20-05-19

📚📚📚📚📚
പടക്കാറ്റ് 
എ പി അഹമ്മദ് 
ഗ്രീൻ ബുക്സ്
 പേജ്  176
വില 185
ഹിറാഗുഹയിൽ വച്ച് സൽമാൻ പറഞ്ഞു;ഇഖ്റഅ്‌ എന്ന പദത്തിന് സാമാന്യമായി  വായിക്കുക എന്ന അർത്ഥം ഉണ്ടെങ്കിലും ,ജിബ്‌രീൽ മാലാഖ നബിയോട് പറഞ്ഞത്  വായിക്കാൻ അല്ല . അവിടെ വായിക്കാൻ എന്താണുള്ളത് ?അറബി ഇംഗ്ലീഷ് ഡിഷ്ണറി നോക്കൂ. ആ വാക്കിന് പ്രൊക്ലൈം എന്ന് അർത്ഥമുണ്ട്. ദൈവദത്തമായ ജ്ഞാനം ലോകത്തോട് വിളംബരം ചെയ്യുക എന്നാണ്  ജിബ്‌രീൽ കൊണ്ടുവന്ന സന്ദേശം .
ഖുർആനെ ഇങ്ങനെ ഇഴ കീറി പരിശോധിക്കുന്ന നോവലുകൾ ദുർലഭമാണ്. ഇബ്രാഹിം നബിയുടെ  വിളിയാണ് മക്കയിലേക്ക് മുസ്‌ലിംലോകത്തെ  ആകർഷിക്കുന്നത്  എന്ന വിശ്വാസത്തെയും സൽമാൻ(നോവൽ ) അംഗീകരിക്കില്ല . നബിക്ക് മുമ്പ്  ഈ ജനതയിലേക്ക് ഒരു ദൈവദൂതനെയും അയച്ചിട്ടില്ലഎന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന (യാസീൻ 6ാം വാക്യം ,സജദ മൂന്നാം വാക്യം, ഖസസ്  നാൽപത്താറാം വാക്യം ,സബ്അ്‌44ആംവാക്യം) ദൈവവചനം ആവിശ്വസിക്കണമോ എന്നതാണ് പ്രശ്നം .ഈ പുസ്തകത്തിൻറെ  പിൻകുറിപ്പിൽ ;"ഒസാമ ബിൻലാദന്റെ തീവ്രവാദ ക്യാമ്പിൽ അകപ്പെട്ട സുഹൃത്തിൻറെ  അനുജനെ  കണ്ടെത്താനുള്ള  അന്വേഷണമാണ്  ഈ നോവലിനെ മർമ്മം. മതാധികാരവും ഏകാധിപത്യവും ഭീകരവാദവും ഇടകലരുന്ന പടക്കാറ്റുകളാണ് മരുഭൂമിയിൽ ചീറിപ്പായുന്നത്" എന്ന് കുറിച്ചിട്ടുള്ളത് ഉപരിപ്ലവ വിലയിരുത്തലായിപ്പോയി.

 "....വിശ്വാസം . ഏത് മുസൽമാനെയും ഭീകരനാക്കാൻ  ഉതകുന്ന ആശയങ്ങൾ  ഖുർആനിലുണ്ട്. എത്രയെത്ര ആയത്തുകൾ നരമേധങ്ങൾക്കായി വ്യാഖ്യാനിക്കപ്പെടുന്നു".തുടങ്ങിയ ചില വാക്യങ്ങൾ രൂപപ്പെട്ടത് ആ ഒരു ഭൂമികയിലാണ്എന്ന് സമ്മതിച്ചാലും;ഭീകരവാദ പ്രസ്ഥാനത്തെയും സെപ്റ്റംബർ 11 ആക്രമണത്തെയും നോവൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട് എന്നതും സത്യമാണെങ്കിലും ,ഈ നോവൽ മലയാളിയുടെ യുടെ വായനാലോകത്ത് തുറന്നിടുന്നത്  മറ്റൊരു സൂക്ഷ്മ ലോകമാണ്. കാണാത്തത് കണ്ടെത്താൻ  വെമ്പുന്ന സഞ്ചാരിയുടെയും ചരിത്രാന്വേഷിയുടെയും കാമനകളെ തൃപ്തിപ്പെടുത്താൻ പോരുന്ന  സൂക്ഷ്മമായ ഒരു തലം .മക്കയിലേക്ക്  പ്രവേശനമില്ലാത്ത മാനവ ലോകത്തിന് മായകാഴ്ചകളിലേക്ക്  തുറന്നുവച്ച് കണ്ണുകളാണ് ഈ നോവൽ.

     ഈ നോവലിൻറെ രൂപശില്പം നമുക്കൊന്നുശ്രദ്ധിക്കാം. മൂന്നു കഥാപാത്രങ്ങളാണ്  പ്രധാനമായും ഉള്ളത് .കഥ പറയുന്ന ഞാൻ എന്ന എബി ,കഥയിൽ നിറഞ്ഞുനിൽക്കുന്ന  അറബ് വംശജൻ സൽമാൻ, സൗദി കരതലാമലകം പോലെ അറിയുന്ന സിയാദ് .കഥ നടക്കുന്ന സമയം അല്ലെങ്കിൽ കാലം ഉസാമ ബിൻലാദൻ വധിക്കപ്പെടുന്നതുവരെയുള്ള പത്ത് നാളാണ്.
 ഉസാമയെ നോവൽ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. മുഹമ്മദ്ന് പത്താം ഭാര്യ സിറിയകാരി ഹാമിദയിൽ ലാദൻ പിറന്നു.  കുട്ടിക്ക് മൂന്നു വയസ്സുള്ളപ്പോൾ അമ്മ വിവാഹമോചനം നേടി. പിതാവിൻറെ സുഹൃത്തായ  മുഹമ്മദ് അൽ അത്താഫ് ഉടൻ തന്നെ വിവാഹം ചെയ്യുകയും, അദ്ദേഹത്തിൻറെ സംരക്ഷണയിൽ  വളരുകയും ചെയ്തു . പതിനേഴാം വയസ്സിൽ ആദ്യ വിവാഹം കഴിച്ചു. സലഫിസവും സയ്യദ് ഖുതുബിന്റെ ഖുതുബി സവും തലയ്ക്കുപിടിച്ച് തീവ്രവാദ പ്രസ്ഥാനത്തിന് അമരക്കാരനായി.
 1979 മുതൽ പാകിസ്ഥാനിൽ അഫ്ഗാൻ മുജാഹിദുകൾക്ക് സഹായിയായി പ്രവർത്തിച്ചു; തുടങ്ങിയ വിവരങ്ങൾ അതിൽ വരുന്നു .

    സൽമാൻറെ  അനുജൻ സുൽത്താൻ  ഇദ്ദേഹത്തിൻറെ പ്രസ്ഥാനത്തിലാണ് പ്രവർത്തിച്ചത് .അയാളെ പറ്റി ഒരു വിവരവുമില്ല  ഇതിനെക്കുറിച്ചുള്ള അന്വേഷണമാണ് പ്രത്യക്ഷത്തിൽ നോവലിന്റെ ക്രിയാംശം .

     14 വയസ്സിൽ അബദ്ധത്തിൽ കൂട്ടുകാരനെ പരിക്കേൽപ്പിച്ചതിന് അലി എന്നകുട്ടിയെ പത്തുവർഷം ജയിലിൽ കിടത്തി നരകപീഢനൽകുകയും, ഒടുവിൽ ശരീരം ശസ്ത്രക്രിയ വഴി മരവിപ്പിക്കാൻ അന്തിമവിധിപ്രഖ്യാപിച്ചതും ചൂണ്ടിക്കാട്ടി ശരീയത്ത് കോടതിയുടെ നീതിയില്ലായ്മയെ ചോദ്യം ചെയ്യുന്നുണ്ട്.
   സൗദിയുടെ ആചാരത്തിലും വേഷത്തിലും നിയമ വ്യവസ്ഥയിലും ഉള്ള സ്ത്രീവിരുദ്ധ അവിടവിടെ അടയാളപ്പെടുത്തുന്നുമുണ്ട്. ഇതിത്രയും നോവലിന്റെ രൂപം മാത്രമാണ്.

      സൽമാൻ ഇന്ത്യൻ വേരുകൾ ഉള്ളവനാണ്.  ജനനം പോലും ഭാരതത്തിൽ ആയിരുന്നു.  അയാളുടെ സ്വഭാവത്തിൽ  കാണുന്ന ഹിന്ദുസ്ഥാനി  പ്രണയത്തിന്   കാരണം അതാണ് . യാത്രകളെ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന മുഹമ്മദ് റാഫിയെയും ഇന്ത്യൻ സംഗീതത്തെയും ആസ്വദിക്കുന്ന, സമത്വ വാദവും സ്ത്രീ സ്വാതന്ത്ര്യവും അംഗീകരിക്കുന്ന ,ഉന്നത വിദ്യാഭ്യാസമുള്ള അറബി യുവാവ്. അയാൾ നടത്തുന്ന യാത്രകളിലൂടെ സാധാരണഗതിയിൽ  ഒരു സഞ്ചാരിക്കും കാണാനാവാത്ത  മരുഭൂമിയുടെ അത്ഭുതക്കാഴ്ചകൾ ഈ നോവൽ തുറന്നുവച്ചിരിക്കുന്നു    . മണൽ കാറ്റിന്റെ വന്യസൗന്ദര്യവും, മഴയുടെ ഗാംഭീര്യവും ,സൗദിയുടെ ഗുപ്ത സൗന്ദര്യവും, ഒരു നിറ കൺചിരിയുമായി നമ്മെ കാത്തിരിക്കുകയാണ്!  എബിയും സൽമാനുമായി  നടത്തുന്ന  സംഭാഷണങ്ങളിൽ ആദ്യഭാഗത്ത്   അനുഭവപ്പെടുന്ന കൃത്രിമത്വം അവസാന ഭാഗമാകുമ്പോൾ നൈസർഗികമായ  സൗന്ദര്യം നേടുന്നു.

തീർച്ചയായും ഈ നോവൽ വായന അനുവാചകന് പുതിയ അനുഭവങ്ങൾ/അനുഭൂതികൾ സമ്മാനിക്കും
📚📚📚📚📚
രതീഷ്കുമാർ
🌾🌾🌾🌾🌾