ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാവർക്കും സ്നേഹപൂർവ്വം സ്വാഗതം..🙏🌹🌹🌹
ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാനിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." കഴിഞ്ഞയാഴ്ചയിലെ ബാക്കി ഇപ്പോൾ വായിക്കാം..👇🏻
ആത്മായനം തീക്ഷ്ണ ഭാവങ്ങളിലൂടെ മുന്നോട്ട്..👇🏻
പ്രീഡിഗ്രി സൗഹൃദക്കാലത്തിന്റെ രസക്കൂട്ടുകൾ ഇപ്പോൾ വായിക്കാം..👇🏻
ഇതാണ് ഞാൻ...
ആത്മായനം
ജസീന റഹീം
അർഥമില്ലാക്കഥകൾ കേട്ടും പറഞ്ഞും ചിരിച്ചും അല്ലലില്ലാത്തൊരു സൗഹൃദക്കാലത്തിലൂടെ മൂന്നു പെൺപൂവുകൾ കാറ്റിലാടി മദിച്ചു നിന്നു.. കോളേജിൽ ക്ലാസിൽ ചെലവഴിച്ചതിനെക്കാൾ കൂടുതൽ സമയം ക്ലാസ്സിനു വെളിയിൽ ചെലവഴിച്ച് പ്രണയരഹിതമായിത്തന്നെ പ്രീഡിഗ്രിക്കാലത്തിന്റെ വർണഭംഗിയിൽ അഭിരമിച്ചവർ.. ബിന്ദുവും സിംലയും സുന്ദരികളായിരുന്നു.. എന്നിട്ടും പ്രണയാഭ്യർഥനകളൊന്നും അവർക്കു നേരെ വരുന്നത് കണ്ടില്ല.. ഒരർഥത്തിൽ അത് നന്നായിയെന്നു തോന്നി.. കാരണം ഞങ്ങൾടെ ലോകം.. ഞങ്ങളുടെ മാത്രമായിരിക്കാനും സ്വകാര്യമായ കുഞ്ഞുകുഞ്ഞു തമാശകൾ .. ഒരു പക്ഷേ മറ്റുള്ളവർക്ക് ..ഇതിലിത്ര ചിരിക്കാനും പറയാനുമെന്തിരിക്കുന്നു എന്നു തോന്നിപ്പിക്കും വിധം കുഞ്ഞു തമാശകളെ വലിയ ചിരികളാക്കാനും പൊട്ടിച്ചിരികളുടെ മാത്രം ലോകത്ത് ജീവിക്കാനും കഴിഞ്ഞു..എങ്കിലും ഞങ്ങൾ പരസ്പരം ചില ആൺപേരുകൾ ചേർത്ത് പറഞ്ഞ് കളിയാക്കി.. എന്റെ പേരിനൊപ്പം ചേർക്കപ്പെട്ടത് കരിക്കോട് ബിന്ദുവിന്റെ വീടിനടുത്തുള്ള ഒരു സുന്ദരനെയായിരുന്നു.. മംഗളവും മനോരമയും വായിച്ച് പുളകിതയായി നടന്ന എനിക്ക് ..സുന്ദരൻമാരെയൊക്കെ കാണുമ്പോൾ എന്റെ നായകനായി തോന്നിത്തുടങ്ങിയിരുന്നു... വെറുമൊരു ചേർത്തു പറച്ചിലിനപ്പുറം ഞങ്ങൾ മിക്കപ്പോഴും കുഞ്ഞുനോട്ടങ്ങൾ കൈമാറിയിരുന്നു.. ബിന്ദു അവളോട് ഒത്തിരി ഇഷ്ടം കാട്ടുന്നവരെ വളരെ പുച്ഛിച്ച് കളിയാക്കി കളയാൻ മിടുക്കിയായിരുന്നു.. കാണാൻ ഇത്തിരി സൗന്ദര്യമുള്ളതിന്റെ അഹങ്കാരമായിരുന്നു അതിന് കാരണം.. താൻ സിനിമാ നടി പാർവതിയെ പോലെ സുന്ദരിയാണെന്നവൾ നടിച്ചു.. വലിയ ഉണ്ടക്കണ്ണുള്ള സിംലയും.. ബിന്ദുവും ആരാണ് കൂടുതൽ സുന്ദരിയെന്നറിയാൻ മത്സരിച്ചപ്പോൾ മെലിഞ്ഞ് കണ്ണട വച്ച അപകർഷതയ്ക്കടിമയായ ഞാൻ അവരുടെ കലഹം കണ്ട് രസിച്ചു.. കോളേജിൽ ചോറ് കൊണ്ടുവരുന്നത് അവരുടെ ഫാഷന് ചേർന്നതല്ലാത്തതിനാൽ ..ചോറില്ലാതെ രണ്ടു പേരും രണ്ട് കിത്താബുകൾ മാത്രം നെഞ്ചോടൊതുക്കി അസൽ കോളേജ് കുമാരികളായി ഒരുങ്ങിക്കെട്ടി വരികയും കണ്ണടച്ചാൽ കരി പടരുമെന്ന് കരുതി കണ്ണിമ വെട്ടാതെ കണ്ണ് തുറിച്ച് പിടിച്ചും തല അനക്കിയാൽ മുടിയിലെ അലങ്കാരപ്പണികൾ ഉടയുമെന്ന് കരുതി കഴുത്തനക്കാതെ മീശമാധവനിലെ 'പിടലി'കളായി മാറിയും ഇരുന്നാലും ഉച്ചയ്ക്ക് ചോറുണ്ണുന്ന സമയമാകുമ്പോൾ എന്റെ ചോറ് പൊതി തുറന്ന് വച്ച് ചോറിലേക്ക് രണ്ടും കൂടി മറിയുകയും തിന്ന് വിയർത്ത് കരിപടർന്ന മുഖവുമായി സിംലയും ഉലഞ്ഞ മുടിയിലെ സ്ഥാനം തെറ്റിയ സ്ലൈഡുമായി ബിന്ദുവും എഴുന്നേൽക്കുമ്പോൾ രണ്ട് വറ്റ് എനിക്കും കിട്ടിയാലായി എന്നതായി അവസ്ഥ.. ഈ ചോറ് തീറ്റ കാരണം ഞാൻ രൂപം മാറാൻ തുടങ്ങി.. എന്റെ സോമാലിയൻ രൂപം കണ്ണാടിയിൽ കണ്ട് ഞാൻ കരഞ്ഞു.. എന്റെ ചോറ് തട്ടിപ്പറിക്കുന്ന ഫാഷൻകാരത്തികളെ ചോറിൽ വിഷമിട്ട് കൊല്ലാൻ പോലും ഞാൻ ചിന്തിച്ചു..
അതിലുമേറെ കഷ്ടം ഇവരെക്കാരണം ഞാൻ ടീച്ചേഴ്സിന്റെ നോട്ടപ്പുള്ളിയായി മാറി എന്നതായിരുന്നു.. ഒരിക്കൽ സുവോളജി പഠിപ്പിക്കുന്ന ഷമീർ അലി സാറിന്റെ മുന്നിൽ റിക്കോർഡുകൾ ഒപ്പിടീക്കാനായി വിനായാന്വിതകളായി നിൽക്കയായിരുന്നു ഞങ്ങൾ മൂന്നാളും.. അല്ലെങ്കിൽത്തന്നെ ഷമീറലി സാറിന് ഞങ്ങളെ കണ്ണിന് കണ്ടൂടാ.. കാരണം ഞങ്ങളുടെ പതിവായ മുങ്ങൽ തന്നെയായിരുന്നു.. " ഒരുങ്ങിക്കെട്ടി വന്നോളും.. ക്ലാസിൽ കയറാതെ തെണ്ടിത്തിരിഞ്ഞിട്ട് റിക്കോർഡുമായി വന്നിരിക്കുന്നു .. ഒപ്പിടാൻ.." സാറാകെ നാഗവല്ലനായി ഉറഞ്ഞു തുള്ളുകയാണ് .. ഇടയ്ക്ക് സാറിന്റെ മൂക്കിനകം ചൊറിഞ്ഞിട്ടാവും സാർ വിരൽ മൂക്കിലിട്ട് കറക്കി.. ഉടൻ അടുത്തു നിന്ന ബിന്ദു എന്റെ ചെവിയിൽ മന്ത്രിച്ചു.."ടീ.. സാറ് മൂക്കിലിട്ട വിരല് വെച്ച് നിന്റെ റെക്കോർഡിലിപ്പോ പിടിക്കും.. നോക്കിക്കോ.. " ആ രംഗം മനസിൽ കണ്ട് ഞാനൊന്ന് അറിയാതെ ചിരിച്ചു.. പിന്നെ കണ്ടത് പുറത്തേക്ക് വിരൽ ചൂണ്ടി ഞങ്ങളോട് അലറുന്ന സുവോളജി സാറിനെയാണ്.. സിംല കൂളായി ഈ രംഗം നേരിട്ടു.. " നിങ്ങള് വാടീ ..അങ്ങേർക്ക് പ്രാന്ത് ഇളകിയതാ.." ഞങ്ങളെയും വിളിച്ചവൾ തിരിഞ്ഞ് നോക്കാതെ നടന്നു...
ടി.കെ.എം ലെ അന്നത്തെ പ്രിൻസിപ്പാൾ എല്ലാവരുടെയും പേടിസ്വപ്നമായ ബഷീർക്കണ്ണ് സാറായിരുന്നു.. ക്ലാസ്സിൽ കയറാതെ നടക്കുന്നവരെ പിടിക്കാൻ ബഷീർക്കണ്ണ് സാർ പമ്മി വരുമ്പോൾ ഞങ്ങൾക്ക് ഒരേ ഒരു അഭയ സ്ഥാനം ടോയ്ലറ്റായിരുന്നു.. ഞങ്ങൾ ഇറങ്ങി വരുന്നതും നോക്കി കുറേ നേരം നിന്ന് മടുക്കുമ്പോൾ സാർ പോകുന്ന തക്കം നോക്കി ഞങ്ങൾ ഗേറ്റ് വഴി പുറത്തേക്കോടി..
അന്നമ്മ ഉമ്മൻ ടീച്ചർ നന്നായി ഇംഗ്ലീഷ് പഠിപ്പിക്കുമായിരുന്നു.. എന്നിട്ടും ക്ലാസിലിരുന്ന് ചുമ്മാ ചിരിച്ചതിന് സിംലയ്ക്ക് കിട്ടിയ പണിഷ്മെന്റ് ..പാഠം മുഴുവനും നൂറ് പ്രാവശ്യം എഴുതാനായിരുന്നു.. വെളിയിൽ ചാടിയ കൃഷ്ണമണിയെ വല്ലപാടും പൂർവ്വസ്ഥിതിയിലാക്കി വിഷമിച്ച് നിന്ന അവളെ ഞാൻ സമാധാനിപ്പിച്ചു.. "നീ ധൈര്യമായിരിക്ക്.. ഞാൻ കുറച്ച് എഴുതിത്തരാം..."
" വേറെ അക്ഷരം കണ്ടാൽ ടീച്ചർ കണ്ടു പിടിയ്ക്കില്ലേ... " എന്ന സിംലയുടെ വിഷമത്തിന് .. "എനിക്ക് പല രീതിയിൽ എഴുതാൻ അറിയാം.. നിന്റെ അക്ഷരം പോലെ ഞാൻ എഴുതാം.. ധൈര്യമായിരിയ്ക്ക് .. " എന്ന് ഞാൻ ആശ്വസിപ്പിച്ചു.. രാത്രി കുത്തിയിരുന്ന് അവളുടെ അക്ഷരത്തിൽ ഇമ്പോസിഷൻ എഴുതി.. പിറ്റേന്ന് അവളെഴുതിയതിന്റെ ഇടക്ക് അതും തിരുകി അന്നമ്മ ഉമ്മൻ ടീച്ചറിന്റെ മുന്നിൽ സമർപ്പിച്ചു.. ടീച്ചർ അത് ഒന്നൊന്നായി മറിച്ചു നോക്കുമ്പോൾ വിജയ സ്മേരവുമായി ഞങ്ങൾ അടുത്തു നിന്നു.. അടുത്ത നിമിഷം ഇമ്പോസിഷൻ പേപ്പർ കെട്ട് ടീച്ചർ നാലുപാടും വലിച്ചെറിഞ്ഞത് എന്തിനാണെന്നത് ഇനിയും ഉത്തരം കിട്ടാത്ത പ്രഹേളികയായി നിൽക്കുന്നു..
അന്ന് ഞങ്ങളുടെ വീട്ടിൽ രണ്ടു വളർത്തുമൃഗങ്ങളും കിണറ്റിൽ ഞങ്ങൾ ഓമനിച്ചു വളർത്തുന്ന ഒരു മീനുമുണ്ടായിരുന്നു.. മീനാക്ഷി എന്ന കരിമ്പൂച്ചയും സുന്ദുക്കുട്ടി എന്ന ആടുമായിരുന്നു വളർത്തുമൃഗങ്ങൾ.. സോനു എന്നായിരുന്നു മീനിന്റെ പേര്.. ഇവരുടെ വിശേഷങ്ങൾ ഞാൻ പറഞ്ഞത് കേട്ട് കേട്ട് .. ബിന്ദുവും സിംലയ്ക്കും അവരെ കാണാൻ കൊതിയായി.. അതിലേറെ അവർക്ക് ആകാംക്ഷ എന്റെ വീട്ടിലെ 'ഗുളിക ഉണ്ടാക്കുന്ന മെഷീൻ 'കാണാനായിരുന്നു.. 'ഞങ്ങൾ ഗുളികയൊന്നും പുറത്ത് നിന്ന് വാങ്ങാറില്ലെന്ന് പറഞ്ഞപ്പോൾ.. ബിന്ദുവിനായിരുന്നു അതിശയമേറെ.. "ആ.. അത് കൊള്ളാല്ലോ.. " ന്ന് വായ് തുറന്ന അവൾ വീട്ടിൽ വന്ന് ഗുളിക മെഷീൻ കണ്ട് കണ്ണും മിഴിച്ച് നിൽക്കുമ്പോൾ ഞാൻ അടി കിട്ടാതെ ഓടി അകത്ത് പതുങ്ങി.. അവൾ പിന്നാലെ വന്നു.. "എവിടാടീ.നീ.. ഇതാണോ ടീ .. നിന്റെ ഗുളിക മെഷീൻ ,... വൃത്തികെട്ട ഈ ആടിന്റെ കാഷ്ഠമാണോടീ .. നീ തിന്നുന്നത്.." അതിനു ശേഷം എന്റെ സത്യസന്ധതയ്ക്ക് ഒരു വിലയുമില്ലാതായി..
**********************
മഴ പറഞ്ഞത്
സ്വപ്നാ റാണി
മഴനിലച്ചുപോയത്
എപ്പോഴാണെന്ന്
അവന്
ഓർത്തെടുക്കാനേ കഴിഞ്ഞില്ല.
ഇരമ്പിപ്പായുന്ന
ഏതോ ശവവണ്ടിയുടെ
പേടിപ്പെടുത്തുന്ന വേഗങ്ങൾ
അവനിൽ നിന്ന്
എല്ലാ ആർദ്രതകളും
അടർത്തിമാറ്റിക്കൊണ്ടിരുന്നു.
അച്ഛനോർമ്മകൾ,
അമ്മത്തണുപ്പുകൾ ,
ഉറവു വറ്റിപ്പോയ
നദികളെന്നപോൽ
ഭൂമിയ്ക്കടിയിലേക്ക്
പിൻവലിഞ്ഞവ.
വിശപ്പുകളുടെ
ഏതു തോണിയാണ്
അവനെ പങ്കായമാക്കി
അകലങ്ങളിലേക്ക്
യാത്രയായത് !
പുറംകടലിൽ
കരിഞ്ഞുണങ്ങിയ
മരങ്ങളിലിരുന്ന
വിചിത്ര രൂപികളായ
പക്ഷികൾ
അടർന്നും അകന്നും പോയ
ചില മനുഷ്യരുടെ
ദയാരഹിത രൂപങ്ങൾ
ഉണർത്തി വിട്ടു .
വിശപ്പിന്റെ കൊടിയടയാളം
സ്വന്തമാക്കിയവന്
ദാരിദ്ര്യത്തിന്റെ നാനാർത്ഥങ്ങൾ
അപരിചിതമാകുന്ന കാലം വരുമെന്ന്
ഏതു മഴയാണ്
പറഞ്ഞിട്ടു പോയത്?
**********************
ഒളിച്ചോട്ടം
ശ്രീല അനിൽ
ഞങ്ങൾ ഒളിച്ചോടാൻ
തീരുമാനിച്ചു,,
നാളെ അഞ്ചര,,,
നമുക്ക് പാർക്കാൻ
മുന്തിരിത്തോപ്പിലെ പോലെ,,,,
മൂന്നാമത്തെ ഹോൺ,,,,,
സ്വപ്നങ്ങൾ അടുക്കിയ
പെട്ടി എടുക്കണേ,,,
എന്ന്,,,,,,,
നഷ്ടങ്ങളെല്ലാം,,, നിക്ഷേപിക്കുന്ന
ഓർമ്മയുടെ
ബാക്കിപത്രങ്ങൾ,,,,,
ഇടയ്ക്കിടെ,,,,
കുറേശ്ശേ
പിൻവലിക്കാൻ,,,,,
എ.ടി.എം കാർഡ്,,,,
പൂർവാശ്രമത്തിലേക്കെന്ന
പോലെ പിൻവലിയുന്ന,,,,,
പിച്ചവയ്ക്കലുകൾ,,,
കൊഞ്ചലുകൾ,,,
ബാല്യം ബാക്കി വച്ച മഷിത്തണ്ടുകൾ,,,
കൗമാരത്തിലെ കൂട്ടുകാരിൽ,,,
കൂടെക്കിടത്തി കഥ പറഞ്ഞുറക്കിയവൾ,,,
ശാസിച്ചവൾ
കരുതൽ തലോടലുകൾ,,,
ചേർത്തണയ്ക്കുന്ന താങ്ങുകൾ,,,
കണ്ണീർ മറയ്ക്കപ്പുറം
എല്ലാം മായ കാഴ്ച,,,,
ഒളിച്ചാണോട്ടം,,,,,,
നൊന്ത് നൊന്തൊരോട്ടം,,,,,,
എത്തിപ്പിടിക്കാൻ സ്നേഹപ്പൂക്കൊമ്പ്,,,,,,
പനിനീരലരാണ്,,,,
തണ്ടിന് ചുറ്റും മുള്ളുള്ള പൂവ്,,,,
പറിച്ചെടുത്ത്,,
മാറിൽ ചേർക്കുമ്പോൾ,,,,,,,
നീറാതെ,,,
മുറിയാതിരിക്കുമോ,,,,,,
**********************
സ്ത്രീ ഭാവം
കൃഷ്ണദാസ്.കെ
വേനലിനും
മഞ്ഞിനും
മഴയ്ക്കും സ്ത്രീ ഭാവം !
മഴയായ് പെയ്ത് ജന്മം നൽകി ...
മഞ്ഞിന്റെ ആർദ്രത കൊണ്ട്
തളിരും പൂവുമാക്കി...
വേനലിന്റെ വെളിച്ചവും ചൂടും നൽകി
കായ്കനികളാക്കി...
വരാത്ത സമയത്ത്
എല്ലാവരും കൊതിയോടെ കാതോർക്കും .
വൈകുമ്പോൾ കുറ്റപ്പെടുത്തും.
വന്നു ചേർന്നാൽ
വന്യമായി സ്വന്തമാക്കും.
പിന്നീട് അപഹസിക്കും
സ്വാതന്ത്ര്യത്തോടെ
ആടി തിമിർക്കുമ്പോൾ
കുലദ്രോഹി ആയി
മുദ്ര കുത്തും.
ഇഷ്ടത്തിന്റെ,
അതിരിനു പുറത്തുകടക്കുമ്പോൾ കുറ്റങ്ങളുടെ ഭാണ്ഡക്കെട്ടുകൾ
തലയിൽ കെട്ടിവെയ്ക്കും...
ഒഴുകി പരക്കാനും
തെളിഞ്ഞ് ജ്വലിയ്ക്കാനും
ആർദ്രമായി തണുക്കാനും
ശ്രമിയ്ക്കുമ്പോൾ
അഹങ്കാരിയാക്കും....
രക്ഷയില്ലാതാവുമ്പോൾ
ഉഗ്രരൂപിയായ് ചുട്ടുപൊള്ളിച്ചും
പ്രളയമായ് കവർന്നെടുത്തും
ഉറഞ്ഞ്കൂടി നിശ്ചേഷ്ടമാക്കിയും
ചില പാഠങ്ങൾ
പഠിപ്പിച്ചു പോവുന്നതാണ്....
ലാവണ്യാനുഭൂതിയിൽ
മാത്രമല്ല,
നാം പരിധികൾ
ലംഘിക്കുമ്പോൾ
ദുഃഖത്തിലും
പ്രതികാരത്തിലും
ഋതുക്കളും
ഋതുമതികളും
ഒരു പോലെ .
**********************
ജസി കാരാടിന്റെ അധ്യാപികാനുഭവത്തിൽ ജനിച്ച കഥ...
കറമ്പി കണ്ട സ്കൂൾ
ജസി കാരാട്
അഡ്മിഷൻ മുക്കാലും നേരത്തെ പൂർത്തിയായതാണ് എങ്കിലും. പുതിയ കുട്ടികൾ വീണ്ടും വീണ്ടും വന്നു കൊണ്ടേയിരിക്കുന്നു.
ഇടക്കാലത്ത് നിന്നു പോകുവാൻ തുടങ്ങിയ സ്കൂളാണ്
ഇപ്പോഴോ ഒന്നാം ക്ലാസ് അഡ്മിഷൻ നാൽപത് കഴിഞ്ഞു.
രാവിലെ പത്തിരുപത്തഞ്ച് പേരെങ്കിലും ക്യൂവിലുമുണ്ട്
കൂടാതെ പ്രവേശനോത്സവത്തിന്റെ തിരക്കും .മുമ്പിലെത്തുന്ന ഫോമുകൾ മാത്രമേ ഇപ്പോൾ കാണുന്നുള്ളു -
ആളുകളെ കണ്ടറിയാൻ ഇനിയും സമയമെടുക്കും.
അതു കൊണ്ടാവും
"ടീച്ചർക്കെന്നെ ഓർമയില്ലേ?" എന്ന ചോദ്യമുതിർന്ന മുഖം എനിയ്ക്ക് പിടുത്തം തരാതെ വഴുതിയത്.
ശോഷിച്ച ശരീരം
എങ്കിലും തിളക്കമറ്റ എന്നു പറയാനാകാത്ത എന്തോ
ഒരു നിശ്ചയദാർഡ്യം കൈമുതലായുള്ള പ്രതീക്ഷ വറ്റാത്ത കണ്ണുകൾ -
ഞാൻ കറുമ്പിയാ ടീച്ചറെ
ടീച്ചർക്കോർമയില്ലേ ?.. ---- .ലെ കറമ്പി .
എന്റെ ഓർമകൾ - മുപ്പത്തിനാലു വർഷം പിന്നോക്കം പോയി .ഞാൻ കറമ്പിയെ പഠിപ്പിച്ചിട്ടില്ല പക്ഷെ
പഠിപ്പിച്ചതു പോലെ തന്നെ.
ഒഴിവു പീര്യഡുകളിലും മറ്റും പോകുമ്പോൾ പൊട്ടിയ സ്ലേറ്റിൽ മിഴിവാർന്ന ചിത്രം വരച്ച് കാണിച്ചിരുന്ന കറമ്പിയെ എനിക്കോർമ്മ വന്നു.
ആ പേര് അത്ര പെട്ടന്ന് മറന്നു പോകില്ല
അവളെ അറിയാത്തവരാരും അക്കാലത്ത് സ്കൂളിലെന്നല്ല നാട്ടിലും ഉണ്ടായിരുന്നില്ല.
ഇരുപതാം വയസിൽ അധ്യാപികയായി ജോലി കിട്ടി വന്ന ആദ്യ കാലം
ഓർമകൾ അതിവേഗം പിന്നോട്ടോടി
* * * * * * * * * * * * * * * * * * * * * * * *
കറമ്പി പേരുപോലെ തന്നെ അവൾ കറുത്തവളായിരുന്നു.
പക്ഷെ, നിറം നോക്കിയാണോ തെയ്യനും ചിരുതയും അവൾക്കാ പേരിട്ടത് ?അറിയില്ല. കാണുവാൻ അവർക്ക് കണ്ണുകൾ ഇല്ലായിരുന്നല്ലോ
തെയ്യൻ പൂർണമായും അന്ധനായിരുന്നു.
ചിരുതയും മുക്കാൽ ഭാഗം അന്ധതന്നെ ചിരുതയുടെ ഒരു കണ്ണിനു മാത്രമാണ് നേരിയ മൂടൽ പോലെ അല്പം വെളിച്ചമുണ്ടായിരുന്നത്. അമ്പത്തിരണ്ടാം വയസിലാണ് തെയ്യൻ ചിരുതയെ വിവാഹം കഴിച്ചത്.അന്ന് ചിരുതയ്ക്ക് പ്രായം 36
കണ്ണു കാണാത്ത പെണ്ണിനെ കെട്ടാൻ മറ്റാരും വരില്ല എന്നു പറഞ്ഞാണ് അപ്പൻ പൊടിയനും, അമ്മ മാത്തിയും, കൂട്ടം കൂടപ്പിറപ്പുകളെല്ലാം ചേർന്ന് ഇരുട്ടിൽ ജനിച്ച്, ഇരുട്ടിൽ വളരുന്ന തെയ്യന് ചിരുതയെ കെട്ടിച്ചു കൊടുത്തത്.
നാട്ടുകാർക്കൊക്കെ വിസ്മയമായിരുന്നു ആ വിവാഹം അന്ധനും, അന്ധയും ഒരുമിച്ചാൽ ആര് ആരെ വഴി നടത്തും? പലരും നെറ്റിചുളിച്ചു
പക്ഷെ- സന്ദേഹങ്ങൾ അസ്ഥാനത്തായി.അവരൊന്നിച്ചേ നടക്കാറുണ്ടായിരുന്നുള്ളു.അതും കൈ കോർത്തു പിടിച്ച് 'ഒരാൾ മറ്റെ ആളെ വഴികാട്ടും പോലെയുള്ള ആ നടത്തം നോക്കി കുട്ടികൾ റോഡിനിരുവശത്തും നില്കാറുണ്ടായിരുന്നു.
തെയ്യന്റെ കയ്യിൽ മുറുകെ പിടിച്ച് ഇടവഴികളും, മുൾവഴികളും താണ്ടി, വെയിലും മഴയും, ഏറ്റ്, അന്നവും, അണയും തേടി കളരിക്കുന്ന് കരയാകെ കയറിയിറങ്ങുമ്പോൾ മിക്കപ്പോഴും ചിരുതയുടെ മറുകയ്യിൽ തൂങ്ങി ചന്തി മറയ്ക്കാത്ത 'കീറിയ നിക്കറിട്ട് കറുമ്പിയും ഉണ്ടാകും.
നാട്ടിലെ കുട്ടികൾക്ക് അത് പതിവു കാഴ്ചയാണ് -
ചിരുത രണ്ട് പ്രസവിച്ചതാണ്
കറുമ്പിയ്ക്കു മുന്നെ ഒന്നുണ്ടായിരുന്നു .സുന്ദരൻ -
സുന്ദരൻ മറ്റു കുട്ടികളെ പോലെ കമിഴ്ന്നില്ല, മുട്ടുകാലിൽ നീന്തിയില്ല എപ്പോഴും ഒരെ കിടപ്പ്
സുന്ദരന് നാല് വയസുള്ളപ്പോഴാണ് കറുമ്പിയുടെ ജനനം.
ഈച്ചകൾ പൊതിയുന്ന നേരപായയിൽ, കുഴമ്പിന്റെയും, എണ്ണയുടെയും മണം പറ്റി സുന്ദരനോടൊപ്പം കറുമ്പി കിടന്നു., കൈകാലിട്ടടിച്ചു. ഒറ്റയ്ക്കു ചിരിച്ചു. അവളെ അങ്ങനെ കിടത്തിയിട്ടാണ് വിറക് പെറുക്കുവാനും, വെള്ളം കോരുവാനുമൊക്കെചിരുത പോകുന്നത്.
ഇഴകൾ പൊട്ടിയ പായയിൽ കൂടി അരിച്ചെത്തുന്ന ഉറുമ്പുകൾ ഇടയ്ക്കൊക്കെ കറുമ്പിയെയും കടിയ്ക്കും.
കറുമ്പിയ്ക്ക് മൂന്ന് വയസ് ആയപ്പോഴാണ് സുന്ദരൻ മരിച്ചത്.പായയിൽ തളർന്നു കിടന്ന് തളർന്ന കൃഷ്ണമണികൾ ഒന്നു മേല്പോട്ടാക്കി അത്ര തന്നെ.
തെയ്യന്റെ കാലുകൾക്ക് ബലക്ഷയം തുടങ്ങിയതും അക്കാലത്തു തന്നെ
പകലന്തിയോളം വെയി…
**********************
യൂസഫ് നടുവണ്ണൂർ
ഇടവഴികളിൽ
കുഞ്ഞുനാളിൽ
അന്ധാളിച്ചു നിന്നിട്ടുണ്ട്
ഏതു വഴി തിരിയണമെന്നറിയാതെ....
ഇടവഴികൾ
പറമ്പുകൾക്കിടയിലൂടെ
ഊളിയിടുന്നു.....
അതിരുകൾ കാത്ത്
ഇരു വശവും കോട്ട പോലെ
കൊള്ളുകൾ കാവൽ നിൽക്കും
ദൂരമേറെ താണ്ടണം
വഴിയേതെന്നറിയുവാൻ
നേരെ നേരെ പോകുന്നവ
ചുറ്റി വളഞ്ഞ് വിയർക്കുന്നവ
കാടുകയറി ഉപേക്ഷിച്ചവ....
ചില ഇടവഴികൾ
കുറുക്കുവഴികളാവും
ഒറ്റ നടത്തത്തിന്
ലക്ഷ്യത്തിലെത്തിച്ചേരും!
നടന്നാലും നടന്നാലും തീരില്ല ചിലത്
വഴിവില്ലി ബാധിച്ച പോലെ
നേരം വെളുപ്പിച്ചു കളയും!
ചോരത്തുള്ളി മഞ്ചാടിമണികൾ
കരിമഷിയെഴുതിയ കുന്നിമണികൾ
മുഖം ചുളിയ്ക്കും പുളിങ്ങകൾ
വിടർന്ന കണ്ണുള്ള ശംഖുപുഷ്പം
തേനൂറും മാമ്പഴം
വീണുകിടക്കുന്നു!
പെൻസിൽ കട്ട ചങ്ങാതി
വരുന്നുണ്ടോ എന്ന് പതുങ്ങി
പകരം വീട്ടാം.....
കടലാസിലേക്ക്
പകർത്തി വരച്ച ഹൃദയത്തിന്റെ
അവകാശിയോടൊപ്പം
ചങ്കിടിപ്പോടെ കൂട്ടു പോകാം!
വീതി കൂടിയ ഇടവഴികളിൽ
മൈതാനങ്ങൾ വിരുന്നു വന്നു
ശത്രുരാജ്യങ്ങൾ ഏറ്റുമുട്ടി
വിജയഭേരി മുഴക്കി മടങ്ങി
ആരും പോകാ വഴികളിൽ
കുറുനരികൾ കൂവിയാർക്കും
ഒളിച്ചിരിപ്പുണ്ടാകും
ഇരുട്ടിന്റെ കൂട്ടുകാർ !
മൂന്നും കൂടിയ ഇടവഴിമുക്കിൽ
കൂട്ടില്ലാതെ നടക്കരുത്.
ഒരു ചൂട്ടു വെളിച്ചമതിലെ
വീശി വീശി നടന്നു മറയും !
പുലർകാലെ കടന്നു പോകും
കരുത്തറിയിച്ച ജാഥകൾ
പാതി തുറന്ന കണ്ണിലപ്പോൾ
പുതിയ പകൽ വിരുന്നെത്തുന്നു.
ഇടവഴികൾ താണ്ടി ഞാൻ
ഉമ്മറക്കോലായയിലെത്തുന്നു
ഇടവഴിയും കൂടെ നടന്നത്
അറിഞ്ഞതേയില്ല.....
കുന്നുകൾ വയലുകൾ താണ്ടി
തിരിഞ്ഞു മെല്ലെ നോക്കുമ്പോൾ
ഇടവഴികളിലുരുളുന്നു
രാജരഥങ്ങൾ......
**********************
അനീഷ് ദേവരാജൻ
ജലമെന്ന വാക്കിന്റെ ഗന്ധം
ഒരു തൂവലിൽ തണുവാർന്ന സ്പർശം വേനൽക്കഴുകനെഭയന്നോടിയെത്തുമ്പോൾ
കുരുവിക്കിലത്തുമ്പു നല്കുന്ന തീർത്ഥം;
ചുടു നാവു തുടിക്കുന്ന ഗന്ധം
എവിടമ്മയെന്നോർത്തു വിതുമ്പുന്ന
ചുണ്ടിലേക്കൊരുനെഞ്ചുചേർക്കുന്ന ഗന്ധം
ഭൂമിതൻ പ്രാണങ്ങളലിയുന്ന ഗന്ധം
ഒരു കൂട്ടിലൊറ്റക്ക് തടവിലായ്ക്കഴിയുന്ന
പക്ഷിക്ക്, പിടച്ചോടിയെത്തി തടവിത്തലോടുന്ന സ്നേഹം; കെട്ടിപ്പി -
ടിക്കുമ്പൊഴുണരുന്നൊരുടലിന്റെ ഗന്ധം
തളരുന്ന ജോലിതൻവെയിലേറ്റു കരിഞ്ഞ -
ച്ഛനെത്തിപ്പുണരുമ്പൊഴുണരുന്ന ഗന്ധം
ജലമെന്ന വാക്കിന്റെ ഗന്ധം
ജലത്തിന്റെ മാത്രമല്ലറിവിന്റെയുറവിന്റെ ഗന്ധമെന്നറിയുമ്പോഴുയരുന്ന ഗന്ധം
ഒരു പകൽപ്പക്ഷി രാത്രിതൻ കൂടയിൽ
പകലിന്റെ കുഞ്ഞിനായടയിരിക്കുന്ന ഗന്ധം
വെറുതേ പിണങ്ങിപ്പിരിയുന്ന ചിലരാഗമൊരു
ഗാനമാലയായ് കൊരുക്കുന്ന ഗന്ധം
ജലമെന്ന വാക്കിന്റെ ഗന്ധം
തിടമ്പേറ്റി നില്കുന്ന കരിവീരനുരുകുന്ന
വെയിലിൽ കണ്ണീരൊഴുക്കുന്ന ദേവന്റെ ഗന്ധം; സ്നേഹജലത്തിന്റെ ഗന്ധം
ഉരുകിത്തിളക്കുന്ന തീയിലടച്ചിട്ട ദേവന്റെ
ഗന്ധം; കരുണതൻ കണ്ണിന്റെ ഗന്ധം
ജലമെന്ന വാക്കിന്റെ ഗന്ധം;വെറും ഗന്ധമല്ല
അതു ജീവന്റെ ഗന്ധം; തീയിന്റെ ഗന്ധം
എല്ലാം കരിക്കുന്ന തീയിന്റെ കോപത്തിലു-
ണരുന്ന ഗന്ധത്തിലൊരു ജലകണികതൻ
ഗന്ധമുണ്ടെങ്കിലഗ്നിയാണാ ജലം
ജലം തന്നെയാണഗ്നി,ഒരേ ഗന്ധം...
**********************
നരേന്ദ്രൻ.എ.എൻ
ഇടയൻ വീണുപോയപ്പോൾ
ചിതറിപ്പോയ കുഞ്ഞാടുകളെപ്പോലെ
അവന്റെ ശിഷ്യൻമാർ
ചിതറിപ്പോയിരുന്നു.
പക്ഷേ, അവന്റെ കൂടെ അവരുണ്ടായിരുന്നു. ഏതാനും സ്ത്രീകൾ.
ഒളിച്ചും പതുങ്ങിയുമാണെങ്കിലും
അവർ അവനെ പിന്തുടർന്നു...
കാൽവരിയിലേക്കുള്ള പാത കയറ്റമുള്ളതായിരുന്നു.
കുരിശ് ഭാരമേറിയതായിരുന്നു...
പക്ഷേ, അവൻ ഒറ്റക്കായിരുന്നില്ല. ആൾക്കൂട്ടത്തിൽ
അവനെ സ്നേഹിക്കുന്നവരുണ്ടായിരുന്നു. അവൻ തിരിച്ചുവരുമെന്ന് ഉറപ്പുള്ളവരുണ്ടായിരുന്നു.
അവന്റെ ദാഹം തീർത്ത വെരോനിക്ക,
അവന്റെ കുരിശേന്തിയ
കുറേനയിലെ ശീമോൻ.
അവന്റെ ദേഹം അടക്കിയ
അരിമത്തെയിലെ ജോസഫ്,
അവനെ രക്ഷിക്കാൻ
അവസാന നിമിഷം വരെ പരിശ്രമിച്ച പീലാത്തോസ്.
നീതിമാന്റെ രക്തം
തന്റെ ഭർത്താവിന്റെ കൈയിൽ പുരളരുതെന്ന് ആഗ്രഹിച്ച
പീലാത്തോസിന്റെ പത്നി...
അവർക്ക് അവനെ സ്നേഹമായിരുന്നു. അവർക്കറിയാമായിരുന്നു,
അവൻ ചിന്തിയ രക്തം
അവർക്കു വേണ്ടിയായിരുന്നുവെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു,
അവൻ വിജയിയായിത്തിരിച്ചുവരുമെന്ന്. അവർക്കുറപ്പുണ്ടായിരുന്നു,
ഇരുട്ടിന്റെ അധികാരവും
രാത്രിയുടെ രാജവാഴ്ചയും
ഏറെനാൾ നിലനിൽക്കില്ലെന്ന്...
**********************
ശ്രീനിവാസൻ തൂണേരി
ഏറ്റവും
നിരാശനായിരിക്കുമ്പോൾ
ലോട്ടറിക്കാരന്റെ
വാക്കുകൾക്ക്
കാതോർക്കുക
ഭാഗ്യം വരുന്നു
ഭാഗ്യം വരുന്നു
എന്നു പറഞ്ഞു കൊണ്ട്
നിങ്ങളുടെ
ദൗർഭാഗ്യത്തെ
തൽക്കാലത്തേക്കയാൾ
പിൽക്കാലം കൊണ്ട്
മറച്ചു പിടിക്കും.
കടന്നു വരൂ
കടന്നു വരൂ എന്ന്
കഴിഞ്ഞ കാലത്തിൽ നിന്നും
കൈ പിടിച്ചു കയറ്റും.
നാളത്തെ ഭാഗ്യവാൻ
നിങ്ങളാണെന്ന്
ആയിരം വട്ടം
ആവർത്തിച്ചാണയിടും.
പാഴ്ച്ചെലവാകുന്ന
നാണയത്തുട്ടുകളാൽ
ഒറ്റനിമിഷം കൊണ്ട്
ലോകം ജയിക്കാമെന്ന്
കൊതിപ്പിക്കും...
ഒത്തു വന്നാൽ
ജയിക്കാമെന്ന മട്ടിൽ
ചത്ത മോഹങ്ങളുമായി
ചടങ്ങിരിക്കുമ്പോൾ
നാളെയിലേക്ക്
ഉറങ്ങിയുണരും വരെ
ലോട്ടറിയെടുക്കാമെന്നത്
എന്തൊരു സൗഭാഗ്യമാണ്!
**********************
ബഹിയ
'ഇത്തവണയുമത്ര പോരാ'യെന്ന
വരണ്ട
പഴികൾക്കിടയിലേക്കാണ്
ഒരു ആഗസ്റ്റ് പാതിയിൽ
മഴ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.
ഇടതടവില്ലാതെ പെയ്ത
രാപ്പകലുകളിലൂടത്
വരണ്ടുണങ്ങിയ
ഭൂഞരമ്പുകളെ പുളകം കൊള്ളിച്ചു.
പിന്നെയവളെ
നാല്പതു കുളി കുളിപ്പിച്ച്
അഴുക്കെല്ലാം കഴുകിക്കളയാനൊരു
പുഴതേടിയോടി.
പേറു നിർത്തി
കോലം കെട്ട്
പേക്കോലമായൊരു പുഴയവളെ
കടലിലേക്ക് പറഞ്ഞു വിട്ടു.
അവഗണിക്കപ്പെട്ടെന്ന്
മനസ്സ് മുറുമുറുത്തപ്പോഴാണ്
മഴ നിർത്താതെ
തേങ്ങിക്കരഞ്ഞത്.
കഴുത്തറ്റം കണ്ണീരിൽ
കുതിർന്നവരുടെ ആവശ്യമനുസരിച്ചാണ്
'വേണ്ടപ്പെട്ടവർ' അന്വേഷണത്തിന്
വിധിച്ചത്.
വെള്ളമിറങ്ങി തൊണ്ണൂറാകും മുന്നേ
കുറ്റവാളികൾ
പിടിയിലായി.
ദേശീയപാതയോരത്തെ
പട്ടയമില്ലാത്ത
താമസക്കാർ..
ഒറ്റക്കൊറ്റക്ക് നിന്നിട്ടും
കാടോളം ശക്തി
ഉള്ളിലാവാഹിച്ച
ഒറ്റമരക്കാടുകൾ.
നാടുമുഴുവൻ
മഴപെയ്യിക്കാൻ
ഓടി നടന്ന്
മരം നട്ടവർ
മാപ്പുസാക്ഷികളായി.
കുറ്റവാളിക്കോ
മതമില്ല കൊടിയില്ല.
അതിനാലാ
അതിവേഗകോടതി
വെച്ച് നീട്ടാതെ
വിചാരണക്കെടുത്തൂ,
വിധിയുമായി.
പറന്നു പോയിരുന്ന മേഘങ്ങളെ
തടഞ്ഞുനിർത്തി
മഴത്തുള്ളികൾ പിടിച്ചു വാങ്ങിയ ചില്ലക്കൈകൾക്ക്
ഉയർന്നു നില്ക്കുന്നതിൽ നിന്ന്
ആജീവനാന്ത വിലക്ക്.
ചുമ്മാ ഒഴുകിപ്പോയിരുന്ന
വെള്ളത്തെ
തടുത്തുവെച്ച്
ഭൂമിയുടെ വരണ്ട തൊണ്ടക്കുഴിയിലേക്ക്
ഒഴിച്ചുകൊടുത്ത
വേരുകൾക്ക്
ജീവപര്യന്തം.
ഒടുവിൽ,
ഇവരുടെയെല്ലാം
സൂത്രധാരനെന്ന്
ആരോപിതനായ തായ്തടിക്ക്
ബന്ധങ്ങളറുത്തു മാറ്റി
വിചാരണത്തടവ്.
പുതുക്കി പണിത
റോഡുകൾക്കപ്പുറത്ത്
ഇപ്പോഴും കിടക്കുന്നുണ്ട്
അറുത്തുമാറ്റിയിട്ടും
കൊത്തിയരിഞ്ഞിട്ടും
ഊപയെന്ന് ചാപ്പകുത്തിയിട്ടും
വിചാരണ തുടങ്ങിയോന്നറിയാതെ
വിധികാത്ത്
പറിച്ചിട്ട കുറ്റികുറ്റവാളികൾ.
**********************