17-11-18


എന്നെ തല്ലിക്കൊല്ലുമ്പോൾ
എന്നെ തല്ലിക്കൊല്ലുമ്പോൾ
കുറഞ്ഞത് എന്റെ ഭാഷയെങ്കിലും
നിങ്ങളറിഞ്ഞിരിക്കണം.
എങ്കിൽ മാത്രമേ,
പ്രാണനു വേണ്ടിയലറി വിളിക്കുന്നതിനിടയിൽ
ഞാൻ വിഴുങ്ങിപ്പോയ വാക്കുകളെ
നിങ്ങൾക്കു പൂരിപ്പിക്കാനാകൂ.,...
എന്നെ നിലത്തുരുട്ടുമ്പോൾ,
എന്റെ വലം കൈ ഞെരിച്ചമർത്തുമ്പോൾ
അതിലെ തഴമ്പുകളുടെ ആഴം
നിങ്ങളറിഞ്ഞിരിക്കണം.
എന്നാൽ മാത്രമേ ,
ശേഷിയറ്റിട്ടും, കുറേയേറെ
നിലനില്പുകൾക്കു വേണ്ടിയാണവ
ചലിക്കാൻ വെമ്പുന്നതെന്ന്
നിങ്ങൾക്കു മനസ്സിലാക്കാനാകൂ --- '
എന്റെയൊറ്റമുണ്ട് വലിച്ചു കീറുമ്പോൾ
എന്റെ നഗ്നതയുടെ നിർവികാരത
നിങ്ങളറിഞ്ഞിരിക്കണം -
എന്നാൽ മാത്രമേ ,
അടിവസ്ത്രമില്ലാത്തവന്റെ വിയർപ്പിന്
കയ്പു രുചിയാണെന്ന്
നിങ്ങളറിയുകയുള്ളൂ .....
എന്നെ കുഴിച്ചുമൂടുമ്പോൾ
ഞാൻ മരിച്ചെന്ന്
നിങ്ങളുറപ്പു വരുത്തിയിരിക്കണം.
നിങ്ങളൊന്നിച്ചാണെന്നും,
ഞാനൊറ്റയ്ക്കാണെന്നും
നിങ്ങളുറപ്പിച്ചിരിക്കണം.
എന്നാൽ മാത്രമേ,
ഒടുക്കത്തെ മൺ തരിയുമിട്ട്,
നിങ്ങൾ തിരിഞ്ഞു നടക്കുമ്പോൾ,
വലിച്ചെടുക്കാൻ മറന്ന അവസാന ശ്വാസം
ഞാൻ ശാന്തനായി,
സുദീർഘമായി,
കുഴിക്കടിയിൽ നിന്ന് വലിച്ചെടുക്കുന്നത്
നിങ്ങൾക്കറിയാതിരിക്കാനാകൂ....!
പുണ്യ. സി.ആർ.
ഗവ: വിക്ടോറിയ കോളേജ് , പാലക്കാട്
*********************

അവസാനത്തെ വണ്ടി
ഇതുവരെ കടന്നു പോയിട്ടില്ല
ഏതോ സ്റ്റേഷനിൽ
ആരോ പിടിച്ചിട്ടതായിരിക്കും
രാത്രിവണ്ടിയിൽ
ടിക്കറ്റില്ലാതെ കയറിയ തണുപ്പ് എവിടെയുമിരിക്കാതെ
വാതിൽക്കൽ നിൽക്കുന്നുണ്ടാവും
ജനനത്തിൽ തുടങ്ങി
മരണത്തിലേയ്ക്ക് പോകുന്ന വണ്ടി
അൽപ്പസമയത്തിനുള്ളിൽ
അഞ്ചാം നമ്പർ
പ്ലാറ്റ്‌ഫോമിലെത്തുമെന്ന്
മുന്നറിയിപ്പുകാരി
മൂന്നു ഭാഷകളിലും
പറഞ്ഞുതീരും മുൻപ്
തലച്ചോറിൽ നിന്നിറങ്ങി
മനസ്സിലേക്ക് പോകാൻ
കാത്തുനിൽക്കുന്നവർ
പരസ്പരം നോക്കും
ഒറ്റയ്ക്കെത്തുമെന്നുറപ്പുള്ള
അവസാനത്തെ വണ്ടി
ഇതുവരെ കടന്നുപോയിട്ടില്ല..
അസീസ് ഇബ്രാഹിം
*********************

റീചാർജ്ജുകൾ
കുഞ്ഞിനു പാൽ
റീചാർജ്ജ് ചെയ്യാതെ
അമ്മത്തൊഴിലാളി
ഡാറ്റ റീചാർജ് ചെയ്തു.
മീശ വളർന്ന കാലമവൻ
ഫോൺ മുതലാളിയായി..!
കിടക്കപ്പായിലെ
അമ്മ തൊഴിലാളി തൻ
വരണ്ട ചുണ്ടിൽ
ഒരിറ്റു തീർത്ഥജലം
റീചാർജ്ജ് ചെയ്യാൻ
അവൻ ഇന്ന്
കൊട്ടേഷൻ ക്ഷണിച്ചത്രെ !
ശാന്തി പാട്ടത്തിൽ

 *********************
ആട്പുലിയാട്ടം 
ഇടയന്‍ നന്ദി പറയേണ്ടത് പുലിയോടാണ്.
പുലിയെപ്പേടിച്ചിട്ടാണ്
ആടുകള്‍
അയാളെ പറ്റിച്ച്
വെറെ വഴിക്കു പോകാത്തത്
പുലര്‍ച്ചെ
ഉറക്കച്ചടവോടെ
തെളിച്ചുകൊണ്ടുപോകുമ്പോള്‍
ഉച്ചയ്ക്ക് മരത്തണലിലുറങ്ങുമ്പോള്‍
സന്ധ്യക്ക് തിരികേ മടങ്ങുമ്പോള്‍.
അയാളുടെ പുറകേ നടന്ന്
ആടുകള്‍ക്ക് മടുത്തിരിക്കുന്നു.
ഒരേ നടത്തം
ഒരേ ഓമനപ്പേര്
ഒരേ തെറി
എന്തൊരു ബോറാണ് അയാളുടെ
ഓടക്കുഴല്‍വിളി.
ഈ കുന്നിന്‍ചെരിവിലുള്ളതിനേക്കാള്‍
മധുരമുള്ള പുല്ലാണ്
ആ കുന്നിന്‍ചെരിവിലുള്ളത്.
ആ കുന്നിനും
ഈ കുന്നിനും
ഇടയിലാണ് കാട്.
ആ കാട് പുലിയുടേതാണ്.
അപരാഹ്നത്തില്‍ മയങ്ങിക്കിടക്കുമ്പോള്‍
പുലി ഇടയന്‍റെ കുഴല്‍വിളി കേള്‍ക്കാറുണ്ട്.
ഇത്രയധികം ആടുകളെ
ആരാധകരായി കൊണ്ടുനടക്കുന്നതില്‍
അസൂയപ്പെട്ടിട്ടുണ്ട്.
ഉച്ചയ്ക്ക് തൊട്ടുമുന്‍പായി
പുലിയുടെ മുരള്‍ച്ച
ഇടയനും ശ്രദ്ധിച്ചിട്ടുണ്ട്.
സ്വസ്ഥമായി പുല്ലു തിന്നുനടക്കുന്ന
ആട്ടിന്‍കുട്ടികളെ നോക്കിയിരിക്കുമ്പോള്‍
തന്‍റെ നിഴലിന്‍റെ രൂപം മാറുന്നതായി
അയാള്‍ക്കും
തോന്നിയിട്ടുണ്ട്.
ഈ കഥ പറയുന്നതൊരു
നീര്‍ച്ചാലാണ്.
ഈ കുന്നില്‍നിന്നു പുറപ്പെട്ട്
കാടിനെ വലംവച്ച്
ആ കുന്നില്‍ച്ചെന്നൊടുങ്ങുന്ന പുഴ.
ആട്ടിന്‍പറ്റവും
അവരുടെ ഇടയനും
അവരെ നിയന്ത്രിക്കുന്ന
അദൃശ്യവ്യാഘ്രവും
വെള്ളം കുടിക്കാനിറങ്ങുന്ന
അതേ പുഴ.
മോഹനകൃഷ്ണന്‍ കാലടി 
*********************

കടലാസുതോണി
മകളേ നിനക്കെന്തു നൽകുവാനതിരുകൾ
മായ്ച്ചു ഞാൻ കാത്തൊരാകാശമെന്യേ...
ചിറകുകൾ തുന്നിനിന്നമ്മ മെയ്ചേർത്തൊരാ
പൂക്കൾ നിറഞ്ഞ കുപ്പായമെന്യേ...
മതിയാകുവോളമുറങ്ങാൻ... കളിക്കുവാൻ
മൗനങ്ങളിൽ പാട്ടു ചൂട്ടുകെട്ടാൻ ...
കഥകളും കവിതയും നിറയുമീ തൊടികളിൽ
കിളികളെ നോക്കി മടിച്ചിരിക്കാൻ ..
പരൽമീനുരുമ്മുമ്പൊഴിക്കിളിക്കൊണ്ടേ കു-
തിച്ചു നീന്താൻ കളിക്കൂട്ടിരിക്കാം .
പൂരങ്ങൾ കാവു കേറും കാലമീ വിരൽ
ത്തുമ്പിന്റെ കാവലിൽ ആർത്തലക്കാം
ബാല്യകൗമാരങ്ങളതിരുകൾ വെക്കാത്ത
പറവതൻ ജന്മം നിനക്കു നൽകാം ..
ഒരുവേള മറുവീടു പൂകുമ്പൊഴീക്കണ്ട
പലതും കിനാക്കളായ് മാറിയാലോ ...
ചക്കയല്ലാ ചൂന്നു നോക്കുവാനെന്നമ്മ
പണ്ടേ പറഞ്ഞതീയുളളിലില്ലേ...
മോഹങ്ങളിൽ കൂട്ടുകൂടുവാനുളളിന്റെ
യാഴങ്ങളുള്ളൊരാൾ ഭാഗ്യമല്ലേ ..
അതു നിന്നിലെത്തുന്ന കാലം വരെ നിന്റെ
ചിറകിന്നു കാവലായ് ഞാനിരിക്കാം ...
കാൽപ്പെട്ടിയറകളിൽ പല നിറം പൂണ്ടൊരാ
സ്മൃതി വളപ്പൊട്ടുകൾ കൂട്ടിവെക്കാം...
ഒരു നാളിൽ വാക്കുകൾക്കതിരിട്ടു നിന്നിലെ
മൗനങ്ങളുണരാതിരുന്നുവെങ്കിൽ ...
അതിവേഗമോടേണ്ട വഴികളിൽ  നീ തനി -
ച്ചാവാതെ നോക്കാൻ കഴിഞ്ഞുവെങ്കിൽ..
ഒരു മഴക്കപ്പുറമിറവെള്ളമിറ്റുന്ന
കാഴ്ചയിൽ ചിന്തതൻ തുള്ളി വീഴ്കെ
ഒരു കുഞ്ഞു തോണിയിറക്കുന്നിവൾ ഇറ
വെള്ളത്തിലോ ഹൃദയതീരത്തിലോ ....
പ്രമോദ് കുറുവാന്തൊടി
*********************

പ്രിയമുള്ളവനെ.
ഞാൻ പ്രണയം പഠിച്ചു കഴിഞ്ഞിരിക്കുന്നു. ...
നീയായിരുന്നുവല്ലോ എന്റെ പാഠശാല...
നിന്റെ ഇളം ചൂടുള്ള നിശ്വാസം കടൽക്കാറ്റിന്റെ ഗതിവേഗങ്ങൾ പോലെ എനിക്ക് പരിചിതം ..
ക്ഷീണിതങ്ങളായ നിന്റെ കണ്ണുകൾ, അജ്ഞാതങ്ങളായ വൻകരകളെ എന്നോടടുപ്പിക്കുന്നു ..
നോക്കൂ, നോവുകളെ നക്ഷത്രങ്ങളാക്കുന്ന  രാസവിദ്യ ഞാൻ ശീലിച്ചു കഴിഞ്ഞിരിക്കുന്നു.
ഉപാധികളില്ലാതെ  സ്നേഹിക്കുവാനും ,
ഏകാകിയായ പാട്ടുകാരാ , നിന്നിൽ നിന്നിവൾ പഠിച്ചു കഴിഞ്ഞു .
നീയൊരു മഹാകാവ്യം ,
ഞാനതിന്റെ അക്ഷരമാലകളെണ്ണുന്നവൾ ..
ഉത്തരങ്ങളെയും കാക്കത്തൊള്ളായിരം  ചോദ്യങ്ങളെയും ഞാനിതാ മാറ്റിവയ്ക്കുന്നു .
ഓർമ്മപ്പുസ്തകത്തിന്റെ അവസാന താളിലും  നിന്നെ എഴുതിച്ചേർക്കുന്നു.
മൗനങ്ങളെപ്പോലും ഹൃദയരാഗങ്ങളാക്കുന്നവനേ ..
അത്രമേൽ പ്രിയതരമായതിനാൽത്തന്നെ  ,
എനിക്കിനി നിന്നിൽ നിന്ന് അവധിയില്ല ..
ഷീലാ റാണി
*********************

വൃശ്ചികം
എനിക്ക് വൃശ്ചികം
മഞ്ഞുമൂടിയ പാടങ്ങളാണ്
പാടത്തിനക്കരെ നിന്ന്
നാലരവെളുപ്പിന്
ഒഴുകിയെത്തിയ
അയ്യപ്പഭക്തിഗാനങ്ങളാണ്
നിർമ്മാല്യം തൊഴാൻപോകാൻ
എന്നെ വിളിച്ചുണർത്തിയ
കൂട്ടുകാരികളാണ്.
തണുത്ത് വിറച്ചിട്ടും
അമ്പലക്കുളത്തിൽ
മുങ്ങി നിവർന്നുവന്നുതൊഴുത
 നിർമ്മാല്യങ്ങളാണ്
മഞ്ഞിറ്റു വീഴുന്ന സന്ധ്യയ്ക്ക്
കൂട്ടുകാരോടൊത്ത്
വാശിക്ക് തെളിയിച്ച
അമ്പലവിളക്കുകളാണ്
സന്ധ്യാ പൂജയ്ക്ക്
പൂവിറുക്കാൻ
ഞങ്ങളലഞ്ഞ
അരളിക്കാടുകളാണ്
പൊട്ടിച്ചിതറിയ
നാളികേര കഷണങ്ങൾക്കായ്
കലപിലകൂട്ടിയ
അമ്പലമുറ്റമാണ്
അവലും മലരും
പായസവും നോക്കിയിരുന്ന്
ഭജന ചൊല്ലിയ
വൈകുന്നേരങ്ങളാണ്
രാത്രി ഞങ്ങൾ
കൂട്ടുകാരികളുമൊത്ത്
ശരണം വിളിച്ച്
തിരിച്ചു നടന്ന
പാടവരമ്പുകളാണ്
പക്ഷേ
എന്റെ മക്കൾക്ക്
വൃശ്ചികമൊരു
ഹർത്താലുകാലമായിരിക്കും
ശരണം വിളി
അവർക്കൊരു
കൂക്കിവിളിയാവും
ദൈവങ്ങളവർക്ക്
കോമാളികളായിരിക്കും
വെറുത്തുകൊള്ളട്ടെയവർ
വിശ്വാസികളെ കൊത്തിപ്പറക്കാൻ
കഴുകന്മാർ വട്ടമിട്ടു
പറക്കുന്നൊരു ലോകത്ത്,
തമ്മിലിടിപ്പിച്ച് ചോര കുടിക്കാൻ
കുറുക്കന്മാർ
പതിയിരിക്കുന്നോരു ലോകത്ത്,
മുപ്പത്തിമുക്കോടി
ദൈവങ്ങളേയുമവർ
വെറുത്തു കൊള്ളട്ടെ
മനുഷ്യനെ മനുഷ്യനായ്
സ്നേഹിച്ചിടട്ടെയവർ
ലാലു കെ ആർ
*********************

അഭിമന്യു
ഇവൻ അഭിമന്യു
മുറിഞ്ഞ വിദ്യ നേടിയവൻ
കരളിന്റെ ഞാണൊലി അറിഞ്ഞവൻ
ദിഗംബരം ഭേദിച്ചവൻ
ഇളം മൊട്ടിൽ
കരിഞ്ഞു പോയവൻ
ഗതിയില്ലാതലയും
ആത്മാവിൻ നോവുകളെ
വിറകൊള്ളിച്ചവൻ
നവജീവനിൽ
തുടിപ്പേകാൻ
അറിവിന്റെ ദീപം
തെളിയിച്ചവൻ
നിലാവിൻ മൃദുസ്വനങ്ങളെ
തൊട്ടറിഞ്ഞവൻ
ഇതു നീയോ'...?
പത്മവ്യൂഹത്തിൻ
ഹിമപാളിയിൽ
നിന്നിറങ്ങാൻ കഴിയാതെ
കമ്പളം പുതച്ച്
ചുമന്നിറങ്ങിയത് :...?
ഇരുട്ടിനെ തടവറയാക്കി
അഭിനവ മാരീചന്മാർ
ഹൃദയകവാടത്തിൽ
കൊത്തിവലിക്കും കഴുകുകൾ
വിരൽപ്പാടകലെ മാറ്റി നിറുത്തി
ചരിത്രത്തിലിടം തേടും
കിളുന്തുസ്വപ്നങ്ങളെ ''..
കടലാസിലലയും കാലമിനിയും
കാത്തിരിക്കുന്നു
നിൻ
കരുത്തേകും കാലൊച്ചകൾക്കായ് -
*********************

ഏഴഴക്
"അമ്മേ "യെന്നു ള്ളൊരു വിങ്ങും വിളിയോടെ
എൻമകൾ തേങ്ങി വിതുമ്പി നിന്നു,,,,,
എന്തേ എന്നാകുലപ്പെട്ടു ഞാൻ
വേവോടെ,, നെഞ്ചോടു ചേർത്തെന്റെ പെൺകുഞ്ഞിനെ,,,,
കൂട്ടുകാരെന്റെ കറുപ്പിനെ ചൊല്ലിയിന്നേറ്റം
കളിയാക്കി എന്നെയമ്മേ,,,
കെട്ടി പിടിച്ചു ഞാൻ പൊട്ടിച്ചിരിച്ചോതി,,,
പൊട്ടിക്കുരുന്നേ നീ തേങ്ങിടാതെ,,,,
അമ്മ കറുപ്പാണ്,, അച്ഛ നൂ മങ്ങനെ,,,
ഞങ്ങൾ ചിരപ്പതു കാണുമോളേ,,,
ഏഴഴകാണുകറുപ്പിന് നിൻ ചന്തം
ഈ കറുപ്പിന്റെ കറുപ്പു തന്നെ
അമ്മയെ നോക്കു നീ എന്നേലും ,,,, ഞാനീ കറുപ്പിനെ
തള്ളി പറഞ്ഞിട്ടുണ്ടോ?
നിങ്ങളീ മണ്ണിന്റെ പൊൻ മക്കൾ,,,നാളെയീ നാടിന്റെ നായകരായ് മാറേണ്ടോർ,,,,,
എന്റെ വാദങ്ങളിൽ മോളുടെ കണ്ണീരിനൊട്ടും കുറവതു വന്നതില്ല,,,,
മെല്ലെ ചിണുങ്ങിയെൻ തോളിൽ
തല ചായ്ചു,,,, മന്ദമവൾ  മൊഴിഞ്ഞിത്ര മാത്രം
അമ്മയിനികറുത്താലോനരച്ചാലോ
അമ്മയെ ആരിനി നോക്കിടാനാ?
എന്നാലോ ഞാനോ എന്നമ്മേ പതിനേഴിൽ
ചന്തം കുറഞ്ഞാലാരെന്നെ നോക്കും?🤪
ഈവാക്കു കേട്ടു ഞാൻ വാ പൂട്ടി നിന്നു പോയ്,,,,
പിന്നൊന്നും ചൊല്ലുവാനില്ല തന്നെ,,,,,🤣
ശ്രീലാ അനിൽ
*********************