17-06-19


📚📚📚📚📚
കൈകളിൽ നീല ഞരമ്പുകളുള്ളവർ

ശ്രീദേവി വടക്കേടത്ത്

ഗ്രീൻ ബുക്സ്
പേജ് 210
വില 245

ആഗ്നസ് ലൂസി മേരി ജോൺ, ജെയ്സി ലൂക്ക മെൻഡസ് ,മുസ്തഫ അഹമ്മദ് ഈ മൂന്നു പേരുടെ ജീവിതമാണ് ശ്രീദേവി വടക്കേടത്ത് തന്റെ ആദ്യ നോവലിലൂടെ പറയുന്നത് .മൂന്നുപേരും വ്യത്യസ്ത നാടുകളിൽ ജനിച്ചവരാണ്. കേരളത്തിൽ ഒല്ലൂരിൽ  ജനിച്ച ആഗ്നസ്, ഈജിപ്തിൽ ജനിച്ചമുസ്തഫ, ഫിലിപ്പൈൻസ് സ്വദേശി ജയ്സി ,മൂവരും സിഡ്നിയിൽ ആണ് സംഗമിച്ചത്. ഒറ്റയ്ക്കിരിക്കാനുള്ള താൽപര്യമാണ് മൂവരിലും പൊതുവായുള്ള ഘടകം. വ്യത്യാസമാണെങ്കിൽ ജനിച്ച നാട് മാത്രമല്ല ;ഒരാൾ സ്ത്രീ,  ഒരാൾ പുരുഷൻ,ഒരാൾ പുരുഷ ശരീരമുള്ള സ്ത്രീ. മൂന്നുപേരുടെയും കൈത്തണ്ടകളിലെ നീല ഞരമ്പ് അവരുടെ വ്യക്തിത്വത്തിൻറെ ഭാഗമാണ് .മൂവരും ചെല്ലപ്പേരിലാണ് സൗഹൃദങ്ങളിൽ  വ്യവഹരിക്കപ്പെടുന്നത്

ഈ കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നതിലുള്ള കൃതഹസ്തത തന്നെയാണ് നോവലിനെ ശ്രദ്ധേയമാക്കുന്ന ഒരു ഘടകം .ഓരോ കഥാപാത്രവും സ്വന്തം ജൈവമേഖലയിൽ സ്വതന്ത്രരായി നിൽക്കുന്നു. സ്വന്തം കഥ സ്വയം പറയുന്നു .ഇത് ശ്രമകരമായ ഒരു  രചനാരീതിയാണ്. അവിടെയാണ്  കഥാകാരിയുടെ കൈവഴക്കം നാമറിയുന്നത്.

ജോഎന്ന് വിളിക്കപ്പെടാൻ ഇഷ്ടപ്പെടുന്ന ട്രാൻസ് സെക്ഷ്വൽ ആയ ജോയ്സിയെ മിഴിവോടെ അവതരിപ്പിക്കുന്നതിലൂടെ, അപരിചിതമായ കഥാപാത്ര മനോഭാവം നൈസർഗികമായി  അവതരിപ്പിക്കാനുള്ള  കഥാകാരിയുടെ കരുത്ത് വായനക്കാരനെ വിസ്മയിപ്പിക്കും. ലൂസി മോൾ എന്ന ചെല്ല പേരിൻെറ ഉറയിൽ കഴിയുന്ന ആഗ്നസിന്റെ ഒറ്റപ്പെടലിന് കാരണം കഥാകാരി അവസാനം വരെ ഒളിച്ചു വച്ചിരിക്കുന്നതു കൊണ്ടും,അത് പറഞ്ഞു പോയാൽ  കഥാവായനയിലെ സുഖം നഷ്ടപ്പെട്ടാലോ എന്ന് ഭയന്നും,ആ ചർച്ചയേ ഒഴിവാക്കുകയാണ്.
തീഫാ എന്ന് കൂട്ടുകാർ വിളിക്കുന്ന മുസ്തഫ ഒരു നഷ്ടപ്രണയത്തിൽ നിന്ന് മറ്റൊരു പ്രണയത്തിലേക്കുള്ള പ്രയാണത്തിലാണ്.

    ഇനി ഒരുപക്ഷെ, മലയാളനോവലിൽ  അതിശക്തരായ ട്രാൻ സെക്ഷ്വലുകൾ ഉണ്ടായേക്കാം. എങ്കിലും ജോ വായനക്കാരിൽ ഉണ്ടാക്കുന്ന വിസ്മയം അറ്റുപോയേക്കില്ല.

പെണ്ണെഴുത്തിന്റെ കള്ളിയിൽ ഈകൃതീ പെടില്ല.നോവൽവായനയിൽ ഒരിക്കലും ഇത് ഒരു പെൺരചനയായി തോന്നുകയേ ഇല്ല.അല്ലെങ്കിലും ആ വ്യവഹാരംതന്നെ പെണ്ണിനെ രണ്ടാംതരത്തിൽ കാണുന്ന തിന്റെ ബാക്കിപത്രമല്ലേ.കഥാപാത്രത്തെ ഉൾക്കൊണ്ട് രചനനടത്തിയാലത് ഒന്നാന്തരം, എഴുത്താളർ തെളിഞ്ഞുനിന്നാൽ മോശം. ഈ അളവുകോലുപയോഗിച്ചാൽ കൈകളിൽ നീലഞരമ്പുകളുള്ളവർ ആദ്യത്തെ വിഭാഗത്തിൽ വരും.

ഈ പുസ്തകത്തിൻറെ പ്രൂഫ് നോട്ടത്തിൽ  വലിയ പിഴവുകളുണ്ട്. വായനയിൽ അലോസരമുണ്ടാക്കുന്ന പിഴവുകൾ. വാക്യത്തിന് നടുവിൽ വെറുതേ ചില കോമയും കുത്തും. "വെളുത്തു മെലിഞ്ഞ ശരീരവും കറുത്തു ചുരുണ്ട തലമുടി അരക്കൊപ്പം കിടന്നിരുന്ന  റോസിയുടെ കൃഷ്ണമണികൾക്ക്  ഇളം നീല നിറമായിരുന്നു."(പേജ്79) എന്ന വാക്യം പരീക്ഷാ പേപ്പറിൽ വാക്യശുദ്ധിക്കായി കിട്ടിയാൽ കുട്ടികളുടെ ഗതികേടെന്നേ പറയാനാവൂ.
അത്യപൂർവ്വം എന്നു പറയാനാവില്ലെങ്കിലും, അസാധാരണമായ ഒരു പ്ലോട്ട് ,വളരെ ശ്രദ്ധയോടെ വികസിപ്പിച്ച്, കഥാപാത്രങ്ങളുടെ മനസ്സിൻറെ അഗാധതയിലേക്ക് കടന്നിറങ്ങി, വലിയൊരു ക്യാൻവാസിൽ ആവാഹിക്കാൻ, കഥാകാരി സഹിച്ച യാതന ഓർക്കുമ്പോൾ, പിഴവുകൾ രോഷത്തോടെ ചുണ്ടിക്കാട്ടാതെവയ്യ.

രതീഷ് കുമാർ
🌾🌾🌾🌾🌾🌾