22-07-19b

📚📚📚📚📚📚
വേറിട്ടുമാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ
എച്ച്മുക്കുട്ടി
ലോഗോസ്
പേജ്114
വില110

ട്രാൻസ്ജന്റർ ജീവിതം പ്രധാന പ്രമേയമാക്കി മലയാളത്തിൽ രചിക്കപ്പെട്ട ആദ്യനോവലാവും എച്ച്മുക്കുട്ടിയുടെ 'വേറിട്ടുമാത്രംകത്തിയമരുന്നചിലശരീരങ്ങൾ'.വേറിട്ടുമാത്രംജീവിക്കാൻ വിധിക്കപ്പെട്ട് ഒടുവിൽ വേറിട്ടുമാത്രം കത്തിയമരുന്ന,ആണിനുംപെണ്ണിനുമിടയിൽ സ്വത്വം നഷ്ടപ്പെട്ട ചിലമനസ്സുകകൾ വാർന്നുവീഴുന്ന ചോരയോടെ ഈ പുസ്തകത്താളുകളിൽ പിടയുന്നു.

      ഗാർഹിക പീഡനം സമനില തെറ്റിച്ച ശാന്തിയുടെ ജീവിതത്തിൽ തുന്നിച്ചേർത്താണ് മൂന്നാം ലിംഗലോകം അവതരിപ്പിക്കുന്നത്.സ്വന്തം പിതാവിന്റെ ലൈംഗികാക്രമണം അമ്മയും സഹോദരരും മനോരോഗവിദഗ്ദ്ധനും അച്ഛനും ചേർന്ന് 'പരാനോയിയ' എന്ന മാനസികരോഗമാക്കി കുടുംബത്തെ അപമാനത്തിൽനിന്നും രക്ഷപെടുത്തിയപ്പോൾ,മനോരോഗിയാക്കപ്പെട്ട ശാന്തി വീടൊഴിയേണ്ടത് കുടുംബത്തിന്റെ ആവശ്യമായിമാറി.അങ്ങനെയാണവൾ ദില്ലിയിൽ മണ്ണിഷ്ടിക എണ്ണുന്ന ജോലിയിൽ എത്തപ്പെട്ടത്.പിന്നീട് ആ ജോലി നഷ്ടപ്പെട്ട് ഇച്ചാക്കയുടെ
കമ്പനിയിൽ എത്തുന്നതോടെയാണ് ട്രാൻസ്ജെൻഡർലോകം അവളുടെ മുന്നിൽ അവതരിക്കുന്നത് .ഇച്ചാക്ക എന്ന് വിളിക്കപ്പെടുന്ന സാഹിൽ ഉം സന്ദീപും
ചേർന്നാണ് കമ്പനി നടത്തുന്നത് . കാശ്മീരിൽ ബ്രാഹ്മിണായ സ്വൻസൽ(മഴവില്ല്)ആണ് ഇച്ചാക്കയുടെ ഭാര്യ. ജൂതമലയാളിയായ ഋതു സന്ദീപിന്റെയും. സുഹൃത്തിൻറെ കാമുകൻ എറിഞ്ഞ ആസിഡ് ബൾബ്  അബദ്ധത്തിൽ മാറി വീണ് കരിഞ്ഞ മുഖവുമായി ജീവിക്കുന്ന പൂജയാണ് ശാന്തിയെ ട്രാൻസ്ജെൻഡർ ലോകവുമായി  ബന്ധിപ്പിക്കുന്നത് .ആൺ ദേഹത്തിൽ  പെൺ മനസ്സുമായി ജീവിക്കുന്ന വരുടെയും പെൺദേഹത്തിൽ  ആൺ മനസ്സുമായി ജീവിക്കുന്ന  തിരുനമ്പി മാരുടെയും ആ ലോകത്തേക്ക് പൂജയുടെ കൈപിടിച്ച് ശാന്തി യോടൊപ്പം നാം നടന്നു ചെല്ലുന്നു .ഏതോ ഡോക്ടർ  ചോരക്കളമാക്കിയ സീമയുടെ കാൽക്കൂട്ട് പോലെ വജൂദ്ഭായ് യും നമ്മെഞെട്ടിക്കും.
സീമയുടെ ശവമടക്ക് സുഗമമാക്കാൻ ആണ് ഗുരുജി പുരുഷോത്തംഅഹ് ലാവത്എന്നപോലീസുകാരന്റെ കാലുപിടിക്കുന്നത്. ഗുരുജിയെ കൊലക്കേസിൽ പെടുത്തും എന്നായിരുന്നു അവരുടെ ഭീഷണി. ഒടുവിൽ ഗുരുജി ഇരട്ട കൊലപാതകത്തിന് ജയിലിലായി .കൊന്നത് വാജൂദ്ഭായി എന്ന സഹായിയെ യും പോലീസുകാരനെയും ആയിരുന്നു എന്ന് മാത്രം.

ഗുജറാത്ത്കലാപത്തിനിടയിൽ അപ്രത്യക്ഷനായ ഇച്ചാക്ക  തിരിച്ചുവരാനുള്ള വൃതമായി ഇസ്ലാമതംസ്വീകരിച്ച്‌  ഖുറാനിൽജീവിക്കുന്ന സ്വൻസൽ കാമ്പുള്ള കഥാപാത്രമാണ്. ഡൽഹിയിൽ ബസ്സിൽ വച്ച്‌ പീഡിപ്പിക്കപ്പെട്ട ജ്വോതിസിങ് ഒരു കഥാപാത്രമായി അവതരിക്കപ്പെടുന്നു.ശാന്തിയുടെ ജീവിതത്തിൽ സംഭവിച്ചവലിയ മാറ്റങ്ങൾ ചിത്രീകരിക്കാൻ കാണിച്ച അനാവശ്യതിടുക്കം അരോചകമാകാതിരിക്കാൻ ഈ ഇടപെടലൽ കൊണ്ട് സാധിച്ചു.
      ഈ നോവലിൽ പരാമർശിക്കുന്ന അരിക് ജീവിതങ്ങളുടെ ആത്മനൊമ്പരങ്ങൾ  നാം പറയാതിരിക്കാം .അവ പറഞ്ഞു പോയാൽ നോവൽ വായനയുടെ സംത്രാസം നഷ്ടപ്പെട്ടാലോ!
 
     സമകാലമലയാളത്തിലെ ശ്രദ്ധേയമായനോവലാണ് തീർച്ചയായും ഈ കൃതി.എച്ച്മുക്കുട്ടി സ്വന്തം കഥയിലൂടെ നേടിയെടുത്ത ജനപ്രീതിയും നോവൽവായനയെ സ്വാധീനിച്ചിരിക്കണം.

രതീഷ് കുമാർ.
🌾🌾🌾🌾🌾🌾