17-09-19

🎨🎨🎨🎨🎨🎨🎨🎨🎨🎨
ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം
🎨🎨🎨🎨🎨🎨🎨🎨🎨🎨
ഓർമ്മയിൽ നിന്നും കുഞ്ഞു കാൻവാസിലേക്ക്  ദൃശ്യങ്ങൾ അതേപടി പകർത്തുന്ന ... കഥകളിൽ മാത്രം കേട്ടു പരിചയിച്ച പലതും അതിനേക്കാൾ മിഴിവോടെ വരച്ച... .. ചുരുങ്ങിയ ആയുസ്സിനുള്ളിൽ 25000ത്തിലധികം ചിത്രങ്ങൾ വരച്ച് നമ്മുടെ യെല്ലാം ഹൃദയത്തിൽ ജീവിക്കുന്ന .... നിറങ്ങളുടെ രാജകുമാരൻ ...ഓർമ്മ വരുന്നുണ്ടോ ആ രാജകുമാരനെ?
അതെ, ക്ലിന്റ് 🙏🙏🙏_ എഡ്മണ്ട് തോമസ് ക്ലിന്റ് _ഉത്സവങ്ങളും ആഘോഷങ്ങളും എറെ ഇഷ്ടപ്പെട്ടിരുന്ന നമ്മുടെ പ്രിയ ക്ലിൻറ്.... വൃക്കരോഗം ബാധിച്ച് ഭൂലോകവാസം വെടിയുമ്പോൾ നമുക്കായി വരച്ചു തീർത്തത് ഇരുപത്തയ്യായിരത്തോളം ചിത്രങ്ങൾ....

ക്ലിന്റ്

ജീവിതരേഖ
〰〰〰〰〰
എം.ടി.ജോസഫ് - ചിന്നമ്മ ദമ്പതികളുടെ ഏകമകനായി 1976 മെയ് 19നാണ് ക്ലിന്റ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന എഡ്മണ്ട് തോമസ് ക്ലിന്റ് ജനിച്ചത്. തിരിച്ചറിവിന്റെ പ്രായം തൊട്ടേ വരകളുടെ ലോകത്തായിരുന്നു ക്ലിന്റ്. ഉത്സവങ്ങളെയും ആഘോഷങ്ങളേയും  ഏറെ ഇഷ്ടപ്പെട്ടിരുന്ന ക്ലിന്റിന് ആ മനോഹര കാഴ്ചകളെ കാൻവാസിലേക്ക് പകർത്താൻ ഒരു പാട് ഇഷ്ടമായിരുന്നു. നിരവധി വർഷങ്ങളുടെ തപസ്യ കൊണ്ടു മാത്രം ഒരു വ്യക്തിക്ക് നേടാൻ കഴിയുന്ന ചിത്രകലാ സംബന്ധിയായ അറിവുകൾ ഒരു കുഞ്ഞിന് പ്രത്യേക പരിശീലനം കൂടാതെ ലഭിക്കുക എന്നത് അത്ഭുതകരം തന്നെ. വെറും 2522 ദിവസത്തെ ആയുസ്സിനിടയിൽ 25000 ത്തോളം ചിത്രങ്ങളാണ് ക്ലിൻറ് വരച്ചത്.ഗുരുതരമായ വൃക്കത്തകരാറു മൂലം 1983 ഏപ്രിൽ 15 ന് വിഷുദിനത്തിൽ ക്ലിന്റ് അന്തരിച്ചു.
എവറസ്റ്റ് കീഴടക്കിയ എഡ്മണ്ട് ഹിലാരിയുടെയും ഹോളിവുഡ് താരം ക്ലിന്റ് ഈസ്റ്റ് വുഡിന്റെയും പേരുകളെ മുത്തച്ഛന്റെ പേരുമായി ചേർത്തിണക്കി  മാതാപിതാക്കൾ പേരിട്ട  എഡ്മണ്ട് തോമസ് ക്ലിന്റ് എന്ന അത്ഭുത ബാലൻ കീഴടക്കിയത് ജനകോടികളുടെ ഹൃദയമാണ്. ക്ലിന്റിനെക്കുറിച്ച് ശിവകുമാർ തയ്യാറാക്കിയ ഡോക്യുമെൻററി ആംസ്റ്റർഡാം ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച സമയത്ത് ക്ലിന്റിന്റെ പേരിനു കാരണക്കാരനായ ക്ലിന്റ് ഈസ്റ്റ് വുഡ് ഈ ചിത്രം കാണുകയുണ്ടായി.. അദ്ദേഹം തന്റെ ഫോട്ടോയുടെ ചുവടെ "എന്റെ പേരുള്ള നിങ്ങളുടെ മകന്റെ വിയോഗത്തിൽ അഗാധമായ സങ്കടമെന്ന്.." എഴുതി തന്റെ കയ്യൊപ്പിട്ട് ക്ലിന്റിന്റെ മാതാവിതാക്കൾക്ക് അയച്ചു കൊടുത്തു. ക്ലിന്റ് എന്ന പ്രതിഭയോടുള്ള ആദരസൂചകമായി നിരവധി സംസ്ക്കാരിക പ്രവർത്തകരും, സാധാരണക്കാരും ആ കാലത്ത് മക്കൾക്ക് ക്ലിന്റ് എന്ന പേരിട്ടു.... എറണാകുളത്ത് ക്ലിന്റിന്റെ പേരിൽ ഒരു റോഡുമുണ്ട്. ക്ലിൻറിന്റെ ജീവചരിത്രം ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.ഹരികുമാർ സംവിധാനം ചെയ്ത ക്ലിന്റ് സിനിമ  ആ പ്രതിഭയ്ക്കുള്ള ഉചിതമായ ആദരാഞ്ജലി  തന്നെയാണ്🙏.
നോക്കി വരയ്ക്കുന്ന ശീലം ക്ലിന്റിന് ഉണ്ടായിരുന്നില്ല.ഇതിനൊരു ഉദാഹരണമാണ് മുച്ചിലോട്ട് ഭഗവതിയുടെ ചിത്രം..ഒരിക്കല്‍ ക്ലിന്റ് അച്ഛൻ ജോസഫിന്റെ കോഴിക്കോടുള്ള സുഹൃത്തിന്റെ വീട്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയം. കോഴിക്കോടു നിന്നു കൊയിലാണ്ടിയിലേക്ക് വാഹനത്തിൽ യാത്ര ചെയ്യമ്പോള്‍ വഴിയില്‍ ക്ലിന്റ് യാത്ര ചെയ്ത വാഹനം  കുറച്ചു നേരം പിടിച്ചിട്ടു. മുച്ചിലോട്ട് ഭഗവതിയുടെ തെയ്യം നടക്കുന്ന തിരക്കുകൊണ്ടായിരുന്നു പിടിച്ചിട്ടത്. ഉടന്‍ തന്നെ വാഹനം കടന്നുപോയി. പിന്നീട് രണ്ടു മാസങ്ങള്‍ക്കു ശേഷം ക്ലിന്റ് മുച്ചിലോട്ടു ഭഗവതി തെയ്യത്തിന്റെ മനോഹരചിത്രം വരച്ചു. നിറങ്ങളുടെ സമന്വയവും പൂര്‍ണതയും ആറുവയസുകാരനില്‍ നിന്ന് പ്രതീക്ഷിക്കുന്നതിലും വലുതായിരുന്നു. ആ ചിത്രം അത്രയും പൂര്‍ണ്ണതയോടെ വരയ്ക്കാന്‍ എത്ര സൂക്ഷ്മനിരീക്ഷണം നടത്തിയാലും ആ പ്രായത്തിലെ ഒരു കുട്ടിയ്ക്ക് കഴിയുമോ എന്നത് ഇന്നും അത്ഭുതമാണ്.

    ക്ലിന്റിനെക്കുറിച്ച് എപ്പോൾ ഓർത്താലും മുച്ചിലോട്ട് ഭഗവതിത്തെയ്യത്തിന്റെ രൂപവും മനസ്സിൽ തെളിയും. ഒരു പക്ഷേ നിങ്ങൾക്കുമറിയാമായിരിക്കും മുച്ചിലോട്ട് ഭഗവതിയുടെ ചിത്രവും ക്ലിന്റിന്റെ  മരണവും ചേർത്തു വന്ന വാർത്ത👇👇.(വാർത്തയ്ക്കും കഥകൾക്കുമപ്പുറം  ക്ലിന്റ് എന്ന അസാമാന്യ പ്രതിഭാശാലിയുടെ കഴിവിനെ നമുക്കീ ചിത്രത്തിൽ കാണാം)

മുച്ചിലോട്ട് ഭഗവതി

മുച്ചിലോട്ട് ഭഗവതി
ക്ളിന്റിന്റെ മാതാപിതാക്കൾ കണ്ണൂരിൽ ക്ളിന്റിന്റെ ചിത്രപ്രദർശനം നടത്തുകയായിരുന്നു. പയ്യന്നൂരിലെ ഒരു പ്രശസ്തനായ തെയ്യം കലാകാരൻ അല്പം നേരം പ്രദർശനത്തിൽ പങ്കെടുക്കാൻ വേണ്ടി ടൗണ്‍ ഹാളിലേക്ക് കയറി. ചിത്രങ്ങൾ ഓരോന്നും ആസ്വദിച്ചു കൊണ്ട് മുന്നോട്ടു നടന്ന അദ്ദേഹം പൊടുന്നനെ ഒരു ചിത്രത്തിന്റെ മുന്നിലെത്തിയപ്പോൾ അവിടെത്തന്നെ നിന്നു....

മുച്ചിലോട്ടു ഭഗവതിയുടെ(മലബാറിലെ കാവുകളിൽ കെട്ടിയാടുന്ന ദേവിയുടെ രൂപം)ചിത്രമായിരുന്നു അത്. ഒരുപാട് സമയം ആ ചിത്രം തന്നെ നോക്കി നിന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് ക്ളിന്റിന്റെ പിതാവ് നടന്നെത്തി. എന്നിട്ട് അദ്ദേഹത്തോട് ചോദിച്ചു അങ്ങേന്താണ് ഈ ചിത്രം തന്നെ നോക്കി നില്കുന്നത്?. അദ്ദേഹം ചോദിച്ചത് ഒരു മറു ചോദ്യമാണ് ആരാണ് ഈ ചിത്രം വരച്ചത് ?.

 ക്ലിന്റ് - നിറങ്ങളുടെ രാജകുമാരൻ
എന്റെ മകനാണ് ക്ളിന്റിന്റെ പിതാവ് മറുപടി നല്കി. തെയ്യം കലാകാരൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു. അപ്പോൾ ക്ളിന്റിന്റെ പിതാവ് പറഞ്ഞു അവൻ കുറച്ചു കാലം മുന്നേ മരിച്ചു പോയി. അപ്പോൾ ആ തെയ്യം കലാകാരൻ പറഞ്ഞു ദൈവത്തിന്റെ കോലം കെട്ടുന്ന ആരും ദൈവത്തിന്റെ രൂപത്തിൽ പൂർണത വരുത്താറില്ല. എന്തെങ്കിലും ആഭരണത്തിലോ ചമയത്തിലോ മറ്റോ ആയി എന്തെങ്കിലും ഒഴിച്ചിടും. പൂർണമായത് ഈശ്വരൻ മാത്രമാണ് എന്നാണ് വിശ്വാസം. പൂർണമാക്കിയാൽ പിന്നെ അവൻ ഈ ഭൂമിയിലെ വാസം മതിയാക്കി ഈശ്വരന്റെ അടുത്തേക്ക് പോകും എന്നാണ് സങ്കൽപം. ഈ ചിത്രത്തിൽ മുച്ചിലോട്ടു ഭഗവതിയുടെ ചിത്രം പൂർണമാണ്. ചമയങ്ങളും ആഭരണങ്ങളും ഒന്നും തന്നെ കുറവില്ല. എല്ലാം തികഞ്ഞ ദേവി സങ്കൽപം. ക്ലിന്റിന്റെ പിതാവിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീർ താഴെ വീണു. അദ്ദേഹം ഒന്നും പറയാതെ തിരിഞ്ഞു നടന്നു.
(കടപ്പാട്__വാർത്താജാലകം)

അമ്മേ, ഞാന്‍ മരിക്കുമ്പോള്‍ നിങ്ങളെന്റെ ചിത്രങ്ങള്‍ നശിപ്പിക്കരുത്'
(കെ.എൻ.ഷാജി 2017 ആഗസ്റ്റ്11ന് എഴുതിയ ലേഖനം👇👇)
ക്ലിന്റ് എന്നൊരു കുട്ടിയുണ്ടായിരുന്നു. ചിത്രകലയിൽ അസാധാരണ പ്രതിഭ. കുറഞ്ഞ ദിവസത്തെ ഭൂമിയിലെ വാസത്തിനിടയിൽ ഇരുപത്തയ്യായിരം ചിത്രങ്ങൾ വരച്ച് ആ കുരുന്നുമാലാഖ ഭൂമിയിൽ നിന്ന് മടങ്ങി. ആ വിയോഗം മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടു. പക്ഷേ, ക്ലിന്റ് വീണ്ടും ഉയിർത്തെഴുന്നേറ്റു-അമ്മു നായർ എഴുതിയ 'എ ബ്രീഫ് അവർ ഓഫ് ബ്യൂട്ടി' എന്ന പുസ്തകത്തിലൂടെ. ഇത് കേവലം ഒരു ജീവചരിത്ര ഗ്രന്ഥമല്ല. ക്ലിന്റിന്റെ സമപ്രായക്കാരിയും ബാല്യകാലസുഹൃത്തുമായ അമ്മു, ക്ലിന്റിന് സമർപ്പിക്കുന്ന തിലോദകം. താരതമ്യങ്ങളില്ലാത്ത ഒരു മൗലികരചന.
കാവ്യാത്മകമായ ഭാഷയിൽ, അർഥദീർഘമായ ആ ഹ്രസ്വജീവിതത്തിലെ ഓരോ സംഭവങ്ങളും തന്മയത്വത്തോടെ, വികാരാർദ്രമായി സന്നിവേശിപ്പിച്ചിരിക്കുന്ന അപൂർവമായ ഒരു വായനാനുഭവമാണ് ഈ പുസ്തകം. മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ അഭിപ്രായപ്പെട്ടതിങ്ങനെ: ''ക്ലിന്റിന് വാക്കുകളിൽ നിർമിച്ച ഒരു നിതാന്തസ്മാരകമാണ്,എ ബ്രീഫ് അവർ ഓഫ് ബ്യൂട്ടി''
1976 മെയ് 19-ന് എം.ടി. ജോസഫിന്റെയും ചിന്നമ്മയുടെയും ഏകപുത്രനായി എഡ്മണ്ട് തോമസ് ക്ലിന്റ് കൊച്ചിയിൽ ജനിച്ചു. 1983 ഏപ്രിൽ 15-ന് അകാലത്തിൽ പൊലിഞ്ഞു. ആറാമത്തെ മാസം, കമിഴ്ന്നുകിടന്ന് വട്ടത്തിൽ കറങ്ങിക്കൊണ്ട് അവൻ നിലത്തുകിടന്ന ഇഷ്ടികക്കഷ്ണംകൊണ്ട് ഒരു വൃത്തംവരച്ചു -ആദ്യത്തെ ചിത്രം. തുടർന്ന്, ചോക്കും ചാർക്കോളും പെൻസിലും ക്രേയാൺസും വാട്ടർ കളറും എണ്ണച്ചായവും ഉപയോഗിച്ച് എത്രയോ അനശ്വരചിത്രങ്ങൾ! മൂന്നാം വയസ്സിൽ കിഡ്നിയെ ബാധിച്ച മാരകരോഗം ഏഴാം വയസ്സിൽ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുംവരെ അവൻ വരച്ചുകൊണ്ടേയിരുന്നു.
അവസാന ചിത്രം ഒരു തെയ്യത്തിന്റേതായിരുന്നു - മുച്ചിലോട്ട് ഭഗവതി. പൂർണവും പക്വവുമാർന്ന ഒരു ഗംഭീരസൃഷ്ടി. വളരെക്കാലം കഴിഞ്ഞ്, ഒരു പ്രദർശനത്തിൽ ഈ ചിത്രം കണ്ട ഒരു തെയ്യം കലാകാരൻ ചോദിച്ചു: ''ഇത് വരച്ച ആൾ ജീവിച്ചിരിപ്പുണ്ടോ?'' ഇല്ലെന്നറിഞ്ഞപ്പോൾ അയാൾ പറഞ്ഞു: ''മുച്ചിലോട്ട് ഭഗവതിയുടെ മുഖത്തെഴുത്ത് ഞങ്ങൾ അപൂർണമാക്കിവിടും. കാരണം, അത് പൂർത്തിയാക്കിയാൽ ആ കലാകാരന് മരണമായിരിക്കും സംഭവിക്കുക. അത് ഞങ്ങളുടെ പരമ്പരാഗത വിശ്വാസമാണ്!''
ക്ലിന്റിന് അറംപറ്റിയോ?
ഒരിക്കൽ സുപ്രസിദ്ധ സാഹിത്യകാരൻ ഒ.വി. വിജയൻ, ജോസഫിന്റെ ക്വാർട്ടേഴ്സിൽ വന്നു. ക്ലിന്റിന്റെ ചിത്രങ്ങൾ നേരിട്ടുകണ്ട് അദ്ദേഹം ആശ്ചര്യഭരിതനായി. മടങ്ങുംമുമ്പ്, യുക്തിരഹിതമായ വിധിയുടെ ബലിയാടുകളായ മാതാപിതാക്കളോട് തന്റെ ദുർബലമായ സ്വരത്തിൽ, വിജയൻ പറഞ്ഞു. ''ഈശ്വരന്റെ ഇംഗിതം നിർബാധം നിറവേറുന്നു.''
''അങ്ങ് ഈശ്വരനിൽ വിശ്വസിക്കുന്നുണ്ടോ?'', ജോസഫ് ചോദിച്ചു. ''വിശ്വസിക്കാൻ മറ്റൊന്നുമില്ലാത്തതിനാൽ...'' നിരാനന്ദത്തിന്റെ ചിരിയോടെ വിജയന്റെ മറുപടി.
വൈലോപ്പിള്ളി പാടി:
''വാക്കുകൾ കൂട്ടിച്ചൊല്ലാൻ
വയ്യാത്ത കിടാങ്ങളേ,
ദീർഘദർശനം ചെയ്യും
ദൈവജ്ഞരല്ലോ നിങ്ങൾ!''
1983. പെസഹ വ്യാഴാഴ്ച. ക്ലിന്റ് റേഡിയോയിലൂടെ പ്രശസ്തമായ ആ പാട്ടുകേട്ടു:
'സമയമാം രഥത്തിൽ ഞാൻ
സ്വർഗയാത്ര ചെയ്യുന്നു...
എൻസ്വദേശം കാൺമതിനായ്
ഞാൻ തനിയേ പോകുന്നു...'
''എന്താണിതിന്റെ അർഥം?'' ക്ലിന്റ് ചോദിച്ചു.
അച്ഛൻ ജോസഫ് അത് വിവരിച്ചു. ''മരിച്ചവരെല്ലാം സ്വർഗത്തിൽ പോകുമോ?'' ക്ലിന്റ് ചോദിച്ചു.
ദുഃഖവെള്ളിയാഴ്ച
അടുത്തുള്ള പെരുമാനൂർ പള്ളിയിൽ ക്ലിന്റ് മാതാപിതാക്കൾക്കൊപ്പം പോയി. ക്രിസ്തുവിന്റെ ക്രൂശിതശരീരം വഹിച്ച വാഹനഘോഷയാത്രയിൽ അവർ പങ്കുകൊണ്ടു. ക്ലിന്റ് അച്ഛന്റെ ചെവിയിൽ പറഞ്ഞു. ''പപ്പാ, എനിക്ക് തിരുമുറിവുകൾ കാണണം''. ജോസഫ് അവനെ ഉയർത്തി അതുകാണിച്ചു. രക്ഷകന്റെ രക്തമൊഴുകുന്ന മുഖം അവൻ നോക്കി. മുൾക്കിരീടംകൊണ്ട് മുറിവേറ്റ തിരുനെറ്റി കണ്ടു. ഭടന്മാരുടെ കുന്തംകൊണ്ട് പിളർന്ന തിരുഹൃദയവും സഹനവും സങ്കടവും നിറഞ്ഞ കരുണാർദ്രമായ കണ്ണുകളും അവൻ ശ്രദ്ധിച്ചു. ക്ലിന്റ് നിശ്ശബ്ദനായി.
ഈസ്റ്റർ : ഞായറാഴ്ച
ക്ലിന്റും കുടുംബവും ചുള്ളിക്കൽ പള്ളിയിൽ പോയി. അതടച്ചിരുന്നു. കുറേനാളായി മനസ്സിൽ സൂക്ഷിച്ച സംശയം അവൻ വെളിപ്പെടുത്തി. ''സത്യമായും ക്രിസ്തു ഉയിർത്തെഴുന്നേൽക്കുമോ?'' അന്നവർ സെമിത്തേരി സന്ദർശിച്ചു. സായാഹ്നസൂര്യൻ ചൂടുപിടിപ്പിച്ച വെളുത്തുവിളറിയ ശവപേടകങ്ങളിൽ അവന്റെ കണ്ണുകൾ മേഞ്ഞുനടന്നു. ക്ലിന്റ് ജോസഫിനോട് ചോദിച്ചു: ''നമ്മൾ എവിടെനിന്നാണ് വരുന്നത്?''''എനിക്കറിയില്ല മോനേ'', ജോസഫ് കൈമലർത്തി.''നമ്മൾ മരിച്ചാൽ എവിടേക്കാണ് പോകുക?'', ആത്മഗതംപോലെ ക്ലിന്റ് ചോദിച്ചു. അവന്റെ മനസ്സിന്റെ കാൻവാസിൽ മരണം നിറഞ്ഞു. അന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ പതിവുപോലെ അവൻ വരച്ചില്ല. പകരം മരക്കട്ടകൾകൊണ്ട് ശവകുടീരങ്ങളുണ്ടാക്കി, അരികിൽ കുരിശും പൂമാലകളും നിറച്ചു.
പിറ്റേന്ന് വിഷുവായിരുന്നു
ക്ലിന്റ് നിലത്തിരുന്ന് വരച്ചുകൊണ്ടിരുന്നു. ചുറ്റും ചായക്കൂട്ടുകളും ബ്രഷുകളും ചിതറിക്കിടന്നു. അവൻ വികാരാധീനനായി ചിന്നമ്മയോട് വിളിച്ചുപറഞ്ഞു: ''അമ്മേ, ഞാൻ മരിക്കുമ്പോൾ നിങ്ങളെന്റെ ചിത്രങ്ങൾ നശിപ്പിക്കരുത്. എല്ലാം സൂക്ഷിച്ചുവെക്കണം.'' പരിഭ്രമിച്ച ചിന്നമ്മ ഉറക്കെ പറഞ്ഞു. ''നീ നിന്റെ ഭാര്യയോടും മക്കളോടും പറഞ്ഞാൽ മതി. അപ്പോൾ ഞങ്ങളുണ്ടാവില്ല''.
''ശരിയമ്മേ'', ക്ലിന്റ് ധ്യാനത്തിലെന്നവണ്ണം പറഞ്ഞു.
ഉച്ചതിരിഞ്ഞ് മൂന്നുമണിയായിക്കാണണം. ക്ലിന്റ് പതിവിലേറെ ക്ഷീണിതനായി കാണപ്പെട്ടു. കൈ വേദനിക്കുംവരെ വരയ്ക്കുന്ന കുട്ടി ചിന്താധീനനായി കിടക്കയിലിരിക്കുന്നത് കണ്ട് ചിന്നമ്മ ചോദിച്ചു: ''മോനേ, നീ വരയ്ക്കുന്നില്ലേ?''
''ഇല്ലമ്മേ'', അവൻ പറഞ്ഞു.
''മോനേ, നീ കുറച്ച് ഉറങ്ങിക്കോളൂ'', അവന്റെ ക്ഷീണം മാറും എന്നോർത്ത് അവർ പറഞ്ഞു.
''അമ്മ എന്നെ കിടത്തൂ'' ക്ലിന്റ് പറഞ്ഞു. അവർ അവനെ കിടത്തി, മഫ്ളർ കൊണ്ട് പുതപ്പിച്ച് അരികിലിരുന്നു. ക്ലിന്റിന്റെ ചെറിയ ദുർബലമായ ശരീരം പെട്ടെന്ന് ബലംവെച്ചു. തല ഒരുവശത്തേക്ക് തൂങ്ങി. അവൻ അബോധത്തിലേക്ക് വഴുതി...
ജോസഫും ചിന്നമ്മയും ചിത്രകാരനായ മോഹനനും കൂടി ക്ലിന്റിനെയുംകൊണ്ട് ടാക്സിയിൽ ആസ്പത്രിയിലേക്ക് പോയി. വഴിക്ക് രണ്ടുതവണ അത് ബ്രേക്ക് ഡൗണായി. എങ്ങനെയൊക്കെയോ അവർ ആസ്പത്രിയിലെത്തി. രാത്രി പത്തുമണി. നഴ്സ് കൈത്തണ്ടയിൽ കുത്തിയപ്പോൾ ആ ശരീരം വിറച്ചു. ക്ലിന്റ് ഉണർന്നു. കൈത്തണ്ടയിലെ സിരകളിലേക്ക് സൂചിയിലൂടെ മരുന്നുകൾ കയറുന്നതും അവൻ കണ്ടു.''ഇതൊന്ന് ഊരിമാറ്റാമോ, എനിക്ക് പപ്പയുടെ മടിയിൽ കിടക്കണം'', നഴ്സ് പോയപ്പോൾ അവൻ അമ്മയോട് ബൈബിൾ വായിക്കാൻ പറഞ്ഞു. അത് ക്രിസ്തുവിന്റെ കുരിശാരോഹണമായിരുന്നു. ക്രിസ്തു കനത്ത കുരിശുംതാങ്ങി കാൽവരിയിലേക്ക് നടന്നു. വഴിക്ക് കുറച്ച് സ്ത്രീകൾ കരയുന്നതുകണ്ട് അവൻ പറഞ്ഞു. ''എന്നെയോർത്ത് കരയരുത്. നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കുംവേണ്ടി കരയുക''.
അവൻ മറ്റുള്ളവരെ രക്ഷിച്ചു. പക്ഷേ, സ്വയം രക്ഷിക്കാനായില്ല. പുരുഷാരം പരിഹസിച്ചു. ''നീ ദൈവപുത്രനാണെങ്കിൽ കുരിശിൽനിന്ന് ഇറങ്ങിവാ!''
ക്രിസ്തു പ്രാർഥിച്ചു: ''പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോട് പൊറുക്കേണമേ!''
മറ്റുള്ളവർ അവനെ പഴിക്കവേ, വലതുഭാഗത്തുള്ള കള്ളൻ അവനെ വിശ്വസിക്കുകയും പശ്ചാത്തപിക്കുകയും ചെയ്തു. അവൻ പറഞ്ഞു. ''കർത്താവേ, നിന്റെ രാജ്യത്ത് ചെല്ലുമ്പോൾ എന്നെ ഓർക്കേണമേ!'' ക്രിസ്തു മറുപടി പറഞ്ഞു: ''ഇന്ന് നീ എന്റെകൂടെ സ്വർഗത്തിലുണ്ടാകും.''
''മമ്മീ അതൊന്നുകൂടി വായിക്കൂ!'', ക്ലിന്റ് പറഞ്ഞു. അവർ വായിക്കവേ അവൻ മയക്കത്തിലായി. അവർ തോളുകൾ കുലുക്കി ഉണർത്താൻ ശ്രമിച്ചു.
''ഒന്നുമില്ലമ്മേ, ചിലപ്പോൾ ഞാൻ പെട്ടെന്ന് ഉറങ്ങിപ്പോയേക്കും. വിളിച്ചാൽ ഉണർന്നെന്ന് വരില്ല. ഞാൻ വെറുതെ ഉറങ്ങുകയാണ്. അമ്മ സങ്കടപ്പെടേണ്ട. അമ്മ കരയരുത്!''ആ നിദ്രയിൽനിന്ന് ക്ലിന്റ് പിന്നെ ഉണർന്നില്ല
ചിത്രങ്ങളിലൂടെ...👇👇


ഒരു അമ്പലത്തിന്റെ വിദൂരദൃശ്യം

സൂര്യാസ്തമയം

ചുണ്ടൻ വള്ളങ്ങളുടെ  മനോഹാരിത



അമ്മയും മക്കളും

പൂക്കൾ പറിക്കുന്ന പെൺകുട്ടികൾ
തൃശൂർ പൂരം


മുഖത്തെഴുത്തിന്റെ ഭംഗി

ക്ലിന്റ് വരച്ച ചിത്രങ്ങൾ കാണാൻ ഈ ലിങ്ക് തുറക്കൂ

http://www.clintmemorabilia.org/gallery
ഒരു ലേഖനം കൂടി👇👇
https://www.manoramaonline.com/news/sunday/40th-birthday-of-painter-kid-clint.amp.html
ക്ലിന്റിന്റെ ഓർമയിൽ നടത്താറുള്ള അന്താരാഷ്ട്ര ചിത്രരചനാമത്സരത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ👇
https://malayalam.oneindia.com/culture/media/kerala-tourism-clint-memorial-international-painting-competition-116615.html
https://www.azhimukham.com/travel-kerala-tourism-launches-international-children-s-painting-competition-in-memory-of-child-prodigy-clint/amp/#referrer=https://www.google.com

https://youtu.be/tGyh5b1aqbc
https://youtu.be/fowzvzp5r4g
https://youtu.be/nPHTfImMw_s

https://youtu.be/nNmEMz0D5JY

ഇനി ക്ലിന്റ് ജീവചരിത്രങ്ങൾ👇👇

ഇത് അമ്മു നായർ ..ക്ലിന്റിന്റെ കളിക്കൂട്ടുകാരി...അമ്മു എഴുതിയ ക്ലിന്റ് ജീവചരിത്രം👇

സെബാസ്റ്റ്യൻ പള്ളിത്തോട്_ഇദ്ദേഹമെഴുതിയ ക്ലിന്റ് ജീവചരിത്രത്തിന്റെ വ്യത്യസ്ത കവർപേജുകൾ👇👇



ഇനി ക്ലിന്റ് സിനിമാവിശേഷങ്ങൾ
ഹരികുമാറിന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ സിനിമയാണ് ക്ലിന്റ് മാസ്റ്റർ അലോക് ,റിമ കല്ലിങ്കൽ , ഉണ്ണി മുകുന്ദൻ, ജോയ് മാത്യു, കെ.പി.എ.സി.ലളിത മുതലായവർ പ്രധാന വേഷത്തിൽ ...
നിർമ്മാണം -ഗോകുലം ഗോപാലൻ
ഗാനരചന - പ്രഭാവർമ്മ
സംഗീതം -ഇളയരാജ
ഗായകർ-ഇളയരാജ
          ശ്രേയ ഘോഷാൽ
          വിജയ് യേശുദാസ്
https://youtu.be/29we0tYZYKw
https://youtu.be/zK1N-Kwn7Z8
https://youtu.be/3o1EmWgaAFs


പോസ്റ്റർ
ക്ലിന്റും മാതാപിതാക്കളും
ക്ലിന്റ് സിനിമയിൽ നിന്നും
ചിത്രരചനാമത്സരം പോസ്റ്റർ
ക്ലിന്റ് ചിത്രരചനയിൽ..
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
🙏🙏🙏🙏