18-05-19


അകാലത്തിൽ പൊലിഞ്ഞ ആത്മസുഹൃത്ത് അൻസാരിമാഷിന്റെ ഓർമ്മകൾക്ക് മുമ്പിൽ അക്ഷരപ്രണാമം
🙏🙏🙏
ഇത്,താങ്കൾക്കായി ..
ഞങ്ങളുടെ പ്രിയ സുഹൃത്ത് അൻസാരി മാസ്റ്റർ അരങ്ങൊഴിഞ്ഞു.ആലത്തിയൂർ ഹൈസ്കൂളിന്റെ ഹൃദയസ്പന്ദനം നിലച്ചു... ആത്മപ്രകാശത്തിന്റെ ആ ഇളം പുഞ്ചിരി ഇനിയില്ല.... ആ ഹസ്തദാനവും ചുമലിൽ തട്ടിയുള്ള സ്നേഹ സ്പർശവും ഇനിയില്ല.. താങ്കളെന്തിനാണ് ഞങ്ങളുടെ കരൾ പറിച്ച് ഇത്ര പെട്ടെന്ന് പൊയ്ക്കളഞ്ഞത്? ഇതിനായിരുന്നോ നന്മകൾ വാരിക്കൂട്ടാൻ താങ്കൾ വെമ്പൽ കൊണ്ടത്..??താങ്കളില്ലാത്ത സ്റ്റാഫ് റൂം, താങ്കളില്ലാത്ത സ്റ്റാഫ് മീറ്റിംഗ്, താങ്കളില്ലാത്ത സ്കൂൾ.. താങ്കളില്ലാതൊരു എസ്.ആർ.ജി... ഒന്നും ഞങ്ങൾക്ക് ചിന്തിക്കാനാവുന്നില്ലല്ലോ..!! താങ്കളില്ലാതെ ഇനിയെന്ത് വിനോദയാത്ര ..? യാത്രകൾ താങ്കൾക്ക് ഒരു ലഹരിയായിരുന്നല്ലോ.. യാത്രയുടെ യഥാർത്ഥ ചൈതന്യവും അമീറും(നേതാവ്) താങ്കളായിരുന്നില്ലേ..?സ്കൂൾ താങ്കളുടെ ജീവസ്പന്ദനമായിരുന്നില്ലേ?സ്കൂളിന്റെ സർവ്വതോന്മുഖമായ അഭിവൃദ്ധി മാത്രമായിരുന്നില്ലേ താങ്കളുടെ ചിന്തകളിൽ സദാ നിറഞ്ഞു നിന്നത്.? സ്കൂളിലെ ഓരോ കുട്ടിയും സ്വന്തമാണെന്ന കരുതലായിരുന്നില്ലേ താങ്കളുടെ പ്രവൃത്തികളിൽ നിറഞ്ഞു നിന്നത്...? മുന്നിലിരിക്കുന്ന ഓരോ കുട്ടിയും നമ്മുടെ അന്നദാതാക്കളാണെന്ന മഹത്തായ പാഠം താങ്കളല്ലേ ഞങ്ങൾക്ക് പകർന്നു തന്നത്?... പ്രാർത്ഥന താങ്കളുടെ ജീവിത ഭാവമായിരുന്നില്ലേ.? പളളി താങ്കളുടെ ഹൃദയമായിരുന്നില്ലേ..? ഇടപാടുകളിൽ താങ്കൾ പുലർത്തിയിരുന്ന കണിശത ഞങ്ങൾക്ക് എന്നും മാതൃകയായിരുന്നില്ലേ..? സ്നേഹത്തലോടലിന്റെ പാഠങ്ങൾ താങ്കളല്ലേ ഞങ്ങൾക്ക് പകർന്നു തന്നത്... കുട്ടികൾക്ക് താങ്കൾ അധ്യാപകൻ എന്നതിനേക്കാളുപരി മറ്റെന്തൊക്കെയോ ആയിരുന്നില്ലേ?ആ പുഞ്ചിരി കുട്ടികൾക്ക് എന്നും സാന്ത്വനമായിരുന്നില്ലേ..? ഇത്തവണ പത്താം ക്ലാസ് ഫലം വന്നപ്പോൾ മുഴുവൻ എ പ്ലസ് നേടിയ മിടുക്കരെ എണ്ണിത്തിട്ടപ്പെടുത്താൻ താങ്കൾക്ക് എന്തൊരു ധൃതിയായിരുന്നു...! വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ താങ്കൾക്ക് എന്തൊരു ശ്രദ്ധയും ജാഗ്രതയുമായിരുന്നു... എത്ര പതുക്കെയായിരുന്നു താങ്കളവ ഉപയോഗിച്ചിരുന്നത് ..! എന്നിട്ടും, ഒരു പരീക്ഷണത്തെ നാം ഒരുമിച്ച് നേരിട്ടില്ലേ..?അന്ന് താങ്കളുടെ മാനുഷിക ഭാവവും ക്ഷമാശീലവും കണ്ട് ഞാനമ്പരന്നു പോയില്ലേ..? എല്ലാ പ്രതിസന്ധികളേയും പുഞ്ചിരിയോടെ നേരിടണമെന്ന പാഠമല്ലേ അന്ന് താങ്കൾ പഠിപ്പിച്ചത്...!ജീവിതക്കനലുകളും സന്തോഷക്കടലുകളും ഒരുമിച്ചല്ലേ നാം താണ്ടിയത്..!!എന്നിട്ടും, ഞങ്ങളെ തനിച്ചാക്കി താങ്കൾ കാണാമറയത്തേക്ക് പോയ് മറഞ്ഞിരിക്കുന്നു... സ്നേഹത്തിന്റെ, കരുതലിന്റെ, താക്കീതിന്റെ, ശാസനകളുടെ, ആശ്വസിപ്പിക്കലിന്റെ തണലൊരുക്കാൻ ഇനി ഞങ്ങൾക്ക് ആരാണുള്ളത്?? യാത്രയുടെ ഉല്ലാസത്തിനിടയിലും  സമയമാവുമ്പോൾ ബസ്സിലെ പിറകിലെ സീറ്റിൽ പോയി ആരും ശ്രദ്ധിക്കാതെ നമസ്ക്കരിക്കാൻ ഓർമിപ്പിക്കാൻ ഇനി ആരാണുള്ളത്? പഴയ കുട്ടികളുടെ വിവാഹ ദിനങ്ങൾ മറക്കാതെ ഓർമിപ്പിക്കാൻ, കൊണ്ടു പോകാൻ ഇനി ആരാണുള്ളത്? കല്യാണങ്ങൾക്കും മറ്റ് സന്തോഷ സന്ദർഭങ്ങളിലുമെല്ലാം കൂട്ടിക്കൊണ്ടു പോകാൻ ഇനി ആരാണുള്ളത്? അത്യാവശ്യ ഘട്ടങ്ങളിൽ സഹായങ്ങൾക്കും സാന്ത്വനങ്ങൾക്കുമെല്ലാം വിളിക്കാൻ ഇനി ആരാണുള്ളത്? കുട്ടികൾക്കും ഞങ്ങൾക്കും ഒരു സ്നേഹിതന്റെ വാത്സല്യത്തണൽ പകരാൻ ഇനി ആരാണുള്ളത്..?!! എന്തെങ്കിലും ഏറ്റെടുത്ത് ചെയ്യുമ്പോൾ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ ഇനി ആരാണുള്ളത്?..ഉച്ചഭക്ഷണ വേളയിൽ സ്നേഹമൂടി തുറന്നു വെച്ച വിഭവങ്ങൾ...അതെല്ലാം ഞങ്ങളുടെ മാത്രം നഷ്ടങ്ങളാണ്.. താങ്കൾ എല്ലാം നേടിയാണ് പോയത് എന്ന് ഞങ്ങൾക്കുറപ്പുണ്ട്... മോർച്ചറിക്കു മുന്നിൽ വെച്ച് ആരോ പറഞ്ഞതുപോലെ, ഞങ്ങളുടെ നഷ്ടങ്ങൾ ബാക്കിയാക്കി താങ്കൾ എല്ലാമെല്ലാം നേടിയെടുത്തു.... ആത്മസംതൃപ്തിയുടെ സ്വർഗം താങ്കൾക്കല്ലാതെ മറ്റാർക്കുള്ളതാണ്..?! സംതൃപ്തമായ ആത്മാവേ, താങ്കൾ അതിൽ പ്രവേശിച്ച് നിർവൃതിയടയുക... അവിടെ വെച്ച് താങ്കളെ വീണ്ടും കണ്ടുമുട്ടാൻ ഞങ്ങൾ ഇനിയും ഒരുപാട് കനൽവഴികൾ താണ്ടണമല്ലോ.. താങ്കളുടെ വീടും പരിസരവും ഒരു മഹാ നഗരം പോലെ നിബിഡമാക്കിയ ജനക്കൂട്ടവും പറവണ്ണ പള്ളിയിൽ നിറഞ്ഞു കവിഞ്ഞ ജനസാഗരവുമെല്ലാം താങ്കളിലെ നന്മകളുടെ, സ്നേഹത്തിന്റെ സാക്ഷ്യപത്രമല്ലേ..?താങ്കൾക്കായി മൂന്ന് പിടി മണ്ണിന്റെ കണ്ണീർപ്പൂക്കൾ അർപ്പിച്ച്, എല്ലാ തിരക്കുകളും മറന്ന് പ്രാർത്ഥനാ മന്ത്രങ്ങളുരുവിട്ട് കണ്ണ് നിറഞ്ഞ്, അകമടങ്ങി നിന്നവർ താങ്കളോടുള്ള സ്നേഹമല്ലേ അടയാളപ്പെടുത്തിയത്?.. വയ്യ,ഈ എഴുത്തിൽ കണ്ണീരിന്റെ നനവ് പടരുന്നുവല്ലോ.. എനിക്ക് ഒന്നുമൊന്നും കാണാനാവുന്നില്ലല്ലോ.... താങ്കൾക്കു പകരം പത്താളെ കിട്ടിയാലും ആ ഒന്നിന്റെ ഞങ്ങളുടെ മാത്രം നഷ്ടം ഒരിക്കലും നികത്താനാവില്ലല്ലോ പ്രിയ സുഹൃത്തേ.. നോമ്പിലും നമസ്ക്കാരത്തിലും സാമൂഹ്യ സേവനത്തിലും ആതിഥ്യമര്യാദയിലുമൊക്കെ താങ്കൾ പുലർത്തിയിരുന്ന നിഷ്ക്കർഷ എത്ര വലുതായിരുന്നു...നോമ്പും പെരുന്നാളും കഴിഞ്ഞ് ആറ് നോമ്പ് പിടിക്കുന്നതിലും താങ്കൾ കാണിച്ചിരുന്ന താൽപര്യം ഞാൻ തൊട്ടറിഞ്ഞതല്ലേ.?? നോമ്പും തറാവീഹ് നമസ്ക്കാരവും താങ്കൾക്ക് നൽകിയിരുന്ന ആത്മാനന്ദം എത്ര വലുതായിരുന്നു ..? താങ്കളില്ലാത്ത പള്ളിയിൽ ഏകാഗ്രതയോടെ, ഹൃദയമറിഞ്ഞ് സുജൂദ്(പ്രണാമം) ചെയ്യാൻ എനിക്കാവുന്നില്ലല്ലോ ..!! ആലത്തിയൂർ പള്ളിയിലെ ഖിയാമുൽ ലൈൽ(രാത്രിയിൽ ഉറക്കമുണർന്ന് പുലർച്ചക്കു മുമ്പുള്ള നമസ്കാരം) പകരുന്ന നിർവൃതിയെ പറ്റി ഹൃദയം കൊണ്ടല്ലേ താങ്കൾ സംസാരിച്ചത്? മറ്റുള്ളവരുടെ വേദനകൾ താങ്കൾക്ക് സ്വന്തം വേദനയായിരുന്നില്ലേ.? മറ്റുള്ളവരുടെ സന്തോഷം താങ്കളുടെ സന്തോഷമായിരുന്നില്ലേ.? ഇപ്പോൾ, എല്ലാം അനുഭവിക്കാൻ ഇവിടെ ഞങ്ങൾ മാത്രം... തുടിക്കുന്ന ഹൃദയമേ,ഇനിയിപ്പോൾ അത് അംഗീകരിച്ചേ പറ്റുള്ളുവല്ലോ.. എന്റെ ഹൃദയത്തിൽ ഓർമകൾ തിങ്ങിനിറയുന്നുവെങ്കിലും ഒന്നും എഴുതാനാവുന്നില്ലല്ലോ.. എന്റെ കൈകൾ തളരുന്നുവല്ലോ.. എന്റെ ശരീരം വിറക്കുന്നുവല്ലോ.. ഭൗതിക ജീവിതമാകുന്ന കച്ചവടത്തിൽ വിജയം കൊയ്തവനേ, താങ്കളുടെ പരലോകവെളിച്ചം ഞങ്ങൾ ഉൾക്കണ്ണിൽ അറിയുന്നു.. ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ട ഞാൻ താങ്കൾക്ക്, ആത്മശാന്തി നേരുന്നു..
പ്രാർത്ഥനാപ്പൂക്കളോടെ...
*******************

ഒരു കുടന്ന വെള്ളപ്പൂക്കൾ
സുനിത ഗണേഷ്.

നോക്കു,
എന്റെ കാലുകൾ കാണുന്നില്ല.
കമ്പിവേലി കെട്ടിത്തിരിച്ച
കാടുകളിൽ
ഇത്തിരി
നനവുള്ള മണ്ണുതേടി
അവ പൊയ്ക്കഴിഞ്ഞിരിക്കുന്നു.

എന്റെ കൈകളോ!
അവയുമിപ്പോൾ
സ്ഥാനത്തില്ല.
ചില്ലു പാത്രത്തിലെ
ഉപ്പു നിറച്ച
നീലക്കടലിൽ
നീന്തൽ
പഠിക്കാൻ പോയിരിക്കുന്നു.

എന്റെയുള്ളിലേക്ക് നോക്കിയോ?
കരളും, ഹൃദയവും
ഇത്ര നേരവും അടിപിടിയായിരുന്നു.
ചിതയ്ക്ക് മേലേയമരുമ്പോൾ
തീപ്പട്ടുകുപ്പായം
പുതയ്ക്കാൻ തുടങ്ങുമ്പോൾ
ആരാദ്യം
നിന്നെ മറക്കുമെന്ന്?

അവരുമിപ്പോൾ
ഇറങ്ങിപ്പോയതേയുള്ളു.
വെന്തുപോകും മുൻപ്
ദാഹം തീർക്കാൻ
ഇത്തിരി
മധുനീർ തേടി.

നോക്കു,
എന്റെ കണ്ണുകൾ
ആ കുഴികളിൽ തന്നെയുണ്ടോ?
നീ വരുന്ന വഴിയിൽ
പാത ചുരുട്ടിച്ചുരുട്ടി,
നീളം കുറുക്കി,
അവ തളർന്നു പോയിരുന്നു.

ഒന്നും പറയാൻ തോന്നിയില്ല,
അവയും
ഇറങ്ങിപ്പോയപ്പോൾ.
ദൂരെയെങ്ങോ
ചോന്ന പൂക്കൾ
പൂവിട്ടിരിക്കുന്ന വിവരം
മൂക്ക് അവരോട് പറഞ്ഞുവത്രേ.

ഇവിടെ നോക്കു,
എന്റെ
ശിരസ്സിലെ ആഴമുള്ള
കുഴികളിലേക്ക്.
മുടി വകഞ്ഞു നീക്കി,
എന്റെ
തലച്ചോറ് ഇറങ്ങിപ്പോയത്
ആ വഴികളിലൂടെയാണ്.

അപ്പോഴും
ഞാൻ ഒന്നും പറഞ്ഞില്ല.
ഇത്തിരി ചോന്നപൂക്കൾക്കായി,
ഇത്തിരി നനവുള്ള മണ്ണിനായി,
ഇത്തിരി ലവണാമ്ശത്തിനായി,
ഇത്തിരി മധുനീരിനായി,
അവ
ഇറങ്ങിപ്പോയപ്പോൾ
ഞാൻ ഒന്നും മിണ്ടിയില്ല.

നീ വരുമെന്നോ,
എന്റെ ചിതയിലേക്ക്
ഒരു കുടന്ന
വെള്ളപ്പൂക്കൾ
അർപ്പിക്കുമെന്നോ,
അതുവരെ
കാത്തിരിക്കണമെന്നോ,
ഒന്നും ...
ഒന്നും ഞാൻ പറഞ്ഞില്ല.
*******************

ലീലാവിലാസം
ഷജിബുദീന്‍.ബി
           പി.റ്റിഎ പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ സാമൂഹികപ്രവര്‍ത്തകരുടെ ഒരു കൂട്ടം,എസ് എം സി ചെയര്‍മാന്‍റെ കാര്‍മ്മികത്വത്തില്‍ പൗരപ്രമുഖരുടെ ഒരു കൂട്ടം,ഹെഡ്മിസ്ട്രസ് ലീലടീച്ചറിന്‍റെ നേതൃത്വത്തില്‍ അധ്യാപകരുടെ മറ്റൊരു കൂട്ടം..എല്ലാവരും ബസില്‍ ഞെരുങ്ങിക്കയറി തിക്കിത്തിരക്കി ഇടം പിടിച്ചു.ഇടവഴികളും പെരുവഴികളും കടന്ന് ഓരോവീട്ടിലും അഞ്ചു പത്തു മിനിറ്റുകള്‍ മാത്രം ചെലവഴിച്ചുള്ള യാത്ര. കുട്ടിയോടും വീടരോടുമൊപ്പം ഫോട്ടോ പിടിത്തം കഴിഞ്ഞാലുടന്‍ അടുത്ത വീട്ടിലേയ്‌ക്ക്.ടീച്ചര്‍.... സാര്‍ ചായ, നാരങ്ങാവെള്ളം, പായസം, ലഡു, ഒരു  മുട്ടായിയെന്കിലും എന്നിങ്ങനെ പുറകില്‍ വിളിവന്നു മുട്ടി വിളിക്കുമ്പോഴേയ്ക്കും സ്കൂള്‍ബസ് അടുത്ത വളവ് പിന്നിട്ടിരിക്കും.മുപ്പതില്‍പ്പരം വീടുകള്‍ ഇരുട്ടും മുന്‍പ് കയറിയിറങ്ങാനുള്ളതാണ്....     

         വൈകുന്നരം അഞ്ചു മണിയോടുകൂടിയാണ് പതിനഞ്ചാമത്തെ കുട്ടിയായ അഞ്ചുവിന്‍റെ വീട്ടിലെത്തിയത്. വലിയ ഇരുമ്പുഗേറ്റു കടന്ന് വാതിലില്‍ മുട്ടി എല്ലാവരും കാത്തു നിന്നു.രണ്ടുമിനിറ്റിന്‍റെ ഇടവേളയില്‍ രണ്ടുവട്ടം കൂടി മുട്ടിയപ്പോഴാണ്  വാതില്‍ തുറക്കപ്പെട്ടത്...ഉയരമുള്ള ഒരു മനുഷ്യന്‍ അപരിചിതഭാവത്തില്‍ മുന്നില്‍...
വിടു തെറ്റിയോ...!മുറ്റത്തു നിന്ന ജനക്കൂട്ടത്തിനു സംശയം..
''അഞ്ചുവിന്‍റെ വീടല്ലെ?'' പിറ്റിഎ പ്രസിഡന്‍റ് ശീതനിശബ്ദതയെ ഭഞ്ജിച്ചു.
''അതെ. ''ഉയരമുള്ള മനുഷ്യന്‍റെ വാക്കുകള്‍ എല്ലാവരും ആശ്വാസത്തോടെ ശ്രവിച്ചു.
''അറിഞ്ഞില്ലേ? മകള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ളസുണ്ട്.''
''അറിഞ്ഞു.ഒള്ളതാണോ സാറേ.''
പുറകില്‍ അവിശ്വസനീയതയുമായി ഒരു സ്ത്രീ ശബ്ദം.അഞ്ചുവിന്‍റെ  അമ്മ.
''ഉള്ളതാണ്,സംശയിക്കണ്ട.അഞ്ചു ഇല്ലേ. ഒന്നു വിളിക്കൂ.''എസ് എംസി ചെയര്‍മാന്‍ ഇടപെട്ടു.
''റിസള്‍ട്ട് അറിഞ്ഞിടം മുതല്‍ അവള്‍ പുറത്തിറങ്ങുന്നില്ല.  കേട്ടത് സത്യമല്ലെന്നും പറഞ്ഞ് മുറി അടച്ചിരിപ്പാണ്.''
''എവിടെ? ഞാന്‍ വിളിക്കാം.'' എച്ച് എം ലീലടീച്ചര്‍ അകത്തേയ്ക്കു കയറി.കൈയ്യിലിരുന്ന റിസള്‍ട്ട് പേപ്പര്‍ നോക്കി രജിസ്റ്റര്‍ നമ്പര്‍ ഉറക്കെ വായിച്ചു... തുടര്‍ന്നു പി വണ്‍  മലയാളം ഫസ്റ്റ് എ പ്ളസ്, പി ടു മലയാളം  സെക്കന്‍റ് എ പ്ളസ്......പി ടെന്‍ ഐറ്റി എ പ്ളസ്.  ടീച്ചര്‍ വായിച്ചു നിര്‍ത്തി. അകത്തു നിന്നും അഞ്ചു ഓടി വന്ന് ലീലീച്ചറിന്‍റെ കാലില്‍ വീണു.ഒപ്പം നിലവിളിപോലെ ഒരു വാക്യവും'',ടീച്ചറേ ടീച്ചറെന്‍റെ ദൈവമാണ് ടീച്ചറെ.''
     അഞ്ചു ടീച്ചറിനൊപ്പം പുറത്തു വന്നു..
     സ്ററുഡിയോയില്‍ നിന്നും ക്ഷണിക്കപ്പെട്ട ക്യാമറാമാന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ്  അഞ്ചുവിനൊപ്പമുള്ള സെല്‍ഫി, ഹാന്‍റ്ഫോണ്‍ സെഷനായിരുന്നു.
 ''ടീച്ചറെ ഞങ്ങള്‍ക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു.''
അഞ്ചുവിന്‍റെ  അമ്മ പറഞ്ഞു.  ''
''സത്യം പറയാമല്ലൊ, ഞങ്ങള്‍ക്കും പ്രതീക്ഷയില്ലായിരുന്നു.'' സീനിയര്‍ അസിസ്റ്റന്‍റ് രമേശന്‍ സാര്‍ അമ്മയുടെ വാക്കുകള്‍ക്കൊപ്പം ചേര്‍ന്നു.
''പിന്നെയെല്ലാം ഈശ്വരന്‍റെ ലീലാവിലാസം.''
രമേശന്‍സാര്‍ അതു പറഞ്ഞ് ലീലടീച്ചറെ ഒളികണ്ണാലെ നോക്കി ചിരിച്ചു..
ഒരു സത്തയില്ലാത്ത ആഹ്ളാദം അന്തരീക്ഷത്തില്‍ തങ്ങി നിന്നു.
   അപ്രതീക്ഷിതമായി ഏവരുടേയും കാതടപ്പിച്ചുകൊണ്ട് തൊട്ടപ്പുറത്തെ വീട്ടില്‍ ഒരു ബോംബ് സ്ഫോടനം.ലീലടീച്ചര്‍ക്ക് ഒരു നേര്‍ത്ത ബോധക്ഷയമുണ്ടായി.
''അത് നമ്മുടെ കെ.കെ ബിജുവിന്‍റെ വീട്ടിലെ ആഘോഷമാ ടീച്ചറെ.അവന്‍ ജയിച്ചെന്ന് അറിഞ്ഞിടം മുതല്‍ക്കേ അവിടെ സ്ഫോടനമാ..''അഞ്ചു പറഞ്ഞു.
ബിജു .കെ.
കുട്ടികള്‍ നല്‍കിയിരിക്കുന്ന പ്രത്യേകനാമമാണ്,കെ.കെ ബിജു.കാതറ കൂതറ ബിജുവിന്‍റെ ചുരുക്കെഴുത്ത്.വിഷു കഴിഞ്ഞാല്‍ മകരസംക്രന്തി അതു കഴിഞ്ഞാല്‍ പെരുന്നാള്‍ ഇങ്ങനെ സവിശേഷദിനങ്ങളില്‍ മാത്രം എത്തുന്ന വിരുതന്‍.ബിജു ക്ളാസിലെത്തിയാല്‍ സ്കൂള്‍ പൂര്‍ണമായും ജാഗരൂകമാകും...എല്ലാ അധ്യാപരുടെയും പൂര്‍ണ്ണ ശ്രദ്ധ അവന്‍റെ പിന്നാലെ ആരിയിക്കും.അന്ന്  വൈകുന്നേരം ബിജു സ്കൂള്‍ ഗേറ്റു കടന്ന് പുറത്തു പോയാലേ ലീലടീച്ചറിന്‍റെ ശ്വാസഗതി പഴയ പടി ആകുകയുള്ളൂ. പിന്നെ ടീച്ചര്‍ ഒറ്റയിരുപ്പില്‍ തണുത്ത വെള്ളം രണ്ടു ഗ്ളാസ് കുടിച്ചു തീര്‍ക്കും. അവന്‍ പോയാലും അവന്‍റെ പ്രവൃത്തിയുടെ അലയൊലികള്‍ സ്കൂളില്‍ ദിനങ്ങളോളം നിലനില്‍ക്കും. അവന്‍ വച്ചിട്ടു പോകുന്ന  ബോംബുകള്‍   പിന്നീടുള്ള ദിവസങ്ങളിലാകും പൊട്ടുക.....
ഒടുവില്‍  സ്കൂള്‍ കൗണ്‍സലിംഗിനായി മോഹിനിടീച്ചറെ ഏല്‍പ്പിച്ചു.രണ്ടു ദിവസത്തെ കൗണ്‍സലിംഗ് കഴിഞ്ഞ് മോഹിനിടീച്ചര്‍ വന്നു പറഞ്ഞു, ''ഞാന്‍ തോറ്റു ടീച്ചര്‍. ഇന്നത്തെ  കൗണ്‍സലിംഗ് കഴിഞ്ഞപ്പോള്‍  ടീച്ചര്‍ ഇത്രേം പറഞ്ഞതല്ലേ, ഇതിരിക്കട്ടെ എന്നും പറഞ്ഞ് പോക്കറ്റില്‍ തിരുകിയിരുന്ന ചെമ്പരത്തിപ്പൂവെടുത്ത എനിക്കു തന്നു.''കൈയ്യിലിരുന്ന ചെമ്പരത്തിപ്പൂവ് മേശമേല്‍ വച്ചുകൊണ്ടു മോഹിനിടീച്ചര്‍ മോഹാലസ്യപ്പെട്ടു  പറഞ്ഞു.
''ടീച്ചര്‍ വിഷമിക്കാതെ.അവനെയും നമുക്കു വേണം.അവനെ ജയിപ്പിച്ചു നമുക്കു തോല്‍പ്പിക്കണം.'' ലീലടീച്ചര്‍ ആശ്വസിപ്പിച്ചു.
ആ കാതറ കൂതറ ബിജുവും ജയിച്ചു.
ജനസംഞ്ചയം അഞ്ചുവിന്‍റെ വീട്ടില്‍ നിന്നും  ബസിനടുത്തേയ്ക്ക് നീങ്ങവേ കെ.കെ ബിജു ഓടി വന്നു ലീലടീച്ചറിന്‍റെ കാലില്‍ വീണു.''ടീച്ചറേ ടീച്ചറെന്‍റെ ദൈവമാണ് ടീച്ചറേ.''
 ''ദേ, ടീച്ചര്‍ പിന്നേം ദൈവമായി.''പിറ്റിഎ പ്രസിഡന്റ് പറഞ്ഞു.
''ഇവന്‍ ജയിക്കുമെന്ന് കുടിച്ച വെള്ളത്തില്‍ ഞങ്ങള്‍ വിശ്വസിച്ചില്ല ടീച്ചറേ.''കീറിത്തുടങ്ങിയ മേല്‍മുണ്ടു ധരിച്ച അമ്മ അത്ഭുതപ്പെട്ടു.പിന്നെ കണ്ണീര്‍ തുടച്ചു.
''എല്ലാം ഈശ്വരന്റെ ലീലാവിലാങ്ങളല്ലേ...''രമേശന്‍ സാര്‍ വീണ്ടും  ലീലടീച്ചറെ ഒളികണ്ണാലെ നോക്കി ചിരിച്ചു.
''ടീച്ചറേ ടീച്ചറെന്‍റെ ദൈ...'' വീണ്ടും കാതറകൂതറബിജു. വാക്യം പൂര്‍ത്തിയാക്കും മുന്‍പ് രമേശന്‍ സാര്‍ കവറില്‍  നിന്നും  ഒരു  ലഡു എടുത്ത് അവന്‍റെ അണ്ണാക്കിലേയ്ക്കു തിരുകി.
   ബസ് പതിനാറാമത്തെ വീട്ടിലേയ്ക്കു സഞ്ചാരം തുടങ്ങി.
'' മലയാളം മീഡിയത്തില്‍ ഒന്നിനും ആവതില്ലാതെ പോയല്ലോ.മുപ്പത് എ പ്ളസും  ഇംഗ്ളീഷ്  മീഡിയത്തിലാണല്ലൊ.''
ബസ് നീങ്ങവേ ഒരു പിറ്റിഎ അംഗം അഭിപ്രായപ്പെട്ടു.
''ഇംഗ്ളീഷില്‍ എ പ്ളസ് വാങ്ങാന്‍ എളുപ്പമാ...''
ഇംഗ്ളീഷ് പഠിപ്പിക്കുന്ന ഉദയടീച്ചര്‍ പറഞ്ഞു.
''ഇംഗ്ളീഷില്‍ പോയിന്‍റ്സ് എഴുതിയാല്‍ മതി.ഫുള്‍ മാര്‍ക്ക് ഉറപ്പാ.മലയാളത്തിലാകുമ്പോള്‍ ഒരുപാട് വിശദീകരിച്ച്  വാരിവലിച്ചെഴുതണം...പിന്നെ മലയാളം  എടുക്കുന്നതൊക്കെ ചവറ് പിള്ളാരല്ലേ.''
മലയാളത്തിന്‍റെ കുഴപ്പം വിശദീകരിച്ചു കൊണ്ട് മലയാളത്തിന്‍റെ പരിമിതിയെക്കുറിച്ച് ഉദയടീച്ചര്‍ വചാലയായി ഒരു അരയന്ന ഇളക്കമാര്‍ന്നിരുന്നു.
 ''അതെന്താ ടീച്ചറെ പോയിന്‍റുകള്‍ മലയാളത്തിലെഴുതുമ്പോള്‍ മാഞ്ഞു പോകോ...? മലയാളത്തിന്‍റെ നൂലുപോലെ മെല്ലിച്ചുനീണ്ട  അശോകന്‍  സാറിനു ഉദയടീച്ചര്‍ പറഞ്ഞത്  ബോധിച്ചില്ല.
''മലയാളത്തില്‍ പറഞ്ഞാലും ഇംഗ്ളീഷില്‍ പറഞ്ഞാലും പോയിന്‍റ് പോയിന്‍റ് തന്നെയല്ലേ.അതൊന്നുമല്ല കുഴപ്പം. ഇംഗ്ളിഷ് കാണുമ്പോഴേ നമ്മുടെ അധ്യാപകരെ ഒരു ഭയം ഗ്രസിക്കും.ഇതിലെന്തോ അധികമുണ്ടെന്ന മുന്‍വിധിയാ പിന്നെ അവരെ മുന്നോട്ടു നയിക്കുക.ഇംഗ്ളീഷുകാരന്‍ അവശേഷിപ്പിച്ചു പോയ ആ പഴയ അടിമത്തം. പിന്നെ ഈ ചവറ് പിള്ളേരെന്നു പറഞ്ഞാല്‍ ഏതു വിഭാഗമാ ടീച്ചറേ...?''
ഉദയടീച്ചറിന്‍റെ വാക്കുകളെ അശോകന്‍ സാര്‍ ഖണ്ഡിക്കാനൊരു ശ്രമം നടത്തി...
''വേണ്ട. തര്‍ക്കം വേണ്ട.കഷ്ടപ്പെട്ടു പഠിച്ചവര്‍ക്കു മാര്‍ക്കു കിട്ടി അത്ര തന്നെ...അല്ലെ ടീച്ചറെ?'' പിടിഎ പ്രസിഡന്‍റ് രംഗം ശാന്തമാക്കിക്കൊണ്ട്  ലീലടീച്ചറിനോടായി ചോദിച്ചു. ''അങ്ങനെ വിശ്വസിക്കുന്നതാണ് ഉത്തമം.''ഉത്തരം പറഞ്ഞത് രമേശന്‍ സാറായിരുന്നു.
വാഹനം വീണ്ടും അടുത്ത വളവു തിരിഞ്ഞു.കണക്കിന്‍റെ അജയന്‍ സാര്‍ തീരേ രഹസ്യമായി അശോകന്‍ സാറിന്‍റെ കര്‍ണ്ണങ്ങളില്‍ ചോദിച്ചു,
 ''ഇപ്പറയുന്ന വേണ്ടപ്പെട്ടവരുടെ കുട്ടികളൊക്കെ ഇംഗ്ളീഷ് മീഡിയത്തിലല്ലേ.അവര്‍ക്കൊക്കെ എ പ്ളസ് കിട്ടീല്ലേല്‍ എച്ച് എം നു പിന്നെ മനസ്സമാധാനത്തില്‍ ഉറങ്ങാനാകോ...അപ്പോ പിന്നെ ടീച്ചര്‍ എന്താ ചെയ്ക?''
''എന്താ ചെയ്ക?'' അശോകന്‍ സാര്‍ ആയുധം വാങ്ങി തിരിച്ചു പ്രയോഗിച്ചു.
''ആ.....''.കണക്കുസാര്‍ ചാതുര്യത്തോടെ ഉത്തരത്തില്‍ നിന്നും  വഴുതി.
''ആ....'' അശോകന്‍ സാര്‍ ഏറ്റു ചൊല്ലി. രണ്ടാളും കുലുങ്ങി ചിരിച്ചു.           

        ലീലടീച്ചറിന്‍റെ മനസ്സ് എവിടെയോ വീണു പോയിരുന്നു..പോയ വീടുകളിലെ പത്തു വീട്ടിലെ കുട്ടികളും പറഞ്ഞിരിക്കുന്നു താനൊരു ദൈവമാണെന്ന്...
'ഒരു അധ്യാപിക എപ്പോഴാണ് ദൈവമാകുന്നത്...?'ലീലടീച്ചറിന്റെ മനസ് സ്വയം സഞ്ചാരിയായി.വല്ലാത്തൊരു അസഹ്യത മനസില്‍ പിടിപെട്ടിരിക്കുന്നു...ഒരു ജീര്‍ണ്ണത....ഒരു ഗ്ളാസ് തണുത്ത വെള്ളം കിട്ടിയെന്‍കില്‍ നന്നായിരുന്നു.
  ഫോണ്‍ബെല്‍ ടീച്ചറെ മൗഢ്യത്തില്‍ നിന്നും  വിളിച്ചുണര്‍ത്തി.നാലാമത്തെ പ്രാവശ്യമാണ്...അതേ നമ്പര്‍...റിസള്‍ട്ട് പ്രഖ്യാപിച്ച് പത്തുമിനിറ്റിനിടയില്‍ ആദ്യം വന്ന കോള്‍...തന്‍റെ സ്കൂള്‍ നൂറുശതമാനം വിജയം  ആദ്യമായി നേടിയെന്നറിഞ്ഞ സന്തോഷം ഏവരുമായി പന്കുവയ്ക്കുന്നതിനിടയില്‍ എടുക്കാന്‍ കഴിഞ്ഞില്ല.പിന്നെ ഫുള്‍ എ പ്ളസ് കിട്ടിയവരുടെ ഗൃഹസന്ദര്‍ശനത്തിനിടയില്‍ രണ്ടു വട്ടം കൂടി കോള്‍ വന്നു അപ്പോഴും എടുക്കാനായില്ല.
   ടീച്ചര്‍  ഫോണ്‍ ഓണ്‍ ചെയ്തു.''ഹലോ.... ടീച്ചര്‍.....ഞാന്‍ ആശയാണ്,പത്ത് എ ഡിവിഷനിലെ.''
''ങാ....മോളേ...പറയൂ.''
'' റിസള്‍ട്ടു പറയാന്‍ വിളിച്ചതാണ് ടീച്ചര്‍. ടീച്ചര്‍ക്കു തന്ന വാക്കു  എനിക്കു പാലിക്കാനായില്ല. ടീച്ചര്‍ എന്നോടു ക്ഷമിക്കണം. എനിക്കു  ഫുള്‍ പ്ളസ് കിട്ടിയില്ല. കണക്കിനു എ ഗ്രേഡേ കിട്ടിയുള്ളൂ.ബാക്കി എല്ലാത്തിനും എ പ്ളസുണ്ട്.''   

      വെളുത്തു നീണ്ട പെണ്‍കുട്ടി..
അവളെ ആദ്യം ലീലടീച്ചര്‍ കാണുന്നത് ആര്‍ക്കും വേണ്ടാത്ത ആരും പോകാത്ത കുട്ടികള്‍  തിമിര്‍ത്തു ബഹളം വയ്ക്കുന്ന ആര്‍ട്ട്, പിറ്റി, വര്‍ക്ക്,പിരീഡുകളിലൊന്നില്‍ ക്ളാസുകള്‍ക്കു മുന്നിലൂടെ റൗണ്ട്സ് നടത്തുമ്പോഴായിരുന്നു. പത്ത് എ  മലയാളം ഡിവിഷനില്‍ നിന്നും  മനോഹരമായ ഒരു പാട്ട് അലതുള്ളി ഒഴുകുന്നു.  അകത്തേയ്ക്കു   കടന്നു ചെന്നാല്‍ ഒരുപക്ഷേ   പാട്ടുകാരി പാട്ടു നിര്‍ത്തിയേക്കും . ടീച്ചര്‍ വാതിലിനു മറവില്‍  ഒളിഞ്ഞു നിന്നു പാട്ടു ശ്രവിച്ചു. 
   
         പാട്ടു തീര്‍ന്ന് കുട്ടികള്‍  കൈയ്യടിക്കുമ്പോള്‍ ടീച്ചര്‍  കടന്നു ചെന്നു.പാട്ടുകാരിയെ കൈയ്യോടെ പിടികൂടി.
''എന്താ പേര്.''
''ആശ '',അവള്‍ പേടിയോടെ മറുപടി പറഞ്ഞു.
''നല്ല പാട്ട് മിടുക്കി....വലുതാകുമ്പോള്‍ പാട്ടുകാരിയാകണം കേട്ടോ.''
''ഇല്ല ടീച്ചര്‍.എനിക്കാരു ഡോക്ര്‍ ആകണം...''
''എല്ലാവരും  ഇങ്ങനെ ഡോക്ടര്‍ ആയാല്‍ ആരാ പിന്നെ പാട്ടു പാടാന്‍...അതിരിക്കട്ടെ
ആരുടെ ആഗ്രമാ ഡോക്ടര്‍ ആകണമെന്ന്. അമ്മയുടേയോ അച്ഛന്‍റെയോ...?''
''എന്റെ അമ്മ കാന്‍സര്‍ വന്നു മരിച്ചപ്പോള്‍ മുതലുള്ള എന്‍റെ ആഗ്രഹമാ ടീച്ചര്‍....''
ലീലടീച്ചര്‍ പെട്ടെന്ന് പിന്‍ ബെഞ്ചിലിരുന്നു...
''അച്ഛന്‍...?''
''ആറ്റില്‍ വീണു മരിച്ചു...''
ലീലടീച്ചര്‍  ആശയെ ചേര്‍ത്തു പിടിച്ചു...അല്‍പനേരത്തിനുശേഷം ചോദിച്ചു,
''നീ എന്‍സിസിയില്‍ ഉണ്ടോ?''
'ഇല്ല.''
''ജെഅര്‍ സി?''
''ഇല്ല ടീച്ചര്‍.എനിക്കു ഗ്രേസ് മാര്‍ക്ക് ഒന്നുമില്ല.''
''നീ എല്ലാ വിഷയത്തിനും എ പ്ളസ് വാങ്ങോ?''
''ശ്രമിക്കും ടീച്ചര്‍...''
''പോരാ വാങ്ങുമെന്ന് ടീച്ചര്‍ക്കു വാക്കു തരണം.''
അന്ന് ടീച്ചറിന്‍റെ കൈയ്യില്‍ തൊട്ട് ആശ വാക്കു കൊടുത്തു....
      ആശ കഠിനമായി  തന്നെ പരിശ്രമിച്ചു. തന്‍റെ യാത്രയില്‍ തുണയാകാന്‍ ഗ്രേസ് മാര്‍ക്കുകളൊന്നും തന്നെയില്ലെന്ന് അവള്‍ക്കു നന്നെ ബോധ്യമുണ്ടായിരുന്നു. പക്ഷേ അവള്‍ക്കു ടീച്ചര്‍ക്കു നല്‍കിയ വാക്കു നിറവേറ്റാനായില്ല.
ലീലടീച്ചര്‍ ഇംഗ്ളീഷ് മീഡിയത്തിന്‍റെയും കാതറ കൂതറയുടേയും പിന്നാലെ പാഞ്ഞപ്പോള്‍ ഉണങ്ങിമെല്ലിച്ചു ക്ഷയരോഗം ബാധിച്ച മലയാളം മീഡിയത്തെ മറന്നു പോയി.
 ''സുകേശാ ബസ് ഒന്നു നിര്‍ ത്തൂ''.  ലീലടീച്ചര്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍ സുകേശന്‍ ബസ് നിര്‍ത്തി. ടീച്ചര്‍ ബസില്‍ നിന്നും ഇറങ്ങി. ''ഇനിയുള്ള വീടുകളില്‍ നിങ്ങള്‍ പോകൂ.. ഞാന്‍ തളര്‍ന്നു..മാത്രമല്ല ഒരല്പം പോലും എനിക്കു മുന്നോട്ടു നീങ്ങാനാകുന്നില്ല....''
ഏവരും  നിര്‍ബ്ബന്ധിച്ചെന്കിലും  തുടര്‍ന്നുള്ള യാത്രയില്‍ നിന്നും  ടീച്ചര്‍ പിന്‍വാങ്ങി.
   ചരലുകള്‍ നിറഞ്ഞ ചെമ്മണ്‍പാത കഴിഞ്ഞ് തോടിനരികിലുള്ള ഇടുങ്ങിയ 
നടപ്പാതയെത്തിയപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു ''ഇനി ഒാട്ടോ പോകില്ല .''
ഓട്ടോ കാശ്  നല്‍കി ടീച്ചര്‍ വെള്ളമില്ലാത്ത ഓടയ്ക്കുമുകളിലെ ചെറിയ സിമന്‍റുകട്ടി കടന്ന്  മുന്നോട്ടു നടന്നു.
വെളിച്ചത്തില്‍ ഇരുളുകലരാന്‍ തുടങ്ങിയിരിക്കുന്നു.പക്ഷികള്‍ തിരികെ പോകുന്നു... അരകിലോമീറ്ററിലധികം കരിയിലകള്‍ മൂടിയ വഴിത്താരയിലൂടെ നടന്നു.ഒടുവില്‍  ആ വഴിയും തീര്‍ന്നിടത്ത് ടീച്ചര്‍ ആശന്കയോടെ നിന്നു.

റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ കണ്ട ഒരു ഒാട്മേഞ്ഞ വീട് പ്രതീക്ഷ നല്‍കി.ടീച്ചര്‍ അങ്ങോട്ടു നടന്നു വാതിലില്‍  മുട്ടി കാത്തു നിന്നു. അല്‍പനേരത്തിനു ശേഷം   വീടിന്‍റെ വടക്കേപ്പുറത്തു നിന്നും വെളുത്തു നീണ്ടപെണ്‍കുട്ടി വന്നു .
''അയ്യോ! എന്‍റെ  ടീച്ചര്‍...''ആശ അറിയാതെ പറഞ്ഞുപോയി. ഒരുവേള  അവള്‍ അന്ധാളിച്ചു നിന്നു.  ''അല്ല,എന്നെ വീട്ടിലേയ്ക്കു വിളിക്കാതെ പുറത്തു നിര്‍ത്തിയിരിക്കുകയാണോ...?ആരോടൊക്കെ ചോദിച്ചുവെന്നറിയോ നിന്‍റെ വീടൊന്നു കണ്ടു പിടിക്കാന്‍...''
ആശയുടെ കരംപിടിച്ചു കൊണ്ട്  ടീച്ചര്‍ പറഞ്ഞു.
 ''ടീച്ചര്‍ വരൂ, ഇതെന്റെ വീടല്ല,ഇവിടുത്തെ മാമന്‍റെ മക്കളെയും വേറെ ചില കുട്ടികളെയും ഞാന്‍ ട്യുഷന്‍ പഠിപ്പിക്കുന്നത് ഇവിടെ വച്ചാണ്.....''
''അപ്പോള്‍ ആശയുടെ വീട്...?''
''ടീച്ചര്‍ വരൂ...''
ആശ മുന്നില്‍ നടന്നു.
തീര്‍ന്നുപോയ വഴിയില്‍ നിന്നും വീണ്ടും അവര്‍ മുന്നോട്ടു നടന്നു.അടുക്കിയ  കരിന്‍കല്‍ കെട്ടുകള്‍ കയറി ആ റബ്ബര്‍തോട്ടത്തിന്‍റെ കിഴക്കേ ചരുവില്‍ ഒരു ഓലക്കുടിലിനു മുന്നില്‍ അവള്‍ നിന്നു.പൊതുവെ അല്‍പം ഉയരം കുറഞ്ഞ ലീലടീച്ചര്‍ ഒന്നുകൂടി കുനിഞ്ഞ് അകത്തു തിണ്ണയില്‍ പ്രവേശിച്ചു. കവണയുടെ ആകൃതിയിലുള്ള അല്‍പ്പം കനമുള്ള മരക്കമ്പില്‍ താങ്ങി നില്‍ക്കുന്ന മേല്‍ക്കൂര.പഴക്കമേറി കറുത്തുപോയ നീല ടാര്‍പ്പോളിന്‍ മുറിച്ചു കെട്ടിതിരിച്ച ഒരു കുഞ്ഞു മുറി.ഇറായം എന്നു പറയാവുന്ന ഒരു ചായ്പ്. ചായ്പില്‍ ഒരു കയര്‍കട്ടില്‍.ലീലടീച്ചര്‍ക്ക് വലിയൊരു കുന്നില്‍  നിന്നും  താഴേയ്ക്കു പതിക്കുന്നതുപോലെ തോന്നി.ആശയോട് എന്തു പറയണമെന്നറിയാതെ ചുറ്റിലും നോക്കി. ഇരിക്കാന്‍ കസേരയില്ലാത്ത വീട്ടില്‍ അത് അവള്‍ പറയാതറിഞ്ഞ് ചെറിയ  കൈവരിയില്‍ ടീച്ചര്‍ ഇരുന്നു.അല്‍പ്പസമയത്തിനകം റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ചുള്ളിക്കമ്പുകളുടെ കെട്ടുമായി കൂനിപ്പോയ, ഒരു പ്രായമേറിയ ജീവിതം ഇറങ്ങി വന്നു.'' ടീച്ചര്‍ ഇതെന്‍റെ അമ്മുമ്മ.'' ആശ അമ്മുമ്മയെ ചേര്‍ത്തു പിടിച്ചു പരിചയപ്പെടുത്തി.
 ''വേറെ ആരൊക്കെയുണ്ട് മോള്‍ക്ക്....?''
'' ഇനി അപ്പൂപ്പന്‍ കൂടിയുണ്ട്. വീടുകളില്‍ പാലുകൊണ്ടു കൊടുക്കാന്‍ പോയിരിക്കുന്നു.....ഞാന്‍ കുടിക്കാന്‍ വെള്ളമെടുക്കട്ടെ.ടീച്ചര്‍ ഇരിക്കൂ.''  അവള്‍ അകത്തേയ്ക്കു പോയി.
        അടുക്കളയില്‍ നിന്നും  ഒരു ഗ്ളാസ് തണുപ്പുള്ള വെള്ളവുമായി തിരിച്ചു  വന്നു.മറ്റൊന്നും തരാനില്ലെന്ന നിസ്സഹായത അവളുടെ കണ്ണുകളില്‍ നിറഞ്ഞു. ആ വെള്ളം ലീലടീച്ചറിന്‍റെ  ഉള്ളില്‍ കത്തിനിന്ന അഗ്നിക്കരികിലുടെ ഒരു നീര്‍ച്ചാലായി ഒഴുകിയിറങ്ങി.
 ''ഞാന്‍ നാളെ ടീച്ചറെ സ്കൂളില്‍ വന്നു കാണാനിരിക്കുകയായിരുന്നു. ഞങ്ങള്‍ കുട്ടികളല്ലേ അധ്യാപകരെ വന്നു കാണേണ്ടത്....''ലീലടീച്ചര്‍ ആശയെ ചേര്‍ത്തു പിടിച്ചു.ഉള്ളിലൊരു കടച്ചില്‍,കണ്ണില്‍ നിറയുന്ന നീര്‍ക്കണം...ആശ ഒരു കണ്ണുനീര്‍ത്തുള്ളിയാകുമ്പോഴും ഉള്ളിലൊരു തണുപ്പ്....
''നീയാണ് മോളെ യഥാര്‍ഥ വിജയി....നിനക്കു തരാന്‍ ഞാന്‍ ഒന്നും വാങ്ങിയില്ലല്ലോ.ഒരു മിഠായിയെന്‍കിലും വാങ്ങാന്‍ ഞാന്‍ മറന്നു പോയല്ലോ...'' ടീച്ചര്‍ ഒരു അപരാധിയെപ്പോലെ തന്‍റെ ബാഗില്‍ പരതി...
''ഒന്നും വേണ്ട ടീച്ചര്‍.ടീച്ചറിന്‍റെ  അനുഗ്രഹം മതി.'' അവള്‍ ലീലടീച്ചറിന്‍റെ പാദങ്ങള്‍ തൊട്ടു വന്ദിച്ചു ''ടീച്ചര്‍  എന്നെ തേടി വന്നല്ലോ.ഇതിലും വലിയ സമ്മാനം വേറെ കിട്ടാനില്ലല്ലോ..''
അവളെ കരങ്ങളില്‍ ചേര്‍ത്ത് നിറഞ്ഞ മനസ്സോടെ ആ നെറുകയില്‍ ചുണ്ടുകള്‍ ചേര്‍ത്തു.
തന്‍റെ ബാഗ് തുറന്ന് അതുവരെ ഒാമനിച്ചു കൊണ്ടു നടന്നിരുന്ന, നഷ്ടപ്പെട്ടപ്പോഴൊക്ക അന്വേഷിച്ചു കണ്ടെത്തിയ, പച്ച മഷിയുള്ള തന്‍റെ  പേന ആശയ്ക്കു നല്‍കി പറഞ്ഞു, ''എന്താവശ്യത്തിനും എപ്പോഴായാലും നീ എന്നെ വിളിക്കണം....''
''വിളിക്കുമോ നീ....?'' ടീച്ചര്‍ ആവര്‍ത്തിച്ചു ചോദിച്ചു .
''വിളിക്കും ടീച്ചര്‍.റിസള്‍ട്ട് പറയാന്‍ ആദ്യവും അവസാനവും ഞാന്‍ വിളിച്ചത് ടീച്ചറിനെയല്ലേ....''
      നടവരമ്പു വരെ ആശ ലീലടീച്ചറിനെ അനുഗമിച്ചു.അതുവഴി പോയ ഓട്ടോ കൈകാണിച്ചു നിര്‍ത്തി ആശ പറഞ്ഞു,
 ''അജുചേട്ടാ, എന്‍റെ ടീച്ചറാ ഒന്നു ബസ് സ്റ്റോപ്പില്‍ ഇറക്കിയേക്കണേ.. '' ഓട്ടോയില്‍ കയറി കൈവീശി  ടീച്ചര്‍  പറഞ്ഞു, ''മോളിനി പൊയ്ക്കോ... മുന്നില്‍  ഇരുട്ടാണ് സുക്ഷിക്കണേ...''
''ശരി ടീച്ചര്‍...''
    പച്ചമഷിയുള്ള പേന മുറുകെ പിടിച്ച് അവള്‍ തിരികെ നടന്നു.
ചൂടകന്ന മനസുമായി ലീലടീച്ചര്‍ വീട്ടിലേയ്ക്കു തിരിച്ചു.അപ്പോള്‍  ഇരുളില്‍ വെളിച്ചം പൂര്‍ണമായും  ലയിച്ചിരുന്നു.
 *******************

നമ്മളെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ഇതാണ് ഞാൻ' ഇത്തവണയില്ല😊പകരമിതാ ടീച്ചറുടെ വിരഹം തുളുമ്പുന്ന കവിത👇👇ജസീന റഹിം
നിനക്കായ് ഞാൻ കൊണ്ട വെയിലിന്റെ ചൂടത്രയും
 ഇന്നുമെന്റെ നെറുകയിൽ പൊള്ളിപ്പടരുന്നു..
നിന്റെ ഒരായിരം ചുംബനപ്പാടുകൾക്കുംമീതേയാ
  ണാതിണർപ്പുകൾ..
  നെടുവീർപ്പുകളാൽ ഏന്തി വലിഞ്ഞ വിരഹാർദ്രരാവുകളെ
  തൊട്ടടുത്തെത്തി നീയെത്ര പ്രണയത്താൽ നിറച്ചിട്ടും ..
  പരിഭവങ്ങളാൽ നിന്റെ സ്വാസ്ഥ്യം കെടുത്തി
  നിന്നിലേക്ക് ഞാനെന്നേ വരച്ചിട്ട
  കാണാവരയ്ക്കുള്ളിൽ
  ഉയിരും ഉടലും ചേർത്ത്
  വന്യമായ് പുണർന്നെന്നിലേക്ക്
  ഉന്മാദിനിയായി നിന്നെ
  ചേർത്തു പിടിച്ചെത്രയെന്നോ...
  ഭ്രാന്തിന്റെ വക്കോളമെത്തുന്ന
  എന്നെ നീയെത്ര ക്ഷമയോടെ കാത്തിട്ടും..
  ചുറ്റും തിരയാർക്കുന്നൊരേകാന്ത ദ്വീപിൽ
  തനിച്ചാണ് ഞാൻ പ്രിയനേ..
   ഇപ്പോഴും ഞാൻ കൊള്ളുകയാണ്
  പഴയ അതേ വെയിൽ..
  അന്നത്തെക്കാൾ തീവ്രതയോടെ..
*******************

ആയിരം അർഥങ്ങൾ
ശ്രീലാ അനിൽ
അക്ഷരങ്ങൾക്കും ജീവനുണ്ട്.....
പറക്കാൻ തുടിക്കും ചിറകു മുണ്ട്
ഹൃദയം നിറയെ സ്വപ്നങ്ങളുണ്ട്
ഇടക്കിടെ പൂത്ത് വിടരാറുണ്ട്,,,
അക്ഷരങ്ങൾ ചില മാത്രകളിൽ
പരിഭവമുറങ്ങും നോട്ടമാകും
കുസൃതി ഒളിക്കും
കൺകളാകും
നിന്നെ വരഞ്ഞാലോ
പൂക്കൾ പോലെ
കണ്ണും  ചിരിയും
ഒത്തുവന്നാൽ
തുടിക്കുന്ന ജീവിത
 ചിത്രം പോലെ
വാക്കുകളാകുമ്പോ ഓരോ നേരം
ഒരോ നിറങ്ങളിൽ
നീ നിറയും
എന്റെ കരളിലെ കുളിരുമാവും
തനുവാകെ മൂടുന്ന
സ്നേഹമാവും
ഒളികണ്ണിലൂറുന്ന പ്രണയമാവും
നിലാവിലലിയുന്ന തലോടലാവും
കൊഞ്ചിപ്പറയുന്ന പാട്ടുമാവും
വഴക്കിട്ടു തോൽക്കുന്ന
നോവുമാകും
കുത്തി കയറുന്ന വിങ്ങലാവും
അക്ഷരം ഒറ്റക്കും
വാക്കായ് മാറും
ആയിരം അർഥങൾ ഉള്ളിൽ പേറും
*******************

നിന്നെ മാത്രം.
ഡോ.കെ എസ്‌ കൃഷ്ണകുമാർ
നിനക്കൊരു മണമുണ്ട്‌
പൂവിന്റെ പേരറിയില്ല
അറിവതാ മണം മാത്രം;
മനസ്സിന്റെ മണം മാത്രം.

നിനക്കൊരു നിറമുണ്ട്‌
കനിയുടെ പേരറിയില്ല
അറിവതാ നിറം മാത്രം;
ഉണ്മയുടെ നിറം മാത്രം.

നിനക്കൊരു കുളിരുണ്ട്‌
മാമലയുടെ പേരറിയില്ല
അറിവതാ കുളിരു മാത്രം;
ഉയിരിന്റെ കുളിരു മാത്രം.

നിനക്കൊരു തിളക്കമുണ്ട്‌
നക്ഷത്രപ്പേരറിയില്ല
അറിവതാ തിളക്കം മാത്രം;
ജീവന്റെ തിളക്കം മാത്രം.
എനിക്കാകേയറിവതു നിന്നെമാത്രം.
*******************

പുഴമൊഴി
പ്രമോദ് കുറുവാന്തൊടി
ഇതുപുഴയാണേ ... ഹൃദയത്തിൽ ഞാ-
നണകെട്ടാത്തൊരു പുഴയാണേ
തടവില്ലാതെ ചിരിച്ചു മദിച്ചു
കുതിച്ചൊഴുകും പല വഴിയാണേ

   ഇതിന്റെ കണ്ണിൽ കുഞ്ഞു കിനാവുകൾ
   തെളിഞ്ഞു നീന്തും പകലുണ്ടേ
   ഇതിന്റെ കവിളിൽ ചെമ്പകമൊട്ടുകൾ
   ഉലഞ്ഞു നില്ക്കും കരയുണ്ടേ

ഇതിന്റെ നെഞ്ചിലനാസക്തം ഞാൻ
കുടിച്ച പ്രാണനിരിപ്പുണ്ടേ
കുതിച്ചു വന്നെൻ തൊണ്ടയിലൊഴുകിയ
മധുരം വേനൽ നിറച്ചുണ്ടേ

    ഇതിന്റെ കാതിൻ തുമ്പിലുരുമ്മും
    പരലുകളിക്കിളിയിട്ണുണ്ടേ
    ഇതിന്റെ മുടിയിൽ തീരമുലഞ്ഞു
    പരക്കും കവിതയിരിപ്പുണ്ടേ ...

ഇതിൻ കഴുത്തിൽ എന്റെ പഴമ്പാ
ട്ടുറച്ചു പോയൊരു നിറമുണ്ടേ
ഇതിന്റെ വിരലിൽ തീരം തഴുകും
നിലാവു വീണു കിടപ്പുണ്ടേ ..

    പതുക്കെയോർമ്മകൾ നിറച്ച തോണിയിൽ
    തുഴഞ്ഞുകാലം വരവുണ്ടേ
    മറിച്ചിടാതെ തോണിയിതക്കരെ
    യണച്ചിടാനൊരു കാറ്റുണ്ടേ ....

ഇതേതു പുഴയാണിതിന്റെയുറവുകൾ
നരച്ച ഭൂപടമറിവീല
നിറഞ്ഞു തിങ്ങിച്ചെന്നെത്തും കട-
ലനന്തമതു നാം കണ്ടില്ല

   വലിച്ചെറിഞ്ഞൊരു മാലിന്യങ്ങളി
  തിൻ തെളിനീരു കലക്കീല
  നിലാവു ചേർത്തു നിറങ്ങൾ ചേർത്തിതു
  സ്ഫുടം വരുത്തും പുഴയല്ലേ

ഇതിന്റെയുള്ളിലഗാധതയിൽ നിറ-
നീലിമയെന്നും നിഴലിട്ടൂ
ഇതിന്റെ ചുണ്ടിലെ ദാഹം,പണ്ടേ
പകർന്ന മധുരം തളിരിട്ടൂ

   ഇരുട്ടുമോന്തിക്കൊഴുത്ത രാവുകൾ
   ഒഴുക്കിനാലിതു പകലാക്കീ
   പകൽക്കിനാവുകൾ പകർന്ന നെഞ്ചിൻ
   തടങ്ങളുർവര വനമായി

വനങ്ങൾ തന്റെ നിഗൂഢസ്ഥലികളിൽ
പുഴക്കു വേർത്തസുഗന്ധങ്ങൾ
നിരക്കുമോർമ്മകൾ നിറയേ പൂത്തതു
പുഴക്കു ചാർത്തിയ വർണ്ണങ്ങൾ ...

     ഇതു പുഴയാണേ ..... പല വേനലുകൾ
     നീന്തിക്കയറിയ കഥയുണ്ടേ
     ഇരുണ്ട താരകൾ ,മാഞ്ഞ നിലാവും
     പുനർജ്ജനിച്ചൊരൊഴുക്കുണ്ടേ ..
*******************