21-01-2019


📚📚📚📚
 BEAUTY IS A WOUND
 (സൗന്ദര്യം ഒരു ക്ഷതമാണ്.)
എക കുർണിയവാൻ
📚📚📚📚📚


ചരിത്രം വാഴുന്ന മായിക നഗരങ്ങൾ

   
              ബെന്നി ഡൊമിനിക് .

‘മാർച്ച് മാസത്തിലെ ഒരു വാരാന്ത്യത്തിൽ ഉച്ചതിരിഞ്ഞ്, മരിച്ചതിന് 21 വർഷങ്ങൾക്കു ശേഷം ദിവി ആയു അവളുടെ കുഴിമാടത്തിൽ നിന്നും ഉയിർത്തെണീറ്റു’. ഈ വാക്യത്തോടെയാണ് എക കുർണിയവാന്റെ സൗന്ദര്യം ഒരു ക്ഷതമാണ് (Beauty Is a Wound) എന്ന നോവൽ ആരംഭിക്കുന്നത്. ഇന്തോനീഷയുടെ ചരിത്ര പശ്ചാത്തലത്തിൽ നിന്നു കൊണ്ട് ദിവി ആയു എന്ന വേശ്യയുടെ കുടുംബകഥ പറയുകയാണ് കുർണിയവാൻ. ആദ്യം ഈ കൃതി ഒരു പ്രേതകഥ എന്ന നിലയ്ക്കേ ഉദ്ദേശിച്ചിരുന്നുള്ളു എന്ന് കുർണിയവാൻ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.ഒരു പ്രേതകഥ ചരിത്ര പശ്ചാത്തലമുള്ള ഒരു പ്രേതകഥയായി എന്ന് എക പറയുന്നത് നമ്മെ ഉദാസീനരാക്കേണ്ടകാര്യമില്ല. എന്തെന്നാൽ ഒരു പ്രേതകഥയുടെ പരിമിതി കുർണിയവാന്റെ നോവലിനു തീരെയില്ല എന്നതാണ് സത്യം.കുടുംബകഥയും ദേശചരിത്രവും ഫാന്റസിയും ചേർത്തുവച്ചു കൊണ്ട് അസാധാരണമായ തലങ്ങളിലേക്കു നമ്മെനയിക്കുന്നു സൗന്ദര്യം ഒരു ക്ഷതമാണ് എന്ന നോവൽ.
       കേവലം 26 വയസ്സുള്ളപ്പോൾ എഴുതിയ നോവലാണ് സൗന്ദര്യം ഒരു ക്ഷതമാണ് എന്ന നോവൽ .എക കുർണിയവാൻ( Eka Kurniawan) ഇന്തോനീഷയിലെ താസിക് മലായയിൽ 1975 ൽ ജനിച്ചു.യോഗ്യകർത്തയിലുള്ള ഗാഡ്ജമാഡാ യൂനിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫിയിൽ ബിരുദം സമ്പാദിച്ചു. എഴുത്തിൽ പ്രമോദിയ അനന്ത തോറിന്റെ (Pramodia Anantha Toer) പിൻഗാമിയാണ് എക കുർണിയവാൻ എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.പ്രമോദിയ അനന്തതോർ, അസ്മരാവു എസ്ഖോ പിങ്ഖൂ,അബ്ദുള്ള ഹാരാഖാപ് തുടങ്ങിയ ഇന്തോനീഷൻ എഴുത്തുകാർ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് എക തുറന്നു പറയുന്നു.അതു പോലെ വില്യം ഫോക്നർ,  ഗബ്രിയൽ ഗാർസിയ മാർകേസ്, സൽമാൻ റുഷ്ദി, ടോണി മോറിസൺ എന്നിവരും തന്റെ നോവൽ കലയെ സ്വാധീനിച്ചിട്ടുണ്ടെന്നു പറയാൻ ഈ എഴുത്തുകാരനു മടിയില്ല. ഗോഗോളും ഹെർമാൻ മെൽവിലും( Herman Melville) എകയുടെ ഇഷ്ട എഴുത്തുകാർ .
ഇന്ത്യൻ മഹാസമുദ്രത്തിനും ശാന്ത മഹാസമുദ്രത്തിനും ഇടയിൽ 17500 ദ്വീപുകൾ ചേർന്നതാണ് ഇന്തോനീഷൻ റിപബ്ളിക്.അധിനിവേശത്തിന്റെ മൂന്നു നൂറ്റാണ്ടുകൾക്കു ശേഷം 1949 ൽ ആണു ഇന്തോനീഷ സ്വതന്ത്രമാകുന്നത്. ഒരു കുടുംബകഥയെന്നതിനെക്കാളുപരി, ഇന്തോനീഷയുടെ ചരിത്രവും രാഷ്ട്രീയവും സൂക്ഷ്മമായി ആഖ്യാനം ചെയ്യപ്പെടുന്നുണ്ട് ഈ നോവലിൽ .സറ്റയറും (satire), ഹ്യൂമറും, മാജിക്കൽ റിയലിസവും റൊമാൻസുമൊക്കെ മറ്റെവിടെയും കാണാൻ കഴിയാത്ത വിധം സവിശേഷമായി സന്നിവേശിപ്പിച്ചു കൊണ്ട് കുർണിയവാൻ വായനയെ അതീവ ഹൃദ്യമാക്കിത്തീർക്കുന്നുണ്ട്. ആഴമില്ലായ്മ കൊണ്ട് സിദ്ധിക്കുന്ന പാരായണസുഖമല്ല കുർണിയ വാൻ വാഗ്ദാനം ചെയ്യുന്നത്.ഈ വർഷത്തെ മാൻ ബുക്കർ പുരസ്കാരം നേടിയ അന്ന ബേൺസിന്റെ മിൽക്ക്മാൻ (Milkman) വായിക്കുമ്പോൾ എക കുർണിയവാന്റെ എഴുത്തിന്റെ മൂല്യം ഒന്നു കൂടി ബോധ്യമാവുന്നു. അന്നയുടെ എഴുത്തുളവാക്കുന്ന നിരുന്മേഷം മനസ്സിൽ വച്ചു കൊണ്ട് പറഞ്ഞുവെന്നേയുള്ളു.കറുത്ത ഹാസ്യത്തിന്റെ(black humour) കടുരസം എഴുത്തിൽ നിറച്ചു കൊണ്ട് ഇന്തോനീഷയുടെ ഇരുളടഞ്ഞ, അസ്വസ്ഥ ഭരിതമായ ഭൂതകാലത്തെ വിചാരണയ്ക്കെടുക്കുകയാണ് എക കുർണിയവാൻ ഇവിടെ. ഒരു ദീർഘ കാലയളവിലെ ഇന്തോനീഷൻ ചരിത്രത്തെ, കൊളോണിയൽ അധിനിവേശം വരുത്തിത്തീർത്ത സത്വനാശത്തെ, ഒരു ജനതയുടെ നിലനില്പിനായുള്ള ചെറുത്തുനില്ലിനെ ആവിഷ്കാരത്തിന്റെ മാന്ത്രികത കൊണ്ട് അസാധാരണമായ ഒരു സാഹിത്യാനുഭവമാക്കിത്തീർക്കുന്നു കുർണിയാൻ.
         
    ഡച്ച് കോളനി വാഴ്ച, ജാപ്പനീസ് സേനയുടെ അധിനിവേശം, കമ്യൂണിസ്റ്റ് പാർട്ടിയുടെ ആവിർഭാവം,പിൽക്കാലത്ത് ഒരു ദശലക്ഷത്തിലേറെ കമ്യൂണിസ്റ്റുകളുടെ കൂട്ടക്കൊല,സുകാർനോയുടെ സ്ഥാനഭ്രംശം തുടർന്ന് മൂന്നു ദശാബ്ദക്കാലം സുഹാർത്തോയുടെ സ്വേച്ഛാധിപത്യ ഭരണം എന്നിവ നോവലിൽ വിവരിക്കപ്പെടുന്നുണ്ട്. കഥ പറയുന്നതിൽ കുർണിയ വാന്റെ മിടുക്ക് അനന്യസാധാരണമാണ്. മാജിക്കൽ റിയലിസത്തിന്റെയും സർറിയലിസത്തിന്റെയും പ്രഭാവം നോവലിൽ ഉദിച്ചു നിൽക്കുന്നു.”"One Hundred Years of Solitude kicked into another gear” എന്നാണ് കുർണിയ വാന്റെ ഈ നോവലിനെ ചിലർ വാഴ്ത്തുന്നത്.
                സാങ്കല്പികമായ ഒരു നഗരമാണ് ഹാലി മുണ്ട .ഹാലിമുണ്ട എന്ന വാക്കിന്റെയർത്ഥം മഞ്ഞുമൂടിയ പ്രദേശം(The land of fog) എന്നാണ്.മായികമായ ഈ നഗരം മാർകേസിന്റെ മാക്കോണ്ട നഗരം പോലെ സാങ്കല്പികമായ ഒരു പ്രദേശമാണ്. ഇന്തോനീഷയുടെ മിത്തുകളും നാടോടി സാഹിത്യവും ഒക്കെ സമൃദ്ധമായി വിളയുന്ന ഈ സാങ്കല്പിക നഗരത്തെ കേന്ദ്രമാക്കിയാണ് സൗന്ദര്യം ഒരു ക്ഷതമാണ് എന്ന നോവൽ രചിച്ചിട്ടുള്ളത്.ഈ നഗരത്തോടു ചേർത്തു പറയാൻ ഒരു കഥയുണ്ട്. റെൻഗാനിസ് സുന്ദരി ഒരു നായയെ വിവാഹം കഴിച്ച കഥ. അത്തരമൊരു വിവാഹത്തെ ആരും അംഗീകരിക്കില്ല. അതുകൊണ്ട് ദക്ഷിണസമുദ്രത്തിൽ മഞ്ഞു നിറഞ്ഞ ഒരു വനത്തിൽ അവർ എത്തിച്ചേരുന്നു. ആ സ്ഥലത്തിന് റെൻഗാനിസ് സുന്ദരി നൽകിയ പേരാണ് ഹാലിമുണ്ട എന്നത്. ഹാലിമുണ്ടയിൽ ജീവിച്ചിരുന്നവർ ഈ റെൻഗാനിസ് സുന്ദരിയുടെയും നായയുടെയും പിൻഗാമികൾ ആണെന്ന് ഇന്തോനീഷയിൽ ഒരു കഥയുണ്ട് .അതി മാത്രം സുന്ദരമായ ഒരു പ്രദേശമായാണ് ഈ നഗരത്തെ വിഭാവനം ചെയ്തിട്ടുള്ളത്. ഇതിലെ തെരുവു തെമ്മാടിയായ മേമൻ ജെൻഡെങ് പറയുന്നതുപോലെ 'ഇവിടെയെല്ലാം മനോഹരമായി കാണപ്പെടുന്നു‘. ഹാലിമുണ്ടയിലെ ഒരു മുക്കുവൻ പറയുന്നു: ‘ഇവിടെ അമേധ്യം പോലും മനോഹരമായി തോന്നും ‘.
ദിവി ആയു എങ്ങനെയാണ് വേശ്യയായിത്തീർന്നത് എന്ന് നോവലിൽ സൂചിപ്പിക്കുന്നുണ്ട്. അവളുടെ കൂട്ടുകാരി ഓലയുടെ അമ്മ മരിക്കാൻ കിടക്കുന്നു. അടുത്തുള്ള ജാപ്പനീസ് സൈനിക ക്യാമ്പിൽ മരുന്നിനു പോയ ഓലയോട് കൂടെ കിടക്കാമെങ്കിൽ മരുന്നു തരാം എന്നാണ് പട്ടാളം പറഞ്ഞത്. കരഞ്ഞുകൊണ്ട് തിരിച്ചെത്തുന്നു അവൾ.ഓലയ്ക്കു വേണ്ടി ദിവി ആയു ആ നിയോഗം ഏറ്റെടുക്കുന്നു. ദിവി തിരിച്ചു വരുമ്പോൾ ഓല ചോദിച്ചു .’' നീ അതു ചെയ്തോ?’ ‘' അതു നിസ്സാരമാണ്. മുന്നിലെ ദ്വാരത്തിലൂടെ ഒരു കഷണം ഷിറ്റ് കയറിപ്പോയി എന്നു വിചാരിച്ചാൽ മതി. അത്രേയുള്ളു അതിന്റെ കാര്യം “ .ദിവി പറയുന്നു.( It was nothing .Just think, of it that I took a shit through the front hole)
            ജോലിക്ക് എന്നു പറഞ്ഞു കൊണ്ടുപോയ ഇരുപത് പെൺകുട്ടികളെ ജപ്പാൻ പട്ടാളത്തിന് വേശ്യാവൃത്തിക്ക് നിയോഗിക്കപ്പെടുകയായിരുന്നു. ദിവി അങ്ങനെയാണ് ഒരു വേശ്യാകുന്നത് .കൊളോണിയലിസത്തിന്റെ വാഴ്ചയിൽ നിന്ന് വീഴ്ചയിലേക്ക് കാര്യങ്ങൾ പരിണമിച്ചതോടെ നിർബന്ധിത വേശ്യാവൃത്തിയിൽ നിന്ന് ദിവി ആയുവിന് മോചനം കിട്ടി. എങ്കിലും അവളെ ആളുകൾക്ക് വേണമായിരുന്നു. ഒരിക്കൽ കണ്ടിട്ടുള്ളവർ ആരും അവളെ മോഹിക്കാതെ പോയിട്ടില്ല .നാട്ടിലെ ഏറ്റവും പ്രസിദ്ധയായ വേശ്യ എന്ന പ്രൗഢിയോടെ അവൾ ജീവിച്ചു. അമ്പത്തിരണ്ടാമത്തെ വയസ്സിലാണ് അവർ മരിക്കുന്നത്.ഇരുപത്തിയൊന്ന് വർഷങ്ങൾക്കു മുൻപ് നാലാമത്തെ പെൺകുട്ടിയെ പ്രസവിച്ച് 12 ദിവസം കഴിഞ്ഞപ്പോഴാണ് ദിവി ആയു മരിക്കുന്നത്. കരിക്കട്ട പോലായിരുന്നു നാലാമത്തവൾ. ആദ്യ മൂന്നു പേരും അതിസുന്ദരിമാർ .ദിവിയുടെ ഭാഷയിൽ പറഞ്ഞാൽ “ They left as soon as they learned how to unbutton a man's fly”.
സുന്ദരികളെ മാത്രം പ്രസവിച്ച ദിവി ഒരു വിരൂപയെ കിട്ടാൻ മോഹിച്ചു. അവൾ വിചാരിച്ചതിലും വികൃതമായ രൂപമായിരുന്നു നാലാമത്തവൾക്ക്.ഒരു ഗ്രനേഡ് വിഴുങ്ങി മുൻപേ അതിനെ തീർക്കണ്ടതായിരുന്നു എന്നാണ് ദിവി അതേക്കുറിച്ച് പറയുന്നത്. . പക്ഷേ.ആ ശിശു ദുഷ്കർമ്മികളെ പോൽ അതിജീവിച്ചു. ഭീകര വൈരൂപ്യമാർന്ന അവൾക്ക് സുന്ദരി(beauty) എന്ന പേരു വീണു.ബ്യൂട്ടിയെ ഒരു സ്കുളിലും ചേർത്തില്ല. അവളുടെ വൈരൂപ്യം കണ്ട് മറ്റു കുട്ടികൾ കൂട്ടത്തോടെ സ്കൂൾ വിട്ടുപോയാലോ? സംസാരശേഷിയില്ലാത്ത പരിചാരിക റോസിനയുടെ കൂടെ കഴിഞ്ഞ ബ്യൂട്ടി എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് പുസ്തകങ്ങൾ ഉറക്കെ വായിക്കുകയും കണക്കുകൂട്ടുകയും ചെയ്യുന്നുണ്ട്.ഒരു ദുഷ്ടാരൂപി അവളെ വായിക്കാൻ പഠിപ്പിക്കുകയും കണക്കുകൂട്ടാൻ പഠിപ്പിക്കുകയും മാത്രമല്ല ബ്യൂട്ടിയുമായി ശാരീരിക വേഴ്ചയിലേർപ്പെടുകയും ചെയ്യുന്നതായി പിന്നീട് വെളിപ്പെടുന്നു.
        ദിവി ആയുവിന്റെ മകൾ അലമാൻഡ അവളുടെ ഭർത്താവ് ഷോഡാഞ്ചോയെ ദീർഘകാലം രതിബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്ന് വിലക്കുന്നുണ്ട്. പഴച്ചാറിൽ മായം ചേർത്ത് തന്നെ ബലാൽക്കാരം ചെയ്തതിനു പ്രതികാരമായാണ് അവൾ അതു ചെയ്തത്. ഷോഡാഞ്ചോയുടെ അതിക്രമത്തിൽ നിന്ന് രക്ഷപ്പെടുന്നതിന് അരയ്ക്ക് ഇരുമ്പുപട്ട കൊണ്ട് സുരക്ഷ തീർക്കുന്നു അവൾ. ഏകാന്തതയുടെ നൂറു വർഷങ്ങളിലെ ഉർസുല ഇതിനു സമാനമായ ഒരു പ്രതിരോധം തീർത്തിരുന്നത് ഓർമ്മിക്കുന്നു.
                        പതിനെട്ട് അധ്യായങ്ങളിലായി നാനൂറ്റിയെഴുപത് പുറങ്ങളിൽ കുർണിയ വാന്റെ നോവൽ ഒഴുകി നിറയുന്നു.പന്ത്രണ്ടാമധ്യായത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പതനമാണ് വിവരിക്കുന്നത്. കുഴിവെട്ടുകാരൻ കാമിനോയുടെ ജീവിതവുമായി ചേർത്തുവച്ചു കൊണ്ടാണ് ഇന്തോനീഷയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഒരു കാലത്തിന്റെ സാക്ഷ്യങ്ങളെ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്.
ആയിരങ്ങളാണ് ദിനംതോറും കൊല്ലപ്പെട്ടുകൊണ്ടിരുന്നത്.ഇവിടെ ആഖ്യാനം മറ്റ് ആഡംബരങ്ങളൊക്കെ ഒഴിവാക്കി ഋജുരേഖയിൽ സഞ്ചരിക്കുകയാണ്. പട്ടാളവും കമ്യൂണിസ്റ്റ് വിരുദ്ധരും അക്രമം അഴിച്ചുവിടുകയാണ്. മടവാൾ, വാൾ ഉൾപ്പെടെ കൈയിൽ കിട്ടിയതെല്ലാം എടത്തു പ്രയോഗിച്ചുകൊണ്ടാണ് അവർ കമ്യൂണിസ്റ്റുകളെ അരിഞ്ഞു വീഴ്ത്തിക്കൊണ്ടിരുന്നത്. ഹാലിമുണ്ട നഗരം ശവങ്ങൾ കൊണ്ടു നിറഞ്ഞു.ഇറിഗേഷൻ ചാനലുകളിലും നദീമുഖങ്ങളിലും പാലത്തിന്റെ മധ്യത്തിലും കുറ്റിക്കാടുകളിലും മൃതശരീരങ്ങൾ ചിതറിക്കിടന്നു. പലരും രക്ഷപ്പെടുന്നതിനായി ഓടും വഴിക്കാണ് കൊല്ലപ്പെട്ടത് .ഈ ഭാഗത്തൊക്കെ വളരെ റീയലിസ്റ്റിക്കായ ആഖ്യാനമാണ് പിന്തുടരുന്നത്.
                ഹാലിമുണ്ടയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരൻ കോമ്രേഡ് ക്ലിവൊൻ ആയിരുന്നു. കമ്യൂണിസ്റ്റുകൾക്കെതിരെയുള്ള ആക്രമണത്തിന്റെ നേതൃത്വം ഏറ്റെടുത്തത് ഷോഡാഞ്ചോയും. ഇവർ ഇരുവരും ദിവി ആയുവിന്റെ മരുമക്കളും .ഷോഡാഞ്ചോയെസ്സംബന്ധിച്ചിടത്തോളം കോമ്രേഡ് ക്ലിവൊനോട് വ്യക്തി വൈരാഗ്യം തീർക്കാനുള്ള അവസരം കൂടിയായി മാറുന്നുണ്ട് ഈ ഉന്മൂലനപ്രക്രിയ .അന്ത്യാഭിലാഷം എന്താണെന്ന ചോദ്യത്തിന് ധീരനായ ക്ലിവൊന്റെ മറുപടി 'സർവ്വലോകത്തൊഴിലാളികളുടെ ഐക്യം’ എന്നായിരുന്നു’. നോവലിൽ നമ്മെ സംഭീതരാക്കുന്ന രംഗങ്ങൾ കൊഴുക്കുന്നുണ്ട്. അത് കൂട്ടക്കൊല ചെയ്യപ്പെട്ട കമ്യൂണിസ്റ്റുകളുടെ പ്രേതങ്ങൾ നഗരത്തിൽ പ്രത്യക്ഷപ്പെടുമ്പോഴാണ്. ഒരേ സമയം ഈ രംഗങ്ങൾ ഭയവും ഹാസ്യവും ഉണർത്തുന്നുവെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ബ്ളാക് ഹ്യൂമറിന്റെ ഉപ്പും മുളകും പുരട്ടിയ ആഖ്യാനമാണ് ഇവിടെ വായനക്കാരനെ എതിരേൽക്കുന്നത്.
            മാജിക് റിയലിസത്തിന്റെയും അപൂർവ്വമിടങ്ങളിൽ സർറിയലിസത്തിന്റെയും പതാകകൾ മാറിമാറി ഉയരുന്നുണ്ട് നോവലിൽ .ഹെൻറിയും സ്റ്റാമ്ലറും പിൽക്കാലത്ത് ദിവി ആയുവിന്റെ വീട് സന്ദർശിക്കുമ്പോൾ മുറിക്കുള്ളിലെ വായു മുഴുവൻ ആരോ വലിച്ചെടുക്കുന്നതു പോലെയും മറ്റൊരു സന്ദർഭത്തിൽ അവർ കഴിക്കാൻ വച്ചിരുന്ന ലമനേഡ് മേശയോടൊപ്പം തകിടം മറിയുന്നതും നാം കാണുന്നു. അനേകായിരം കമ്യൂണിസ്റ്റുകളെ കൊന്നൊടുക്കിയതിനെത്തുടർന്ന് ഷോഡാഞ്ചോയെ കമ്യൂണിസ്റ്റുകളുടെ പ്രേതം ആവേശിക്കുന്നുണ്ട്. ബാത്ടബിലെ വെള്ളം പെട്ടെന്ന് രക്തമാവുന്നു .കുടിക്കുന്ന ചായക്കോപ്പയിൽ രക്തം നിറയുന്നു .. പ്രേതങ്ങളാൽ ഹോണ്ട് ചെയ്യപ്പെടുന്ന ഷോഡാഞ്ചോ പെട്ടെന്ന് കമ്യൂണിസ്റ്റ് പ്രേതങ്ങൾക്കു നേർക്കു നിറയൊഴിക്കുന്നു. ഷോഡാഞ്ചോയ്ക്കു മാത്രം അനുഭവപ്പെടുന്ന വിഭ്രമക്കാഴ്ചകളല്ല ഈ പ്രേതദർശനം .പ്രേതങ്ങളെ മറ്റുള്ളവരും ദർശിക്കുന്നുണ്ട്. അയാളുടെ മകൾ നൂറുൽ അയിനി തൊണ്ടയിൽ ആംബെരെല്ലാ(ബട്ടർഫ്രൂട്ട്) പഴത്തിന്റെ വിത്തുകൾ തൊണ്ടയിൽ കുടുങ്ങി എന്ന തോന്നലിൽ സഹികെടുന്നു." ഒരു ആംബെരെല്ലപ്പഴത്തിന്റെ കുരു എന്റെ തൊണ്ടയിലുണ്ട് പപ്പാ .. “ അയിനി പറഞ്ഞു.. " വായ തുറക്കൂ .. ആ കൊച്ചു കമ്യൂണിസ്റ്റിനെ ഞാൻ വെടിവച്ചു കൊല്ലും "'. ഷോഡാഞ്ചോയുടെ അസ്വസ്ഥതകൾ അവസാനിക്കുന്നില്ല. എത്ര വിദഗ്ദമായാണ് ഉള്ളിൽ നിറഞ്ഞു കുമിയുന്ന കുറ്റബോധത്തെ എക ഇവിടെ അവതരിപ്പിക്കുന്നതെന്നു നോക്കൂ .. 1965-66 കാലത്ത് ഇന്തോനീഷയുടെ ചരിത്രത്തിൽ ഉണ്ടായ കടുത്ത കമ്യൂണിസ്റ്റ് വേട്ടയാണ് നോവലിൽ കൃതഹസ്തതയോടെ ആവിഷ്കരിക്കപ്പെടുന്നത്. ചരിത്രത്തിലെ ഏറ്റവും ചോര പുരണ്ട അധ്യായങ്ങളിലൊന്നാണ് എക അന്യാദൃശമായ കലാവിരുതോടെ കോറിയിടുന്നത്. ജാക്കർത്തയിലും ജാവയിലും ബാലിയിലും സുമാട്രയിലുമൊക്കെ ഈ ചോരപ്പുഴ ഒഴുകി.ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഫലിതമായിത്തോന്നാവുന്ന ഒരു ബലിയർപ്പണത്തിന്റെ പ്രകമ്പനങ്ങൾ അക്ഷരങ്ങളിൽ വെടിമരുന്നു പോൽ നിറയ്ക്കുന്നു എക കുർണിയവാൻ .പ്രസിഡണ്ട് സുകാർനോയുടെ പതനത്തിനു വഴിതെളിച്ച ഈ സായുധ കലാപം സുഹാർത്തോയുടെ സ്വേച്ഛാധിപത്യത്തിൽ ചെന്നാണ് കലാശിച്ചത്.ഒരു ദശലക്ഷം കമ്യൂണിസ്റ്റുകളാണ് ഇന്തോനീഷയിൽ കൊല്ലപ്പെട്ടത്. ചരിത്രത്തിന്റെ അന്ധകാരനിബിഡമായ ഇടനാഴികളിൽ ആ രക്തം ഇന്നും തളം കെട്ടിക്കിടക്കുന്നു. നിലവിളികൾ ദിക്കുകൾ ഭേദിച്ചുയരുന്നു. കുർണിയവാന്റെ ആഖ്യാനകല മനുഷ്യരക്തവും മലവും മൂത്രവും ശുക്ലവും പുരണ്ടിരിക്കുന്നു. രാഷ്ട്രവ്യവഹാരത്തിന്റെ നിഷ്ഠുരമായ ഫലിതങ്ങളിൽ എക കുർണിയവാൻ ഊറിച്ചിരിക്കുന്നു. നിലവിളിയോടൊപ്പം കറുത്ത ഫലിതങ്ങളുടെ വിരലൊപ്പുകളും നിശിതമായ ആക്ഷേപഹാസ്യത്തിന്റെ തീക്കുണ്ഡങ്ങളും ആ രചനയിൽ ജ്വലിച്ചു നിൽക്കുന്നു.
                      പ്രകൃത്യതീത ശക്തികളെ നോവലിൽ ആവാഹിച്ചു വരുത്തിക്കൊണ്ടും (വൃദ്ധൻ മാ ജെഡിക് മലമുകളിൽ നിന്ന് താഴേക്കു പറക്കുന്നു, ചുംബനം കൊണ്ട് അഗ്നി സൃഷ്ടിക്കുന്നു, മനുഷ്യൻ പന്നിയായി മാറുന്നു, വെടിയുണ്ടയോ കത്തിയോ ഏല്ക്കാത്ത മേമൻ ജെൻഡെങ് ,പ്രേതരൂപികളുടെ കാമക്കൂത്തുകൾ …) പരിഹാസത്തിന്റെ ശരമുന കൊണ്ടും ലൈംഗികതയുടെയും അഗമ്യഗമനത്തിന്റെയും ആറാട്ടു കൊണ്ടും നോവൽ ഒരു വിസ്മയമായിത്തീരുന്നു.
           ഒന്നിനു മേൽ ഒന്നായി ദിവി ആയുവിന്റെ കുടുംബത്തെ ആപത്തുകൾ വേട്ടയാടുന്നു .തന്റെ കുടുംബം ദുഷ്ടാരൂപിയാൽ ആവേശിക്കപ്പെട്ടിരിക്കുകയാണെന്ന് അവർ വിശ്വസിച്ചു. തന്റെ ഡച്ചുകാരനായ ഗ്രാൻഡ്ഫാദർ ചെയ്ത അനീതിയ്ക്ക് പാത്രമായിത്തീർന്ന ഒരു മുക്കുവന്റെ പ്രേതമാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്ന് ദിവി ആയു വിശ്വസിച്ചു. ഡച്ചു കൊളോണിയൽ ഭരണം ഇന്തോനീഷയോട് ചെയ്ത കൊടിയ അനീതികളെയും അതിന്റെ അനന്തരഫലം ഇന്തോനീഷൻ ജനത എത്രത്തോളം അനുഭവിച്ചുകൊണ്ടിരിക്കുന്നു ഇന്നും എന്നുള്ളതിന്റെ ഒരു മെറ്റഫർ (metaphor)ആയി ഈ ഡച്ചു ഗ്രാൻഡ്ഫാദർ എപ്പിസോഡ് വായിക്കാവുന്നതാണെന്ന് സാറാ ലിയാൽ(Sara Lyall) എന്ന നിരൂപക നിരീക്ഷിക്കുന്നുണ്ട്.
( ബ്യൂട്ടി ഇസ് എ വൂണ്ട് ആൻ ഇൻട്രഡക്ഷൻ, ബ്ലെൻഡ് ഒഫ് ഹിസ്റ്ററി, മിത്ത്, ആൻഡ് മാജിക് -സാറാ ലിയാൽ )
       ഇന്തോനീഷയുടെ സംസ്കാരത്തിൽ നാടോടി സംസ്കാരവും കഥകളും (folklore),മിത്തും ചെലുത്തുന്ന പ്രഭാവം വളരെ വലുതാണ്. നാടോടിക്കഥയിലെന്നപോൽ ഹാലിമുണ്ടയുടെ നിത്യജീവിതത്തിലും വിചിത്ര സംഭവങ്ങൾ ഉണ്ടാകുന്നു. ഹാലിമുണ്ട നഗരത്തിന്റെ ചരിത്രത്തിലാദ്യമായി ,ഒരു നായ ബലാൽക്കാരം ചെയ്തതിന്റെ ഫലമായി ദിവിയുടെ മകൾ റെൻഗാനിസിന് ഒരു കുട്ടി ജനിക്കുന്നു. മിത്തും യാഥാർത്ഥ്യവും ഇവിടെ കൂടിക്കുഴയുന്നു .ക്രിസാൻ എന്ന യുവാവ് നായയായി വന്ന് വേഴ്ചയിലേർപ്പെട്ടതിന്റെ വിവരണം ഒക്കെ നമ്മെ അതിശയിപ്പിക്കും. കുർണിയവാൻ ഇവയൊക്കൊയാവോളം (നാടോടിക്കഥയും ഐതിഹ്യവും ) തന്റെ എഴുത്തിൽ ഉപയോഗിക്കുന്നുണ്ട് .ഗ്രാമങ്ങളെയും കുടുംബങ്ങളെയും കാത്തു സൂക്ഷിക്കുന്ന ഒരു ആൺകടുവയുടെ കഥ ഇന്തോനീഷയിൽ പണ്ടു മുതൽക്ക് പ്രചാരത്തിലുണ്ട്.മാൻ ടൈഗർ എന്ന നോവലിൽ ‘ ഒരു പെൺകടുവയെ എക അവതരിപ്പിക്കുന്നുണ്ട് .നായക കഥാപാത്രമായ മാർഗിയൊയുടെ ഉള്ളിൽ ഒരു പെൺകടുവ വസിക്കുന്നുണ്ട്. ചില സമയങ്ങളിൽ അത് അതിന്റെ വന്യമായ സാന്നിധ്യം അറിയിക്കും. മാർഗിയൊയുടെ മുത്തശ്ശന്റെ കഥകളിൽ ഒരു പെൺകടുവയുണ്ടായിരുന്നു. കുടുംബത്തിന് പൂർവ്വികരിൽ നിന്ന് കൈമാറ്റം ചെയ്യപ്പെടുന്നു ആ കുടുവ .അങ്ങനെയിരിക്കുമ്പോൾ മാർഗിയോയുടെ കണ്ണുകളിൽ കടുവയുടെ രൗദ്രഭാവം ഉദിക്കും. സ്ത്രീലമ്പടനായ അൻവർ സാദത്തിനെ മാർഗിയൊ കടിച്ചു കൊല്ലുന്നു. വളരെ ശാന്തനായ മാർഗിയൊ അതു ചെയ്യുമെന്ന് ആരും വിശ്വസിക്കില്ല.ഇതേപ്പറ്റി മാർഗിയൊ പറഞ്ഞത് അത് ഞാനായിരുന്നില്ല,.എന്റെയുള്ളിലെ കടുവയാണ് അത് ചെയ്തത് എന്നാണ്. ഡച്ച് അധിനിവേശത്തിനെതിരേ പിൽക്കാലത്ത് ജപ്പാൻകാരുടെ ആക്രമണത്തിനെതിരെ പിതാമഹന്മാർക്ക് ചെറുത്തു നിൽക്കാൻ കഴിഞ്ഞത് അവരുടെയുളളിൽ ഈ പെൺകടുവയുള്ളതിനാലായിരുന്നു.
2004ൽ ആണ് ലിലാകി ഹാരിമോ (Man Tiger) എന്ന നോവൽ പ്രസിദ്ധീകരിക്കുന്നത്. 2016ലെ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് ലിസ്റ്റിൽ മാൻ ടൈഗർ ഇടം പിടിച്ചു.മൂന്നാമത്തെ നോവലായ വെൻജൻസ് ഇസ് മൈൻ(Vengence is Mine All Others Pay Cash) ആരംഭിക്കുന്നത് ഉദ്ധാരണ ശേഷിയില്ലാത്ത ആജോ കാവീറിനെ അവതരിപ്പിച്ചു കൊണ്ടാണ്.'' അവൻ എണീക്കുന്നതേയില്ല. എപ്പഴും ഉറക്കമാണ് “ .ആജോ കാവിറിന്റെ ജനനേന്ദ്രിയം പുതുതായി മുട്ട വിരിഞ്ഞുണ്ടായ ഒരു പക്ഷിക്കുഞ്ഞിനെപ്പോൽ വല്ലാണ്ട് വിശന്ന് തണുത്തുറഞ്ഞ് ചുരുണ്ട് കിടപ്പാണ്. ഉദ്ധാരണം സംഭവിക്കാത്ത ഒരുവനു മാത്രമേ മരണഭയം കൂടാതെ പൊരുതുവാൻ സാധിക്കൂ എന്ന് ഇവാൻ ആങ്സ ആജോ കാവിറിനോട് പറയുന്നതോടെയാണ് നോവലിന്റെ തുടക്കം.
       ഭ്രാന്തിയായ ഒരു വിധവയെ രണ്ടു പോലിസുകാർ ചേർന്ന് ബലാൽക്കാരം ചെയ്യുന്നത് ആജോ കാവിറും ഗെക്കോയും ഒളിഞ്ഞു നോക്കുന്നു. ക്രൂരമായ റേയ്പും(rape ) കൊലപാതകവും കണ്ടതോടെ ആജോ കാവിറിന്റെ കൗമാര മനസ്സിനുണ്ടായ ആഘാതമാണ് എന്നന്നേയ്ക്കുമായി ഉദ്ധാരണ ശേഷി നഷ്ടപ്പെടുവാനിടയാക്കിയത് .ഇന്തോനീഷയുടെ രാഷ്ട്രീയഷണ്ഡത്വത്തെ(Political Impotence) പരിഹാസവിധേയമാക്കുകയാണ് എക കുർണിയവാൻ ഇവിടെ. ഇതൊഴിച്ചാൽ വയലൻസിനും ഇന്തോനീഷൻ യുവതയുടെ പുതിയ പ്രവണതകൾക്കും പ്രാധാന്യം കൊടുത്തുകൊണ്ട് രചിക്കപ്പെട്ട ഈ നോവൽ വലിയൊരു വാഗ്ദാനമായിത്തീരുന്നില്ല. ഖണ്ഡം ഖണ്ഡമായുള്ള നറേഷനാണ് കൗതുകമുണർത്തുന്ന ഒരു കാര്യം. കുർണിയവാൻ കൈകാര്യം ചെയ്യുന്ന ഗദ്യശൈലിയെ സാഷ്ടാംഗനമസ്കാരം ചെയ്യണം.അത്രയ്ക്കുണ്ട് അതിന്റെ ലാളിത്യവും സൗന്ദര്യവും.
       ഇന്തോനീഷ പോലുള്ള ചെറിയ ദ്വീപസുഹങ്ങളിൽ മഹത്തായ സാഹിത്യം രചിക്കപ്പെടുന്നുണ്ടെന്ന കാര്യം സാഹിത്യ പ്രണയികളെ ആവേശഭരിതരാക്കുന്നുണ്ട്. സുനാമിയും ഭൂകമ്പവുമൊക്കെ നാനാവിധത്തിൽ തകർത്ത് ആത്മനാശവും ഭൗതിക പ്രതിസന്ധികളും നേരിടുന്ന ഒരു പ്രദേശത്തു നിന്ന് ഉയർന്നു വരുന്ന എഴുത്തിന്റെ വാഗ്ദാനങ്ങളെ വല്ലാത്തൊരു ഹർഷത്തോടെയേ സ്വീകരിക്കാനാവൂ .ഐസ്-ലാൻഡിലെ ഹാൽദോർ ലാക്സ്നസ്സ്(Halldor Lanness) നെപ്പോലുള്ള മഹാസാഹിത്യകാരന്മാർ നമ്മെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മഹാന്മാരായ സാഹിത്യകാരന്മാർ ചരിത്രം വാഴുന്ന മായിക നഗരങ്ങളെ / പ്രദേശങ്ങളെ സാഹിത്യത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. ഫോക്നറുടെ യോക്നാപടോഫയും മാർകേസിന്റെ മക്കോണ്ടയും ഹാർഡിയുടെ വെസ്സക്സും ഒക്കെ അത്തരം പ്രദേശങ്ങളാണ്.ഹാലിമുണ്ടയെന്ന മായിക നഗരത്തിന്റെ സൃഷ്ടിയിലൂടെ എക കുർണിയവാൻ ഈ എഴുത്തുകാരുടെ കൂട്ടത്തിലേക്ക് ഇടം പിടിച്ചിരിക്കുന്നു.

🌾🌾🌾🌾🌾