17-08-19

പ്രകൃതിയുടെ തിരുമുറിവുകളുടെ രണ്ടാം കണ്ണീർപ്പെയ്ത്ത് തോർന്നൊടുങ്ങി....
രണ്ടാം പാഠം നമുക്കെന്ത് പകർന്നു??!!
ഇനി, അതിജീവനത്തിന്റെ നാളുകൾ...
ഹതഭാഗ്യരുടെ കണ്ണീരൊപ്പാൻ നമുക്ക്
കൈ കോർക്കാം...

പ്രളയാനന്തരമുള്ള ആദ്യ നവ സാഹിതിയിലേക്ക് എല്ലാവർക്കും ഹൃദ്യമായ സ്വാഗതം...🙏🌹🌹🙏
ആലത്തിയ ൂർ: ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാന്നിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." തുടർന്ന് വായിക്കാം..👇🏻
പ്രണയക്കുളിർ മഴ തോരാതെ പെയ്യുന്നു..🌹👇🏻
ഇതാണ് ഞാൻ....
ആത്മായനം
ജസീന റഹീം

ഫാത്തിമാ കാലത്തെ,എന്നും ഓർമയിൽ നിൽക്കുന്ന ചില മുഖങ്ങളായിരുന്നു അപാര നർമബോധം അന്നുമിന്നും പുലർത്തുന്ന കാവനാടുകാരൻ സന്തോഷ്.. മസിലു പോയിട്ട് ഒരു വിസിലടിക്കാൻ പോലും ത്രാണിയില്ലാത്ത അവൻ മിസ്റ്റർ ഫാത്തിമ മത്സരത്തിൽ പങ്കെടുത്ത് ആ മത്സരത്തെത്തന്നെ കളിയാക്കിയപ്പോൾ ഫാത്തിമയുടെ ആഡിറ്റോറിയത്തിൽ ചിരിയലകൾ ഇരമ്പിയാർത്തു..
തന്നെക്കാൾ തടിച്ചുരുണ്ട പെൺകുട്ടിയെ അനുരാഗവിവശനായി നോക്കി നടന്ന് പരാക്രമങ്ങൾ കാട്ടിയ രതീശനായിരുന്നു മറ്റൊരു ചിരിയാശാൻ..
പള്ളിയിലെ അച്ചനാവാൻ നോമ്പ് നോറ്റതിനാൽ പെൺകുട്ടികളെ നോക്കാതെ പുസ്തകം മാത്രം നോക്കിനടന്ന അച്ചടക്കക്കാരൻ സാമിനെ രണ്ടു മക്കളുടെ അച്ഛനായി പിന്നീട് കണ്ടപ്പോൾ വല്ലാത്ത അതിശയമായിരുന്നു..
സാദത്തും,സാംസണും,സന്തോഷും,ഡേവിഡുംചന്ദന എന്ന തൂലികാനാമത്തിലെഴുതുന്ന മനോജ് കുമാർ എന്ന മനുവും അമ്മ എന്ന ഒരു പുസ്തകത്തിൽ സാഹിത്യ ജീവിതം അവസാനിപ്പിച്ച രാധാകൃഷ്ണനും സാജിയും സഹദേവനും പിന്നെ റഹിം കുട്ടിയുമൊക്കെയായിരുന്നു ആൺ തരികൾ.. ക്ലാസിൽ രണ്ട് സന്തോഷ്മാർ ഉണ്ടായിരുന്നെങ്കിലും കലാകാരനും ഞങ്ങൾടെ (TTC കഴിഞ്ഞ)മാഷുമൊക്കെ ആയിരുന്ന വെളുത്ത സന്തോഷ് വളരെ നേരത്തേ ഈ ലോകം വിട്ടു പോയെങ്കിലും ആ ശബ്ദവും ചിരിയും നടപ്പും അഭിനയവുമൊക്കെ മറക്കാനാവാതെ മനസിൽ നിറയുന്നു.. എല്ലാവരോടും അടുപ്പമായപ്പോഴേക്കും ഡിഗ്രി അവസാനിക്കാറായിരുന്നു..
നവംബർ അവസാനമായിരുന്നു വേദനിപ്പിക്കുന്ന ആ വാർത്ത ഞങ്ങളെ തേടിയെത്തിയത്.. ഞാനെന്റെ പ്രാണനായി കരുതിത്തുടങ്ങിയവന്റെ വാപ്പായുടെ മരണമായിരുന്നു അത്.. മസ്ക്കറ്റിൽ വച്ച് മരണമടഞ്ഞ് അവിടെത്തന്നെ ഖബറടക്കവും നടന്നു.. അവന്റെ ദുഃഖത്തിൽ പങ്കുചേരാൻ ഞങ്ങൾ എല്ലാവരും പോയിരുന്നെങ്കിലും.. വാപ്പായുടെ മരണത്തോടെ,ഒരു പാട് മാറിയ   ചിരിയും കളിയുമൊക്കെ മറന്ന, ഉത്തരവാദിത്തങ്ങളേൽപ്പിച്ച പക്വതയും ഗൗരവവും നിറഞ്ഞ പുതിയൊരു റഹിം കുട്ടിയായിരുന്നു മാസങ്ങൾ കഴിഞ്ഞ് കോളേജിൽ എത്തിയത്.. പഠനം അവസാനിപ്പിക്കാനായിരുന്നു അവന്റെ തീരുമാനം.. അവനെ ബന്ധപ്പെടാൻ വല്ലപ്പോഴുമുള്ള കത്തുകളല്ലാതെ മറ്റ് വഴികൾ ഒന്നുമുണ്ടായിരുന്നില്ല.. പക്ഷേ അവൻ വരാതായ നാളു മുതൽ അവനു വേണ്ടി നോട്ടുകൾ എഴുതി വച്ച് ഞാൻ കാത്തിരുന്നു... പലപ്പോഴും കാർബൺ പേപ്പർ വച്ചായിരുന്നു എന്റെ നോട്ടെഴുത്ത്.. കോളേജിലേക്ക് മടങ്ങി വരാനും.. പരീക്ഷ എഴുതാനും.. എല്ലാവരും നിർബന്ധിച്ച് കൊണ്ടേയിരുന്നു.. ഒടുവിൽ അവൻ മാസങ്ങൾ കഴിഞ്ഞ് മടങ്ങിയെത്തി.. ഞങ്ങൾ കരിക്കോട് അമ്മാവന്റെ ട്യൂഷൻ ക്ലാസിൽ വച്ച് വല്ലപ്പോഴും സംസാരിക്കുമ്പോഴൊക്കെയും അവനെന്നെ ചില യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു..
ഇതിനിടയ്ക്ക് ഗർഭകാല വിശ്രമത്തിനെത്തിയ ജാസ് എന്റെ ബുക്കിൽ നിന്ന് അവന്റെ ഫോട്ടോ എടുത്തതോടെ വീടാകെ പ്രക്ഷുബ്ധമായി.. പഠിക്കാൻ വിടില്ലെന്ന ഉമ്മായുടെ കാർക്കശ്യത്തെ പരീക്ഷയെഴുതിയേ പറ്റൂ എന്ന വാശിയിൽ ഞാൻ തകർത്തെറിഞ്ഞു.. വർഷങ്ങൾ നീണ്ടു നിന്ന ഒരു സഹനസമരത്തിന്റെ തുടക്കം കൂടിയായിരുന്നു അത്...
         ഞങ്ങളുടെ കൂട്ടുകാരൻ സുനി ഒരിക്കൽ എന്നോട് പറഞ്ഞൊരു വാചകമായിരുന്നു, എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ എനിക്കൂർജം പകർന്നത്.." ജസീ.. നിന്നോടവന് വെറുമൊരു കോളേജ് പ്രേമമല്ല.. ഒന്നിച്ചു ജീവിക്കാനാണ് അവന്റെ മനസിൽ.."
ആ ഒരൊറ്റ ഉറപ്പ് മതിയായിരുന്നു പിന്നീടുള്ള കാലമത്രയും കാത്തിരിപ്പിന്..
ഒരു പാട് അടുപ്പമുള്ള ബന്ധുക്കളും വീട്ടുകാരും മാത്രമായിരുന്നു എന്നെ ജസീന്നു ചുരുക്കപ്പേരിൽ വിളിച്ചിരുന്നത്.. അവനെന്നെ എന്നും എക്കാലവും ജസീന്നും പിണങ്ങുമ്പോൾ മാത്രം ജസീനാന്നും വിളിച്ചു.. എന്റെ പേരിനിത്ര മധുരമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞതും അവനെന്നെ വിളിച്ചു തുടങ്ങിയപ്പോഴായിരുന്നു.. അതു കൊണ്ട് തന്നെ എന്നെ എപ്പോഴൊക്കെ മധുരമില്ലാതെ വിളിക്കുന്നുവോ അപ്പോഴൊക്കെ ഞാൻ അന്നുമിന്നും വേദനിക്കുകയും ചെയ്തു.. ഒരു വിളിയ്ക്ക് ഇത്രമേൽ ജീവിതത്തെ മധുരതരമാക്കാൻ കഴിയുമെന്ന് ഞാനറിയുകയായിരുന്നു..
ഡിഗ്രിയുടെ അവസാന നാളുകൾ അടുക്കുന്തോറും ഇനിയെന്ത് .. എങ്ങനെയെന്ന ചോദ്യവുമായി മനസാകെ ഉഴറി ..
അവനെന്നോട് പറയാനുള്ളതെല്ലാം സ്വകാര്യമായി ഒരു കുഞ്ഞു ഡയറിയിൽ എനിക്ക് കൈമാറി.. ഒരു കാമുകന്റെ പ്രണയസല്ലാപങ്ങളായിരുന്നില്ല.. ജീവിതത്തെക്കുറിച്ചുള്ള കുറെ പ്രതീക്ഷകളും ഉത്തരവാദിത്തങ്ങളായിരുന്നു അത് നിറയെ.. സെന്റ്ഓഫ് ഫംങ്ഷനിൽ ഒന്നിച്ചിരുന്നെടുത്തൊരു ഫോട്ടോയും പങ്കിട്ടു കഴിച്ചൊരു ഐസ് ക്രീമും മാത്രമായിരുന്നു ഏറെ അടുത്തിരുന്ന അപൂർവ്വ നിമിഷങ്ങൾ.. പരീക്ഷയും കഴിഞ്ഞ്,കാണാൻ തോന്നുമ്പോൾ കത്തയച്ചാൽ മതിയെന്ന ഉറപ്പിൽ പിരിഞ്ഞു..
ഒരു പക്ഷേ അവന്റെ ജീവിതത്തിലെ നിരവധി കാമുകിമാരിൽ ഏറ്റവും ബോറത്തിയായവൾ ഞാനായിരുന്നിരിക്കാം.. അവനെന്നെ ചതിക്കുമെന്ന് എത്ര പേരാണ് എന്നെ ഓർമ്മിപ്പിച്ചത്..
ഒടുവിൽ സാധാരണയിൽ സാധാരണമായി അവസാനിച്ചേക്കുമായിരുന്നൊരു ക്യാമ്പസ് പ്രണയം അവിശ്വസനീയമാം വിധം ചിറകുകൾ വീശി ഉയരങ്ങൾ തേടുകയായിരുന്നു..
         ക്ലാസ്സ് അവസാനിക്കും മുമ്പെ വീട്ടിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചിരുന്നു.. അവനെ നേരിൽ കാണണമെന്ന കർശന നിർദ്ദേശം ഉമ്മയുടെതായിരുന്നു.. വാപ്പ അറിഞ്ഞാൽ ഉണ്ടാകാവുന്ന പുകിലുകൾ ഓർത്ത് വാപ്പ വീട്ടിലില്ലാത്തൊരു ദിവസമാണ് ഞാനവനെ വീട്ടിലേക്ക് വിളിച്ചത്.എന്റെ വീടും, സാഹചര്യങ്ങളും അവനറിഞ്ഞിരിക്കണമെന്നെനിയ്ക്കും തോന്നി.. മാത്രമല്ല അവന്റെ വാപ്പയുടെ മരണത്തോടനുബന്ധിച്ച് ആ വീട്ടിൽ ഞാനും പോയിരുന്നല്ലോ..
ഒരു പാട് നിർബന്ധിച്ച ശേഷമാണ് സുനിയെയും കൂട്ടി ഒരവധി ദിവസം എന്റെ ചെറിയ വീട്ടിലേക്ക് വന്നത്.. ഉമ്മായും ഉമ്മുമ്മായും ഞാനും പരമ്പരാഗത പ്രണയിനികളായ ഞങ്ങൾ മൂന്നു പെണ്ണുങ്ങൾ മാത്രമായിരുന്നു വീട്ടിൽ.. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ ഉമ്മ ചില ചോദ്യങ്ങൾ ചോദിക്കയും ആ ചോദ്യങ്ങൾക്കു മുന്നിൽ മൗനമാണ് ചില സന്ദർഭങ്ങളിൽ ഉചിതമെന്ന പക്വതയോടെ അവൻ പെരുമാറുകയും ചെയ്തത് എന്റെ സംഭ്രമം കുറയ്ക്കാനിടയാക്കി..

കുഴിനഖം
രാജശ്രീ

ചുട്ടു നീറ്റുന്നു പത്തും,,,
അലക്കു സോപ്പിൽ പതഞ്ഞ്,
എച്ചിൽ തിന്ന് ' ദുഷിച്ച്
കരിക്കലം തേച്ച് കറുത്ത്,
ചാണകക്കുണ്ടിൽ ദഹിച്ച്
നീറി പഴുത്തു പോയതാണ്- പണ്ട് ലോലമാർന്നോരീ വിരലുകൾ!!
മകളുടെ പട്ട് കമ്മീസ്
ചുളിവുതീർത്ത് മടക്കിവയ്ക്കവേ
കടുംനിറച്ചാർത്താൽ മിനുക്കി,
കൂർപ്പിച്ച സ്നിഗ്ധമാം വിരലാൽ ചൂണ്ടി
അവൾ ചൊല്ലുന്നു - ' തീരെ വൃത്തി -
യില്ലമ്മയ്ക്ക് - നഖങ്ങൾ കണ്ടില്ലേ
എൻ പുതു വസ്ത്രമഴുക്കാക്കല്ലേ .... '
ടച്ച് സ്ക്രീനിൽ ദ്രുതം പായിച്ചും
കീബോർഡിൽ ആംഗല ഭാഷ്യം തീർത്തും
വിരൽത്തുമ്പാൽ ഇന്ദ്രജാലം തീർത്തു മകനിരിക്കേ,
അരികെ ചെന്ന് കുതുകക്കണ്ണ്
തള്ളിച്ചു നോക്കവേ ,ചൊല്ലുന്നവൻ -
' തീരെ അപ്ഡേറ്റല്ലമ്മ '
കൈകാലുകൾ കഴച്ചിട്ടും ,ഹൃദയ _
മുരുക്കി വിളമ്പിയ
ചൂടു പതിവാഹാരങ്ങളാൽ
തീൻമേശ നിറയ്ക്കുമ്പോൾ
നെറ്റി ചുളിച്ചു ചൊല്ലുന്നവർ - ' തീരെ അപ്ഡേറ്റല്ല
ചാനലിൽ കുക്കറി ഷോ കണ്ട് പഠിക്ക് '
മകൾക്കായ് മകനായ് പ്രിയനായ്
ഇടതടവില്ലാ കർമ്മകാണ്ഡങ്ങൾ താണ്ടവേ
ഓർക്കുന്നില്ല ഈ കുഴിനഖത്തിൻ നീറ്റൽ
എന്നാൽ ....'
മമതയില്ലാ മൊഴി പൊഴിക്കുമ്പോൾ
നീറുന്നൂ കരുതലാർന്ന ഹുദയം,,,,,,,
മക്കളേ, അപ്ഡേറ്റല്ലമ്മ
അപ്ഡേറ്റല്ലയീ നടപ്പും നോട്ടവും
മധുര മലയാളവും.
എങ്കിലും അപ്ഡേറ്റാണ്
നിങ്ങൾക്കുരുകി പകരുന്ന വാത്സല്യം

വേരും തണലും...
ഹർഷ.ടി.പി

അച്ഛൻ ഒരു തണലാണ്.
ഉച്ചവെയിലിന്റെ തീച്ചൂളയിലെരിഞ്ഞ്
എനിക്കായി തണൽ കൊയ്യുന്ന
മറ്റൊരു തണൽ...
അമ്മ ഒരു വേരാണ്...
എനിക്കായ് മാത്രം ഭൂവിൽ
കൃത്യനിർവ്വഹണത്തിൽ മുഴുകുന്ന
അനാവശ്യമായി
ആകുലപ്പെടുന്ന
മറ്റൊരു വേര് ....
ഞാനൊരു കുഞ്ഞു ചെടിയാണ്.....
അച്ഛൻ തണലും
കൊടുംകാറ്റു വരുമ്പോൾ
അള്ളിപ്പിടിക്കുന്ന
അമ്മ വേരുള്ള
മറ്റൊരു ചെടി ....
നാളെ വളർന്ന്
വൃക്ഷമാകുമ്പോൾ
എനിക്കും തണലാകണം.
ഒരു നല്ല വേരാകണം....

വീടകം...
ലാലൂർ വിനോദ്

വീടുവീടാകാൻ മുറി പത്തും
കൽച്ചുമരുകൾമാത്രം പോരാ
കൺകുളിർക്കും നിറവും പോരാ..
മുറിയാകെ തിങ്ങിനിറഞ്ഞൊരു
പൊങ്ങച്ച പീഠം പോരാ
നാലുകെട്ടു നിറയാനൊരു
രാസ്നാദി മണവും വേണം
പഴമയ്ക്കൊരു ചൊല്ലായി
പടിഞ്ഞാറ്റയിൽ മുത്തശ്ശി
നാമജപ മാറ്റൊലി വേണം
സന്ധ്യയ്‌ക്കൊരു തുളസി
കൽത്തറയിൽ കെടാത്തൊരു
നെയ്‌വിളക്കിൻ  തിരിയൊന്നേരിയേണം
നടുമുറ്റം നിറയും വെയിലിനു
വരവേകാൻ ജനൽ വേണം
ദാഹിച്ചുവലഞ്ഞു വരുമ്പോൾ
തെളിനീർ വറ്റാത്തൊരു
മണികിണർ വട്ടകവേണം
വലയുമ്പോൾ തുണയാകാൻ
കുടചൂടും തണൽവേണം
വിഷമൊന്നു തീണ്ടാത്ത
കറിവേപ്പിൻ ചെടിവേണം.
കറവവറ്റാത്ത പൂവാലിവേണം
മണിയൊന്നു ചൊല്ലുവാൻ
നാലുമണി ചെടിവേണം..
സന്ധ്യയിൽ ദീപത്തിൻ
എഴുതിരി വെട്ടം വേണം
നാമങ്ങൾ ചൊല്ലുവാൻ
കുട്ടികൾ ഒത്തിരിവേണം
മുല്ലമണം ചൂടും കാറ്റുവേണം
യക്ഷികഥ ചൂരത്തിയെത്താൻ
പാലപ്പൂ മരമൊന്നുവേണം
ത്രികാർത്തികയൊന്നു വേണം
ഞാറ്റുവേല കുളിരുവേണം
പൂതിരുവാതിര വേണം
പിണങ്ങി ചിണുങ്ങി..
ഇറയത്തു വീഴുന്ന
പൊന്മഴയ്തുള്ളികൾ
ചെന്നുചേരാനൊരു
നീർച്ചോല ചാരെവേണം
നന്മയ്ക്കായൊരു വാക്യമോതാം..
നാടിന്നകം നന്നാക്കുവാൻ
വീടകം നന്നായിടേണമാദ്യം.
വീടകം നന്നായിടുവാൻ
മനസകം നന്നായിടെണമെന്നും

റേൽഗാഡി
ബുഷ്റ

ബാല്യകാലത്തിലെ ചില ഓർമകളെ, ഒറ്റക്കണ്ണിന്റെ തെളിച്ചവുമായി ഞങ്ങളുടെ രാവുകളിലേക്ക് കിതച്ചോടി വരുന്ന തീവണ്ടിയോടു പമിക്കാതെ വയ്യ.
പരുത്തിപ്ര ഗവൺമെന്റ് സ്കൂളിൽ നിന്നും മെയിൻ റോഡുവഴി വേഗം നടന്നു വന്ന് പള്ളിപ്പടി കടന്നാൽ പാലമായി. .അവിടം മുതലാണ് ഞങ്ങ ഇടം. ഇരുകരകളും നെൽപ്പാടങ്ങൾ കൊണ്ടതിരിട്ട റോഡ്. ആ റോട്ടിലൂടെ നടക്കൽ കുറവാണ്. ഓടിയും ചാടിയും കൂക്കി വിളിച്ചും ഉറക്കെ പാട്ടു പാടിയും കടംകഥ ചോദിച്ചുമാണ് ഞങ്ങൾ വരിക.ആടിയോടി വരുന്ന വെമ്പാല മൂർഖനെ കണ്ടാൽ ഓടി ഗെയ്റ്റിൽ പോയി നിൽക്കും.പാസഞ്ചറാണെങ്കിൽ കൈ വീശിക്കാണിക്കും.
"പണ്ടൊരു  കാലത്തു
തീവണ്ടി പോകുമ്പോ-
ളാവണ്ടി കുത്തുവാനോടിയാന..."
ഇങ്ങനെ തുടങ്ങുന്നൊരു കവിതാ ശകലം ഉമ്മ എപ്പോഴും പാടിത്തരുമായിരുന്നു.
ആന എന്നു പറഞ്ഞ് എന്നെയാെരു നോട്ടമാണെങ്കിലും എനിക്ക് തീവണ്ടിയായാൽ മതിന്നാണ്.
പക്ഷേ അതു ഞാനാരോടും പറഞ്ഞില്ല.
എന്നും ഹുങ്കാരത്തോടെ ഒരു നാടിനെയാകെ കുലുക്കി കടന്നു പോകുന്ന തീവണ്ടിയേക്കാൾ വലിയ ശക്തൻ അക്കാലത്ത് ആരാണുണ്ടായിരുന്നത്!
അതിന്റെ യാത്രയെ സുഗമമാക്കാനായി നീണ്ടു നിവർന്നു കിടക്കുന്ന, വെയിലും മഴയും തണുപ്പുമൊക്കെ ഒരേ നിസ്സംഗതയിലേറ്റു വാങ്ങുന്ന  സമാന്തരരേഖകൾ,ഉരുക്കു പാതകൾ! അവയാണ് ഞങ്ങളുടെ അതിർത്തി രേഖകൾ.
പoനപാതയിൽ ഞാൻ പിന്നാക്കമാകുമ്പോഴെല്ലാം ഇക്കാക്ക പറയും ഗ്രേസീടേം ലില്ലീടേം കൂടെ റെയിലുപണിക്ക് പറഞ്ഞയയ്ക്കാം.
അന്ന് രണ്ടാം വരി റെയിൽ പാതയുടെ പണി എവിടെയൊക്കെയോ പുരോഗമിക്കുന്നുണ്ടായിരുന്നു.
ഗ്രേസിയും ലില്ലിയും നാട്ടിലെ സുന്ദരികളും അറിയപ്പെടുന്ന കേഡികളുമായിരുന്നു. ആരും അവരോടുമുട്ടാൻ പോകാറില്ല എന്നാണ് ജനസംസാരം.
പ്രതാപ് പോത്തന്റെ തകര സിനിമയിലെ സുരേഖയുടെ വേഷമായിരുന്നു അവർക്ക് .പാവാടയും ബ്ലൗസും. ദാവിണിയില്ല. പണിക്കു പോകുമ്പോൾ തോളിൽ ഒരു തോർത്തുണ്ടാകും. കയ്യിലൊരു തൂക്കംപാത്രവും.
ഗ്രേസി ചുരുണ്ട മുടിക്കാരി. ഇരുനിറമുള്ള തടിച്ച സുന്ദരി. ലില്ലി വെളുത്തു മെലിഞ്ഞ കോലൻമുടിക്കാരി. ആരുമവരെ ചേച്ചി കൂട്ടി വിളിച്ചില്ല.മുതിർന്നവരെപ്പോലെ കുട്ടികളും ഗ്രേസീം ലില്ലീം എന്നു തന്നെ അടക്കം പറഞ്ഞു. റെയിലുപണിക്കു പോയാൽ കല്ലേറ്റണം.മേസ്രിമാരും സൂപ്രൈസർമാരും പറയ്ണ ചീത്തയൊക്കെ മിണ്ടാതെ കേൾക്കണം. ഇതൊക്കെ ഉമ്മാനോട് അവർ രണ്ടാളുങ്കൂടി പറഞ്ഞ കദനകഥകളിൽ ഉള്ളതാണത്രേ. നേരോ നുണയോ എന്തോ! അതെന്തായാലും അതിനേക്കാൾ പേടി ഗ്രേസീടേം ലില്ലീടേം കൂടെ പോകണ കാര്യമായിരുന്നു.
രണ്ടു പേരും ഒരുമിച്ചേ നടക്കുന്നതു കണ്ടിട്ടുള്ളൂ. അതിനിടയിൽ പെട്ടാൽ എന്റെ കഥയെന്താവും? ഇർക്കിക്കൊന്നാലോ?അതാണു പേടി.
ജീവിതത്തിന്റെ വഴിത്തിരിവുകൾ
അങ്ങനെയൊരു കാര്യമുണ്ടെന്നു തോന്നിയ ഒട്ടേറെ സന്ദർഭങ്ങൾ എല്ലാവരുടേയും ജീവിതത്തിലുമുണ്ടായിട്ടുണ്ടാകും. റെയിൽപ്പാതയുടെ നടുക്കുനിന്ന് കിഴക്കോട്ടു നോക്കി നിൽക്കാൻ എനിക്കു താൽപ്പര്യം തോന്നാനും മാത്രം നാട്ടിലൊരു സംഭവമുണ്ടായി.
 'അസ്തമിക്കാത്ത പകലുകൾ' എന്ന സിനിമയുടെ ഷൂട്ടിങ്.
അതിൽ നീണ്ടുനീണ്ടു പോകുന്ന റെയിൽപ്പാതയുടെ ഷോട്ടെടുത്ത സ്ഥലത്താണ് ഞാനും നില്ക്കുന്നത്.
അങ്ങു ദൂരെ ഊത്രാളിക്കാവിന്റെ പരിസരത്തൂടെ  അറ്റമില്ലാതെ അകലെയെവിടെയോ കാഴ്ചയെ മറച്ച് താഴോട്ടൊരു ബിന്ദുവിൽ ചേർന്നലിയുന്ന അത്ഭുതം!
എവിടെയും തിരിവുകളും മറവുകളുമില്ല.
പടിഞ്ഞാറോട്ടാണെങ്കിൽ അർധ വൃത്താകൃതിയിൽ വേഗത്തിൽ വളഞ്ഞു പോകുന്നൊരു തിരിവാണ്.
പെട്ടെന്നാണ് എന്നെയാരോ കോരിയെടുക്കുക, അല്ലെങ്കിൽ കൈ പിടിച്ച് ഇടതു വശത്തേക്കോ വലതു വശത്തേക്കോ ഒരു വലിയുണ്ട്.
പടിഞ്ഞാറു നിന്നും വരുന്ന തീവണ്ടി അതിന്റെ പാതയെ സ്വന്തമാക്കിയതാണത്. കൂവി വിളിക്കാതെയെത്തുന്ന തീവണ്ടികൾക്ക് എന്റെ ആയുസ്സിന്റെ പുസ്തകത്തിലെ അവസാന വരിയെഴുതാൻ മോഹമുണ്ടായിരിക്കണം.
പക്ഷേ ഉമ്മാടെ സിൽബന്ധികൾ എല്ലായിടത്തും റോന്തുചുറ്റുകയല്ലേ....
"ഇനി റെയിലുമ്മ കേറി നിക്കോടീ"ന്ന് ഉമ്മ എന്റെ തുട പൊന്നാക്കുമ്പോൾ ഇവർക്കതും ഒരു രസമായിരിക്കും.
വഴിത്തിരിവുകളെ കുറിച്ച് ആദ്യം ചിന്തിച്ചത് മൂന്നാം ക്ലാസിലെ കണക്കു ക്ലാസിലായിരിക്കണം.ശാരദ ടീച്ചർ അന്ന് മൂന്ന് വഴിക്കണക്കുകൾ തന്നിരുന്നു. വഴിയും എഴുതണം കണക്കും ചെയ്യണം. വല്ലാത്ത പൊല്ലാപ്പു തന്നെ. ഏതു വഴി? എന്ത് എഴുതണം? ഒരു നിശ്ചയവുമില്ലായിരുന്നു.
അവസാനത്തെ വഴി മൂന്ന് കുത്തിട്ടിട്ടാ എഴുതേണ്ടത്. അടുപ്പുങ്കല്ല് പോലെ. ആ വഴിയേ എനിക്കറിയൂ. ആയതുകൊണ്ട് എന്നാണതു വായിക്കുക. ചോദ്യം വായിക്കുമ്പോഴേ ഉത്തരം റെഡിയായി തലയിലെത്തും.
പക്ഷെ വഴി, അതൊട്ടും തിരിയൂല. എത്ര ആലോചിച്ചാലും എന്റെ തലയിൽ തെളിയില്ല.
ശാരദ ടീച്ചർ ഇതിനു മുമ്പും എന്നെ ഗുലുമാലിലാക്കീട്ടുണ്ട്. എളുപ്പവഴിയിൽ ക്രിയ ചെയ്യാനായിരുന്നു, അത്. എളുപ്പ വഴിയിലിരുന്നു കണക്കു ചെയ്യണമെന്നാണാദ്യം മനസ്സിലായിരുന്നത്.
അന്ന് മാരാത്ത കുന്നത്തുനിന്ന് ഏശന്മാര്ടെ പടിക്കൽ കൂടി എങ്കക്കാട്ട്ക്ക് ഒരു എളുപ്പ വഴിയുണ്ട്.നമ്മുടെ ഭരതന്റേയും ഒടുവിൽ ഉണ്ണികൃഷ്ണന്റേയും നാട്ടിൽക്ക്.
സംഭവം ജഗല് വഴിയാ. നല്ല വൃത്തിയുള്ള എടാഴി, തണൽ, ശാന്തം, ഗംഭീരം. പക്ഷേ ഒരു കുഴപ്പമുണ്ട്, നായ!
ഇന്നത്തെപ്പോലെ അന്നത്തെ നായ്ക്കൾക്ക് കാബിനറ്റ് പദവിയൊന്നും കൈവന്നിട്ടില്ലെങ്കിലും, 'ഇയ്ക്ക് പേട്യാ....'
"ആ ശോശാമ്മടമ്മടെ  ടോമിനായ മേത്ത്ക്ക് ചാട്യേന് ശേഷാ ഇങ്ങനെ"
എന്നാണ് ഉമ്മ പറയാറ്.
യഥാർത്ഥത്തിൽ നായ്ക്കൾക്ക് നമ്മളെയാണ് പേടി.
"പോകാൻ വേറെ വഴിയൊന്നുമില്ലാതാകുമ്പോഴാണവറ്റോള് കുരച്ചു ചാടാൻ നോക്കണത് പെണ്ണേ".
പക്ഷേ ഉമ്മത് എത്രങ്ങാനം പറഞ്ഞാലും കാര്യല്യ.. ഇയ്ക്കതൊന്നും അങ്ങനെയപ്പോൾ ഓർമ വരാറില്ല.
പിന്നെ ഒറ്റയ്ക്ക് പോകാനേ പേടിയുള്ളൂ കേട്ടോ.
 അപ്പോൾ ഉറക്കെ ഫാത്തിഹയും സൂറത്തുകളും ഓതും.
എന്നിട്ടും നായ വന്നാൽ "മ്മാ....."ന്ന് കരയും.
അപ്പോൾ നായ എന്തായാലും പേടിക്കും. പേടിക്കണമല്ലോ.
ഞങ്ങൾക്കു മാത്രമല്ല സർവ്വ ചരാചരങ്ങൾക്കും പ്രേതങ്ങൾക്കു പോലും ഉമ്മാനെ പേടിയാ.
എന്നാണ് എന്റെയൊരു ആശ്വാസം. (നിങ്ങളിതൊന്നും ആരോടു പറയാമ്പോണ്ട).
പക്ഷെ ടോമി നായ വേറെ ലെവലാ. ന്നാലും "ഢാ"ന്ന് ഉമ്മ വിളിക്കുമ്പോ ഒരു നോട്ടമുണ്ട്.
"എന്ത്... ഡാ... ന്നാ " എന്ന മറുചോദ്യം ചോദിക്കുമ്പോലെ തിരിഞ്ഞു നോക്കീട്ട്,
 ഒരു പോക്കങ്ങ്ട് പോകും.
 ''ഇന്നോട് കളിക്കണ്ട ട്ടാ സറൂമേ " ന്ന് പറയുമ്പോലെ.
"പിന്നേ.... ഇന്റെ കുട്ട്യോളെ യ്യ് തൊട്ടൂന്നറിഞ്ഞാ,, അന്റെ ദുനിയാവിലെ നടത്തം അതോടെ തീരും ട്രാ "
എന്ന് ഉമ്മ അവന്റെ പിന്നിൽ നിന്ന് വിളിച്ചു പറയും. അതിനും മൂപ്പരൊന്നു തിരിഞ്ഞു നോക്കും.
" ആ കാണാ"ന്നായിരിക്കണം അതിന്റെ അർത്ഥം.
എന്തായാലും  പല കുട്ടികളേയും മുതിർന്നവരേയും ടോമിനായ കടിച്ചിട്ടുണ്ട്.
പക്ഷെ ഉമ്മാനെ പേടിച്ചിട്ടോ ന്തോ എന്നെ ഒരിക്കൽ പേടിപ്പിച്ചൂന്നല്ലാതെ ഞങ്ങളെ ആരേയും അവൻ കടിച്ചില്ല.
അങ്ങനെയിരിക്കെ ഒരു ദിവസമവൻ ഒരു മുതിർന്ന പൗരനെ കടിച്ചു.അവിടുന്ന് ഓടിച്ചു വിട്ടപ്പോൾ വേറൊരു
 ചെറുവാല്യക്കാരിയേയും കടിച്ചു.
അതോടെ ജനങ്ങൾ ആകെയിളകി. വടി കുന്തം ഇനിയൊന്നും പറയണ്ട. ഓടുണു,ചാടുണു, മറിയുണു. മുട്ടൻവടി, മഴൂന്തായ,കട്ടഞ്ചായ, കൊള്ളിക്കെഴങ്ങ്, ബീഡിപ്പൊക, കള്ളുങ്കുപ്പി
ഒന്നും പറയണ്ട.
 പക്ഷെ, അവനെയാരും പിന്നെ കണ്ടിട്ടില്ല.
വെടിവെച്ചു കൊല്ലാൻ നാട്ടുകാർ ആളെ ഏർപ്പാടാക്കീന്നാ കേട്ടത്.എന്തു ചെയ്തിട്ടെന്താ..
നാടു മുഴുവൻ അരിച്ചുപെറുക്കീട്ടും അവനെങ്ങോട്ടു പോയെന്ന് ആർക്കുംകണ്ടെത്താനായില്ല.
"അവനെ വെടിവയ്ക്കാനൊന്നും ഭായിക്ക് കഴിയില്ല " ഉമ്മ മുറുക്കാൻ മുറുക്കിക്കൊണ്ട് ഉള്ള സത്യമങ്ങ്ട് പറഞ്ഞു.
ഭായി ഞങ്ങളുടെ മാരാത്ത കുന്നത്തെ അറിയപ്പെടുന്ന വെടിക്കാരനാണ്. ഹിന്ദി സിനിമയിൽ കാണാറുള്ള വെടിക്കാരെ പോലെ തന്നെ. തോക്ക് തോളിലിട്ടു നടത്തം. ആറാറര നീട്ടം.
അധികം മിണ്ടില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് ആകാശത്തേക്ക് വെടിവയ്ക്കും. കിട്ടിയ പക്ഷികളേയും തൂക്കിപ്പിടിച്ച് വീട്ടിലേയ്ക്കു പോകും.
എന്തായാലും
ടോമിയെ പേടിച്ചിട്ടാരും ആ വഴി നടക്കാറില്ലായിരുന്നത് തീർത്തും പഴങ്കഥയായി.
അതിനു ശേഷമാണതൊരു ലൗ കോർണറായി വികസിച്ചതത്രേ. അതു വേറെ  കഥയാ.പിന്നെ പറയാം.
വഴിയുടെ കാര്യം പറഞ്ഞുപറഞ്ഞ് നായയെ പറ്റി പറയുന്നൂന്നല്ലേ നിങ്ങളിപ്പോൾ മനസ്സിലോർത്തത്.
പക്ഷെ എളുപ്പവഴികളെ കുറിച്ചോർക്കുമ്പോഴെല്ലാം ടോമിയും മറ്റു നായ്ക്കളും മനസ്സിലേക്കോടി വരും,മൂർഖൻ പാമ്പുകളും!
 എന്നെ കണ്ടാലവ തിരിഞ്ഞു നോക്കാതെയൊരു പാച്ചിലാണെങ്കിലും.
ജീവിതത്തിലെ വഴിത്തിരിവുകൾ
ഈ വിഷയം മനസ്സിലിട്ടു നടന്നാൽ ഒന്നല്ല ഒരു നൂറു വഴികളും തിരിവുകളും മനസ്സിലേക്കിരച്ചു കയറും.
സ്വതവേ കറുത്ത നിറക്കാരിയായ എനിക്ക് നാട്ടിലും വീട്ടിലും സ്നേഹത്തേക്കാളേറെ പരിഹാസമാണ് കിട്ടിക്കൊണ്ടിരുന്നത്.
അതിൽ മനസ്സിലേറ്റവും മുറിവുണ്ടാക്കിയത്, രണ്ടിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്നെടുത്ത ഒരു ഫോട്ടോയാണ്.
അതു കാണിച്ചു കൊണ്ട് കുട്ടികളെല്ലാം എന്നെ പരിഹസിച്ചു.
അന്ന് സർഗം സിനിമ ഇറങ്ങിയിട്ടില്ല.
പക്ഷെ അതിലെ മുറുക്കാൻ മുറുക്കുന്ന കുട്ടൻ തമ്പുരാന്റെ നോട്ടമാണ് ആ ഫോട്ടോയിലെനിക്ക്.
ഉറക്കെ കരയുന്ന പ്രകൃതമായിരുന്നതിനാലാവാം കുട്ടികളെന്റെ കണ്ണീരിന് ഒരു വിലയും കൽപ്പിച്ചിരുന്നില്ല.
ഉമ്മാനോടൊന്നും ഈ സങ്കടം പറയാനാവില്ല. അപ്പൊ തന്നെ ഉമ്മ മുന്നാഴി ഇത്തള് വാങ്ങാനാളെ വിടും.
 "അന്നെ ഇന്നെ ന്നെ വെളുപ്പിച്ചേരാ " ന്ന് പാട്ടും പാടും. അതു കേട്ടാലമ്മിണി അരയും തലയും മുറുക്കും. അമ്മിണിക്ക് മ്മാടെ കറുകറുത്ത അടുക്കളച്ചുമരു കൾ വെളുപ്പിക്കാനുള്ള കൊട്ടേഷൻ ഇടയ്ക്ക് കിട്ടാറുമുണ്ട്.
ആയിടയ്ക്കാണ് എംടിയുടെ ഒരു ചെറുപുസ്തകം എന്റെ കയ്യിൽ വന്നു തടഞ്ഞു നിന്നത്.
'കുട്ട്യേടത്തി '.
വർണവിവേചനമെന്ന ഒരു സാധനമുണ്ടെന്നും. അത് അമേരിക്കയിലാണുള്ളതെന്നുമാണ് ഞാനതു വരെ കരുതിയിരുന്നത്.
ഞാനനുഭവിക്കുന്ന എന്റെ അപമാനങ്ങൾക്കാണ് വർണവിവേചനം എന്നു പറയുന്നതെന്ന് അന്നെനിക്കു മനസ്സിലായി. വല്ലാത്തൊരു ഞെട്ടലായിരുന്നു അത്.
ആ കഥയിലെനിക്ക് വല്ലാതെ  മനസ്സിൽ കൊണ്ടത്  കുട്ട്യേടത്തി ആത്മഹത്യ ചെയ്ത സംഭവമായിരുന്നു.
അകാരണമായി എനിക്കാരോടും പ്രേമം തോന്നിയിരുന്ന  കാലം!
എന്നോടു ഭംഗിയായി പെരുമാറിയിരുന്ന ഒരു പാടു പേരുണ്ടായിരുന്നു അന്നും.   വായന കൊണ്ടുണ്ടായ ഗുണമായിരിക്കണം.
അന്ന് വല്യുമ്മാക്ക് പണിയെടുത്തു കൊടുത്താൽ മാസം ഒരുർപ്യ കൂലി കിട്ടും.
ഉമ്മാടെ കയ്യിൽ കിട്ടിയാൽ അതു പിന്നെ തിരിച്ചു കിട്ടില്ല. അതിനാൽ അതിനെല്ലാം പുസ്തകം വാങ്ങലാണ് എന്റെ പോംവഴി.
ലാലുലീല, പൂമ്പാറ്റ, അമ്പിളിയമ്മാവൻ, ബാലരമ....
ഞാൻ വാങ്ങിക്കൂട്ടിയ പുസ്തകങ്ങൾക്കു കണക്കില്ല.
അവയെല്ലാം നാട്ടിൽ മുഴുവൻ ഓടിനടന്ന് വീട്ടിലേക്കു തിരിച്ചെത്തുമ്പോഴേക്കും ഒരു പരുവമായിട്ടുണ്ടാകും.പക്ഷെ ഞാൻ ഉമ്മയെ പോലെയല്ല...
ഉമ്മ ഞങ്ങളോടു കയർക്കുന്ന പോലെ കയർക്കാനോ, "എന്തെടീ നേരം വൈകീ" ന്ന് ചോദിച്ച് തല്ലാനോ ഒന്നും ഞാൻ പോയിട്ടില്ല. ഞാനത്രയ്ക്ക് ക്രൂരയൊന്നുമല്ലല്ലോ.
 ചിലതൊന്നും തിരിച്ചു വരാറുമില്ല. അതു പിന്നെ പുസ്തകങ്ങളല്ലേ, .പാവങ്ങൾ!
അയ്യോ പിന്നേയും ഞാൻ കാടുകയറി.
കുട്ട്യേടത്തി വായിച്ചു ഞാനന്തിച്ചിരുന്നു പോയി. ഞാൻ എന്നെത്തന്നെയാണാ പുസ്തകത്തിൽ കണ്ടത്.
 എന്റെ സ്വഭാവത്തിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത  ബോധ്യം വന്ന സന്ദർഭം.
 മറ്റുള്ളവരുടെ കറുപ്പേ, കറുത്തമ്മേ, കാക്കത്തമ്പുരാട്ടീ,കറുത്തപെണ്ണേ കരിങ്കുഴലീ, തുടങ്ങിയ വിളികൾക്കു ഞാൻ ചെവികൊടുക്കാതെയായി.
അതുമാത്രമല്ല, ഈ ദുനിയാവിലുള്ള ആണുങ്ങളായ ആണുങ്ങളൊന്നും പെണ്ണുങ്ങളെ സ്നേഹിക്കുകയില്ലെന്നും, അവരെല്ലാം ആളെ പറ്റിക്കാൻ നടക്കുന്ന ബഡുക്കൂസുകളാണെന്നും ഞാൻ മനസ്സിലാക്കിക്കളഞ്ഞു.
അതിനു ശേഷമാണ്, വല്യാപ്പാന്റെ കട്ടിലിന്നരികിൽ അടുക്കിവച്ചിരുന്ന വൃത്തികെട്ട ചട്ടകളുള്ള കനത്ത പുസ്തകങ്ങൾ ഞാൻ കട്ടു വായിക്കാൻ തുടങ്ങിയത്.
അതു തന്നെയാണ് ഇത്താത്ത, കുഞ്ഞാത്ത് വിളക്കു കത്തിച്ചു വച്ച് ചെയ്തിരുന്നത്.
ഇതു തന്നെയാണ് സൈത്താത്ത കട്ടിലിന്നടിയിൽ നൂണ്ടു കിടന്ന് മെഴുകുതിരി കത്തിച്ചു വച്ച് ചെയ്തിരുന്നത്.
ലത്തീഫ മാത്രം ഇതൊന്നും ചെയ്തില്ല. അവളും റാബുവും കളിയായ കളികളൊക്കെ കളിച്ച് നാട്ടിലും വീട്ടിലും പാറി നടന്നു.
(ഒരു വഴിത്തിരിവും ല്യാത്ത വഹകൾ. ഹും)
 
കരുതൽ കരം..
ശ്രീലാ അനിൽ

കലികയറികലമ്പലായ് കാറ്റിൻ
കുതറലായ് നീ പെയ്തു നിറയവേ
വർഷമേഘമേ നീ പറയുമോ ഇത്ര
പെയ്യുമീ മാരിനീർ നിന്റെ ഏതറയിൽ
ഒളിച്ചുവച്ചു വച്ചു നീ
നനുനനെ നൂലിഴയായി നിർത്താതെ
ചിന്നിച്ചിതറിയും പിന്നെ ചിലപ്പോൾ
അലറി ആർത്തിരമ്പി തിമിർത്താടി
മലനിരകളെ കുത്തി കുതിർത്തും
കാടകത്തിന്റെ വിങ്ങൽ കടുക്കെ മല -
യറിയാതെ ചുരന്നൊഴുകി പരക്കും
കടു നിണം പോലെ കലക്കവെള്ളത്തിൽ
ഒലിച്ചിറങ്ങി മറഞ്ഞു പോയ് പച്ച
മനുജരും മണ്ണുമാമാമരത്തോപ്പും
പലകുറിയായ് സ്വരുക്കൂട്ടി വയ്ക്കും
കരുതലും കൊച്ചു ലോകവുമെല്ലാം
നിമിഷ വേഗത്തിൽ ചിന്നിത്തെറിച്ചു പോ-
യവിടെയിപ്പൊഴും ചുടുനിണചാലുകൾ
ബാക്കിയായവർക ണ്ണീർ കയങ്ങളിൽ
മുങ്ങി നിവരുമോ കാലമേ ചൊൽക നീ
നിന്റെ സാമ്രാജ്യഭൂവിൽ സഹ്യസാനുവിൻ
ചാരുപച്ചചെരുവിൽ അതിക്രമിച്ചു
കടന്നവർ ഞങ്ങളതിന്റെയുത്തരം തന്നതോകാലം?
തിരികെയെത്തിപ്പിടിക്കാതെ കാക്കാൻ
പ്രകൃതി ദേവതേ നിന്റെ കരുതലിൻ
കരമിനിയെന്നു പുണരുമീ ഞങ്ങളേ

റ്റവരിയുത്തരം......
നൂറനാട്  ജയപ്രകാശ്

അഞ്ചാംക്ലാസിലെ ആദ്യദിനം വിമലടീച്ചർ കുട്ടികളേ പരിചയപ്പെടാനാരംഭിച്ചു.
സ്വയം പരിചയപ്പെടുത്തി അവർ തുടങ്ങി.
എന്റെ പേര് വിമല നിങ്ങളുടെ ക്ലാസ് ടീച്ചറാണ് പഠിപ്പിക്കുന്ന വിഷയം മലയാളം.
ഇനി നിങ്ങൾ ഓരോർത്തരായി എണീറ്റ്നിന്ന് നിങ്ങളുടെ പേര് പറയു.
റിതിക......, ദയ......., വർഷ...., മാളവിക..., അവന്തിക....., അനാമിക...., സാഹിറ...., ശ്രേയ....., ദിയ...., മിഴി....., സാറാ...., ഷാജിത....
അങ്ങനെ നീണ്ടു പെൺനിര....
ആകാശ്...., നീരജ്....., നിവിൻ...., അനൂപ്...., അഭിലാഷ്...., ബ്രിട്ടാസ്....,
ഫയാസ്...., അങ്ങനെ നീണ്ടു ആൺ നിര....
ആൺനിരയുടെ അവസാനം ഒരു കറുത്ത് മെലിഞ്ഞ ചെക്കൻ എണീറ്റ് ഉറക്കെ പറഞ്ഞു "നാരായണൻ"
ക്ലാസിലെ പുതുമയുള്ള പേരിന്നുടമകൾക്ക് ചിരിയടക്കാനായില്ല... അവരുറക്കെ ചിരിച്ചു...
നാരായണൻ തല കുനിച്ചില്ല..അവൻ ഇത്തിരികൂടി ഉച്ചത്തിൽ പറഞ്ഞു
അതേ എന്റെ പേരാണ് "നാരായണൻ"
ആ... പറച്ചിലിലെ മൂർച്ചയിലാകാം ചിരി തെല്ലടങ്ങി.
ടീച്ചർ ഇടപെട്ടു....നാരായണൻ... ഹായ് നല്ല പേര് എനിക്കേറ്റവും ഇഷ്ടപ്പെട്ട പേരാണ് നാരായണൻ.
എന്റെ അച്ഛന്റെ പേരും നാരായണൻ എന്നാണ്.
ഇതൂടി കേട്ടപ്പം തെല്ലടങ്ങിയ ചിരി എരിഞ്ഞടങ്ങി.
വിമലടീച്ചർ എല്ലാവർക്കും ഓരോ പേപ്പർ കൊടുത്തിട്ട് പറഞ്ഞു
നിങ്ങളുടെ വീട്ടിൽ എന്തുണ്ട്....?
എല്ലാവരും അവരുടേതായ ഉത്തരങ്ങൾ ഈ പേപ്പറിൽ എഴുതുക.
ചിലരെഴുതി... എന്റെ വീട്ടിൽ ടീവിയുണ്ട്... ഫ്രിഡ്ജുണ്ട്... വാഷിങ്ങ് മെഷീനുണ്ട്... കുക്കിംഗ് ഗ്യാസുണ്ട്..
ഓവനുണ്ട്...
മറ്റു ചിലരെഴുതി.... എന്റെ വീട്ടിൽ മിക്സിയുണ്ട്... ഗ്രൈണ്ടറുണ്ട്... കാറുണ്ട്.. ബൈക്കുണ്ട്... സൈക്കിളുണ്ട്...
വേറേ ചിലരെഴുതി... എന്റെ വീട്ടിൽ കംമ്പ്യൂട്ടറുണ്ട്..... വീഡിയോഗയിമുണ്ട്
ഏസിയുണ്ട്.... വൈഫേയുണ്ട്...   വാക്യംക്ലീനറുണ്ട്.
ഇനി ചിലരെഴുതി... എന്റെ വീട്ടിൽ കട്ടിലുണ്ട്.... കസേരയുണ്ട്... ദിവാൻ കോട്ടുണ്ട്..... ഡൈനിംഗ്ടേബിളുണ്ട്.
പിന്നെ ചിലരെഴുതി.. എന്റെ വീട്ടിൽ കാവലിന് നായയുണ്ട്...  പുറംപണിക്ക്
ബംഗാളിയുണ്ട്... അടുക്കളപ്പണിക്ക് അമ്മിണിയുണ്ട്....
എഴുതിയപേപ്പർ ഓരോന്നായി വാങ്ങിയ ടീച്ചർ നാരായണന്റെ അടുത്തെത്തി... എഴുതിയ പേപ്പർ കമഴ്ത്തിവച്ച് അവൻ ചരിഞ്ഞ് ഡസ്ക്കിൽ മുഖമമർത്തിക്കിടക്കുന്നു.
ടീച്ചർ കൈനീട്ടിയപ്പോൾ അവനെഴുതിയ പേപ്പർ ടീച്ചർക്ക് നേർക്ക് നീട്ടി അവൻ.
ആ പേപ്പറിലെ ഒറ്റവരിയിലേയ്ക്ക് അവരൊന്നു കണ്ണോടിച്ചു.
"എന്റെ വീട്ടിൽ... അമ്മയുണ്ട് "
ഒരു നിമിഷം ടീച്ചർ അവനേയും ആ പേപ്പറിലെ ഒറ്റവരിയേയും മാറി മാറി നോക്കി .
മേശയ്ക്കരികിലേയ്ക്ക് നിങ്ങിയ ടീച്ചർ നാരായണനെ തന്റെ അരികിലേയ്ക്ക് വിളിച്ചു.
മറ്റ് കുട്ടികൾ കരുതിയത് ടീച്ചറവനേ ശകാരിക്കാനാകും വിളിച്ചതെന്ന്....
ടീച്ചറവന്റെ കൈയ്യിൽ പിടിച്ച് പറഞ്ഞു "ഇവനാണ് നാരായണൻ നിങ്ങളുടെയൊക്കെ വീട്ടിൽ ഒരുപാടൊക്കെയുണ്ട് എന്നാൽ ഇവന്റെ വീട്ടിൽ ഒന്നേയുള്ളു...
" ഇവന്റെ അമ്മ..."
നിങ്ങളുടെ വീട്ടിലെ ആ എല്ലാറ്റിനും സമമാണ് ഇവന്റെ വീട്ടിലെ ആ അമ്മ.
നാരായണൻ നിങ്ങൾക്കെല്ലാം മുകളിലാണ്... പേരുകൊണ്ടും ... വസ്ത്രം കൊണ്ടും... ധനം കൊണ്ടുമല്ല
വ്യക്തിത്വം കൊണ്ടും... വിവേകം കൊണ്ടും...ക്ഷമാശീലം കൊണ്ടും...
അതിനാൽ നിങ്ങളുടെ ക്ലാസ്ടീച്ചറായ ഞാൻ നിങ്ങളെ നയിക്കാനുള്ള ലീഡർ സ്ഥാനം നാരായണനേ ഏൽപ്പിക്കുന്നു.
അപ്പോഴും നാരായണൻ തലകുനിക്കാതെ തന്റെ പിറക്ബഞ്ചിലേക്ക് നീങ്ങി.......

മാവേലി നാട്..
നസീറ നൗഷാദ്

പൊന്നുവിലയുള്ള
സത്യം ചുമക്കുവോർ
കിട്ടാക്കനി പോൽ
വിരളം കഷ്ടം...
കെട്ടിയടുക്കിയ
നോട്ടിൻ മറവിൽ
സത്യത്തെയെന്തേ
കിടത്തിയുറക്കീ...
കൊടിവെച്ച കാറിലായ്
പാഞ്ഞിടുന്നൂ
കൊടികുത്തി വാഴു-
മരാജകത്വം...
ചോരയിൽ മുങ്ങി
നിരത്തിലുരുളുന്നൂ
തല പോയ സത്യം
നമുക്ക് മുന്നിൽ...
ദൈനംദിന
ജീവിത ഭാഗമായ്‌
കൊള്ള, കൊലയും
കുതികാൽ വെട്ടും...
സത്യത്തിൻ ഭാരം
താങ്ങുവാനാകാതെ
സത്യത്തെ വിറ്റു
മടിശ്ശീല നിറയ്ക്കുവോർ
സമാധാനം കാക്കുന്ന
അഷ്ടദിക്പാലകർ...
എങ്കിലും പാടിടാം
നമ്മളൊന്നായീ
പൊന്നോണ നാളിൽ
മാവേലി നാടേ വാഴ്ക വാഴ്‌ക...

പ്രളയം പറയുന്നത്...
നരേന്ദ്രൻ.എ.എൻ

പ്രളയജലം ഇറങ്ങിയിട്ടേയുള്ളു.എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരോ അവരെത്തുണയ്ക്കാൻ പാഞ്ഞെത്തിയവരുടെ വിയർപ്പുതുള്ളികളോ വറ്റിക്കഴിഞ്ഞിട്ടില്ല.അതിനു മുമ്പേ താത്വികമായ ചർച്ചകൾ നാം ആരംഭിച്ചു കഴിഞ്ഞു.പ്രകൃതിദുരന്തങ്ങൾക്ക് കാരണമെന്ത്?പരിഹാരമെന്ത്?...ചർച്ചയിൽ പങ്കെടുക്കുന്ന പലരുടെയും പാദം പോലും ചളിവെള്ളത്തിൽ മുങ്ങിയിട്ടില്ലെങ്കിലും...
എല്ലാവർക്കും എളുപ്പവഴികളുണ്ട്.പ്രശ്നങ്ങൾ പെട്ടെന്നു പരിഹരിച്ചു കളയാമെന്ന വ്യാമോഹമുണ്ട്. എന്നാൽ കാര്യം അത്രത്തോളം ലളിതമല്ല. മാർഗ്ഗം അത്രത്തോളം സുഗമവുമല്ല.
മനുഷ്യന്റെ ഇടപെടലാണ് ദുരന്തങ്ങൾക്കു കാരണമെന്ന പ്രസ്താവന അർദ്ധസത്യം മാത്രമാണ്. മനുഷ്യന്റെ ഇടപെടലുകൾ ദുരന്തങ്ങൾക്കു കാരണമാവുന്നുണ്ട് എങ്കിലും...എന്നാൽ,മനുഷ്യന്റെ ഇടപെടലുകൾ അവസാനിപ്പിക്കുക എന്ന പരിഹാരനിർദ്ദേശം തീർത്തും അർത്ഥശൂന്യമാണ്....
നിരവധി മനുഷ്യവംശങ്ങൾ വേരറ്റുപോയിട്ടുണ്ട്. അതിനു കാരണം അവർ പ്രകൃതിയിൽ ഇടപെട്ടതല്ല.മറിച്ച് സമർത്ഥമായി ഇടപെടാൻ അവർക്ക് കഴിയാതിരുന്നതാണ്.വംശനാശത്തിൽ നിന്ന് ഹോമോ സാപിയനെ രക്ഷിച്ചത് അവർ പ്രകൃതിയിൽ നടത്തിയ അതിക്രമസ്വഭാവമുള്ള ഒരു വലിയ ഇടപെടലാണ്...കൃഷി.പ്രകൃതിദത്തമായ എത്ര പുൽമൈതാനങ്ങൾ,അതിന്റെ ജൈവ വൈവിദ്ധ്യങ്ങൾ...അവർ വെട്ടിയും കത്തിച്ചും നശിപ്പിച്ചു... ചോദ്യം ലളിതമാണ്.കൃഷി നിങ്ങൾ നിർത്തിവപ്പിക്കുമോ?
പ്രകൃതിയിലെ ഇടപെടൽ ആവശ്യമുണ്ടോ എന്നതല്ല,ആ ഇടപെടൽ ആർക്കു വേണ്ടിയാണ് എന്നതാണ് ചോദ്യം. ഒന്നു തിരിച്ചിട്ടാൽ, പ്രകൃതി വിഭവങ്ങളുടെ യഥാർത്ഥ അവകാശി ആര് എന്നതാണ് ചോദ്യം.
ഇത്ര ഊറ്റിയെടുത്തിട്ടും, ഭൂമിയെ ഒരു തൊണ്ടാക്കി മാറ്റിയെടുത്തിട്ടും തൊണ്ണൂറ്റിയൊമ്പതു ശതമാനം മനുഷ്യനും ദരിദ്രരാണ്. അപ്പോൾ ആരാണ് യഥാർത്ഥ കുറ്റവാളി?ബാക്കി ഒരു ശതമാനം വരുന്നവർ. അവർക്കെതിരെ ഉയരേണ്ട യുദ്ധസന്നാഹത്തെ  മനുഷ്യരാശിക്ക് മുഴുവനും എതിരായി തിരിച്ചുവിടുന്നതിന്റെ ലക്ഷ്യം വ്യക്തമാണ്.
മുഴുവൻ മനുഷ്യരാശിക്കും അവകാശപ്പെട്ട പ്രകൃതി വിഭവങ്ങൾ സ്വന്തമാക്കി വക്കുകയും അവയെ വില്പനച്ചരക്കാക്കുകയും അതു വിറ്റ് കൊള്ളലാഭമുണ്ടാക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ ശത്രുക്കൾ. പച്ച മലയാളത്തിൽ പറഞ്ഞാൽ, മുതലാളിത്തമാണ്, സ്വകാര്യസ്വത്തുടമാ സമ്പ്രദായമാണ് യഥാർത്ഥ വില്ലൻ.
അതിനെതിരായ പോരാട്ടം, അതു മാത്രമാണ് യഥാർത്ഥ പരിസ്ഥിതി സംരക്ഷണപ്പോരാട്ടം.മുതലാളിത്തത്തെ എതിർക്കാത്തവരുടെ പരിസ്ഥിതിവാദങ്ങൾ കാപട്യമാണ്. വഞ്ചനയാണ്.

അശോക് ഡിക്രൂസ് സാറിന്റെ പെൻഡുലം വായനക്കുറിപ്പ്...👇👇
പറിച്ചു മാറ്റാനാവാത്ത വായനാനുഭവം
അബ്ദുൾ ഗഫൂർ

പ്രളയപ്പനിച്ചൂടിന്റെ വിരസതയിൽ കുളിര് പകർന്ന വായനാനുഭവമായിരുന്നു, ശ്രീ. അശോക് ഡിക്രൂസ് സാറിന്റെ പെൻഡുലം.2018ലെ പോഞ്ഞിക്കര റാഫി പുരസ്കാരം നേടിയ നോവൽ... ജീവിത നാടകത്തിന്റെ വൈവിധ്യ സമ്പന്നമായ പകർന്നാട്ടത്തിന്റെ കഥ അനുഭവിപ്പിക്കുന്ന ഹൃദ്യമായ നോവൽ...
എസ്തോസിലൂടെ, സന്തോഷിലൂടെ,അഭിനവ സന്തോഷിലൂടെ ഉറഞ്ഞാടുന്ന ആകസ്മികതകൾ.. 'നിർമലാർട്സി'ലെ എസ്തോസ് എന്ന നാടകക്കാരനിലൂടെ ഒരു നാടിന്റെ നാടകക്കമ്പത്തെ എത്ര ഹൃദ്യമായാണ് നോവലിസ്റ്റ് കോറിയിടുന്നത്... അടുത്ത ബെല്ലോടു കൂടി ഉയരുന്ന ജീവിത നാടകത്തിന്റെ തിരശ്ശീല, പിന്നീട് താഴരുതേ എന്ന് പ്രാർത്ഥിച്ചു പോവുന്ന തരത്തിൽ ഒറ്റയിരുപ്പിനാസ്വദിക്കാവുന്ന വിരുന്ന്... നമ്മുടെ ചുറ്റും ജീവിക്കുന്ന ഒരു പറ്റം മനുഷ്യർ ഹൃദയത്തിൽ ഒരു ചലച്ചിത്രത്തിലെന്ന പോലെ മിന്നിമറയുന്നു .. " ജീവിതം, ഒരു പെൻഡുലം പോലെയാണ്.... ആട്ടം തീരുന്നതു വരെ തുടർന്നേ പറ്റൂ.... " എന്ന് പ്രഖ്യാപിക്കുന്ന ജീവിതക്കാഴ്ചകൾ...
കൂട്ടത്തിൽ, ട്രാൻസ്ജെന്റർ ജീവിതത്തിന്റെ തീക്കാറ്റ്, ഇന്ത്യയുടെ നിർണായക ചരിത്ര മുഹൂർത്തങ്ങൾക്കിടയിലൂടെയുള്ള കഥാ വികാസം, നമ്മുടെ ചുറ്റും നടക്കുന്ന ഭൂമാഫിയാ കെണികൾ,പലായനത്തിന്റെ നോവുകൾ തുടങ്ങി ഒരു പാട് അനുബന്ധ ഘടകങ്ങളുടെ ആഖ്യാനവും നോവലിനെ ഏറെ ശ്രദ്ധേയമാക്കുന്നു.... ഓർമകളിലൂടെയുള്ള തീർത്ഥയാത്ര അനുഭവിപ്പിക്കുന്നു,നോവൽ പലപ്പോഴും.. സാധാരണീകൃതമായ ജീവിതാവസ്ഥകളെയും വിശ്വാസ ബോധ്യങ്ങളെയും അസാധാരണവും സർഗ്ഗാത്മകവുമായ വീക്ഷണങ്ങളിലൂടെ ജൈവികമായി പുനരവതരിപ്പിക്കുന്ന നോവൽ എന്ന അവാർഡ് കമ്മിറ്റിയുടെ വിലയിരുത്തൽ തികച്ചും അർത്ഥഗർഭം.
ഞാനിപ്പോഴും ഈ നോവലിന്റെ വായനാനുഭവം പകർന്ന ആത്മ ഹർഷത്തിലാണ് ...."ആഴത്തിൽ വേരോടിയാൽ പിന്നെ പറിച്ചു മാറ്റാൻ പ്രയാസമാണ്, അത് മണ്ണിനായാലും മനസ്സിലായാലും.."അതെ, അത്ര വേഗത്തിലൊന്നും ഈ പെൻഡുലവും മനസ്സിൽ നിന്ന് പറിച്ചു മാറ്റാനാവില്ല തന്നെ..