22-04-19b



📚📚📚📚📚📚

കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം
 ഇന്ദുമേനോൻ 
ഡിസി ബുക്സ്
പേജ് 424
 വില 420

  വായനയുടെ വസന്തപൗർണ്ണമിയിൽ പുഴയിലെന്നവണ്ണം മുഴുകിയൊഴുകുവാൻ,ഭ്രമാത്മകതയുടെ മുന്തിരിച്ചാറ് നൊട്ടിനുണയുവാൻ,ഒരു വിചിത്രനോവൽ. പ്രേമത്തെ കുറിച്ച് ഒരു വിചിത്ര പുസ്തകവും, മരണത്തെ കുറിച്ച് ഒരു വിചിത്ര പുസ്തകവും, കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകത്തിൽ നിഗിരണം ചെയ്തിരിക്കുന്നു.

     ഓരോന്നിന്റെയും ജനനത്തിന് പിന്നിൽ വിചിത്രമായ ചില കാരണങ്ങളുണ്ടാകാം. കപ്പലിനെക്കുറിച്ച് ഒരു വിചിത്രപുസ്തകം രചിക്കുന്നതിനും അത്തരമൊരു പിന്നാമ്പുറമുണ്ട് .ദരിദ്രനായ ഒരു വൃദ്ധൻ കോട്ടൊക്കെയിട്ട് സമ്പന്നനെന്നപോലെയാണ് നടപ്പ്. ഇന്ദുമേനോന്റെ ഭർത്താവിൻറെ സുഹൃത്ത് അജി അയാളെ കുറിച്ച് പറഞ്ഞു. ഈയം നിറച്ച ഒരു കപ്പലിനെ കുറിച്ചായിരുന്നു ആ കഥ. ലക്ഷങ്ങൾ വിലമതിക്കുന്ന  കപ്പൽ കടലിൽ എവിടെയോ മുങ്ങി യതാണെന്നും അത് പൊക്കാൻ നോക്കുന്തോറും കടലിലേക്ക് ആണ്ട് പോകുന്നെന്നു എന്നും, അങ്ങനെ ഒരേസമയം കോടീശ്വരനും ദരിദ്രനും ആയിത്തീർന്ന കപ്പൽ മുതലാളിയാണ് ആ വൃദ്ധൻ, എന്നൊക്കെയാണ് കഥ. മനോഹരമായ ഒരു ത്രെഡ് .അത് പ്രമേയമാക്കി നോവൽ ചെയ്യാനുള്ള പരിശ്രമം തുടങ്ങിയത് രൂപേഷ് പോൾ ആണ്( ഇന്ദുവിന്റെ മേനോൻ ).ചില കഥാപാത്രങ്ങളെയും സ്ഥലങ്ങളെയും അദ്ദേഹം സൃഷ്ടിച്ചു പാസ്ക്വൽ,റെക്സ്,ബ്രിജീറ്റ,മേപ്പാങ്കുന്ന്,മാരിക്കോദ്വീപ്,ജനറൽ ആൽബർട്ടോ മേയർ ( മുങ്ങിപ്പോയ കപ്പൽ )കൃഷ്ണചന്ദ്രൻ ഭാര്യ സുമിത്രയ്ക്ക് അയയ്ക്കുന്ന കത്തായാണ് നോവൽ ചെയ്യാൻ ആരംഭിച്ചത് .പിന്നീട് അദ്ദേഹം ആ നോവൽ ഉപേക്ഷിച്ചപ്പോൾ ഭാര്യ രചന ഏറ്റെടുക്കുകയായിരുന്നു.

" കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകം ബാഖിർകോയയുടെ മാത്രം യാത്രാ വിവരണ പുസ്തകം ആയിരുന്നില്ല .കുഞ്ഞിത്തറുവായിക്കോയയുടെ ദിനവൃത്താന്തം ആയാണ് അത് ആരംഭിച്ചിരുന്നത് .ഒരിക്കലും മാരിക്കോദ്വീപിൽ എത്തിയിട്ടില്ലാത്ത കുഞ്ഞിത്തറുവായി ക്കോയയുടെ കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകം എങ്ങനെ മാരിക്കോയിൽ എത്തിയെന്നത് അൽഭുതകരം തന്നെയായിരുന്നു .ചില മഞ്ഞ താളുകളിൽ വെള്ളി മീനുകൾ പെട്ടിയോട്ടയിട്ട അരികുകളിൽ അയാൾ തൻറെ പ്രേമത്തെ പറ്റിയും കാമത്തെ പറ്റിയും ജീവിതത്തെ പറ്റിയും എല്ലാം എഴുതിയിരുന്നു .പ്രേമത്തെ കുറിച്ച് ഒരു വിചിത്ര പുസ്തകം എന്ന പേരാണ് ബാഖീർ കോയ പലയിടത്തും ഉപയോഗിച്ചത് .ജീവിതത്തിൻറെ മൂന്നര വർഷക്കാലം സൈദാനിയത്ത് ബീവി എന്ന പാരിജാത പെണ്ണിനൊപ്പം മാത്രം ജീവിച്ചു. അതുകഴിഞ്ഞ് അഞ്ച് വർഷത്തിൽ 1300 ലധികം സ്ത്രീകളുമായി രമിച്ചു.മാരിക്കോയിലെ ത്തിയ രണ്ടുവർഷക്കാലം കടൽ തീരത്ത് കണ്ട അജ്ഞാത സുന്ദരിയെ പ്രേമിച്ചു പ്രേമിച്ചു നടന്നു: കൃഷ്ണചന്ദ്രൻ ഓരോ വരിയും ഉത്സാഹത്തോടെ വായിച്ചുകൊണ്ടിരുന്നു"

    ഭയങ്കാവിലാണ് കഥ ആരംഭിക്കുന്നത്. രതിയുടെയും ചതിയുടെയും തീവ്രത ഉരുവം കൊണ്ടതാണ് ഭയങ്കാവ്.
മേപ്പാങ്കുന്നിൽ കണ്ടെത്തിയ ഒരു അസ്ഥികൂടം ഏതെന്നറിയാൻ സരസ്വതി കാണിക്കുന്ന സംത്രാസത്തിലൂടെയാണ് കഥയുടെ വിഹ്വലത പെയ്ത് തുടങ്ങുന്നത് .തൻറെ അച്ഛനാൽ പീഡിപ്പിക്കപ്പെട്ടു കൊലചെയ്യപ്പെട്ട ഇളയമ്മയുടെ അസ്ഥികൂടമാണ് അതെന്നവൾ അറിയുന്നുണ്ടായിരുന്നു. ഒരു ചെറിയ കുട്ടിയുടെ കണ്ണുകളിലൂടെ തീക്ഷ്ണമായ രതിയുടെയും ക്രൂരമായ കൊലയുടെയും ചിത്രം വരയ്ക്കുന്ന ഭയങ്കാവ് ,നോവൽ ഒരുക്കുന്ന ഭ്രമാത്മക ലോകത്തിലേക്കുള്ളപ്രവേശന ഗോപുരമാണ് .

   1655 നിർമ്മിക്കപ്പെട്ട 'ജനറൽ ആൽബർട്ടോ മേയർ' എന്ന കപ്പലിലേക്ക് കൃഷ്ണചന്ദ്രൻ എത്തിപ്പെടുന്നതും അതേ ഭ്രമാത്മകതയുടെ ഗോപുരം കടന്നാണ് .ബാല്യകാല സ്നേഹിതയും മുറപ്പെണ്ണുമായ സരസ്വതിയെ മറ്റൊരു വിവാഹത്തിലേക്ക് തള്ളി വിടത്തക്കവണ്ണം ആ കപ്പൽ യൂനുസിന്റെയും കൃഷ്ണചന്ദ്രന്റെയും മനസ്സിൽ കയറിയിരുന്നു .വിവാഹിതയായ സരസ്വതി  ഈറ്റുപുരയിൽ നിന്നാണ് കൃഷ്ണചന്ദ്രനിലേക്ക് തിരിച്ചൊഴുകുന്നത്. വലിയപുരയ്ക്കൽ തറവാട്ടിലെ യൂസഫ് എന്ന സുഹൃത്ത് നൽകിയ ഭൂപടവുമായി മാരിക്കോ ദ്വീപിലെത്തിയ കൃഷ്ണചന്ദ്രൻ അവിടുത്തെ മഞ്ഞ മരക്കുടിലിൽ നിന്ന് കിട്ടിയ 'കപ്പലിനെക്കുറിച്ച് ഒരു വിചിത്രപുസ്തകം' വായിച്ച് തുടങ്ങുന്നു. ഈ പുസ്തകത്തിന്റെരണ്ടാം ഖണ്ഡികയിൽ, ഇത് വായിക്കുമ്പോൾ നിങ്ങൾക്ക് 36 വയസും 7 മാസവും പ്രായം ഉണ്ടാവുംഎന്ന് എഴുതിയിട്ടുള്ളത് കൃഷ്ണചന്ദ്രനെ അത്ഭുതപ്പെടുത്തി .ജനറൽ ആൽബർട്ടോ മേയർ വീണ്ടെടുക്കാൻ പോയ ആളുകൾ ആരും 37 വയസിനുമേൽ ജീവിച്ചിരുന്നിട്ടില്ല .333 വർഷം ജീവിച്ചിരുന്ന കപ്പലിന്റെ പ്രേതം പ്രപഞ്ചത്തിന്റെ അഗാധതയിലേക്ക് ഒരു പുരുഷലിംഗം എന്നതുപോലെ ഇറങ്ങിപോകുന്നതുവരെ, എത്രയോ വിഭ്രമിപ്പിക്കുന്ന കഥാപാത്രങ്ങളാണ് വന്നുപോകുന്നത് .ക്വീൻ ഹോട്ടലിൽവച്ച് കരുണൻസ്രാങ്കിനാൽ ബലാൽസംഗം ചെയ്യപ്പെട്ട 'ഏത്തല' തൻറെകാബറേ നൃത്തത്തിന്റെ ഓരോ നിമിഷത്തിലും സ്വയം കന്യാസ്ത്രീയായി ,കർത്താവിനെ തിരുമണവാളനായിക്കണ്ട്, അവനോടൊപ്പം ജീവിച്ചവളാണ്. കുമാരൻ നായർക്ക് 'ജയ് ശക്തി മദന തൈലം' ഉണ്ടാക്കാൻ കാരണക്കാരിയായ ഒരു വെറും പേരായ 'ജയ ശംഖിനി' പോലും ഒരു ഭ്രമക്കീറാണ്. ഉമ്മുൽ ഹസ്നത് ,ജുവാൻഡീക്കോ ത്തെ,കുമാർ കുഞ്ചി, ഭാഗ്യലക്ഷ്മി എന്നിവരും പരിവേഷത്തിന്റെ ലോകത്ത് ജീവിക്കുന്നവരാണ്. ആന്റനീറ്റ എന്ന, 350 വർഷം ജീവിയായോ ജീവനായോ ജീവിച്ച നായിക യും, കൃഷ്ണചന്ദ്രനെതേടി ജീവിതം മുഴുവൻ കാത്തിരിക്കുന്ന സരസ്വതിയും ,തൻറെ തെറ്റ് സരസ്വതി കണ്ടുപിടിച്ചിരുന്നു എന്നറിഞ്ഞ് വേദനിക്കുന്ന അവളുടെ പിതാവും, അങ്ങനെ എണ്ണമറ്റ കൊച്ചുകൊച്ചു ഭ്രാന്തൻ തുരുത്തുകളാണ് ഈ നോവലിലുള്ളത്; വിൽസ്മിത്ത് പ്രഭു എന്ന ത്രിലിംഗൻ സാഹിത്യലോകത്തിലെ ഒറ്റപ്പെട്ട വിസ്മയവും. മാരിക്കോദ്വീപിൽ ജീവിക്കുന്ന
റെക്സ് ,ക്ലോദ് ഇവർ 300 വർഷം മുമ്പ് മരിച്ചവരാണ്

  ഭ്രാന്തു കളുടെ പുസ്തകം എന്നാണ് വായനക്കാരിയായ ഇന്ദുമേനോൻ ഈ പുസ്തകത്തെ വിലയിരുത്തുന്നത്. മരണത്തിന്റെ പ്രണയത്തിന്റെ സ്വപ്നത്തിന്റെ രതിയുടെ ചതിയുടെ ദുഃഖത്തിന്റെ സന്തോഷത്തിന്റെ, ഒക്കെയും തീവ്രതയാണ് ഈ നോവലിന്റെ സ്ഥായിഭാവം എന്ന് ആ വായനക്കാരി കണ്ടെത്തുന്നു. രതിയുടെ സ്ഥൂലവും സൂക്ഷ്മവുമായ വർണ്ണനകൾ ഒരു സ്ത്രീ നടത്തുന്നതിൽ മലയാള വായനാലോകം പകച്ചു പോയിട്ടുണ്ട് !അത് പ്രതികരണങ്ങളും ചീത്ത വിളികളുമായി കഥാകാരിക്ക് ലഭിച്ചിട്ടുമുണ്ട്!  കാട്ടു മനുഷ്യരുടെ കൈയിൽപ്പെട്ടു മരണത്തിൻറെ വരിയിൽ നഗ്നനായി നിൽക്കുമ്പോൾ തൊട്ടു മുൻപിൽ നിൽക്കുന്ന പെണ്ണിന്റെ അലുവാച്ചന്തികളിൽ നോക്കിനിൽക്കുന്ന കഥാപാത്രം ,വാസ്തവികത കളിയെല്ലാം കണ്ണിറുക്കി കാട്ടുന്നുണ്ട് .ഇതിലെ വിവരണം സത്യമാണെന്ന് വിചാരിച്ചു സമീപിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നമാണത്. ഭാവനയുടെ മേച്ചിൽപുറങ്ങളിൽ ആണ് ഈ നോവൽ സഞ്ചരിക്കുന്നത് .ഇവിടെ ഒന്നും സത്യമല്ല ,അല്ലെങ്കിൽ ലോകത്ത് ഒന്നും സത്യമല്ല. സത്യാസത്യങ്ങളുടെ ഈ പൊളിച്ചെഴുത്ത് വായനയുടെ സുഖാനുഭൂതികൾ നമുക്ക് കാട്ടിത്തരും. മാരിക്കോ ദ്വീപിന് സാൽവദോർ ദാലിയുടെ ചിത്രത്തിലെ സ്ഥിര സാന്നിധ്യമായ രൂപത്തോട് സാമ്യമുണ്ട്. അവിടുത്തെ മരിജുവാന മൈതാനം നോവലിൽ ആകെ കഞ്ചാവ് പുക നിറയ്ക്കുന്നുമുണ്ട് . ഇതിലെ പെൺകഥാപാത്രങ്ങൾ മിക്കവരും ഒന്നാമത്തെ ആർത്തവത്തിന് തൊട്ടുടനെ ബലമായോ അല്ലാതെയോ സംഗത്തിന് വിധേയരായവരാണ് .പല ബലാൽസംഗങ്ങളും പുരുഷൻ അങ്ങനെ ചെയ്യാൻ വിധിക്കപ്പെടുന്ന മട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത് .ഒരു പുരുഷൻ രചിച്ചിരുന്നുവെങ്കിൽ സ്ത്രീവാദികളുടെ അതിശക്തമായ ആക്രമണത്തിന് വിധേയമാകാവുന്ന പല ഭാഗങ്ങളും ഈ നോവലിൽ ഉണ്ടെന്ന് സൂചിപ്പിച്ചെന്നുമാത്രം.

 രതീഷ് കുമാർ

🌾🌾🌾🌾🌾🌾