19-01-2019

കുളിർ മഴ
ഓടിക്കയറുകയാണവൾ
ഓർമ്മതൻ ഒതുക്കു കല്ലുകൾ
കൗമാരക്കാരി,,,,
 കൈകൂപ്പി നിന്നു
ദേവിതൻ മുന്നിൽ.
പറന്നോടിയ കാലം......
ഇന്നാ
ചുരുൾമുടിയിൽ വെള്ളി നാരുകൾ,,,,
കാലത്തിനിപ്പുറം,,, വീണ്ടുമാ ദേവി തൻ മുന്നിൽ.
ഓരോ നടയിലും മെല്ലെയെത്തി
കൂപ്പിയ കൈകളോടെ.
ദേവി തന്നരികിലവൾ
പണ്ടെന്ന പോലെ ആവശ്യങ്ങൾ വച്ചുനീട്ടി,,,
കൊച്ചു കൊച്ചു സന്തോഷങ്ങൾ ക്കായി......
നന്ദി മറുചിരിയായി.......
ശ്രീകൃഷ്ണ വിഗ്രഹം ചാരെ,,,
കണ്ണനെ കണ്ടമാത്രയിൽ,,,
പണ്ടവൾ അവനോടു പറഞ്ഞ പരിഭവങ്ങൾ,
കഥകൾ,,,,
കൊടുത്ത വാക്കുകൾ,
വീട്ടാതെ പോയ നേർച്ചകൾ.......
എല്ലാം ഏറ്റുചൊല്ലി.
നാഗത്താൻമാർക്കു
കാവൽ നിൽക്കുമാ ഇലഞ്ഞി പൂക്കൾക്കിടയിൽ നിന്നൊരു കള്ളക്കാറ്റ് അവളെപ്പൂമണത്തോടെ,,,
മെല്ലെയൊന്നുപുണർന്നു,,,
കാറ്റവളുടെ കാതിൽ നീയെന്നെ മറന്നോ,
എന്നൊരു പരിഭവം പറയാനാഞ്ഞു
ഇലഞ്ഞിപ്പൂക്കൾ പണ്ടെന്ന പോലെ
പെറുക്കി കൂട്ടാൻ,,,,,
മാലയായ് നറുമണമായ് ചൂടാൻ കൊതിച്ചവൾ,,,
കുനിഞ്ഞൊരു പൂവെടുത്തപ്പോൾ,,,
മതി,,, നീ വലുതായി എന്നാരോ കാതിൽ മന്ത്രിച്ചു.
പിന്നെയും ഉപദേവതകൾക്കു മുമ്പിൽ പണ്ടേ പോലെ,,,
കാലമെത്ര കഴിഞ്ഞാലും,,,,
ചിലയിടങ്ങൾ പഴയ,
പാവമാ കുട്ടിയാകുമ്പോ,,,
നാം ശാന്തിയുടെ
കുളിർമഴയിൽ നനയുകയാവും.
ശ്രീല അനിൽ 
*************************
നാട്യം
ഒറ്റയ്ക്കൊരു നാടകമാണു
ഞാൻ.....
അരങ്ങും അഭിനേതാവും
വിളക്കും വെളിച്ചവും
കഥയും കാണിയുമെല്ലാം
ഞാൻ തന്നെ!
ഇരുളും തെളിച്ചവും
വേഷവും വാക്കും
തിരശ്ശീലയും സദസ്സുമൊന്നും
ഇനി
മറ്റൊരാളുമായി
പങ്കു വയ്ക്കുക വയ്യ!
എന്റെ നാടകത്തിനായ്
ഒരുങ്ങിത്തളർന്നും
കണ്ടു കയ്യടിച്ചും കൂവിവിളിച്ചും
ഞാനെന്നിൽ
പൂത്തുലയട്ടെ-----
ഞാനെന്നിൽ മരിച്ചു തീരട്ടെ....
സ്വപ്നാ റാണി
*************************
നിരർത്ഥകം
വർത്തമാനം നിരർത്ഥകം
നിറയെ അന്ധഗജന്യായങ്ങൾ,
ഘോരഘോര വിവേചനം
നാനാവർണ്ണവികാരങ്ങൾ
തീർക്കുന്നു പോർക്കളങ്ങളെ
ശിരസ്സില്ലാത്തവർ ത-
ന്നണികൾക്ക്
സ്വകാര്യ സാക്ഷാത്കാരം.
വളപ്പൊട്ടുകൾ പെറുക്കുന്നി-
ടങ്ങളിൽ കഴുകറാഞ്ചൽ
കഥയും കവിതയും
വാചാലമാകുനമ്പോ-
ളായുധപ്രയോഗങ്ങൾ
തീർക്കുന്നിതന്ധത
വിവേകശൂന്യ നിർഭരം
നീതിരഹിത വിമോചനം
നൈരന്തര്യമീ ചിത്രം
അതിജീവന സൂചനാത്മകം.
ജിത.ആർ.എം
*************************
ബയോവേസ്റ്റ്
ആറാമിന്ദ്രിയമെന്നു
ഉല്പത്തിപുസ്തകത്തില്‍
അടിവരയിട്ട്
പറഞ്ഞിട്ടുണ്ടെങ്കിലും
ഇപ്പോള്‍
കണ്ണുകളടഞ്ഞ
നിര്‍ജ്ജീവസ്തരം.
ജീവന്റെ നനുത്ത
ചൂടാര്‍ന്നൊരമ്മത്തൊട്ടില്‍ ആയിരുന്നുവെന്നത്
അഹങ്കാരത്തിന്റെ
ഭാഷ.
ആറാമിന്ദ്രിയത്തിനു മാത്രം
തൊട്ടറിയാവുന്ന
ശ്വാസഗതികള്‍,
ജീവന്റെ തുടിപ്പ്
ഒടുവില്‍
സ്വാര്‍ത്ഥതയുടെ കൈകളിലേക്കിട്ടുകൊടുക്കുമ്പോള്‍
വേദനയുടെ
മൂര്‍ദ്ധന്യത്തിലുള്ള
ആത്മഹര്‍ഷം.
എല്ലാം..
നനവായ്
നിറയുന്നുണ്ടാവണം.
ഇനി നിങ്ങളെന്നെ
തുറിച്ചു നോക്കരുത്…
നോട്ടങ്ങളില്‍
ചുളുങ്ങിപ്പോയ
വ്യക്തിത്വത്തിന്റെ
അവശിഷ്ടം മാത്രമാണിത്.
ഇടത്തും വലത്തും
ഇനിയും
പൂത്തുതീരാത്ത
പൂക്കാലങ്ങള്‍ക്കിടയില്‍
ആയുസ്സിന്റെ
ഊര്‍ധ്വന്‍വലിയില്‍
കടപുഴകിയ
ചതുപ്പിന്റെ
തേങ്ങല്‍.
ചുളിവും നരയും കൊണ്ട്
വിണ്ടുകീറിയ
സ്തരങ്ങളായ്
ചുരണ്ടിമാറ്റപ്പെട്ട
മാംസചിന്തുകളായി
ഇനി…….
നീറ്റല്‍ ഒപ്പിയെടുക്കപ്പെട്ട
ആറാമിന്ദ്രിയം
ചവറ്റുകൊട്ടയിലേക്ക്…..
റീന പി.ജി
*************************
മടക്ക०
ഒരു കടൽച്ചിപ്പിയുടെ
ഉൾവിളിയിലേക്കാണ്
മടക്ക०.
എനിക്ക് പിറകേയെന്റെ
വഴികൾ
ചുരുണ്ടില്ലാതാകുന്നുണ്ട്.
ഒരു സ്വപ്നമലറിവിളിച്ചെന്റെ
പാത മുറിച്ചിടുന്നുണ്ട്
കെട്ടുപിണഞ്ഞവേരുകൾ
ഒറ്റ മിടിപ്പിലഴിഞ്ഞുപോകുന്നുണ്ട്.
പാതി നടന്നൊരു പാത
പിളർന്ന ഭൂമിക്കടിയിലേക്ക്
ബാക്കി  വെച്ചിട്ടുണ്ട്.
അക്ഷരത്തിന്റെ ചില്ലയിലേക്ക്
ആകാശം തൊടുത്തു വിട്ട
അമ്പുകൾ കൊണ്ട് പോകുന്നു.
പിന്നെ
ഒരു വിരൽ
മുളച്ചുവരുന്നതുവരെ
കൊടുങ്കാറ്റുകളെ
ഈ സായാഹ്നതീരത്ത്
നങ്കൂരമിട്ട്
ഈ കടൽച്ചിപ്പിയിലേക്കൂർന്നു
വീഴട്ടെ ഞാൻ.......
ജിഷ.കെ
*************************
പുരുഷ ഉവാച:
പെണ്ണേ,
നിനക്കുള്ള ‘ഭരണഘടന'
ഞാനെന്നേ രചിച്ചിരിക്കുന്നു.
അതില്‍ സ്പഷ്ടമാണ് നിന്റെ
അതിര്‍ത്തിയും അതിര്‍വരമ്പുകളും.
നിന്റെ സ്വാതന്ത്ര്യം, പൂര്‍ണ്ണമായും
എന്നില്‍ നിക്ഷിപ്തമായിരിക്കേ.,
അതു നേടുവാനായ് നീ
മലയാഴികള്‍ താണ്ടി, നിന്‍
മൃദുല കോമള മോഹന ദേഹത്തെ
വ്രണപ്പെടുത്താതെയിരിക്കുക.
അതെനിക്കെന്നും
കണ്ടിരിക്കാനും കൊണ്ടിരിയ്ക്കാനുമാകുന്നു.
നീയെന്റെ എച്ചില്‍ പെറുക്കി,
അടിവസ്ത്രമലക്കി ,എന്റെ
ആയുര്‍ക്ഷേമത്തിനായ് നിത്യം
നോമ്പു നോറ്റുമിരുന്ന് ,
എന്നോടുള്ള കടമകള്‍ അഭംഗുരം
പാലിച്ചുപോരുക.
എന്റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റി
നിന്റെ ജീവിതം സാഫല്യമാക്കുക.
നിന്റെ ദേഹം ബലഹീനമാകയാല്‍,
അതിര്‍ത്തികള്‍ ലംഘിച്ച്
കുതറാന്‍ വെമ്പുന്ന, അരിയ
നിന്‍ ചിറകുകള്‍ അരിഞ്ഞുടയ്ക്കാന്‍
പ്രാപ്തരാം രാവണന്‍മാര്‍ ചുറ്റുമുണ്ട്.,
മറക്കാതിരിക്ക നീ.
നിന്റെ നിഗൂഢമാം പാവനമാം ചാരിത്ര്യം
നീ കാത്തുസൂക്ഷിക്കുവോളം
അദൃശ്യമാമെന്റെ ചങ്ങലക്കൊളുത്തില്‍,
ചട്ടങ്ങളൊന്നിനും ലംഘനം വീഴ്ത്താത്ത.,
കൗതുകമേറെ കാഴ്ചവെയ്ക്കുന്ന.,
ഒരു ഗജ സുന്ദരിയെ പോല്‍
എന്റെ ചുവരുകള്‍ക്കുള്ളില്‍ നീയെന്നും
സംരക്ഷിതയായിരിക്കും,
സുരക്ഷിതയായിരിക്കും, പെണ്ണേ
നീയൊരു
കുലസ്ത്രീയായി വാഴ്ത്തപ്പെടും.
റീന രാധ
*************************
ഇനി രണ്ട് യാത്രകളാവാം ല്ലേ..👇🏻
*************************
മറക്കാനാവാത്ത യാത്ര 
യാത്രകൾ എനിക്കിഷ്ടമാണ്.ഹ്രസ്വദൂരയാത്രകളേക്കാൾ  എനിക്കിഷ്ടം ദീർഘദൂരയാത്രകൾ ആണ്. വിവാഹത്തിന് മുൻപും പിൻപും എന്റെ യാത്രകൾ അധികവും ട്രെയിനിൽ ആണ്. റെയിൽവേ ജീവനക്കാർ കുടുംബത്തിൽ കൂടുതൽ  ഉള്ളത് കൊണ്ടാവാം,സൗജന്യയാത്രകൾ ആണല്ലോ എല്ലാം.
എന്റെ വിവാഹസങ്കല്പങ്ങളിൽ അധികം മോഹങ്ങൾ ഒന്നുമുണ്ടായിരുന്നി ല്ലെങ്കിലും തമിഴ് അറിയുന്നയാൾ ആവണം ഭർത്താവ് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.ആ ആഗ്രഹം സാധിക്കുകയും ചെയ്തു. മധുവിധുയാത്ര എങ്ങോട്ട് ആവണം എന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തമിഴ്നാട്  എന്ന് ഞാൻ മറുപടി കൊടുത്തു. തിരുവനന്തപുരം വരെ ട്രെയിൻ,അവിടുന്ന് ബസിലും ആയി വിവാഹത്തിന്റെ രണ്ടാം നാൾ യാത്ര പുറപ്പെട്ടു. ചെറുപ്പം മുതൽ തമിഴ്നാടിനോടും അവിടുത്തെ ഭാഷ, സംസ്കാരം എല്ലാം എനിക്ക് ഇഷ്ടമായിരുന്നു.രാവിലെ ട്രെയിനിൽ തിരുവനന്തപുരത്തേക്കും വൈകുന്നേരം ബസിൽ മദ്രാസ്സിലേക്കും യാത്രതുടങ്ങി . തിരുവനന്തപുരത്തുവച്ചുതന്നെ തമിഴ് നാടിന്റെ ഒരു സംസ്കാരം കാണാൻ തുടങ്ങിയിരുന്നു.  വൈകുന്നേരം സ്ത്രീകൾ മുറ്റമെല്ലാം വെള്ളം തളിച്ചടിച്ചു വൃത്തിയാക്കി മുഖത്ത്  മഞ്ഞൾ തേച്ചു കഴുകി തലയിൽ മുല്ലപ്പൂ ചൂടി  ഒരുങ്ങി ഉമ്മറത്ത് ഇരുന്നു സംസാരിക്കുന്ന കാഴ്ച,മദ്രാസ്സിലേക്കുള്ള യാത്രയുടെ ആദ്യം തന്നെ ബസിൽ ഇരുന്നു ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.എനിക്കേറ്റവും ഇഷ്ടമുള്ള കാഴ്ച്ചയാണത്.തമിഴ് സിനിമകളിൽ പണ്ടുമുതലേ കണ്ട് ഇഷ്ടപെട്ട ഒരു രംഗം.
അങ്ങിനെ കേരളത്തിൽ നിന്നും ബസ്‌ തമിഴ്നാടതിർത്തിയിലേക്ക് കടന്നു.മരുഭൂമി പോലെ വിജനമായ റോഡും അപൂർവ്വം ഒന്നോരണ്ടോ മരങ്ങളും ഉള്ള വഴിയിലൂടെ ചൂടുകാറ്റുമേറ്റ് യാത്ര തുടർന്നു.അധികംവൈകാതെ ഇരുട്ട് മൂടി പുറത്തെ കാഴ്ചകൾ പതിയെ മങ്ങിതുടങ്ങി.രാത്രി പതിനൊന്നര ആയിക്കാണും ചായ കുടിക്കാനുമൊക്കെയായി ബസ്‌ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ഓലകൊണ്ടുണ്ടാക്കിയ ചെറിയ ഒരു ഹോട്ടലിനു മുൻവശത്തു നിർത്തി. എല്ലാവരും പുറത്തിറങ്ങി. ബാത്‌റൂമിൽ പോകാനുള്ളവർ അവിടേക്കും അല്ലാത്തവർ ചായക്കും പുകവലിക്കാനുള്ളവർ അങ്ങോട്ടും.പുകവലി ശീലമുള്ള ഭർത്താവിനോടൊപ്പം അല്പം മാറി ഞാനും നിന്നു. അപ്പോൾ ഒരു പ്രത്യേകതയുള്ള പ്രണയം നിറച്ച, മോഹങ്ങൾ മുളപൊട്ടുന്ന തണുത്തകാറ്റ് വീശി ....... ശരിക്കും ഇഷ്ടായി  ആ കാറ്റ്. ഷാൾ പുതച്ചു നിന്നിട്ടും കാറ്റിന്റെ തണുപ്പ് ഉള്ളിലേക്ക് കയറും പോലെ... എന്ത് സുഖമുള്ള കാറ്റ്.... !
 രാത്രിയുടെ നിശബ്ദതയിൽ ആ തണുത്തകാറ്റിന്റെ മൂളലിൽ ഒരു പതിഞ്ഞ കരച്ചിൽ ഞങ്ങളെ തേടിവന്നു. ആദ്യം കരച്ചിലായി തോന്നിയില്ല എങ്കിലും പിന്നീട് ആ കരച്ചിലിന്റെ ഉറവിടം ബസിനകത്തു തന്നെ എന്ന് മനസ്സിലാക്കി. പതിനെട്ടു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി സീറ്റിൽ കുനിഞ്ഞിരുന്നു കരയുന്നു. പെൺകുട്ടി ആയതിനാൽ ഞാനൊറ്റയ്ക് അടുത്തുപോയി നിന്നു. തലയുയർത്തി എന്നെ നോക്കി വീണ്ടും അവൾ ഏങ്ങലടിക്കാൻ തുടങ്ങി.ഞാൻ പതിയെ അടുത്തിരുന്നു വിവരം അന്വേഷിച്ചപ്പോൾ കരച്ചിലിനിടയിലും അവൾ പറഞ്ഞു " ഇനി ഏതുക്കാക നാൻ വഴറേയ്ൻ" എന്ന്. ഇനി ഞാനെന്തിന് ജീവിക്കണം എന്ന്.  ഒപ്പമുള്ളയാൾ ചായകുടിക്കാൻ പോയതാണ് എന്ന് തോന്നുന്നു. അടുത്തിരുന്നു ഞാൻ  എന്നെകൊണ്ട് കഴിയും പോലെ ആശ്വസിപ്പിച്ചു കാരണം അറിയാൻ ശ്രമിച്ചു. പക്ഷെ അവൾ ഒന്നും പറഞ്ഞില്ല.ഞാൻ തോറ്റു പിന്മാറി.  പിന്നീട് യാത്ര തുടർന്നപ്പോൾ ഞാൻ ഉറങ്ങിപ്പോയി. രാവിലെ ഏഴുമണിയോടെ മദ്രാസ് എത്തിയപ്പോൾ ആ കരഞ്ഞ കുട്ടിയേയും അയാളെയും കാണാനില്ലായിരുന്നു. അവർ വീട്ടിൽ എത്തി ദുഃഖത്തിൽ പങ്കുചേർന്നിട്ടുണ്ടാവും എന്നുഞാൻ ഊഹിച്ചു .നാലുദിവസം തമിഴ്‌നാട്ടിൽ താമസിക്കുകയും കുറെ പ്രാധാന്യമുള്ള സ്ഥലങ്ങളിൽ പോവുകയും ചെയ്തു .  ഗ്രാമങ്ങളിലൂടെ നടന്നും റോഡിലൂടെ പോകുന്ന പന്നിക്കൂട്ടങ്ങളെ ആശ്ചര്യത്തോടെ നോക്കിയും കഴിയുന്നത്ര മുല്ലപ്പൂക്കൾ ചൂടിയും ഞാൻ ആ യാത്ര ആസ്വദിച്ചു. എങ്കിലും  നിഷ്കളങ്കത പ്രതിഫലിക്കുന്ന  ആ കുട്ടിയുടെ കരയുന്ന മുഖം അപ്പോഴും എന്നിൽ കയറിവന്നിരുന്നു.  അവൾ ഒരുപാടിഷ്ടപ്പെട്ട ആരുടെയോ വിയോഗം ആവാം ആ ദുഃഖത്തിനുപിന്നിൽ എന്ന് കരുതി ഞാൻ ആശ്വസിക്കാൻ ശ്രമിച്ചു. എത്ര സന്തോഷത്തോടെ തുടങ്ങിയ യാത്രയായാലും സഹയാത്രികരുടെ ദുഃഖം നമ്മുടെ സന്തോഷത്തിനു തടസ്സം നിൽക്കും.... അതേ, നാം മനുഷ്യത്വം മരിക്കാത്തവരാണെങ്കിൽ മാത്രം .
ഞാനും ഭർത്താവും പഴയകാലസംഭവങ്ങൾ അയവിറക്കുമ്പോൾ ഇന്നും  ഈ യാത്രയും തണുത്ത കാറ്റും ആ കാറ്റിനോടൊപ്പം ഒഴുകിവന്ന തേങ്ങലും മറക്കാറില്ല........ഒരുപക്ഷെ കാരണം കിട്ടാത്ത ആ കരച്ചിൽ കൊണ്ടാവാം...
റംല.എം.ഇഖ്‌ബാൽ
*************************
കാടറിയാൻ...
ജനുവരി 12, 2019
സഹപ്രവർത്തകരോടൊപ്പം പറമ്പിക്കുളം ടൈഗർ റിസർവ് ഫോറസ്റ്റിലേക്കൊരു യാത്ര.... ആറ് മണിയോടെ ചാഞ്ചാടി ബസ്സും ഞങ്ങളും.. കുറ്റിപ്പുറത്തെത്തിയപ്പോൾ അറബി ഗഫൂർ മാഷ് സ്വന്തം വിരൽ മുറിച്ച്,ബസ്സിലേക്ക്‌ നടത്തിയ രക്താർച്ചന.... പച്ചാളം ഭാസിയുടെ നവരസങ്ങളെ വെല്ലുന്ന വേദനയുടെ പുതു ഭാവം മാഷിന്റെ മുഖത്ത്.... പാലിയേറ്റീവ് വളണ്ടിയറുടെ റോളിൽ സ്റ്റാഫ് സെക്രട്ടറി ഫുആദ് മാഷ്...കുളപ്പുള്ളിയിലെത്തിയപ്പോൾ യാത്രികർക്ക് പുതു ചൈതന്യമായി സ്വാമിജിയുടെ കടന്നുകയറ്റം...അപസ്വരങ്ങൾ കലർന്ന പാട്ടുകളുമായി വണ്ടി നീങ്ങുന്നു..ദീപ്തി,രെഞ്ജു തുടങ്ങിയ പുതുതാരങ്ങളുടെ അരങ്ങേറ്റം രാവിലെ തന്നെ.... നാട്ടിൽ പെട്രോൾ ബങ്കുകളുണ്ടായത് എത്ര നന്നായിയെന്ന് ചില മുള്ളൽ ശങ്കക്കാരുടെ ആത്മഗതം.. ഒരു പെട്രോൾ ബങ്കിൽ നിന്ന് മറ്റൊന്നിലേക്കുള്ള തീർത്ഥയാത്ര പോലെ വാഹനം മുന്നോട്ട്.... ശൗചാലയത്തിന്റെ വാതിൽ തുറക്കുന്നതും കാത്ത് തലയിൽ കൈവച്ച് നിൽക്കുന്ന അൻസാരി ഭാവത്തിന് എന്താണ് പേര്,അറിയില്ല .. റോഡരികിലെ തട്ടുകടയിൽ നിന്ന് ബൊഫേ സ്റ്റെലിൽ പ്രാതൽ..ഇഡ്ഢലിയും വടയും .. പുതു ഭക്ഷണ സംസ്കാരം പകർന്ന ക്ഷമ, വട കിട്ടാക്കനിയാക്കി ...
        പ്രാതലിനൊടുവിൽ, ഇരമ്പലോടെ വാഹനം മുന്നോട്ട്.. സംഗീതത്തിന്റെ അപശ്രുതിക്ക് വിരാമമിട്ട് സുകുമാരൻ മാഷിന്റെ  ഗൃഹാതുരതയുണർത്തുന്ന പഴയ പാട്ടുകൾ .. എല്ലാ ഇളനീർ യാത്രകളുടെയും ഹൃദ്യത സുകുമാരൻ മാഷിന്റെ പാട്ടിനൊപ്പം കൂടലും താളം പിടിക്കലുമായിരുന്നു എന്ന് ഹൃദയം മന്ത്രിക്കുന്നു .. പാട്ടു വഴിയിലെ പുതു അരങ്ങേറ്റങ്ങൾ...ബിന്ധ്യ ടീച്ചറുടെ സംഗീതാർച്ചന പലർക്കും പ്രചോദനമായി... പാട്ടുകൾ വഴിഞ്ഞൊഴുകി.. പാട്ടിൽ പ്രതീക്ഷയുടെ പുതുനാമ്പുകളായി ഹർഷ ടീച്ചറും ഷാഹിന ടീച്ചറുടെ മകളും.. ഇടക്കിടെ ഫുആദ് മാഷിന്റെ ഇടക്കാലാശ്വാസ വിതരണം... അൻസാരി മാഷിന്റെ നേതൃത്വത്തിലുള്ള പഴയ ടൂറുകളിൽ പലഹാരങ്ങളുടെ ആദ്യ ടെസ്റ്റർ ഞാനായിരുന്നെങ്കിൽ,ഇപ്പോൾ ഓരോ കവറിന്റെയും നെല്ലിപ്പലക വരെ മാന്താൻ സക്കരിയ പിലാലിശ്ശേരി എന്ന പുതു യൗവ്വനം.. ബാറ്റൺ,ഏറെ സന്തോഷത്തോടെ സക്കരിയ ക്ക് കൈമാറുന്നു.. ബദറുദ്ദീൻ മാഷിന്റെ നോമ്പുതുറ സൽക്കാരത്തിന് പൊറോട്ടയും പത്തിരിയും തീർത്ത് തീർത്ത് പ്ലേറ്റുകൾ അട്ടിയിട്ടതിനൊടുവിൽ, വീണ്ടും ചോദിച്ചപ്പോൾ വിളമ്പന്മാർ അന്തം വിട്ട് മുങ്ങിയത് ഇപ്പോൾ ഓർമയിൽ നിറയുന്നു. സംഗീതാറാട്ടിലൊഴുകിയൊഴുകി നട്ടുച്ചയിൽ വാഹനം തമിഴ്നാട്ടിലൂടെ ... കേരളത്തിലെ പറമ്പിക്കുളം വനമേഖല പൂകാൻ തമിഴിലൂടെ യാത്ര വേണമെന്ന പുത്തൻ അറിവ് പകർന്ന വിസ്മയത്തിനിടയിൽ ടൈഗർ റിസർവ് ഗേറ്റ് മുന്നിൽ..
           ഗേറ്റിനു മുന്നിൽ ഉച്ചഭക്ഷണം..നെയ്ച്ചോറും 'ചിക്കനോ ബീഫോ എന്ന് വർണ്യത്തിലാശങ്ക' ജനിപ്പിച്ച കറിയും കൂട്ടി വീണ്ടും ബൊഫേ സ്റ്റൈലിൽ.. പുൽത്തകിടിയിൽ അൻസാരി മാഷിന്റെ നേതൃത്വത്തിൽ മധ്യാഹ്ന പ്രാർത്ഥന.. കാട്ടിലേക്ക് പോകാനുള്ള ബസ്സിന്റെ കാര്യത്തിൽ ചില അനിശ്ചിതത്വങ്ങൾ ..ഒടുവിൽ, സ്വന്തം വാഹനത്തിൽ തന്നെ തട്ടിത്തടഞ്ഞ് യാത്ര.. നാലാം ക്ലാസുകാരനായ ഗൈഡിന്റെ നിഷ്കളങ്കമായ വിവരണങ്ങൾക്കൊപ്പം പുള്ളിമാൻ,കാട്ടുപോത്ത്, മയിൽ, മലയണ്ണാൻ, കരിങ്കുരങ്ങ് തുടങ്ങിയവയെ അഴികൾക്കുള്ളിലല്ലാതെ കാണുന്നതിന്റെ കൗതുകവും ഹൃദ്യതയും.. തമിഴ്നാട് കവർന്നുകൊണ്ടു പോയ വന സമ്പത്തുക്കളെ പറ്റിയുള്ള ഗൈഡിന്റെ പരാമർശങ്ങൾ ഉള്ളിലെവിടെയൊക്കെയോ നീറ്റലുണ്ടാക്കുന്നു.. കാട്ടിനിടയിൽ പലവുരു ഡാം സൈറ്റുകൾ ..ഫോട്ടോയെടുപ്പ് .. ബസ് നിർത്തി ഇറങ്ങി സെൽഫിയെടുത്ത് വീണ്ടും കയറി നീങ്ങുന്ന പോക്ക് ഇതൊരു സെൽഫി ബസ്സ് യാത്ര മാത്രമോ എന്ന് പലപ്പോഴും തോന്നിച്ചു ..ഒരു ടൈഗറിനെയെങ്കിലും കാണാനായെങ്കിൽ എന്ന വ്യാമോഹം പലരുടെയും മുഖത്ത്..സമയത്തിന്റെ കുഴപ്പമാണെന്ന് ഗൈഡ്..ഇടവിട്ടു മാത്രം കാണുന്ന മരങ്ങൾക്കിടയിലൂടെ നീങ്ങുമ്പോൾ കാടെവിടെ എന്ന് മനസ്സ് ചിലയ്ക്കുന്നു .. "കാടായി നിന്ന കാവിന്റെ സ്ഥാനത്ത് ഇപ്പോൾ നാലോ അഞ്ചോ മരങ്ങൾ മാത്രം..." തവളയുടെ നാവിലൂടെ, രണ്ട് മത്സ്യങ്ങൾ എന്ന കഥയിലൂടെ അംബികാസുതൻ മാങ്ങാടിന്റെ മറുപടി..
           ഇടക്കെപ്പോഴോ,ബിന്ധ്യ ടീച്ചറുടെ മരം കയറ്റമെന്ന വീര സാഹസികതയ്ക്ക് സാക്ഷ്യം വഹിച്ച് കാടും ഞങ്ങളും...പരിസരം മൂടി കെട്ടിയ പോലെ ... വനദേവതപോലും ടീച്ചറെങ്ങാനും വീണു പോവുമോ എന്ന് പേടിച്ച് കൺചിമ്മി..
       മൂന്ന് മണിക്കൂർ നീണ്ട, ആക്ഷാംക്ഷയുടെ മുൾമുന നോട്ടങ്ങൾക്കും, ടൈഗറിനെ കാണാനുള്ള പ്രതീക്ഷയ്ക്കുമൊടുവിൽ, പകരം കാട്ടുപോത്തുകളെയും മാൻ കൂട്ടങ്ങളെയും കണ്ട് ഫോട്ടോ യാത്രയുടെ തിരിച്ചുകയറ്റം.. സന്ധ്യയ്ക്ക് പെട്രോൾ ബങ്കിനു പകരം, ഒരു മുസ്ലിം പള്ളി കാര്യസാധ്യത്തിന് കണ്ടെത്താനായതിന്റെ ആശ്വാസം പലരിലും.. തൊട്ടടുത്ത കടയിലെ മസാലക്കട്ടൻ ചായ തണുപ്പിന് ഇത്തിരി ആശ്വാസമേകി..
          കാട് കടന്നപ്പോൾ, ബസ്സുണർന്നു .. മനസ്സുണർന്നു... ഡാൻസും പാട്ടും മുറുകി.. പാട്ടിന്റെ അപശ്രുതിക്ക് പരിഹാരമായി റാഷിദ് മാഷിന്റെ ദയനീയമായി തോറ്റ പെൻഡ്രൈവ് പരീക്ഷണം.. ബസ്സിലെ പാട്ട് തന്നെ ശരണം എന്ന തിരിച്ചറിവ് .. ഡാൻസിൽ പുതു താരോദയങ്ങൾ .. ഷബീർ മാഷിന്റെ പ്രോത്സാഹനങ്ങൾ .. ആമിന, ഹർഷ തുടങ്ങിയവരുടെ തകർത്താട്ടം..ഷഫീഖ് മാഷിന്റെ ഡാൻസ് കാണാനായതിന്റെ സന്തോഷം... കലാശക്കളിക്കായി എല്ലാ ചമ്മലുകാരുമുണർന്നത് ഗംഭീരമായി..യാത്ര പകർന്നതെന്ത് എന്ന വിലയിരുത്തൽ.. അടുത്ത ടൂറിലെങ്കിലും പോരായ്മകൾ പരിഹരിക്കപ്പെടണം എന്ന വ്യാമോഹങ്ങൾ .. റാഷിദ് മാഷിന്റെ കുടവയർ ഡാൻസ് പകരുന്ന നവോന്മേഷം.... അത് ,അൽ ഫാം കൂടുതലടിക്കാനുള്ള വയറൊരുക്കമായിരുന്നു എന്ന തിരിച്ചറിവ്... പാട്ടിൽ പുതിയ പരീക്ഷണങ്ങളുമായി മുന്നോട്ട് ...
       ഒറ്റപ്പാലത്ത് യാത്രികരെ സ്വീകരിച്ചത്,പൊറോട്ടയും കുബ്ബൂസും അൽഫാമും പിന്നെ നേപ്പാളീസ് തരുണികളും.. ഭോജനശാലയിൽ യഥാർത്ഥ പടയോട്ടം...വെട്ടിയിട്ട കാട്ടുമരങ്ങൾ പോലെ മേശപ്പുറത്ത് കുമിഞ്ഞു കൂടിയ കുക്കുടാസ്ഥി ഖണ്ഡങ്ങൾ.... തലയോട്ടികൾ.. മത്സരത്തിനൊടുവിൽ പിന്നെയും ബസ്സിലേക്ക്..വിലയിരുത്തലുകളും ചിലരുടെ ഉറക്കം തൂങ്ങലുകൾക്കുമിടയിൽ പാട്ടും ഡാൻസുമായി മുന്നോട്ട്...കുളപ്പുള്ളിയിൽ ഗുരുജിയുടെ തിരിച്ചിറക്കം..... യാത്ര,യാത്ര പിന്നെയും യാത്ര... അതായിരുന്നു സത്യം... ആരും പറയാതെ പറഞ്ഞ സത്യം... എങ്കിലും, കുറ്റമറ്റ ഒരു യാത്ര സംഘടിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ ഒരു ദൗത്യമാണെന്ന് സ്ഥിരം യാത്രികൻ എന്ന നിലയിൽ തിരിച്ചറിയുന്നു.. പോരായ്മകളെ ഉൾക്കൊള്ളുന്നു... സംഘാടകർ വിശദീകരിച്ച കാരണങ്ങളുടെ സത്യസന്ധതയും തിരിച്ചറിയുന്നു..വിമർശനങ്ങളെ അതിജീവിച്ചതും ഏറെ ശ്ലാഘനീയം.. ഒടുവിൽ അർധരാത്രിയിലെ തണുപ്പിൽ ബസ്സ് സ്കൂളിനു മുന്നിൽ .. ഈ നേതൃത്വത്തിനു കീഴിൽ തന്നെ,അടുത്ത വർഷം കെങ്കേമമാക്കണം എന്ന പ്രതിജ്ഞയിൽ,നിറമുളള ഓർമകൾ മനസ്സിലൊളിപ്പിച്ച് സ്വന്തം ഗൃഹാതുരതകളിലേക്ക്.... ജീവിത വിഴുപ്പുകളിലേക്ക് ...
വെട്ടം ഗഫൂർ
*************************
കാക്കയും ക്ലോക്കും
ക്ലോക്കുകളും കാക്കകളും
എല്ലാ വീട്ടിലും
ഉണ്ടായിരുന്നത്രെ !
ക്ലോക്ക് ചുമരിൽ ഉണ്ട്
പക്ഷേ
എന്റെ  സമയങ്ങൾ
ഫോണിലാണ്
കാക്കകൾ
അയക്കോലിൽ ഇരിപ്പുണ്ട്
പക്ഷേ
എന്റെ നോട്ടങ്ങൾ
അനിമൽ പ്ലാനറ്റിലാണ്
കറുപ്പ്
ചാരനിറത്തിലലിഞ്ഞ്
അവ രണ്ടും
സമയ തീരം തേടുന്നു
വേലപ്പറമ്പിലെ
ആൽമരം പോലെ
അവിടെയുണ്ടവ_
ഏവർക്കുമറിയാം
കൊട്ടിക്കയറി ഒടുവിൽ
കൊടിയിറങ്ങുമ്പോൾ
വെറുതെ തിരിഞ്ഞു നോക്കാൻ
ചാരുകസേരയിൽ
വിരുന്നു വിളി കേട്ട്
ആരുടെയെങ്കിലും
വരവിന്
പ്രത്യാശിക്കുവാൻ
ഊണിനു സമയമായി
എന്നോർമ്മിപ്പിക്കാൻ-
സെക്കൻഡ് സൂചികളും,
ഉറങ്ങാറായി
എന്നോർമിപ്പിക്കാൻ
കാക്കകളും....
ശാന്തി പാട്ടത്തിൽ
*************************
കടൽക്കോള്
ഒരു ഉറക്കത്തിനോ ഉണർവ്വിനോ
ഇടയിലേക്ക് ഒരു കടൽക്കോള്
പാഞ്ഞു വരും.
പാതിവെന്ത ഉടലുമായി വിറ
പൂണ്ടു നിൽക്കുന്ന അവൾ
ഭൂപടത്തിൽ നിന്ന് കടലിലേക്ക്
ഇറങ്ങി നടക്കും.
കടിഞ്ഞാണില്ലാത്ത ഭ്രാന്തൻ കുതിരയെപ്പോലെ തിരമാലകൾ വാനോളമുയർന്ന്.
നാക്ക് നീട്ടി സർവ്വവും നക്കിത്തു
ടക്കും.
മാമലകൾ ഹൃദയംപിളർന്നുകരയും
പറവകൾ അന്യമാക്കപ്പെട്ട
ഒരാകാശം കറുത്തിരുണ്ട ഒറ്റ ഗോളമായി
ചുരുങ്ങി കടലിൽ ചെന്ന്
അസ്തമിക്കും.
കടൽ അലറിപ്പാഞ്ഞ് ഓരോ വാതിലിലും
ചെന്ന് മുട്ടി വിളിക്കും.
കരയെ ഭോഗിച്ച കടലിന്റെ കിതപ്പിൽ വാതിലുകൾ തുറക്കപ്പെടും.
പിടച്ചിലുകളും നിലവിളികളും
തിരമാലകൾക്ക് അകമ്പടി പോകും.
ഉടലുകൾ ഓളപ്പരപ്പിൽ നീന്തിത്തുടിക്കും
മരിച്ചവന്റെ കണ്ണാഴങ്ങളിൽ പരൽ
മീനുകൾ മലർന്നു കിടന്നു വെയിൽ കായും
മരണം മൺതരികൾക്കിടയിൽ ഒളിപ്പിച്ച്
കടൽ കരയെടുത്ത് ഇറങ്ങിപ്പോകും
എന്റെ നഗ്നതയ്ക്ക് വില പറഞ്ഞുറപ്പിച്ച്‌
വാണിഭക്കരാറിൽ
ഉടമ്പടി വയ്ക്കുമ്പോൾ നീ പിഴുതെറിയുന്നത്
ജീവിക്കാൻ പെടാപ്പാടുപെടുന്നവന്റെ
കണ്ണിലാളുന്ന സ്വപ്നങ്ങളെ മാത്രമല്ല
ഒരു ദേശത്തിന്റെ ഒരു ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ കൂടിയാണ്.
നിമ്മി പ്രകാശ്
*************************
കണ്ണാടി പ്രതിഷ്ഠ.
തിരിച്ചറിവിന്റെ ഉദാരതയിൽ
അഭിമുഖമായി വെച്ച രണ്ടു കണ്ണാടി മനസ്സുകൾ..
ദൃശ്യസംവാദത്തിന്റെ അനന്ത സാധ്യതകൾ
അതു സാധ്യമാക്കുന്നു...!!
ഞാൻ (നാം) അത് കണ്ടു കൊണ്ടേയിരിക്കുന്നു...!!!
ബാബു മണ്ടൂർ
*************************
ഇനി രണ്ട് കഥകളാകാം..👇🏻
*************************
ഞാന്‍ എന്നെ പ്രദര്‍ശിപ്പിക്കുന്ന വിധം
 ഇലകൊഴിഞ്ഞ വൃക്ഷത്തിന്റെ തുന്‍ചാണിക്കൊമ്പത്തു നിന്നുമൊന്ന്,
ഇരമ്പിയാര്‍ക്കുന്ന കടലിന്‍റെ തിരയില്‍ തൂങ്ങിയൊരെണ്ണം,
ചിന്നംവിളിച്ചാര്‍ക്കുന്ന കൊമ്പന്‍റെ കൊമ്പത്തു കയറിയൊരെണ്ണം,
ഇരതേടിയലയുന്ന കടുവയുടെ അണ്ണാക്കില്‍ ഇക്കിളിയിട്ടൊരെണ്ണം,
കൂട്ടിലടച്ച കിളിയുടെ ചിറകില്‍ തൂങ്ങിയൊരെണ്ണം,
ടയറിനടിയില്‍  പ്രാണ ഗതിയ്ക്കു പിടയ്ക്കുന്നവന്‍റെ വെപ്രാളത്തിനൊപ്പമൊരെണ്ണം,
ചീറിവരുന്ന ചീറ്റയുടെ ചീറ്റലി നൊപ്പമൊരെണ്ണം,
തേച്ചിട്ടുപൊയ കാമിനിയ്ക്കൊപ്പമൊരെണ്ണം,പൊട്ടിച്ചിരിയോടെ.
തേയ്ക്കാന്‍ പോകുന്ന കാമുകിയ്ക്കൊപ്പമൊരെണ്ണം,കെട്ടിപ്പിടിയോടെ,
രാവില്‍ നക്ഷത്രത്തിന്‍റെ വക്കില്‍ പിടിച്ചൊരെണ്ണം,
പകലില്‍ സൂര്യന്‍റെ സ്വര്‍ണ്ണനൂലില്‍ പിടിച്ചൊരെണ്ണം,
നീലമേഘത്തിന്‍റെ പഞ്ഞിക്കെട്ടില്‍ പിടിച്ചൊരെണ്ണം ,
എഴുപതുനിലമുകളില്‍ നിന്നും  താഴേയ്ക്കു ചിറകു വിടര്‍ത്തിക്കൊണ്ടൊരെണ്ണം,
ചത്തവനൊപ്പം ചാഞ്ഞു കിടന്നുകൊണ്ടൊരെണ്ണം,
പിറന്നമേനിയില്‍ രണ്ടെണ്ണം,മുകളില്‍ നിന്നും താഴേയ്ക്കൊന്ന്, താഴെനിന്നും മുകളിലേയ്ക്കൊന്ന്,
കളഞ്ഞ അപ്പനൊപ്പമൊന്ന്,അടുത്തയാഴ്ച കളയാന്‍ പോകുന്ന അമ്മയ്ക്കൊപ്പമൊന്ന്,
ഞാന്‍ എനിക്കൊപ്പം നിന്നുകൊണ്ടൊരെണ്ണം,
എല്ലാം അപ്പപ്പോള്‍ പോസ്റ്റി...എല്ലാം വയറില്‍,സോറി വൈറല്‍.
ഒടുവിലായി ഇറക്കത്തുനിന്നെടുക്കുന്നവന്‍റെ ഇളിയില്‍ പിടിച്ചൊരെണ്ണം, പിടിവഴുതി താഴെകീഴ്ക്കാം തൂക്കിലേയ്ക്കു പറക്കവേയൊരെണ്ണം,താഴെ പതിയ്ക്കവേയൊരെണ്ണം പിടച്ചിലോടെ,ശ്ശൊ ശേഷം എടുക്കാന്‍ കഴിഞ്ഞില്ല.
സാരമില്ല,അത് മറ്റാരോ എടുക്കുന്നുണ്ട്.പോസ്റ്റുന്നുണ്ട്,വൈറല്‍ ആകുന്നുണ്ട്.
ഷജിബുദ്ദീൻ.ബി
*************************
ഞാൻ
വാക്കുകളാല്‍  ഞാന്‍ എഴുതിയതൊക്കെയും എന്നെ
സ്വപ്നങ്ങളില്‍ കാത്തു വച്ചതും എന്നെ
വരച്ചിട്ട ചിത്രങ്ങളിലും എന്റെ മുഖമായിരുന്നു
എനിക്ക് ഞാൻ മാത്രമായി എന്നും..
കാലിലെ ചങ്ങല കിലുക്കത്തിനെന്നും താളമുണ്ടായിരുന്നു
മനസ്സിനില്ലാതെ പോയതും അതാണ്..
കടിഞ്ഞാണില്ലാതെ ചിന്തകളശ്വമേധം നടത്തുമ്പോൾ
എന്നെ വിഴുങ്ങുന്ന ഇരുട്ടിൽ ഞാനലറിച്ചിരിച്ചു...
ചില്ലിട്ട ചിത്രങ്ങളിലിരുന്ന് ദൈവവും...
വാക്കുകൾ കീറിമുറിച്ച ഹൃദയം രക്തം ചീറ്റുന്നു
സിരകളിലഗ്നി പടർത്തുമാ ചോരയ്ക്ക് പനിനീർമണം.
ഇരുട്ടിൽ തല തല്ലിയാർക്കുന്നു പിതൃക്കൾ മോക്ഷത്തിനായ്
നരകത്തീയിലുരുകുന്നൊരെനിക്കെന്നു മോക്ഷം..
തുറന്നിട്ട ജനാലയ്ക്കുമപ്പുറം ലോകമുണ്ട്...
സ്നേഹത്തിന്നപ്പക്കഷ്ണം കാട്ടിയാരോ ക്ഷണിക്കുന്നുമുണ്ട്
വരില്ലാ..പൊയ്ക്കോൾക ..ഇത് ഞാൻ തീർത്ത തടവറ
നീട്ടിയ കൈകളെ തട്ടിയെറിഞ്ഞാർത്ത് ചിരിച്ചു ഞാൻ....
ചുമരിൽ കോറിയിട്ട കരിക്കട്ടച്ചിത്രങ്ങൾ കൈ ചൂണ്ടി..
നിലത്തെ മണലിൽ അക്ഷരങ്ങളാർത്തട്ടഹസിച്ചു
ഇരുട്ടിൻ ഭയാനതയിൽ താളമിട്ട് കാറ്റും പറഞ്ഞു
ഭ്രാന്ത്....നിനക്ക് ഭ്രാന്താണ്....കടുത്ത ഭ്രാന്ത്...
ദിക്കുകൾ പൊട്ടുമാറലറി ഞാൻ...ഇല്ലാ...
എല്ലാം മനസ്സിലാവുന്നുവല്ലോ എനിക്ക്...എല്ലാരെയും...
പിന്നെങ്ങനെയെനിക്ക് ഭ്രാന്താവും....
നുണ പറയരുതെന്നോട് നിങ്ങൾ....
അല്ലാ....
എനിക്ക് മനസ്സില്ലാവാത്തതായ് ഒന്നുണ്ട്
ഞാൻ...എന്നെ...
ചങ്ങല സമ്മാനിച്ച നീരൊലിക്കുന്ന വൃണത്തിൽ
വിരലിട്ടു കുത്തിയിളക്കി ഞാൻ ചോദിച്ചു കൊണ്ടേയിരുന്നു....
ഞാൻ...ഞാനാരാണ്...
കാലം എന്നെ കാണാത്ത ഭാവേനെ കടന്നു പോകുമ്പോഴും
എന്നിലേതോ ചായങ്ങൾ വാരി തേയ്ക്കുമ്പോഴും
ഞാൻ ചോദിച്ചു കൊണ്ടേയിരുന്നു...
ഞാൻ.....ഞാനാരാണ്.....?
ലിജി ഫ്രാൻസിസ്
*************************
ആ പിൻ കോഡ്
ഓർമ്മയുടെ പിൻകോഡ്
നിരന്തരം
തെറ്റിയെഴുതപ്പെടുന്ന
പഴമയുടെ,
ചെമ്പക മണങ്ങൾ,
കമ്മ്യൂണിസ്റ്റ് പച്ചകളുടെ
മുറിഞ്ഞ മേൽവിലാസത്തിൽ
ഇലനീരിന്റെ
നീറ്റമൊലിച്ചിറങ്ങുന്നു,
ഇടവഴികളിലൂടെ നടന്നു പോവുന്ന
ഓക്സിജൻ മാസ്ക്ക് വച്ച
സ്വപ്നങ്ങൾ,
തീവണ്ടിയിൽ വന്നിറങ്ങുന്ന
നീയെന്ന പോലത്തെ
പഴയ ഗ്രാമം,
ഒരു പോസ്റ്റ് ബോക്സ് മാത്രം
ചുവപ്പു മായാതെ
ചുണ്ടു പിളർത്തുന്നു,
നീ ,പകുതി എഴുതിയ
ഒടുവിലത്തെ
കത്തു പോലെ,
ഒരിക്കലുമെത്താത്ത
ഒരു ദേശത്തിന്റെ
തെറ്റിപ്പോയ
പിൻകോഡായി.
ഇന്നും തുടരുകയാണ്
ദേവി.കെ.എസ്
*************************
വിഷാദം
വിഷാദം,
ഒരു മഞ്ഞുകാലമാണ്.
ഹൃദയകോണുകളെല്ലാം
ആളൊഴിഞ്ഞ് കിടക്കും .
ഇലകൊഴിഞ്ഞ ചില്ലകളിൽ
മേഘങ്ങളില്ലാതെ
ആകാശം ചത്തു കിടക്കും .
ഒരുമിച്ചിരുന്ന പാർക്ക് ബഞ്ചുകളിൽ
ഒരു ഒറ്റക്കുരങ്ങനിരുന്ന്
പല്ലിളിച്ച് കാണിക്കും .
കാറ്റ്
പുൽമേടുകളിൽ വന്ന്
പിണങ്ങി നിൽക്കും
ഒരു വൃദ്ധമദാമ്മ
തടാകക്കരയിൽ
ഒറ്റയ്ക്ക് വന്നുനിന്ന്
ഉച്ചത്തിൽ
ആത്മഗതങ്ങൾ പറയും
ഒരുപാടകലെക്കൂടി
കുറേ കിളികൾ
ചിലച്ച് ചിലച്ച്
പറന്നുപോകും.
അക്കരെ കാട്ടിൽ
ഒരൊറ്റ വേഴാമ്പൽ
ആരെയോ വഴക്ക് പറയും
തടാകത്തിന് മീതെ
കോടമഞ്ഞ്
ഘനീഭവിക്കുന്നുണ്ടാവും ,
ഹൃദയത്തിൽ
വേദനകൾ പോലെ......
ലാലു .കെ .ആർ
*************************
ആത്മഹത്യ ചെയ്തവന്റെ നെഞ്ചിൽ റീത്തുകളരുത്
നീട്ടിയ കൈ നോക്കി പ്രാരാബ്ധം വിളമ്പിയ സുഹൃത്തും ---
സഹായം എങ്ങാനും ചോദിച്ചാലോ എന്ന് ഭയന്ന് --
പുറത്തേക്ക് പോകാൻ ധ്രുതിവച്ച ബന്ധുവും..
ആരാധന നടിച്ചു അടുത്തു കൂടി നിന്നവരും..
കണ്ടിട്ട് കാണാത്ത മട്ടിൽ ഒഴിഞ്ഞു പോയവരും --
പിരിവെടുത്തു വാങ്ങി വച്ച റീത്തുകൾ ----
തട്ടിയെറിയാൻ മരണപ്പെട്ടവനാവില്ല !!
അതിനാൽ ആത്മഹത്യ ചെയ്തവന്റെ നെഞ്ചിൽ
റീത്തുകൾ അരുത് -------------------
കിനാവിന്റെ ഒളിയിടങ്ങളിൽ --
നിന്നെ കാത്തു കാത്തു ഇരുന്നതാണെന്നും --
കണ്ടപ്പോ തിരിഞ്ഞു നിന്നത് ---
കുറുമ്പ് കാണിച്ചതല്ലേ എന്നും --
വാക്കുകൾ കൊണ്ട് നോവിച്ചത് --
നിന്റെ ദേഷ്യം കാണാനെന്നും ഉള്ള --
പ്രണയനാടകങ്ങൾ പാടില്ല --
കുറഞ്ഞ പക്ഷം അവനറിയാനാവും ..
നിന്റെ നാട്യവും നടനവും .....
ഒരുമിച്ചു കടന്നു പോന്ന വഴികളും ..
പങ്കുവച്ച മൊഴിയും .....
എന്നോടൊരുവാക്ക് പറഞ്ഞിരുന്നെങ്കിൽ ?
ഞാൻ നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ --
എന്നവിടെ നിന്ന് പുലമ്പരുത് ---
മരിച്ചവന്റെ കർണം ബധിരമാണെന്ന് --
ഉറപ്പിച്ചു പറയാൻ ആവില്ല !!
അവൻ കണക്കുകൾ പറയാൻ തുടങ്ങിയാൽ
ഒരുവേള ------
അന്നേ ഞാൻ പറഞ്ഞതാണെന്ന് --
മുൻകൂട്ടി അറിഞ്ഞതാണെന്ന് ---
അങ്ങനെ ചെയ്‌താൽ മതിയായിരുന്നെന്ന് --
ഉപദേശിച്ചതിന്റെ ഊറ്റം കൊള്ളൽ വേണ്ടാ --
ജീവിച്ചിരുന്നപ്പോഴും നിങ്ങൾ ഉപദേശം --
ഊട്ടിയതിന്റെ അജീർണം ---------
ആവോളം അനുഭവിച്ചവനാണ് അവൻ ---
ഇനി ഒരു പക്ഷെ അവനതു ക്ഷമിചെന്നു വരില്ല --
തലയ്ക്കൽ വിളക്ക് വേണ്ടാ --
നെഞ്ചിന്റെ ഭാഗം മൂടുകയും വേണ്ടാ --
പ്രിയപ്പെട്ടവരുടെ കണ്ണുനീരു വീണു
പൊള്ളൽ ഉണ്ടാവേണ്ട ഇടമാണ് നെഞ്ച് --
മനസിലെ കടപ്പാടുകൾ കരഞ്ഞവസാനിപ്പിക്കാൻ --
അവർക്കുള്ള അവസരങ്ങൾനിഷേധിക്കരുത് .
മന്ത്രവാദിയെയും പുരോഹിതരെയും
ശരീരം തൊടാൻ അനുവദിക്കരുത് --
ഇല്ലാത്തതൊന്നിന്റെ കള്ളക്കഥകൾ പറഞ്ഞു --
ജീവിതത്തിൽ മയക്കത്തിന്റെ മാറാല ചാർത്തിയത് --
മരിച്ചശേഷമാണ് ജീവിതമെന്ന ....
വലിയ കളവിൽ ജീവിതം നിഷേധിച്ചത് ....
അവർ തന്നെ ആണ് --
പകരം ഒരു അറവുകാരനെ വരുത്തണം --
വെട്ടി തുണ്ടമാക്കി കാക്കയ്ക്കും കഴുകിനും നല്കണം --
ആണ്ടോടാണ്ട് നടക്കുന്ന ആഘോഷമോ -
മരിച്ചാൽ ഉടനെ മഹാനാക്കുന്ന ഏർപ്പാടുകളോ വേണ്ട --
മറന്നേക്കണം --
ഉറുമ്പ് മുതൽ തിമിംഗലം വരെ
മരിച്ചു പോയിട്ടുണ്ടല്ലോ ഒരുപാട് ----
അതുപോലെ മറന്നേക്കണം !!
ഒരു അറവുകാരനെ വരുത്തണം --
വെട്ടി തുണ്ടമാക്കി കാക്കയ്ക്കും കഴുകിനും നല്കണം --
എന്നിട്ട് അങ്ങ് മറന്നേക്കണം --
അജിത്ത്.ആർ
*************************
ഓരോ
കവിത
എഴുതിക്കഴിയുമ്പോഴും
മഴ വന്ന്
അവസാനത്തെ വാക്കിന്റെ
വാതിലിൽ മുട്ടും
ഒരു തുള്ളിയെങ്കിലും
തിരിച്ചു തരൂ എന്ന്
കണ്ണീരൊഴുക്കും
വരികളുടെ
തിരശീല നീക്കി
കാറ്റ് പതുങ്ങി വരും
പറിച്ചെടുത്ത്
വിരഹവാക്കിൽ വിതറിയ
ഒരു തൂവലെങ്കിലും
മടക്കി വാങ്ങാൻ
കടൽ
ബിംബങ്ങളിലേക്ക്
ഇരച്ചു കയറും
അലയടിക്കാനാവാതെ
പിടയുന്ന
ഒരു തിരയെയെങ്കിലും
പിടിച്ചോണ്ട്  പോകാൻ
പ്രണയം വന്ന്
വാക്കുകൾക്കിടയിലെ
മൗനത്തിന്റെ
മുറിവിൽ തൊടും
ഒരു വളപ്പൊട്ടെങ്കിലും
പെറുക്കിയെടുക്കാൻ
വെയിൽ വന്ന്
കവിതയുടെ
നെഞ്ചിലെ
കനൽ തിരിച്ചു ചോദിക്കും
മടക്കി നൽകാനാകാത്ത
കടങ്ങളായിത്തീരുന്നു
ഓരോ കവിതയും .........
എം.ബഷീർ
*************************
വേരറ്റ നന്മ മരം ..
ശ്രദ്ധാഞ്ജലി..
മച്ചിഞ്ചേരി കുന്നിൻ താഴ്വരയിലെ സ്നേഹം ചാലിച്ച ആ കരുതൽ ഇനിയില്ല .. ഹൃദയം കൊണ്ട് സംസാരിച്ചിരുന്ന മഹാ മനുഷ്യൻ.. ഓരോരുത്തരെയും തൊട്ടു തടവി,സ്നേഹം കൊണ്ട് തന്റേതാക്കിയ സാമീപ്യം... സ്വന്തം രക്ത ബന്ധങ്ങളുടെ സന്തോഷ ജീവിതത്തെ അറിഞ്ഞ് ആശ്വസിക്കലാണ് സ്വന്തം തൃപ്തിയെന്ന് ബോധ്യമുണ്ടായിരുന്ന നന്മ മരം .. വിരുന്ന് ചെല്ലുന്ന ഏതെങ്കിലും ദിവസം ജീവിതത്തിരക്കുമൂലം പതിവ് സന്ദർശനം മുടക്കിയാൽ പ്രകടിപ്പിച്ചിരുന്ന പരിഭവം ഹൃദയത്തിലാവാഹിച്ച സ്നേഹത്തിന്റെ സാക്ഷ്യപത്രം.. ഒന്ന് കണ്ടാൽ, മിണ്ടിയാൽ, തൊട്ടാൽ ആത്മസായൂജ്യം അനുഭവിച്ച്‌ നിർവൃതി കൊള്ളുന്ന സ്നേഹത്തിന്റെ ഉറവ... ഇടക്ക് പ്രകടിപ്പിക്കുന്ന ശബ്ദകോലാഹലങ്ങൾ ഒറ്റപ്പെടലിന്റെ വേദനയും പഴയ പരിഗണന കിട്ടാതെ പോവുന്നതിന്റെ നൊമ്പരവുമാണെന്ന് പലരും തിരിച്ചറിഞ്ഞില്ലെന്നത് എന്റെ നീറ്റൽ.. തറവാടിന്റെ മുകളിൽ നിന്നു നോക്കിയാൽ കാണുന്ന പരന്നു കിടക്കുന്ന പച്ചപ്പായിരുന്നു ആ സ്നേഹം.. മറ്റുള്ളവരുടെ ചെറിയ ദുഃഖങ്ങളിൽ പോലും വലിയ അസ്വസ്ഥത പ്രകടിപ്പിച്ച വാത്സല്യം....ഏകാന്തവാസക്കാലത്ത് പകർന്നു നൽകിയ അയലക്കറിയുടെ രുചി ഇപ്പോഴും നാവിൽ നിറയുന്നു .. ഹൃദയം കൊണ്ട് വിളമ്പുമ്പോൾ രുചിയേറുമെന്നത് എത്ര നേര്... താൻ പറയുന്നത് മറ്റുള്ളവർ ഉൾക്കൊള്ളുന്നില്ലെങ്കിൽ,തന്നിലേക്ക് തന്നെ അടയിരുന്ന സ്നേഹപ്പക്ഷി.. മറ്റുള്ളവരുടെ സന്തോഷത്തെ തന്റേതാക്കി നിർവൃതിയാണ്ട ധ്യാനി..ബസ് കയറി,കിലോമീറ്ററുകൾ താണ്ടി ഒറ്റയ്ക്ക് കാണാനെത്തിയതും സ്നേഹ സാക്ഷ്യം..പക്ഷേ, കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ലല്ലോ. തറവാട്ടു വരാന്തയിലെ കസേരയിലിരിപ്പും ഗ്രില്ലിൽ പിടിച്ചു നിന്നുള്ള സ്നേഹപ്പുഞ്ചിരിയും ഇനിയില്ല .... തറവാടിന്റെ വേരറ്റു വീണു.ഇനി വെറും ബന്ധു ഗൃഹം മാത്രം.... ഉറ്റവരുടെ നഷ്ടം ജീവിതത്തെ എത്രമാത്രം കൊടിയ ശൂന്യതയിലാണ് നമ്മെയാഴ്ത്തിക്കളയുക.... തൊണ്ണൂറാണ്ടിന്റെ അനുഭവസമ്പത്തുമായി, ആ സ്നേഹ വടവൃക്ഷം അടർന്നു വീണു..ഇനി ഓർമകൾ മാത്രം..പക്ഷേ,കാലമേൽപിച്ച ശൂന്യതയുടെ വിടവ് ഒരിക്കലും നികത്താനാവില്ല തന്നെ.."പ്പാന്റെ കുട്ടി വരോണ്ടി ട്ടാ.." എന്ന അവസാന കാഴ്ചയിലെ വാചകം ഹൃദയത്തിൽ അലയടിക്കുന്നു.. മൗനമാർന്ന സ്വന്തം ജീവിതം കൊണ്ട് മഹാ പാഠങ്ങൾ പകർന്ന അങ്ങേക്ക് നൂറ് കോടി പ്രണാമം, ആദരാഞ്ജലി.. നിത്യശാന്തിക്കായി പ്രാർത്ഥനയോടെ, 'മോനേ' എന്ന വിളിപ്പേരിൽ നിർവൃതിയടഞ്ഞിരുന്ന ഞാൻ ...
വെട്ടം ഗഫൂർ