18-03-19


ദസ്തേവിസ്കി അന്നയുടെ കുറിപ്പുകൾ

പരി:വേണു വി ദേശം

ഗ്രീൻ ബുക്സ്
പേജ് 80
വില 80

  ' Memories of Anna Dostoyevski ' 'ദസ്തയേവ്സ്കി അന്നയുടെ കുറിപ്പുകൾ' എന്ന് മൊഴിമാറ്റം നടത്തുന്നതിൽ പന്തികേടില്ലേ?

    1881-ൽ ദസ്തയേവ്‌സ്കി മരിക്കുമ്പോൾ അന്നക്ക് 35 വയസ്സായിരുന്നു പ്രായം. ശിഷ്ടജീവിതം അദ്ദേഹത്തിൻറെ സ്മരണയിൽ ജീവിച്ച അവർ ദസ്തയേവ്സ്കിയുടെ കൈയ്യെഴുത്തുപ്രതികളും ലേഖനങ്ങളും മറ്റ് ചിത്രങ്ങളും എല്ലാം ശേഖരിച്ചു വെക്കുകയും സ്റ്റേറ്റ് ഹിസ്റ്റോറിക് മ്യൂസിയത്തിൽ ദസ്തയേവ്‌സ്കിയുടേതായി ഒരു സ്മാരകമുറി ക്രമീകരിക്കുകയും ചെയ്തു.
1925-ൽ പ്രസിദ്ധീകരിച്ച '  ' Memories of Anna Dostoyevsky 'ആണ് ഇവരുടെ കൃതി
1867-ൽ എഴുതിയ 'അന്ന ദസ്തയേവ്‌സ്കിയുടെ ഡയറിക്കുറിപ്പുകൾ 'അന്നയുടെ മരണശേഷം 1923-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.. ഈ കൃതികളിൽ ദസ്തയോവ്സ്കിയുടെ വ്യക്തിജീവിതത്തിലെയും സാഹിത്യജീവിതത്തിലെയും പല പ്രധാന സംഭവങ്ങളും അന്ന വിവരിക്കുന്നുണ്ട്.
 1918 ജൂൺ 9-ന് യാൾട്ടയിൽ വെച്ച് തന്റെ 81-ാം വയസ്സിൽ അന്ന അന്തരിച്ചു.

    ദസ്തയേവ്സ്കിയുടെ 16 കൃതികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ വേണു വി ദേശം ,തന്റെ പ്രിയസാഹിത്യകാരന്റെ ഭാര്യ അന്നയുടെ ഓര്‍മക്കുറിപ്പുകള്‍ രണ്ട് ഭാഗവും വിവര്‍ത്തനംചെയ്തിട്ടുണ്ട്.
        വിശ്വസാഹിത്യനായകനായ ദസ്തയവ്‌സ്‌കിയുടെ ജീവിതത്തില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്തിയ മൂന്നു പ്രണയിനികളേ കേന്ദ്രീകരിച്ച് വേണു വി.ദേശം എഴുതിയ കൃതിയാണ് പ്രണയജീവിതം.യുവതിയും വിധവയുമായ മരിയ ഇസയേവയായിരുന്നു എഴുത്തുകാരന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആദ്യ പ്രണയിനി. നാടകീയവും ദുരിതപൂര്‍ണ്ണവുമായിരുന്നു ആ ജീവിതം. പോളിന സുസ്‌ലോവ എന്ന ഇരുപതുകാരിയുമായുണ്ടായ രണ്ടാമത്തെ പ്രണയവും ദുരന്തപര്യവസായിയായി. എന്നാല്‍ സ്റ്റെനോഗ്രാഫറായി വന്ന അന്ന സ്‌നിത്കിനയാണ് അദ്ദേഹത്തിനു സംതൃപ്ത ജീവിതവും പ്രത്യാശയും നല്‍കിയത്. ഈ മൂന്നു സ്ത്രീകളും ദസ്തയവ്‌സ്‌കിയുടെ ജീവിതത്തിലുണ്ടാക്കിയ വര്‍ണ്ണവിസ്മയങ്ങള്‍ അതീവചാരുതയോടെ ഈ കൃതിയില്‍ അവതരിപ്പിക്കുന്നു

     ദസ്തയേവ്സ്കിയുടെ സമ്പൂർണ ജീവിതം അടയാളപ്പെടുത്തുന്ന ആദ്യ(മലയാള) നോവലാണ് റഷ്യൻ ക്രിസ്തു.  ഖലീല്‍ ജിബ്രാന്റെ വിഖ്യാതമായ 'മനുഷ്യപുത്രനായ യേശു'വിന്റെ മാതൃകയില്‍ കഥാപുരുഷനെ പലരുടെ കണ്ണുകളിലൂടെ കാണുകയാണ് ഇതില്‍. അവരുടെ സാക്ഷ്യങ്ങളിലൂടെയാണ് ദസ്തയേവ്സ്കിയുടെ ജീവിതം  സമഗ്രമായി അവതരിപ്പിച്ചിരിക്കുന്നത്. ചൂതാട്ടഭ്രാന്തും പരാജയങ്ങളും അപസ്മാരവും ജയില്‍വാസവും സ്വപ്നാടനവും ആത്മപീഡനവുമെല്ലാം  നിറഞ്ഞ ദസ്തയേവ്സ്കിയുടെ ജീവിതകഥ 123 സാക്ഷ്യങ്ങളിലൂടെയാണ് പറഞ്ഞിരിക്കുന്നത്.
പൂർണ്ണ പ്രസിദ്ധീകരിച്ച അപൂർവ്വ അനുരാഗത്തിന്റെ 26 ദിനങ്ങളും ,ഡിസി പ്രസിദ്ധീകരിച്ച 'പ്രണയജീവിതം ദസ്തയേവ്സ്കിയുടെ പ്രണയ അനുഭവങ്ങളും ജീവിതവും',എന്നിവയുടെ തുടർച്ചയായി 'ദസ്തയേവ്സ്കി അന്നയുടെ കുറിപ്പുകളെ' കാണാം.
 "അന്നയുടെ മെമ്മറീസിൽ''നിന്നും ചില ഭാഗങ്ങളും 1967 മെയ് 11 മുതൽ ജൂൺ 26 തിങ്കൾ വരെ വിദേശ താമസത്തിനിടയിലെ ഡയറിക്കുറിപ്പുകളും ചേർത്താണ് അന്നയുടെ കുറിപ്പുകൾ
തയ്യാറാക്കിയിരിക്കുന്നത്. വിവർത്തനത്തിന് പുസ്തകത്തിന്റേതിൽനിന്ന്   വ്യത്യസ്തമായ പേരിനുകാരണംഇതാണ്.

  ഒന്നാം അധ്യായം ദസ്തയേവ്സ്കിയുടെ മരണ ദിനത്തിന്റെ സൂക്ഷ്മാവിഷ്കാരമാണ്. വായനക്കാരനെ അനുഭവിപ്പിക്കുന്ന വിവരണം;അതേ ദീപ്തിയുള്ള വിവർത്തനം.
     അന്നയെ ഡ്രഡ്സണിൽ ഒറ്റയ്ക്കു വിട്ടിട്ട് ചൂതാട്ടത്തിനായി ഹോം ബർഗിൽ 1867 മെയ് 4 മുതൽ 15 വരെ(ഫെദ്യ) ദസ്തയേവ്സ്കി താമസിച്ചിരുന്നു. ആ കാലം മുതൽ ജൂൺ 26 തിങ്കളാഴ്ച വരെയുള്ള പ്രസക്തമായ ഡയറിക്കുറിപ്പുകളുടെ പരിഭാഷ ആണ് രണ്ടാം അധ്യായം .ദസ്തയേവിസ്കിയിലെ ചൂതാട്ടക്കാരനെ അസാമാന്യ ഹൃദയവിശാലതയോടെ സഹിക്കുന്ന;ആ മനോഭാവത്തിൽനിന്ന് അദ്ദേഹത്തെ മോചിപ്പിക്കുന്ന, മനശാസ്ത്രപടുവായ അന്നയെയാണ് നാം ഇവിടെ കാണുന്നത് .
  ഒരു തമാശ എന്ന മട്ടിൽ ഊമക്കത്ത് എഴുതിയതും, കത്ത് സത്യമാണെന്നും അന്നക്ക് മറ്റാരോടോ ബന്ധമുണ്ടെന്നും വിചാരിച്ച് ദസ്തയേവ്സ്കി പ്രതികരിച്ച സംഭവമാണ് ഒരു പ്രായോഗിക തമാശ; അഞ്ചാം അധ്യായം.
    ചൂതുകളിക്കമ്പവും പണം നഷ്ടപ്പെടുമ്പോൾ ഉള്ള വ്യസനവും കളിക്കമ്പത്തിൽനിന്ന് പുറത്തുകടക്കാനുള്ള ആഗ്രഹവും അത് ഒരുവിധത്തിൽ അദ്ദേഹം സ്വായത്തമാക്കുന്നതും ആറാം അധ്യായത്തിൽ വിവരിക്കുന്നു .
പ്രായവ്യത്യാസം മൂലം(?) എപ്പോഴും സംശയിച്ചു കൊണ്ടിരുന്നഫെദ്യയെ ഈ പുസ്തകത്തിൽ എമ്പാടും കാണാം .ഭൂതാവിഷ്ടർ എന്ന നോവലിന് ശേഷംGrazhdain എന്ന മാസികയുടെ പത്രാധിപരായും തുടർന്ന് എഴുത്തുകാരുടെ ഡയറി എന്ന് ജേർണലിന്റെ പ്രസാധനവും ,സഹ എഴുത്തുകാരിൽചിലർക്ക് അദ്ദേഹത്തോട് ഉണ്ടായിരുന്ന അസുയയും, ദസ്തയോവിസ്കി മരിച്ചിട്ടില്ലെങ്കിൽ അദ്ദേഹത്തോടൊപ്പം സഹായിയായി കൂടാമെന്നു വിചാരിച്ച് "ട്രങ്ക് പെട്ടിയു"മായിവന്നആരാധികയുടെ കഥയും, ദസ്തയേവ്സ്കിയുടെ തീക്ഷണമായ മറവിയും, അന്ന മുൻകൈയ്യെടുത്ത് ആരംഭിച്ച പ്രസാധന സ്ഥാപനത്തിന്റെ കഥയും, സ്രാഖോവിന്റെ  ദുഷ്ടലാക്കോടെ ഉള്ള കത്തിന് മറുപടിയും, തുടർന്നുള്ള അദ്ധ്യായങ്ങളിൽ നാം വായിക്കുന്നു.
    ദസ്തയേവിസ്കി എന്ന മഹാസാഹിത്യകാരന്റെ ഗുണദോഷസമ്മിശ്രമായ വ്യക്തിജീവിതത്തെയും അന്നയെന്ന ഉജ്ജ്വല വ്യക്തിത്വത്തെയും വളരെക്കുറഞ്ഞ വാക്കുകളിലൂടെ പരിചയപ്പെടുത്തുന്ന ഈ പുസ്തകം സാഹിത്യത്തെ സ്നേഹിക്കുന്ന എല്ലാവരും വായിച്ചിരിക്കേണ്ടതാണ് .അച്ചടിയിൽ സൂക്ഷ്മ ശ്രദ്ധ ആവശ്യമാണെന്ന് ഗ്രീൻ ബുക്സ് എന്നെങ്കിലും മനസ്സിലാക്കുമെന്ന് നമുക്ക് വിചാരിക്കാം

രതീഷ് കുമാർ.