23-03-19


ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാവർക്കും സ്നേഹപൂർവ്വം സ്വാഗതം..:pray::rose::rose::rose:

*ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാനിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." കഴിഞ്ഞയാഴ്ചയിലെ ബാക്കി ഇപ്പോൾ വായിക്കാം..*
*ഇതാണ് ഞാൻ..*
*ആത്മായനം*
*ജസീന റഹീം*
   ഞാൻ അത്ര നാൾ കണ്ടതൊക്കെ മങ്ങിയ കാഴ്ചകളായിരുന്നു.. എന്റെ കാഴ്ചശക്തി അങ്ങേയറ്റം പരിതാപകരമായിരുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു.. സ്കൂളിൽ പഠിക്കുമ്പോൾ എന്നും കണക്കിനു മാത്രം പിന്നിലായിപ്പോയ കുട്ടിയായിരുന്നു ഞാൻ.. ടീച്ചർമാർ ബോർഡിൽ കണക്ക് ചെയ്ത് പഠിപ്പിക്കുന്നത് കാണാനുള്ള കാഴ്ചശക്തി കണ്ണിനില്ലായിരുന്നു എന്ന് തിരിച്ചറിയാൻ  എത്ര വർഷങ്ങളാണ് വേണ്ടി വന്നത്.. അടുത്തിരിക്കുന്നവരുടെ ബുക്ക് നോക്കി എത്ര കഷ്ടപ്പെട്ടാണ് ഞാൻ നോട്ടുകൾ പകർത്തിയതും പഠിച്ചതും.. ബസിന്റെ ബോർഡുകളൊക്കെ അത്ര നാളും കാണാൻ കഴിയാഞ്ഞിട്ടും .. ഒരല്പം അകലെ നിൽക്കുന്നവരെ പോലും തിരിച്ചറിയാനാകാതിരുന്നതും കാഴ്ചക്കുറവു മൂലമെന്ന് തിരിച്ചറിയാനാവാതെ..
   അങ്ങനെ പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ അവധിക്കാലത്ത് ..എന്റെ കണ്ണുകളെ കാലം കണ്ണട കൊണ്ട് മറച്ചപ്പോൾ.. എന്റെ മുന്നിൽ മിഴിവുറ്റ .. തെളിമയാർന്ന ലോകം അതിന്റെ സകല സൗന്ദര്യത്തോടെയും തെളിഞ്ഞു നിന്നു... ആദ്യമായി കണ്ണട വച്ച ദിവസം അതിശയത്താൽ കോരിത്തരിച്ചു പോയി.. അത്ര നാൾ കണ്ടതിൽ നിന്നും എത്രമാത്രം മനോഹരമായിരുന്നു എല്ലാം...
   അന്നൊക്കെ വിദ്യാലയങ്ങളിൽ കാഴ്ച പരിശോധനയോ.. നാട്ടിൽ നേത്ര പരിശോധനാ ക്യാമ്പുകളോ ഉണ്ടായിരുന്നില്ലല്ലോ.. സ്വന്തം പരിമിതികൾ തിരിച്ചറിയാനാവാതെ എത്രയെത്ര കുട്ടികൾ ഈ വർണസുരഭിയാം ഭൂമിയെ പൂർണമായി കാണാതെ ജീവിച്ചിട്ടുണ്ടാവും.. ആ ഒരു തലവേദന വന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാനും...!!
   കണ്ണട വച്ച ശേഷമാണ് മറ്റൊരു തിരിച്ചറിവുകൂടി എനിയ്ക്കുണ്ടായത് .. കണ്ണട വച്ച പെൺകുട്ടികളോട് ആൺകുട്ടികൾക്ക് വല്ലാത്തൊരകൽച്ചയാണെന്ന്.. കണ്ണട
എന്നെ കടുത്ത അപകർഷതാബോധത്തിനുടമയാക്കി.. അതേസമയം കണ്ണട വക്കുന്നതോടെ തലവേദന മാറുമെന്ന പ്രതീക്ഷയും അസ്തമിച്ചു.. പൂർവ്വാധികം ശക്തിയോടെ തലവേദനയും അകമ്പടിയായി ഛർദ്ദിലും എന്റെ ആത്മവിശ്വാസത്തെ പാതാളത്തോളം ചവിട്ടിത്താഴ്ത്തി... സങ്കടങ്ങൾക്കിടയിൽ ഒരു വലിയ ആഹ്ലാദമായി എസ്.എസ്.എൽ.സി റിസൾട്ടു വന്നു.. ഞങ്ങളുടെ ക്ലാസ്സിൽത്തന്നെ പ്രിയാ റഷീദിന് ഡിസ്റ്റിംങ്ഷനും ഞങ്ങൾ പന്ത്രണ്ടോളം പേർക്ക് ഫസ്റ്റ് ക്ലാസ്സും ..
   ഞങ്ങൾ ഏത് ക്ലാസ്സിലാണ് പഠിക്കുന്നതെന്ന് അതുവരെ വാപ്പായ്ക്ക് കൃത്യമായി അറിയില്ലായിരുന്നു.. ഇടയ്ക്ക് ഉമ്മായോട്.. "നമ്മുടെ മക്കള് ഏത് ക്ലാസ്സിലാവ്വേ.. പഠിക്കുന്നേ..." ന്ന് ചോദിക്കുമ്പോൾ  "നല്ല വാപ്പാ..." യെന്ന് ഉമ്മ കളിയാക്കിയിരുന്നു.. മക്കൾ പഠിക്കുന്ന ക്ലാസ്സറിയില്ലെങ്കിലും ഞങ്ങൾ നന്നായി പഠിക്കണമെന്നും സർക്കാർ ശമ്പളം വാങ്ങണമെന്നും വാപ്പ അതിയായി ആഗ്രഹിച്ചിരുന്നു.. പുറമെ പരുക്കനായതിനാൽ ഞങ്ങൾ എപ്പോഴും വാപ്പായിൽ നിന്നും ഒരകലം പാലിക്കുകയും ഉമ്മ വഴി ആവശ്യങ്ങൾ വാപ്പായുടെ അടുത്ത് എത്തിക്കുകയും ചെയ്തു.. മക്കൾ രണ്ടു പേരും പത്താം ക്ലാസ്സ് ഫസ്റ്റ് ക്ലാസ്സോടെ ജയിച്ചത് വാപ്പായെ സന്തോഷവാനാക്കി.. പറന്നു പോകുന്ന പക്ഷികളോടുപോലും സന്തോഷം പങ്കുവച്ചു... വാപ്പ അന്ന് കുണ്ടറയിലെ ദേവി ഏജൻസീസിലെ ലോറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.. ഞങ്ങൾ ഫസ്റ്റ് ക്ലാസ്സ് വാങ്ങി വിജയിച്ചതിനാൽ എന്നോടും ജാസിനോടും വാപ്പാടെ മുതലാളിയ്ക്കും ഭാര്യയും പ്രത്യേക സ്നേഹമുണ്ടായിരുന്നു.. ഒരിക്കൽ എന്നെ അങ്ങോട്ട് വിളിപ്പിക്കുകയും ഒരു ചെറിയ തുക സമ്മാനമായി തരികയും ചെയ്തു.. ഒരിക്കൽ കുണ്ടറയിലെ പ്രതാപികളായിരുന്ന അവർ പിന്നീട് തകർച്ചയിലെത്തുകയും മരണമടയുകയും ചെയ്തു..ഞങ്ങൾ കുണ്ടറയിലേക്ക് പോന്നതോടെ വിളക്കുടിയുമായുള്ള ബന്ധമറ്റ നിലയിലായി.. മാമ ഇടയ്ക്ക് വരുന്നതൊഴിച്ചാൽ കർണാടകക്കാരി മാമിയും മക്കളും തനിച്ചായി .. ഓണം ,ക്രിസ്തുമസ്.. സ്കൂൾ വെക്കേഷൻ കാലങ്ങളിൽ ഞങ്ങളഞ്ചുപേരും നെടുവത്തൂരെ ഉപ്പുപ്പായും ഉമ്മുമ്മായും ഉള്ള  ഉമ്മാടെ കുടുംബ വീട്ടിലും ലൈലാ മൂത്തുമ്മാടെ വീട്ടിലുമായി ഒത്തുകൂടി.. പഴയതുപോലെ കളികളും കലഹങ്ങളും തുടർന്നു വന്നു.. ഇതിനിടയ്ക്ക് ഇളയ മാമായ്ക്ക് ഒരു പെൺകുട്ടി പിറന്നു.. ഞങ്ങളെല്ലാം അത്യാവശ്യം മുതിർന്നു കഴിഞ്ഞിരുന്നതിനാൽ ഉമ്മാടെ കുടുംബത്തിലെ കുഞ്ഞുവാവയായി എല്ലാവരുടെയും അരുമയായി ചിന്നു എന്ന ജിനു മാറി.. അവളെ എടുത്തോണ്ട് നടക്കാൻ ഞങ്ങൾ അഞ്ചു പേരും മത്സരിച്ചു..
   ആയിടയ്ക്കാണ് മാമ കൊട്ടാരക്കര അവണൂരി ൽ പുതിയ വീട് വച്ചത്.. അതോടെ അവർ താമസവും അങ്ങോട്ടായി.. നെടുവത്തൂർ നിന്നും അവണൂരേക്ക്‌ മൂന്ന് നാല് കിലോമീറ്ററുകൾ ഉണ്ടായിരുന്നു.. ഞങ്ങൾ കുട്ടികൾ ചിന്നുവിനെ കാണാനും എടുക്കാനുമായി ഈ ദൂരമത്രയും നടന്ന് അവണൂരേക്ക് പോയിരുന്നു..
   ഒരിക്കൽ ഒരു വൈകുന്നേരം .. ഞാനും റെജുവും കൂടി ചിന്നുവിനെയും എടുത്ത് നെടുവത്തൂരേക്ക് തിരിച്ചു.. മൂന്നാല് കിലോമീറ്റർ കൊച്ചിനെയുമെടുത്ത് നടക്കണം.. ചിന്നുവിനന്ന് രണ്ടു വയസ്സിൽ താഴെ പ്രായം.. ഞാനും റെജുവും മാറി മാറി എടുക്കാമെന്ന് കരുതിയാണ് യാത്ര തിരിച്ചത് .. പക്ഷേ വീട്ടിൽ നിന്നിറങ്ങിയതോടെ ചിന്നൂന്റെ മട്ടുമാറി.. അവൾ റെജുവിനെ കാണുമ്പോൾ മുഖം വെട്ടിച്ചു.. എടുക്കാനായി നീട്ടിയ അവൾടെ കയ്യുകൾ തട്ടിമാറ്റി.. കുഞ്ഞുങ്ങളെ കുറച്ച് സമയമൊക്കെയേ എടുക്കാൻ പറ്റുള്ളുവെന്നും.. ലോകത്തിലെ ഏറ്റവും ഭാരിച്ച പണി ഇതുങ്ങളെ ചുമക്കലാണെന്നും ഞാൻ തിരിച്ചറിഞ്ഞു..എന്റെ ദേഹത്ത് അള്ളിപ്പിടിച്ചിരുന്ന ചിന്നുവിനെ കൈ വേദനിച്ചിട്ട് ഒന്നു താഴെ വക്കാൻ നോക്കി.. അവൾ ഫെവിക്വിക്ക് തേച്ച പോലെ ഒട്ടിപ്പിടിച്ചിരുന്നു.. കുടഞ്ഞ് താഴെയിടാൻ നോക്കി.. നിരാശയായിരുന്നു ഫലം ..ഒടുവിൽവല്ല വിധേനയും ആ കുഞ്ഞ് ഭാരവും ചുമന്ന് കയറ്റം കയറി ..ഇറക്കമിറങ്ങി.. പിന്നേം മല കയറി ഉപ്പുപ്പാടെ വീട്ടിലെത്തി.. കുഞ്ഞുവാവേം കൊണ്ട് വന്നതിന് ഉപ്പുപ്പ അഭിനന്ദിക്കുമെന്നായിരുന്നു ഞങ്ങൾ കരുതിയത് .. എന്നാൽ "സന്ധ്യയായി.. രാത്രി കൊച്ച് കരഞ്ഞാൽ ആര് കൊണ്ട് പോകും?? ...വേഗം തിരിച്ച് കൊണ്ടു പോ.. " ന്ന് ഉപ്പുപ്പ വഴിയിലേക്ക് വിരൽ ചൂണ്ടി... നിസ്സഹായരായി ഞങ്ങൾ "അവൾ കരയില്ല.. രാവിലെ തിരികെ പോകാ..."ന്നു കെഞ്ചിയിട്ടും ഫലമുണ്ടായില്ല. ഉപ്പുപ്പ കൂടുതൽ ഭീകരനാകും മുമ്പെ ഞങ്ങൾ കുഞ്ഞിനെയുമെടുത്ത് മലയിറങ്ങി.. തിരികെ ആ ദൂരമത്രയും ഞാൻ തന്നെ അതിനെ എടുക്കേണ്ടി വന്നു.. എനിയ്ക്കറിയാവുന്ന സകല തെറികളും വഴി നീളെ വിളിച്ച് സങ്കടപ്പെട്ട് ഞങ്ങൾ മടങ്ങി.. അതോടെ കുഞ്ഞുങ്ങളോട് ഞാനെന്നും അല്പം അകലം സൂക്ഷിക്കുകയും അവരെ ഭയക്കുകയും ചെയ്തു..
          ഉമ്മാടെ അത്തായെയും അമ്മായെയും.. (ഞങ്ങളുടെ ഉപ്പുപ്പായും ഉമ്മുമ്മായും) എനിക്കൊരുപാടിഷ്ടമായിരുന്നു..
ഞാൻ ജനിച്ചപ്പോൾ മുതൽ എന്റെ പത്തൊമ്പതാം വയസ്സിൽ ഉപ്പുപ്പ മരിയ്ക്കുന്നതു വരെ ഞാൻ കാണുമ്പോഴെല്ലാം ഒരു മാറ്റവുമില്ലാതെ ഒരു പോലെയിരുന്നു ഉപ്പുപ്പ.. യാത്രകൾ ഹരമായിരുന്ന ഉപ്പുപ്പ ആണി രോഗം പിടികൂടിയ കാലും വച്ച് മക്കളുടെ വീടുകളിൽ ബസിൽ കയറി നിരന്തരം യാത്ര ചെയ്തു.. ഏറ്റവുമധികം ദിവസങ്ങൾ തങ്ങിയത് ഞങ്ങളുടെ വീട്ടിലായിരുന്നു.. ജാസിനെ കൂടുതൽ സ്നേഹം പുരട്ടി "ആച്ചീ .. " ന്നു വിളിച്ചപ്പോൾ എന്നെ "വട്ടേ.." ന്നു വിളിച്ച് ദേഷ്യം പിടിപ്പിച്ചു.. ഉപ്പുപ്പ മാത്രമല്ല എല്ലാവർക്കും കൂടുതൽ ഇഷ്ടം ജാസിനോടാണെന്ന് ഞാൻ ഇതിനകം മനസ്സിലാക്കിയിരുന്നു...
ഉപ്പുപ്പ നല്ല ഒന്നാന്തരം ബീഡി വലിക്കാരനായിരുന്നു.. വലിച്ച് വലിച്ച് മീശയും കൂടി പുകഞ്ഞ് വിരലുകളും പൊള്ളുന്നത് വരെ കുറ്റിയായാലും കളയാതെ വച്ച് വലിയ്ക്കുമായിരുന്നു .. കുണ്ടറ വന്നാൽ കടയിൽ പോയി ബീഡി വാങ്ങിക്കൊടുക്കുന്ന ജോലി എനിയ്ക്കായിരുന്നു.. മൂട്ടക്കാക്ക എന്ന് ഞങ്ങൾ വിളിച്ചിരുന്ന കാക്കാടെ കടയിൽ നിന്നായിരുന്നു ബീഡി വാങ്ങേണ്ടത്.. പത്താം ക്ലാസ്സ് വരെ അരപ്പാവാടയുടുത്ത് നടന്ന ഞാൻ പ്രീ ഡിഗ്രിയോടെ മുതിർന്ന കുട്ടിയായപ്പോൾ ബീഡി വാങ്ങാൻ പറഞ്ഞാൽ മടിച്ചു.. പോകാതിരുന്നാൽ ഉപ്പുപ്പ എന്നോട് പിണങ്ങി ഉടുപ്പുമെടുത്തിട്ട് "ഞാനിനി ഇങ്ങോട്ട് വരുത്തില്ലെ.. " ന്ന് പറഞ്ഞ് കാലൻ കുടയുമെടുത്ത് തലയിൽ കെട്ടും കെട്ടി പോകാനിറങ്ങും.. ആ പിണങ്ങിപ്പോക്ക് പേടിച്ച് മോന്തയും വീർപ്പിച്ച് ഞാൻ മൂട്ടക്കാക്കാടെ കടേലോട്ടോടും..
ചൂടുവെള്ളം മാത്രം കുടിയ്ക്കുകയും ചൂടുവെള്ളത്തിൽ കുളിയ്ക്കുകയും ചെയ്തിരുന്ന ഉപ്പുപ്പാടെ വേഷം .. തലപ്പാക്കെട്ടും ..ഒരു നീളൻ കുപ്പായവും ..വെള്ളമുണ്ടും ..മുണ്ടിനടിയിൽ ധരിച്ചിരുന്ന പാളക്കരയൻ നിക്കറിലായിരുന്നു ഞങ്ങളുടെ നോട്ടം.. കാരണം ആ നിക്കറിന്റെ പോക്കറ്റിലായിരുന്നു ഉപ്പുപ്പ പഴ്സ് സൂക്ഷിച്ചിരുന്നത്.. കുരുമുളകും പറങ്കിയണ്ടിയും വിൽക്കുന്ന കാശും.. വല്യ മാമ അയയ്ക്കുന്ന പണവുമൊക്കെയായി അന്ന് ഉപ്പുപ്പാടെ കയ്യിൽ കാശുള്ള കാലം ..ഉപ്പുപ്പ കുളിയ്ക്കാൻ പോകുമ്പോൾ പാളക്കരയന്റെ പോക്കറ്റ് പരിശോധിക്കാൻ ഉമ്മയും ഞങ്ങളും കാത്തു നിന്നു.. എന്നാൽ കുളിപ്പുരയിലും കൂടെ കൊണ്ടു നടന്ന നിക്കർ ഞങ്ങൾക്ക് ഒന്ന് തൊടാൻ കിട്ടിയില്ല.. ചിലപ്പോൾ ഉപ്പുപ്പ ഉമ്മായെ വിളിച്ചിട്ട് "ആരിയേ... തുണി കഴുകുന്നെങ്കിൽ ഇതും കൂടി കഴുകെ... " ന്ന് പറഞ്ഞ് പാളക്കരയൻ ഉമ്മായെ ഏൽപ്പിച്ചു .. ഉമ്മാ യാകട്ടെ ലോകബാങ്കിന്റെ ലോക്കർ കുത്തിത്തുറക്കാൻ പോകുന്ന ആഹ്ലാദത്തോടെ നിക്കറുമെടുത്ത് അലക്കു കല്ലിൻച്ചോട്ടിലേക്കോടും..പക്ഷേ ലോക്കറിലിരിക്കുന്ന പണമൊക്കെ ഭദ്രമായി മാറ്റിയ ശേഷം ഒഴിഞ്ഞ നിക്കറായിരിക്കും അത്ത മകളെ ഏൽപ്പിക്കുന്നത്..
ഉപ്പുപ്പാടെ ഈ പാളക്കരയൻ ഞങ്ങളെ ഒരു പാട് ചിരിപ്പിച്ചിരുന്നു... കൊതുകിനെ വീശി ഓടിക്കുന്ന മോസ്കിറ്റോ ബാറ്റായും ഉപ്പുപ്പ ഇതുപയോഗിച്ചിരുന്നു..
ബീഡി വാങ്ങാൻ കടയിൽ പോകാൻ മടിച്ചെങ്കിലും അപ്പോഴുംമരം കേറൽ ഞാൻ അനസ്യൂതം തുടർന്നുകൊണ്ടിരുന്നു.. ചാമ്പ മരത്തിൽ കയറിയിരുന്ന് സ്വപ്നം കാണൽ.. പുസ്തകം വായന.. ബ്ലാത്തിയിൽ കയറി കായ് പറിക്കൽ ..പ്ലാവിൽ കയറി ചക്കയിടൽ തുടങ്ങി വ്യത്യസ്ത പരിപാടികളിൽ മുഴുകി ഞാൻ കൗമാരകാലത്തെ കൂടുതൽ ആഘോഷമാക്കി മരംകേറിയെന്ന പുരസ്കാരം കരസ്ഥമാക്കി..
ഉപ്പൂപ്പ വന്ന് ഒരാഴ്ച കഴിയുമ്പോൾ ഞങ്ങളുടെ വീട് മടുക്കുകയും അടുത്ത വീട്ടിലേക്ക് യാത്ര തിരിക്കുകയും ചെയ്തിരുന്നു.. അങ്ങനെയൊരു യാത്രയ്ക്കിടയിലാണ് ആ സംഭവം.
         ഒരാഴ്ചത്തെ താമസം കഴിഞ്ഞ് തിരികെ പോകാൻ നേരം ഞങ്ങളുടെ ശുശ്രൂഷയിൽ സംതൃപ്തനായ ഉപ്പുപ്പ എന്നെയും ജാസിനെയും അടുത്ത് വിളിച്ച് ചിലപ്പോൾ ഒരു രൂപയോ രണ്ടു രൂപയോ സമ്മാനമായി തന്നിരുന്നു.. അഥവാ ഉപ്പുപ്പ ഇതെങ്ങാനും തരാൻ മറന്നാൽ ഞാൻ ജീരകം പൂത്ത ചിരിയുമായി ചുറ്റിപ്പറ്റി നിൽക്കുമായിരുന്നു.. അന്ന് ഒരു രൂപയുണ്ടെങ്കിൽ നാല് ദിവസത്തെ എസ്. ടി യ്ക്ക് തികയുമായിരുന്നു..
ഞങ്ങൾ കുണ്ടറയിലേക്ക് വന്നതോടെ വിളക്കുടിയിൽ  ഒറ്റയ്ക്കായി പ്പോയ കർണാടകക്കാരി മാമിയെയും മക്കളെയും മാമ ചവറയിലേക്ക് കൊണ്ടുപോയി.. മാമ ആദ്യം വാടക വീടും പിന്നെ വസ്തു വാങ്ങി  വീട് വക്കുകയും ചെയ്ത് ചവറയിൽ സ്ഥിരതാമസമുറപ്പിച്ചു..
അതോടെ ഉപ്പുപ്പ കുണ്ടറ വന്നാൽ അവിടെ നിന്നും ധാരാളമായി സർവീസ് നടത്തിയിരുന്ന ഇളമ്പള്ളൂർ - ചവറ ബസിൽ കയറി നേരെ ചവറയ്ക്കു വച്ചുപിടിച്ചിരുന്നു.. എഴുപത് കഴിഞ്ഞിട്ടും പതിനേഴിന്റെ ചുറുചുറുക്കോടെ  ഉപ്പുപ്പ ബസിൽ കയറി ഒറ്റയ്ക്ക് യാത്ര ചെയ്തു.. ഞങ്ങൾ പലപ്പോഴും ഉപ്പുപ്പായെ കളിയാക്കി "പോക്കറ്റിൽ അഡ്രസ്സെഴുതി വക്കണേ.. വഴിയിലെങ്ങാനും വച്ച് തട്ടിപ്പോയാൽ മക്കളെ അറിയിക്കണ്ടേ.." എന്ന ഞങ്ങളുടെ കളിയാക്കൽ   ഉപ്പുപ്പ എത്ര ഗൗരവത്തിലെടുത്തിരുന്നുവെന്ന് ഒടുവിൽ ഉപ്പുപ്പ മരിച്ചു കഴിഞ്ഞാണ് ഞങ്ങൾ തിരിച്ചറിഞ്ഞത്..
ഒരിക്കൽ ജാസ് കോളേജിൽ പോകാനിറങ്ങിയപ്പോൾ അതേ ബസിൽ ഉപ്പുപ്പായും കൂടെക്കൂടി.. ജാസിന് കരിക്കോടി റങ്ങിയാൽ മതി.. ബാക്കി ദൂരം ഉപ്പുപ്പ പതിവുപോലെ തനിയെയാണല്ലോ പോകുന്നത്.. ജാസ് ബസിന്റെ ഫ്രണ്ട് ഡോറിൽ കൂടിയും ഉപ്പുപ്പ ബാക്ക് ഡോറിൽ കൂടിയും കയറി.. ജാസന്ന് മധുരപ്പതിനേഴിൽ നിറഞ്ഞ് കുണ്ടറയിലെ ചെറുക്കൻമാരുടെ കനവുകളിൽ പെയ്തിറങ്ങുന്ന കാലം.. അന്നും അവൾ ആവശ്യത്തിലേറെ സുന്ദരിയായിരുന്നു.. അത്ര തന്നെ ഒതുക്കക്കാരിയും.. ഞാൻ ആകാശം നോക്കി ..മരം കയറി  നടന്നപ്പോൾ അവൾ ഭൂമിയിൽ മാത്രം നോക്കി നടന്നു..
ബസ് കരിക്കോട് എത്തിയപ്പോൾ ജാസ് ഇറങ്ങാൻ തുടങ്ങി.. പെട്ടെന്ന് പിറകീന്നൊരു വിളി ... "ആച്ചീ...നിക്ക്... ഇന്നാ രണ്ട് രൂപ..."
ജാസ് ഞെട്ടിത്തരിച്ചു.. ആൾക്കൂട്ടത്തിനിടയിൽ വച്ച് രണ്ട് രൂപ നീട്ടി ഉപ്പുപ്പ പേര് വിളിച്ചത് കേട്ട് പൊതുവെ നാണക്കാരിയായ അവൾക്ക് കരച്ചിൽ വന്നു.. വീട്ടിൽ വന്ന് കരച്ചിലും പറച്ചിലുമായി.. പാവം ഉപ്പുപ്പ പതിവ് പോക്കറ്റ് മണി വീട്ടിൽ വച്ച് കൊടുക്കാൻ മറന്നു പോയിരുന്നു.. ബസിൽ വച്ച് ഓർത്തപ്പോൾ വേഗം എടുത്തു കൊടുത്തതാണ്.. സത്യത്തിൽ ഞങ്ങളോട് ..പ്രത്യേകിച്ചും ജാസിനോട്  ..മിണ്ടാൻ അന്നാട്ടിലെ യുവാക്കൾ കൊതിച്ചെങ്കിലും ഞങ്ങളുടെ ഉമ്മയുടെ എരിപൊരി നാവ് ഭയന്ന് ഒരാളും അടുത്തില്ല.. രണ്ട് പെൺമക്കൾ വീട്ടിൽ ഉള്ളതിനാൽ വാപ്പ വീട്ടിലില്ലാത്ത രാത്രികളിൽ ഉമ്മ തലയണക്കീഴിൽ വെട്ടുകത്തി സദാ സൂക്ഷിച്ചു.. ഉമ്മായെ ഭയന്ന് പലരുടെയും കണ്ണുകളിലെ ഇഷ്ടങ്ങളെ കണ്ടില്ലെന്ന് നടിച്ചു..
***************************

*വേനലിൽ....*
*ശ്രീല അനിൽ*
തപിക്കയാണുള്ളം,,,,
നിൻ സ്നേഹവർഷമെങ്ങു പോയ്,,,,
വേനലിൽ കൊടും തപം
പേറുമെൻ മനം,,,,,
കരിഞ്ഞ പുൽനാമ്പുകൾ
തണലിരന്നു നിൽക്കവേ,,,,
ഇറ്റുവീഴുമേതു ദാഹ നീരിനായ് കൊതിപ്പു ഞാൻ,,,,,
വേനലിൻ തീയിനെ
ഉരുക്കി ഇലകളായ് തളിർ കൈകളായ്
തലോടുവാനേതു
വൻമരം
ഇനി കുട നിവർത്തിടും?
എന്റെ ഉഷ്ണ മാത്രകൾ
ഏതു തൂ മഴക്കു
നനഞ്ഞലിയുവാൻ കാത്തിരിപ്പതാം,,,,?
എത്തുമേതു മാരിയിൽ
പെരുമഴ പെയ്ത്തിലായ്
ഒലിക്കുവാൻ,,,
കുതിക്കായാണു വിങ്ങി നിൽക്കുമീ
കറുത്ത മേഘ സങ്കടം,,,
***************************

*യുദ്ധാനന്തരം!*
*ഷാജു തേക്കിൻകാട്ടിൽ*
തിരികെ വന്ന്
എന്തിന് ശവംതീനിയാകണം?
ചുരത്തിന്റ
താഴ്വാരങ്ങളിൽ
പൂത്തുനിൽക്കുന്ന
സ്വപ്നങ്ങളുടെ
മദനഗന്ധത്തിൽ
കിടന്നുറങ്ങിയാൽ പോരെ?
ഉന്മാദിയെപ്പോലെ!
അടയാളമായിനി
അവശേഷിക്കുന്നത്
അവസാനമായി കണ്ട
കൺകോണിലെ
തിളക്കം മാത്രം!
തിളച്ചുമറിഞ്ഞവിടം
ഇന്ന് പുകയും കെട്ട ചിതപോലെ!
കലാപത്തിന്
ഇരുവശത്തും
സംഘടിച്ചവർ എന്നേ
മയങ്ങി, അവരുടെ കത്തിയ
കൂടാരങ്ങൾ
അവരുടെ മോക്ഷം കെടുത്തി!
വിഷം നിറച്ച പൂക്കളും
കൊത്തിവലിക്കുന്ന മുള്ളുകൾക്കും
ഇനിയെന്ത് ചെയ്യാൻ കഴിയും?
നിന്നിലേക്ക് ഇടയ്ക്കിടയ്ക്ക്
ഉയരുന്ന കൈകൾ
മുറിച്ചുമാറ്റിയേക്കാം!
എന്റെ ചുംബനങ്ങൾക്ക്
ചൂടാറിയതായി
എന്റെ രക്തബീജങ്ങൾ
വിലപിക്കുന്നുമുണ്ട്!
കാലം കഴിഞ്ഞ പ്രണയവും
സമാധാനം പുന:സ്ഥാപിച്ച
യുദ്ധവും
ആർക്കും വേണ്ടാതാക്കുന്നതും
ഓർക്കുക!
***************************

*അടുക്കളയിൽ   ഒരാൾ*
*സുരേഷ് കുമാർ.ജി*

അടുക്കളയ്ക്കകത്തിത്ര
                  പ്രണയമുള്ളൊരാളുണ്ടെ
ന്നൊരിക്കലുമവളൊന്നു
                   പറഞ്ഞിരുന്നതേയില്ല ....!
അവൻ ! ആയർകുലസ്ത്രീകൾ
              കൊതിച്ചു പോന്നിരുന്നവൻ
അകലെ,ക്കാലികളുകളുടെ
          തൊഴുത്തിലേക്കുയിർത്തവൻ
തമസ്സിൽ നിന്നൊരു ബുദ്ധ
                 പഥത്തിലേക്കുണർന്നവൻ
അദൃശ്യനായെവിടെയും
          കളിച്ചു കൊണ്ടിരുപ്പവൻ.........!
            .....        ......      ......
അടുപ്പിൽ ,പാലിരിക്കവേ
              തിളയ്ക്കാതെ തടുക്കുന്നൂ ....
മിഴി തെറ്റുമൊരു മാത്ര
                   അതു തൂവിക്കളയുന്നൂ ...
തിരയുന്ന വകയെല്ലാം
                    ഒളിച്ചവൻ കളിക്കുന്നൂ ....
രുചികളെ, യൊരു തിര -
           -സ്ക്കരണിയാൽ മറയ്ക്കുന്നൂ
അവളുടെ മിഴിനീരിൻ
                     ലവണാംശം നിറച്ചിട്ടോ ,
വിളമ്പുമ്പോളനുപാതം
             പലർക്കായിട്ടൊരുക്കുന്നൂ ....
അവളാകെ,ക്കദനത്താൽ
                മുനിഞ്ഞു കത്തിടും നേരം
അവനൊന്നു തലോടുവാൻ
                 ചെറുകാറ്റായണയുന്നൂ ....
മടുപ്പിന്റെ നിലയില്ലാ
         ക്കയത്തിൽ വീണടിയുമ്പോൾ കുറുമ്പിന്റെ പിടിവള്ളി
           അവൾക്കായിട്ടൊരുക്കുന്നൂ....
ഇടയ്ക്കൊരോർമയായ് ബാല്യം
               മനസ്സിലേയ്ക്കൊഴുക്കുന്നൂ
ഉറക്കത്തിൽ പഴയൊരു
         കിനാത്തുണ്ടു കൊടുക്കുന്നൂ ...
ഉണരുമ്പോൾ ,വിധിയിതാ -
               യിരിക്കാമെന്നുരയ്ക്കുന്നൂ
അവളെസ്സ്വാന്ത്വനിപ്പിക്കാൻ
                   ഒരു പാട്ടു കൊരുക്കുന്നു
അവളിലെ പുഴ വറ്റി
               വരളുവാൻ തുടങ്ങുമ്പോൾ
ഒരു പീലിയുഴിഞ്ഞവൻ
               പുതുമഴ പൊഴിയ്ക്കുന്നൂ ...
അടുപ്പിലേയ്ക്കൊടുവിലെ
           ക്കനവും വെച്ചെരിക്കുമ്പോൾ
ഇനിയേതു വിഭവം ? എ-
                    -ന്നവളോടു കരയുന്നൂ ...
            .....       ......       ......
ചിരവ കൊണ്ടിടയ്ക്കിടെ
                         ഇതു നിന്റെയിടമല്ലെ -
ന്നടയാളമവൻ തരു-
            ന്നതു പോരാഞ്ഞിടയ്ക്കെങ്ങാൻ
അടുക്കളയ്ക്കകത്തു ഞാൻ
         അബദ്ധത്തിൽ കടന്നെന്നാൽ
അവനെന്നെ വിരൽ പൊള്ളി -
                 ച്ചവിടെ നിന്നകറ്റുന്നൂ .......
അവരുടെയിടയിലെ
                           രസതന്ത്രമറിയാതെ
അവളിലേയ്ക്കൊരിക്കലും
                    കടക്കുവാൻ കഴിയാതെ
ഒരു പൊങ്ങുതടി പോലെ
       യെവിടേയേക്കോ ഒഴുകുമ്പോൾ
അവളെന്നും രാധയായി
            പുനർജ്ജനിക്കുന്നൂ ,ഞാനോ
ചരിത്ര പുസ്തകത്തിലെ
           മറന്നു പോമേടാകുന്നൂ....!
***************************
*ഇനി ഒരു കുറിപ്പായാലോ?*

*"ജനാധിപത്യം..."*
*കൃഷ്ണദാസ്.കെ*

ജനാധിപത്യത്തെ  പ്രതല വിസ്തീർണ്ണം വെച്ച്  അളക്കുന്നതാവും നന്നാവുക.
സാഹിത്യത്തിന്റെ സർഗ്ഗാത്മകത കൊണ്ടൊ
ചരിത്രത്തിന്റെ കൗതുക ആഹ്ലാദങ്ങളെക്കൊണ്ടോ
ശാസ്ത്രത്തിന്റെ അന്വേഷണ പരത കൊണ്ടോ നിർണയിക്കാൻ ഇന്ന് സാധിക്കണമെന്നില്ല..
ഗ്രീസിലെ നഗര രാജ്യങ്ങളിൽ പിറന്നു വീണപ്പോൾ മുഴുത്തു കൊഴുത്തിരുന്നു. സ്നേഹം കൊണ്ട് മതിമറന്ന് അന്ന് എല്ലാവരും വാരി  പുണർന്നു. അപ്രതീക്ഷിതമായി കടന്നു വന്ന കൗമാരക്കാരനെ സ്വന്തമാക്കാനുള്ള  ഉൽക്കടാവേശമാണ് ഫ്രാൻസിൽ കണ്ടത്. പാടിപുകഴ്ത്തി സ്വന്തമാക്കിയപ്പോഴേയ്ക്കും
പ്രതീക്ഷക്കൊത്ത് നന്മ മരം പൂത്തില്ല.
രണ്ടു ലോകയുദ്ധങ്ങളടെ താഡനം ഏറ്റുവാങ്ങി പുതിയ രാജ്യങ്ങളിൽ എത്തുമ്പോഴേയ്ക്കും പക്വതയുടെ
വിഷമ വൃത്തത്തിൽ തളക്ക്കപ്പെട്ടിരുന്നു.
ഇന്ന് വാർദ്ധക്യത്തിലാണ് .  ജയപരാജയങ്ങളുടെ ചതുഷ്ക്രിയകളിലാണ് ഇന്നത്തേ നിൽപ്പ്.
ഹരിച്ചും ഗുണിച്ചും വിജയിക്കുമ്പോൾ അഷ്ടി കിടയ്ക്കാതേ മെലിയാൻ തുടങ്ങി. മറ്റു മക്കളേക്കാൾ ഇന്നും മൂല്യം കൊണ്ട് ഭൂരിപക്ഷം നേടി നന്മയാകാൻ കഴിഞ്ഞിട്ടുണ്ട് എന്നതാണാശ്വാസം. അനുഭവത്തിൽ നിന്നും ആർജ്ജിച്ച ആശയസംഹിതയുടെ പുതപിറവിയാണ് വരും കാലത്തെ ശോണിമ ചാർത്തുക .
***************************

*പ്രളയത്തുള്ളൽ..*
*സന്തോഷ് അക്കരത്തൊടി*
പ്രളയം നമ്മുടെ കേരള മണ്ണിനെ
ഭീതിയിൽ മുക്കിയതോർക്കുന്നില്ലേ?
അന്തിചർച്ചയിൽ ഇല്ലെന്നാലും
ചിന്തയിൽ നിന്നത് പോവുവതെങ്ങനെ?!
'ഓഖി' കഴിഞ്ഞ് 'നിപ്പ'യൊഴിഞ്ഞ്
നെടുവീർപ്പിട്ടൊന്നു ഊര നിവർത്തേ
ഓടിയൊളിക്കാൻ തരമില്ലാതെ...
കുത്തിയൊലിച്ചു വരുന്നു പ്രളയം.
ചറപറ പെയ്തൊരു മഴയിൽ പുഴകൾ
ഒന്നൊന്നായി നിറഞ്ഞു കവിഞ്ഞു.
ചറപറ പെയ്തൊരു മഴയിൽ പുഴകൾ
ഒന്നൊന്നായി നിറഞ്ഞു കവിഞ്ഞു.
ഡാമു തുറന്ന് റോഡ് തകർന്നു.
വെള്ളം കുത്തിയൊലിച്ചു പരന്നു
പാടവുമൊപ്പം മേടും തോടും
എല്ലാം വെള്ളം കൊണ്ടു നിറഞ്ഞു.
ചാനലു തോറും വാർത്ത നിറഞ്ഞു.
ആശങ്കാകുലരായീ പലരും
ഭീതി പരന്നു തെക്കോട്ടപ്പോൾ
അയ്യോ വെള്ളം മുറ്റത്തെത്തി
പിന്നെ കേട്ടത് വീടുകൾ തോറും
ഒന്നാം നിലയിൽ വെള്ളം കയറി.
മാളിക മുകളിൽ ഏറിയ ജനമോ
ജീവനു വേണ്ടി നിലവിളിയായി.
ജാതിമതങ്ങൾ മറന്നു മനുഷ്യർ
സേവനപാതയിൽ ഓടിക്കൂടി.
രക്ഷാദൗത്യവുമായി സേന
കോപ്റ്ററിലെത്തി പ്രളയക്കെടുതിയിൽ.
ഗർഭിണിയെപ്പോലും രക്ഷിച്ചവരോ
സേവനദൗത്യം സാർഥകമാക്കി.
ധീരതകാട്ടീ മുക്കുവമക്കൾ
വളളവുമായി വന്നൊരു നേരം
ചവിട്ടുപടിയായ് കിടന്നു
മാതൃക കാട്ടീ ജൈസൽ,
മാനവ ജന്മം സഫലം
അടിവരയിട്ടു പറഞ്ഞേ തീരൂ.
നമ്മുടെ പോലീസിന്നിടപെടലപ്പോൾ
വകതിരിവില്ല,കൊള്ളില്ലെന്നൊരു പല്ലവി
മാറ്റി മറിച്ചു 'ന്യൂജനു'മിവിടെ,
സംഘടനക്കാർ പാർട്ടിക്കാരും
പിന്നീടോ പല എൻജിയോസും
പലവിധമിങ്ങനെ പൊതു ജനമെത്തി
ഒത്തു ചെറുത്തൂ നാമീ പ്രളയം.
" കാടും മേടും തോടും പുഴയും
എല്ലാം നമ്മൾ വരുതിയിലാക്കി
പരി:സ്ഥിതിയെ മറന്നു കളിച്ച-
തിനേറ്റൊരു ശിക്ഷയാണീ പ്രളയം''
നഷ്ടപ്പെട്ടത് തിരിച്ചെടുക്കാൻ
പുതിയൊരു തീരം പടുത്തുയർത്താൻ
നവകേരള സൃഷ്ടിക്കായി
നമ്മൾക്കിനിയും ഒറ്റക്കെട്ടായ്മുന്നേറീടാം..
***************************

*കഥ*
*ബാസ്റ്റാർഡ്*
*രതീഷ് സംഗമം*

പതിവ് പോലെ അന്നും മീനുക്കുട്ടി താമസിച്ചാണ് സ്കൂളിൽ എത്തിയത്.
"എന്റെ മീനുക്കുട്ടിയേ നീ ഒരു ദിവസമെങ്കിലും നേരുത്തേവന്നൊന്ന് കാണാൻ ഇനി സ്കൂളിൽ ബെല്ലടിക്കുന്ന സമയം മാറ്റേണ്ടി വരുമല്ലോ..."
ക്ലാസ്സ് ടീച്ചറുടെ തമാശകലർന്ന പരിഹാസം കേട്ട് അവൾ തല കുനിച്ച് നിന്നു.
"ഇനി നിന്ന് മുഷിയണ്ട ബാ കയറിയിരിക്കൂ...
എന്റെ കുട്ട്യേ നിന്നെ ഒന്ന് കുളിപ്പിച്ച് വിടാൻ കൂടി നേരമില്ലേ നിന്റെ അമ്മക്ക് ...
അതെങ്ങനാ, പി.ടി.എ വിളിച്ചാൽ പോലും വരാൻ നേരമില്ല...
അഡ്മിഷൻ എടുത്താൽ പിന്നെ തിരിഞ്ഞ് നോക്കണ്ടാല്ലോ..
കുട്ടി പഠിക്കുന്നോ കൃത്യ സമയത്ത് ക്ലാസ്സിൽ വരുന്നോ...
ആര് ശ്രദ്ധിക്കാൻ ...
ഓഹ് ഇതൊക്കെ ആരോട് പറയാൻ വെറുതേ എന്റെ വായിലെ വെള്ളം വറ്റുമെന്നല്ലാണ്ട് ...

ശരി.. നമ്മൾ കുട്ടിയുടെ മോഹങ്ങളെപ്പറ്റിയല്ലേ കവിതയിൽ  കണ്ടത്.
കവിതയിലെ കുട്ടിയെപ്പോലെ നിങ്ങൾ ഓരോരുത്തർക്കും ഓരോ ആഗ്രഹങ്ങൾ ഉണ്ടാകുമല്ലോ..
അവ എന്തെല്ലാമാണ് ...?

എനിക്ക് ആനപ്പുറത്ത് കയറണം...
എനിക്ക് വിമാനം പറത്തണം ..
എനിക്ക് ഒരു സംസാരിക്കുന്ന തത്തയെ വേണം...

കുട്ടികൾ അവരുടെ ആഗ്രഹങ്ങൾ വിളിച്ച് പറയാൻ തുടങ്ങി.
എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ അലസമായ് പുറം കാഴ്ചകൾ കണ്ടിരിക്കുന്ന മീനുക്കുട്ടിയെക്കണ്ട് ടീച്ചർക്ക് വീണ്ടും ദേഷ്യമാണ് വന്നത്..

മീനൂ ... സ്റ്റാൻഡ് അപ്..
എന്താണ് നിന്റെ ആഗ്രഹം?

എഴുന്നേറ്റ് നിന്ന് തല കുമ്പിട്ട് നിന്ന മീനുവിനെ ഉത്തരം പറയാൻ ടീച്ചർ പ്രേരിപ്പിച്ചു.

ഉം.. പറയൂ... മീനുവിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താ..?

മീനു എന്തോ പിറുപിറുത്തു. പക്ഷേ അവളുടെ അടുത്തിരുന്ന കുട്ടികൾ പോലുമത് കേട്ടില്ല ...

"ഉറക്കെപ്പറ മീനുക്കുട്ടീ.. ഇവിടെ നമ്മളെല്ലാ ഉള്ളൂ... ഞങ്ങൾ കൂടി അറിയട്ടെ മീനുവിന്റെ ആഗ്രഹം എന്താണെന്ന്.. പറയൂ ..ഉറക്കെ .. കേൾക്കട്ടെ .. "

"ടീച്ചർ... എനിക്ക് ... എനിക്കൊരു ബാസ്റ്റർഡ് ആകണം"

മീനുവിന്റെ ആഗ്രഹം കേട്ട് ടീച്ചർ ഞെട്ടി..

   *                  *                 *
[അന്ന് രാവിലെ നടന്ന സംഭവങ്ങളുടെ ഓർമ്മകളാണ് മീനുക്കുട്ടിയെ അങ്ങനൊരു മറുപടിയിൽ എത്തിച്ചത്.]

മീനുവും അയൽവാസി അപ്പുവും ഒന്നിച്ചാണ് രാവിലെ സ്കൂളിലേക്ക് വരുന്നത്.
അപ്പു അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നത് ..

വയലും തോട്ടിൻ മേലേയുള്ള തെങ്ങും തടിപ്പാലവും കടന്ന് സ്കൂളിലേക്ക് ഒറ്റക്ക് വരാൻ മീനുവിന് പേടിയാണ്.
അപ്പുവിനൊപ്പമാകുമ്പോ കൂട്ടപ്പട്ടികളെയും പേടിക്കണ്ട.
അപ്പുവേട്ടൻ കല്ലെറിഞ്ഞ് ഓടിക്കും അവറ്റകളെ.
അപ്പുവേട്ടന്റെ അമ്മക്ക്  പപ്പടം ഉണ്ടാക്കി വിൽക്കലാണ് പണി.
രാവിലെ അമ്മയെ സഹായിച്ചിട്ടാണ് അപ്പു ഇറങ്ങുക.
സ്കൂളിലേക്ക് വരുന്ന വഴിയിൽ കടകളിലോ വീടുകളിലോ കൊടുക്കാനുള്ള പപ്പടക്കെട്ടുകളും ഉണ്ടാവും.
ഇന്നും അങ്ങനെ താമസിച്ചാണവർ വന്നത്.

വരുന്ന വഴിക്കാണ് തോമാച്ചായന്റെ വീട്. പറമ്പിൽ ഒരു പേര മരമുണ്ട്.
നല്ല മുഴുത്ത പേരക്ക ചുവന്ന് തുടുത്ത് നിൽക്കുന്നത് കാണുമ്പോൾത്തന്നെ വായിൽ വെള്ളമൂറും.

" അപ്പുവേട്ടാ ഒരു പേരക്കാ പറിച്ച് തര്യോ ..."

അമ്മു തന്റെ ആഗ്രഹം അപ്പുവേട്ടനോട് പറഞ്ഞു.

"അതിനെന്താ? ഇപ്പോ എറിഞ്ഞിട്ട് തരാല്ലോ"
എന്ന് പറഞ്ഞ് അപ്പുപറമ്പിൽ നിന്ന പേരയിലേക്ക് കല്ലെറിഞ്ഞു ...

പെട്ടെന്നാണ് ആ ശബ്ദം ഉയർന്നത്.

" അയ്യോ....
ആരെടാ കല്ലെറിഞ്ഞത്? ... "

പേരമരത്തിനപ്പുറം പുല്ലുകൾക്കിടയിൽ പണി ചെയ്ത് കൊണ്ടിരുന്നതോമാച്ചായന്റെ തലയിലാണ് കല്ല് വീണത്.

"അയ്യോ.. പണി പാളി.. അമ്മുക്കുട്ടീ ഓടിക്കോ... "

പക്ഷേ തോമാച്ചായൻ അപ്പുവിനെ തിരിച്ചറിഞ്ഞിരുന്നു.

"നീയാ ദേവകിയുടെ മോനല്ലേ...?
ബാസ്റ്റേർഡ് ആയ നിന്നെ പറഞ്ഞിട്ട് കാര്യമില്ല... "

അത് കേട്ടതും അപ്പു ഓട്ടം നിർത്തി...
അവന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി.

ബാസ്റ്റേർഡ്

അവൻ ആ വാക്ക് പിറുപിറുക്കുന്നത് കേട്ട് അമ്മുവിന് ഒന്നും മനസ്സിലായില്ല.

ഇടക്കെപ്പോളോ അമ്മു അപ്പുവിനോട് ചോദിച്ചു..

" അപ്പുവേട്ടാ.. എന്താ ബാസ്റ്റേർഡ് എന്ന് വെച്ചാൽ...?അയാളെന്തിനാ അപ്പുവേട്ടനെ ബാസ്റ്റേർഡ് എന്ന് വിളിച്ചത്..?
അത് കേട്ട് അപ്പുവേട്ടൻ എന്തിനാ കരഞ്ഞത്...??"

കണ്ണുകൾ തുടച്ചു കൊണ്ട് ദുഃഖം ഉള്ളിലൊതുക്കി അപ്പു സംസാരിക്കാൻ തുടങ്ങി ..

" അത് .. അമ്മുക്കുട്ടീ ഞാൻ അച്ഛനില്ലാത്തവനല്ലേ...
അതാ അയാളെന്നെ ബാസ്റ്റേർഡ് എന്ന് വിളിച്ചത്..."

അച്ഛനില്ലാതിരിക്കയോ...??
അങ്ങനെ ഒന്നുണ്ടോ?
അച്ഛനില്ലാത്തവരെയാണോ ബാസ്റ്റേർഡ് എന്ന് വിളിക്കുന്നത്..?

രണ്ടാം ക്ലാസ്സുകാരിയായ അമ്മുവിന് ഇവയെല്ലാം പുത്തൻ അറിവുകളായിരുന്നു.

ഒപ്പം അവളിൽ മറ്റ് ചില ചിന്തകളും ഉയർന്നു.
അച്ഛൻ ഇല്ലാതിരിക്കുക...
അത് നല്ല കാര്യമല്ലേ?
അതിന് അപ്പുവേട്ടൻ എന്തിനാ വിഷമിക്കുന്നത്.

    *                   *                 *
എന്നും രാത്രിയിൽ കുടിച്ചിട്ട് വന്ന് തന്നെയും അമ്മയേയും ഉപദ്രവിക്കുന്ന, തന്റെ പാഠപുസ്തകങ്ങൾ ഉൾപ്പടെ വീട്ടിലുളള സാധനങ്ങളെല്ലാം നശിപ്പിക്കുന്ന, തന്റെ അമ്മ കൂലി വേലക്ക് പോയ് കൊണ്ട് വരുന്ന പണം കൂടി എടുത്ത് കൊണ്ട് പോയി മദ്യപിക്കുന്ന ഒരു ദുഷ്ട കഥാപാത്രമാണ് അമ്മുവിന് അച്ഛൻ.

അപ്പോ അങ്ങനൊരാൾ ഇല്ലാത്ത അവസ്ഥ..

 *                   *                 *
ബാസ്റ്റേർഡ് ആകാനാണ് ആഗ്രഹമെന്ന അമ്മുവിന്റെ മറുപടിക്ക് പിന്നിലെ കാരണം മനസ്സിലാക്കിയ അവളുടെ ടീച്ചർ,
എച്ച്.എം,മറ്റ് അധ്യാപകർ പി.ടി.എ പ്രതിനിധികൾ, പൗരപ്രമുഖർ എന്നിവരുമായ് ബന്ധപ്പെട്ട് അമ്മുവിന്റെ വീട്ടിലെത്തി സാഹചര്യങ്ങൾ ബോധ്യപ്പെട്ടു.
അമ്മുവിന്റെ അച്ഛനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ഒരു ഡി-അഡിക്ഷൻ സെന്ററിൽ എത്തിച്ചു.

കുറച്ച് ദിവസത്തെ ചികിത്സയും അദ്ദേഹത്തിന്റെ ഇച്ഛാശകിയുംകൊണ്ട് മദ്യപാന ശീലം ഇല്ലാതായി.

   *                   *                  *

ആ വർഷത്തെ സ്കൂൾ വാർഷികം.

"അടുത്തതായി
പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ് മാനദണ്ഡമാക്കി
രണ്ടാം ക്ലാസ്സിലെ മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡ് വാങ്ങിയ അമ്മു,നമ്മോട് രണ്ട് വാക്ക് സംസാരിക്കുന്നതാണ്."

അനൗൺസ്മെന്റിനൊപ്പം നിറഞ്ഞ കൈയ്യടയോടെ അമ്മുക്കുട്ടി വേദിയിലെത്തി സദസ്സിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നു.

തിളങ്ങുന്ന പട്ട് പാവാടയിലും കുഞ്ഞുടുപ്പിലും ഒരു മാലാഖക്കുഞ്ഞിനെപ്പോലെ...
അവൾ തന്റെ കഥ പങ്കിട്ടത് അവിടെയിരുന്ന പല രക്ഷാകർത്താക്കളിലും മാനസാന്തരത്തിന്റെ - തിരിച്ചറിവിന്റെ പുതു വാതായനങ്ങൾ തുറക്കുന്നതായിരുന്നു.
അവരുടെ മുഖഭാവത്തിൽ നിന്നവ വ്യക്തമായിരുന്നു. ചിലർ ചെയ്ത് പോയ തെറ്റുകൾ ഓർത്ത് തന്റെ കുഞ്ഞുങ്ങളെ വാത്സല്യത്തോടെ പുണരുന്നതും ഭാര്യമാരെ പശ്ചാത്താപത്തോടെ നോക്കുന്നതും കണ്ട് അഭിമാനിക്കുന്ന ഒരു മുഖം കൂടി അവർക്കിടയിൽ ഉണ്ടായിരുന്നു. മറ്റാരുമല്ല, ഒരിക്കൽ ബാസ്റ്റേർഡ് ആകാൻ ആഗ്രഹിച്ച, ഇന്ന് തന്റെ ലോകം തന്നെ തന്റെ അച്ഛനെന്ന് പറഞ്ഞ
അമ്മുവിന്റെ അച്ഛനായിരുന്നു അത്.
***************************

*പുഴയോർമ്മ....*
*ജ്യോതി.ഇ.എം*
ഇവൾ എന്റേതാണ്...
എന്റെ മാത്രം...
ചാലിയാറേ,
നീയൊഴുകിയത്
എനിക്കു വേണ്ടി,
നിന്റെ വെൺമണൽതിട്ട,
പാദസ്പർശമേറ്റ
ശിലാതടങ്ങൾ,
 ശാദ്വല തീരം,
എല്ലാം എനിക്കു വേണ്ടി,
പ്രിയേ,
നീയെന്റെ കുട്ടിക്കാലം,
എന്റെ ഓർമ്മച്ചെപ്പ്,
ഞങ്ങൾ കുട്ടിക്കുറുമ്പുകൾക്ക്
കൂടപ്പിറപ്പ്,
കുസൃതികൾ, വികൃതികൾ,
മദ്ധ്യവേനലവധിക്കാലം,
മേടച്ചൂടിൽ നീ
ഞങ്ങൾക്ക്
ജലസമാധി.....
നിൻ കുളിരുടൽ
തൊട്ടറിയാൻ,
പിന്നെയതിലലിയാൻ..
കുഞ്ഞോളങ്ങളായ്
തുള്ളിത്തുളുമ്പാൻ...
മടിത്തട്ടെനിക്കായ്
കാത്തുവെക്കുന്നവൾ..
പുലരിക്കിനാക്കളെ,
സായാഹ്ന സ്വപ്നങ്ങളെ,
താരാട്ടി
ഉണർത്തിയവൾ...
കുത്തൊഴുക്കും
ചുഴികളും
കാട്ടിയമ്പരപ്പിച്ചവൾ...
അമ്മയായ്..
വല്യമ്മയായ്...
ചിലപ്പോഴമ്മമ്മയായ്..
കുളിരോർമ്മയായ്..
തലോടുവോൾ..
കരയിക്കുവോൾ...
നീയെന്റെ നിനവ്,
കനവുമാകാശവും..
പ്രിയേ,
നീയിന്നു മൊഴുകുന്നു,,
ചിരിച്ചും കരഞ്ഞും...
ഞാനിന്നുമെത്തുന്നു
നിന്നെയറിയാൻ..
നിന്നിലലിയാൻ...
***************************

*"ഓർമ്മയിലെ ബാല്യം"*
*കെ.എസ്.ഉണ്ണി*
*കുളത്തൂപ്പുഴ*
പഴയകാലത്തിന്റെ ഓർമ്മകൾ പേറിയൊരു
പായ്‌വഞ്ചിയായൊഴുകുമെന്റെയുള്ളം..
അതിലേറെയുണ്ടാരുമറിയാതെ
പോയ മിഴിനീരാൽ നനഞ്ഞ കഥ തീരാകഥ.
പശിയടങ്ങാത്തൊരാ ബാല്യകാലത്തിലെൻ..
ഉദരവും, വറുതിയറിഞ്ഞിരുന്നു!
വാവിട്ട് ചോദിച്ചതില്ലയാനാളിലും
നൽകുവാനാരുമില്ലായിരുന്നു.
കീറിപ്പറിഞ്ഞൊരാ കുപ്പായമെത്രയോ നാളുകൾ എൻ സ്വന്തമായിരുന്നു..
താളുകൾ കീറിയതെങ്കിലും അയൽവാസി നൽകിയ പുസ്തകം പുണ്യമായി.
പുസ്തകത്താള് മറിക്കവേ എന്നുള്ളിൽ
ആയിരമായിരം പൂവിരിഞ്ഞു..
അറിവിന്റെ പരിമളം വീശിയ പൂക്കളെൻ..
പുതിയ ജന്മത്തിന് ജീവനേകി.
ഉള്ളിന്റെയുള്ളിലെ ഓർമ്മതൻ തീരാത്ത
ഓളത്തിലിളകുന്ന പായ്‌വഞ്ചിയിൽ..
പോയകാലത്തിന്റെ ചിത്രങ്ങളൊക്കയും,
പൊടിതട്ടിവയ്ക്കുന്നു ചിത്രകാരൻ
***************************

*പൂങ്കാറ്റിനോട്...*
*ദിവ്യ.സി.ആർ.*

കണ്ണുകൾക്കുള്ളിലെ ഉൾ-
ക്കാഴ്ച്ച പോലെന്നെ
യുണർത്തിയ പൂങ്കാറ്റേ..
നിനക്കാരു തന്നൂ, ഇത്തിരി
പ്പൂവിൻ തേൻ സുഗന്ധം..
മഞ്ഞുത്തുള്ളികൾക്കുള്ളിലെ
മോഹങ്ങൾ പോലെന്നെ-
യുറക്കിയ താരാട്ടിൽ..
സ്വപ്നമായെൻ ചാരെ
പുൽകിയുണരുവാൻ
മിഴി കൂമ്പി നിൽക്കുന്ന
പീലിയോ നീ..
ഇനിയുമെന്നരികെ തിരികെ-
യെത്താൻ വൈകുവതെന്തേ
നീ കാറ്റേ..
പറയാതെ പോയതിൻ
പരിഭവമോ..
പരിലാളനത്തിൻെറ വിസ്മൃതിയോ..
***************************

*വായിക്കുക.....*
*ആസ്വദിക്കുക.....*
*വിലയിരുത്തുക...*
*അഭിപ്രായങ്ങൾ പ്രകടിപ്പിക്കുക ...*