17-06-19b


📚📚📚📚📚

പച്ചവിരൽ
ദയാബായി

ഡിസി ബുക്സ്
പേജ് 150
വില 120

അടിയാള ജനതയെ അടിമത്തത്തിൽ തന്നെ നിലനിർത്താൻ  സ്വതന്ത്രഭാരതത്തിലെ രാഷ്ട്രീയ നേതാക്കളും  നാട്ടുപ്രമാണിമാരും ഉദ്യോഗസ്ഥവൃന്ദവും ചേർന്ന് നടത്തിക്കൊണ്ടിരുന്ന ഭീകരതയുടെ വ്യാപ്തി അറിയണമെങ്കിൽ  ദയബായിയുടെ ആത്മകഥയിലേക്ക്, 'പച്ചവിരൽ'ലേക്ക്  പ്രവേശിക്കുക .
      പാലായിലെ പൂവരണിയിൽ, 1941  ഫെബ്രുവരി 22ം തീയതി, ലളിതജീവിതവും  കാർഷികവൃത്തിയും സ്വന്തം ആത്മാവിന്റെ ഭാഗമാക്കിയ  ഒരു പിതാവിൻറെ മകളായി ജനിച്ചു വീണ കുട്ടി  അസാധ്യങ്ങളെ സാധ്യമാക്കിയ ദയാബായി സമൂഹത്തെ അമ്പരപ്പിച്ചുകൊണ്ട് നിവർന്നു നിൽക്കുന്നു . ആ പിതാവിൻറെ   കാർഷികവൃത്തിയോടുള്ള സ്നേഹത്തിൻറെ പച്ചവിരൽ ആണ്  ദയാബായ്.
  29ംവയസ്സിൽ ബോംബെയിലെ ചേരിപ്രദേശങ്ങളിൽ, ഫുട്പാത്തുകളിൽ,
സാമൂഹ്യ സേവനത്തിന്റെ കുടപിടിച്ച് ഏകയായി നടക്കുന്ന യുവതി എങ്ങനെ അത്ഭുതമാകാതിരിക്കും!

  1980 ൽ, ഇടയ്ക്ക് മുടങ്ങിപ്പോയ  എം.എസ്.ഡബ്ല്യു പഠനത്തിന്റെ ഫീൽഡ് വർക്ക്ന്റെഭാഗമായി  മധ്യപ്രദേശിലെ ചിന്ത് വാഡയിൽ സുർളാഘാപ്പ ആദിവാസി ഗ്രാമത്തിൽ ഗോണ്ട് വർഗ്ഗത്തിൽപെടുന്ന ഒരാളുടെ വീട്ടിൽ താമസിക്കുന്നകാലത്തുണ്ടായ സംഭവമാണ്
പച്ചവിരലിൽ ആദ്യം പറയുന്നത്. ആദിവാസികളുടെ അവകാശസംരക്ഷണത്തേകാൾ കഠിനമാണ്  സ്വന്തം മാനം കാക്കാൻ അവർ പെടുന്ന കഷ്ടപാട്! മാംസ ദാഹിയായ
ആ ട്രൈബൽ പ്രോജക്ട് ഓഫീസർ പിന്നീടും ആദിവാസി ക്ഷേമത്തിനും ദയാബായിക്കും ഇടയിൽ വിലങ്ങുതടിയായി വന്നിട്ടുണ്ട്
1971ൽ ബംഗ്ലാദേശ് യുദ്ധത്തോടനുബന്ധിച്ച് കൽക്കട്ടയിൽ നടത്തിയ വലിയ സന്നദ്ധസേവനവും 1978 ഹരിയാനയിൽ നടത്തിയ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനവും 1981 മുതൽ മുതൽ 1995 വരെ ഉത്തർപ്രദേശിൽ ഗോണ്ട് ആദിവാസികളുടെ  അവകാശത്തിനുവേണ്ടിയുള്ള പോരാട്ടവും അതിനുശേഷം ബറൂൾ ഗ്രാമത്തിൽ ജൈവകൃഷിയും  ജലസംരക്ഷണവും മുൻനിർത്തിയുള്ള പ്രവർത്തനവും സമ്മാനിച്ച മരിക്കാത്ത ഓർമ്മകളാണ് ഈ പുസ്തകം നമ്മോട് പറയുന്നത്.
കന്യാസ്ത്രീയായി ജീവിക്കാൻ ആഗ്രഹിച്ചിട്ടും, ക്രിസ്തു കാട്ടിയ വഴിയിലൂടെ സഞ്ചരിക്കാൻ  തിരുവസ്ത്രം തടസ്സമാണെന്ന് തിരിച്ചറിഞ്ഞ് ;താൻ ചെന്നെത്തുന്ന  ജനക്കൂട്ടത്തിന്റെ സ്വഭാവിക വസ്ത്രധാരണത്തിലേക്ക് അപ്പപ്പോൾ സ്വയം പറിച്ചുനട്ടുകൊണ്ടുള്ള ജീവിതത്തിലുടെ അവർ ഒറ്റയ്ക്ക് നടന്നു.
        പാവങ്ങളെ  പറ്റിക്കുന്നവരെയും, അവരെ സഹായിക്കുന്നവരെ എതിർക്കുന്നവരെയും എമ്പാടും കാണാം. തൻറെ മുൻവരിയിലെ രണ്ടു പല്ലുകൾ ഒരു പോലീസുകാരൻ ഇടിച്ചു പൊളിച്ചത് നാം വിറങ്ങലിച്ച മനസ്സോടെ വായിച്ചു പോകും. സ്ഥലം മാറി വന്ന സബ്ഇൻസ്പെക്ടർ  സ്വന്തം വീര്യം കിട്ടാൻ ആദിവാസി യുവാക്കളെ പിടിച്ചുകൊണ്ട് വന്ന്  ആൾക്കൂട്ടം കാണുന്നിടത്തെല്ലാം ഇറക്കി നിർത്തി കാൽപാദം അടിച്ചുപൊളിക്കുന്ന ക്രൂരത എങ്ങനെ നിസ്സംഗമായി വായിച്ചു പോകാനാവും .
   1992ലെ ബിജെപി ഗവൺമെൻറ് പൊഖ്റാനിൽ അണുവിസ്ഫോടനം നടത്തിയപ്പോൾ അതിനെതിരെ ബനാറസി ലേക്ക് നടത്തിയ ശാന്തി യാത്രയിൽ തുടങ്ങിയപോരാട്ടം ജീവിതത്തിലൊരിക്കലും  ഉള്ളി വാങ്ങില്ല എന്ന തീരുമാനത്തിലേക്ക് വ്യാപിക്കുന്നത് കാണുമ്പോൾ ഉപ്പ് ഉപേക്ഷിച്ച ഗാന്ധിജിയെ ഓർമ്മ വരുന്നു. പരമ്പരാഗതമായി കോൺഗ്രസ് ഭരിക്കുന്ന മേഖലയിൽ ആദിവാസി പ്രവർത്തനങ്ങളെ  ചെറുക്കാൻ പ്രാദേശിക ഭരണകൂടം മതപരിവർത്തന ശ്രമം എന്ന ആരോപണം ഉപയോഗിക്കുമ്പോൾ തന്നെ സഹായിച്ച ച്ച ബിജെപി പ്രവർത്തകരെ സ്മരിക്കുകയും  ഇപ്പോഴത്തെ ബി ജെ പി മുഖ്യമന്ത്രിയുടെ സാമൂഹ്യ പ്രവർത്തനചരിത്രത്തിൽ ആശ്വാസം കൊള്ളുകയും ചെയ്യുന്നു.
ആദിവാസി മേഖലയിലെ വ്യാജമദ്യവിപണനത്തിനെതിരെ പോരാടുമ്പോൾ പോലീസും ഗുണ്ടകളും രാഷ്ട്രീയക്കാരും മുതലാളിമാരും  കൈകോർത്ത് സമരത്തെ ചോരയിൽ മുക്കാൻ ശ്രമിക്കുന്നത് അവർ വിശദീകരിക്കുമ്പോൾ നമുക്ക് വികാരവിക്ഷോഭം ഉണ്ടായേക്കില്ല, കാരണം അതൊക്കെ നാം ഇവിടെയും കണ്ടിട്ടുള്ളതാണല്ലോ!

പാവപ്പെട്ടവൻറെ വസ്ത്രം ധരിച്ച സ്ത്രീ എവിടെയും അപമാനിക്കപ്പെടുന്നതിന്റെ  സാക്ഷ്യങ്ങൾ വായിക്കുമ്പോൾ ഏറ്റവും വേദന തോന്നുന്നത്  മലയാളിയുടെ മനോവൈകൃതം തിരിച്ചറിഞ്ഞാണ്!
    എൻ ജി ഒ സംഘങ്ങൾ ചാരിറ്റിയുടെ മറവിൽ  വിദേശപണം കൈപ്പറ്റി തടിച്ചുകൊഴുക്കുന്ന നാട്ടിൽ പണപ്പിരിവിനെക്കുറിച്ച്  ആലോചിക്കുകപോലും ചെയ്യാത്ത ; ജീവിതം  നിസ്വർക്കായി ഉഴിഞ്ഞുവെച്ച ആ പച്ച മരത്തെ ആദരവോടെ ഓർക്കാം.

രതീഷ് കുമാർ
🌾🌾🌾🌾🌾🌾