22-05-19

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

ആറു മലയാളിക്ക് നൂറു മലയാളംഎന്ന പ്രതിവാര പംക്തി ഏതാനും സമയത്തിനുള്ളിൽ

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

മലയാളം സർവ്വകലാശാല പ്രസിദ്ധീകരിച്ച ഭാഷാഭേദപഠനം മലപ്പുറം എന്ന പുസ്തകത്തെ
ആധാരമാക്കി തയ്യാറാക്കിയ
കുറിപ്പുകളുടെ മൂന്നാം ഭാഗമാണ് ഈ ലക്കത്തിൽ
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
🧵🧵🧵🧵🧵🧵🧵🧵🧵🧵🧵🧵🧵

മലപ്പുറം ജില്ലയുടെ ചരിത്രത്തിലൂടെയൊരു യാത്ര യാണ് ഈ ലക്കം

🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹

മലപ്പുറം: ചരിത്രം📜
•••••••••••••••••••••••••••
മലപ്പുറം ജില്ലയിലെ ജനവാസം അതിപ്രാചീന ശിലായുഗം മുതൽ ഉള്ളതാണെന്ന് ശാസ്ത്രീയ പഠനത്തിലൂടെ തെളിഞ്ഞ കാര്യമാണ്. ചരിത്രാതീത കാലത്തെ അവശിഷ്ടങ്ങൾ മഞ്ചേരിയിൽ നിന്നും നിലമ്പൂരിൽ നിന്നും ലഭ്യമായിട്ടുണ്ട്. ഗുഹാവശിഷ്ടങ്ങൾ ഇരുമ്പിളിയം, പുളിയക്കോട്, തൃക്കുളം, ഊരകം മേൽമുറി, പൊന്മള, വള്ളിക്കുന്ന്, വേങ്ങര എന്നീ ഭാഗങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പ്രാചീന ശിലായുഗത്തിലെ ജന സമുദായങ്ങളായി ചോലനായ്ക്കരും, പതിനായ്ക്കരും പെരിന്തൽമണ്ണ താലൂക്കിലെ ആളാ൪മാരുമൊക്കെ മലപ്പുറത്തുണ്ട്. ഗുഹാമനുഷ്യരെന്നറിയപ്പെടുന്ന കാട്ടുനായ്ക്കരും പതിനായ്ക്കരും കരുളായി, ചുങ്കത്തറ എന്നീ മേഖലകളിൽ കാണപ്പെടുന്നു.

മലപ്പുറത്തെ നാട്ടുരാജ്യങ്ങൾ
•••••••••••••••••••••••••••••••••••••••••
     മഹോദയപുരത്തെ ചേരന്മാരുടെ ഭരണത്തെക്കുറിച്ച് ക്ഷേത്ര ലിഖിതങ്ങളിലും മറ്റും പരാമർശമുണ്ട്. തൃപ്രങ്ങോട് ക്ഷേത്രലിഖിതങ്ങളിൽ ചേരരാജാവായ ഗോദരവിയുടെ ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശങ്ങൾ എന്ന സൂചനയുണ്ട്. മഹോദയചേരന്മാരുടെ പതനത്തിനു ശേഷം സ്വതന്ത്ര
നാട്ടുരാജ്യങ്ങൾ പിറവിയെടുത്തു. എന്നതാണ് കേരള ചരിത്രം. വള്ളുവനാട് രാജാവ് വള്ളുവക്കോനാതിരി, വെള്ളാട്ടിരി, ആറങ്ങോട്ട് ഉടയ൪, വല്ലഭൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.ഇന്നത്തെ അങ്ങാടിപ്പുറമായിരുന്നു  വള്ളുവനാടിന്റെ തലസ്ഥാനം.പെരിന്തൽമണ്ണ, ഒറ്റപ്പാലം എന്നീ താലൂക്കുകളും പൊന്നാനി, തിരൂർ, ഏറനാട് എന്നീ താലൂക്കുകളുടെ ചില ഭാഗങ്ങളും ചേർന്നതാണ് വള്ളുവനാട് രാജ്യം. പൊന്നാനി, തിരൂർ താലൂക്കുകളുടെ ചില ഭാഗങ്ങൾ ചേർന്നതാണ് വെട്ടത്തുനാട്. വെട്ടത്തുനാടിന് വടക്കുള്ള സ്വരൂപമാണ് പരപ്പനാട്.

സാമൂതിരി
•••••••••••••••••
   മധ്യ കാലഘട്ടത്തിൽ ഉത്തരകേരളത്തിലെ ഒരു പ്രബല രാഷ്ട്രീയ ശക്തി യായിരുന്നു സാമൂതിരിമാർ. സാമൂതിരി വംശത്തിന്റെ മൂലസ്ഥാനം മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ "നെടിയിരുപ്പ്" ആയിരുന്നു. ചാലിയം, ബേപ്പൂർ, പരപ്പനാട്, വെട്ടം എന്നിവിടങ്ങളിലെ രാജാക്കന്മാർ സാമൂതിരിയുടെ മേൽക്കോയ്മ അംഗീകരിച്ചിരുന്നു. വള്ളുവക്കോനാതിരിയുമായുള്ള യുദ്ധത്തിൽ വിജയിച്ചതോടെ ഇന്നത്തെ മലപ്പുറം ജില്ല ഉൾപ്പെടുന്ന ഭൂരിഭാഗം പ്രദേശങ്ങളിലും സ്വാധീനം വ്യാപിപ്പിക്കാൻ സാമൂതിരിക്ക് സാധിച്ചു. മാമാങ്കത്തിന്റെ രക്ഷാപുരുഷൻ എന്ന പദവിയും സാമൂതിരിമാ൪ക്ക് കൈവന്നു.

വിദേശാധിപത്യം
•••••••••••••••••••••••••
  1498-ൽ കേരള തീരത്ത് കാലുകുത്തിയ വാസ്കോഡഗാമയ്ക്കും സംഘത്തിനും സാമൂതിരിയാണ് കച്ചവട സൌകര്യങ്ങൾ ഏർപ്പെടുത്തി ക്കൊടുത്തത്. പിന്നീട് പോർച്ചുഗീസുകാരുടെ അധിനിവേശ താത്പര്യങ്ങൾ സാമൂതിരിയും അവരും തമ്മിൽ നിരന്തര സംഘർഷത്തിന് കാരണമായി ഭവിച്ചു. 1507-ൽ അൽമേഡ പൊന്നാനി ആക്രമിക്കുകയും, കോട്ട സ്ഥാപിക്കുകയും ചെയ്തു. തീരദേശ വാണിജ്യത്തിന്റെ കുത്തക പോർച്ചുഗീസുകാർ കയ്യടക്കിയതോടെ നൂറ്റാണ്ടുകളായി തീരദേശത്തെ കച്ചവടത്തിൽ മാപ്പിളമാർ ക്കുണ്ടായ മേൽക്കൈ നഷ്ടപ്പെട്ടു. പോർച്ചുഗീസ് അധിനിവേശവും നൂറ്റാണ്ടുകളായി തങ്ങളുടെ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത സാമൂതിരി ഭരണത്തിന്റെ ക്ഷയവും മാപ്പിളമാരെ തീർത്തും അരക്ഷിതരാക്കി. ഈ സമയത്താണ് തീരദേശത്ത് വാസമുറപ്പിച്ചിരുന്ന മാപ്പിളമാർ ഉപജീവനമാർഗമന്വേഷിച്ച് കൂട്ടത്തോടെ ഉൾ പ്രദേശങ്ങളിലേക്ക് കുടിയേറാൻ തുടങ്ങി. ഏറനാട്, വള്ളുവനാട്, തിരൂർ, തിരൂരങ്ങാടി തുടങ്ങിയ പ്രദേശങ്ങളിൽ മാപ്പിളമാരുടെ എണ്ണം വർദ്ധിക്കാൻ ഈ കുടിയേറ്റം കാരണമായിത്തീർന്നു. കച്ചവടം മുഖ്യ തൊഴിലാക്കിയിരുന്ന മാപ്പിളമാരുടെ കൃഷിയിലേക്കുള്ള ചുവടുമാറ്റം ഈ പ്രദേശത്ത് സവിശേഷമായ ഭൂ ബന്ധങ്ങൾ ഉടലെടുക്കാൻ നിമിത്തമായി ത്തീ൪ന്നു. കുടിയേറിയ മാപ്പിളമാരിൽ ഭൂരിഭാഗവും കുടിയാന്മാരായ ക൪ഷകരായിത്തീ൪ന്നിരുന്നു.
 പോർച്ചുഗീസുകാരെ തുരത്താൻ ശക്തി ക്ഷയിച്ച സാമൂതിരി ഭരണകൂടത്തിന് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി 1604-ൽ ഉടമ്പടി ഒപ്പു വെക്കേണ്ടിവന്നു. തുട൪ന്ന് തീരദേശ വാണിജ്യത്തിന്റെ കുത്തക ഡച്ചുകാർക്ക് കൈവന്നു. 1650-ൽ ക്യാപ്റ്റൻ കീലിംഗിന്റെ വരവ് മലബാർ മേഖലയിൽ ബ്രിട്ടീഷ് മേധാവിത്വത്തിന് തുടക്കം കുറിച്ചു. കച്ചവടകുത്തക നേടിയെടുക്കാൻ ഇംഗ്ലീഷുകാ൪ക്ക് പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച് ശക്തികളോട് നിരന്തരം പോരടിക്കേണ്ടിവന്നു.

ഹൈദരലിയും ടിപ്പുവും
••••••••••••••••••••••••••••••••••
പൊന്നാനിയിലേക്ക് പട നയിച്ച് ഹൈദർ മഞ്ചേരി ഭരണകേന്ദ്രമാക്കി. 1773-ൽ താമരശ്ശേരി വഴി മലപ്പുറത്തെത്തിയ ഹൈദരിനെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായത്തോടെ പ്രാദേശിക ഭരണാധികാരികൾ ചെറുത്തു നിന്നെങ്കിലും 1788-ൽ ടിപ്പുവിന്റെ ശക്തമായ മുന്നേറ്റം വഴി ഫറോക്ക് തലസ്ഥാനമാക്കി രാജ്യം വികസിപ്പിച്ചു.
    പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മലബാറിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആധിപത്യം ഔപചാരികമായി സ്ഥാപിതമായി. പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് കമ്പനികളുടെ കിട മത്സരങ്ങളും തന്ത്രങ്ങളും പരമ്പരാഗത നാടുവാഴികളുടെ ശക്തി ക്ഷയിക്കാൻ കാരണമായി തീർന്നു.

ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ: 
••••••••••••••••••••••••••••••••••••••
    ഫ്യൂഡൽ ശക്തികളെ തൃപ്തിപ്പെടുത്തുന്ന നികുതികൾക്കെതിരായി പത്തൊൻപതാം ശതകത്തിന്റെ ആദ്യ വർഷങ്ങളിൽ തന്നെ പഴശ്ശിയുടെ നേതൃത്വത്തിൽ കുറുച്യരും നായൻമാരും മാപ്പിളമാരും ചേർന്ന് ഗറില്ലാ സമരങ്ങൾ നടത്തുകയുണ്ടായി. ഈ സമരത്തിന് ശേഷവും ഏറനാട്ടിലെയും വള്ളുവനാട്ടിലെയും മാപ്പിളക്കുടിയാൻമാ൪ സർക്കാർ-ജന്മി ബന്ധത്തിനെതിരെ ലഹളകൾ നടത്തിയിരുന്നു. നമ്പൂതിരിമാരും നായൻമാരുമായ ജന്മികളുടെ ഭാഗം നിന്ന് മാപ്പിളമാരെ ക്രൂരമായി അടിച്ചമർത്താനാണ് ഇംഗ്ലീഷുകാ൪ ശ്രമിച്ചത്. ബ്രിട്ടീഷുകാർ നടപ്പിലാക്കിയ അടിയന്തരാവസ്ഥ നിയമ കാലത്ത് കുറെ മാപ്പിള മലയാളികളെ ആൻഡമാനിലേക്ക് നാടുകടത്തി. 1921-ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേരെ നാടുകടത്തിയിട്ടുണ്ട്. 1922 -23-കാലത്ത് മാത്രമായി ഏതാണ്ട് 1400ഓളം പേരെ ആൻഡമാനിലേക്കയച്ചു. മാപ്പിള സമുദായത്തിൽ പെട്ട 258 പേ൪ക്ക് കൃഷി ചെയ്ത് ജീവിക്കാനും നാട്ടിൽ നിന്നും കുടുംബത്തെ കൊണ്ടു വരാനും അനുവദിച്ചു. അതോടെ മലപ്പുറം, വണ്ടൂർ, മഞ്ചേരി, നിലമ്പൂർ, തിരൂർ, കോഴിക്കോട്, മണ്ണാർക്കാട് തുടങ്ങിയ സ്ഥലനാമങ്ങൾ ആൻഡമാനിലും സർവ്വസാധാരണമായി ഉപയോഗിച്ചു തുടങ്ങി.
  മാപ്പിളമാരുടെ കൂട്ടത്തിൽ വ്യാപാരവ൪ഗ്ഗത്തിൽപ്പെട്ടവ൪ ഇംഗ്ലീഷുകാരെ സഹായിച്ചു കൊണ്ട് സാമ്പത്തികമായി സ്വയം വളരുകയും കൃഷിക്കാർ ആ ഭരണത്തെ ചെറുത്തു കൊണ്ട് സാമ്പത്തിക-സാമൂഹിക പീഡനങ്ങൾ സ്വയം വരിക്കുകയും ചെയ്തു. നായൻമാ൪ക്കിടയിൽ സ്ഥാനികൾ സർക്കാരിന്റെ അകമ്പടിക്കാരായി മാറിയെങ്കിലും പടയാളികളും പടു കൃഷിക്കാരുമായ ഒരു വിഭാഗം എതിർക്കാൻ കയ്യൂക്ക് പോലുമില്ലാതെ പഴയ കഥയും പറഞ്ഞ് പടിക്കലിരുന്ന് പട്ടിണിയും കിടന്നു. തിയ്യതി വിഭാഗത്തിലെ ഭൂരിപക്ഷം പേരും ചെത്തും കൃഷിപ്പണിയുമായി കൂടി. ചുരുക്കത്തിൽ എല്ലാ സമുദായങ്ങളിലുമുള്ള മേലേക്കിടക്കാർ കമ്പനിയുടെ സേവപിടിക്കുകയും താഴെക്കിടക്കാർ നിസ്സഹായരും നിശ്ശബ്ദരും നിഷ്ക്രിയരും ഒതുങ്ങിക്കൂടുകയും ചെയ്തു. മേൽത്തട്ടും താഴെത്തട്ടും തമ്മിലുള്ള ഈ അന്തരം മലപ്പുറം ജില്ല ഉൾപ്പെടെയുള്ള മലബാർ പ്രദേശങ്ങളിലെ സാമൂഹ്യ-സാംസ്കാരിക-ജീവിതത്തിൽ ഏറെ ചലനം സൃഷ്ടിച്ചു.

ദേശീയ സമരവും മലപ്പുറവും: 
••••••••••••••••••••••••••••••••••••••
    1920-ൽ മഞ്ചേരിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ബ്രിട്ടീഷുകാരുടെ നികുതി പിരിവിനെതിരായുള്ള പ്രമേയം പാസ്സാക്കി. ശക്തമായ ബ്രിട്ടീഷ് വിരുദ്ധ വികാരം നിസ്സഹകരണ പ്രസ്ഥാനത്തിലും, ഖിലാഫത്ത് പ്രസ്ഥാനത്തിലും പ്രകടമായി. ഏറനാടും വള്ളുവനാടുമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രവ൪ത്തന കേന്ദ്രം.
   1921ആഗസ്ത് 20ന് തിരൂരങ്ങാടിയിലെ ഖിലാഫത്ത് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ക്രൂരമായി പീഡിപ്പിച്ച ബ്രിട്ടീഷ് നടപടിയാണ് മലബാർ കലാപം പെട്ടെന്ന് ആളിപ്പടരാൻ ഇടയാക്കിയത്. തിരൂരങ്ങാടി, മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, പാണ്ടിക്കാട്, തിരൂർ എന്നിവിടങ്ങളിലേക്ക് കലാപം വ്യാപിച്ചു. ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളും അന്നത്തെ കോഴിക്കോട് താലൂക്കിന്റെ ചില ഭാഗങ്ങളും വാച്യാർത്ഥത്തിൽ കലാപഭൂമിയായി മാറി. ജന്മിമാരും ബ്രിട്ടീഷുകാരും ചേർന്ന പക്ഷത്തിനെതിരെയുള്ള കലാപത്തിന് കൊളോണിയൽ ചരിത്രകാരന്മാർ വ൪ഗ്ഗീയതയുടെ നിറം നൽകി. ജന്മിമാരിൽ ഭൂരിഭാഗം ഹിന്ദുക്കളും കുടിയാന്മാരിൽ ഭൂരിഭാഗവും മുസ്ലിങ്ങളുമായിരുന്നു. വാഗൺ ട്രാജഡിയും നാടുകടത്തലും ആ കലാപം സൃഷ്ടിച്ച ആഴത്തിലുള്ള മുറിപ്പാടുകളിൾ ചിലതാണ്.
     1836 മുതൽ 1856 വരെ വള്ളുവനാട്,ഏറനാട് ഭാഗങ്ങളിൽ ഏതാണ്ട് ഇരുപത്തിരണ്ടു കലാപങ്ങൾ നടന്നിരുന്നു. ടി. എൻ. സ്ട്രെഞ്ച് എന്ന ജഡ്ജി ഈ കലാപങ്ങളെ ക്കുറിച്ച് അവയുടെ കാരണം മതവിദ്വേഷമായി ചിത്രീകരിക്കുകയും അവയെ അടിച്ചമർത്തണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. മലബാർ സ്പെഷ്യൽ പോലീസിന്റെ പിറവി ഇപ്രകാരമായിരുന്നു. കലാപം തുടരുകയും വില്യം ലോഗനെ മലബാറിലെ മുസ്ലിങ്ങളുടെ ഭൂ ബന്ധങ്ങളെ ക്കുറിച്ചും അവരുടെ കാർഷിക പ്രശ്നങ്ങളെക്കുറിച്ചും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി നിയമിച്ചു. ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി വ്യവസ്ഥയും ഭൂവുടസ്ഥാവകാശങ്ങളിലെ അസന്തുലിതത്വവുമാണ് കലാപങ്ങൾക്ക് അടിസ്ഥാനമെന്ന് ലോഗൻ വിലയിരുത്തി. ലോഗന്റെ നിഗമനങ്ങൾ കണക്കിലെടുത്ത് 1887-ൽ ജന്മി-കുടിയാൻ ബന്ധങ്ങൾ പരിഷ്കരിച്ചു കൊണ്ടുള്ള നിയമം നിലവിൽ വന്നുവെങ്കിലും ദാരിദ്ര്യവും കാർഷിക പിന്നോക്കാവസ്ഥയും ദീർഘകാലം പരിഹരിക്കപ്പെടാതെ നിലകൊണ്ടു.
     മലബാറിലെ 1800 മുതലുള്ള ബ്രിട്ടീഷ് ഭരണം അവിടെ ദേശീയ ബോധം ഉറ പ്പിക്കുന്നതിനുള്ള കാരണമായിട്ടുണ്ട്. ആനിബസന്റിന്റെ ഹോം റൂൾ ലീഗിനായിരുന്നു മലബാറിൽ പൊതുവേ സ്വാധീനം. മഞ്ചേരി സ്വദേശിയായ രാമയ്യരായിരുന്നു ഇതിന്റെ നേതാവ്. വായനശാല ഉണ്ടാക്കുക, ച൪ച്ചാവേദികളൊരുക്കുക തുടങ്ങി ജനങ്ങളെ പ്രബുദ്ധരാക്കുന്ന പ്രവർത്തനങ്ങളായിരുന്നു ഹോംറൂളുകാരുടേത്. ആദ്യകാല കോൺഗ്രസ് പ്രവർത്തകരും ഇതിന്റെ ഭാഗമായി പ്രവർത്തിച്ചു.
    ഉപ്പു സത്യാഗ്രഹത്തിലും നിസ്സഹകരണ പ്രസ്ഥാനത്തിലും ഈ പ്രദേശം ആവേശത്തോടെ പങ്കെടുത്തു. 1934-ൽ കോൺഗ്രസ് ഇ.എം. എസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിൽ പിളർന്നു. 1942-ലെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ ജില്ലയിലെ നിരവധി നേതാക്കൾ സജീവമായി പങ്കെടുത്തു.
    കേരള ചരിത്രത്തിൽ മലപ്പുറത്തിന് ഏറെ രാഷ്ട്രീയ-സാംസ്കാരികപ്രാധാന്യമുണ്ട്.അധികാര കേന്ദ്രങ്ങളുടെയും, അധികാരകൈമാറ്റങ്ങളുടെയും, ആക്രമണങ്ങളുടെയും, അധിനിവേശങ്ങളുടെയും, കീഴടങ്ങലിന്റെയും, ഒത്തുതീർപ്പുകളുടെയും, കലാപങ്ങളുടെയും സുദീർഘമായ ചരിത്ര പാരമ്പര്യം മലപ്പുറത്തെ ഇതര പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ പ്രദേശങ്ങൾ ഈ ജില്ലയുടെ ഭാഗമാണ്. കോഴിക്കോട് സാമൂതിരിമാരുടെ സൈനീക സ്ഥാനവും,1792നും1921നുമിടയിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളുടെ കേന്ദ്രവും മലപ്പുറമായിരുന്നു. നവോത്ഥാന കാലഘട്ടത്തിൽ അബ്ദുൾ ഖാദർ മൌലവിയെപ്പോലുള്ള സമുദായ നേതാക്കളും മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ശ്രമിച്ചിരുന്നു.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഭാഷാഭേദപഠനം മലപ്പുറം
എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്.

പുസ്തകം തയ്യാറാക്കിയ
ഗവേഷകരോടുള്ള
 കടപ്പാട് രേഖപ്പെടുത്തുന്നു.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏