18-03-19b

ടൈംമെഷീന്‍
എച്.ജി.വെല്‍സ്
പുനരാഖ്യാനം
ഡോക്ടർ അശോക് ഡിക്രൂസ്

 ലോഗോസ് ബുക്സ്
പേജ് 80
വില 70

ഹെർബർട്ട് ജോർജ് വെൽസിന്റെ ടൈം മെഷീൻ എന്ന ശാസ്ത്രനോവൽ പുറത്തിറങ്ങിയിട്ട് ഒന്നേകാൽ നൂറ്റാണ്ട് ആവുന്നു .ഇന്നും ജനഹൃദയങ്ങളെ ആകർഷിച്ചുകൊണ്ടിരിക്കുന്ന ഈ ശാസ്ത്രനോവൽ, 2002 സിനിമയാകുമ്പോൾ  ഒരു സാഹിത്യകൃതിയെ അടിസ്ഥാനമാക്കി മൂന്നുപ്രാവശ്യം സിനിമയായ ആദ്യപുസ്തകം ആവുകയായിരുന്നു. ശാസ്ത്രലോകത്തിലെ മഹാരഥന്മാർ ടൈം മെഷീൻ സാധ്യമാണോ, ഭാവിയിലേക്കും ത്തിലേക്കും സഞ്ചരിക്കാൻ ആകുമോ ,എന്നൊക്കെ ഗൗരവമായി ചർച്ചചെയ്യാൻ ഈ നോവൽ കാരണമായിട്ടുണ്ട്. പ്രകാശവേഗത്തെ അതിജീവിച്ച് സഞ്ചരിക്കാനായാൽ അത് സാധ്യമാകും എന്ന് വിചാരിക്കുന്ന ഒരുപിടി ശാസ്ത്രകാരന്മാരും ഉണ്ട്. ഒരു സയൻസ് ഫിക്ഷന്- ശാസ്ത്രം അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് -125ാംവർഷവും പുതുമ നഷ്ടപ്പെടാതിരിക്കുന്നുണ്ടെങ്കിൽ ആ മഹാമനീഷയെ സാഷ്ടാംഗം നമസ്കരിക്കുകയല്ലാതെ നാം എന്തു ചെയ്യാൻ !പക്ഷേ വലിയവർക്ക് വലിയ ആദരം നൽകാനാവും എന്നതിന് തെളിവാണ്, സ്വന്തം ഭാഷയിൽ പുതുതലമുറക്കു വേണ്ടി രസച്ചോർച്ച ഇല്ലാതെ ഈ പുസ്തകം പുനർരചിക്കുകവഴി ശ്രീ അശോക് ഡിക്രൂസ് നിർവഹിച്ചിട്ടുള്ളത്. അധ്യായങ്ങൾ ഓരോന്നിനും അതിനു ചേരുന്ന പേര് നൽകി വായനയെകൂടുതൽ രസകരമാക്കുന്ന പുനരാഖ്യാനം.

    1847ൽ ഒരു അപകടത്തെ തുടർന്ന് കാലൊടിഞ്ഞ് കിടപ്പിലായതോടെ ആണ് വെൽസ് വായനയുടെ ലോകത്ത് എത്തിയത്, തുടർന്ന് എഴുത്തിലേക്കും. 1859 ന്യൂ റിവ്യൂ എന്ന ആനുകാലികത്തിൽ പരമ്പരയായി പ്രസിദ്ധീകരിച്ച ടൈം മെഷീനാണ് വെൽസിനെ ജൂൾസ് വേണി നൊപ്പം ശാസ്ത്ര കഥകളുടെ പിതൃ സ്ഥാനത്തിന് അർഹനാക്കിയത് .

    സമയ സഞ്ചാരി എന്നാണ് നായകനെ വിളിക്കുന്നത് ,അഥവാ വിശേഷിപ്പിക്കുന്നത്. തൻറെ പുതു പരീക്ഷണം കാട്ടി കൊടുക്കാൻ വേണ്ടി സുഹൃത്തുക്കളെ അത്താഴവിരുന്ന് ക്ഷണിക്കുന്നു.ഘന രൂപത്തിന് നീളം വീതി ഉയരം ഈ മൂന്ന് മാനത്തിന് ഉപരിയായി സമയം എന്നൊരു മാനം കൂടി ഉണ്ടെന്ന് സിദ്ധാന്തിക്കുന്നു. ഒരു ലഘു സമയയന്ത്രം കാട്ടിക്കൊടുക്കുകയും, അടുത്തയാഴ്ച കുറേക്കൂടി വലിയ അൽഭുതം കൊടുക്കാമെന്ന് പറയുകയും ചെയ്യുന്നു .

    അടുത്ത വ്യാഴാഴ്ച അത്താഴവിരുന്നിൽ ഒരു ഡോക്ടറും, ഒരു മനശാസ്ത്രജ്ഞനും, ഒരു പത്രപ്രവർത്തകനും, ഒരു എഡിറ്ററും ,നാണം കുണുങ്ങിയായ ഒരു താടിക്കാരനും , ആഖ്യാതാവും ഉണ്ടായിരുന്നു .താൻ ടൈം മെഷീനിൽ നടത്തിയ യാത്രയെക്കുറിച്ച് സമയ സഞ്ചാരി പറയുന്ന വിവരണമാണ് ശേഷം നോവൽ.
  ആദ്യയാത്ര ഭാവിയിലേക്ക് ആയിരുന്നു .എഡി 8027001ൽ ആണ് ആദ്യം എത്തിയത് .അവിടത്തെ നീളം കുറഞ്ഞ, ആണും പെണ്ണും തമ്മിൽ കാര്യമായ വ്യത്യാസം ഇല്ലാത്ത ,ഒരു ജോലിയും ചെയ്യാത്ത, മനുഷ്യൻറെ വരുംതലമുറയെ കണ്ടു. ഒപ്പം വെളിച്ചത്തെ ഭയപ്പെടുന്ന പാതാള സമമായ കുഴികളിൽ പാർക്കുന്നവരെയും. അവിടെ നിന്നു തിരിച്ചുപോരാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ ഭാവിയിലേക്ക് തന്നെയാണ് പോയത് .30 ദശലക്ഷം വർഷം കഴിഞ്ഞ് ഭൂമി മനുഷ്യനും, ഇതര ജന്തുക്കളും ഒന്നുമില്ലാത്ത; ഭീമൻ ഞണ്ടുകളുടെയും ശലഭങ്ങളുടെയും അധീനതയിലായ, കാലത്തുനിന്ന് രക്ഷപ്പെട്ട് തിരികെയുള്ള യാത്ര.. ഈ ടൈം മെഷീൻ കാണിച്ചുതരുന്നത് സത്യമാവില്ല എന്ന് എങ്ങനെ ചിന്തിക്കാനാവും. പുനരാഖ്യാനം അതീവ ഹൃദ്യമാണെന്നേ പറയേണ്ടൂ. പരിഭാഷയുടെ വരണ്ട ഭാഷയ്ക്കു പകരം രചനയുടെ ജൈവ ഭാഷയാണ് നാം ഇവിടെ കാണുന്നത് .
ലോഗോസിൻറെ  അച്ചു പിഴയും ഉദാസീനതയും ഇതിലും ഉണ്ടെന്നുമാത്രം .കവർ അടിച്ചപ്പോൾ 50 രൂപ വില നിശ്ചയിക്കുകയും പുസ്തകത്തിന് 70 രൂപ നിശ്ചയിക്കുകയും ചെയ്തത് അബദ്ധമായി കൂട്ടിയിട്ടില്ല .ലോഗോസ് ബഡ്സ് പരമ്പരയിൽ കുട്ടികൾക്കുള്ള പുസ്തകമായിണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എങ്കിലും പ്രായഭേദമെന്യേ ആർക്കും വായിക്കാവുന്ന- പ്രത്യേകിച്ചും പത്തൻപത് വർഷം ലോകം കണ്ട കുട്ടികൾക്ക് അതേ കൗതുകത്തോടെ വായിക്കാവുന്ന _ പുസ്തകമാണിത് .ആ കൗതുകം ഉണ്ടാക്കിയതിൽ പുനരാഖ്യാതാവിന്റെ കൃതഹസ്തത എടുത്തുപറയേണ്ടതുമാണ്.

 രതീഷ് കുമാർ