22-07-19


📚📚📚📚📚
ശവവാഹനവും തേടി
പി.പത്മരാജൻ
പെൻബുക്സ്
പേജ് 48
വില 22(1999)

      മലയാളിക്ക് ഒരിക്കലും  മറക്കാനാവാത്ത ജയകൃഷ്ണനെ പോലെയുള്ള  കാല്പനിക കഥാപാത്രങ്ങളെ സംഭാവന ചെയ്ത  സിനിമ കാരനായ പത്മരാജൻ അല്ല എഴുത്തുകാരനായ പത്മരാജൻ. ഫാൻറസിയും  ദാർശനികതയും നിറഞ്ഞ ആ കഥാലോകത്തിൻറെ നെടു മുറിയാണ്  ശവവാഹനങ്ങളുംതേടി  എന്ന ചെറു നോവൽ.

     കാടിനും കടലിനും നടുവിൽ മൂന്നു കുടുംബക്കാർ മാത്രമുള്ള  ഒരു ഗ്രാമത്തിലാണ് ഈ കഥ സംഭവിക്കുന്നത്. ജോസഫിൻറെ മകനായ പുരുഷനാണ്  കേന്ദ്ര കഥാപാത്രം; അതോ  ഒരു കാലത്ത് ആ ഗ്രാമത്തിലെ രാജാവിൻറെ പ്രതാപം ഉണ്ടായിരുന്നു ശേഷനോ!

ഗ്രാമത്തെ കാത്തിരിക്കാനും  പ്രതീക്ഷിക്കാനും പഠിപ്പിച്ചത് ശേഷനാണ് .കിഴക്കുനിന്നും വരാനുള്ള എന്തിനേയോ പ്രതീക്ഷിച്ചുകൊണ്ട് ശേഷന്റെ വാക്കിൽ വിശ്വസിച്ച് അവർ കാത്തിരുന്നു. പ്രതീക്ഷയുടെ  നെല്ലിപ്പടി കണ്ടു തുടങ്ങുമ്പോഴാണ്  ആദ്യത്തെ വണ്ടി  ഗ്രാമത്തിൽ എത്തിയത് .അത് നിറയെ ശവം ആയിരുന്നു ,ഒപ്പം രത്നങ്ങളും മറ്റു വകകളും. ഗ്രാമം പെട്ടെന്ന് സമ്പന്നമായി .മലയിൽ ഉണ്ടായ കാട്ടുതീയിൽ പെട്ടുപോയ  മനുഷ്യരുടെ സമ്പത്ത് കൊടുത്ത സമ്പന്നത എത്രകാലം കാലം നിൽക്കാനാണ്!

ഏറെനാളത്തെ ദാരിദ്ര്യത്തിന് ഒടുവിൽ   രണ്ടാം വണ്ടിയിൽ വന്നെത്തിയ സമ്പത്തിൽ ശേഷന് വേണ്ടി അവശേഷിച്ചത് ഒരു സുന്ദരിയുടെ ശവമായിരുന്നു. പക്ഷെ ശവരതി ശേഷനെ ഗ്രാമത്തിൽ നിന്ന് പുറത്താക്കി.
  പുരുഷൻ  മായയെ വിവാഹം ചെയ്തതും  ആകസ്മികമായാണ് .വിവാഹത്തോടെ തൻറെ വീട്ടിലേക്കോ അവളുടെ വീട്ടിലേക്കോ പോകാനാവാതെ അവർ കാട്ടിലേക്ക്  താമസം മാറ്റി . കാടിൻറെ സംഗീതം അറിഞ്ഞ് മതവികാരത്തിനൊടുവിൽ സ്വന്തം നാട്ടിലേക്കുള്ള  അയാളുടെ തിരിച്ചുപോക്ക്  മോഹം മായയെ അസ്വസ്ഥപ്പെടുത്തി. തിരിച്ചുപോകുന്ന പുരുഷനെ ഉപേക്ഷിച്ച് മായ കാട്ടിനുള്ളിൽ അഭയം തേടി.

മൂന്നാമത് ശവവാഹനം വരുമ്പോൾ പുരുഷനും ഭദ്രനും ആ മൂന്നു കുടുംബവും കാടിനും കടലിനും ഇടയിൽ ഉള്ള ആ ഗ്രാമത്തിൽ ഉണ്ടായിരുന്നു. മനുഷ്യത്വത്തിന്റെ അസ്തിത്വത്തിലേക്കും മരണങ്ങളുടെ അമൂർത്തതയിലേക്കും  പെയ്തിറങ്ങുന്ന ഫാൻറസി ആണ് ശവവാഹനങ്ങളും തേടി.
 ആവർത്തിച്ച് വായിക്കാനുള്ള  ആഗ്രഹം ജനിപ്പിക്കുന്ന  ഈ ചെറുനോവൽ പത്മരാജനിലെ കഥാകൃത്തിന്റെ സ്വത്വം കാട്ടിത്തരുന്നു.

രതീഷ് കുമാർ
🌾🌾🌾🌾🌾🌾