01-01-2019

പ്രിയ ചങ്ങാതിമാരേ ...പുതുവർഷത്തിലെ ആദ്യ ചിത്രസാഗരത്തിലേക്ക്  ഏവർക്കും ഹൃദ്യമായ സ്വാഗതം🙏 ഈ ചിത്രം നോക്കൂ.... ഒരു കാൻവാസിൽ എത്രയെത്ര മനുഷ്യർ...വസ്തുക്കൾ....പ്രകൃതിയിൽ കാണുന്ന എല്ലാം വിശാലമായി ഉൾക്കൊണ്ട ചിത്രകാരനെ 23ാം ഭാഗമായ ഇന്നത്തെ ചിത്രസാഗരത്തിലൂടെ പരിചയപ്പെടാം...വിശാലമായ കാഴ്ചപ്പാടുകളും...നന്മയെ ഉൾക്കൊള്ളാനും പ്രകടിപ്പിക്കാനും ഉള്ള മനസ്സും..ഏവർക്കും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു😊😊
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

ഗ്രാമീണജീവിത നേർക്കാഴ്ചകളെ കാൻവാസിലേക്ക് പകർത്തിയ.."കൃഷീവലനായ ബ്രുഗേൽ" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നവോത്ഥാനകാലത്തെ പ്രശസ്തനായ ചിത്രകാരൻ
പിയേറ്റർ ബ്രുഗേൽ(elder) നെ നമുക്കിന്ന് പരിചയപ്പെടാം..

🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
ആദ്യമായി രണ്ട് ഓഡിയോ ക്ലിപ്പുകൾ കേൾക്കാം...😊
ഇന്ന് ബ്രുഗേലിനെ അവതരിപ്പിക്കാൻ സഹായത്തിനായി ഞാൻ സമീപിച്ചത് രണ്ട് പ്രശസ്ത ചിത്രകാരന്മാരെയാണ്...ഒരു ബുദ്ധിമുട്ടും പറയാതെ വിവരങ്ങൾ പങ്കുവെക്കുകയും ഓഡിയോ ഗ്രൂപ്പിലേക്കായി അയച്ചുതരുകയും ചെയ്തു...നന്ദി പ്രിയരേ🙏🙏

നമ്മുടെ പാഠപുസ്തകത്തിലെ ചിത്രങ്ങൾ വരച്ച രമേശ് രഞ്ജനം എന്ന പേരിലറിയപ്പെടുന്ന രമേശ് മാഷ്ടേതാണ് ഈ ഓഡിയോ
പ്രശസ്ത ചിത്രകാരനും ആതവനാട് ഹെെസ്ക്കൂളിലെ ചിത്രകലാദ്ധ്യാപകനുമായ രാജൻ കാരയാട് മാഷ്ടേതാണ് ഈ ഓഡിയോ ക്ലിപ്പ്
ഇനി ബ്രുഗേലിലേക്ക് വിശദമായി ഇറങ്ങിച്ചെന്നാലോ..
ബ്രുഗേൽ
പിയേറ്റർ ബ്രുഗേൽ(Pietre Bruegel)
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

നവോത്ഥാനകാലത്തെ മതാത്മക ചിത്രീകരണങ്ങളിൽ നിന്നും പ്രകൃതിയേയും,മനുഷ്യജീവിതത്തെയും കാൻവാസിലേക്ക് ആവാഹിച്ച  ചിത്രകാരന്മാരിൽ അഗ്രഗണ്യനായിരുന്നു ബ്രുഗേൽ.1525 ൽ നെതർലണ്ടിൽ ജനിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ബ്രുഗേൽ 1551നു ശേഷം ഇറ്റലിയിലേക്ക് പോയി.അവിടെ Antwerp ൽ താമസമാക്കി ആന്റ്വേർപ്പ് ചിത്രകാരന്മാരുടെ കൂടെ കൂടി ചിത്രകല വിശദമായി അഭ്യസിച്ചു.നിർഭാഗ്യവശാൽ നാല്പതിനോടടുത്ത സമയത്തു മാത്രമാണ് അദ്ദേഹത്തിന് മാധ്യമ/ജന ശ്രദ്ധേയനായത് നേടാൻ കഴിഞ്ഞത്.
     പ്രകൃതിയിലെ വലിയ ദൃശ്യങ്ങൾ അതേപടി ക്യാൻവാസിലേക്ക് പകർത്താൻ മിടുക്കനായിരുന്നു ബ്രുഗേൽ.സാധാരണ മനുഷ്യരുടെ ജീവിതം,കർഷകർ,പ്രകൃതിദൃശ്യങ്ങൾ എന്നിവ മനോഹരമായി ...പ്രത്യേക ഉൾക്കാഴ്ചയോടെ കാൻവാസിലേക്ക് പകർത്തിയതിനാലാകാം കൃഷീവലനായ ബ്രുഗേൽ എന്ന് ചിത്രലോകം അദ്ദേഹത്തെ വിളിക്കുന്നത്..
     ശ്രദ്ധിക്കപ്പെടേണ്ട വേറൊരു കാര്യം അദ്ദേഹത്തിന്റെ മക്കളും ചിത്രകാരന്മാരായിരുന്നു.അതിൽ ഒരു മകന്റെ പേര് Pietre Brueghel (younger) എന്നായിരുന്നു.. അതിനാൽ ചിത്രലോകം ഇദ്ദേഹത്തെ Pietre Bruegel (elder)എന്നു വിളിക്കുന്നു.ഇവിടെ നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ...അച്ഛൻ H എന്ന അക്ഷരം ഒഴിവാക്കിയത്..അതെ ബ്രുഗേൽ തന്റെ ചിത്രങ്ങളിൽ H ഒഴിവാക്കിയായിരുന്നു ഒപ്പിട്ടിരുന്നത്

ബ്രുഗേലിന്റെ ആദ്യകാല ജീവിതം
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
 Lodovico Guicciardini,Karel Van Manders എന്നിവരുടെ രേഖപ്പെടുത്തലുകളിൽ നിന്നാണ് ബ്രുഗേലിനെക്കുറിച്ച് വ്യക്തമായ വിവരം നമുക്ക് ലഭിക്കുന്നത്.ലോഡോവിക്കോ യാണ് രേഖപ്പെടുത്തിയത് ബ്രുഗേൽ ജനിച്ചത് നെതർലണ്ടിലെ ബ്രേഡ യിലെ ബ്രുഗേൽ ഗ്രാമത്തിലാണെന്ന്.കുടുംബപശ്ചാത്തലത്തെക്കുറിച്ച് വ്യക്തമായ ധാരണ അദ്ദേഹം പങ്കുവെയ്ക്കുന്നില്ല. എന്നാൽ വാൻ മാൻഡർ പറയുന്നു ബ്രുഗേൽ ജനിച്ചത് ഒരു കർഷക കുടുംബത്തിലാണെന്ന്.ബ്രുഗേലിന്റെ ചിത്രങ്ങൾ തന്റെ ജീവിതപശ്ചാത്തലത്തിന്റെ  അനുരണനങ്ങൾ ആയി അദ്ദേഹം കണക്കാക്കുന്നു.ഒട്ടേറെ ചരിത്രകാരന്മാർ ഇത് അംഗീകരിക്കുന്നുണ്ടെങ്കിലും ഇതിനും എതിർവാദം ഇല്ലായ്കയില്ല.
     1534 ലെ തീപ്പിടുത്തത്തിൽ 1300 വീടുകൾ കത്തിനശിച്ച സ്ഥലമായിരുന്നു ബ്രേഡ.മാത്രമല്ല 1551ൽ Antwerp paintersന്റെ അടുത്ത് 1551 ൽ പോയതായി കാണാനുണ്ട്.ഈ കാര്യങ്ങളിൽ നിന്നാണ് 1525നും 1530 നും ഇടയിലാണ് ബ്രുഗേലിന്റെ ജനനം എന്ന് അനുമാനിക്കുന്നത്.Antwerpപെയിന്റിംഗിൽ ഇദ്ദേഹത്തിന്റെ ഗുരുനാഥനായ Pietre Coecke Van Aelst യുടെ മകളെയാണ് ബ്രുഗേൽ വിവാഹം കഴിച്ചത്.ഭാര്യയും ഭാര്യയുടെ 8 സഹോദരങ്ങളും ചിത്രകാരായിരുന്നു...

അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഒന്നു പരിചയപ്പെട്ട ശേഷം ബാക്കി വിശദാംശങ്ങളിലേക്ക്...
ബാബേൽ ഗോപുരം_ബ്രുഗേലിന്റെ പ്രശസ്തമായ ഒരു ചിത്രം.. ഇതൊന്ന് വലുതാക്കി നോക്കൂ...

ഈ ചിത്രത്തെ സൂക്ഷ്മമായി നമുക്കൊന്ന് വായിക്കാം😊

ബാബേൽ ഗോപുരം
ഉൽപ്പത്തി പുസ്തകത്തിലെ പതിനൊന്നാം ഭാഗത്ത് ഒന്നു മുതൽ ഒമ്പതുവരേയുള്ള വരികളിൽ വിവരിക്കുന്ന ബാബേൽ ഗോപുരത്തിന്റെ കഥയാണ് ഈ ചിത്രത്തിന്റെ അടിസ്ഥാനം. ഒത്തൊരുമയും ഒറ്റഭാഷയുമുണ്ടായിരുന്ന ആദിമാനവരാണത് പണിതത്. നിമ്രോദ് രാജാവിന്റെ നിർദ്ദേശാനുസാരമായിരുന്നുവത്രെ അതിന്റെ നിർമ്മിതി. ബൈബിളിൽ ഇപ്രകാരം പറയുന്നു. “വരൂ, നമുക്കായൊരു നഗരം നിർമ്മിക്കാം. ഒപ്പം ഒരു മഹാഗോപുരവും. ഉയരും സ്വർഗ്ഗത്തോളമത്. നമ്മളങ്ങനെ പേരെടുക്കട്ടെ. അല്ലെങ്കിൽ ചിതറിത്തെറിച്ചുപോകും നമ്മളീ ഭൂമുഖത്തെങ്ങും”. ചിത്രത്തിലാകട്ടെ, സ്വർഗ്ഗത്തിലേക്കുയരുന്ന ഒരു മഹാസൗധം പണിതെടുക്കുന്ന തിരക്കിലാണ് ജനങ്ങൾ. നിമ്രോദിനു മുന്നിൽ മുട്ടുകുത്തി വണങ്ങുന്ന നാട്ടുകാരെ ഇതിൽക്കാണാം. രാജാവിന്റെ അഹംഭാവം നിറഞ്ഞ അതിധാർഷ്ട്യമെന്ന പാപത്തിന് ബ്രൂഗൽ ഇവിടെ അടിവരയിടുകയാണ്. ദൈവത്തിനെ മറന്നുകൊണ്ടുള്ള ഈ ധിക്കാരത്തിന് നിമ്രോദ് ശിക്ഷിക്കപ്പെടുന്നു. ദാന്തേയുടെ ഡിവൈൻ കോമഡിയിലും മറ്റും ഇതിന്റെ വിശദവർണ്ണനകളുണ്ട്.

ബാബേൽ ഗോപുരത്തെ ഇതിൽ കാണിച്ചിരിക്കുന്ന രീതി വെച്ചുനോക്കിയാൽ, അതിൽ റോമിലെ കൊളീസിയം ഓർമ്മകൾ നിറയുന്നുണ്ട്. സൂക്ഷ്മനോട്ടത്തിൽ റോമിലെ കൊളീസിയത്തിന്റെ രൂപം തന്നെ ബ്രൂഗലിന്റെ ബാബേലിന്. വർത്തുളാകൃതിയിൽ (Spiral) മുകളിലേക്കു കയറിപ്പോകുന്ന ഗോപുരതലങ്ങൾ. അക്കാലത്ത്, കൊളീസിയത്തിനെ മതദ്വേഷത്തിന്റെ കടന്നൽക്കൂടായും, ദുരിതം നിറഞ്ഞ പീഡനഗൃഹവുമായുമൊക്കെയാണ് ക്രിസ്ത്യാനികൾ കണ്ടിരുന്നത്. ആദ്യകാലക്രിസ്ത്യാനികൾ റോമക്കാരുടെ പക്കൽനിന്നും അനുഭവിച്ചിട്ടുള്ള പീഡാനുഭവങ്ങളുടെ ദുരന്തമാതൃക. ഒരുപക്ഷെ, റോമാക്കാരിൽനിന്നും തങ്ങളുടെ പൂർവ്വികർക്ക് നേരിടേണ്ടിവന്ന ക്രൂരതകൾ ചിത്രരചനയ്ക്കിടയിലൊക്കെ ബ്രൂഗലിന്റെ മനസ്സിൽ തികട്ടിവന്നിരിക്കണം. കൊളീസിയത്തിൽ ക്രൂശിക്കപ്പെട്ട ജീവനുകളേയും, അവിടെ തളംകെട്ടിയ ക്രിസ്ത്യൻ രക്തത്തേയും ഓർക്കുമ്പോൾ ആ കൊളീസിയഛായ വെറുതേയല്ലെന്നു തോന്നും. ഒരു പക്ഷെ, അതു തന്നേയായിരിക്കാം ബ്രൂഗലും ഇവിടെ ഓർമ്മപ്പെടുത്തുന്നത്. റോം എന്ന നിതാന്തനഗരത്തിന്റെ ജീർണ്ണതയും തകർച്ചയും, മനുഷ്യന്റെ അഹന്തയുടേയും അതിമോഹത്തിന്റേയും അല്പായുസ്സിനോടൂം നിസ്സാരതയോടും ചേർത്തുവെച്ചു വായിക്കുകയാണ് ബ്രൂഗലിവിടെ. ഒരു പക്ഷെ, ബാബിലോണിയൻ കഥയുടെ ഇത്തരത്തിലുള്ള റോമൻവൽക്കരണം മനപൂർവ്വമല്ലാതേയും ആവാം. ഗംഭീരനിർമ്മിതികൾക്ക് അക്കാലത്ത് റോമൻ മാതൃകകൾ മാത്രമായിരുന്നല്ലോ, ഉത്തമദൃഷ്ടാന്തങ്ങൾ. ചിത്രത്തിൽ ബാബേൽഗോപുരം നില്ക്കുന്നത്, ഒരു നദിക്കരയിലാണെന്നു തോന്നുന്നു. യൂഫ്രട്ടീസ് നദിയായിരിക്കാം. കെട്ടിടനിർമ്മാണത്തിനുള്ള വമ്പൻ സാധനങ്ങൾ ജലമാർഗ്ഗേണയായിരുന്നല്ലോ പ്രാചീനകാലത്ത് പൊതുവെ എത്തിച്ചുകൊടുത്തിരുന്നത്.

ചിത്രത്തിലൂടെ ഓടിച്ചുനോക്കിയാൽ നമുക്ക് നിരവധി മനുഷ്യരെ കാണാനാവും. എല്ലാവരും ആ മഹാനിർമ്മാണപ്രക്രിയയുടെ ഭാഗഭാക്കുകൾ. ഇത്രയും വിസ്തൃതവും വൈഷമ്യമേറിയതുമായ മറ്റൊരു പ്രവർത്തനം ഈജിപ്തിലൊഴിച്ച്, നമുക്ക് പുരാരേഖകളിലൊന്നും കാണാനാവില്ല. പക്ഷെ, നിമ്രോദിന്റേത് ദൈവത്തിനെ വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു ശ്രമമായിരുന്നു

അതുകൊണ്ടാണു ഇതിനൊരു നീചത്വം കല്പ്പിക്കപ്പെട്ടത്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ഉറപ്പായും തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന ഒരഹങ്കാരപ്രകടനം.

വളരെ നിപുണശ്രദ്ധയോടേയാണ് ബ്രൂഗൽ ഈ ചിത്രം വരച്ചിരിക്കുന്നത്. ഗോപുരനിർമ്മാണത്തിന്റെ സങ്കീർണ്ണമായ വിവിധവശങ്ങൾ മനസ്സിലാക്കിത്തന്നെ, ഈ രചന. മേഘത്തോളം ഉയർന്നുനില്ക്കുന്നു, ബാബേൽ. പക്ഷെ, നല്ലപോലെ ശ്രദ്ധിച്ചുനോക്കിയാൽ ഗോപുരത്തിന്റെ പണിയിൽ എന്തൊക്കെയോ അപാകതകൾ കാണാം. പണി മുഴുവനും തീരാത്തതുകൊണ്ടാണോ, അതോ നിർമ്മാണപ്പിശകുകളാണോ? എന്തായാലും ഏതുനിമിഷവും തകർന്നേക്കാമെന്ന സൂചന ബ്രൂഗലിന്റെ ഗോപുരം നമുക്ക് തരുന്നുണ്ട്. ദൈവത്തിനു മാത്രം അവകാശപ്പെടാവുന്ന സമ്പൂർണ്ണതയുടെ അഭാവം മനുഷ്യന്റെ കഴിവുകളെ വേർതിരിച്ചുകാണാനും, ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കാനുമായി മനപൂർവ്വം ചെയ്തതായിരിക്കണം. കെട്ടിടം ഉയരുന്നതിനനുസരിച്ച്, മുകളിലേക്ക് നിർമ്മാണസാമഗ്രികൾ കൊണ്ടുപോകുന്നതിനായി മണ്ണും കല്ലുമെല്ലാം കൂട്ടിയിട്ടുണ്ടാക്കിയ ചെരിഞ്ഞ പ്രതലം പ്രാചീനകാലത്തെ നിർമ്മാണരീതിയെ സൂചിപ്പിക്കുന്നു. പിരമിഡുകൾ അടക്കമുള്ള വൻകെട്ടിടങ്ങൾ കെട്ടിപ്പൊക്കിയിരുന്നത് അക്കാലത്ത് ഇതേ രീതിയിലായിരുന്നുവല്ലോ.

കല്ലുകൾ കൊത്തിയെടുക്കുന്നവരുടെ അടുത്തേക്കാണ് നിമ്രോദ് എഴുന്നള്ളിയിരിക്കുന്നത്. ആയുധധാരികളായ ഭടന്മാർ കൂടേയുമുണ്ട്. സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാൻപോലും വേണ്ടിവരുന്ന ഈ ആയുധസന്നാഹം രാജാവ് എത്രത്തോളം ജനങ്ങളിൽനിന്നും അകലെയാണെന്നു കാണിക്കുന്നുണ്ട്. രാജാവ് തൊട്ടടുത്തുണ്ടായിട്ടും പലരും ജോലിയിൽ വ്യാപൃതർ തന്നെ. ഒരാൾ തിരുമനസ്സിന്റെ കാല്ക്കൽ വീണുകിടക്കുന്നു. ജോലിയിലെ വീഴ്ചയോ, അതോ മറ്റെന്തോ കുറ്റം ആരോപിക്കപ്പെട്ടതിനോ മാപ്പുചോദിക്കുകയാണെന്നു തോന്നും. നിമ്രോദിന്റെ മുഖമാണെങ്കിൽ ഒട്ടും കരുണവുമല്ല. ഒരു കടുംശിക്ഷ അവിടെ ഏതുനിമിഷവും പ്രതീക്ഷിക്കാം. രാജാവിനു തൊട്ടുപുറകിൽ രണ്ടുപേർ ഒരാളെ വലിച്ചിട്ടടിക്കുന്നുമുണ്ട്. ഏത് മഹാസൃഷ്ടികൾക്കുപിന്നിലും ഇത്തരം ക്രൂരതകളുടെ കഥകൾ നിറഞ്ഞുനിൽക്കുന്നുണ്ടെന്ന നിത്യസത്യം ബ്രൂഗൽ നമ്മെ ഓർമ്മിപ്പിക്കുന്നു.

ഗോപുരത്തിന്റെ പലഭാഗങ്ങളിലുമായി പണിയെടുക്കുന്നവരെ വളരെ ചെറുരൂപങ്ങളായി കാണിച്ചിട്ടുണ്ട്. ഉറുമ്പുകളെന്നോണം പണിയെടുക്കുന്നവർ. അവർ അടിമകളാവാനിടയില്ലെന്നുതന്നെ ഞാൻ കരുതുന്നു. വലിയ ശിലാഖണ്ഡങ്ങൾ മുകളിലേക്കെത്തിക്കുന്ന ഭഗീരഥപ്രയത്‌നത്തിൽ അവർ പ്രസരിപ്പോടെതന്നെയാണ് കൂട്ടുചേരുന്നത്. പാതിപണിത ഗോപുരവാതിലിലും കാണാം ഏതാനും ജോലിക്കാരെ. മുകൾനിലകളിൽനിന്നും തൂങ്ങിക്കിടക്കുന്ന ഒരു ഏണിയിലൂടെ ചവിട്ടിക്കയറുന്ന ഒരാൾ, അതിനടുത്തായി കൂട്ടംകൂടി നില്ക്കുന്ന മറ്റുചിലർ തുടങ്ങി ബാബേൽ ഗോപുരത്തിൽ പലയിടത്തായി വരച്ചിട്ടിരിക്കുന്ന തൊഴിൽക്കാഴ്ചകൾ വൈവിധ്യമാർന്നതുതന്നെ.

നദിപ്പരപ്പിനു തൊട്ടുതന്നേയാണ് ഇത്രയും വലിയൊരു ഗോപുരം കെട്ടിപ്പടൂക്കുന്നത്, എന്നതു അതിന്റെ ശാശ്വതപ്രതിഷ്ഠയെ അസ്ഥിരമാക്കുന്നുണ്ട്. തൊട്ടടുത്ത് നങ്കൂരമിട്ടിട്ടുള്ള കപ്പലുകൾ തുറമുഖത്തിന്റെ സജീവത കാണിക്കുന്നു. ഒരു കൗതുകകരമായ സംഗതി എന്താണെന്നുവെച്ചാൽ, ഇങ്ങനെ വിസ്തൃതമാർന്ന നൗകാഗാരങ്ങൾ ബാബേലിന്റെ കാലത്ത് ഉണ്ടായിരുന്നുവോ എന്ന സംശയമാണ്. സിന്ധുനാഗരികതയിലാണ് ആദ്യമായി ഇത്തരം കപ്പൽത്തുറകൾ ഉണ്ടാക്കപ്പെട്ടിട്ടുള്ളതെന്നാണ് കേട്ടിട്ടുള്ളത്. കപ്പലുകൾക്കടുത്തുതന്നെ കടലിലേക്കു നീണ്ടുകിടക്കുന്ന ഒരു കോട്ടയും ശ്രദ്ധേയമാണ്.

ഗോപുരത്തിനു ചുറ്റുമുള്ള ഭൂപ്രകൃതിയിൽ ബ്രൂഗൽ കാണിച്ചിരിക്കുന്ന ചിട്ടയും ശ്രദ്ധയും അത്ഭുതാവഹമെന്നേ പറയാനാവൂ. ചിത്രപശ്ചാത്തലത്തിൽ നിമ്രോദിന്റെ നഗരം പരന്നുകിടക്കുന്നു. വളരെ സൂക്ഷ്മതയോടെത്തന്നെ അദ്ദേഹം അതിനെ ഭാവനയിൽനിന്നും ഒപ്പിയെടുത്തിട്ടുണ്ട്. ഒരു കാര്യം ഉറപ്പിച്ചുപറയാം, നിമ്രോദിന്റെ ബാബേലിനെക്കാളൂം ഒരുപക്ഷെ, ഗംഭീരവും, സങ്കീർണ്ണവുമായ മായാസൃഷ്ടി തന്നെ ബ്രൂഗലിന്റേത്. വളരെ ശാസ്ര്തീയമായ കൃത്യതയോടെ ആ ഗോപുരത്തെ പുനർസൃഷ്ടിച്ച ബ്രൂഗലിന്റെ ചിത്രനിമിഷങ്ങൾ അദ്ദേഹത്തിന് അളവറ്റ ആനന്ദം പ്രദാനം ചെയ്തിട്ടുണ്ടാവണം. അന്നദ്ദേഹം അനുഭവിച്ച ഉൾത്തിമിർപ്പ് അദ്ദേഹത്തെ ഹർഷോന്മത്തനുമാക്കിയിട്ടുണ്ടാവാം. ഈ മഹദ്ചിത്രം കാണുമ്പോഴെല്ലാം നാമനുഭവിക്കുന്ന വികാരതീവ്രതയും ഉൾപ്പുളകവും ഈ ചിത്രത്തിലടക്കം ചെയ്യപ്പെട്ടിരിക്കുന്ന ബ്രൂഗൽനിമിഷങ്ങളിൽനിന്നും നാമ്പെടുക്കുന്നത്രെ. അതിന്റെ പ്രതിഫലനങ്ങളാണ് ഇതു കാണുന്ന ഓരോ കാഴ്ചക്കാരനിലേക്കും ഇന്നും പകർന്നുതരുന്നത്. ചുരുക്കിപ്പറഞ്ഞാൽ, അഹങ്കാരത്തിനുള്ള ശിക്ഷയെ ഓർമ്മിപ്പിക്കുന്നു ഈ ഗോപുരം; അതോടൊപ്പം തന്നെ ദൈവഹിതത്തിനെതിരായ മനുഷ്യാദ്ധ്വാനത്തിന്റെ നിഷ്ഫലതയേയും.

പക്ഷെ, എന്നെ സംബന്ധിച്ചിടത്തോളം അതിനേക്കാളൊക്കെ മനസ്സിൽത്തട്ടുന്ന മറ്റൊരു ചിന്തകൂടി ഈ ബാബേൽ ഗോപുരത്തിൽനിന്നും മുളപൊട്ടുന്നുണ്ട്. മെയ്മറന്നു പണിയെടുത്തിരുന്ന ഈ ബാബിലോണിയൻ ജനതയെ ദൈവം നല്ലരീതിയിലല്ല കണ്ടതെന്ന് ബൈബിൾ പറയുന്നു. ഒരു പക്ഷെ, നിമ്രോദിന്റെ ആജ്ഞകൾക്കപ്പുറത്ത് ആ പാവം ബാബിലോണിയർക്ക് മറ്റൊരു ലോകമുണ്ടായിരുന്നില്ലായിരിക്കാം. ദൈവകോപം ഒരു പക്ഷെ, നിമ്രോദിനെചൊല്ലിയായിരിക്കാനും മതി. ഉയരത്തിലേക്കു പൊങ്ങിയിരുന്ന ബാബേൽ ഗോപുരം ദൈവത്തിനടുത്തേക്കെത്താനുള്ള അത്യാഗ്രഹത്തെ സൂചിപ്പിക്കുന്നുവെന്ന് വിശുദ്ധഗ്രന്ഥം ആവർത്തിക്കുന്നുണ്ട്. മനുഷ്യരുടെ ഒരുമയായിരുന്നു അവരുടെ ശക്തിയെന്ന് ദൈവം തിരിച്ചറിഞ്ഞു. അതിനെ കൂട്ടിവിളക്കിയിരുന്നതോ അവരുടെ ഭാഷയും. മനുഷ്യനെ വിഘടിപ്പിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ആ ഭാഷയേയും, അതിലൂടെ അവരൂടെ ഐക്യത്തേയും ഇല്ലായ്മ ചെയ്യലായിരുന്നു.ദൈവം അതുതന്നെ ചെയ്തു. തന്നെ വെല്ലുവിളിച്ച മനുഷ്യനുമേൽ സർവ്വശക്തൻ ചൊരിഞ്ഞ ഏറ്റവും കടുത്ത ശിക്ഷ അതോടെ നടപ്പായി. അവന്റെ ജന്മഭാഷ അവനു നഷ്ടപ്പെട്ടു. അവർക്ക് പരസ്പരം മനസ്സിലാവാതായി. തമ്മിലടിച്ച്, ഭാഷ വെടിഞ്ഞ് അവർ ഭൂമിയുടെ നാനാകോണിലേക്കും ചിതറിത്തെറിച്ചു. പുതുഭാഷകളും, പുതുനാടുകളും പിറന്നു. പക്ഷെ, അവനെ ഒന്നാക്കിയിരുന്ന ആ ഒറ്റധമനി, അവന്റെ മാതൃഭാഷ, അവനു എന്നെന്നേക്കുമായി ഇല്ലാതായി. ഫലമോ നമ്മളിന്നീ കാണുന്ന നിരന്തരകലഹവും യുദ്ധകോലാഹലങ്ങളും.

ബാബേൽ പ്രതിനിധാനം ചെയ്യുന്ന, നമുക്കെന്നോ നഷ്ടപ്പെട്ടുപോയ ആ പൂർവ്വഭാഷയെക്കുറിച്ചുള്ള, അല്ലെങ്കിൽ നമ്മേയെല്ലാം ഒന്നാക്കിയിരുന്ന ആ മാതൃജിഹ്വയെക്കുറിച്ചുള്ള സങ്കല്പങ്ങൾ, അങ്ങനേയൊന്ന് ഇന്നു നമുക്കില്ലാത്തതിനാൽ, ഭാഷയുടേയും മതത്തിന്റേയും പേരിൽ തമ്മിൽത്തല്ലുന്ന വർത്തമാനസമൂഹത്തെ ചേർത്തുവായിക്കുമ്പോൾ, ഒരു നൊമ്പരമായി ഈ ബ്രൂഗൽച്ചിത്രം അവശേഷിപ്പിക്കുന്നു

(കടപ്പാട്_ഡോ.ഹരികൃഷ്ണൻ)
The seven deadly sins or the seven vices amger(1558)
The fall of the rebel angels(1562)
കുട്ടികളുടെ കളികൾ(1562)
കൊയ്ത്തുകാർ(1562)
The sermon of the saint John the Baptist
Proverbs(1559)
ഈ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്...എന്താണെന്നറിയാമോ😊 നൂറോളം ഡച്ച് പഴമൊഴികളെ ഒരു ഫ്ലമിഷ്ഗ്രാമത്തിന്റെ വിവിധദൃശ്യങ്ങളായി ഒറ്റ കാൻവാസിൽ കോർത്തിണക്കിയ ചിത്രമാണിത്
കർഷകന്റെ വിവാഹം(1566_1569)
Massacre of the innocents
Hunters in the snow
പ്രകൃതി ദൃശ്യം
ബ്രുഗേലിന്റെ ഏറ്റവും പ്രശസ്തമായ മറ്റൊരു ചിത്രമാണ് The way to Calvary
The way to Calvary എന്ന ഈ ചിത്രം സൂം ചെയ്തു നോക്കൂ.... എത്രയെത്ര കഥാപാത്രങ്ങളെ ഈ ഒരു കാൻവാസ് ഉൾക്കൊണ്ടു🙏🙏
ഈ ചിത്രത്തിലെ 12 കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഒരു സിനിമ ഉണ്ടായിട്ടുണ്ട്...ആ സിനിമാ വിശേഷങ്ങളിലേക്ക്...
The mill& the cross എന്ന സിനിമ ആസ്പദമാക്കിയിരിക്കുന്നത്
ബ്രുഗേലിന്റെ മേൽകൊടുത്ത ചിത്രത്തെയാണ്..
സിനിമയിലേക്ക്...
കാല്‍വരിയിലേക്കുള്ള യേശുക്രിസ്തുവിന്റെ പീഡനയാത്രയെക്കുറിച്ചുള്ള പെയിന്റിങ്. ആ പെയിന്റിങ്ങിനെപ്പറ്റി ഒരു പുസ്തകം. ആ പുസ്തകത്തില്‍ നിന്നൊരു സിനിമ. പെയിന്റിങ് പോലെ മനോഹരമായ, ഗഹനമായ സിനിമ. പോളിഷ് ചലച്ചിത്രകാരനായ ലേ മയേവ്‌സ്‌കിയുടെ ' ദ മില്‍ ആന്‍ഡ് ദ ക്രോസ് ' (The Mill and the Cross) എന്ന ഇംഗ്ലീഷ് / സ്പാനിഷ് സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കാം. എഴുത്തുകാരന്‍, നാടകസംവിധായകന്‍, പെയിന്റര്‍ എന്നീ നിലകളിലും പ്രശസ്തനാണ് മയേവ്‌സ്‌കി. അദ്ദേഹത്തിലെ നാടകസംവിധായകനും പെയിന്ററും പൂര്‍ണമായി സമ്മേളിച്ചിരിക്കയാണ് ഈ സിനിമയില്‍. ഇക്കഴിഞ്ഞ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇതിവൃത്തം കൊണ്ടും ശില്‍പ്പഘടനകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ' ദ മില്‍ ആന്‍ഡ് ദ ക്രോസ് '. അകിര കുറസോവയുടെ ചിത്രസമാഹാരമായ ' ഡ്രീംസി ' ലെ ' കാക്കകള്‍ ' (Crows) എന്ന ഹ്രസ്വസിനിമയെ ഓര്‍മിപ്പിക്കും ' ദ മില്‍ ആന്‍ഡ് ദ ക്രോസ് ' . വാന്‍ഗോഗിന്റെ പെയിന്റിങ്ങുകളിലൂടെയുള്ള സഞ്ചാരമാണ് നമ്മള്‍ ' ക്രോസി ' ല്‍ കണ്ടത്. വാന്‍ഗോഗിനെ കണ്ടുമുട്ടുന്ന ഒരു ചിത്രകലാവിദ്യാര്‍ഥിയെയാണ് കുറസോവ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വാന്‍ഗോഗിന്റെ പെയിന്റിങ്ങുകളിലൂടെ അവന്‍ സഞ്ചരിക്കുകയാണ്. ഓരോ ചിത്രത്തെയും അറിഞ്ഞുകൊണ്ടാണീ യാത്ര. മയേവ്‌സ്‌കിയാവട്ടെ, ഒറ്റച്ചിത്രത്തെ അവലംബിച്ചാണ് തന്റെ സിനിമ രൂപപ്പെടുത്തിയത്. ഫ്ലെമിഷ് നവോത്ഥാനകാലത്തെ ( പതിനാറാം നൂറ്റാണ്ട് ) പ്രമുഖ ചിത്രകാരനായിരുന്ന പീറ്റര്‍ ബ്രൂഗല്‍ യേശുവിന്റെ കാല്‍വരിയാത്രയെ ആധാരമാക്കി 1564 ല്‍ വരച്ച ' ദ വേ ടു കാല്‍വരി ' യാണ് ഈ ചിത്രം.ബ്രൂഗലിന്റെ ചിത്രത്തെപ്പറ്റി കലാ നിരൂപകനായ ബെല്‍ജിയംകാരന്‍ മൈക്കല്‍ ഫ്രാന്‍സിസ് ഗിബ്‌സന്‍ എഴുതിയ പുസ്തകമാണ് മയേവ്‌സ്‌കിയുടെ സിനിമ പിന്തുടരുന്നത്. 170 സെ.മീ. നീളവും 124 സെ.മീ. വീതിയുമുള്ള പെയിന്റിങ്ങാണ് ബ്രൂഗല്‍ തീര്‍ത്തത്. മനുഷ്യരും മൃഗങ്ങളുമായി 500 രൂപങ്ങളുണ്ടിതില്‍. ഇവയില്‍ നിന്ന് ഏതാനും പേരെമാത്രമാണ് കഥാപാത്രങ്ങളായി മയേവ്‌സ്‌കി ഉയിര്‍ത്തെഴുനേല്‍പ്പിക്കുന്നത്. വിയന്നയിലെ മ്യൂസിയത്തിലാണിപ്പോള്‍ ഈ പെയിന്റിങ്. ബ്രൂഗലിന്റെ ആരാധകനാണ് സംവിധായകന്‍ മയേവ്‌സ്‌കിയും. പെയിന്റിങ്ങിലെ, ആകാശം ചെന്നുതൊടുന്ന കൂറ്റന്‍ പാറയും അതിനു മുകളില്‍ സ്ഥാപിച്ച ധാന്യമില്ലുമാണ് ഗിബ്‌സന്റെ ശ്രദ്ധയെ ആകര്‍ഷിച്ചത്. മനുഷ്യസാധ്യമല്ലാത്ത ഒന്നാണ് പാറപ്പുറത്തെ ആ മില്ല്. അത്തരമൊരു ആശയത്തിന് ബ്രൂഗലിനെ പ്രേരിപ്പിച്ചതെന്താവാം എന്നായി ഗിബ്‌സന്റെ ചിന്ത. മില്ലുടമയായി ബ്രൂഗല്‍ ഉയരത്തില്‍ പ്രതിഷ്ഠിച്ചത് ദൈവത്തെത്തന്നെയാണ് എന്നാണ് ഗിബ്‌സന്റെ നിഗമനം. എല്ലാ വേദനകളുടെയും ക്രൂരതകളുടെയും സാക്ഷി. . ഗാഗുല്‍ത്ത മലയിലേക്കുള്ള യേശുവിന്റെ യാത്രയെ തന്റെ കാലഘട്ടവുമായി കൂട്ടിച്ചേര്‍ത്താണ് ബ്രൂഗല്‍ പെയിന്റിങ് രചിച്ചത്. നെതര്‍ലാന്റ്‌സിലെ ബ്രൂഗലിലാണ് പീറ്റര്‍ ബ്രൂഗലിന്റെ ജനനം. മതനിന്ദ ആരോപിച്ച് തന്റെ ജനതയോട് സ്പാനിഷ് ഭരണകൂടം കാട്ടിയ ക്രൂരതകള്‍ കുരിശിന്റെ വഴിയുടെ പശ്ചാത്തലത്തില്‍ ലോകത്തോട് വിളിച്ചുപറയുകയാണ് ബ്രൂഗല്‍. പീഡനങ്ങള്‍ക്ക് ഏതുകാലത്തും ഒരേ മുഖമാണെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. ഭരണകൂടങ്ങളും വ്യക്തികളും മാറുന്നു. പക്ഷേ, അധിനിവേശത്തിനും പീഡനങ്ങള്‍ക്കും മാറ്റമേതുമില്ല. മതനിന്ദകരെന്ന് ആരോപിക്കപ്പെടുന്നവരെ കൊല്ലാനായിരുന്നു സ്പാനിഷ് രാജാവിന്റെ ഉത്തരവ്. സ്ത്രീകളെ ജീവനോടെ കുഴിച്ചുമൂടലായിരുന്നു അന്നത്തെ രീതി. തന്റെ പുസ്തകത്തെ ആധാരമാക്കി ഒരു ഡോക്യുമെന്ററി ചെയ്യിക്കാനാണ് ഗിബ്‌സന്‍ മയേവ്‌സ്‌കിയെ സമീപിച്ചത്. പക്ഷേ, മയേവ്‌സ്‌കി ഇതില്‍ ഒരു ഫീച്ചര്‍ ഫിലിമിനുള്ള സാധ്യതകളാണ് കണ്ടത്. ഗിബ്‌സനും മയേവ്‌സ്‌കിയും ചേര്‍ന്ന് തിരക്കഥയൊരുക്കി.

ബ്രൂഗല്‍ചിത്രത്തിന്റെ പുന:സൃഷ്ടിയും വ്യാഖ്യാനവുമാണ് സിനിമ നിര്‍വഹിക്കുന്നത്. നാല് കൊല്ലമെടുത്തു ഇത് പൂര്‍ത്തിയാകാന്‍. ഏറ്റവും പുതിയ സാങ്കേതികവിദ്യയെവരെ കൂട്ടുപിടിച്ചാണ് സിനിമ ഒരുക്കിയത്. സിനിമയുടെ പശ്ചാത്തലത്തിലെപ്പോഴും പ്രകൃതിയുണ്ട്. അത് ചിലപ്പോള്‍ ചലനാത്മകമാണ്. ചിലപ്പോള്‍ നിശ്ചലവും. പഴയകാല സിനിമകളിലേതുപോലെ വരച്ചുവെച്ച പ്രകൃതിദൃശ്യങ്ങളെയും സംവിധായകന്‍ ഉപയോഗിക്കുന്നുണ്ട്. ബ്രൂഗലിന്റെ പെയിന്റിങ് കാണിച്ചുകൊണ്ടാണ് 86 മിനിറ്റുള്ള ചിത്രം തുടങ്ങുന്നത്. പെയിന്റിങ്ങിലെ നിശ്ചലാവസ്ഥയില്‍ നിന്ന് കുറെ കഥാപാത്രങ്ങളെ സംവിധായകന്‍ മോചിപ്പിക്കുന്നു. പെയിന്റിങ്ങിന്റെ വലിയ ഫ്രെയിമിനകത്തുനിന്ന് ആവശ്യമുള്ള കഥാപാത്രങ്ങളെ സ്‌ക്രീനിലേക്ക് ഇറക്കിക്കൊണ്ടുവരികയാണദ്ദേഹം. എല്ലാറ്റിനും സാക്ഷിയാണ് ചിത്രകാരനും സുഹൃത്തായ ബാങ്കറും . പെയിന്റിങ്ങിലെ ഓരോ ഭാഗം അടര്‍ത്തിയെടുത്താണ് സംവിധായകന്‍ കഥ പറയുന്നത്. ഗിബ്‌സന്റെയല്ല, ബ്രൂഗലിന്റെ ഭാഷയിലാണ് താന്‍ സംസാരിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. അതുകൊണ്ടുതന്നെ ഈ സിനിമയില്‍ സംഭാഷണം വളരെ കുറവാണ്. സംഭാഷണമില്ലായ്മ ചിത്രത്തിന്റെ ആസ്വാദനത്തിന് തടസ്സം നില്‍ക്കുന്നില്ല. പെയിന്റിങ് പോലെ ഓരോ ദൃശ്യഖണ്ഡവും നിശ്ശബ്ദമായി നമ്മളോട് സംസാരിക്കുന്നു. ഇതിലെ ചിത്രകാരന്‍ ബ്രൂഗല്‍ തന്നെയാണ്. ആദ്യരംഗം തൊട്ടുതന്നെ അദ്ദേഹം സുഹൃത്തിനൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്. മതനിന്ദ ആരോപിക്കപ്പെട്ട ഒരു യുവാവിനെ പീഡിപ്പിച്ച് കൊല്ലുന്നത് കാണിച്ചുകൊണ്ടാണ് സിനിമയുടെ തുടക്കം. അയാളുടെ ഭാര്യയൊഴികെ മറ്റാരും ആ ക്രൂരതയോട് പ്രതികരിക്കുന്നില്ല. എല്ലാവരും തങ്ങളുടേതായ ലോകത്താണ്. മറ്റുള്ളവരുടെ വേദനകളിലേക്ക് അവര്‍ കണ്ണയക്കുന്നുപോലുമില്ല. മനുഷ്യന്റെ ഈ സ്വാര്‍ഥത കൂടി സംവിധായകന് എടുത്തുകാണിക്കാനുണ്ട്. യുവാവിന് നേരിട്ട പീഡനങ്ങളെ യേശുവിന്റെ പീഡാനുഭവങ്ങളോട് ബന്ധപ്പെടുത്തുകയാണ് ബ്രൂഗല്‍. യുവാവിനെയും യേശുവിനെയും കൊല്ലാനുള്ള ഒരുക്കങ്ങളാണ് ചിത്രാരംഭത്തില്‍ നമ്മള്‍ കാണുന്നത്. പരസ്പരബന്ധം തോന്നാത്ത കുറേ ദൃശ്യഖന്ധങ്ങളാണ് ആദ്യം കാണിക്കുന്നത്. യേശുവിനെ തറയ്ക്കാനുള്ള മരക്കുരിശിനു വേണ്ടിയുള്ള അന്വേഷണമാണ് തുടക്കത്തില്‍. ഉറപ്പുള്ളൊരു മരം നോക്കി നടക്കുകയാണ് രണ്ടുപേര്‍. അതിലൊരാള്‍ കത്തികൊണ്ട് ഒരു മരത്തില്‍ കുരിശ് വരയ്ക്കുന്നു. മഞ്ഞിലൂടെ അവ്യക്തരൂപങ്ങളായി കടന്നുവരുന്ന കുതിരപ്പടയാളികള്‍. ധാന്യമില്ലില്‍ അനക്കം. മില്ലുടമയും ഭാര്യയും ഉണരുന്നു. യുവാവിനെ വരിഞ്ഞുകെട്ടി കിടത്താനുള്ള വലിയൊരു മരച്ചക്രവുമായി വരുന്ന ഒരാള്‍. മുറിഞ്ഞുവീഴുന്ന മരം - ഇങ്ങനെ കുറേയേറെ ചെറുചിത്രങ്ങള്‍ ചേര്‍ത്തുവെച്ചാണ് ഇതിവൃത്തം മുന്നോട്ടു പോകുന്നത്. യുവാവിനെ പീഡിപ്പിച്ചുകൊന്ന അതേയിടത്താണ് ദൈവപുത്രന്റെയും കുരിശുമരണം. രണ്ട് കാലഘട്ടങ്ങളെ അതിസമര്‍ഥമായി ചേര്‍ത്തുവെക്കുകയാണിവിടെ. കുരിശുമരണത്തിനുശേഷം ആദ്യം സ്ഥലം വിടുന്നത് യൂദാസാണ്. അയാളുടെ കൈയിലുള്ള വെള്ളിക്കാശിന്റെ കിലുക്കം നമുക്ക് കേള്‍ക്കാം. ഒറ്റിക്കൊടുത്തതിന് കിട്ടിയ ആ വെള്ളിക്കാശ് അയാള്‍ വലിച്ചെറിയുന്നു. ഗാഗുല്‍ത്തയില്‍ തിരിച്ചെത്തി ആത്മഹത്യ ചെയ്യുന്നു. പിറ്റേദിവസം ജനജീവിതം വീണ്ടും പഴയതുപോലെ. അവര്‍ ആഹ്ലാദനൃത്തത്തിലാണ്. ക്രമേണ രംഗം ഇരുളിലേക്ക്. ആരംഭത്തില്‍ കണ്ട ' കുരിശിന്റെ വഴി ' എന്ന പെയിന്റിങ് വീണ്ടും സ്‌ക്രീനില്‍ തെളിയുന്നു. ആ പെയിന്റിങ്ങിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ക്യാമറ പിന്നോട്ട് മാറുന്നു. വിയന്ന മ്യൂസിയത്തിലാണ് സിനിമ അവസാനിക്കുന്നത്. തന്റെ പെയിന്റിങ്ങിന്റെ ഓരോ ഇഞ്ചും ബ്രൂഗല്‍ ബിംബവത്കരിച്ചിട്ടുണ്ടെന്നാണ് ഗിബ്‌സന്റെ അഭിപ്രായം. കാന്‍വാസിന്റെ ഇടതുഭാഗത്ത് ജീവവൃക്ഷം അഥവാ ജീവിതവൃത്തമാണ്. പുതിയ ഇലകളുമായി ഇവിടെ ജീവിതം പ്രത്യാശാനിര്‍ഭരമാണ്. വലതുഭാഗം മരണത്തെ പ്രതിനിധാനം ചെയ്യുന്നു. മരണവൃത്തമാണിവിടെ. ബ്രൂഗലിന്റെ പല ചിത്രങ്ങളിലും മുഖ്യകഥാപാത്രത്തെ മറച്ചുവെക്കാന്‍ ശ്രമിക്കാറുണ്ടെന്ന് കലാനിരൂപകര്‍ പറയുന്നു. ' കുരിശിന്റെ വഴി 'യില്‍ ഇത് പ്രകടമാണ്. കുരിശുമേന്തിയുള്ള യേശുവിന്റെ രൂപം ചിത്രത്തിന് നടുക്കാണ്. അത് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടണം. ചിത്രകാരന്റെ ഇതേ പാതയിലാണ് സംവിധായകനും. ഗാഗുല്‍ത്തയിലേക്കുള്ള യാത്രയില്‍ യേശുവിന് അത്ര പ്രാധാന്യം കൊടുക്കുന്നില്ല. ദൈവപുത്രന്റെ മുഖം ഒരിക്കല്‍പ്പോലും ക്ലോസപ്പില്‍ കാട്ടുന്നില്ല. അതേസമയം, യൂദാസിനെ വിശദമായി കാട്ടുന്നുമുണ്ട്. തിന്മയുടെ ആധിക്യം എടുത്തുകാണിക്കാനാവണം പല ദൃശ്യങ്ങളിലും കറുപ്പിനാണ് പ്രാമുഖ്യം

(കടപ്പാട്)

https://youtu.be/Mi38qNeBV1Y

ഇതാണ് സിനിമ...

ചിത്രങ്ങൾ ഒറ്റ നോട്ടത്തിൽ...





എല്ലാ ചിത്രങ്ങളും വലുതാക്കി നോക്കണേ...

ഇനിയേതാനും വീഡീയോ ലിങ്കുകൾ...👇👇👇
https://youtu.be/6vBMUkGd_8c

https://youtu.be/c5BOzhwaWeM

https://youtu.be/3kMfySoSVb8

https://youtu.be/gT2FsHVjAxk

https://youtu.be/tboRw6CPXjI

500 കഥാപാത്രങ്ങളുള്ള ഒരു ചിത്രം ബ്രുഗേൽ അല്ലാതെ വേറെയാര് വരയ്ക്കും...ഇതിൽ നിന്നും തന്നെ അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കാം..
1569 സെപ്റ്റംബർ 9ന് ഈ മഹാനായ ചിത്രകാരൻ അന്തരിച്ചു.അദ്ദേഹത്തിന്റെ രണ്ടാൺമക്കളും പിതാവിന്റെ പാത പിന്തുടർന്ന് ചിത്രകാരന്മാരായി മാറി
The land of cockaigne
Wedding dance
ഇനിയേതാനും പുസ്തകലിങ്കുകൾ...
https://books.google.co.in/books?id=BTrAsGPA788C&printsec=frontcover&dq=Pieter+Bruegel+the+Elder&hl=ml&sa=X&ved=0ahUKEwiB0aSryszfAhWHQI8KHf2OCogQ6AEIIjAB#v=onepage&q=Pieter%20Bruegel%20the%20Elder&f=false

https://books.google.co.in/books?id=oj8rDwAAQBAJ&printsec=frontcover&dq=Pieter+Bruegel+the+Elder&hl=ml&sa=X&ved=0ahUKEwiB0aSryszfAhWHQI8KHf2OCogQ6AEIKTAC#v=onepage&q=Pieter%20Bruegel%20the%20Elder&f=false

https://books.google.co.in/books?id=Ay7GDQAAQBAJ&printsec=frontcover&dq=Pieter+Bruegel+the+Elder&hl=ml&sa=X&ved=0ahUKEwiB0aSryszfAhWHQI8KHf2OCogQ6AEILzAD#v=onepage&q=Pieter%20Bruegel%20the%20Elder&f=false