17-1218b

 

📚📚📚📚
വൃദ്ധസദനം
(1993)
ടി.വി.കൊച്ചുബാവ
(1955-1999)

മലയാളനോവൽ ചരിത്രത്തിലെ അടയാളക്കല്ലായ ഒരു നോവലാണ് വൃദ്ധസദനം .കഥയിൽ നിന്നും കഥപറയലിന്റെ രസതന്ത്രത്തിലേക്ക് കടക്കുന്നതിന്റെ അടയാളക്കല്ലായി ഖാസാക്കിന്റെ ഇതിഹാസം എങ്കിൽ,ഒരു ചെറുകഥ യുപയോഗിച്ച് ആത്മഭാഷണത്തിന്റെ സങ്കേതത്തിലൂടെ അതീത, വർത്തമാന,വരുംകാല ജീവിതസന്ദർഭങ്ങളെ ഒരേ ബിന്ദുവിൽ സഞ്ചിയക്കുന്ന - ആലോചനാമൃതമായ - നവരചനാ സങ്കേതം ഭാഷയിലെത്തിയതിന്റെ അടയാളക്കല്ലാണ് വൃദ്ധസദനം.

      പ്രത്യക്ഷത്തിൽ അരാഷ്ട്രീയമെന്നു തോന്നിപ്പിക്കുന്നഒരു പ്രമേയത്തിലൂടെ കുടുംബം എന്ന അടിസ്ഥാനരാഷ്ട്രീയഘടകത്തിന്റെ അപചയത്തെ പ്രത്യക്ഷത്തിലും അതിൻമേൽ കെട്ടിപ്പൊക്കിയിട്ടുള്ള എല്ലാ രാഷ്ട്രീയ സാംസ്കാരിക ഏകകങ്ങളുടെയും അപചയം പരോക്ഷമായും രേഖപ്പെടുത്തുന്ന നോവലാണ് ഇത്.
സിറിയക് തോമസ്.55
ഭാര്യ സാറ 30
ഡൊമിനിക് 27
നിർമ്മല, കത്രീന, സൂസൻ ( നേഴ്സുമാർ)
ഇർവാദിസ് - നിർമ്മൽ ഭവൻ ഡയറക്ടർ
ഹരിദാസൻ - ക്ലർക്ക്
ആഗ്നസ് (മരിച്ചു പോയ ഭാര്യ)
കൃത്യമായ പേരില്ലാത്ത വൃദ്ധസദനത്തിലെ താമസക്കാർ എന്നിവ(മാത്ര)രാണ്  കഥാപാത്രങ്ങൾ.

      നായകന്റെ പേരുതന്നെ ചുരുക്കം സ്ഥലത്തേ പറയുന്നുള്ളൂ. വായനയിൽ ഓരോ വായനക്കാരനും സ്വയം സിറിയക്കായിമാറ്റപ്പെടുന്നു. സ്വന്തം പ്രവൃത്തിയിലെ ശരിതെറ്റുകളോ അസമീക്ഷകളോ മാത്രമായി വായനക്കാരന്റെ ജൈവപരിസരത്ത് നോവൽ സ്പന്ദിച്ചു കൊണ്ടേ ഇരിക്കുന്നു.
        അൻപത്തിമൂന്നാമത്തെ വയസിൽ 28 കാരി സുന്ദരിയെ വിവാഹം കഴിക്കുന്ന വിഭാര്യനും അതിസമ്പന്നനും ഏകനുമായ നായകൻ.വിവാഹച്ചതിയിലൂടെ ധനികന്റെ സ്വത്ത് സ്വന്തമാക്കി അയാളെ വൃദ്ധസദനത്തിലാക്കി, സ്വന്തം പ്രണയം സുന്ദരമാക്കുന്ന സ്ത്രീ.സാമൂഹ്യ സേവനംമറയാക്കി ധനം സമ്പാദിക്കുന്ന വ്യവസായി. ഒദ്യോഗിക ആവശ്യത്തിന് ഗർഭനിരോധനംകൂടി സ്വീകരിക്കുന്ന സ്ത്രീകൾ ഇവരെ ഒരു വൃദ്ധസദനത്തിന്റെ പശ്ചാത്തലത്തിലേക്ക് പറിച്ചുനടുക മാത്രമാണ്, കൊച്ചുബാവ ചെയ്യുന്നതെന്ന് തോന്നാം. അല്ല പറയാനുള്ള കഥയുടെ കാര്യത്തിൽ ഇത്രയേ ചെയ്യുന്നുള്ളു. നായകന്റെ മാനസിക സംഘർഷത്തിന്റെ സൂക്ഷ്മാവിഷ്കാരത്തിലാണ് ബാക്കിയൊക്കെ സംഭവിക്കുന്നത്. അരനാഴികനേരത്തിൽ നാം കണ്ടരീതിയിലല്ല അതു സംഭവിക്കുന്നതെന്നു മാത്രം.

      സാധാരണഗതിയിൽ നോവൽ വായനയിൽ അനുവാചകനെ ആകർഷിക്കുന്നത്പരിണമഗുപ്തിയാണെങ്കിൽ ഇവിടെ അത്തരത്തിലൊന്ന് പ്രസക്തമല്ല. നിഗൂഹനം ചെയ്യപ്പെട്ടഒന്നുമിതിലില്ലെന്നുപറയാം. എന്നാൽ ഏതാനും ചിലത് ഉണ്ടുതാനും.

   ജോലിയും കളിയും തമ്മിലൊരു വ്യത്യാസം പറയാറില്ലെ?
പ്രവൃത്തിയുടെ ഫലമാണ് ആഹ്ലാദകാരിയെങ്കിൽ ജോലി;പ്രവൃത്തി തന്നെ എങ്കിൽ കളി, എന്ന്. ഇനിയെന്ത് എന്നറിയാനുള്ള ആകാംഷയാണ് വായനയെ നയിക്കുന്നതെങ്കിൽ നോവൽ. നോവൽ വായനയുടെ ഓരോ അണുവും രസിപ്പിക്കുന്നത് വൃദ്ധസദനം.

   ഈ നോവൽ വായിക്കാത്തവർ കുറവായിരിക്കും ,എങ്കിലും പറയട്ടെ - നാം നഷ്ടപ്പെടുത്താൻ പാടില്ലാത്ത വായനാനുഭൂതിയാണ് ഈ ജയിലിലുള്ളത്
രതീഷ് കുമാർ
🌾🌾🌾🌾🌾