21-10-2019b

📚📚📚📚📚
കലികാലാവസ്ഥകൾ

 സി രാധാകൃഷ്ണൻ 
       സി രാധാകൃഷ്ണൻ അദ്ദേഹത്തിൻറെ പതിവ് നോവൽ രീതികളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി എഴുതിയ നോവലാണ് കലികാലാവസ്ഥകൾ 96 പേജ് മാത്രം വരുന്ന ചെറിയ പുസ്തകം .ഒരു നോവൽ ഒരു കഥ പറയുന്നത് എന്ന സാധാരണ സങ്കൽപ്പം പോലും ഈ നോവലിന് ഇല്ല. കലികാലത്തിലെ മനുഷ്യാവസ്ഥകളെ ചെറിയചെറിയ സംഭവങ്ങളിലൂടെ അവതരിപ്പിച്ചു പോവുകയാണ്. സമൂഹത്തിലെ എല്ലാ മേഖലകളെയും ഈ നോവൽ സ്പർശിക്കുന്നുണ്ട് .മാറിയ പിതൃ പുത്ര ബന്ധം, ഗുരുശിഷ്യബന്ധം, എന്നിവയെ കാരിക്കേച്ചർ ചെയ്യുന്നതാണ് ഒന്നാമത്തെ അധ്യായം അല്ലെങ്കിൽ ഒന്നാമത്തെ കഥ .ഏതാണ്ട് രസകരമായി തന്നെ നിർവഹിക്കുകയും ചെയ്യുന്നു .സാൽവേറ്റർ എന്ന രസകരമായ സോഫ്റ്റ്‌വെയറിനെക്കുറിച്ച് ഉള്ള ചിന്തയും രസകരമാണ് .സ്വർഗത്തിലേക്ക് മനുഷ്യനെ നടത്താനുള്ള ഒരു സോഫ്റ്റ്‌വെയർ

   നിത്യമായും ലൈംഗികസുഖം ആസ്വദിക്കാനുള്ള മരുന്ന് കണ്ടെത്താൻ അമേരിക്കയിൽനിന്ന് എത്തുന്ന പുതിയ ശാസ്ത്രജ്ഞനെ അവതരിപ്പിക്കുന്നത് മനശാസ്ത്രപരമായ ഉൾക്കാഴ്ചയോടെ യാണ്. ഇങ്ങനെ ഒരു പിടി സംഭവങ്ങളാണ് ഈ നോവലിൽ ആവിഷ്കരിക്കുന്നത് .അന്തകവിത്ത് ഉപ്പുവളം ഉപയോഗിച്ച് ഊഷരമായിപ്പോയ മണ്ണ് തുടങ്ങിയുള്ള കല്പനകൾ മണ്ണിൽ നാം വരുത്തുന്ന പരീക്ഷണങ്ങൾ എന്ന ദ്രോഹങ്ങൾ വരച്ചു കാട്ടുന്നവയാണ് .മണ്ണിൽനിന്ന് മണ്ണിര പോലും കുടിയൊഴിഞ്ഞു പോയതിനു സങ്കടവും ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങൾ മനുഷ്യനെ എങ്ങനെ അശാസ്ത്രീയരാക്കിത്തീർക്കുന്നു എന്ന തിരിച്ചറിവും ഈ നോവൽ നൽകുന്നു .ഒരു പരിസ്ഥിതി ലേഖനത്തിനോ ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങൾ പരിസ്ഥിതിയേയും പുതുതലമുറയും എങ്ങനെ ബാധിക്കുന്നു എന്നു കാട്ടുന്ന ശാസ്ത്ര ലേഖനത്തിനോ വിഷയമാക്കേണ്ട എല്ലാ സംഗതികളും ഒരു തുടർ കണി പോലെ ഈ നോവൽ കാട്ടിത്തരുന്നു. രസകരമായ ഒരു അലസവായനയ്ക്ക് താല്പര്യമുള്ളവർക്ക് ഈ നോവലിലേക്ക് കടന്നുവരാം.

രതീഷ് കുമാർ