23-09-19

📚📚📚📚📚📚
അമർനാഥ് ഗുഹയിലേക്ക്
രാജൻ കാക്കനാടൻ

പേജ്98
     പഹൽഗാമിന് പരിസരത്ത് കാശ്മീരിൽ പലയിടത്തും പ്രചാരത്തിലുള്ള ഒരു കഥയാണ്.നൂറ്റാണ്ടുകൾക്ക് മുമ്പുള്ള കഥയാണ്. അടുത്ത ഒരു ഗ്രാമത്തിൽ ആട്ടിടയനായ ഒരു മുസ്ലീം ബാലൻ ഉണ്ടായിരുന്നു .ഒരു ദിവസം ആടിനെ മേച്ച് തിരിച്ചു വന്നപ്പോൾ ഒരു ആട്ടിൻ കുട്ടിയെ കാണാനില്ല . ജമീന്ദാറുടെ ചെമ്മരിയാടുകളാണ്. ഒന്നിനെ നഷ്ടപ്പെട്ടാൽ കനത്ത ശിക്ഷ ഉണ്ടാവും. അവൻ ആടിനെ തിരഞ്ഞ് ഇറങ്ങി . വർഷങ്ങൾ കഴിഞ്ഞു .മരണപ്പെട്ടു എന്നാണ് വീട്ടുകാർ വിചാരിച്ചത് .40 വർഷം കഴിഞ്ഞാണ് അവൻ തിരിച്ചു വന്നത്. അപ്പോഴേക്കും അവന്റെ പിതാവ് മരണപ്പെട്ടിരുന്നു. ജടപിടിച്ച നീണ്ട മുടിയും താടിയും ഉള്ള, വാർദ്ധക്യത്തിലേക്ക് കടന്ന ആ പ്രാകൃതനെ ഗ്രാമത്തിൽ ആരും തിരിച്ചറിഞ്ഞില്ല .അമ്മ മകനെ തിരിച്ചറിഞ്ഞു. അവൻ അവരോട് സംഭവിച്ചതെല്ലാം പറഞ്ഞു. ആടിനെ തിരഞ്ഞ് മേടുകളും കൊക്കകളും താഴ്വാരങ്ങളും കടന്നു. രാത്രിയായി വിശന്നു തളർന്ന് ദിക്കറിയാതെ നടക്കവേ ഒരു വയോധികനെ കണ്ടു. നീണ്ട ജടപിടിച്ച തലമുടിയും താടിയും മീശയും ഉള്ള ഒരു വയോധികനായിരുന്നു അത് .ഒരു കൈയിൽ യോഗദണ്ഡും മറുകയ്യിൽ കമണ്ഡലുവും പിടിച്ച്, ഒരു കൗപീനമാത്രധാരി. അയാൾ  അവനെ സമാധാനിപ്പിച്ച് തൻറെ വാസസ്ഥലത്തേക്ക് കൊണ്ടുപോയി . അതൊരു വലിയ ഗുഹയായിരുന്നു. ഗുഹയുടെ നടുവിൽ  ഹിമം കൊണ്ടുള്ള ഒരു വലിയ ശിവലിംഗവും.ആഹാരം ഒക്കെ കൊടുത്ത് ഉറക്കി. ഉണർന്നുവന്ന അവനോട് അദ്ദേഹം പറഞ്ഞു ,ഇനി നിനക്ക് പോകാം. അതിനുശേഷം അയാൾ അവനെ ഒരു ചാക്കുകെട്ട് ഏൽപ്പിച്ച് പറഞ്ഞു. ഇത് നിറയെ രത്നങ്ങളാണ്. ഇതിൻറെ പകുതി നിനക്ക് എടുക്കാം. സ്വന്തം കെടുതികളെക്കുറിച്ച് ചിന്തിക്കാതെ നഷ്ടപ്പെട്ടുപോയ ആട്ടിൻകുട്ടിയെ വീണ്ടെടുക്കാൻ ഇറങ്ങിത്തിരിച്ചത് പ്രതിഫലം ആണിത്. ഗ്രാമത്തിൽ മടങ്ങിയാൽ ഉടനെ മറ്റേ പകുതി ചെലവഴിച്ച് ഈ ഗുഹയിലേക്ക് ഒരു നടപ്പാത വെട്ടണം. ആ ഒരു ഭാഗം ഉപയോഗിച്ച് സമ്പന്നനായ അയാൾ വിവാഹം കഴിച്ചു. വൃദ്ധൻ പറഞ്ഞതുപോലെ ഗുഹയിലേക്ക് പാത ഉണ്ടാക്കി .ആ പാത പൂർത്തിയായത് അയാളുടെ മക്കളുടെ കാലത്താണ്. അതാണ് അമർനാഥ് ലേക്കുള്ള നടപ്പാത. അതിൻറെ പലഭാഗങ്ങളും ഹിമപാതം കൊണ്ട് മൂടപ്പെട്ടിരിക്കുന്നുവെങ്കിലും.
      രാജൻ കാക്കനാടന് ഒരുഗ്രാമീണൻ പറഞ്ഞുകൊടുത്ത കഥ യാണിത്.കഥകൾ കേട്ടുംപറഞ്ഞും അദ്ദേഹം കാൽനടയായി അമർനാഥിലേക്കുനടത്തിയ ഏകാന്തയാത്രയുടെ വിവരണമാണ് "അമർനാഥ് ഗുഹയിലേക്ക്".
    ഡൽഹിയിൽ നിന്ന് ഉദയ്പൂർ  ബസ് കിട്ടാത്തതുകൊണ്ട് ജമ്മു ബസ് പിടിച്ചു. ദാൽ തടാകത്തിനടുത്ത് ശങ്കരാചാര്യരുടെ പേരിൽ അറിയപ്പെടുന്ന ക്ഷേത്രം. ആ വഴിവിട്ട് തടാകത്തിന്റെ ഓരത്തുകൂടി യാത്ര തുടർന്നാൽ ചഷ്മാഷാഹി- ഷാജഹാൻറെ പൂന്തോട്ടം-കാണാം. അവിടുന്ന് രണ്ടര നാഴിക നടന്നാൽ  നൂർജഹാൻറെ സഹോദരൻ  ആസിഫ്ജായുടെ സ്മരണയ്ക്ക് ഉണ്ടാക്കിയ നിഷാദ് ബാഗ് പൂന്തോട്ടം. അല്പം കൂടെ നടന്നാൽ  പൂന്തോപ്പുകളുടെ റാണി, ഷാലിമാർ പൂന്തോട്ടം. ജഹാംഗീറിൻെറയും നൂർജഹാൻെറയും പ്രണയലീലകൾ ഓർമ്മപ്പെടുത്തുന്ന ഇടം. ഒപ്പം  ചോരയും മറ്റു പലതും. അവിടുന്ന് ബസിന് പഹൽഗാമിലേക്ക് .

     അമർനാഥ് യാത്ര മൂന്നു പ്രാവശ്യം പ്ലാൻ ചെയ്തു പരാജയപ്പെട്ടതാണ്. ഒടുവിൽ യാതൊരു  മുന്നൊരുക്കവുമില്ലാതെ 1979 ജൂലൈ മാസം ഒറ്റയ്ക്ക് നടത്തിയ യാത്രയുടെ കഥയാണ് 'അമർനാഥ് ഗുഹയിലേക്ക്' പറയുന്നത് .തണുപ്പിൽ ഇടാൻ നല്ല ഒരു ജോഡി ഷൂസ് ഇല്ലാതെ, കമ്പിളി വസ്ത്രങ്ങൾ ഇല്ലാതെ, ഒരു താമസസൗകര്യവും ഏർപ്പെടുത്താതെ, നീണ്ട ഒരു കാൽനടയാത്ര.... അപകടകരമായ വഴികളിലൂടെ കയ്യിൽ അത്യാവശ്യത്തിന് പോലും തികയാത്ത പണവുമായി! ആ യാത്രയിൽ കണ്ടതും അനുഭവിച്ചതും ആണ് രാജൻ കാക്കനാടൻ കുറിക്കുന്നത്. തീർത്ഥാടകരെ പരിചയപെട്ടും ചിലരെ സഹായിച്ചും ചിലരിൽ നിന്ന് സഹായം നേടിയും നടത്തിയ യാത്ര. ഇന്ന് വഴികളും യാത്രാസൗകര്യവും പുതുക്കപ്പെട്ടിരിക്കുന്നു. എങ്കിലും ഈ യാത്രയും യാത്രാവിവരണവും കാലാതിവർത്തിയാണ്. ഹിമവാന്റെ മുകൾത്തട്ടിൽ വായിക്കുന്ന സുഖം ഒരു പക്ഷേ കിട്ടിയേക്കില്ല .അതിനുകാരണം യാത്രചെയ്യുന്ന പ്രദേശത്തിന്റെ മാറ്റവും,വഴിയിലെ തിരക്കുമാണ്.അമർനാഥിലേക്കൊരു യാത്രനടത്തിയ മാനസികസുഖം വായന നേടിത്തരും.

രതീഷ്കുമാർ
🌾🌾🌾🌾🌾🌾