23-02-19

ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാവർക്കും സ്നേഹപൂർവ്വം സ്വാഗതം..🙏🌹🌹🌹

ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാനിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." കഴിഞ്ഞയാഴ്ചയിലെ ബാക്കി ഇപ്പോൾ വായിക്കാം..👇🏻
ആത്മായനം ആദ്യ പ്രണയത്തിന്റെ തീവ്രഭാവങ്ങളിലൂടെ കടന്നുപോവുന്നത് ഈ ആഴ്ചയിൽ വായിക്കാം..👇🏻

ഇതാണ് ഞാൻ
(ആത്മായനം)
ജസീന റഹീം
ജീവിതത്തിലെ ആദ്യത്തേതും അവസാനത്തെതുമായ ഗൾഫു യാത്ര കഴിഞ്ഞ് മടങ്ങിവന്ന് വാപ്പ ആവണീശ്വരത്ത് തുടങ്ങിയ ഹാർഡുവെയർ കടയും.. ഉമ്മ വീട്ടിൽ നടത്തിവന്നിരുന്ന പാൽ കച്ചവടവുമൊക്കെയായി ജീവിതം സാധാരണ മട്ടിൽ മെല്ലെ ഒഴുകി .. കടയുടെ പേര് ജാസ്മിൻ ഹാർഡ് വെയർ എന്നായിരുന്നു.. സകല ഇരുമ്പു സാധനങ്ങളും കടയിലുണ്ടായിരുന്നു..കടയിലിരുന്നാൽ ആവണീശ്വരം റെയിൽവേ സ്റ്റേഷൻ കാണാം.. കടയോടു ചേർന്ന് വാപ്പാടെ അനുജനായ ബഷീർ കൊച്ചാപ്പയുടെ കട.. ഒരു ദിവസം കടയിൽ നിന്ന കൊച്ചാപ്പ വായിൽക്കൂടി നുരയും പതയും വന്ന് മനസറിയാതെ മലമൂത്രങ്ങൾ പോയി തറയിൽ വീണു.. പിന്നെ കുറെ നാൾ വാപ്പ കൊച്ചാപ്പയുമായി മെഡിക്കൽ കോളേജിലും.. തുടർന്ന് കൊച്ചാപ്പായെ വിശ്രമത്തിനായി ഞങ്ങളുടെ വീട്ടിലുമെത്തിച്ചു.. കുടുംബത്തിലെ മൂന്നാമത്തവനായിട്ടും എല്ലാവർക്കും വാപ്പായോട് പേടി നിറഞ്ഞ അകൽച്ചയായിരുന്നു..
   കടയുടെ പേര് ജാസിന്റെതായിരുന്നെങ്കിലും നട്ടുച്ചയ്ക്ക് കടയിലേക്ക് ചോറുമായി പോകാൻ ഞാൻ വേണമായിരുന്നു.. വാപ്പ ചോറുണ്ട ശേഷം കട എന്നെയേൽപ്പിച്ച് കടയോട് ചേർന്നുള്ള മുറിയിൽ ഉച്ചയുറക്കത്തിലാണ്ടു.. കണക്കറിയാത്ത ഞാൻ ആണിയും മറ്റു സാധനങ്ങളും തോന്നും പടി തൂക്കി വിറ്റു.. ആവണീശ്വരത്ത് നിന്നും വിളക്കുടി വരെ നടക്കാവുന്നതിലേറെ ദൂരമുണ്ടായിരുന്നു.. ഇടക്കെപ്പോഴോ ഒരു പ്രൈവറ്റ് ബസ് ഈ റൂട്ടിൽ കുറച്ചു നാൾ ഓട്ടം നടത്തിയിരുന്നു.. അതിൽ വല്ലപ്പോഴും  കയറുന്നത് മഹാഭാഗ്യമായി കരുതി..
   ആദ്യമൊക്കെ കടയിൽ നിന്ന് ചെറിയ വരുമാനം കിട്ടിയെങ്കിലും മാസങ്ങൾ കഴിയും മുമ്പെ കട നഷ്ടത്തിലാവുകയും അതേച്ചൊല്ലി വീട്ടിൽ കശപിശ തുടങ്ങുകയും ചെയ്തു.. ഉച്ച കഴിഞ്ഞാൽ വാപ്പ കടയടച്ചിട്ട് അപ്രത്യക്ഷനാകുന്നതിന്റെ കാരണം തേടി ഉമ്മ പല സി.ഐ .ഡി പ്രവർത്തനവും നടത്തി.. വാപ്പ സിനിമയ്ക്ക് പോകുന്നതാണെന്ന് ചിലരും.. അതല്ല പഴയ ബാല്യകാല സഖിയെ തേടിപ്പോകുന്നതാണെന്ന് മറ്റു ചിലരും ഉമ്മാ യ്ക്കും രഹസ്യ വിവരങ്ങൾ നൽകി.. രണ്ടായാലും വീട്ടിൽ വഴക്ക് പതിവായി.. പിന്നീട് വാപ്പാക്കൊപ്പം ഉമ്മായും കടയിൽ പോകാൻ തുടങ്ങി..
   രാവിലെയെഴുന്നേറ്റ് ചോറും കറികളും ഒരുക്കി പശുവിന്റെ തീറ്റയും ശേഖരിച്ച് വച്ച് രണ്ടുപേർക്കുള്ള ഭക്ഷണവുമായി ഉമ്മായും കടയിൽ പോവുകയും ചെയ്തു.. കുറച്ച് നാൾ കഴിഞ്ഞ് എല്ലാം കൂടി ബുദ്ധിമുട്ടായപ്പോൾ പശുവിനെ വിറ്റു.. പശുവിനെ വിറ്റതിൽ ഏറ്റവുമധികം സന്തോഷിച്ചത് ഞാനായിരുന്നെങ്കിലും .. പശു പോകുന്നതിൽ വിഷമവുമുണ്ടായിരുന്നു..
                അതിരാവിലെ എഴുന്നേറ്റ് ഇരുട്ട് മാറും മുന്നെ പാലുമായി വിളക്കുടിയിലെ യൂനുസ് കാക്കായുടെ കടയിലേക്ക് ഉറക്കപ്പിച്ചിൽ ഒരു പോക്ക്.. അത് കഴിഞ്ഞാൽ വെറും വയറ്റിൽ ഒന്നുകിൽ മദ്രസയിലേക്ക് ..മദ്രസയില്ലെങ്കിൽ പശുവിന് പോച്ച പറിക്കൽ.. അപ്പോഴേക്കും വയറ് കത്തിക്കാളും.. എന്തു കിട്ടിയാലും തിന്നുന്ന .. ലോകം മുഴുവനും വിഴുങ്ങാൻ തോന്നുന്ന വിശപ്പിന്റെ പ്രായം.. കുളിച്ചെന്നു വരുത്തി തിന്നാൻ ഓടിയാലും ഉമ്മാടെ പിടിവീഴും ... പല്ലൊക്കെ പിടിച്ചു നോക്കി.. രണ്ട് നുള്ളും തന്ന് ഉമിയ്ക്കരിക്ക്  പിടിക്കും.. രണ്ടാം ഘട്ട പല്ലുതേപ്പ്.. മോണ വരെ ഉരച്ച് തേക്കും.. കുളിച്ചിട്ട് വരുന്ന എന്റെ തല പരിശോധിയ്ക്കും .. മുടി നന്നായി നനയാത്തയിടങ്ങൾ മൈക്രോസ്കോപ്പ് വഴി വിദഗ്ധമായി കണ്ടെത്തി .. വീണ്ടും കുളിപ്പിക്കൽ.. പശുവിന്റെ കച്ചിയൊക്കെയിട്ട് തേച്ചുരച്ച്.. എന്റെ പ്രതിഷേധങ്ങൾക്ക് പുല്ലുവിലയായിരുന്നു.. എല്ലാം കഴിയുമ്പോൾ പഴംചോറ് ചമ്മന്തിയും അച്ചാറും മീൻകറിയുമൊക്കെ കൂട്ടി നന്നായി കുഴച്ച് വലിയ ഉരുളകളാക്കി വായ് നിറയെ കുത്തിക്കയറ്റും.. പല്ലുതേപ്പും കുളിയുമൊഴിച്ചാൽ .. ബാക്കിയെല്ലാം ഞാനിഷ്ടപ്പെട്ടു.. ഉമ്മ കുഴച്ച ചോറുരുളയുടെ രുചിയിൽ എന്റെ പ്രതിഷേധങ്ങൾ അലിഞ്ഞിറങ്ങി..
     ഡി.ബി യു.പി.എസിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് ഉച്ചഭക്ഷണ ഇടവേളയിൽ വീട്ടിൽ വന്നു.. അങ്ങോട്ടുമിങ്ങോട്ടുമുള്ള രണ്ടോട്ടങ്ങൾക്കിടയിൽ നിറഞ്ഞ ഊണു നേരങ്ങൾ.. വാഴയിലയിൽ പൊതിഞ്ഞ ചോറ് പൊതിയുടെ മണം ഒരു കൊതിയായി ബാക്കി വച്ച് ഡി.ബി .യു. പി. എസ് കാലം.. വൈകിട്ട് നാല് മണിക്ക് വീട്ടിലെത്തി വീണ്ടും ചോറിലേക്ക് വീഴുന്നു.. അവിടുന്നെഴുന്നേറ്റാൽ വീണ്ടും മദ്രസ യോ വയലോ ആയി ജീവിതം.. സന്ധ്യയായാൽ സ്വലാത്ത് .. യാസീൻ കഴിഞ്ഞാൽ സ്കൂളിലെ പാഠങ്ങൾ.. കണക്കൊഴിച്ച് ഉച്ചത്തിൽ വായിച്ചു പഠിച്ചു..
   ഞാനും ജാസും സദാ വഴക്കിട്ടു.. അങ്ങോട്ടുമിങ്ങോട്ടും  അടിച്ചു.. ഞാനവളെ ഇത്താന്നു വിളിച്ചില്ല ..ജാസെന്നും.. പെണ്ണേന്നും വിളിച്ചു.. ഞാൻ വെറും കുഞ്ഞായിരുന്നപ്പോൾ അതായത് എഴുത്തും വായനയും പഠിക്കും മുമ്പെ അവളെ ചീത്ത വിളിച്ചിരുന്നു .. എന്ന് ഉമ്മ ഇപ്പോഴും പറയുമ്പോൾ എനിക്കതിശയം തോന്നാറുണ്ട്.. അവളെനിക്ക് ചെറുത് തന്ന് വലുത് വാങ്ങുകയും നാണമില്ലാതെ മോങ്ങുകയും ഉമ്മാടെ അടിയെല്ലാം വെറുതെ ഞാൻ വാങ്ങിക്കൂട്ടുകയും ചെയ്തു...
   ഡി.ബി യു.പി.എ സിൽ.. അന്ന് എച്ച്.എം.. ഞങ്ങൾ 'വല്യ സാർ' എന്നു വിളിക്കുന്ന രാധാമണി ടീച്ചറായിരുന്നു.. മുറുക്കാൻ  മുറുക്കി ക്ലാസിൽ വന്നിരുന്ന വല്യ സാറിനെ എല്ലാവർക്കും പേടിയായിരുന്നു.. എന്നാൽ വല്യസാറിന് എന്നോടും ജാസിനോടും പ്രത്യേക ഇഷ്ടമായിരുന്നു.. എച്ച്.എം ന് മാത്രമല്ല എല്ലാ ടീച്ചേഴ്സിനും ഞങ്ങളെ ഇഷ്ടമായിരുന്നു.. വർഷത്തിൽ ഒരു തവണ മുസ്ലീം സ്കോളർഷിപ്പ് വാങ്ങാൻ ഉമ്മ സ്കൂളിൽ വരികയും കിട്ടുന്ന കാശിന് സാറൻമാർക്കെല്ലാം ചായ വാങ്ങിക്കൊടുക്കുകയും "എന്റെ മക്കളെ നല്ലോണം നോക്കണേ :"ന്ന് അപേക്ഷിക്കുകയും ചെയ്‌തു.. എന്തായാലും..സാറൻമാരെല്ലാം.. വല്യ സാറും.. ഡസ്കിന്റെ മുകളിൽ കേറിയിരുന്ന് ഇംഗ്ലീഷ് പഠിപ്പിച്ച ശാലിനി ടീച്ചറും മലയാളം സെക്കന്റ് പഠിപ്പിച്ച ഈർക്കിൽ പോലെ മെലിഞ്ഞ സംസ്കൃതം ടീച്ചറും മലയാളമെടുത്ത ഉണ്ണിത്താൻ സാറും ഞങ്ങളെ നന്നായി നോക്കി..
   ഡി.ബിയിലെ എന്റെ അഞ്ചാം ക്ലാസിന്റെ ഭിത്തിയിൽ ആരോ വരച്ചിട്ട ഇണക്കിളികളുടെ .. തത്തകളുടെ പടമുണ്ടായിരുന്നു.. അതു വെറുതെ നോക്കിയിരിക്കാനിഷ്ടമായിരുന്നു.. അഞ്ചിലെ ആദ്യ ദിനങ്ങൾ മുൻബഞ്ചുകൾ മിടുക്കികളെല്ലാം കയ്യേറിയതിനാൽ പിൻബഞ്ചിൽ മൂലയ്ക്കൊതുങ്ങിയ എനിക്ക് ബോർഡിൽ എഴുതുന്നത് കാണാനായില്ല.. ഒന്നാം ബഞ്ചിലിരുന്ന പൊക്കക്കാരിയോട് എന്നെയും കൂടി അവിടിരുത്താൻ കെഞ്ചിയപ്പോൾ കണക്ക് കാണിച്ചു കൊടുക്കാമെങ്കിൽ ഇരുത്താമെന്നായി.. മനസില്ലാ മനസോടെ അത് സമ്മതിച്ച് ഒന്നാം ബഞ്ചിൽ ഇരിപ്പ് തുടങ്ങിയെങ്കിലും പിന്നീട് ക്ലാസ് ടീച്ചർ പൊക്കമനുസരിച്ച് ഇരുത്തിയപ്പോൾ ഒന്നാം ബഞ്ചിൽ ഒന്നാമത് ഞാനും തൊട്ടടുത്ത് ബിന്ദുവുമായി.. ക്ലെമന്റ്.ഇ.മൈക്കിൾ എന്തൊരു തടിയൻ ചെക്കനും നസീർ എന്നൊരു ഇത്തിരി കുഞ്ഞനുമായിരുന്നു.. ആൺകുട്ടികളിൽ എന്റെ ശ്രദ്ധ പതിഞ്ഞ രണ്ടു പേർ..
                        ഡി.ബി യിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി സ്റ്റേജിൽ കയറുന്നത്.. അതും ഉപജില്ലാ മത്സരത്തിന് ..ഇംഗ്ലീഷ് പദ്യപാരായണവും ദേശീയ ഗാനവുമായിരുന്നു മത്സരയിനങ്ങൾ.. ട്വൻറ്റി ഫ്രോഗീസ് വെൻറു സ്കൂൾ എന്ന ഇംഗ്ലീഷ് പദ്യം നന്നായി ചൊല്ലിയെങ്കിലും ആമുഖം അല്പമൊന്നിടറിയതിനാൽ സമ്മാനമൊന്നും കിട്ടിയില്ലയെങ്കിലും പ്രത്യേക ജൂറി പരാമർശമുണ്ടായതിൽ സംതൃപ്തയായി ഞാൻ മടങ്ങി.. ദേശീയഗാനം സംഘമായിട്ടായതിനാൽ സമ്മാനം കിട്ടിയോയെന്നോർക്കുന്നുമില്ല.. സമ്മാനം കിട്ടിയില്ലെങ്കിലും വാഴയിലയിൽ പൊതിഞ്ഞ ചോറൊക്കെയായി ഒരു ഉല്ലാസയാത്ര പോലെ കുറച്ചകലേയ്ക്ക് സ്കൂളിൽ നിന്ന് കൂട്ടുകാരുമായുള്ള കന്നിയാത്ര നന്നായി ആസ്വദിച്ചു.. അടുത്ത ഡിവിഷനിലെ നൗഷാദിന് അറബി മത്സരയിനങ്ങളിൽ സമ്മാനം ലഭിച്ചതിനാൽ നൗഷാദ് സ്റ്റാറായി..
       ഇലക്ഷനില്ലാതെ ..ക്ലാസ് ടീച്ചർക്ക് ഇഷ്ടമുള്ളവരെ ..ക്ലാസ് ലീഡറാക്കുകയായിരുന്നു അന്നത്തെ ഡി .ബിപതിവ്.. അവിടെ പഠിച്ച മൂന്നു വർഷങ്ങളിലും ക്ലാസ് ലീഡർ പദവി ലഭിച്ചത് എന്റെ ആത്മവിശ്വാസം ആകാശത്തോളമുയർത്തി..  സംസാരിക്കുന്നവരുടെ പേരെഴുതി വല്യ സാറിനെ കാണിച്ച് അടി വാങ്ങിച്ച് കൊടുപ്പിച്ചും.. ക്ലാസിൽ വരാൻ മറന്ന് സ്റ്റാഫ് റൂമിലിരിക്കുന്ന സാറൻമാരെ പോയി വിളിച്ചും.. ചോക്കെടുക്കാൻ ഓടുമ്പോൾ മറ്റ് ക്ലാസുകളിലേക്ക് ഒളിഞ്ഞ് നോക്കി.. 'കണ്ടോ.. ഞാനെത്ര വല്യ ആളാ..'ന്ന് ഉച്ചത്തിൽ മനസിൽ പറഞ്ഞും.. ക്ലാസിലും സ്കൂളിലും നിറഞ്ഞു നിന്ന മൂന്നു വർഷങ്ങൾ.. അസംബ്ലിയിൽ ഈശ്വരപ്രാർഥന പാടി.. പ്രതിജ്ഞ പതിവായി ചൊല്ലിക്കൊടുത്തു.. വർഷങ്ങൾ ഒരു പാട് കഴിഞ്ഞിട്ടും .. അവിടം വിട്ടിട്ട് കാലമേറെയായിട്ടും.. ഇന്നും വല്യസാറിന്റെ ഓർമ്മയിൽ ഞങ്ങൾ ഉണ്ടെന്ന് ...അഞ്ചു വർഷം മുമ്പൊരു യാത്രയിൽ.. ടീച്ചറിന്റെ വീട്ടിൽ അപ്രതീക്ഷിതമായി ചെന്നു കയറിപ്പോഴാണ് തിരിച്ചറിഞ്ഞത്.. ആ തിരിച്ചറിവ് നൽകിയ സന്തോഷം എത്ര വലുതാണെന്നോ..!!
       അഞ്ചാം ക്ലാസ്സിൽ നിന്ന് ഞാൻ ആറിലേക്ക് കയറി.. ജാസ് ഏഴിലേക്കും.. ഞങ്ങൾ ചേരപിള്ളയെന്നു വിളിച്ചിരുന്ന ശേഖരപിള്ള സാറിന്റെ മകൾ റാണിച്ചേച്ചി വായിച്ച് കളയാൻ വച്ചിരുന്ന പൂമ്പാറ്റയും ബാലരമയും ബാലമംഗളവും ഞങ്ങൾ ശേഖരിച്ച് വച്ച് വായിക്കുമായിരുന്നു.. മായാവിയും കപീഷും ഡിങ്കനും നിറഞ്ഞ പതിനൊന്നുവയസുകാരിയുടെ സ്വപ്നങ്ങൾ ഭ്രമ കല്പനകളുടെതായിരുന്നു... മായാവിക്കൊപ്പം കുന്തത്തിൽ കയറി രാജുവിനൊപ്പം കറങ്ങി നടന്ന അരപ്പാവാടയുടുത്ത രാധയുടെ സ്വപ്നങ്ങളിലേക്ക് ഒരു കൊച്ചു നിക്കറുമിട്ട് പത്തു വയസിൽ .. അതിലേറെ പ്രായമുള്ള കൂർത്ത നോട്ടവും.. എന്റെമേൽ ഞാൻ പോലുമറിയാതെ അധികാരം സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയുമായി ഒരഞ്ചാംക്ലാസ്സുകാരൻ കടന്നു വന്നു.. അവനെ കണ്ട ശേഷം മായാവിക്കൊപ്പമുള്ള സ്വപ്ന യാത്രകളിൽ അവനുമെനിക്കൊപ്പം ചേർന്നു.. അതായിരുന്നോ.. ആദ്യ പ്രണയം... ??അത് പ്രണയമായിരുന്നുവെന്ന് ഞാൻ തിരിച്ചറിയാൻ പിന്നെയും വർഷങ്ങളേറെയെടുത്തു...
                     ആറാം ക്ലാസ്സുകാരിയായ എന്നോട് വെറുമൊരു പീക്കിരി അഞ്ചാം ക്ലാസ്സുകാരൻ വെറുതെ എന്തിനൊക്കെയോ കലഹിച്ചു.. കലഹിക്കുമ്പോൾ മാത്രമല്ല ..ഞാൻ നോക്കുമ്പോഴെല്ലാം അവന്റെ അതിതീക്ഷ്ണമായ പത്തു വയസ്സു നോട്ടങ്ങൾ എന്റെ മുഖത്തേക്ക് മാത്രമായിരുന്നു.. ആദ്യമൊക്കെ അരോചകമായി തോന്നിയതിനാൽ മനപ്പൂർവ്വം തേച്ചുരച്ച് മൂർച്ച വരുത്തിയ നോട്ടങ്ങളാൽ ഞാനവയെ തടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.. രാവിലെയും വൈകിട്ടുമുള്ള ഇടവേളകളിൽ വെള്ളം കുടിയ്ക്കാനായി ഞങ്ങൾ സ്കൂളിന്  മുകളിലുള്ള വീട്ടിലായിരുന്നു പോയിരുന്നത് .. ആ വീട്ടുകാർ ഞങ്ങൾ കുട്ടികൾക്കായി മൺകലം നിറയെ വെള്ളമെടുത്ത് തിണ്ണയിൽ വക്കുമായിരുന്നു.. ബെല്ലടിച്ചാലുടൻ ജെറ്റ് പോലെ അവൻ പായുകയും വെള്ളം കുടിച്ചിട്ട് ഗ്ലാസ് എനിക്കായി നീട്ടുകയും ചെയ്തു.. അപ്പോഴൊന്നും ഒരു സൗഹൃദച്ചിരി അവന്റെ മുഖത്തെങ്ങും വിരിഞ്ഞില്ലെന്ന് മാത്രമല്ല ..ഒരിക്കൽ അവനെന്നെ അധികാരത്തിൽ 'എടീ..'ന്നു വിളിക്കുകയും ചെയ്തു.. ആത്മാഭിമാനത്തിനു മുറിവേറ്റ ഞാൻ "പോടാ.. പോയി നിന്റെ കെട്ട്യോളെ വിളിക്കെ... "ന്ന് പൊട്ടിത്തെറിച്ചപ്പോൾ യാതൊരു കൂസലുമില്ലാതെ അരനിക്കറിട്ട ഇത്തിരിക്കുഞ്ഞൻ ദേവാസുരത്തിലെ മോഹൻലാലിനെ പോലെ എന്റെ മുഖത്ത് നോക്കി "നീയാ.. ന്റെ കെട്ട്യോള് .. " ന്ന് വളരെ ലാഘവത്തോടെ പറഞ്ഞ് നടന്നു പോയി... ഇദെപ്പോ... ഞാനിവന്റെ കെട്ട്യോളായതെന്നോർത്ത് .. ഞാൻ അന്തം വിട്ട് വായ പൊളിച്ചെങ്കിലും അവന് മുന്നിൽ തലകുനിക്കാൻ എന്നിലെ എന്നെ ഞാൻ അനുവദിച്ചില്ല.. ഞാൻ ഏഴാം ക്ലാസ്സു കഴിഞ്ഞ് ഡി.ബി വിട്ട് എം.എം എച്ച്.എസിലേക്ക് പോകും വരെ നിർവചിയ്ക്കാനാവാത്ത ചില  നോട്ടങ്ങളിലൂടെ ഞങ്ങൾ കടന്നുപോയി..അവൻ ഏഴിലേക്ക് കയറിയപ്പോൾ ഞാൻ ഡി.ബി വിട്ട് എം.എം. എച്ച്.എസി ലേക്ക് പോയി.. ഞാനും ജാസും  മന്നത്തിലേക്ക്  പോകുമ്പോൾ പലവട്ടം അനുജനുമായി വരുന്ന അവനെ കണ്ടെങ്കിലും ഒരു പരിചയവും കാണിക്കാതെ ഞങ്ങൾ വിപരീത ദിശകളിലേക്ക് നടന്നു പോയി.. പിറ്റെ വർഷം അവനും മന്നം സ്കൂളിലേക്ക് എത്തിയെങ്കിലും മന്നത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ്സുകളായതിനാലും അവയ്ക്കിടയിൽ അകലമുണ്ടായതിനാലും ഡി.ബിയിലെ പോലെ സമീപത്തായിരുന്നില്ലെങ്കിലും അവനവിടെയുണ്ടെന്ന് എനിയ്ക്കുറപ്പിക്കാനായി... ചില മിന്നൽക്കാഴ്ചകളിലൂടെ...
         ഇക്കാലത്തിനിടയിൽതന്നെ അധികമകലമില്ലാത്തൊരു ബന്ധുത്വം ഞങ്ങൾക്കിടയിലുണ്ടായെങ്കിലും..മുതിർന്നവർ തമ്മിലുള്ള അകൽച്ച കാരണം .. തമ്മിൽ എത്രയോ വട്ടം കാണാമായിരുന്ന.. വളരെ നല്ല സുഹൃത്തുക്കളെങ്കിലുമാകാമായിരുന്ന.. അവസരങ്ങളൊക്കെ ഇല്ലാതായി.. കാഴ്ചയ്ക്കും കേഴ്‌വിയ്ക്കുമൊക്കെ അപ്പുറം അവനുണ്ട്.. അവിവാഹിതനായിത്തന്നെ...
********************

പൂരക്കാലം
ശ്രീല അനിൽ
പൂരമാണുള്ളിൽ പോയ കാലത്തിൻ
ഓർമ്മകൾ മേളം തീർക്കും,,, ഉത്സവാഘോഷക്കാലം,,,,
ഉയരും കൊടിക്കൂറ ഇപ്പോഴും പാറുന്നുള്ളിൽ,,,

ഉരുക്കും ഗ്രീഷ്മച്ചൂടിൽ
ആന തൻ പുറത്തേറി
അണയും ഓരോ വീടും ,,,,
കാലത്തിനൊപ്പം ദേവി,,,,
ഐശ്വര്യം ചൊരിയുന്നു,,,,,,,

പറയിൽ ഐശ്വര്യത്തിൻ
നെന്മണി
നിറയുമ്പോൾ,,,
മനസ്സിൽ പൂരത്തിന്റെ ഉത്സവം
കൊഴുക്കുന്നു,,,,,,

നഷ്ടമാണിന്നീ പൂരം,,,
തുടങ്ങാറായീമേളം,,,,
ഉത്സവപ്പറമ്പിലേയ്ക്കോടുന്നു,,,
പഴയ പൂരകാലം.,,,,
കൈകളിൽ വളകളായ് കിലുങ്ങും,,, ചന്തം തീർക്കും ,,,,
മനവും മെയ്യും ഒരു പോൽ പുതുമോടികൾ
അണിയും പൂരക്കാലം,,,,
ജീവിതം ബാല്യത്തിനായ് ,,,,
കൗമാരകുറുമ്പിനായ്,,,
കാത്തു വച്ചിരുന്നതാണിത്തരം സൗഭാഗ്യത്തെ,,,

ഇന്നത്തെ രസങ്ങളിൽ,,,
ആനയില്ലമ്പാരിയില്ലാ,,,
ആരവങ്ങളില്ല,,,
മേളക്കൊഴുപ്പില്ല,,,,
ആകെയീ,,, തിരക്കിന്റെ മായിക ലോകം മാത്രം,,,,

എന്റെ ഓർമ്മകളിലിന്നും കൊട്ടി കയറുന്നു,,, മേളം,,,,,
ഗ്രാമത്തിൽ പകിട്ടേറും
കാവിലെ തിരുവുത്സവം,,,,,

********************


പെണ്ണില
അഷിബ ഗിരീഷ്
മണ്ണുമൂടിയ വേരുകൾക്കിടയിൽ
ഞരമ്പുകൾ മാത്രം ബാക്കിയാക്കി
ഒരു പെണ്ണില
ഓർമ്മകളുടെ അടുക്കളച്ചുവരുകൾക്കുള്ളിൽ
വെച്ചുവിളമ്പിയവൾ
തെളിനീരൊഴുക്കിയ ചെറുമഴയിൽ
നനഞ്ഞു കുളിർന്നും
തണുത്തു വീശിയ മന്ദമാരുതനാൽ
പുളകിതയായും
കൂമ്പിയടഞ്ഞും, നിറഞ്ഞു തളിർത്തും
ഒടുവിൽ മഞ്ഞച്ചും
ഉടലറ്റു വീണും മണ്ണാൽ പൊതിഞ്ഞും
ഓർമ്മകളിലമർന്നവൾ
ഒടുവിൽ
മഴക്കയ്യുകൾ മാന്തിയെടുത്ത്
ഞരമ്പുകളിൽ വർണ്ണം പുരട്ടി
ബന്ധങ്ങളുടെ 'സ്മൃതികൾ 'അലങ്കരിക്കുന്നു.

********************

പ്രണയം
ലാലു .കെ .ആർ

മഴനനഞ്ഞാണ്
അവളവനെ
കാണാൻ വന്നത് .

അവളെഴുതിക്കൊടുത്ത
പ്രണയലേഖനങ്ങൾ
തേടി വന്നതാണവൾ .

ഏതോ ടെലിവിഷൻ ചാനൽ
പ്രണയലേഖന
മത്സരം നടത്തുന്നത്രേ .

പൊതിഞ്ഞുവെച്ചതെല്ലാം
തിരികെ കൊടുക്കുമ്പോൾ
അവളവനും കൊടുത്തു
പ്രണയലേഖനങ്ങളുടെ
ഒരു പൊതിക്കെട്ട് .

മത്സരം കഴിഞ്ഞ് ,
ഒന്നാം സമ്മാനവും
പ്രശസ്തിപത്രവും
ഒരുമിച്ചുയർത്തിയിട്ട്,
വേദിയിൽ വെച്ചുതന്നെ
അവനവളെ
കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു.
പുളിച്ചുതികട്ടിവന്ന
കുറേയുമ്മകൾ
അവളവനുംകൊടു
ത്തു.

പിന്നെ നടന്ന
ചുംബന മത്സരത്തിലും
അവനുമവൾക്കും
ഒന്നാംസമ്മാനം കിട്ടി.

പട്ടിണി കൊണ്ട്
ആത്മഹത്യചെയ്തു പോയൊരു
വൃദ്ധന്റെ ജഡം
മോർച്ചറിയിലിപ്പോൾ
പോസ്റ്റ്മോർട്ടത്തിനായി
കിടത്തിയിട്ടുണ്ട്,
പ്രണയമെന്ന് പേരിട്ട്.

********************
അ.. ആ... രക്തങ്ങൾ
ശാന്തി പാട്ടത്തിൽ

വെട്ടിനുറുക്കിയ ശരീരങ്ങൾ
കെട്ടിപ്പൊതിഞ്ഞ്
കൊണ്ടുപോയത്
കൊട്ടാരത്തിലേക്കല്ല
കുടിലിലേക്കായിരുന്നു...!

സത്യമൊഴുകിയ
രണ്ടു ജോടി കണ്ണുകൾക്ക്
ജീവിത പ്രാരാബ്ധത്തിന്റെ
കാഴ്ച്ചക്കുറവുണ്ടായിരുന്നു

പച്ച ഞരമ്പുകാരെ
താങ്ങും തണലുമാകേണ്ട
തരുണരെ
തെക്കോട്ടെടുക്കുമ്പോൾ
ചില്ലുമേടയിലിരുന്ന്
ശരിതെറ്റുകൾ തിരഞ്ഞവർ
സകുടുംബ -വിദ്വാൻമാരായിരുന്നു

നായരുമല്ല നമ്പൂതിരിയുമല്ല
ക്രിസ്ത്യാനിയുമല്ല മുസ്ളീമുമല്ല
ആരാണിവർ?
ഈ പടു വിഡ്ഢികൾ?
മരണത്തോടെ
എല്ലാം അവസാനിക്കുമെന്ന്
കരുതുന്നവർ?
ഇവർക്കു വേണ്ടി
ഇനി കരയണോ?

നിങ്ങളുടെ കൈയ്യിലാകട്ടെ
പെണ്ണുങ്ങളേ
ലോക ഭരണം മുഴുവനും..
ആർത്തവ രക്തത്തിന്
ജൻമം നൽകാനേ അറിയൂ
എടുക്കാനറിയില്ല കട്ടായം.

********************
ഇനിയൊരു കഥയാകാം ..👇🏻

ഗുരുവും ശിഷ്യരും
അനീഷ് പുത്തൂര്
       ഞാന്‍  സേതു.പഴയ ബസ് സ്ററാന്‍റില്‍ എത്തിയപ്പോഴെക്കും ബസ് ചലിച്ചു തുടങ്ങിയിരുന്നു.എനിക്ക്  ആ ബസില്‍ തന്നെ കയറേണ്ടതുണ്ടായിരുന്നു.അതുകൊണ്ട് കുറുകെ ചെന്ന് വളരെ ധൃതിപ്പിടിച്ച് വണ്ടിക്കുള്ളില്‍ കയറിപ്പറ്റി.കിതപ്പുകളും സംഭ്രമങ്ങളും ഒതുങ്ങിയതിന് ശേഷം മുന്‍പില്‍ ഒഴിഞ്ഞ് കിടന്ന സീറ്റില്‍ വളരെ സംതൃപ്തിയോടെ കയറിയിരുന്നു.പുറത്ത് ഉച്ചസൂര്യന്‍ തിളങ്ങുന്നുണ്ടായിരുന്നു.അപ്പോഴാണ് ഒക്കത്ത് കൈകുഞ്ഞുമായി നില്ക്കുന്ന സ്ത്രീയെ കണ്ടതും സീറ്റൊഴിഞ്ഞ് കൊടുത്തതും.ഓട്ടോക്കാരന് കൊടുത്ത സംഖ്യ എത്രയാണെന്ന് പോലും ശ്രദ്ധിക്കാതെയാണ് രാഘവന്‍ മാഷ് ബൈപ്പാസില്‍ നിന്നും ബസില്‍ കയറിയത്.ഒരിരിപ്പിടം കിട്ടിയിരുന്നെങ്കിൽ...!രാഘവന്‍മാഷ് ചുറ്റും നോക്കി.ഒക്കെ പരിചിത മുഖങ്ങള്‍ തന്നെ.ഏതെക്ിലുംഒരു ക്ളാസില്‍  വച്ച് താന്‍  പഠിപ്പിക്കാത്ത മുഖങ്ങള്‍ വളരെ കുറവാണ്.കുറച്ച് നേരം  ഈ കമ്പിയില്‍ ഇങ്ങനെ തൂങ്ങിക്കിടന്നാല്‍ ഒരുപക്ഷെ വീണു പോകുമോ എന്ന് മാസ്റ്റര്‍ ഭയപ്പെട്ടു.അത്ര തിരക്കാണ് ബസ്സില്‍.തൊട്ടടുത്ത സീറ്റിലി രിക്കുന്നയാളെ മാസ്റ്റര്‍ ഒന്നു നോക്കി...പരിചിതമുള്ള മുഖം.ആറാം ക്ളാസില്‍  താന്‍ പഠിപ്പിച്ച സുകു.താന്‍  അയാളെ മറന്നു പോയിരിക്കുമെന്നാണ് അയാള്‍  കരുതിയത്.പക്ഷെ പഠിപ്പിച്ച വിദ്യാര്‍ത്ഥികളുടെ ഓരോ മുഖവും ഈ എഴുപതാം വയസ്സിലും മാസ്റ്ററുടെ മനസ്സിലുണ്ട്.എന്നാല്‍  അതെക്കുറിച്ചൊന്നും ഓര്‍ക്കുന്നത് മാസ്റ്റര്‍ക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല.ഇരിക്കാന്‍ അല്പം ഇടം കിട്ടിയിരുന്നെക്ില്‍ മാസ്റ്ററുടെ സ്വരം ദയനീയമായിരുന്നു.ആ ചോദ്യം തന്നോട് തന്നെയാണോ എന്ന ഭാവമായിരുന്നു സുകുവിന്.അയാള്‍  മുഖമുയര്‍ത്തി ഗൌരവത്തോടെ നോക്കി.വയസ്സ് കാലത്ത് ഓരോന്ന് വലിഞ്ഞ് കയറി വരും പെന്‍ഷനും വാങ്ങി വീട്ടിലിരുന്നാ പോരെ ഇവറ്റകള്‍ക്ക്...''ദാ ഇരുന്നാട്ടെ മാഷെ''അത് പറഞ്ഞ് അയാള്‍  കോപത്തോടെ എഴുന്നേറ്റു.മാസ്റ്റര്‍  അബരന്നു പോയി.''ഏയ് വേണ്ട....നിനക്ക് ഞാനൊരു മാഷായിരുന്നു എന്ന കാര്യമെങ്കിലും ഓര്‍മ്മയുണ്ടല്ലോ''അതിന് നന്ദി പറഞ്ഞ് മാസ്റ്റര്‍  പിന്നിലേക്ക് നീങ്ങി.
സുകു വീണ്ടും  തന്‍െറ സീറ്റില്‍  ഇരുന്നു.സാര്‍ഇവിടെ  ഇരിക്കുന്നുവോ...?ആ ചോദ്യം കേട്ട ദിക്കിലേക്ക് മാസ്റ്റര്‍  നോക്കി.താന്‍ ഏഴാം ക്ളാസില്‍  പഠിപ്പിച്ച സാജു.സാജു സീറ്റ് ഒഴിഞ്ഞ് തരുമെന്നാണ് മാസ്റ്റര്‍  കരുതിയത്.എന്നാല്‍  അതുണ്ടായില്ല.രണ്ടു പേര്‍ ഇരിക്കുന്ന സീറ്റില്‍ മൂന്ന്  പേര്‍ എന്ന സാജുവിന്‍െറ നിര്‍ദ്ദേശത്തോട് മാസ്റ്റര്‍ക്ക് യോജിക്കേണ്ടി വന്നു.സാജുവില്‍ നിന്ന് മാസ്റ്റര്‍  പ്രതീക്ഷിച്ചതിലും അധികമായിരുന്നു ഇത് തന്നെ.'എന്നെ ഓര്‍മ്മയുണ്ടല്ലേ'ഇരിക്കുന്നതിനിടയില്‍ മാസ്റ്റര്‍  ചോദിച്ചു.ഉണ്ട്...ഏഴാം ക്ളാസില് ഇംഗ്ളീഷ്  പഠിപ്പിച്ച  സാറല്ലേ....?'അന്ന് ഞാനും  സുഹൃത്തുക്കളുംഅടങ്ങുന്ന അഞ്ചംഗ സംഘം മാസ്റ്ററുടെ കണ്ണില്‍ കരടായിരുന്നുവല്ലേ'
അങ്ങനെ  പറയാതെ സാജു ,ഞങ്ങള്‍ അദ്ധ്യാപകര്‍ക്ക് എല്ലാ  വിദ്യാര്‍ത്ഥികളും നന്നാകണമെന്ന ആഗ്രഹമേ ഉണ്ടാവുകയുള്ളൂ.'
 എന്തോ ഞങ്ങള്‍ക്ക് അങ്ങിനെ തോന്നിയില്ല.ക്ളാസില്‍  ഒന്നാമനായിരുന്ന റെജിയോടായിരുന്നല്ലോ നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്നേഹം .നിങ്ങള്‍ക്ക് ഞങ്ങളെ കണ്ടുകൂടായിരുന്നുവല്ലോ.ആ വാക്കില്‍ അല്‍പ്പം കുറ്റപ്പെടുത്തല്‍ ഇല്ലേ...?
 അന്ന് അങ്ങിനെ പറ്റിപ്പോയി സാജു .
അന്ന് ക്യാരക്ടര്‍ എന്ന വാക്ക് ചാരക്ടര്‍ എന്ന് തെറ്റായി വായിച്ചതിനായിരുന്നു എന്നെ സാര്‍ ക്ളാസില്‍  നിന്നും പുറത്താക്കിയത്...മാഷ് ഓര്‍ക്കുന്നുണ്ടാവണം.

ഉണ്ട്''
അച്ഛനെ കൂട്ടികൊണ്ടു വന്നാല്‍ ക്ളാസില്‍  കയറ്റാനായിരുന്നു സാര്‍ പറഞ്ഞത്.
പക്ഷെ  നീ പിന്നെ  വന്നില്ലല്ലോ...?
അതില്‍ പിന്നെ  ദാ...ഇപ്പോഴല്ലേ കാണുന്നത്.'....ശരിയാണ് '
   ആ,മാഷ്ക്ക് എത്ര പെന്‍ഷനുണ്ട് ?
രണ്ടായിരത്തി അഞ്ഞൂറ് രൂപ.
ഛെ...ഇതൊക്കെ പുറത്ത് പറയാതിരുന്നു കൂടെ സാര്‍ ....സാജുവിന്‍െറ പരിഹാസം മാഷ് കേട്ടില്ലെന്ന് നടിച്ചു.'എന്‍െറ ശബളം എന്തെന്ന് അറിയുമോ സാറെ,ഇവിടുത്തെ അബതിനായിരംരൂപയോളം വരും.അങ്ങ് ദുബായിലാണ്.ഓ ദുബായിലാണോ....?മാസ്റ്റര്‍  താത്പര്യമില്ലാത്തമട്ടില്‍ ചോദിച്ചു.തന്നെ പരിഹസിക്കാനാണോ ഇയാള്‍ ഇവിടെ  വിളിച്ചിരുത്തിയത്.പക്ഷെ  അരമണിക്കൂര്‍ കൂടി സഹിക്കുക തന്നെ.അടുത്ത സ്റ്റോപ്പില്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ രണ്ട് മൂന്ന്  പേര്‍ സീറ്റില്‍  നിന്നും എഴുന്നേറ്റ് പോയി.മാഷ് പെട്ടെന്ന് ഒരു സീറ്റിലേക്ക് കുതിച്ചു.മാഷ് തട്ടി തെന്നി വീണു.വീഴ്ചയില്‍ നിന്നും മാസ്റ്റര്‍ക്ക് പെട്ടെന്ന് എഴുന്നേല്ക്കാന്‍ സാധിച്ചില്ല .സാജു ഒന്ന് പിടിച്ചിരുന്നെക്ില്‍  എന്നയാള്‍ ആശിച്ചു.അപ്പോള്‍ സാജുവാകട്ടെ മാഷ് സീറ്റ് മാറിക്കിട്ടിയ സന്തോഷത്തിലായിരുന്നു.പരിചിതമല്ലാത്ത മുഖങ്ങള്‍ മാഷെ പിടിച്ചെഴുന്നേല്പിക്കാന്‍ ശ്രമിച്ചു.അതിനിടയിലാണ് സേതുവോടി വന്നതും മാഷെ പിടിച്ചെഴുന്നേല്പിച്ചതും.എഴുന്നേല്ക്കുന്നതിനിടയില്‍ മാഷ് തന്നെ തള്ളിയിട്ട മനുഷ്യന്‍െറ നേര്‍ക്കൊന്ന് നോക്കി.'റെജി' പഴയ തന്‍െറ വാത്സല്യ ശിഷ്യന്‍..ആ  മുഖത്ത് അല്‍പ്പം കുറ്റബോധം മാഷ് പ്രതീക്ഷിച്ചെക്ിലും നിരാശനാകേണ്ടി വന്നു.സേതുവും റെജിയും ഒരു ക്ളാസില്‍  പഠിച്ചവരായിരുന്നു.അന്ന് പഠനത്തില്‍ മുന്‍പില്‍ നിന്ന റെജിയെ സ്നേഹിക്കുകയും സേതുവിനെ എന്നുംകുറ്റപ്പെടുത്തുകയാണുണ്ടായത്.മാഷിന് മനസ്സില്‍ ചെറിയൊരു കുറ്റബോധം തോന്നിത്തുടങ്ങി.
 മാഷേ ഇവിടെ  ഇരിക്കുന്നോ....?പരിഹാസച്ചുവയുള്ള വാക്കുകള്‍ പിന്നെയും പല ദിക്കില്‍ നിന്നും കേള്‍ക്കുന്നു.''ഇല്ല '' എന്ന് ഉറച്ച ശബ്ദത്തില്‍ പറഞ്ഞ് മാഷ് സകല  ശക്തിയും സംഭരിച്ച് കമ്പിയില്‍ തന്നെ തൂങ്ങി നിന്നു.ഒരു താങ്ങായി അപ്പോഴും മാഷിനരികില്‍ സേതുവുണ്ടായിരുന്നു.

********************

ഗസൽ
സുനിത ഗണേഷ്

നീയറിയുന്നുവെൻ
മൗനം പോലും
ദുഃഖ സാന്ദ്രമാം ഹൃദയത്തിൻ
തുടിപ്പു പോലും...
അറിയാതെ പോകില്ലെൻ
കവിത പോലും
അകതാരിൽ വിങ്ങുന്ന
നൊമ്പരങ്ങൾ...
അകലെയാണെങ്കിലും
അരികിലെന്ന പോലെ...
തിരപോൽ തലോടും
നിന്നോർമകളിൽ....
ഏകയാണെങ്കിലും
ഗൂഢസ്മിതമോടെ ഞാൻ
ഇരുളിൽ വരയ്ക്കുന്നു
നിൻ ചിത്രങ്ങളിന്നും...
പ്രിയനേ നീയിന്നു വീണ്ടും
ജനിക്കയെങ്കിൽ...
എൻ ചിത്രങ്ങളിൽ
വർണ്ണങ്ങൾ ചാർത്തിയെങ്കിൽ...
ഇന്നീ രാവിന്നിരുളും
നിറമണിയും പോലെ...
വാനിലമ്പിളി പിന്നെയും
തെളിയും പോലെ...
ഞാൻ പിന്നെയും
പിന്നെയും
പൂത്തു വിടരുമ്പോലെ...
പ്രിയനേ, നീയറിയുന്നുവെൻ
മൗനം പോലും...
ദുഃഖസാന്ദ്രമാമേകാകിതൻ
വിങ്ങൽ പോലും....

********************
ഇനി ഒരു അനുഭവക്കുറിപ്പാകാം....👇🏻

പെയ്തൊഴിയാതെ.
ബുഷ്റ
ആർത്തലച്ചു പെയ്യുന്ന മഴ, അതിന്റെ തണുപ്പ്, അതിന്റെ നൂൽ വിരലുകൾ. മെയ് മാസ സന്ധ്യകളിലെ പെയ്യാൻ മടിച്ചോടിപ്പോകുന്ന മഴമേഘങ്ങൾക്കറിയില്ല. ഊഷരത വിട്ടകന്ന കാറ്റിന്റെ തളർച്ചയും ക്ഷീണവും! നനയാൻ കൊതിച്ചു കൊതിച്ച് കരിഞ്ഞു പോയ  മോഹങ്ങളെ മാറോടടുക്കി നെടുവീർപ്പിടുന്ന
മണ്ണിൻ നെഞ്ചിലെ പിടച്ചിൽ!

മഴയെപ്പോഴും വേനലിന്റെ  വറുതിയും ദാഹവും തളർച്ചയും കടന്ന് ജൂണിന്റെ സ്കൂൾതുറപ്പുത്സവത്തിലേയ്ക്കേ  പെയ്തിറങ്ങൂ. വരണ്ടുണങ്ങി വിണ്ടുകീറിക്കറുത്ത  തോട്ടുവക്കത്തും,
ചളികുഴയുന്ന കുളക്കടവിലും പൊൻമകൾ മുട്ടയിടാൻ കാലമായെത്തുന്നതും അപ്പോൾ തന്നെ. അതു കാണുമ്പോഴെല്ലാം ഇത്താത്ത അർത്ഥം വച്ചൊന്നിരുത്തി മൂളും. ചിലപ്പോൾ പറയുകയും ചെയ്യും" അധികം ബുദ്ധിയുള്ള പൊന്മ വെള്ളത്തിലേ മുട്ടയിടൂ".

കർക്കിടകത്തിലെ പെയ്ത്താണു പെയ്ത്ത്. നിർത്താതെ മുടിയഴിച്ചിട്ടാടു ന്നവൾ. വെള്ളം വെള്ളം മാത്രം. തോടു നിറഞ്ഞ്, പാടങ്ങളെല്ലാം നിറഞ്ഞ്  പുഴയാണു താനെന്നാർത്തൊഴുകുന്ന നാട്. അങ്ങനെയൊഴുകുമ്പോഴെല്ലാം പള്ളിപ്പടിയിലെപാലത്തിന്നു മുകളിൽ നിന്നും താഴോട്ടു നോക്കി നിൽക്കുന്ന കർഷകക്കുട്ടികളുടെ കവിളുകൾ ചാലിട്ടൊഴുകും . നട്ട ഞാറുകളെല്ലാം തോട്ടിലൂടെ താറാക്കുഞ്ഞുങ്ങൾ നീന്തിപ്പോകും പോലെ ഇടയ്ക്കൊന്നു തലകുത്തി മറിഞ്ഞ് ഒഴുകിപ്പോകും.മഴ കുറഞ്ഞാൽ മഞ്ഞച്ച് ബലം പോയ കുറേ നെൽച്ചെടികൾ ചാഞ്ഞും ചെരിഞ്ഞും നിൽക്കുന്നതു കാണാം.  കണ്ടാൽ തോന്നുക ചൊറി പിടിച്ച് അൽക്കുൽത്തായ കുട്ടികളുടെ മൊട്ടത്തലകളാണെന്നാണ്. ചളി വന്നു നിറഞ്ഞ്  വികൃതമായ പാടങ്ങളിൽ കൈകോട്ടു കൊണ്ടു മാന്ത്രിക വിദ്യ തീർക്കാനപ്പോഴേയ്ക്കും കർഷകരെത്തും.

കർക്കിടകം കടന്നു പോകുമ്പോൾ മാനം തെളിയാൻ തുടങ്ങുകയായി. പിന്നെ ഒന്നിടവിട്ട ദിവസങ്ങളിലേക്ക് തുറിച്ച് നോക്കാനെത്തുന്ന സൂര്യന് നെല്ലും അരിയും. തുണിയും നേദിച്ച് കാൽ കുഴഞ്ഞ് കൈ കുഴഞ്ഞു കിതയ്ക്കുന്ന അമ്മമാരുടെ തീരാ കാഴ്ചകൾ, അല്പനേരത്തിനുള്ളിൽ ആർത്തലച്ചു വരുന്ന പേമാരിയെ പേടിച്ച് തുണിയും വിറകും നെല്ലുമെല്ലാമായി  അകത്തേക്കു തന്നെയോടുന്ന അമ്മമാരായും ചേച്ചിമാരായും മാറും.

അന്ന് ഇന്നത്തെപ്പോലെ  വ്യാപകമായി ഉരുൾപൊട്ടലൊന്നുമില്ല. സ്കൂളിന് അവധിയുമില്ല. ആർത്തലച്ചു പെയ്യുന്ന മഴയിലേയ്ക്ക് സ്ലേറ്റും പുസ്തകവും മാറത്തടുക്കിപ്പിടിച്ച്, 'കുട നന്നാക്കാനുണ്ടോ കുട നന്നാക്കാനുണ്ടോ'ന്നുറക്കെ പാടി വരുന്ന വൃദ്ധർ നന്നാക്കിത്തരുന്ന കുടയിൽ, ചിലപ്പോൾ അവരിൽ നിന്നും വാങ്ങിച്ചെടുക്കുന്ന ഓട്ടക്കുടയിൽ അങ്ങനെ ഏതെങ്കിലുമൊക്കെ കുടയിലൊക്കെ പോവുക തന്നെ വേണം. ചിലപ്പോൾ രണ്ടും മൂന്നും പേരുണ്ടാകും ഒരു കുടയിൽ. ഓലക്കുടയും തൊപ്പിക്കുടയും മൊക്കെ ഇടയ്ക്കലങ്കാരത്തിനുണ്ടാകും. നനഞ്ഞൊട്ടിവയറൊട്ടി ഒരു പ്രാന്തൻ പോക്ക്.ആരും മോശമാവാറില്ല, നനയുന്ന കാര്യത്തിലും വിശപ്പിന്റെ കാര്യത്തിലും. തലേന്നെഴുതി വച്ച പാഠങ്ങളെല്ലാം മാഞ്ഞു പോയ സ്ളേറ്റാണ് പുസ്തകങ്ങളുടെ രക്ഷകൻ.സ്കൂളെത്തിയാൽ എല്ലാവരും വരാന്തയിൽ നിരനിരയായി നിന്ന് പച്ചപ്പാവാട പിഴിയും. അതിന്നടിയിലെ ഷെമ്മീസും പിഴിയും. ആകെ നനഞ്ഞു പോയതിലുള്ള മ്ലാനതയ്ക്കിടയ്ക്ക് അയിലാണ്ഡമണ്ഡലം പാടാൻ കുട്ടികളോടുന്നുണ്ടാവും. വെയിലു വരണേ വെയിലു വരണേന്ന് പ്രാർത്ഥിച്ചു കൊണ്ട് ക്ലാസിൽ കടന്നു നില്ക്കണം പിന്നെ. നനഞ്ഞവർക്ക് ക്ലാസിൽ നില്ക്കാൻ അവകാശമുണ്ടായിരുന്നു. പൊടയണ്ണിയിലവിരിച്ചിരിക്കാനും .ബാക്കിയുള്ളവർക്ക് കുറച്ചൊക്കെ നിന്ന് കാൽ കടഞ്ഞാലിരിക്കാം വെറും ബഞ്ചിലുമിരിക്കാം. അങ്ങനെയാണ് ബഞ്ചെല്ലാം വൃത്തി വയ്ക്കുന്നത്. ഇന്റർവെല്ലിനേങ്കിലും വെയിലു വരണേന്നൊരൊറ്റ പ്രാർത്ഥന മാത്രം അപ്പോൾ അതിനിടയിൽ പാഠം പഠിപ്പിക്കലും വായനയും കേട്ടെഴുത്തും ചോദ്യം ചോദിക്കലും അടിയും പിച്ചുമൊക്കെ മുറയ്ക്കു നടക്കും. ചിലർ പേടിച്ച് മൂത്രമൊഴിക്കും.ചിലർക്ക് തണുത്തിട്ടു വിറ വരും. ലാസിലെ തടിച്ചിക്കുട്ടിയായ എനിക്കീ വകയൊന്നുമില്ലായിരുന്നു. നനയാൻമുടിയില്ല. പാവാടയ്ക്ക് നീളവുമില്ല. ഒരൊഴുക്കനുടുപ്പാണെപ്പോഴും. മുടി ക്രോപ്പ് ചെയ്ത് മൊട്ടത്തലച്ചി എന്ന നാമം പേറുന്നവൾ. തണുത്തു വിറയ്ക്കുന്നവർ എന്നെ വന്നുകെട്ടിപ്പിടിക്കും. അതെന്തിനാണെന്നും അന്നറിയില്ലായിരുന്നു.

മഴയും കാറ്റും തുടങ്ങിയാൽ രവിയും അനന്തനാരായണനുമൊന്നും ക്ലാസ്സിലെത്താറില്ല.അനന്തനാരായണന്റെ അച്ഛൻ തെങ്ങുകയറ്റക്കാരൻ പങ്കിയാണ്.മഴ പിടിച്ചാൽ പിന്നെ പണിയില്ലാതെ വരും. വീട്ടിലെന്നും പട്ടിണിയായതിനാലാവാം അവനാകെ ചെറുവിരലോളമേയുള്ളൂ എന്നാണെല്ലാരും പറയുക. വെയിലു മൂക്കുമ്പോഴെല്ലാം വലിയ ഗമയാണ് പങ്കിക്കെങ്കിലും, മഴക്കാലത്തെ വറുതി താങ്ങാനാവാതെ കരയും.ഉമ്മ പണവും അരിയും നല്കി സഹായിക്കും.'കുട്ട്യോളെ നോക്ക് ടാ, കള്ള് കുടിക്കല്ലെടാ' ന്നൊക്കെ വായ്ത്താരി ണ്ടാവും. അതിനൊക്കെ പണം കൈവരുമ്പോൾ ലക്കുകെട്ട് ഞങ്ങടെ ഉമ്മറത്തു വന്ന് ഭരതനാട്യം പിന്നീട്ണ്ടാവും.ഉമ്മാക്ക് വല്യാപ്പാടെ തുറിച്ചു നോട്ടവും താക്കീതും ലഭിച്ചു കഴിഞ്ഞാൽ രംഗം ശാന്തമാവുകയും ചെയ്യും.

 രവി നല്ല ആരോഗ്യവും പ്രസരിപ്പുമുള്ള കുട്ടിയാണ്. അകമല ഭാഗത്തുനിന്നാണ് വരാറ്. മടിയാണത്രേ അവന്റെ പ്രശ്നം. എന്താ മടീന്നും അന്നെനിക്ക് ശരിക്കറിയില്ല. സ്കൂളിൽ വരാതിരിക്കലാകാം 'മടി' എന്നാണന്നത്തെ നിഗമനം. ഒന്നാം ക്ലാസിലിതെല്ലാം പതിവായി സംഭവിക്കുന്നുണ്ട്. ഞാനും ലീലാമ്മയുമാണ് എന്നും വരുന്നവർ.റസിയയുമുണ്ടാകും. പഠിക്കാൻ രവി ഞങ്ങൾക്കു പിറകിലാണ്. ബാക്കിയുള്ളവരുടെ കഥ പറയുകയേ വേണ്ട. "നോക്കിയെഴുതാനുമറിയാത്തവഹകൾ".ലക്ഷ്മിക്കുട്ടി ടീച്ചർ പഠിച്ച പണി പതിനെട്ടും നോക്കും- അവരെയൊന്നെഴുതിക്കാൻ.അത് ടീച്ചറെപ്പോഴും പറയുകയും ചെയ്യും. രവിക്ക് ചുവന്ന സോക്സും ഷൂസുമുള്ളതിനാൽ ഞങ്ങൾക്കെല്ലാം അവനോടസൂയയാണ്.ലീലാമ്മയ്ക്കും റസിയയ്ക്കും ചെരിപ്പുണ്ട്.ലീലാമ്മയ്ക്കും ഷൂസുണ്ടത്രേ. അമ്മച്ചി പള്ളിയിൽ പോകുമ്പോൾ മാത്രമേ ഇടാൻ കൊടുക്കൂ. എനിക്കീ വകയൊന്നുമില്ലെ ങ്കിലും എല്ലാവർക്കും എന്നെ ഇഷ്ടമാണ് എന്നാണെന്റെ തോന്നൽ. "അത് കേട്ടെഴുത്തിന്  കാണിച്ചു കൊടുക്കുന്ന തോണ്ടാ" റസിയ കുശുമ്പു പറയും. അവൾക്ക് തട്ടുമ്പുറമുള്ള വലിയ വീടുണ്ട്.പിന്നെ ചുരുണ്ട മുടിയും വെളുത്ത നിറവുമുണ്ട്.

രവിക്കു പനിയാണത്രേ. കുറേ ദിവസം സ്കൂളിൽ വന്നില്ല.
    തോരാത്തൊരു മഴ ദിവസം. ഉച്ചനേരം. പുറത്തേക്കു നോക്കിയാൽ വെളുത്ത പുകയിൽ നിഴലുകൾ നീങ്ങുന്നത് കാണാം. ഓട്ടിൻ പുറത്തു നിന്നും താഴോട്ടൊഴുകുന്ന കുഞ്ഞരുവികളിൽ അവ്യക്തതകൾ ഇരട്ടിക്കും. ആരാണീ തോരാമഴയിൽ സ്കൂളിലേയ്ക്ക് വരുന്നത്? മഴനൂലുകളിഴയിട്ടൊരു സൈക്കിൾ ഞങ്ങളുടെ ഒന്നാംക്ലാസിനു മുന്നിലെത്തി.അതിന്നു പിന്നിലൊരു കുട്ട .കുട്ടയിലൊരു കുട്ടി. ഒന്നു രണ്ടു പേർ കൂടി കുട്ടിയെ കുട്ടയിൽ നിന്നും പൊക്കിയെടുത്തു നനഞ്ഞൊലിച്ചവരാന്തയിൽ വച്ചു. ഞങ്ങളെല്ലാം വാവിട്ടു കരഞ്ഞു.കരച്ചിൽ കേട്ടിട്ടാവാം ടീച്ചർമാരും മാഷന്മാരും പാഞ്ഞു വന്നു. ആകെ ബഹളം.മഴയിൽ നനഞ്ഞൊലിച്ച് കുട്ടികളും മാഷന്മാരും സൈക്കിൾ തടയുന്നുണ്ട്. വന്നവരോടു തട്ടിക്കയറുന്ന ജഗപൊഗ.
കുട്ടി! അതു കുട്ടിയാണെന്നേ തോന്നുന്നില്ല. ഒരിറച്ചിക്കഷണം ഉടുപ്പിട്ടതു പോലെ. അവന് ഇരിക്കാനാവുന്നില്ല. നില്ക്കാനും! മഴയിൽ നിന്നെടുത്തു വയ്ക്കുമ്പോൾ അവൻ വെളുത്താണിരുന്നത് എന്നാലിപ്പോൾ അവിടവിടെ ചുവന്നൊഴുകാൻ തുടങ്ങിയിരിക്കുന്നു. വല്ല വണ്ടിയുമിടിച്ചതാണോ?എങ്കിലെന്തിന് സ്കൂളിലേയ്ക്കു കൊണ്ടുവരണം?.കുട്ടിക്കോരൻ മാഷ്ടെ ഉറച്ച ശബ്ദം മഴയിലും വ്യക്തമായി കേൾക്കാം. വെളുവെളുത്ത മുണ്ടും ഷർട്ടും മഴയിൽ നനഞ്ഞൊട്ടിചുവന്നിട്ടുണ്ട്. മാഷ് കലി തുള്ളി നില്ക്കുകയാണ്. "തല്ലിക്കോ....അന്റെ കുട്ട്യന്നെ.സമ്മയ്ച്ചു. .ഇവിടെ കൊണ്ടന്ന് ടാൻ പറ്റില്ല ന്നാ പറഞ്ഞത്.ഔട്ട്വാറ ആസ്പത്രി പിന്നെന്തിനാണ്ടോ.  കൊണ്ടോയി തള്ളെടോ വേണ്ടെങ്കി. പിന്നേ.... ആ കുട്ടിടെ കോലം നോക്ക്. കണ്ട്ട്ട് അനക്ക് സഹിക്ക്ണ്ട് റാ." പിന്നെയും എന്തൊക്കെയോ ശബ്ദകോലാഹലങ്ങൾ. ഞാനപ്പോഴേയ്ക്കും പിന്നിലേയ്ക്ക് തള്ളിമാറ്റപ്പെട്ട് നാലാം ക്ലാസിന്റെ വാതിലിൽ ഒട്ടിപ്പോയിരുന്നു. രവി പിന്നേയും കുറേ ദിവസം കഴിഞ്ഞാണു വന്നത്. എന്തിനാണ് അച്ഛനിങ്ങനെ തല്ലിയതെന്ന് ഞങ്ങളാരും ചോദിച്ചില്ല. അവൻ പറഞ്ഞതുമില്ല.

 വലിയ ക്ലാസുകളിലെത്തിയിട്ടും ആ രംഗം മനസ്സിൽ നിന്നും മാഞ്ഞില്ല. നതോന്നത വൃത്തത്തിൽ കരുണയിലെ ഉടഞ്ഞ ശംഖുപോലെയും ഉരിച്ചുമുറിച്ച വാഴത്തട പോലെയും കിടക്കുമഗ്നി ഖണ്ഡങ്ങളൊക്കെ പാടുമ്പഴും,
ശീലാവതി കുട്ടയിൽ ഭർത്താവിനെയേറ്റിപ്പോകുന്ന രംഗം ടീച്ചർ വർണിക്കുമ്പോഴുമൊക്കെ രവിയുണ്ടാകും മുന്നിൽ. ചുറുചുറുക്കുള്ളഒന്നാം ക്ലാസുകാരനായല്ല.
അവനാ വരാന്തയിൽ മുട്ടുകുത്തി നില്ക്കുകയാണ്. തോരാത്ത മഴയായി!
സൈക്കിളിൽ കുട്ടയിൽ കയറുകൊണ്ട് കെട്ടി വരിഞ്ഞ്, മഴ നനഞ്ഞിരിക്കുകയാണ്. ഒരിറച്ചിക്കഷണമായി.

********************
മീസാൻ കല്ലുകൾ പറയുന്നത് ..
വെട്ടം ഗഫൂർ
എന്നിൽ നിന്ന്
നിന്നിലേക്കുള്ള ദൂരം
രണ്ട് മീസാൻ കല്ലുകൾക്കിടക്കുള്ള
അകലം മാത്രം..
ശ്മശാന ഭൂവിലെ
നിതാന്ത ശൂന്യതയിൽ
ചുടുകാറ്റ് മൂളിപ്പറയുന്നതെന്താണ്??
തൊട്ടുരുമ്മി നിൽക്കുന്ന
ഖബ്‌റുകൾക്കകം
വെന്തുനീറി പറയുന്നതെന്താണ്??
പിടി തരാത്ത കവിത പോലെ
ആലിംഗനം കൊതിച്ച്
മൂളിപ്പറക്കുന്ന കരിവണ്ടുകൾ ..
ഉറവ വറ്റി, കരിഞ്ഞു തുടങ്ങുന്ന
മൈലാഞ്ചിച്ചുള്ളികൾ ..
മുഖാമുഖം നോക്കുന്ന
ചായം തേച്ച ഈ കല്ലുകൾ
ചറമൊഴുകും യാത്രയിലെ
വെറും നാഴികക്കല്ലുകൾ ...
മണ്ണോട് ചേർന്നവരുടെ
ആകാശത്തേക്കുന്തിയ നാക്കുകൾ......
ചെവിയോർത്താൽ കേൾക്കാം,
നാക്കിൻ മുള്ളേറ്റ് മുറിഞ്ഞ
പ്രണയക്കുളിരിന്റെ
അടങ്ങാത്ത തേങ്ങലുകൾ....
സ്നേഹ നൊമ്പരങ്ങളുടെ
കടൽത്തിരയിളക്കം ....

********************
ഇനി ഒരു മിനിക്കഥ👇🏻
ഗുണ്ടായിസ്സം.
വിജി ശെൽവരാജ്
ജോലിക്കിടയിലെ ചെറിയ ,ഇടവേളയിലായിരുന്നു ഗുണ്ട ബിജുവിന് കഥയെഴുതാൻ തോന്നി യ ത്.അയാൾ മനസ്സിനോട് ആജ്ഞാപിച്ചു ഒരു പ്രേമ കഥ പോരട്ടെ.. സ്നേഹം എന്താണെന്നറിയാത്ത നിനക്കോ? മനസ്സ് അത് നിർദയം റി ജെക്റ്റ് ചെയ്തു.
 ഒരു  കുടുംബ കഥ പോരട്ടെ... കു ടും ബങ്ങളെ വെട്ടി യും കൊന്നും ഇല്ലാതാക്കുന്ന നിനക്ക് എന്ത്  കു ടും ബ കഥ? അതും റിജെക്റ്റ് ട്
വേറെ വഴിയൊന്നുമില്ലാതായപ്പോൾ ശരി എന്നാൽ ഒരു ഗുണ്ടകഥ തന്നെയാവട്ടെ.
ഓകെ...
അങ്ങിനെ ഗുണ്ട ബിജു എഴുതിയ കഥയുടെ നായകന് തലയും നായികയ്ക്ക് ഉടലുമുണ്ടായിരുന്നില്ല ....

********************
ഇനി വാസുദേവൻ മാഷിന്റെ 5 C യിലൂടെ ഒന്ന് സഞ്ചരിക്കാം..👇🏻
അഞ്ച് സി.
ടി.ടി.വാസുദേവൻ


സ്റ്റാഫ് റൂമിന്റെ വാതിലിനു വലതുവശത്തെ മേശപ്പുറത്തെ ചില്ലുഭരണിയിൽനിന്നും ഒരു നുള്ള് പഞ്ചസാര വായിലിട്ട് അലിയിക്കുമ്പോഴാണ് അഞ്ച്സിയിലെ കുസൃതിക്കാരി നസ്രിൻ ഒരു കല്യാണക്കത്തിന്റെ മറുപുറം കാട്ടിക്കൊണ്ട് 'കുറച്ച് പഞ്ചാര താ മാഷേ ' എന്നു പറഞ്ഞത്.

ഇന്റർവെൽ നേരത്തെ ചായയ്ക്ക് മധുരം പോരാത്തവർക്ക് സ്വയം കൂട്ടിച്ചേർക്കാൻ എടുത്തു വെച്ചതാണ് ചില്ലു ഭരണിയിലെ പഞ്ചസാര .

ഞാൻ ഓരോ പിരിയഡ് ക്ലാസെടുത്തു വരുമ്പോഴും ഓരോന്നുള്ള് പഞ്ചസാര വായിലിട്ടലിയിച്ച് കാർ ബോഹൈഡ്രേറ്റ് രക്തത്തിൽ ലയിക്കുന്നതിന്റെ ഉന്മേഷം അനുഭവിക്കും.
അഞ്ചാം ക്ലാസുകാർ അമ്മായിയമ്മ എന്നു വിളിക്കുന്ന നസ്രിൻ നീട്ടിയ കല്യാണക്കത്തിൽ രണ്ടു സ്പൂൺ പഞ്ചസാര കോരിയിട്ടു കൊടുത്തു.
അവളത് മടക്കിച്ചുരുട്ടി കയ്യിലൊളിപ്പിച്ച് വരാന്തയിലൂടെ ഏതോ മാപ്പിളപ്പാടിന്റെ ഈണവും മൂളിക്കൊണ്ട് തുള്ളിച്ചാടി കൽപ്പടവുകൾ ഇറങ്ങി അഞ്ചാം ക്ലാസിലേക്ക് ഓടിപ്പോയി.

ഇന്റർവെൽ കഴിഞ്ഞ് 'അവസാന പിരിയഡിന്റെ ബെല്ലടിച്ചു. ഞാൻ ടൈംടേബിൾ നോക്കി. ഇനി പത്ത് എ യിൽ പ്രിയദർശനം.  പൂക്കൾ വിടർന്നു നിൽക്കുന്ന താമരപൊയ്കയും  തീരത്തെ വഴികളും മരങ്ങളും  പുൽത്തകിടിയും, തൊട്ടു കൊണ്ടുള്ള എഴുത്തുപള്ളിയും . അതിന്റെ മുറ്റത്തിരുന്ന് മാല കോർക്കുന്ന  നളിനിക്കുഞ്ഞിനെയും ദിവാകരനെയും മനസ്സിൽ കണ്ടു.

അപ്പോഴാണ് ഓടിട്ട യു.പി. ബിൽഡിംഗിൽ നിന്നും പാട്ടും ചിരിയും കേട്ടത്. മൂസമാഷോടൊപ്പം ഞാനും യു.പി. വരാന്തയിലേക്ക് നടന്നു.

തെക്കേ അറ്റത്തെ അഞ്ച് സി യുടെ വരാന്തയിൽനിന്നാണ് കൊട്ടും പാട്ടും കേൾക്കുന്നത്.
ഒപ്പനപ്പാട്ടാണ്.

 'കുടമുല്ല ചിരിയുള്ള
 കുയിലിന്റെ സ്വരമുള്ള
 പുതുപുതു മണവാട്ടീ
 നിന്റെ
 അരിമുല്ലക്കിനാവിലെ
 അഴകേറും പുതുമാരൻ
  പെണ്ണേ ...
 ഇത ഇത ഇതാ
വരുന്നേൻ'

എടപ്പാൾ ബാപ്പുട്ടിയുടെ ഒപ്പനപ്പാട്ടാണ്. കഴിഞ്ഞ കലോൽസവത്തിൽ കേട്ടിരുന്നു.

ഞങ്ങൾ വരാന്തയിലൂടെ അഞ്ച് സിയിലേക്ക് നടക്കുമ്പോൾ അഞ്ച് എ.യിലെ അബു ഓടി വന്ന് പറഞ്ഞു.

'മാശേ, ഞാളെ ക്ലാസിലെ ബശീറിന്റെ കല്യാണം ഇന്നാ '
മാഷ് ചിരിച്ചു.

മൂസ മാഷെ കുട്ടികൾക്കൊക്കെ വലിയ ഇഷ്ടം.
ഞങ്ങൾ എത്തിയതോടെ പട്ടുറുമാൽ സംഘം ഒപ്പന നിറുത്തി.  കളിചിരിയുടെ അത്തറുമണം നിറഞ്ഞു.

'മാശേ, ഇന്ന് ഉമ്മുവിന്റെ കല്യാണാ'

ഒരു മൈലാഞ്ചിക്കൈക്കാരി പറഞ്ഞു.

എനിക്കൊന്നും മനസ്സിലായില്ല.

' അഞ്ച് എ.യിലെ ബശീറാ മാഷേ ചെക്കൻ.'
കസവുതട്ടക്കാരി കൂട്ടിച്ചേർത്തു.
നോട്ടുബുക്കിലെ ഐ ലൗ യും ഹൃദയം തുളച്ചു പോകുന്ന അമ്പും ഓർമ്മയിൽ വന്നു.

' മാഷേ, രാവിലെ ബശീറിന് ഉമ്മൂനെ പെണ്ണ് ചോദിച്ച് അഞ്ച് ഏക്കാർ വന്ന്,
ഞങ്ങക്കെല്ലാം മിട്ടായിയും തന്ന്.  ഉച്ചക്ക് വീട് കാഴ്ച്ചക്ക് ഞങ്ങളെല്ലാം അങ്ങോട്ട് പോയി.  ഇതാ ഇപ്പം കല്യാണോം കയിഞ്ഞ് ,ചെക്കനും പെണ്ണും അകത്ത്ണ്ട്.'

പഞ്ചസാര വാങ്ങിപ്പോയ നസ്രിൻ തല കുലുക്കി കണ്ണുരുട്ടി വിശദീകരിച്ചു.

അപ്പോഴാണ് ക്ലാസിന്റെ വാതിലും ജനലും അടച്ചിരിക്കുന്നത് ശ്രദ്ധിച്ചത്.
കുട്ടികളുടെ ആർപ്പുവിളിക്കിടയിലൂടെ ഞാൻ വാതിൽ തുറന്നു.

രണ്ട് ബെഞ്ച് അടുപ്പിച്ചിട്ട് തട്ടം വിരിച്ച് മൊഞ്ചാക്കിയ കല്യാണക്കട്ടിലിൽ മണവാളൻ ബശീർ ഇരുന്ന് മഞ്ച് തിന്നുന്നു. വിരി വിരിച്ച് സ്റ്റൈലാക്കിയ മേശപ്പുറത്ത് ചോറ്റുപാത്രത്തിൽ പുഴുങ്ങി തോലുപൊളിച്ചു വെച്ച മുട്ടകൾ ! അടപ്പിൽ നിറയെ നാരങ്ങാ മിട്ടായി.
പുത്തൻ മാലയും വളയുമിട്ട് മിന്നുന്ന കസവുതട്ടത്തിൽ മുഖം പാതി മറച്ച് കുഞ്ഞിച്ചോറ്റുപാത്രത്തിലെ പാതി പാൽ ബശീറിനു നീട്ടുന്ന ഉമ്മു!

ഞാൻ പുറത്തേക്കിറങ്ങി.
പുറത്ത് ജനഗണമനയ്ക്കുള്ള ബെല്ലടിച്ചു.

********************