22-06-19


ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാവർക്കും സ്നേഹപൂർവ്വം സ്വാഗതം..🙏🌹🌹🌹
**********

ഇതാണ് ഞാൻ..
ആത്മായനം
ജസീന റഹീം
ജാസിന്റെ കല്യാണത്തിന്റെ ഏറ്റവും വലിയ സവിശേഷത.. പലയിടങ്ങളിലായിരുന്ന ബന്ധുക്കൾ എല്ലാവരും ഒത്തുചേർന്ന ഒരേയൊരു കല്യാണമായിരുന്നു അത്..കാരണം അവളെ എല്ലാവർക്കും അത്രയ്ക്ക് ഇഷ്ടമായിരുന്നല്ലോ..
ഉപ്പുപ്പായും ഉമ്മുമ്മായും വാപ്പുമ്മായും മാമാമാരും മാമിമാരും തുടങ്ങി സകലമാന ബന്ധുക്കളും ഒത്തുചേർന്നു..
ഇതിനിടയ്ക്ക് കൊട്ടാരക്കരയിലെ ഇക്കാമാർ രണ്ടു പേരും പത്താം ക്ലാസ്സ് ഭംഗിയായി തോറ്റ് ജോലി തേടി രണ്ടിടങ്ങളിലേക്ക് പൊയ്ക്കഴിഞ്ഞിരുന്നു.. നാടോടിമന്നനായ  അബൂക്ക കുറച്ചു നാൾ മധ്യ പ്രദേശിൽ വല്യ മാമായ്ക്കൊപ്പവും പിന്നെ അവിടെ നിന്ന് വേറേ എങ്ങോട്ടോ പോവുകയും ചെയ്തു.. പിന്നീട് ഹൈദ്രാബാദിൽ ഉണ്ടെന്നറിയിച്ച് ഇക്ക തന്നെ സ്വന്തം വീട്ടിലേക്ക് കത്തയയ്ക്കുകയായിരുന്നു.. ഷാജൂക്കയാകട്ടെ പെങ്ങളായ നജീത്താക്കൊപ്പം ആൻഡമാനിൽ പോവുകയും അവിടെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ഇലക്ട്രീഷ്യനായ അളിയൻ സലാമിക്കാക്കൊപ്പം സഹായിയായി കൂടുകയും ചെയ്തു..
ജാസിന്റെ കല്യാണമറിയിച്ചപ്പോൾ ദിവസങ്ങൾക്കു മുന്നെ എല്ലാവരും നാട്ടിലെത്തിച്ചേർന്നു..
ഡിഗ്രി ഒന്നാം വർഷം അവധിക്കായിരുന്നു ബഷീർ മച്ച ജാസിനെ പെണ്ണുകാണാൻ വന്നതും കല്യാണം ഉറപ്പിച്ചതും.. കല്ല്യാണം ഓണാവധിയിലേക്കായിരുന്നു തീരുമാനിച്ചത്..അതിനിടയിലുള്ള മൂന്നാലു  മാസങ്ങൾക്കിടയിൽ ബഷീർ മച്ച രണ്ടുമൂന്ന് തവണ ജാസിനെ കാണാൻ വരികയും പോകാൻ നേരം പാന്റിന്റെ പോക്കറ്റിലിരുന്ന് ചുളുങ്ങിയ ഓരോ ഫെയർ ആന്റ് ലൗലി സമ്മാനമായി ജാസിന് നൽകുകയും ചെയ്തു.. മുഖക്കുരു മാറാൻ ഫെയർ ആന്റ് ലൗലി ഇട്ടാൽ മതിയെന്ന് ആദ്യമായി കണ്ടുപിടിച്ച മഹാൻ.. എന്തായാലും കല്യാണമായപ്പോഴേക്കും ജാസ് കുറച്ചു കൂടി വെളുത്ത് സുന്ദരിയായിരുന്നു..
    ജാസിന്റെ കല്യാണത്തിൽ പങ്കെടുക്കാനായി ഹൈദ്രാബാദിൽ നിന്നു വന്ന അബുക്ക ഒരു ദിവസം വൈകിട്ട് ചുമ്മാ ഇരുന്ന് കരയാൻ തുടങ്ങി.. "എന്തിനാടാ .. അബൂ നീ കരയുന്നേ.. നിനക്കെന്തെങ്കിലും സങ്കടമുണ്ടോ..? " ഉമ്മ ചോദിച്ചപ്പോൾ.. അബൂക്ക കുറെ വർത്തമാനങ്ങൾ ഒന്നിച്ചു പറഞ്ഞു..
"കൊച്ചുമ്മാ.. എനിക്കൊട്ടും സുഖമില്ല.. എന്റെ ഒരു കിഡ്നി അസുഖം വന്ന് എടുത്തു മാറ്റി.. എനിക്കെന്തെങ്കിലും വന്നാൽ അവൾക്കാരുമില്ല.. " അബൂക്ക പിന്നെയും കരഞ്ഞു കൊണ്ടിരുന്നു.. കഥയിലെ 'അവൾ' ആരാണെന്നാർക്കും മനസിലായില്ല.. ഇക്ക തന്നെ അവളെ പതിയെ വെളിച്ചത്ത് കൊണ്ടുവന്നു..
ഇക്ക ഹൈദ്രാബാദിൽ നിന്ന് കല്യാണം കഴിച്ചിരിക്കുന്നു.. ജമീല എന്നാണ് പേര്..ഇക്കായ്ക്ക് അവളെ ഉടനെ ഇങ്ങോട്ട് കൊണ്ടു പോരണം.. അവളിപ്പോൾ ഗർഭിയുമാണ്..
"എങ്കിൽ നീ പോയിങ്ങു വിളിച്ചോണ്ട് വാടാ.." ന്ന് കൊച്ചുമ്മ ...
"ഇല്ല .. കൊച്ചുമ്മാ.. ഇവിടുന്ന് എന്റെ ആൾക്കാരുമായി ചെന്നാലേ അവർ വിശ്വസിച്ച് അവളെ എന്റെ കൂടെ വിടൂ ... കൊച്ചുമ്മ ഇത് ഉമ്മാടുത്ത് പറഞ്ഞ് സമ്മതിപ്പിക്കണം.. ജാസിന്റെ കല്യാണത്തിന് മുമ്പ് ഹൈദ്രാബാദിൽ പോയി അവളെ  കൊണ്ടുവരണം.. എനിക്കിനി..അധികം ആയുസില്ല.. കൊച്ചുമ്മാ ..."
ഇക്കാടെ കരച്ചിൽ കേട്ട് കരളലിഞ്ഞ കൊച്ചുമ്മ.. അതായത് എന്റെ ഉമ്മ ഈ വിവരങ്ങൾ അബൂക്കാടെ ഉമ്മായെയും വാപ്പായെയും സഹോദരങ്ങളായ നെജീത്തായെം ഷാജൂക്കായെം അറിയിക്കാൻ തീരുമാനിച്ചു..
ആദ്യം ആരുമിത് വിശ്വസിക്കാൻ കൂട്ടാക്കിയില്ലെങ്കിലും സ്വന്തം മകന്റെ ഭാര്യ അന്യനാട്ടിൽ കഴിയേണ്ടവളല്ല എന്ന മൂത്തുമ്മാടെ തിരിച്ചറിവിൽ നിന്നും ചില പുതിയ തീരുമാനങ്ങളിലൂടെ പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്..
ജാസിന്റെ കല്യാണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ അബുക്കായുടെ ഭാര്യയെ വിളിക്കാൻ ഇവിടെ നിന്നും ഇക്കാടെ ആൾക്കാർ പോകാൻ തീരുമാനിച്ചു., അബൂക്കാക്കൊപ്പം ഇക്കായുടെ ഉമ്മ.. സഹോദരൻ.. പെങ്ങൾ എന്നിവരാണ് പോകേണ്ടത്.. പെങ്ങൾ പ്രസവിച്ചു കിടക്കുന്നതിനാൽ യാത്ര അസാധ്യമായതിനാൽ അടുത്ത പെങ്ങൾ എന്ന നിലയിൽ ആ ദൗത്യം എന്നിൽ നിക്ഷിപ്തമായി.. അങ്ങനെ ചരിത്ര പ്രസിദ്ധമായ 'ചാർമിനാറി'ന്റെ നാട്ടിലേക്ക് അപ്രതീക്ഷിതമായി ഞാനും പുറപ്പെട്ടു.. കാത്തിരിക്കുന്ന നിമിഷങ്ങൾ എത്ര ഭീതിദമാണെന്ന് തിരിച്ചറിയാതെ..
**********

വ്യാമോഹം
ലാലൂർ വിനോദ്

നിന്റെ ചടുല
മിഴിയിണയിൽ
കൂടുകൂട്ടിയ
ദേശാടന പക്ഷിയാണ്
ഞാൻ...

നിന്റെ തേൻ മൊഴിയിൽ
അലിയാൻ കൊതിച്ച
അക്ഷര പരാഗം
ഞാൻ...

നിന്റെ മൗനത്തിൽ
വിടരാൻ കൊതിച്ച
വാചാല പുഷ്പ്പം
ഞാൻ...

നിന്റെ മനസ്സിൽ
ഉദിക്കാൻ കൊതിച്ച
വാർത്തിങ്കൽ
ഞാൻ.

നിന്റെ യൗവനത്തിൽ
പ്യൂപ്പയാവാൻ കൊതിച്ച
ചിത്രപതംഗം..
ഞാൻ...

നിന്റെ ചൂടിൽ
ഉരുകാൻ കൊതിച്ച
ഹിമബിന്ദു
ഞാൻ...

നിന്റെ മന്ദഹാസത്തിൽ
വിരിയാൻ കൊതിച്ച
സ്വപ്‍നമുല്ല
ഞാൻ..

എത്രകൊതിച്ചിട്ടും
എന്ത് കൊതിച്ചിട്ടും
നീ കാണാതെ പോയ
വാർമഴവില്ല്
ഞാൻ..
**********

പിൻ കാലം.
കൃഷ്ണദാസ്.കെ
പിന്നിട്ട കാലത്തിലേയ്ക്ക്   തിരിച്ച്
പോകാൻ തോന്നുന്നത്
കാലം തന്ന തല്ലലും തലോടലും
ഏറ്റുവാങ്ങി  ഓർമ്മയിൽ
നനയാനാണ്.
കാലം നമിച്ചവർ പകർന്നു തന്ന ഊർജ്ജമാണ് പിന്നത്തെ പ്രതീക്ഷ .
യാത്രയിലെ ചില പിൻവിളികൾ
വീണ്ടും പതഞ്ഞ് പൊന്തുന്നു .
ഒലിവർ ട്വിസ്റ്റിന്റെ വിശപ്പിന്റെ കരച്ചിലും ,ഗോർക്കിയുടെ
"അമ്മ " യുടെ
പൊള്ളുന്ന വാക്കുകളും ,
സ്നേഹം ചുരത്താൻ മാറിടവും തലോലിക്കാൻ  കൈയ്യുമായി   ഉറയ്ക്കാത്ത മനസ്സിന്റെ
മതിലിനുള്ളിൽ "അമ്മ " യും
കണ്ണീർ ചാലുകളാകുന്നു.
പക  കൊണ്ടും സ്വാർത്ഥത കൊണ്ടും തിമിരം ബാധിച്ച പതിയേ അന്ധയായി  അനുയാത്ര ചെയ്തതിൽ  കുറ്റബോധമുള്ള ഗാന്ധാരിയും
കുന്തീ സുതനാണ് കർണ്ണനെന്നറിഞ്ഞ മുതൽ എന്നെന്നേക്കുമായി ഉറക്കം
നഷ്ടപ്പെട്ട പാഞ്ചാലിയും
കണ്ണീർ ഉറഞ്ഞവർ തന്നെ.
രക്തബന്ധത്തിൽ അധിഷ്ഠിതമായ ഗോത്ര ജീവിതത്തിന്റെ അടരുകൾ സൂക്ഷിക്കുന്ന രണ്ടാമൂഴക്കാരനും മുറിവോർമ്മയാണ്.
അന്തർജ്ജനത്തിന്റെ കുഞ്ഞാത്തലമ്മയും ,
വി.ടിയുടെ സാവിത്രിയും അഗ്നി സ്ഫുലിംഗങ്ങളായി ശോഭിക്കുന്നു.
 ചുടല മുത്തുവും ,കോരനും തല ഉയർത്തി തന്നെ നിൽക്കുന്നു .ജീൻ വാൽ ജീനും കരമസോവു സഹോദരന്മാരും നിലനിൽപ്പിന്റെ പോരാട്ടത്തിലാണ് .
അതിരണി പാടത്തെ ശ്രീധരനും , കൂമൻകാവിൽ ബസ്സിറങ്ങിയ രവിയും
മയ്യഴിയിലെ പപ്പനും ,
വിലപിക്കുന്ന കേശവനും ,
നിസ്സഹായനായ കുന്ദനും 
തെളിഞ്ഞ ഓർമ്മകൾ .
"ജീവൻ മശായ് " സ്വന്തം മരണം കൂടി പ്രവചിച്ചു കഴിഞ്ഞു.
"മക്കോണ്ട "ഗ്രാമക്കാരെ പോലെ ഒന്നും ഓർക്കാൻ കഴിയുന്നില്ല
കാലം കോറിയിട്ട മുറിവുകൊണ്ടാവാം.
ഒന്നു മുങ്ങി നിവർന്നതിന്റെ
നനവു  മാത്രമാണ്  ബാക്കി .  !!!
**********

ഇല്ല, വായന മരിക്കുന്നില്ല ...
ജസീന ടീച്ചർ
 വായനയുടെ ഉന്മാദത്തിലേക്ക്    വിദ്യാലയ ഹൃദയങ്ങൾ തുറക്കപ്പെടട്ടെ.. ടോം സ്വയറും ഹക്കിൾബെറിഫിന്നും നിങ്ങളെ കാത്ത് ചായവും പേറി സെന്റ് പീറ്റേർസ് ബർഗിലെ വീട്ടുവേലിയ്ക്കരിയിൽ നിൽപ്പുണ്ടാവും.. മുയൽക്കുട്ടനൊപ്പം അത്ഭുതലോകത്തിലെത്തിയ ആലീസ് കുടിച്ച മാന്ത്രികമരുന്നു കുടിച്ച് നമുക്കും അവളോടൊപ്പം ചെറുതായി.. ചെറുതായി.. കരയുമ്പോൾ കണ്ണീർക്കുളത്തിൽ വീണ്.. പൂവുകളുടെ വർത്തമാനം കേട്ട് .. പാതി മയക്കത്തിൽ മുങ്ങി കിടക്കാം..
ഇരുവശവും മുടി പിന്നിക്കെട്ടിയ വിടർന്ന കണ്ണുകളുള്ള ആ കുസൃതിക്കാരി ടോട്ടോച്ചാൻ ക്ലാസുമുറിയുടെ ജാലക വാതിലിൽ ഇപ്പോഴും നിൽക്കുന്നുണ്ട്.. വഴിയോരപ്പാട്ട്കാരെ തേടി... പ്രാണസങ്കടങ്ങളെ കോറിയിട്ട
കിറ്റിയെന്ന ഡയറിയെ കോൺസൺട്രേഷൻ ക്യാമ്പിൽ വിട്ട് മരണത്തിന് കൂട്ടു പോയ ആൻ ഫ്രാങ്കിനെ മറന്നുവോ..
പ്രാണനാഥനെ കഥകൾകൊണ്ട് മയക്കിയ ഷഹർസാദ് ഇപ്പോഴും പുതിയ കഥകൾ പറയുന്നത് കേൾക്കുന്നില്ലേ.. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ നിന്നുമിറങ്ങി കൈകോർത്ത് പിടിച്ച് വരുന്ന നാറാണത്തു ഭ്രാന്തനും കായംകുളം കൊച്ചുണ്ണിയും കാളിദാസനും കാക്കശ്ശേരിയും എത്ര ആഹ്ലാദത്തിലാണ്...
ആരോഗ്യനികേതനത്തിന്റെ ഉമ്മറത്ത് ജീവൻ മശായ് നിറഞ്ഞ ചിരിയോടെ നാഡിമിടിപ്പ് പരിശോധനയിലാണ്.. സ്നേഹവും കാരുണ്യവും നിറച്ച് ജീൻ വാൽ ജീനെ നന്മയിലേക്ക് നയിച്ച ബിഷപ്പെവിടെ..?
കളിഭ്രാന്തകാരൻ സൂരി നമ്പൂതിരിപ്പാടിനോട് ശുണ്ഠിയെടുക്കുന്ന ആ തന്റേടക്കാരി ഇന്ദുലേഖയെ തന്നെ കണ്ടു പഠിക്കണം.. വേണമെങ്കിൽ ആ കുടമൺ പിള്ളയുടെ മരു മകൾ സുഭദ്രയെയും കൂട്ടിക്കോ..
നീർമാതളത്തിന്റെ സുഗന്ധമിപ്പോഴും കാറ്റിൽ തങ്ങിനിൽക്കുന്നുണ്ട്..വയലാലിൽ വീട്ടുമുറ്റത്തെ ഗ്രാമഫോണിലെ സോജാ രാജകുമാരീ.. പാട്ട് ഇപ്പോഴും പാടുന്നത് സുൽത്താന് വേണ്ടി മാത്രമാണ്...ശ്രീധരൻ അതിരാണിപ്പാടത്തുന്ന് മടങ്ങാത്തതെന്താണ്..? നമ്മളെത്തും വരെ ഖസാക്കിലെ കവലയിൽ കാത്തുനിൽക്കാമെന്ന് രവി ഉറപ്പു തന്നിട്ടുണ്ട്.. വെള്ളിയാംകല്ലിലെ തുമ്പികൾക്ക് ചന്തംകൂടിയിട്ടേയുള്ളൂ.. ഉമ്മാച്ചു പഴയതിനെക്കാൾ ഒന്നു മിനുങ്ങിയിട്ടില്ലേ..?!
      എന്നും ഒരേ പ്രായമാണ് നമ്മുടെ പ്രിയ കഥാപാത്രങ്ങൾക്ക്.. വായിച്ചു.. വായിച്ച് ... നമുക്ക് വയസായാലും മങ്ങാതെ മായാതെ.. എന്നും നമുക്കൊപ്പം..
വായന മരിക്കുന്നില്ല..
വായനയുടെ പൂന്തോട്ടങ്ങളിൽ നറു വസന്തം കൺമിഴിക്കയായി..
**********

കാണാക്കാഴ്ചകൾ
ഷീബ ദിൽഷാദ്
കുറച്ചുപേർക്ക്  പ്രാധാന്യം കിട്ടുന്നുണ്ട്
കവിതയിൽ
കഥയിൽ
ഗ്രാമങ്ങളിൽ
പട്ടണങ്ങളിൽ
കുറച്ചു  പേർ  അടിമകളാവുന്നു
കുറച്ചു പേർ  സ്വയം പ്രഖ്യാപിത സമ്രാട്ടുകളും
ഇന്നാണ് ഒരു ബാലന്റെപൊള്ളിയടർന്ന പൃഷ്ഠം  കാഴ്ചയെ മറച്ചത്
ഇന്നലെയാണ്  ദളിതയായ ഒരുവളുടെ
മൃതദേഹം ഒരു സൈക്കിൾ  സ്റ്റാൻഡിൽ
വച്ചു കെട്ടി
വിതുമ്പുന്ന ഒരു കുട്ടി
കറുത്തു മെലിഞ്ഞവൻ
വിശന്നു വലഞ്ഞവൻ
ആരുടേയും ഹൃദയത്തെ തൊടാതെ
മറഞ്ഞു പോയത്
അവൻ വളരെ സാവകാശം നടന്നു പോവുകയായിരുന്നു
ആളുകൾ  വളഞ്ഞു  നിന്ന് രണ്ടു മൂന്നുപേരെ
ഇരുമ്പു വടികൾ കൊണ്ട് മർദ്ദിക്കുന്നത്
പൊലീസ്സ്റ്റേഷനിൽ വച്ച്
പെണ്ണുങ്ങൾ  തല്ലു കൊള്ളുന്നത്
എല്ലാ കാഴ്ചകളും കൺമുന്നിലൂടെ
കടന്നു പോകുന്നു
ആരുടേയും പ്രതികരണങ്ങൾക്കോ
സഹതാപത്തിനോ കാത്തുനിൽക്കാതെ
നിയമം
പലതരത്തിൽ നമ്മെ അത്ഭുതപ്പെടുത്തുന്നു
നീതി
കിരാതമായ പടവുകൾ ഇറങ്ങി
ഇരുട്ടുമുറികൾക്കുമുമ്പിൽ അവസാനിക്കുന്നു
ഇരുമ്പു ചുറ്റിക ആഞ്ഞടിക്കുന്ന
ഒച്ച
അവസാനത്തെ കോടതിയിൽ
വാദിയുടെ ഭാഗത്തെ മാത്രം
വിസ്തരിക്കാം
പ്രതിയുടെ ശിക്ഷ  നേരത്തേ  തീരുമാനിച്ചതാണല്ലോ !
**********

പൂശാലി
റൂബി നിലമ്പൂർ     .                                      
തെങ്ങ് കയറാൻ വരുന്ന വേലായുധേട്ടന് ഇളനീരു പോലത്തെ ചിരിയാണ്. തളപ്പിട്ട് തഴമ്പേറിയ ദേഹത്തിനുളളിൽ കാമ്പ് മൂക്കാത്ത വെളുത്ത ഇളനീരിന്റെ മനസ്സാണ്.  വേലായുധേട്ടന്റെ അനുജനാണ് കോമരംതുള്ളുന്ന പ്രഭാകരേട്ടൻ.                            
അരനൂറ്റാണ്ടിനിപ്പുറം പൂശാലി പ്രഭാകരനെ മറന്നുതുടങ്ങിയ മണ്ണിലേക്കാണ് ഞാൻ വണ്ടിയോടിച്ച് ചെന്നെത്തിയത്. പൂശാലി പ്രഭാകരന്റെ  'കലങ്കരി' ഉത്സവത്തെ കൊണ്ടാടിയ ഒരു ഗ്രാമം ഞരമ്പുകളിലൂടെ തലമുറകളിലേക്ക് പകർന്ന വിശ്വാസത്തിന്റെ വേരുകളാവാം ആ വഴികളിലെന്നെ ആർദ്രമായ് പിടിച്ചുനിർത്തിയത്. പ്രഭാകരേട്ടനെ ഓർക്കുമ്പോൾ ഇന്നും ഉള്ളിൽ ഭയത്തിന്റെ ഒരാരവം മുഴങ്ങുന്നുണ്ട്.  കലംകരിയുത്സവത്തിന്റെയന്ന് അന്നോളം ആരും കാണാതെ കെട്ടിവെച്ച നീണ്ട മുഴിയഴിച്ചിട്ട് കാലിൽ ചിലമ്പിട്ട് അരയിൽ ചുവന്ന പട്ട്ചുറ്റി തിളങ്ങുന്ന വാളോങ്ങിനിൽക്കുന്ന പ്രഭാകരേട്ടൻ . കാൽത്തളക്കൊപ്പം വാൾപ്പിടിയിലെ ചിലക്കുന്ന ചിലമ്പുമണികൾ കിലുക്കി പ്രഭാകരേട്ടൻ ഉറഞ്ഞുതുള്ളുമ്പോൾ അഴിച്ചിട്ട മുടി പ്രഭാകരേട്ടന്റെ അരയും കവിഞ്ഞ് മുട്ടോളമെത്തും. രണ്ടുകാലിൽ പെരുവിരൽകുത്തി പ്രഭാകരേട്ടൻ തുള്ളും. നെറ്റിയിലൂടൊഴുകുന്ന ചോരച്ചാലുകളിലേക്ക് വിറച്ചുകൊണ്ട് ചിരുതേയി മഞ്ഞൾപ്പൊടി വിതറും.
ഇരുട്ട്കീറി ആകാശത്ത്മുട്ടി അമിട്ടുകൾ പൊട്ടുമ്പോൾ കൊട്ടും കുഴലൂത്തും മുറുകും. ചെണ്ടമേളക്കാരുടെ കുപ്പായമിടാത്ത മേനിയിലൂടെ വിയർപ്പ് പെയ്തൊഴുകും. കുഴലൂത്തുകാരന്റെ കവിളുകൾ വീർത്ത് വിങ്ങും. തൊണ്ടയിലെ നീലഞരമ്പുകൾ ചിർത്ത് പൊട്ടാറാവും.  ഇരുട്ട് പ്രഭാകരേട്ടനെ ചുവപ്പിക്കും!  പ്രഭാകരേട്ടൻ ഉടൽ മറന്ന്  ഉറഞ്ഞുതുള്ളും. മരക്കൊമ്പുകളിൽ ഞാത്തിയിട്ട ഗ്യാസിന്റെ വിളക്കുകൾ ഇളിച്ചു കാണിച്ച വെളിച്ചംകൊണ്ട് അത്താണിക്കുന്ന് ആകാശംപോലെ വെളുത്തിട്ടുണ്ടാവും. താലങ്ങളേന്തിയ പെൺകുട്ടികളുടെ കരിമഷിയിട്ട കണ്ണുകളിൽ നിലവിളക്കുകൾ നിഴലിക്കും. ശാന്തനായ പ്രഭാകരേട്ടന്റെ മുഖമപ്പോൾ തീർത്തും അപരിചിതമായിത്തോന്നും.  ഉറഞ്ഞുതുള്ളുന്ന പ്രഭാകരേട്ടനിൽനിന്ന് കുടിയേറിയ ദേവിയുടെ വെളിപാടുകൾ കൽവിളക്കുകളിലേക്ക് ചിതറിത്തെറിക്കും.                 
അപ്പോൾ മണ്ഡപത്തിനു ചുറ്റും ആ ഗ്രാമം മുഴുവൻ ഒരേഭാവം പുതച്ച് തിങ്ങിനിറഞ്ഞിട്ടുണ്ടാവും. ഭക്തിയുടെ  നേർത്തചരടിൽ അവിടം ഉത്സവചരായയണിയും'  തെക്കേലെ അവറുമാപ്ല കരിങ്കുട്ടിച്ചാത്തനും കോരന്റെ കെട്ട്യോള് നങ്ങേലി ചേക്കുട്ടിപ്പാപ്പാക്കും ഉഴിഞ്ഞിട്ട പൂവൻകോഴികളെ ഒറ്റവെട്ടിന് കുരുതികഴിച്ച് മണ്ഡപത്തിനു പുറത്തേക്ക് ബദ്ധപ്പാടോടെ മാറ്റുന്നുണ്ടാവും. അന്ന് നേർച്ചക്കോഴികളൊരുപാട് ചോരയിറ്റിച്ച് നീട്ടിക്കൂവും. പ്രഭാകരേട്ടന്റെ നെറ്റിയിൽ നിന്നെന്നപോലെ കോഴിച്ചോരയും മണ്ഡപത്തിന്റെ മുറ്റത്ത് ചുവന്ന ചിത്രങ്ങൾ കോറി വരയ്ക്കും.                                            
ഉമ്മുമ്മയും ഉമ്മാച്ചുത്താത്തയും കുട്ടിച്ചാത്തന് ഉഴിഞ്ഞിട്ട ചേക്കോഴികൾ  ബാലേട്ടന്റെ കയ്യിലാണ് കൊടുത്തയക്കുന്നത്. ആദ്യമായി ബാലേട്ടന്റെ തോളത്തിരുന്നാണ്  ഞാനീ കാഴ്ചകളെല്ലാംകാണുന്നത്. അന്ന് ഭയന്ന് വിറച്ച് കണ്ണുകൾ ഇറുക്കെച്ചിമ്മി. അന്ന് മുഴുവൻ കരഞ്ഞു കെഞ്ചിയിട്ടാണ് ഉമ്മുമ്മ സമ്മതം തന്നത്. ആരുംകാണാതെ കോണിച്ചോട്ടിലിട്ട് കാശിത്തൊണ്ട് പൊട്ടിച്ചു.  അറ്റത്ത് ബലൂണുള്ള പീപ്പി ബാലേട്ടൻ വാങ്ങിത്തന്നു. അത് നീട്ടി വിളിച്ചപ്പോൾബാലേട്ടൻ ചിരിച്ചു. ബാലേട്ടന്റെകോങ്കണ്ണുള്ള  മുഖത്തിനും ചന്തമുണ്ടെന്ന് എനിക്കപ്പോൾ തോന്നി. നിരന്നിരിക്കുന്ന വഴിവാണിഭക്കാരുടെ കുട്ടകളിൽ കളിപ്പാട്ടങ്ങളും കുപ്പിവളകളും ബഹളം വെച്ചു. ഉമ്മുമ്മ എണ്ണിക്കെടുത്ത കാശുകൊണ്ട് ഹലുവയും പൊരിയും വാങ്ങി ബാലേട്ടൻ. സതീശന്റെ അച്ഛനാണ് ബാപ്പയില്ലാത്ത മൈമൂനാന്റെ മെലിഞ്ഞകയ്യിൽ ചുവന്ന കുപ്പിവള ഇട്ടു കൊടുത്തത്.      
വലിയകണ്ണുകളിൽ കൺമഷി വരച്ച് പച്ച നിറത്തിലുള്ള വലിയ പാവക്കുട്ടികൾ നീളത്തിൽ തൂങ്ങിക്കിടക്കും. തൊട്ട്നോക്കാൻ കൊതിതോന്നും ബാലേട്ടൻ കൈ പിടിച്ച് വലിക്കുമ്പോഴും എന്റെ കണ്ണ് അവരുടെ ഇളകാത്ത കൈകാലുകളെ നോക്കി സങ്കടപ്പെടുകയാവും. ഒരു കമ്പിന്റെ അറ്റത്ത് വിടർത്തിയാൽ വിരിയുന്ന വയലറ്റ് കടലാസ്പൂവ് മാളൂന്റെ ഉപ്പയാണ് വാങ്ങിത്തന്നത്. മാളൂന്റെഉപ്പ അവളുടെ ഉമ്മാക്ക്  കടുംപച്ച കുപ്പിവള വാങ്ങുന്നത് ഞാൻ കൊതിയോടെ നോക്കി നിന്നു. ഉമ്മച്ചിയുടെ വെളുത്തുതുടുത്ത കൈത്തണ്ടയിൽ സ്വർണ്ണവളക്ക് പകരം കിലുങ്ങുന്ന കുപ്പിവളകൾ ഇട്ടാൽ നല്ല ചേലുണ്ടാവുമെന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
ബാലേട്ടൻ കോങ്കണ്ണുരുട്ടി. ഉപ്പ ഓഫീസിൽ നിന്നു് വിട്ടിലെത്തുംമുമ്പേ തിരിച്ചെത്തണം. ഇല്ലെങ്കിൽ വഴക്കും ബഹളവുമാവും . ഉപ്പ ഒന്നിനും സമ്മതിക്കില്ല. കരിങ്കുട്ടിയെപറഞ്ഞ് ബാലേട്ടൻ ബേജാറാക്കി.
പണിക്കര് ചേക്കുട്ടിപ്പാപ്പാക്ക് നേർച്ചയിട്ട അങ്കവാലൻ കുരുതിക്കളത്തിൽനിന്ന് കൂവിപ്പറന്ന്  എങ്ങോട്ടോ പാഞ്ഞു. രാവേറെക്കഴിയുമ്പോൾ ചെണ്ടമേളക്കാരും പ്രഭാകരേട്ടനും ഒരുപോലെ തളർന്നിട്ടുണ്ടാവും.  ഒന്നൂടെ മുറുക്കിക്കൊട്ടി മണ്ഡപം വലം വെച്ച് പ്രഭാകരേട്ടനെ ഉള്ളിലേക്ക് ആനയിക്കും. അപ്പോഴൊക്കെയും തികഞ്ഞ നിസ്സംഗതയോടെ അത്രമേൽ നിഷ്കളങ്കതയോടെ ക്ഷീണിച്ച മുഖവുമായി ഓരം പറ്റി നിൽപ്പുണ്ടാവും വേലായുധേട്ടൻ. തേങ്ങാച്ചകിരിയുടെ, പച്ചോലയുടെ മണമാണ് വേലായുധേട്ടന്. മിത ഭാഷിയായിരുന്നു പണ്ടേ. പതുക്കെപ്പറയുന്ന ഇത്തിരി  വാക്കുകളിൽ ഒരു ആയുസിന്റെ ദൈന്യത അപ്പാടെ പതിഞ്ഞു കിടപ്പുണ്ടാവും.
വിറച്ചുപിറച്ച് ഒടുവിൽ കുരുതിക്കളത്തിൽ ബോധംകെട്ട് മറിഞ്ഞുവീഴുന്ന ചിരുതേയിയെ ഓലക്കുടിലിനുള്ളിൽ വിരിച്ച തഴപ്പായിലേക്ക് താങ്ങിയെടുത്ത് കിടത്തുമ്പോൾ വേലായുധേട്ടൻ നിസ്സംഗതയോടെ തലതാഴ്ത്തി ഭാര്യയെ നോക്കിയിരിക്കും.  ഋതുക്കൾ ചവിട്ടിമെതിച്ച് കടന്നുപോയ അവരുടെ മെലിഞ്ഞ ഉടലിൽ ഞരമ്പുകൾ തളർന്നു മയങ്ങും,. ബാധകേറിയതാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇടക്കിടെ അവർ മരിച്ചുപോയ ഏകമകളുടെ പേര് ചൊല്ലിവിളിച്ച് ആർത്തുകരയും.. ബോധമണ്ഡലത്തെ മാനസിക വിഭ്രാന്തിയുടെ കടുംചായങ്ങളിലേക്ക് ചേർത്ത് വരയ്ക്കും.  വേദനയുടെ നിലയില്ലാക്കയങ്ങളിൽ മുങ്ങിമുങ്ങി ഭൂമിയുടെ അറ്റങ്ങളോളം അവർ മകളെ തിരയും.
ആ കഥ കളിയമ്മയാണ് പണ്ട് പറഞ്ഞു തന്നത്. ദേവകി അതീവ സുന്ദരിയായിരുന്നുവെത്രെ. പ്രായത്തേക്കാൾ കവിഞ്ഞ വളർച്ച. ഏറെയൊന്നും പഠിക്കാൻ വിട്ടില്ല. വീട്ടുപണിക്ക് അയച്ചു ചിരുതേയി അവളെ. വേലായുധേട്ടനെപ്പോലെ പഞ്ചപാവമായിരുന്നുവെത്രെ അവളും.  വർഷങ്ങൾ ചിലത് കഴിഞ്ഞു. പൂശാലി പ്രഭാകരന്റെ കലംകരിയുത്സവം കൂടുതൽ ആഘോഷങ്ങളോടെ നാട് കൊണ്ടാടി.  അങ്ങിനെയൊരു ഉത്സവ നാളിലെ നിറകൊണ്ട പാതിരാക്കാണ് ദേവകിയെ കാണാതായത്.
വെളിച്ചങ്ങളുടെയും ശബ്ദഘോഷങ്ങളുടേയും മേളത്തിനിടയിൽ ഒരു പാവം പെണ്ണിന്റെ തൊണ്ട ചിതറിയ കരച്ചിൽ മുങ്ങിപ്പോയ ദിവസം. നാടോടികളായ വഴിവാണി ഭക്കാരുടെ ഉറക്കമിളച്ച് ചുവന്ന കണ്ണുകളെ മറച്ച് .....ദേവീമാഹാത്മ്യം പാടിയ കോളാമ്പിയുടെ ശബ്ദഘോഷങ്ങളെ മറച്ച്.....വാശിയേറിയ ലേലം വിളിയുടെ ആക്കത്തൂക്കങ്ങളെ മറച്ച്...... വെടിവരുന്നിന്റെ ആയിരം കണ്ണുള്ള വർണ്ണ വെളിച്ചങ്ങളെ മറച്ച് ........ഇരുട്ടിന്റെ ചുരുളുകളിലേക്ക് ആരോ വായ് പൊത്തിപ്പിടിച്ച് എടുത്തുകൊണ്ട് പോയതായിരുന്നുവോ അവളെ ? ഊഹാപോഹങ്ങൾ ഒരുപാടുണ്ടായി. പല നിറങ്ങളിലുള്ള കഥകളും ഉപകഥകളും പിറന്നു.
ഉത്സവത്തിനു വന്ന നാടോടിക്കച്ചവടക്കാരന്റെ കൂടെ ദേവകി ഒളിച്ചോടിയെന്നും ഇടയ്ക്കിടെ അയാൾ ചാന്തും കുപ്പിവളകളുമായി അവളെ കാണാൻ വരാരുണ്ടെന്നും ആരൊക്കെയോ ഊഹംവെച്ചു വിളമ്പി. എല്ലാം കേട്ട് ചെമ്പകച്ചുവട്ടിൽ  നെഞ്ചകം തകർന്ന് വേലായുധേട്ടൻ കണ്ണീരില്ലാതെ കരഞ്ഞു.
മൂന്നാം ദിവസം സന്ധ്യക്ക് ചോലക്കാട്ടിലെ പാറക്കുഴിക്കരികെ ഇടുങ്ങി ഒഴുകിയ ഒരു നീർച്ചാലിൽ കാറ്റിൽ വീണ ഒരിലപേലെ  ദേവകി കിടന്നു. വെളുത്ത കൈകാലുകളിൽ വരിഞ്ഞു മുറുക്കി നീലിച്ച അടയാളങ്ങൾ മാത്രം ബാക്കിയാക്കി. ....! മുറിവുകളിലെ ചോരപ്പാടുകളത്രയും നീർച്ചാലിലെ നേർത്ത ഒഴുക്കിലേക്ക് അലിഞ്ഞു ചേർന്നിരുന്നു.
കുറെ നാൾ പോലീസ് ജീപ്പുകൾ അത്താണിക്കുന്നിലേക്ക് ഇരമ്പിപാഞ്ഞു. ആരെയൊക്കെയോ ചോദ്യം ചെയ്തു. ആരൊക്കെയോ കനത്ത ബൂട്ടിന്റെ ചവിട്ടുകൊണ്ടു. കുറെ കഴിഞ്ഞപ്പോൾ അതും നിറംകെട്ട് തേഞ്ഞുമാഞ്ഞു.
കാലങ്ങളോളം കലംകരിയുത്സവത്തിന്റെ തണുത്ത പാതിരക്ക്  ചോലക്കാട്ടിലെ പൊന്തക്കാടുകളിൽനിന്ന് ഒരു പെണ്ണിന്റെ കരച്ചിൽ കേൾക്കാറുണ്ടായിരുന്നുവെത്രെ . അന്ന് പാറക്കുഴിയിലെ ഒഴുകുന്ന വെള്ളത്തിന് നേരിയ ചുവപ്പുനിറം പടരാറുണ്ടായിരുന്നുവെത്രെ.
മടക്കയാത്രയിൽ കൂടെ വന്ന പയ്യൻ കാണിച്ചുതന്നു പൊളിഞ്ഞടർന്ന കുരുതിത്തറയും മണ്ഡപത്തിനെ ചാരി നിന്നിരുന്ന ഇലഞ്ഞി മരവും മാത്രം ബാക്കിയായ ചിത്രം.
പ്രഭാകരേട്ടന് സുഖല്ലാണ്ടായപ്പോ നോക്കാൻ ആളില്ലാതായി. ഉത്സവം നടത്തി കടം കയറി വീട് ബാങ്കുകാര് കൊണ്ടുപോയപ്പോൾ കിടപ്പ് ഹൈദരിക്കാന്റെ പീടികച്ചായ്പ്പിലേക്കു മാറ്റി. ഒടുക്കം തൊണ്ടയിലെ മുഴപൊട്ടി ചോരയിറ്റിച്ച് ബോധല്ല്യാണ്ടെ കെടന്നപ്പോ  ഹൈദരിക്കാന്റെ കെട്ട്യോള് കുൽസുത്തയാണ് കഞ്ഞീന്റെ ബെളളം കൊട്ത്ത് നോക്ക്യേത്.'
കവലയിൽ അവനെ ഇറക്കി ഓരോ ഇളനീര് വാങ്ങികുടിച്ചപ്പോ ഓർത്തു! 'ഇളനീരിനിപ്പോഴും വേലായുധേട്ടന്റെ മണമാണ്.......!!'
**********👇🏻

ഇളനീർ മാധുര്യം പകർന്ന കഥ
അസ്ലം തിരൂർ
"പൂശാലി "പേരിലെ  ഈ ഗ്രാമീണച്ചുവ തന്നെയാണ് സത്യത്തിൽ കഥ വായിക്കാൻ പ്രേരണയായത്.... റൂബി നിലമ്പൂരിനെ ജീവിതത്തിന്റെ നവരസങ്ങളെ കവിതയാക്കുന്നവൾ എന്ന നിലയിൽ ഏറെ വായിച്ചിട്ടുണ്ട്. കഥാകൃത്തെന്ന വേഷത്തിൽ ഈയുള്ളവന് ആദ്യ കാഴ്ചയാണ് "പൂശാലി"
 ഇളനീരിന്റെ തെളിമയുള്ള ചിരിയും മനസ്സുമുള്ള വേലായുധേട്ടന്റെയും, കോമരം തുള്ളുന്ന അനുജൻ പ്രഭാകരന്റെയും ജീവിതം പറഞ്ഞു  തുടങ്ങുന്ന കഥ "കലംകരി" യുത്സവത്തിന്റെ ഭക്തിനിർഭരമായ ആരവത്തിലേക്ക് നമ്മെ കൈ പിടിച്ചു നടത്തുന്നു...
ഗ്രാമവിശുദ്ധിയുടെ നിഷ്കളങ്കമായ പോയ കാലം കഥയിലുടനീളം ഗ്രാമീണരുടെ ഇളനീർ തെളിമയുള്ള മനസ്സ് വരച്ചിടുന്നു... ഇരുട്ട് കീറി ആകാശത്ത് മുട്ടി അമിട്ടുകൾ പൊട്ടിത്തുടങ്ങുന്ന ഉത്സവാന്തരീക്ഷത്തിലൂടെ മതി മറന്നു നടന്നു നടന്ന്... വിറച്ചു വിറച്ചു കുരുതിക്കളത്തിൽ വേലായുധേട്ടന്റെ ഭാര്യ "ചിരുതേയി"  ബോധംകെട്ടു വീഴുന്നിടം വരെ നാമെത്തുമ്പോഴേക്കും മനസ്സിൽ അതിരുകളും മതിലുകളുമില്ലാത്ത മനുഷ്യർ ഏറെയുള്ള ഒരു ഗ്രാമീണച്ചിത്രം കഥയിലുടനീളം നമുക്ക് കാണാനാവും...
ബാലേട്ടന്റെ തോളത്തിരുന്ന് ഉത്സവം കാണുന്ന മുസ് ലിംകുട്ടിയും, ബാപ്പയില്ലാത്ത മൈമൂനയുടെ കയ്യിൽ വളകളണിയിക്കുന്ന സതീശന്റെ അച്ഛനുമൊക്കെ മാനവസ്നേഹം പൂത്തുലഞ്ഞു നിന്നിരുന്ന  പുഷ്കല കാലം മനസ്സിലെത്തിക്കും....
ഉത്സവമേളത്തിന്റെ ആരവങ്ങൾക്കൊടുവിൽ ചിരുതേയിയുടെയും വേലായുധേട്ടന്റെയും മകൾ ദേവകിയിലേക്കെത്തുമ്പോൾ... വായനക്കാന്റെ നെഞ്ചിൽ  വേദനയുടെ ഒരു തീക്കനൽ കോരിയിട്ട് കഥാകൃത്ത് വിടവാങ്ങുമ്പോഴും ,നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമവിശുദ്ധി ഇളനീരിന്റ തെളിമയോടെ മനസ്സിൽ തെളിഞ്ഞുതന്നെ നിൽക്കും.
ഭാഷയുടെ ലാളിത്യം കൊണ്ടും കഥ പറയുന്ന രീതി കൊണ്ടും ഒറ്റ ഒഴുക്കിൽ വായിച്ചു പോകാവുന്ന സുന്ദരമായ ഒരു കഥ.
"പൂശാലി" മനസ്സുകളെ ആർദ്രമാക്കും.... തീർച്ച.
**********

ഒറ്റകളുടെ യാത്ര
സ്വപ്നാ റാണി
തണൽ മരങ്ങളൊക്കെയും
വെട്ടിമാറ്റപ്പെട്ട
വഴിയരികിലൂടെയാണ്
അവർ നടന്നത്.
ഇരുൾ വീണ വാനത്തിന്റെ
തുണ്ടടർന്ന്
മനസ്സിലെവിടെയോ
പതിച്ച പോലെ
ഒരു നടുക്കം.
വിരലറ്റങ്ങൾ തമ്മിൽ
ചുംബിക്കുമ്പോൾ
സ്നേഹഗീതങ്ങൾ
വറ്റിപ്പോയതിന്റെ
ഊഷരതയാണ് നിറഞ്ഞത്.
ആർക്കാണ് അവരുടെ
കണ്ണിലെ നക്ഷത്രങ്ങൾക്ക്
തിരികൊളുത്താനാവുക.?
നിലാവിന്റെ മൂടുപടം കൊണ്ട്
വഴിയിലെ ചുടു വേനലിനെ
മറച്ചു പിടിക്കാൻ കഴിയുക?
ഒറ്റയാകലിന്റെ ആഴങ്ങളിൽ നിന്ന്
മന്ത്രജപങ്ങളാൽ,
ഇന്ദ്രജാലങ്ങളാൽ
പുറത്തു കടത്താനാവുക!
**********

പെയ്തു തീരാതെ
ശ്രീലാ അനിൽ
മഴക്കാലമെങ്കിലും പെയ്യാൻ മറക്കുന്ന
ഘനമേഘമെന്നിൽ ഉറയുന്നതറിയുന്നു
തിങ്ങിനിൽക്കും മഴക്കാറിന്റെ ഉൻമത്ത സാന്നിദ്ധ്യമേറെ ഞെരുക്കുന്ന സന്ത്രാസമാകുന്നു
ഇടയ്ക്കൊന്നു പെയ്തു നിറയണം
ആർത്തലച്ചാർത്താർത്തു തീരണം
കലങ്ങി ഒഴുകണം

ഉള്ളിലുറയുന്ന ശ്യാമമേഘങ്ങളേ
ഏത് ശീതക്കാറ്റിലേതാ- ലിംഗനത്തിനൊടുവിലായ്
തീരാത്ത തുള്ളിപ്പെരുക്കമായ്
പെയ്യുവാനാണു നീ കാതോർത്തു നിൽക്കുന്നു?
 ഇടക്കിടെപ്പുഞ്ചിരിച്ചെത്തുന്ന പൊൻവെയിൽ നാളങ്ങൾ നിന്നുള്ളിലും ചെറുനാളങ്ങൾ നീട്ടുമോ?

വിങ്ങി നിൽക്കുന്നൊരീ തപ്തമേഘങ്ങൾ തൻ
ആർത്ത പ്രളയത്തിൽ ഏതേതു മായിക മേലാപ്പൊലിച്ചിടാം?
**********

ചിലന്തിവലകൾ
ധന്യ നരിക്കോടൻ

പത്താംക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയുമായി ആശുപത്രി വരാന്തയിൽ
ഗൈനക്കോളജി ഡിപ്പാർട്ടുമെന്റിന്റെ ബോർഡു തൂങ്ങിന്നിടത്ത് കാത്തിരിക്കേണ്ടി വന്ന ഒരച്ഛനെക്കുറിച്ച് നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ...?

ആ കുട്ടിയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിയാൽ തിരയിളകാത്ത കടൽ കാണാം..
ചിറകെട്ടി നിർത്തിയതുപോലെ എപ്പോൾ വേണമെങ്കിലും പൊട്ടിയേക്കാവുന്ന വലിയ തടാകം കാണാം..

അയാളുടെ കണ്ണുകളാവട്ടെ മലമുകളിൽ നിന്നും ദൂരദർശിനിയിലൂടെ ആകാശം കാണുകയും നക്ഷത്രങ്ങളുടെ പ്രകാശത്തെക്കുറിച്ച് വാചാലമാകുകയും ചെയ്യുമെങ്കിലും സ്വപ്നങ്ങളുടെ സഞ്ചാരപാത ഒരു ലാബ് റിപ്പോർട്ടിന് മുന്നിൽ മുറിഞ്ഞു തീരും..

മോള് ഏത് ക്ലാസ്സിലാണെന്ന ഡോക്ടറുടെ ചോദ്യത്തിന് മുന്നിൽ അച്ഛൻ വളഞ്ഞു ഒരു ചോദ്യചിഹ്നമാകും..

പതിനഞ്ചാം വയസിലൂടെ ഒരു വാൽനക്ഷത്രമായി സൂര്യനെ വലംവച്ച് ഭൂമിയിലേക്ക് ശരവേഗത്തിൽ പതിക്കുന്നത് വേദനയോടെ ഓർക്കും...

ശീതീകരിച്ച അകമുറിയിൽ വിയർപ്പുകണങ്ങളൊപ്പാൻ പാടുപെടുന്നൊരാളിലേക്ക് വാക്കുകൾ അസ്ത്രം കണക്കെ പാഞ്ഞു ചെല്ലും..

പത്താംക്ലാസുകാരിയുടെ കുഞ്ഞുദരത്തിൽ പുതിയൊരു ജീവന്റെ തുടിപ്പുണ്ടെന്ന വാമൊഴിയുടെ അറ്റത്ത് അയാളുടെ ലോകമസ്തമിക്കും..

മകളുടെ ശലഭച്ചിറകിലെ ചിത്രവർണ്ണങ്ങളെ പൊടുന്നനെ ഒരു തീപ്പന്തം കരിയിച്ചു കളയും...
ബാധകയറിയവരെപോലെ ഒരു ചുഴിയിൽ കിടന്ന് അവർ പരസ്പ്പരം കെട്ടിപ്പിടിക്കും...
ജീവിതത്തിന്റെ ആഴങ്ങളിലേക്ക് തിരിച്ചു കയറാനാവാതെ കുഴങ്ങും..

അപ്പോഴും അടുത്ത ഗർഭഗൃഹങ്ങൾ തേടി ചില ഉദ്ധാരണങ്ങൾ വല വിരിക്കുന്നുണ്ടാകും...
പെൺകുട്ടികളുള്ള ചില  മാതാപിതാക്കൾ ആശുപത്രി വരാന്തകളിലിരുന്ന് കുഞ്ഞുകരച്ചിലുകളുടെ ദുഃഖം പേറി മരവിക്കും...

നിലവിളികളിൽ രണ്ടു ജീവനുകൾ ഉദയാസ്തമയങ്ങൾ പോലെ ചുവന്നും ഉരുണ്ടും അങ്ങനെ.....
**********