിറ

ഇന്നലെ ഞാൻ ഒരു സ്വപ്നം കണ്ടു
മുറ്റം നിറയെ മുല്ലയും,പിച്ചിയും,
ചെമ്പരത്തിയുമുള്ള ഒരു കുഞ്ഞു
വീട്‌...
അകത്തേക്ക്‌ കയറിയപ്പോൾ
അടുപ്പിലൂതി ചുമക്കുന്ന അമ്മയും
തിരങ്ങിയ തേങ്ങയിൽ ശർക്കരയും,
ഏലപ്പൊടിയും ചേർത്ത്‌ ഇലയട
ഉണ്ടാക്കാൻ പോകുന്നു അടുക്കളയുടെ
മണം മൂക്കിൽ നിന്ന് മാറുന്നില്ലാ.....
പുറത്തേക്കിറങ്ങിയപ്പോൾ അമ്മൂമ്മ
മീൻ മുറിക്കുന്നു.... നല്ല നെയ്മത്തി..
കൂടെ കുറെ കുറുമ്പി പൂച്ചകളും
അവരുടെ പങ്ക്‌ അമ്മൂമ്മ കൊടുക്കുന്നുണ്ട്‌
പിന്നാമ്പുറത്ത്‌ അച്ചൻ പശുക്കളെ
കുളിപ്പിച്ച്‌ എരുത്തിൽ വൃത്തിയാക്കുന്നു
ഒരു ഭാഗത്ത്‌ പിണ്ണാക്ക്‌ തിളക്കുന്നു
പുറത്ത്‌ വിളി കേട്ട്‌ അവിടേക്ക്‌
ചെന്നപ്പോൾ ഷമീത്ത അരിപത്തിരിയും,
ഇറച്ചി കറിയും തന്നു
ഇന്ന് പെരുന്നാളാണ്..ഉച്ചക്ക്‌ ബിരിയാണി
കഴിക്കാൻ എല്ലാവരും വരണമെന്നും
സന്തോഷത്തോടെ സമ്മതിച്ചു
യാത്രയാക്കി
സന്ധ്യയായപ്പോൾ അമ്മൂമ്മ
'നാരായണ' ചൊല്ലി അമ്മ വിളക്ക്‌
കത്തിച്ചു, കൈയ്യും കാലും കഴുകി
ഞാനും കൂടി.അപ്പുറത്ത്‌ അച്ചൻ
വയലും വീടും കേൽക്കുന്നുണ്ട്‌
ഒൻപത്‌ മണിക്ക്‌ എല്ലാവരും കിടന്നു...
ഉറക്കമുണർന്ന ഞാൻ ഫ്ലാറ്റിൽ
നിന്നും താഴേക്ക്‌ നോക്കി....റോഡിൽ
നല്ല തിരക്കായി...സമയത്ത്‌ അടിക്കാത്ത
അലാറത്തെ തെറിയും വിളിച്ച്‌
ഒരു ഫിൽറ്റർ കോഫിയും കുടിച്ച്‌
തിരക്കിലേക്ക്‌ ഇറങ്ങി അതിലൊരാളായി
മാറി..
 

നാട്ടിടവഴി
ദിവ്യ.സി.ആർ

മനസ്സ് ശൂന്യമായി
തുടങ്ങുമ്പോൾ
നാട്ടിടവഴികളിലേക്ക്
നടക്കാനിറങ്ങും..
കറുത്ത ടാറിൽ
നിന്നിറങ്ങി,
ചെമ്മൺ പാതയിലേ-
ക്കിറങ്ങുമ്പോൾ
മോഹങ്ങളൊക്കെയും
ബോൺസായിൽ
തളയ്ക്കാതെ,
പടർന്നുയർന്ന
ബോഗൺവില്ലയും ;
ശീമക്കൊന്നയിൽ
കൂടൊരുക്കിയ
കുഞ്ഞിക്കിളികളുടെ
കൊഞ്ചലും ;
മഞ്ഞശലഭങ്ങളുടെ
താരാട്ടിലുണരുന്ന
മുക്കുറ്റി പൂക്കളുടെ
സൗരഭ്യവും ഹൃത്തിൽ
നിറയുമ്പോൾ
നന്മയിൽ നിറഞ്ഞ
ബാല്യവും കൗമാരവും
സമ്മാനിച്ച ഓർമ്മകളാൽ
നിറയുകയാണെൻ മനം..!!
 

 "ഞാൻ കെട്ടിയ
കളിവീടെന്തിനിടിച്ചു
തകർത്തു നീ...
ഞാൻ കൂട്ടിയ
കഞ്ഞീം കറിയും
തൂവിയതെന്തിനു നീ ?!
ഞാൻ വിട്ടൊരു
കൊച്ചോടത്തിനെ
മുക്കിയതെന്തിനു നീ ?!
ഞാൻ വിട്ടു പറത്തിയ
പട്ടമറുത്തതുമെന്തിനു
നീ ...??!!    ( വി.മധുസൂദനൻ നായർ )

"ഓരോ വിദ്യാലയവും വിശുദ്ധിയുടെ സ്ഥലമാണ്.വിശുദ്ധമല്ലാത്തതും അധമമായിട്ടുള്ളതുമായ ഒന്നും അവിടെ ഉണ്ടാവാൻ പാടില്ല...
       (ഗാന്ധിജി)
'അർദ്ധ നഗ്നനായ ഫക്കീറിന്റെ' വാക്കുകൾക്ക് ഇനിയെങ്കിലും നമുക്ക് ചെവി കൊടുക്കാം...
നമ്മളെന്താണെന്ന തിരിച്ചറിവു നേടാം...
പ്രസാദാത്മകമായ വാർത്തകൾക്കു മാത്രം നമുക്ക് കാതോർക്കാം...
ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഇന്നത്തെ നവ സാഹിതി നിങ്ങൾക്കായി....