19-06-19


🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎
🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎
🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕🌕

മലപ്പുറം ജില്ലയിലെ ഭാഷാപ്രവണതകളിൽ ലിംഗവിവേചനം, പരദൂഷണം
എന്നീ ഭാഗങ്ങളോടൊപ്പം

പഠനത്തിന്റെ ഭാഗമായി തയ്യാറാക്കിയ
മലപ്പുറം മലയാള നിഘണ്ടു വിന്റെ ആദ്യ ഭാഗം കൂടി ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

🌒🌒🌒🌒🌒🌒🌒🌒🌒🌒🌒🌒🌒🌒

മലപ്പുറം ജില്ലയിലെ ഭാഷാ പ്രവണതകൾ (കഴിഞ്ഞ ലക്കത്തിൽ അവതരിപ്പിച്ച ഭാഗങ്ങളുടെ തുട൪ച്ച)
•••••••••••••••••
ലിംഗ വിവേചനം
      പുരുഷ വീക്ഷണങ്ങൾക്കാണ് ഭാഷയിൽ അംഗീകാരമുള്ളത്. പെണ്ണ് എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും, എങ്ങനെ ആകരുതെന്നും ഒക്കെയുള്ള സദാചാര മാതൃകകൾ ഭാഷയിലും സംസ്കാരത്തിലും അന്തർലീനമാണ്. ഇതൊന്നും സ്ത്രീകൾ അവ൪ക്കായി സൃഷ്ടിച്ചതല്ല. അവരുടെ കർതൃത്വം അന്യരാൽ സൃഷ്ടിക്കപ്പെട്ടതാണ്. പെണ്ണത്തവും ആണത്തവും നിർമിക്കപ്പെടുന്നതിൽ ഭാഷയുടെ പങ്ക് വലുതാണ്. ഭാഷയുടെ സമസ്ത മണ്ഡലങ്ങളിലും ലിംഗ വിവേചനം ഉറപ്പുവരുത്തുന്നതിൽ മറ്റു ഭാഷകൾക്കൊപ്പം മലയാളവും രംഗത്തുണ്ട്. മലപ്പുറം ഭാഷാഭേദത്തിൽ പ്രകടമാകുന്ന രണ്ടു വീക്ഷണങ്ങളുണ്ട്. മുഖ്യ സമൂഹവുമായി പങ്കിടുന്ന ലിംഗ വീക്ഷണവും മാപ്പിള മലയാളത്തിൽ കാണാവുന്ന സ്ത്രീ മാതൃകകളും. മാപ്പിള മലയാളത്തിൽ പെൺകുട്ടികളുടെ പേര് അറബി ഭാഷയിൽ നിന്നുള്ള തത്ഭവ-തത്സമരൂപങ്ങളാണ്.വിവാഹിതയോ അല്ലയോ എന്നു വ്യക്തമാക്കും വണ്ണം സ്ത്രീ നാമത്തോടൊപ്പം ഭർത്താവിന്റെ പേര് ചേർക്കുന്ന പതിവ് മാപ്പിളമാർക്കില്ല. മാപ്പിള ഭാഷാഭേദം സ്ത്രീയെ മാനിക്കുന്ന പ്രവണതയാണ് പദഘടനയിൽ പ്രകടമാകുന്നത്.
തെറിവാക്കുകളുടെ സാംസ്കാരികത
     ഒരു സമൂഹത്തിന്റെ അശ്ലീല സംസ്കാരമുദ്രകളാണ് തെറി വാക്കുകൾ. ചീത്ത വിളിക്കാനുള്ള പദങ്ങളാണ് ഇവ. ശകാരിക്കുക മാത്രമല്ല നീച വചനങ്ങൾ കൊണ്ട് മറ്റുള്ളവരെ ഭാഷണസന്ദ൪ഭത്തിൽത്തന്നെ ഇല്ലാതാക്കാൻ കൂടിയുള്ള വെടിമരുന്നുകളാണിവ. വിഡ്ഡിയും, ശുംഭനും ഭോഷ്ക്കും മഠയനും സംസ്കൃതമല്ലെങ്കിലും സംസ്കൃതാനുകരണ നിന്ദയാണ്. നിന്ദയാണെങ്കിലും ഇവ അസഭ്യമല്ല. നിന്ദാവചനത്തിൽ ചിലത് പരസ്യമായി പറഞ്ഞാലും വലിയ തെറ്റില്ല. ചിലതാകട്ടെ പരസ്യമായി പറയുന്നതിന് വിലക്കുണ്ട്.
  മലപ്പുറം പ്രാദേശികമായി മൂന്നു പ്രവണതകൾ തെറിവാക്കുകളുടെ ഉപയോഗത്തിൽ നിലനിർത്തുന്നു. 'ബെടക്ക്', 'ബടക്കൂസ്', 'ഹിമാർ' 'ബലാല്' 'ശെയ്ത്താൻ'  'ഹമുക്ക്' 'ഹറാം പിറന്നോൻ' 'സുബറ്' എന്നീ പദങ്ങൾ അറബിയിൽ നിന്നു വന്ന തെറിവാക്കുകളാണ്. 'കുരുത്തംകെട്ടവൻ' 'നായിന്റെ മോൻ' 'തന്തയും തറവാടുമില്ലാത്തവൻ' 'പുലയാടിച്ചി'  'തെമ്മാടി' 'അലവൽ'(അലവലാതി) എന്നീ പദങ്ങൾ പൊതു മലയാളത്തിൽ തന്നെയുള്ള തെറിവാക്കുകളാണ്. മാപ്പിള ഭാഷയിൽ കണ്ട അറബിപ്പദങ്ങളുടെ അ൪ത്ഥം സഭ്യേതരം എന്നു പൂർണ്ണമായി പറയാൻ കഴിയാത്തതാണ്. അശ്ലീലമല്ലെങ്കിൽ പോലും സംഭാഷണത്തിൽ  'സുജായി' എന്ന പദം പരിഹാസരൂപേണ മാപ്പിളമാ൪ക്കിടയിലുണ്ട്.

മലപ്പുറം മലയാള നിഘണ്ടു
••••••••••••••••••
   വ്യത്യസ്തമായ രൂപവും അർത്ഥവും കൈവന്ന ധാരാളം പദങ്ങളും, പ്രയോഗങ്ങളും, ശൈലികളും മലപ്പുറം ഭാഷാഭേദത്തിന്റെ പ്രത്യേകതയാണ്. പഠനത്തിന്റെ ഭാഗമായി ശേഖരിച്ച ഇത്തരം പദങ്ങളുടെ പ്രാഥമിക പട്ടികയാണ് താഴെ കൊടുക്കുന്നത്. പഠനത്തിന്റെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുന്നതിനോടൊപ്പം നിഘണ്ടു കൂടി ക്രമപ്രകാരം അവതരിപ്പിക്കുന്നു.

അകം      -         മനസ്സ്
അകത്തിറച്ചി -   കരൾ
അകമീയം(ഔമ്യം) - ആന്തരാർത്ഥം, രഹസ്യം
അങ്ങാടിമുളക്   - വറ്റൽ മുളക്
അച്ചാരം         ... -- മുൻകൂർപണം
അച്ചേൽക്കി       -അതേ ചേലിൽ
                       അതേപടി
                       അപ്പടി
                       വേവിക്കാതെ
അടയ്ക്കാപ്പഴം   - പേരക്ക
അടക്കി               -എല്ലാവരും ഉൾപ്പെടെ
അട്ത്ത്              -അരികെ
അട്പ്പ്                   -അടുപ്പ്
അടിച്ച് വാരുക   --വൃത്തിയാക്കുക
അടിക്കുക           - മുറ്റവും മറ്റും അടിച്ചു വാരി വൃത്തിയാക്കുക
അടിബസി          -സാസ൪
അടീൽ പിടിക്ക്യ-  ഗർഭം ധരിക്കുക
അടുത്തടുത്തുള്ളോര്-- അയൽപക്കം
അടുത്താമത്           - അടുത്തത്
അട്ടം                - അടുക്കളയിൽ മേൽക്കൂരയോട് ചേർന്ന് സാധനങ്ങൾ വെക്കുന്ന സ്ഥലം
അട്ടാദിപ്പ്        -അട്ടഹാസം
അട്ടിപ്പാത്രം     - ടിഫിൻ കൊണ്ടു പോകുന്ന തട്ടുകളുള്ള പാത്രം
അണ്ണി                - വായുടെ മുൻഭാഗം
അണച്ചു           - ആലിംഗനം ചെയ്തു
അത്അരെ       -- അതുവരെ
അത് ന്ന്            - അതിൽ നിന്ന്
അതിശ്യം         -- അതിശയം
അതോണ്ട്       -- അതുകൊണ്ട്
അതോണ്ടിറ്റ്  - അതുകൊണ്ട്
അതൃപ്പം           -അത്ഭുതം, കൌതുകം, അതിയായ സന്തോഷം
അത്തും പുത്തീം   --ബുദ്ധിയും വിവേകവും
അത്താണി          - ചുമടുതാങ്ങി
അത്തായം        - അത്താഴം
അത്ത൪           - സുഗന്ധ ദ്രവ്യം
അദാബ്           -ആപത്ത്
അദബ്            -മര്യാദ
അനങ്ങ്ക      -ചലിക്കുക
അനാദിയാക്കുക  - പാഴാക്കുക, വെറുതെ ചെലവഴിക്കുക
അന്യായം       - തെറ്റ്
അൻമ്പാം സീറ്റ്   - ഒളിച്ചുകളി
അപ്പം                - അപ്പോൾ
അപ്പപ്പം           -  അപ്പപ്പോൾ
അപ്പം വരെ     - അതു വരെ
അമ്പിളി           - ചന്ദ്രൻ
അമ്പിക്കുക     - അമർത്തുക
അമ്പായപ്പുളി    - അമ്പഴങ്ങ
അമാന്തം           - അലസത, മടി
അമ്മോൻ         - അമ്മാവൻ
അയലോക്കം    - അയൽപക്കം
അയിൽക്ക്        - അതിലേക്ക്
അയിലാണിക്കായ - ചെറിയ കായയുണ്ടാകുന്ന കുറ്റിച്ചെടി
അയിലീം ഇയിലീം നടക്കുക -അലഞ്ഞു തിരിയുക
അയ്ച്ചാംകൊയ്ച്ചാം - വീണ്ടും ഒന്നിൽ നിന്ന് തുടങ്ങുക
അയ്ച്ചാമത്   .   - വീണ്ടും
അയ്റ്റാക്കൂട്ട്      -അത്തരത്തിലുള്ള
അയ്റ്റങ്ങള്          - അവറ്റകൾ
അയ്യടാന്ന് പറയാത്ത - മോശമല്ലാത്ത
അരയിഞ്ച്           - കരിങ്കൽ മെറ്റൽ
അരക്കത്തരം    - പിശുക്കത്തരം
അര്ക്ക്              - ഓരത്ത്, വശത്ത്
അര്യാകത്തി      - തേങ്ങ പൊളിക്കാനുപയോഗിക്കുന്ന അരിവാൾ മാതൃകയിലുള്ള കത്തി
അലച്ച               - കൊതി, ആക്രാന്തം
അലാമത്ത്         - ബുദ്ധിമുട്ട്, ആപത്ത്
അലീക്കത്ത്       - ഒരു തരം ക൪ണാഭരണം
അലീസ                - ഇടിച്ച ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന ഇറച്ചി ചേർത്ത വിഭവം.
അലോംനി          - അലൂമിനിയം
അൽകുൽത്താക്ക്അ   - താറുമാറാക്കുക
അവലാല്         - അവരവ൪
അസ൪ നിസ്കാരം - സായാഹ്ന നമസ്കാരം
അള്ക്ക്          - ഡബ്ബ(സാധനങ്ങൾ സൂക്ഷിക്കാനുള്ള  ചെറിയ കുപ്പി)
അളിപിളിയാവുക - ചീഞ്ഞളിയുക
അറക്കുക(1)        - മടി കാണിക്കുക
അറക്കുക (2)       -  മൃഗങ്ങളെയും പക്ഷികളെയും മാംസത്തിനു വേണ്ടി അറക്കൽ
അ൪ബന         - സാധനങ്ങൾ വഹിക്കുന്ന ഒറ്റ ച്ചക്ര ഉന്തുവണ്ടി
ആകാച്ചി         - ചീത്ത
ആക്ര കാണിക്കുക-  അത്യാഗ്രഹം കാണിക്കുക, തിടുക്കം കാണിക്കുക
ആട്ടനക്കില്ല്യാത്ത    - നിശ്ചലമായ
ആയം               -ആഴം
ആരിക്ക്/ആര്ക്ക്   - ആ൪ക്ക്
ആരംബം            - ഓമനത്തം
ആവത് ഉണ്ടാവുക-  പ്രാപ്തി യുണ്ടാകുക
ആളെകൊണ്ട് പറയിപ്പിച്ചോർ - കുപ്രസിദ്ധൻ
ആളും പാളും  - ആൾക്കൂട്ടം
ആറ്റുക            - ചൂടാറ്റുക
ആ൪ക്കുക- അലറുക
ആ൪മാദിക്കുക  - ആഹ്ലാദിക്കുക

പരദൂഷണം
'നമീമത്ത്', 'ഗീബത്ത്', '
ഫസാദ്' എന്നീ പദങ്ങളാണ് മുഖ്യ സമൂഹത്തിന്റെ പരദൂഷണത്തിന് സമാനമായി മാപ്പിള മലയാളത്തിൽ കാണാനാവുന്നത്. കള്ളം പറയലും, പൊള്ളുപറയലും, നുണ പറയലുമൊക്കെ ഫസാദ് തന്നെ. സ്ത്രീകൾക്കിടയിലാണ് ഫസാദിന് പ്രചാരം  ഏറെയാണെങ്കിലും പുരുഷൻമാരും ഈ പദം ഉപയോഗിക്കാറുണ്ട് അന്യ സമുദായക്കാരുടെ ഇടയിലും ഈ പദത്തിന് പ്രചാരമുണ്ട്. പ്രാദേശികമായ ഉപയോഗം ഈ പദത്തിന് കൈവന്നു എന്നത്രേ പ്രധാനമാണ്.
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഭാഷാഭേദപഠനം മലപ്പുറം
എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്.

പുസ്തകം തയ്യാറാക്കിയ
ഗവേഷകരോടുള്ള
 കടപ്പാട് രേഖപ്പെടുത്തുന്നു.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏