20-10-18


സങ്കടാക്ഷരങ്ങള്‍
മരിച്ചവരെ നീ കുളിപ്പിച്ചിട്ടുണ്ടോ ?
തണുത്ത ചുണ്ടിലോ നെറ്റിയിലോ
നീ ഉമ്മ വെച്ചിട്ടുണ്ടോ ?
വിശ്വസിക്കാനാവാതെ
മൂക്കിനറ്റത്ത്
വിരലുവെച്ചു നോക്കേണ്ടിവന്നിടുണ്ടോ ?
ചോദ്യങ്ങളുടെ ഉത്തരത്തില്‍
തുങ്ങിചത്തവനെ
നിലത്തഴിച്ച് കിടത്തേണ്ടി വന്നിട്ടുണ്ടോ ?
കടംകേറി വീട്ടിലേയ്ക്ക്
രാത്രിയില്‍ കുറുക്കുവഴി തേടേണ്ടിവന്നിട്ടുണ്ടോ ?
അടുക്കളവഴി അകത്തേയ്ക്ക്
കയറേണ്ടിവന്നിട്ടുണ്ടോ ?
അമ്മയുടെ
പെങ്ങളുടെ
ഭാര്യയുടെ
പായ പകുത്തൊരുവന്‍
ഇരുട്ടിലേയ്ക്കിറങ്ങി പോയത്
കാണേണ്ടിവന്ന
വശം തളര്‍ന്നുകിടന്ന സുഹൃത്തിനെ
നിനക്ക് തലോടേണ്ടി
വന്നിട്ടുണ്ടോ ?
വിയര്‍ത്ത് വളര്‍ത്തിയ മകള്‍
പ്രണയത്തോടൊപ്പം
ഇറങ്ങിപോയപ്പോള്‍
ഇടനെഞ്ചില്‍
കോരിയിട്ട മൗനം
കണ്ണിലൂടെ  ചാലിട്ടിറങ്ങിയത്
നിനക്ക് കാണേണ്ടി വന്നിട്ടുണ്ടോ ?
പോട്ടെ ....
സുര്‍ക്കയിലിട്ടുവെച്ച
ചില ഓര്‍മ്മകളെ
പുറത്തെടുക്കാനാവാതെ
മറവിയില്‍
തിരിച്ചും മറിച്ചും
കിടത്തേണ്ടി വന്നിട്ടുണ്ടോ ?
കാണാതായ മകളെ
തേടി ശവക്കോട്ടയില്‍
ശവം മാന്തുന്നിടത്ത്
നില്‍ക്കേണ്ടി വന്നിട്ടുണ്ടോ ?
പേരില്ലാത്ത
ചിരിക്കുന്ന തലയോട്ടി
നോക്കി
തിരിച്ചറിഞ്ഞിട്ടുണ്ടോ ?
തൊണ്ടയിലര്‍ബുദം
പഴുത്ത്
വെള്ളമിറക്കാനാവാതെ
അച്ഛന്‍
വേദന തിന്നുമ്പോള്‍
പെട്ടന്ന് മരിക്കണേയെന്ന്
പ്രാര്‍ത്ഥിക്കേണ്ടി വന്നിട്ടുണ്ടോ ?
അരിക്കമ്മ കൊടുത്തയച്ച സഞ്ചി
പണിയില്ലാത്ത
അച്ഛനതേ പോലെ
മടക്കി കൊണ്ടു വരുമ്പോള്‍
അടുപ്പിലെ കലത്തിലെ
സങ്കട കുമിളകള്‍
നീ കണ്ടിട്ടുണ്ടോ ?
ഇല്ലേല്‍ കാണണം
കാണാന്‍ ശ്രമിക്കണം
കണ്ണ് തുറന്നിരിക്കണം ,
അനുഭവങ്ങളുടെ
തീചൂളയില്‍
വെന്തുരുകുമ്പോള്‍
ഒരു കവിക്കും
ഉപയോഗിക്കാത്തൊരു വാക്കിനായ്
ഒരു നിഘണ്ടുവും
തപ്പിനോക്കേണ്ടതില്ല ,
സങ്കടാക്ഷരങ്ങള്‍
 നെഞ്ചിലടിഞ്ഞു
കൂടുമ്പോള്‍
രൂപപ്പെടുന്ന
തുരുത്തില്‍
ഒറ്റയ്ക്കിരിന്ന്
അനാഥനാവണം

തോന്നലില്‍
എഴുതി തുടങ്ങണം
മതി .....
ജംസര്‍ എം
***********************

പ്രളയാനന്തരം
കഴുകിത്തുടക്കാൻ കുടുംബശ്രീ വന്നു.
അടുക്കിപ്പെറുക്കാൻ
ലൈബ്രറി വന്നു.
പലവ്യഞ്ജനമൊത്തിരി വ്യാപാരികൾ തന്നു.
കിണറുകൾ തേവാൻ ക്ലബ്ബ്കാർ വന്നു.
ഡെങ്കി മരുന്നുമായ്
നഴ്സമ്മ എത്തി.
ബ്ലീച്ചിംഗ്‌ പൗഡറ്
എൻ.എസ്.എസ്. തന്നു.
സന്നദ്ധ സംഘടനകൾ ആവോളം വന്നു.
വീട്ടുപകരണങ്ങൾ  അതിലേറെ തന്നു.
എം.എൽ.എ. വന്നു പണമേറെ തന്നു.
പത്രക്കാർ വന്നു കണ്ണീരുമൊപ്പി...
ഒന്നുമേവേണ്ട യെനിക്കൊന്നുമേ വേണ്ട പൊന്നുമോനെ മാത്രം
മതിയെനിക്കെന്നാ- പ്പുഴയിലെ ആഴത്തിൽ
കണ്ണെടുക്കാതെ
ആ അമ്മ നെഞ്ചിൽ കരഞ്ഞു തളരുന്നു.
ടി.കെ. ഹാരിസ് മാനന്തവാടി
***********************

എനിക്കൊരു 
കുഞ്ഞുപാവയുണ്ടായിരുന്നു 
ചെറുപ്പത്തിൽ....
അതിന്....
 ആകാശം തുളുമ്പുന്ന
നീലക്കണ്ണുകളുണ്ടായിരുന്നു
ഉമ്മകളുറങ്ങുന്ന
ഇളംചുവപ്പ് ചുണ്ടുകളും..
കാറ്റിനോട് പരിഭവം പറയുന്ന
നനുത്ത മുടിച്ചുരുളുകളുമുണ്ടായിരുന്നു...
മുറിച്ചുവെച്ച ചാമ്പക്കപോലൊരു
കുഞ്ഞു  മൂക്കുണ്ടായിരുന്നു
ഞാനുറങ്ങുമ്പോഴും
അവൾ
ഉണർന്നുതന്നെയിരുന്നു...
മഴ  വന്നപ്പോൾ,
പുതപ്പിനുള്ളിൽ ചേർത്തുപിടിച്ചപ്പോൾ
അവളെന്നെ
മൂത്ത ചേച്ചിയാക്കി...
ഇടിവെട്ടിയപ്പോ,
പേടിച്ചരണ്ട് അവളെ
ചേർത്തുപിടിച്ചപ്പോൾ അവളെന്നിലേക്ക് ചാഞ്
എന്നെ  ഉത്തരവാദിത്തമുള്ള
അമ്മയാക്കി മാറ്റി
കുളിപ്പിച്ച് തുവർത്തി
കണ്ണെഴുതിക്കുമ്പോൾ
അരുമയോടെ കണ്ണിലേക്ക്
നോക്കി,
ഉള്ളിൽ കവിത  ചുരത്തി
അക്ഷരങ്ങളെ
കാലത്തിന്റെ കാൽക്കൽ
വെക്കാൻ പഠിപ്പിച്ചു...
മാമൂട്ടിയുറക്കിയ
ഒരു പകൽ,
എന്നെവിട്ട് എവിടെയോ പോയവൾ...
നഷ്ടപ്പെടലിന്റെ നോവറിയിച്ച്
ജീവിക്കാൻ പഠിപ്പിച്ചു...
റൂബി  നിലമ്പൂർ
***********************
മഴ
അന്നവനെ മാറിൽ ചേർത്ത്
ദൂരങ്ങളെ പിന്നിലാക്കിയപ്പോൾ
മഴക്കെന്റെ പുഞ്ചിരിയുടെ മുഖം
പിന്നെയെപ്പോഴോ..
മഴ നനഞ്ഞ എന്നെ
പനി വരാതെ കാത്തതും
അവന്റെ സ്നേഹം..
ഇന്നെന്റെ,
ആത്മാവിൻ അടിത്തട്ടിലെവിടെയോ
മഴ പൊഴിയുന്നുണ്ട്...!! ഉപ്പു ചുവ..
അവയെന്തൊക്കെയോ മന്ത്രിക്കുന്നു,
പെയ്തൊഴിയാനാകാതെ ..
പതിയെ,
ഞാൻ മഴയാകുന്നു…
പെയ്തു തീരണം,പ്രളയമാകണം ..
ഒടുവിൽ,
അവന്റെ നെഞ്ചിൽ ചേർന്ന്
മഴ നനയണം,
ഇനിയുള്ള കാലമത്രയും
പനിച്ചൂടിൽ പരസ്പരം
പുതപ്പാവണം..
പിന്നെ...
ഗസ്ന ഗഫൂർ
***********************
നമുക്ക് പിരിയാമല്ലേ
അദൃശ്യമായ ഊഷ്മള വള്ളികളറുത്ത്
മതിൽക്കെട്ടിനരക്കാതമിപ്പുറേ
യാത്രാമൊഴിയുടെ ശാന്തി പതാക അനന്തതയിലേക്ക്
നാട്ടാമല്ലേ,?.
ഘടികാരസൂചികൾ
നിശ്ചലതയിൽ ഉരുകിയുറക്കട്ടെ.
അവസാന അധ്യായത്തിലേക്ക്
ചിറകടിച്ച് പറന്ന വാക്സ്ഥലികളിൽ
പൂരിപ്പിക്കപ്പെടാത്ത ശൂന്യതകളിലേക്ക്
പിൻവാങ്ങാമല്ലേ.?
കോറിയെറിഞ്ഞ കുറിപ്പുകൾ ആത്മഹത്യാ മുനമ്പുകളാവട്ടെ
നിഴൽപ്പ്റയാണങ്ങൾ ഇരുള് തല്ലി തകർത്തിടട്ടെ
വേനൽ നദി കടന്ന് നീ അക്കരേക്കു० ഞാൻ
ഇക്കരേക്കു०
മെലിഞ്ഞ് മായാമല്ലേ?
ഓർമ്മതെറ്റുകളിലേക്ക് ചേക്കേറാതിരിക്കാൻ
നമ്മുടെ മെഴുകു ചിറകുകൾ നീ എനിക്കു० ഞാൻ നിനക്കു० തുന്നിയത്
അടർത്തിമാറ്റാ०
തണുപ്പ് പുതച്ച് നാമിരുവരു० കാവൽ കിടക്കുന്ന മൺകൂനകളിലായിര० വഴി
യാത്രകൾ പത० പറഞ്ഞറ്റുപോകു०.
.ഭ്രമണപഥങ്ങളിൽ ഉന്മാദമെയ്യുന്ന
 രാത്രി ശലഭങ്ങളെ നാം കാണുകയേയില്ല.
വിരലറ്റത്തെ മഷിത്തണ്ടൊടിക്കാൻ
ഈയനാഥമാ० മിടിപ്പ്  വിറ തോളിലേറ്റുന്നു
പതിവുപോലെ നീ മൗനത്തിലെന്നെ
കുടിയിറക്കുന്നു.
ജിഷ.കെ.
***********************

നാമെന്തിനാണ് മനസ്സിന് മതിൽക്കെട്ടിവച്ചിട്ട് മത സൗഹാർദ്ദം പുലമ്പുന്നത് ..
ഇലയനക്കങ്ങൾ പോലും അറിയുന്ന ദൈവത്തോട് അലറി വിളിച്ചപേക്ഷിക്കുന്നത് ..
അണകെട്ടി നിർത്തിയ പുഴയോട് ഒഴുകാൻ പ്രാർത്ഥിക്കുന്നത്
എന്തിനാണ് തോക്കുകൾ നിറച്ചു കൊണ്ട് ശാന്തിയെപ്പറ്റി പ്രസംഗിക്കുന്നത് ..
അനീതികളെ ആത്മനിന്ദ പോലുമില്ലാതെ വിഴുങ്ങുന്നത്
പ്രണയമെന്ന് കേൾക്കുമ്പോഴെല്ലാം
സദാചാരത്തെക്കുറിച്ച് വേവലാതിപ്പെടുന്നത്..
എന്തിനാണ് ചിക്കൻ ബിരിയാണി തിന്നുകൊണ്ട് മസാല ദോശയെന്ന് പറയുന്നത് ...
സ്നേഹിക്കാൻ മടിച്ചിട്ട് ജീവിതത്തെ കുറ്റം പറയുന്നത് ...
മനസ്സിലൊന്നു വിരൽ തൊടാതെ ശരീരങ്ങൾ കൊണ്ട് വിഫല രതികളിൽ മുഴുകുന്നത്
അത്രമേൽ ലളിതമായിരിക്കുമ്പോഴും ജീവിതത്തെ എന്തിനാണ്  നാം ഇത്രയ്ക്ക് സങ്കീർണ്ണമാക്കുന്നത് ..
ഷീലാ റാണി
***********************

മാനസാന്തരം
പകലിനെ മോഷ്ടിച്ച്   ഇരുട്ട് പതുങ്ങി വന്നു.       ഇരുളിന്റെ പുറമ്പോക്കുകളിൽ      നിലാവസ്തമിച്ച പകച്ച നേരങ്ങളിൽ    അവൻ കള്ളനായി -       തിരസ്ക്കരിക്കപ്പെട്ടും    തമസ്ക്കരിക്കപ്പെട്ടും       ഇരുളിന്റെ തിരുട്ടു ലോകത്ത് തസ്ക്കരനവൻപിറവി കൊണ്ടു.   മോഷണ കലയിൽ പുതു -വിദ്യകൾ കൂട്ടിച്ചേർത്ത് ,ഇരട്ടപ്പേരു വീണവൻ..  വളയാത്ത കമ്പികൾ കണ്ണുകൾ കൊണ്ടുഴിഞ്ഞ് വളയ്ക്കാനും    ഏത് ചിത്ര പൂട്ടിന്റെയും സൂത്രം തസ്ക്കരമന്ത്രം ജപിച്ച് പൊളിച്ചെറിയാനും     കുരച്ച് കടിച്ചുകീറാനൊരുങ്ങുന്ന ശുനക ജന്മങ്ങൾക്ക്  ഉണക്കമീനുകൾ നല്കി മയക്കി വരുതിയിലാക്കാനും പണ്ടേ പഠിച്ചവൻ...     അക്ഷരങ്ങളാണ് മോഷ്ടിക്കേണ്ടതെന്ന് ഉപദേശിച്ച ഗുരുവിന്റെ കീശയിലുറങ്ങുന്ന തിളങ്ങുന്ന ലിപികളെ അപഹരിച്ചു കൊണ്ട് ഹരിശീ കുറിച്ച വൻ  ....    പഠിക്കാതെ പഠിച്ച കള്ളനായി അരങ്ങു വാണവൻ...    തസ്ക്കര ശാസ്ത്രത്തിലെ ' തമോഗർത്ത സിദ്ധാന്തം"രൂപീകരിച്ചവൻ... കള്ളനേക്കാൾ പെരുങ്കള്ളന്മാർ വിലസുന്ന കാലത്ത് ,പകൽക്കള്ളന്റെ തിരുട്ടുവേലകൾ കണ്ട് കണ്ണു തള്ളിയ പാവം പാതിരാക്കള്ളൻ!                വാണിഭ ശാലകളിൽ, വീടുകളിൽ - പണം ജീവപര്യന്തം തടങ്കലിലായ മണിമാളികകളിൽ,        'വട്ടി'യ്ക്ക് പണം നല്കി പകരം സ്വപ്നങ്ങൾ പറിച്ചെടുത്ത് അട്ടിയ്ക്ക് വെക്കുന്നവരുടെ ശീതളശയനമുറികളിൽ, സചിവോത്തമൻമാരുടെ കറുത്ത പണം ഉറങ്ങുന്ന ഇരുണ്ട താവളങ്ങളിൽ, കമ്മട്ടത്തിന്റെ ക്രയവിക്രയശാലകളുടെ രഹസ്യ നിലവറകളിൽ .... എവിടെയും നിധിക്കുടുക്ക കൾ മണത്തുമണത്തെത്തുന്ന തുരപ്പ ജന്മം ...! തസ്ക്കര ജന്മത്തിന്റെ പുഷ്ക്കര കാലം കഴിഞ്ഞപ്പോളെപ്പൊഴോ, കൽത്തുറുങ്കിന്റെ ഇടത്താവളത്തിലിരുന്ന് മയങ്ങുമ്പോൾ സ്വപ്നത്തിൽ ,അമൂല്യ നിധിയുറങ്ങുന്ന പുര കണ്ട് കൊതിയായി .. അടങ്ങാത്ത വികാരമായ്.... - .. കൽത്തുറുങ്ക് തുരന്ന് ഇരവിന്റെ മറവിൽ ഇഴഞ്ഞും കുതിച്ചും നിധി പ്പുരയ്ക്കടുത്തെത്തി.       മലർക്കെ തുറന്നിട്ട വാതിലുകൾ .... കണ്ണായ മുറിയിൽ നിന്നും താഴേക്ക് തുറന്നിട്ട ' മൂവാണ്ടൻ പാലം .... വെളിച്ചം അർദ്ധമയക്കത്തിലേക്കു കണ്ണടച്ച വീട്...  മാർജാരന്റെ കാലുകൾ പുറത്തെടുത്തും കണ്ണുകൾ ജ്വലിപ്പിച്ചും ശ്വാന കർണ്ണം വിടർത്തിയും മെല്ലെ  നിധിയറക്കുള്ളിലെത്തി - അവനു മുന്നിൽ തുറന്നു വെച്ച പാഥേയം പോലെ ... അവനു വേണ്ടി കാത്തിരുന്ന അമ്മയെപ്പോലെ ... നിധി പേടകം ...   ആർത്തിയോടെ പിന്നെയും പിന്നെയും നോക്കി.. കണ്ണു നിറഞ്ഞതറിയാതെ, ആരും കാണാതെ പുറത്തേക്ക് വന്നപ്പോൾ മതിൽക്കെട്ട് തലകുനിച്ചു....         ഇരുളിന്റെ ഇടനാഴിയിൽ എല്ലാം കണ്ട് പതുങ്ങി നിന്ന അടക്കിപ്പിടിച്ച മൗനം വിങ്ങിപ്പൊട്ടി... ഒരു നിഴൽ മാത്രം കരഞ്ഞു.     ദിനാന്ത്യ കുറിപ്പു പുസ്തകത്തിൽ       ഒളിപ്പിച്ച വില പിടിച്ച മുത്തും പവിഴവും മാറത്തടുക്കി കള്ളൻ നടന്നു - ഏറ്റവും മുന്നിലായ് പതിപ്പിച്ച കൂർത്ത പവിഴങ്ങൾ ഹൃദയത്തിലൂടെ തുളച്ചു കയറി .. "മോഷ്ടിക്കാനായ് മാത്രം എന്നേ തുറന്നിട്ട വീടാണിത്.... നിനക്കായ് മാത്രം കരുതി വെച്ച സ്വപ്ന നിധിയാണിത്... കള്ളാ .... നീ വരുന്നതും കാത്തുകാത്ത്... മോഷ്ടിക്കപ്പെടാനായ് കാത്തുകാത്ത്... ഉറങ്ങാതെ .
പ്രസാദ്
***********************

വനദേവത
ഞങ്ങളോടൊപ്പം
പട്ടണത്തിൽ വന്നു താമസിക്കാമെന്ന്
ഒടുവിൽ അമ്മ സമ്മതിച്ചു.
അതു കേട്ട് ഞങ്ങളേക്കാൾ സന്തോഷിച്ചത്
വീട്ടിലെ നിലവിളക്കും
കിണ്ടിയും കിണ്ണവും കോളാമ്പിയും
എണ്ണകാച്ചുന്ന ഓട്ടുരുളിയും
നെല്ലപുഴുങ്ങുന്ന ചെമ്പുകുട്ടകവുമായിരുന്നു.
കല്യാണം കഴിഞ്ഞുപോരുമ്പോൾ
അമ്മയോടൊപ്പം വന്നവരായിരുന്നു അവർ.
അതിനുശേഷം വീടിനു പുറത്തിറങ്ങിയിട്ടില്ല…
അവർക്കറിയാം.
അവരെയും കൂടെ കൂട്ടുമെന്ന് കരുതി
പൂച്ചയും പട്ടിയും
അമ്മയെ ചുറ്റിപ്പറ്റി
വാലാട്ടിയും തൊട്ടുരുമ്മിയും നിന്നു.
ആലയിൽ പശുക്കളാകട്ടെ
പുല്ലു തിന്നാതെ, വെള്ളം കുടിക്കാതെ
പുറത്തേക്കു ഒരേ നോട്ടംനോക്കി.
അച്ഛൻ മരിച്ച ദിവസം നിന്ന
അതേ നിൽപ്പ് നിന്നു.
.കട്ടിലുകളും മേശകളും കസേരകളും
അമ്മ കൈതപ്പൂ വിതറി
തുണി മടക്കിവെക്കുന്ന പെട്ടിയും
വെറ്റിലച്ചെല്ലവും
പട്ടണം കാണാമെന്ന ആവേശത്തിൽ
നേരത്തെ നടന്നു ലോറിയിൽ കയറി
എത്ര വിളിച്ചിട്ടും നിർബന്ധിച്ചിട്ടും
മുറ്റത്തെ കിണർ വരാൻ കൂട്ടാക്കിയില്ല,
അമ്മയിൽനിന്ന് പിടിച്ചുമാറ്റുമ്പോൾ
അത് മണ്ണിൽ
കൂടുതൽ, കൂടുതൽ
ആഴത്തിലേക്ക് ഒളിച്ചു.
പട്ടണത്തിലെ ഫ്ലാറ്റിൽ
അമ്മയ്ക്കുവേണ്ടി ഒരു മുറി
നേരത്തെ തയ്യാറാക്കിവെച്ചിരുന്നു.
ആ മുറി വേണ്ട എന്ന് അമ്മ പറഞ്ഞു,
പകരം മറ്റൊരു മുറി ചൂണ്ടിക്കാണിച്ചു.
അത്രകാലം താമസിച്ചിട്ടും
അങ്ങനെയൊരു മുറി അവിടെയുള്ളത്
ഞങ്ങൾ കണ്ടത് അപ്പോൾ മാത്രം.
തുറന്നുനോക്കിയപ്പോൾ,
ഇരുട്ടിൽ, തടവിൽപ്പെട്ടതുപോലെ
ഒച്ചയുണ്ടാക്കാതെ കരയുന്നു,
നാട്ടിലെ തൊടിയിൽ
ഇലഞ്ഞിച്ചോട്ടിലിരുന്നു കളിക്കുന്നത്
കാണാറുണ്ടെന്ന് അമ്മ പറയാറുള്ള
വയസ്സറിയിക്കാത്ത
ഒരു വനദേവത.
ടി.പി.രാജീവൻ
***********************

വിത്ത്
എത്ര കുഴിച്ചാലും
കാണാതെ
എത്ര പിളർന്നാലും
വെളിപ്പെടാതെ സ്വയം
ഉള്ളിലേയ്ക്കുള്ളിലേക്ക്
ഒളിച്ചു വെയ്ക്കുന്നു
ജീവന്റെ കണം !
മരമായ് പുനർജനിച്ച്
ആകാശത്തെ തൊടാൻ
ഇലയായ് പടർന്ന്
കുടയായ് വിടരാൻ
വേരുകളായ് ഊർന്ന്
ഭൂമിയെ ചുംബിക്കാൻ ...
യൂസഫ് നടുവണ്ണൂർ
***********************

അന്ധവിശ്വാസികൾ
അന്ധമാം വിശ്വാസത്തിൻ പാഴ്ച്ചുമടേറുന്നോരേ
ആചാരങ്ങളിൽ തുള്ളിവെള്ളവും ചേർക്കാത്തോരേ
നിങ്ങൾതൻ വിശ്വാസങ്ങൾ അരക്കിട്ടുറപ്പിക്കാൻ
നിർദ്ദയമെതിർപ്പിൻറെ ശിരസ്സോ ഖണ്ഡിച്ചിടും
ബാല്യത്തിൽത്തന്നെയുള്ളിൽ വിശ്വാസനെരിപ്പോടും
പേറിനടന്നീടുന്നു സംശയം കൂടാതെന്നും
യുക്തികൊണ്ടെതിർത്തിടാൻ നിനയ്ക്കവേണ്ടിന്നഹോ
യുക്തമാം മറുപടിയില്ലിവർക്കെന്നാകിലും
കടുകോളം തെറ്റാതുള്ളോരവർതന്നാചാരങ്ങൾ
കടുത്തോരെതിർപ്പിനും ചെറുക്കാൻ വയ്യാതാനും
കഴുത്തറ്റം മുങ്ങിയാലുമെത്ര പ്രളയത്തിലും
വഴുക്കാതെ വിശ്വാസത്തിൽ മുറുകെപ്പിടിച്ചിടും
മാറുന്ന ലോകം കാണാനകക്കണ്ണില്ലാത്തോരേ
'മാറ്റുവിൻ ചട്ടങ്ങളെ'യെന്നുദ്ഘോഷിക്കുമ്പോൾ നിങ്ങൾ
രോഷംകൊള്ളുന്നോരായിത്തീരുന്നതെന്തുകൊണ്ടോ?
വേഷങ്ങൾകെട്ടുംനിങ്ങൾ കോമാളിവീരന്മാരോ?
നിങ്ങൾതൻ വിശ്വാസങ്ങളൂട്ടിയുറപ്പിച്ചിടാൻ
നിറങ്ങളേഴും ചേർത്തു കഥകൾ നെയ്തിടുമോ?
എതിർത്തിടുന്നോരുടെ ജീവനുമെടുത്തിടാൻ
എതിർപ്പില്ലാത്തോർ നിങ്ങൾ അന്ധവിശ്വാസികളേ!
നിങ്ങളിലന്ധവിശ്വാസത്തിൻവിത്തെറിയുന്നോർ
ജാതിമതരാഷ്ട്രീയത്തിൻ കോമരമാകുന്നവർ
അവർതൻ ലക്ഷ്യങ്ങളെ കാണാതെ നടന്നിടും
അന്ധരാണല്ലോ നിങ്ങൾ ആജ്ഞാനുവർത്തികളേ!
ഗീതാഞ്ജലി
***********************

ഗ്രൂപ്പിൽ പരിചയപ്പെടുത്താൻ
എന്തോതിയെന്നെ
ക്കുറിക്കേണ്ടു ഞാനെന്റെ
പേരോ, കുലമോ,
കുടം പൊട്ടി മൺ കണ്ട
നാളോ?
കർമ്മങ്ങളിൽ ഞാൻ
തിരഞ്ഞു ദശാബ്ദങ്ങൾ,
കണ്ടില്ല ഞാൻ കൊതിക്കുന്ന
രൂപം.
വേറിട്ടു കേട്ടൊരാ
സ്വരവുമെന്റെ നിശ്വാസ
മില്ലാത്തവ .
ആരു ഞാനെന്നുള്ള
ചോദ്യത്തിനുത്തരം
ആരെങ്കിലുമൊന്നിവിടെ
ക്കുറിക്കുമോ?
ഞാനുമറിയട്ടെ

ആരാണു ഞാൻ!
***********************
ഒറ്റവര
ഇന്നിന്റെ നെഞ്ചിൽ
ഞാനൊരു ഒറ്റവരയിട്ടു.
മേലെയും താഴെയും
ചെറുതും വലുതും
വരച്ച് വരച്ച്
നിങ്ങൾക്കതിനെ
വലുതോ ചെറുതോ ആക്കാം
എന്നെ തൊടാതെ
പോകുന്ന അവക്കിടയിൽ
ഞാനൊരൊറ്റ വരയാണ് .
ഒരൊറ്റ വര മാത്രം.
വേരുമുളയ്ക്കാനും
പന്തലിക്കാനും
ഒരൊറ്റ വരയുടെ
സാന്നിധ്യം മാത്രം
ധാരാളം
മഞ്ജുഷ പോർക്കുളത്ത്
***********************
 സ്മൃതികുടീരങ്ങൾ.
പെണ്ണേ
നീ മാറുമറയ്ക്കാതെ
നടന്നതോർക്കുന്നോ,,,
അഥവാ
മറച്ചാലും തമ്പ്രാനു കാണാൻ ഏത്താപ്പ് മാറ്റാഞ്ഞ്
യുദ്ധം നടത്തിയ തോർമ്മയുണ്ടോ?
മുലക്കരം പോരാഞ്ഞ് തമ്പ്രാന്
നികുതിയായ് സ്വന്തം
മാററുത്തേകിയ പെണ്ണുമീ
മണ്ണിൽ പുലർന്നിരുന്നു.
പൊന്നിന്റെ മൂക്കുത്തി ഇട്ടേനു പെണ്ണിന്റെ
മൂക്കോടെ ചീന്തിയെടുത്തിരുന്നു
ക്ഷേത്ര വഴിയേ നടക്കുവാൻ,,,,
കാണാത്ത ദേവനെ കണ്ണാലെ കാണുവാൻ
ആണുങ്ങളോടൊപ്പം ചേർന്നു നിന്നു,,,
കീഴാളപ്പെണ്ണായ് നീ നേടിയ മാറ്റങ്ങൾ കാലം വരച്ചിട്ട മായാത്ത മുദ്രകൾ
ത്യാഗത്തിൻ,,,,,
ശക്തിതൻ ,,,,,,
കണ്ണീർ വിജയങ്ങൾ,,,,,
മറക്കുടയ്ക്കുള്ളിൽ നീ വിങ്ങും നരകമായ് എത്രയോ നോവുകൾ
തിന്നു തീർത്തു,,,,
വർണങ്ങൾ കുടഞ്ഞെറിഞ്ഞൊരു
വെള്ള മുണ്ടിനുള്ളിൽ
എത്ര യൗവനം, വൈധവ്യ വേവുകൾ......
നെടുവീർപ്പിൻ നിശബ്ദ
പ്രതിഷേധത്തിന്നഗ്നിയിൽ നിന്നുയിർ കൊണ്ടിരുന്നു,,,,,,,
തട്ടത്തിനുള്ളിൽ, പർദ്ദയിൽ ഒളിക്കുന്ന നിന്റെയാമുഗ്ദ്ധമാം ഭംഗികൾ,,,,
ആർക്കു വേണ്ടി?
അച്ഛന്റെ സ്നേഹം പകുക്കുമ്പോൾ പോലും പെണ്ണിനു,,,,,,, പെണ്ണെന്ന മാറ്റിവെയ്ക്കൽ
മക്കളെ പെറ്റു പോറ്റാനും
അടുക്കളച്ചമയങ്ങളിൽ
പുതു രുചികൾ
തന്നത്ഭുത ചിത്രങ്ങൾ ചേർക്കാനും
പെണ്ണേ നീ, എപ്പോഴും കൂടെ വേണം,,,,
മലമുകളിൽ വാഴുന്ന
ദേവനൊരിക്കലും
മോഹിച്ചു വീഴില്ല....
കൺട്രോളു പോകില്ല...
പൂന്തോട്ടമൊന്നും വാടില്ല....
നാമജപങ്ങൾ തുടരട്ടെ
പെണ്ണാണു പ്രശ്നമെന്ന്
പെണ്ണുങ്ങൾ കൂടി ജപിക്കുന്ന
കാലത്തിനപ്പുറം
വീണ്ടും കാലമുരുളും,,,,,
നീയെന്ന്  നീയാണെന്ന് തിരിച്ചറിയും......
ശ്രീല അനിൽ 
***********************

ജ്ഞാനനിര്‍മ്മിതി
മതമെന്നുഞാന്‍ പറഞ്ഞപ്പോള്‍
മദമെന്നെഴുതീ കുട്ടി
ശരിനല്‍കണമോ
തെറ്റാക്കണമോ
ചിന്തകളാകും പാല്‍ക്കടലേയീ
മന്ഥരമാകെയിളക്കിമറിക്കെ
ഉയരുന്നുത്തരമമൃതം പോലെന്‍ മനസ്സില്‍
ഇതാവാം ജ്ഞാനനിര്‍മ്മിതി
***********************