22-12-2018

മറവി
രജനി
പുസ്തകക്കെട്ടിനിടയിൽ
ഒളിച്ചുവച്ച മിഠായി
രുചിച്ച് തീർത്ത് ഉറുമ്പുകളുടെ
ഘോഷയാത്ര,
മറവിയുടെ തുടക്കം.

മേശവലിപ്പിൽ മറന്നുവച്ച
പ്രണയലേഖനം,
ചൂരൽവടിയാൽ
അച്ഛൻ രചിച്ച
താഡനശിൽപങ്ങൾ.

എന്നും മറക്കുന്ന
കോപ്പിപുസ്തകവും
പകർത്തെഴുത്തും,
ക്ളാസ്സിനുപുറത്ത്
വായുവിൽ ചിത്രംവരച്ച്
സ്കൂൾക്കാലം.

തുടക്കവും ഒടുക്കവുംമാത്രം
ഉത്തരങ്ങളായി
മനസ്സിൽ ചുറ്റിത്തിരിഞ്ഞപ്പോൾ
കൊഞ്ഞനം കുത്തിയ
ചോദ്യക്കടലാസ്.

വായിച്ചറിഞ്ഞ
അക്ഷരങ്ങൾ പിടിതരാതെ
മാഞ്ഞുപോയപ്പോൾ
അടുക്കളച്ചുവരിനുള്ളിൽ
തിരിഞ്ഞു തീരുന്ന ജീവിതം.

"ചോറിൻറെകൂടെയിന്നു
കറിയില്ലായിരുന്നു"
പാത്രത്തിലിരുന്നു
പുഞ്ചിരിക്കുന്ന കറിക്കപ്പുറത്ത്
കണവൻറെ കലുഷിതമുഖം.

കറുപ്പിലും വെളുപ്പിലും
നിറം ചേർത്ത് വല്ലപ്പോഴും
മിന്നിമറയുന്ന ബാല്യകൗമാരചിത്രങ്ങൾ.

മറന്നുവച്ചതെന്തോ
തിരിച്ചെടുക്കാനായി
എന്നും ഉദിച്ചുയർന്ന്
വീണ്ടും മറന്ന് തിരിച്ച്
പോകുന്ന സൂര്യൻ.

ഒന്ന് തിരിച്ചെടുക്കുമ്പോൾ
മറ്റൊന്നിവിടെ വച്ച്
മറക്കുന്ന ഭൂമി,
ഗ്രീഷ്മ ശരത് ഹേമന്ദവസന്തങ്ങൾ
ഇതൾ വിരിയുന്നതങ്ങനെ.

ചെഞ്ചായം കോരിയൊഴിച്ച്
മെനയാൻ തുടങ്ങിയ ചിത്രം
പാതിവഴിയിൽ മറന്നേതോ
കാറ്റിൻറെ പിറകേ
ഊരുചുറ്റാനിറങ്ങിയ
സാന്ധ്യമേഘം.

പതുക്കെ പതുക്കെ
എല്ലാം മറന്നുപോയ്,
നിലയില്ലാക്കയത്തിലെവിടെയോ തപ്പിനടന്ന്,
മുഖമില്ലാരൂപങ്ങളിലിഴചേർന്ന്,
മറവിയുടെ മാറാലയിൽ
സ്വയം പുതഞ്ഞ്,
എനിക്ക് എന്നെയും
നഷ്ടമാകും.

കവിതയിലേക്കുള്ള വഴി
പി.ആർ.രതീഷ്
ഉപേക്ഷിക്കുന്നു
നിന്റെ ഓർമകളെ
ഉറക്കം വിരുന്നിനു പോയ രാവുകളെ,
സ്വപ്നം വറ്റിയ ചിറകുകളെ,
മുറിവുകളിൽ തീക്കൂട്ടുന്ന മൗനത്തെ,
അടഞ്ഞ വാതിലിനപ്പുറം നിൽക്കുന്നതിനെ,
നിലാവിന്റെ കൊത്തേറ്റവൾ
ചേക്കേറുന്ന എന്നിലെ നദിയെ,
എങ്കിലും,
കവിതയിലേക്കു നീ കടന്നുവന്ന
ഇല്ലിമരം പൂത്തു നിന്ന
ആ ഇടവഴിമാത്രം
എന്നിലെന്നും ബാക്കി..

നിഴലുകൾ
സ്വപ്നാ റാണി
നിഴലാവുകയെന്നത്
ഒട്ടും എളുപ്പമുള്ള കാര്യമല്ല.
സമയത്തിനനുസരിച്ച്
നീളവും വണ്ണവുമൊക്കെ
മാറ്റിക്കൊണ്ടേയിരിക്കണം'
മുന്നിലോ പിന്നിലോ
നടക്കേണ്ടതെന്ന്
എപ്പോഴും ഓർത്തു വയ്ക്കണം
ഇടയ്ക്ക് നീ
മേൽക്കൂരകളുടെ തണലിലേക്ക്
കയറിപ്പോകുമ്പോൾ,
പുറത്തു വരും വരെ
ക്ഷമയോടെ കാത്തു നില്ക്കണം'
നിഴലാവുകയെന്നത്
അത്രയെളുപ്പമുള്ള
ഒന്നല്ല.
നിന്റെ വേഗങ്ങളെ
മുൻകൂട്ടിയറിഞ്ഞേ
ചുവടുവയ്ക്കാവൂ.
ചിലപ്പോൾ
കാലടിച്ചോട്ടിൽ
നീ പോലുമറിയാതെ
പതുങ്ങിക്കിടക്കണം.
ഓളം വെട്ടുന്ന
ജലത്തിൽ
മുറിഞ്ഞു മുറിഞ്ഞ്
നൂറായിരം
നുറുങ്ങുകളാവണം.
അലയൊടുങ്ങുമ്പോൾ
വീണ്ടും
ആയിരങ്ങളെച്ചേർത്തുവച്ച്
ഒരൊറ്റയുണ്മയാകണം.
നിഴലാകുന്നത്
ഒട്ടും എളുപ്പമുള്ള ഒന്നല്ല.
എന്നിട്ടും
എപ്പോഴാണ് നാം പരസ്പരം
നിഴലുകളാകാമെന്ന്
തീരുമാനിച്ചത്!
പെയ്തു തീരാത്ത
വെളിച്ചങ്ങളിൽ
സ്വയം തേടാനൊരുങ്ങിയത്!
മങ്ങിക്കത്തിയ
ഒരു ചില്ലു വിളക്കിന്റെ താഴെ
നിറം കെട്ടുനില്ക്കാൻ
വിധിക്കപ്പെട്ടത്!

സാന്നിദ്ധ്യം
ശ്രീലാ അനിൽ
തെറ്റുകളിൽ നിന്ന് ഒരു പിന്നോട്ടു നടത്തം.........
എല്ലാം കാണുന്നൊരാൾ,
അറിയുന്നൊരാൾ,
ഉണ്ടെന്നൊരോർമ്മപ്പെടുത്തൽ
അമ്മ ആവർത്തിച്ച നല്ല നടപ്പ്.........
ഉത്തരം പറയേണ്ടി വരും എന്ന താക്കീത്......
ഇന്നാ ജോലി ദൈവം പകുത്തിരിക്കുന്നു......
ജീവിതത്തിന്റെ ഓരോ നിമിഷവും വരച്ചെടുക്കപ്പെടുന്നുണ്ട്,
ആരുമറിയാത്തിടത്ത്,
ഒട്ടും പ്രതീക്ഷിക്കാത്തിടത്ത്.....
ആരും കാണുന്നില്ല എന്നുറപ്പിക്കുന്ന,
എത്ര ചലനങ്ങളാണ്
ഒപ്പി എടുക്കപ്പെടുന്നത്.......
നിഴലുകളുറങ്ങുന്ന വഴിയിലൂടെ
സ്വപ്നത്തിലൂടെ പാതി ബോധത്തിൽ......
അലസമലസമായ് ചലിക്കുന്നത്.....
ആരുമില്ലാത്തിടത്ത് പുടവയൊന്ന് നേരെയാക്കുന്നത്........
വേലിപ്പടർപ്പിൽ ചിരിച്ച പൂ നുള്ളിയെടുക്കുന്നത്......
നിറയെ കായ്ച്ച മാവിന്റെ മാങ്ങയൊന്ന് കൈയെത്തി പിറക്കുന്നത്...........
ആരും കണ്ടില്ല എന്ന് കരുതി നാം കാട്ടിക്കൂട്ടുന്ന ആയിരമായിരം കാര്യങ്ങളൊക്കെ
ആരൊക്കെയോ കാണുന്നുണ്ട്.........
അറിയുന്നുമുണ്ട് .........
നാമത് അത്ര കാര്യമാക്കുന്നില്ല എന്നേയുള്ളൂ.......
അറിയാത്തത് ചിലപ്പോൾ നമ്മൾ മാത്രം.......
വഴിയിൽ.....
ഇരുട്ടിൽ........
ഇടനാഴികളിൽ.....
വീട്ടുമുറികളിൽ......
ചിലപ്പോൾ എന്റെ ഹൃദയത്തിനരികിൽ......
എന്ത് മറ(ക്യാമറ) എന്നോർമ്മിപ്പിച്ച്
നീയുണ്ട്......
എപ്പോഴും.....
എവിടെയും.......

ചീവീടുകൾ സംഗീതം പൊഴിക്കുന്ന നിലാവിൽ
സുനിത ഗണേശ്
വരവായി
മഞ്ഞിൻ പൂക്കൾക്കിടയിലൂടെ
പുഞ്ചിരിവദനവുമായി
ഇടക്കിടെ മിന്നിത്തെളിഞ്ഞു കൊണ്ട്
വ്രണിതമാം ഉൾത്തടങ്ങളിൽ
കുളിർനിലാവ്‌ പൂശിക്കൊണ്ട്
അവൻ!!
ഡിസംബറിലെ അതിഥി...
 വിണ്ടടരുകളിലൂടെ ഊർന്നിറങ്ങി
മഞ്ഞുതുള്ളികൾ
മന്തരികളിൽ
പ്രണയം നിറയ്ക്കുന്ന രാവിൽ
അവൻ വരും.
വിണ്ണിലെ തിരുവാതിരത്താരകക്കൂട്ടം
അമ്പിളിയോടൊപ്പം
നീരാടിയുല്ലസിക്കുന്ന പൊയ്കക്കരികിലെ
കല്പടവുകളിരുന്ന് അവൻ
ചീവിടുകളുടെ പായാരങ്ങളിൽ
സംഗീതം നിറയ്ക്കും.
നിറയെ ചിരിച്ച് രാത്രിയോട്
പവിഴമല്ലികപ്പൂക്കളുതിർക്കാൻ പറയും.
അന്നേരം
അത്യധികം ലജ്ജാശീലയായവൾ
പതിയെ, പതിയെ
മുഖം ചെരിച്ചവനെ നോക്കി
പാദങ്ങൾ പുറകോട്ടുവെക്കും,
പൊട്ടിച്ചിരിച്ചുകൊണ്ട്
കടൽയാത്ര കഴിഞ്ഞു വന്ന
കിഴക്കൻ കപ്പിത്താനു പിറകിലൊളിക്കും.
അപ്പോളവൻ ആ കുളപ്പടവിൽ
നിന്നും അവൻ അപ്രത്യക്ഷനാവും.
പിന്നെയും
മറ്റൊരു രാവുദിക്കും...
ചീവീടുകൾ
വയലിൻകമ്പികളിൽ വില്ലോടിക്കും.
നിലാവത്ത് സംഗീതം പൊഴിഞ്ഞുവീഴും.
തൂവൽമഴയിലെന്നപോലെ
അവരുടെ കണ്ണുകളിൽ പൂത്തിരി വിടരും,
ചുണ്ടുകളിൽ തേൻ നിറയും.

വെളിച്ചത്തെക്കുറിച്ച് നാലു വാക്യങ്ങൾ
ഗഫൂർ കരുവണ്ണൂർ
വെളിച്ചത്തെപ്പറ്റി
നാലു വാക്യമെഴുതാൻ
പറഞ്ഞപ്പോൾ
കുട്ടികൾ
ഇരുട്ടിൽ തപ്പാൻ തുടങ്ങി...
മാഷ്
ക്ലാസ്സിനെ ഇരുളിൽ മൂടിക്കെട്ടി
മേശയിൽ കയറിയിരുന്നു.....
ഗോപാലേട്ടൻ ബെല്ലടിച്ചപ്പോൾ
വെളിച്ചം
ആരവത്തോടെ
അണപൊട്ടി
 പുറത്തേക്കൊഴുകിപ്പോയി......

നഷ്ടബാല്യം
ഗസ്ന ഗഫൂർ
 അടർന്നുവീണ
 ഇതളുകളിൽ
 അവളുടെ നഷ്ട ബാല്യം
 കൊതിപ്പിക്കുവോളം
 വെട്ടിത്തിളങ്ങുകയാണ് ..
  സ്ലേറ്റും ചോറ്റുപാത്രവും
  പിന്നെ,
  ടീച്ചർ മേശവലിപ്പിൽ
  ആർക്കായോ
  ബാക്കിവെച്ചുപോയ
   ചോക്കുപൊട്ടുകളും......

അമ്മപ്പുഴ
അനാമിക
അമ്മപ്പുഴയൊഴുകുകയാണ്
പുത്രമത്സ്യങ്ങളെ തഴുകി
കൊത്താനാഞ്ഞവയെ തകർത്ത്,
സ്വയംകോട്ടയായ്,
തീരങ്ങൾ തലോടി -
ഒഴുകാതടിഞ്ഞവയെ
ഭാണ്ഡങ്ങളിൽപേറി സ്വയംവിമലയായ്

വിയർപ്പുപ്പിനാൽ ബാല്യങ്ങളെ ഊട്ടി
തീഷ്ണവേനലിൽ വറ്റി വരണ്ടപ്പോഴും
ഇത്തിരി തെളിനീർമൺകുഴികളെ-
ശേഷപത്രമാക്കി
നാളെ തൻ നാവിലിറ്റാൻ
കരുതലായ്, വാത്സല്യ കുംഭമായ്..,

ത്യാഗമായ്, പിന്നെയോ
ഉറവപൊട്ടാതൊളിപ്പിച്ച
സ്വപ്നശതങ്ങൾതൻ
അക്കരപ്പച്ചകൾ പേറി
അമ്മയായ് സ്നേഹമധുവൂട്ടി
ലക്ഷ്യബോധത്തിന്റെ ഊഞ്ഞാലിലാട്ടി,
വിദൂരവിജയസ്വപനങ്ങളെ
പുഴയാഴങ്ങളിൽ കാട്ടിക്കൊടുത്ത്
പുത്തനാമേടുകൾ രചിക്കാൻ, ഒഴുക്കിനെതിരെ നീന്താൻ, പുഴ മത്സ്യങ്ങൾക്ക് തുണയായ്,
ഒടുവിലയനരേഖകൾ
ദൂരേക്കുമായുമ്പോൾ
അശരണയായതെങ്ങനെ....?

ഇന്നിന്റെ വിറയാർന്ന നൊമ്പരമല്ലവൾ
ഓർമ്മപ്പെടുത്തലാണമ്മ
നിന്റെ പിൻ വിളിയാണമ്മ
നിഴലാണവൾ,
നീ തന്നെയാണമ്മ... !

ജാലകക്കാഴ്ചകൾ
വെട്ടം ഗഫൂർ
തിരിച്ചറിവ് നഷ്ടമാകുന്ന
കണ്ണുകൾ..
വിറ ബാധിച്ച, നേർമയാർന്ന
കേൾവി.......
പുണ്ണുകൾ പടർന്ന്,
ചൊറിഞ്ഞ്, നീറുന്ന തൊലി...
രുചി വഴക്കങ്ങൾ
മറന്നു തുടങ്ങിയ നാവ്...
പ്രണയ മുല്ലയുടെ
മണം മറന്ന് മൂക്ക് ...
വേദന പൂക്കുന്ന
തേഞ്ഞു തീർന്ന അസ്ഥികൾ...
മറവി ചിലന്തിവല കെട്ടിയ
ബോധം......
വെടിയുണ്ടകൾ തുള വീഴ്ത്തിയ
മനസ്സ്.....
അത് നൂല് പൊട്ടിയ
പട്ടം തേടുന്നു ...
ജനലിനപ്പുറം
അമ്പേറ്റ് പിടയുന്ന പക്ഷി.....
ജനൽത്തിണ്ടിൽ
വിറങ്ങലിച്ച്,ഉറുമ്പിൻ
ചാവേറ്റു പട ......
വിഷം പുരട്ടിയ
തേൻമൊഴികളുമായി
പഴയ സുഹൃത്ത്....
പ്രതീക്ഷയുടെ
പുതുനാമ്പുകളെ
പിഴുതെറിയുന്ന തൂമ്പ.....
വക്ക് പൊട്ടിയ
ചവറ്റുകൊട്ടയിൽ
പോയ കാലത്തെ നോവിൻ,
കടലാസ് ചീളുകൾ ....
വിണ്ടടർന്ന ചുമരിൽ
മാഞ്ഞു തുടങ്ങുന്ന
ജീവിത രേഖകൾ...
തേഞ്ഞമർന്ന
ചക്രങ്ങളുമായി നീങ്ങുന്ന
പഴയ ബസ്സിന്റെ
ഞരക്കം മാത്രം
ഹൃദയത്തിൽ
ബാക്കിയാവുന്നു..

ഒഴിഞ്ഞ മുറികള്‍(കഥ)
ഷജിബുദ്ദീൻ.ബി
വലിയ പുരയിടം.അരികിലായി ചെറിയൊരു വീട്.ഓലമേഞ്ഞകൂര.തെക്കും വടക്കുമായി രണ്ടു മുറികള്‍.നടുവിലൊരു മുറി.ഒരു ഇറായം.എല്ലാം  കുടുസ്സുമുറികള്‍.ഒരടുക്കള.അടുക്കളമൂലയില്‍ തറയില്‍ മൂന്നുകല്ലുകള്‍ ചേര്‍ത്തു തീര്‍ത്ത അടുപ്പ്.അടുപ്പിനരികില്‍ കുറച്ച് ഓലച്ചൂട്ട്. കുറച്ചു വിറകു കൊള്ളികള്‍.വീടുനിറയെ എപ്പോഴും ആള്‍ക്കാര്‍.

അച്ഛന്‍റെയും അമ്മയുടെയും സ്വന്തം മക്കള്‍ ആറുപേര്‍.രണ്ടാണും നാലുപെണ്ണും.അയല്‍വീടുകളിലെ ആണും പെണ്ണും വേറെ കുറെയെണ്ണം.കമുകിന്‍പാളയില്‍ നിരങ്ങിക്കളിച്ച് പൊത്തുപോയ മൂടുള്ള നിക്കറുമിട്ട് പുരയിടം നിറഞ്ഞോടുന്ന കുട്ടിക്കുരങ്ങന്മാര്‍.  വീട്ടില്‍ നിന്നും ഒരു കളിവണ്ടി നിക്കറിന്‍റെ പുറകില്‍ പുറകില്‍ പിടിച്ചു സ്റ്റാര്‍ട്ട് ചെയ്താല്‍ തിരിച്ചെത്തുമ്പോഴേയ്ക്കും ഉച്ചയാകും.
പുരയിടം നിറയെ വൃക്ഷങ്ങള്‍...ഞാവല്‍പ്പഴം,സീതപ്പഴം,ഞാറപ്പഴം...അതില്‍ നിറയെ  പക്ഷികള്‍....

എപ്പോഴും അതിഥികള്‍ ആരെന്‍കിലുമുണ്ടാകും.മാമനോ ചെറിയച്ഛനോ ഒക്കെ കുടുംബമായി. പിഞ്ഞിത്തുടങ്ങിയ ചണം പായയില്‍ ഒന്നിച്ചുറക്കം.ഞണുങ്ങിയ വലിയ പാത്രത്തില്‍  ഒന്നിച്ചുതീറ്റ.ഉല്‍സവം പോലെ ദിവസങ്ങള്‍...

അക്കാലത്തേ കരുതിയതാണ് സ്വന്തമായി വീടുപണിയുമ്പോള്‍ വലിയൊരു വീടു തന്നെ വേണം.മുറികള്‍ അതിവിശാലമാകണം.ഇപ്പോഴത്തെ ജനക്കൂട്ടത്തെ മുഴുവന്‍ അതില്‍ ഉള്‍ക്കൊള്ളണം.

ആഗ്രഹിച്ചപോലെത്തന്നെ കാലങ്ങള്‍ക്കിപ്പുറത്ത് ഞാന്‍ വീടു പണിതു.

അച്ഛനും അമ്മയ്ക്കും ഒരു മുറി.ബന്ധുക്കള്‍ വന്നാല്‍ തങ്ങാന്‍ ഒരു മുറി.മകനൊരു മുറി.എല്ലാം   വിശാലമായിത്തന്നെ,വിത് ബത്ത്റൂം അറ്റാച്ച്ഡ്.അടുക്കള  ഒന്നിനുപകരം രണ്ട്.കോമണ്‍ കിച്ചണ്‍,വര്‍ക്ക് ഏര്യ എന്നീ പേരുകളില്‍.സ്റ്റോര്‍ പ്രത്യേകം.ഗ്യാസ് കുറ്റികള്‍ മൂന്ന്.ഒത്തിരിപ്പേരുള്ളതല്ലേ ഒന്നിനും കുറവു വരരുതല്ലൊ.ഇടയ്ക്ക് പറയാന്‍ മറന്നു,സ്ഥലം ആകെ നാലു സെന്‍റു മാത്രം.ഒരു നുള്ളു മണ്ണും മരംപിടിപ്പിച്ച് വേസ്റ്റാക്കാതെ കോണ്‍ക്രീറ്റു ചെയ്ത് ടൈല്‍സുപാകി വീടിനുള്ളിലാക്കിയെടുത്തു.

നല്ല മുഹുര്‍ത്തംനോക്കി വിപുലമായി പാലുകാച്ചല്‍ നടത്തി.നല്ല ഐശ്വര്യമുള്ള വീട്.കണിയാന്‍ പറഞ്ഞു,വരവു നിലയ്ക്കില്ല.

ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ അച്ഛനേയും അമ്മയേയും വിളിച്ചു.അവര്‍ വന്നു.പക്ഷേ ഒരു പകല്‍ കഴിഞ്ഞ് അവര്‍ പോയി.അമ്മായിയേയും അമ്മാവനേയും വിളിച്ചു.അവര്‍ പിന്നീടൊരിക്കല്‍ വരാമെന്നു പറഞ്ഞു .അയല്‍പക്കത്തെകുട്ടികളെ വിളിക്കാന്‍ നോക്കിയപ്പോള്‍ കാണാന്‍ കഴിഞ്ഞില്ല.ഇടയ്ക്ക് പത്തുവരി സിമന്‍റു കല്ലുയര്‍ത്തി പണിത വലിയ മതില്‍.ആ വീട്ടില്‍  എത്ര കുട്ടികള്‍ ഉണ്ടെന്നുമറിയില്ല.ഇവിടെ ആകെ ഒരു  കുട്ടിയേയുള്ളു.സഹോദരങ്ങളെയെല്ലാവരെയും വിളിച്ചു .അവരെ  ഫോണില്‍ക്കൂടി  കിട്ടുന്നില്ല.വിളിച്ചവരെല്ലാം തിരക്കിലാണ്. വരാന്‍ നേരമില്ല.

ഞാന്‍ പുറത്തിറങ്ങി....
മേലേമാനത്ത് പക്ഷികളങ്ങാനുമുണ്ടോ അതിഥികളായി...
താഴേ ഭൂമിയില്‍ മൃഗങ്ങളെങ്ങാനുമുണ്ടോ അതിഥികളായി....

കാലമേറെയായി,ഞാന്‍ ഒരതിഥി വരുന്നതും കാത്തിരിപ്പാണീ വീട്ടില്‍....

പെൺപള്ളിക്കൂടം
ദേവി.കെ.എസ്.
  പ്രണയത്തിന്റെ അഴകും
മിഴിവും ചോപ്പുമില്ലാത്ത
വരാന്തകൾ.......
പടരാതെ പൊടിയണിഞ്ഞു
മഞ്ഞച്ച വെയിലിൽ തീകാഞ്ഞ്
വിളർത്ത അത്തിമരം
ആണാരവങ്ങളില്ലാത്ത
 വരാന്തകളിൽ
 പ്രണയത്തിന്റെ നിറവല്ലികളിൽ
 കുഴഞ്ഞു മടങ്ങി.....
 കാറ്റെത്താത്ത മരച്ചില്ലകൾ പോലെ കണ്ണേറിൽ കരടു കുടുങ്ങുന്ന കൗമാരം തുടുത്തു മിന്നുന്ന കൈവെള്ളകളിൽ
 നിറമോലുന്ന മിഠായികൾ
 മേൽവിലാസക്കാരനില്ലാത്ത
   കത്തുകൾ പോലെ
   നാലാം നിലക്കു മേലെ
    വേരുപിടിക്കാത്ത മരമുണ്ട്
    കാറ്റിലുലയുന്നു

തിരികെ വരൂ...
അഷിബ ഗിരീഷ്
തിരികെ വരൂ.....
ഹേ ശ്യാമസൂര്യാ ...
 ഉറവ വറ്റാത്ത പിയൂഷ മധുരം
 കൈരളിക്കേകുവാൻ
 കാലം കടഞ്ഞെടുത്ത
 ചാരു ശില്പങ്ങളിൽ കവിത നിറയ്ക്കുവാൻ
 നിറം വാർന്നു കണ്ണീരണിഞ്ഞ
 മലയാളകവിതക്കൊരുടയാട നെയ്യാൻ
 അഗ്നിശലഭങ്ങളായമരഭൂവിലേ- ക്കുയിർത്തെഴുന്നേൽക്കും മുമ്പ് പോക്കുവെയിൽ മണ്ണിലെഴുതാതെ
 പോയ കാവ്യങ്ങൾ
 വിണ്ണിൻ തൂവൽ മേഘങ്ങളാൽ കവർന്നെടുക്കപ്പെടും മുമ്പ്
ഹേ...ശ്യാമസൂര്യാ ... നീ
തിരികെ വരൂ.......

കവിത
ഡോ: വിനിത അനിൽകുമാർ
സ്നേഹത്തിന്റെ അളവുകോലിൽ,
പ്രണയത്തെ അളന്ന് എന്റെ
ചുംബനത്തണുപ്പിലെ
നിശ്വാസത്തിന്റെയൂഷ്മാവു കുറിച്ച്,
എനിക്ക് പ്രണയപ്പനിയാണെന്നു നീ പറഞ്ഞു വച്ചപ്പോൾ,
എന്റെ നനുത്ത മോഹങ്ങളുടെ
ശലഭച്ചിറകുകളിലാണ് നീ നൂലു കെട്ടി രസിച്ചത്...
എന്നിട്ടും നീയെന്ന സ്വപ്നത്തിലേക്കു പറന്നുയർന്നയെന്റെ ചിറകുകൾ കീറി, നൊന്തു വീണപ്പോളുതിർന്ന ചെന്നിണത്തിലാർത്തു പിടിച്ച ശവംനാറിപ്പൂക്കളായി ഞാൻ നിന്നെക്കാണാനുയിർത്തു നിന്നു...
എന്റെ പൂക്കൾക്കു മണമില്ലെന്നും, പൂജയ്ക്കെടുക്കാനാവില്ലെന്നും പറഞ്ഞതൊന്നുമല്ല, നിന്റെ മുടിച്ചുരുളിൽച്ചൂടാനാവില്ലയെന്ന നിന്റെയകൽച്ചയിൽ ഞാൻ മരിച്ചുപോയി...
കളകളായി വളർന്ന്,
കിനാവള്ളിയായി പടർന്ന്,
കാട്ടുപൂവായടർന്നൊടുങ്ങുവാൻ ഇനിയുമിവിടെയാരും പിറക്കാതിരിക്കട്ടെ..
പ്രിയേ, നിന്റെ മിഴിക്കോണുകൾ ഒരു കണം നീരിനാൽപ്പോലും നനയാതിരിക്കട്ടെ...
കാരണം, നീറിത്തകർന്നയെൻ ഹൃദയത്തിലിപ്പൊഴും നിനക്കായൊരിടം നീക്കിവക്കപ്പെട്ടിരിക്കുന്നു...
ആരാലും, ഒന്നിനാലും സ്പർശിക്കപ്പെടാൻ പോലുമാകാതെ....

തണൽ
വിനോദ് ആലത്തിയൂർ
 തണലിന്
 എന്തുമാവാം
 സൂര്യനോട്
 സാറ്റ് കളിക്കാം
 വെയിലു കൊത്തിയ
  കിളികളെ
  മടിയിലിരുത്താം.
  നട്ടുച്ചച്ചൂടിൽ
  വേരിലൊളിക്കാം.
   ഭയന്ന
   രാത്രികളിൽ
   മരപ്പൊത്തിൽ
    കയറാം.
    തണലിന്
    എന്തുമാവാം,
    മരത്തിന്
     അരുതാത്തതെല്ലാം ..!

വേണ്ടതിൽ ചിലത്
ഷഹീറ നജ്മുദ്ദീൻ
ഞാനിരിക്കുമ്പോൾ ഇരിക്കുന്ന
ഒരു മനസ്സെനിക്കു വേണം
നടക്കാനിറങ്ങുബോൾ മാത്രം ഇറങ്ങി നടക്കുന്ന
ഓടാനിറങ്ങുബോൾ മാത്രം ഓടിക്കിതക്കുന്ന
സ്വപ്നം കാണുബോൾ
എന്നെ കൊതിപ്പിക്കുന്ന
പ്രണയിക്കുമ്പോൾ കൂട്ടിരിക്കുന്ന
ഉറങ്ങാൻ കിടക്കുബോൾ മാത്രമുറങ്ങുന്ന ഒന്നായി ......

ഓർത്തെടുത്തെന്നെ കുത്തിനോവിക്കാത്ത
ഓർമ്മയിലെന്നെ കണ്ണീരു പെയ്യിക്കാത്ത
കിനാവിലെ ന്റെ കൂട്ടിരിക്കുന്ന
എന്റെ ഇരുളിടങ്ങളിൽ നനത്ത നിറം നൽകുന്ന
എന്നിൽ നിലാവു പെയ്യിക്കുന്ന നാളെയുടെ നന്മയുള്ള
പ്രത്യാശയുടെ ഇരമ്പലുള്ള
താളമായ് ,മധുരമായ്,കവിതയായ്
എന്നിലലിയുന്ന......