22-10-18b

മ്യത്യുയാനം
(സിൽവിയ പ്ലാത്തിനെക്കുറിച്ചൊരുനോവൽ)
കെയ്റ്റ് മോസസ്
wintering
kate moses
 വിവർത്തനം: ജോളിവർഗീസ്

അമേരിക്കൻ ബുക്ക് അവാർഡ് നേടിയ എഴുത്തുകാരിയാണ് കെയ്റ്റ് മോസസ് .അവരുടെ ആദ്യ നോവലാണ് വിൻഡറിങ്ങ്.

   1963 ഫെബ്രുവരി 11ന് സിൽവിയ പ്ലാത്ത് ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള ഏതാണ്ട് ഒരു വർഷത്തെ കഥ .
1962 ഡിസംബർ 12ന് ആരംഭിക്കുന്ന നോവൽ ഏപ്രിൽ 22 മുതൽ ഡിസംബർ മുപ്പത്തിയൊന്ന് വരെയുള്ള കഥ പറയുന്നു ഈ കാലഘട്ടത്തിൽ അവർ അനുഭവിക്കുന്ന പ്രയാസവും സന്തോഷവും ഇഴപിരിയുന്ന ജീവിതത്തെ വരച്ചുകാട്ടുകയാണ് ഈ നോവലിലൂടെ കെയ്റ്റ് മോസസ് ചെയ്യുന്നത് അങ്ങേയറ്റം ആലങ്കാരികവും ഏതാണ്ട് കൃത്രിമവുമായ അവതരണ രീതിയാണ് നോവലിൽ പിന്തുടരുന്നത്

സില്‍വിയ പ്ലാത്ത്‌ (1932-1963)
ഇംഗ്ലീഷ്‌ സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ എഴുത്തുകാരി. 1932 ഒക്‌ടോബര്‍ 27ന്‌ ബോസ്റ്റണില്‍ ജനിച്ചു. പിതാവ്‌ ജര്‍മ്മന്‍കാരനായ ഓട്ടോ എമീല്‍ പ്ലാത്ത്‌. മാതാവ്‌ ഓസ്‌ട്രിയന്‍ വംശജയായ ഒറീലിയ ഷോബര്‍ പ്ലാത്ത്‌. സഹോദരന്‍-വാറന്‍. 1954ല്‍ സ്‌മിത്ത്‌ കോളേജില്‍ നിന്നും ബിരുദം നേടി. 1954ല്‍ കേംബ്രിഡ്‌ജ്‌ സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ ഫുള്‍ബ്രൈറ്റ്‌ സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചു. 1955ല്‍ ബ്രിട്ടീഷ്‌ കവി ടെഡ്‌ ഹ്യൂസിനെ വിവാഹം കഴിച്ചു. രണ്ടു കുട്ടികള്‍-ഫ്രീഡ റെബേക്ക, നിക്കോളാസ്‌ ഫറാര്‍. ആദ്യകവിതാസമാഹാരം `ദ കോളോസസ'്‌ 1960ല്‍ പ്രസിദ്ധീകരിച്ചു. വിക്‌ടോറിയ ലൂക്കാസ്‌ എന്ന അപരനാമത്തില്‍ `ദ ബെല്‍ ജാര്‍' എന്ന നോവലെഴുതി. 1963 ഫെബ്രുവരി 11ന്‌ ഗ്യാസ്‌ ഓവനില്‍ ശിരസ്സുവെച്ച്‌ സ്വയം ജീവനൊടുക്കി.
`ഏരിയല്‍' എന്ന കവിതാസമാഹാരം 1965ല്‍ പുറത്തിറങ്ങി. `തെരഞ്ഞെടുത്ത കവിതകള്‍' എന്ന കവിതാസമാഹാരം 1981ല്‍ പുലിസ്റ്റര്‍ പ്രൈസ്‌ നേടി. അമ്മയ്‌ക്കും സഹോദരന്‍ വാറനും അയച്ച 696 കത്തുകള്‍ `ലറ്റേഴ്‌സ്‌ ഹോം എന്ന പേരില്‍ പ്രസിദ്ധീകരിച്ചു
``ഓരോ ദിവസവും വിലപ്പെട്ടതാണ്‌. സമയം ഉരുകിത്തീരുകയാണെന്ന്‌ ഞാനറിയുന്നു. ഞാന്‍ വളരുകയാണ്‌. കഴിഞ്ഞ 17 വര്‍ഷങ്ങളിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക്‌ ദുരന്തങ്ങളും ആനന്ദങ്ങളും കണ്ടെത്താന്‍ കഴിയുന്നുണ്ട്‌. എനിക്കിപ്പോഴും എന്നെ അറിയില്ല. ഒരുപക്ഷേ, ഒരിക്കലും അറിയാന്‍ കഴിയില്ലായിരിക്കാം. ഇപ്പോള്‍ ഞാന്‍ സന്തുഷ്‌ടയാണ്‌. ജീവിതം ഏന്നെ ആഴത്തില്‍ സ്വാധീനിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു. പ്രായമാവുന്നതിനെ കുറിച്ച്‌ എനിക്ക്‌ വേവലാതിയുണ്ട്‌. വിവാഹിതയാവുന്നതിനെ കുറിച്ചും. മൂന്നുനേരവും ഭക്ഷണം പാകം ചെയ്യുന്നതില്‍ നിന്ന്‌ എന്നെ വെറുതെ വിടുക. എനിക്ക്‌ സ്വതന്ത്ര്യയാവണം. ലോകം മുഴുവന്‍ ബന്ധനങ്ങളില്ലാതെ ചുറ്റിപ്പറക്കണം. `ദൈവമാകാന്‍ മോഹിച്ച പെണ്‍കുട്ടി' എന്ന്‌ വിളിക്കപ്പെടാന്‍ ഞാനാഗ്രഹിക്കുന്നു.''
1949 നവംബര്‍ 13ന്‌ `ഡയറി സപ്ലിമെന്റ്‌' എന്ന തലക്കെട്ടില്‍ ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി സില്‍വിയ പ്ലാത്ത്‌ എഴുതിവെച്ച കുറിപ്പാണിത്‌.

ചെറുപ്പം മുതല്‍ തന്നെ ജീവിതത്തെ കുറിച്ച്‌ വ്യക്തമായ കാഴ്‌ചപ്പാടുണ്ടായിരുന്ന സില്‍വിയ മുപ്പത്തിയൊന്നാം വയസ്സില്‍ ലോകത്തോട്‌ വിട പറഞ്ഞു. മരണത്തിലേക്ക്‌ നടന്നുപോകാന്‍ മാത്രം എന്തായിരുന്നു സില്‍വിയയുടെ ജീവിതത്തില്‍ സംഭവിച്ചത്‌?
20ാം നൂറ്റാണ്ടില്‍ ഏറെ ചര്‍ച്ചപ്പെട്ട ഈ പ്രണയദുരന്തത്തിലെ വില്ലന്‍ ബ്രീട്ടീഷ്‌ കവിയായ ഭര്‍ത്താവ്‌ ടെഡ്‌ ഹ്യൂസായിരുന്നു. ടെഡിന്റെ ജീവിതത്തിലേക്ക്‌ യാദൃശ്ചികതയുടെ മൂടുപടമണിഞ്ഞെത്തിയ കാമുകി ആസിയ വെവിലാണ്‌ സില്‍വിയയുടെ ജീവിതത്തിലെ താളപ്പിഴകള്‍ക്ക്‌ കാരണമെന്ന്‌ ലോകം വിധിയെഴുതി.
തന്നെയും കുട്ടികളെയും (ഫ്രീഡ റബേക്ക, നിക്കോളാസ്‌ ഫറാന്‍) ദാരിദ്ര്യത്തിന്റേയും ഒറ്റപ്പെടലിന്റെയും ലോകത്തേക്ക്‌ തള്ളിയിട്ട്‌ സ്‌പെയിനില്‍ പുതിയ പ്രണയത്തിന്റെ വസന്തകാലം കൊണ്ടാടുന്ന ടെഡിനോട്‌ ജീവിതം കൊണ്ടൊരു പ്രതികാരം ചെയ്യാന്‍ സില്‍വിയ തീരുമാനിച്ചത്‌ 1963 ഫെബ്രുവരി 11നാണ്‌.
മരണത്തിന്റെ നീലിമയിലേക്ക്‌ നടന്നുപോകാന്‍ പ്രേരിപ്പിക്കും വിധം മൃദുലമായിരുന്നു സില്‍വിയയുടെ മനസ്സെന്ന്‌ തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ ബാല്യ, കൗമാര കാലം മുതല്‍ തന്നെ കാണാന്‍ സാധിക്കും. എല്ലാത്തില്‍ നിന്നും അതിജീവിച്ചു മുന്നേറിയ അവള്‍ തന്റെ പ്രിയതമന്റെ കുത്തഴിഞ്ഞ ജീവിതം കണ്ട്‌ സഹിക്കാനാവാതെ തന്നെയാവണം മരണത്തെ തൊട്ടത്‌.
1962-ലാണ്‌ ടെഡും ആസിയയും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ സില്‍വിയ ആദ്യമായി കേള്‍ക്കുന്നത്‌. അന്നുമുതല്‍ സില്‍വിയ കടുത്ത വിഷാദത്തിലായിരുന്നു. കാരണം ഭാര്യയെന്ന നിലയില്‍ അത്ര വിശ്വസ്‌തയായിരുന്നു അവര്‍. ഒരിക്കല്‍ അവിചാരിതമായി വന്ന ആസിയയുടെ ഒരു ഫോണ്‍കോളില്‍ നിന്നാണ്‌ ടെഡിന്റെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങളുടെ കാരണം അവള്‍ തിരിച്ചറിഞ്ഞത്‌. അതിനു ശേഷം നിരന്തരമായി അവരുടെ ജീവിതത്തില്‍ വഴക്കുകളും നീരസങ്ങളും കടന്നുവന്നു. സില്‍വിയയൊടൊത്തുള്ള ജീവിതം വെറുക്കുന്നുവെന്നു കൂടെ ടെഡ്‌ വെളിപ്പെടുത്തിയതോടെ ആ മനസ്‌ കൂടുതല്‍ പ്രക്ഷുബ്‌ധമായി.
ഒരിക്കല്‍ രോക്ഷാകുലയായ സില്‍വിയ വീടിന്റെ പിന്‍മുറ്റത്ത്‌ തീ കൂട്ടി എഴുതിവെച്ച നോവലിന്റെ കൈയ്യെഴുത്തുപ്രതി കത്തിച്ചു. ഏറെ പ്രശസ്‌തമായ സില്‍വിയയുടെ `ദ ബെല്‍ജാര്‍' (വിക്‌ടോറിയ ലൂക്കാസ്‌ എന്ന അപരനാമത്തിലാണ്‌ ഈ കൃതി പ്രസിദ്ധീകരിച്ചത്‌) എന്ന നോവലിന്റെ രണ്ടാം പതിപ്പായ `ഡബ്‌ള്‍ എക്‌സ്‌പോഷറും', വര്‍ഷങ്ങളോളം സൂക്ഷിച്ചുവെച്ച അമ്മയുടെ ആയിരകണക്കിനു കത്തുകളും, ടെഡിന്റെ കത്തുകളും കവിതകളുമെല്ലാം അന്ന്‌ അഗ്നിക്കിരയായി.
വായനക്കാരെ ഏറെ അത്ഭുതപ്പെടുത്തിയ `ദ ബെല്‍ജാര്‍' ശരിക്കും ആത്മകഥാംശമുള്ള ഒരു നോവലായിരുന്നു. ഇംഗ്ലണ്ടിലെത്തിയ അമേരിക്കന്‍ പെണ്‍കുട്ടി പ്രണയവിവാഹത്തില്‍ പരാജയപ്പെടുന്നതായിരുന്നു അതിന്റെ വിഷയം. അതിന്റെ രണ്ടാംഭാഗമായി എഴുതിത്തുടങ്ങിയതും സില്‍വിയയുടെ ജീവിതാനുഭവങ്ങള്‍ തന്നെയാണെന്നതും കൗതുകമുണര്‍ത്തുന്നു. എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണനായ തന്റെ പുരുഷന്‍ വ്യഭിചരിക്കുന്നതില്‍ മനംനൊന്തു കഴിയുന്ന പെണ്‍കുട്ടിയുടെ കഥയാണ്‌ `ഡബ്‌ള്‍ എക്‌സ്‌പോഷറി'ന്റെ ഇതിവൃത്തം.
വളരെ തീഷ്‌ണമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഈ കാലഘട്ടത്തിലാണ്‌ സില്‍വിയ പ്ലാത്ത്‌ ഏറ്റവും പ്രശസ്‌തമായ കവിതകള്‍ എഴുതുന്നത്‌. ടെഡുമായുള്ള കലഹം മൂര്‍ച്ഛിക്കുന്ന സമയത്ത്‌ എഴുതിയ കവിതകള്‍ `ഏരിയല്‍'എന്ന പേരില്‍ അവരുടെ മരണത്തിന്‌ ശേഷം പുറത്തിറങ്ങി. `ബേണിംഗ്‌ ദ ലറ്റേഴ്‌സ'്‌, `വേഡ്‌സ്‌ ഹേഡ്‌ ബൈ ആക്‌സിഡന്റ്‌ ഓവര്‍ ദ ഫോണ്‍' എന്നിവയെല്ലാം ആ സമാഹാരത്തിലെ ശ്രദ്ധേയമായ രചനകളായിരുന്നു. ഡാഡി, മെഡൂസ, ദ ജയിലര്‍ തുടങ്ങിയ സില്‍വിയയുടെ പ്രശസ്‌തമായ കവിതകള്‍ രചിക്കപ്പെട്ടതും ഈ പ്രക്ഷുബ്‌ധകാലത്തായിരുന്നു.
കാലമൊഴുകിക്കൊണ്ടിരിക്കുമ്പോഴും സില്‍വിയ ബാക്കിവെച്ചിട്ടു പോയ വാക്കുകള്‍ ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു..
''Dying
Is an art, Like everything else.
I do not exceptionaly well.
I do it so it feels like hell.
I do it so it feels real.
I guess you could say I've a call.''
(കടപ്പാട് :ഗിരീഷ്‌ എ എസ്)