17-05-19


ഇന്ന് ബാംഗ്ലൂരിലെ ഇന്ത്യൻ മ്യൂസിക് എക്സ്പീരിയൻസ് എന്ന സ്ഥാപനത്തേയും മ്യൂസിക് ഗാർഡനേയും പരിചയപ്പെടാം...
കല്ലും ജലവും മരവും ലോഹങ്ങളുമൊക്കെ സംഗീതം പൊഴിക്കുന്ന ഉദ്യാനം. പരമ്പരാഗത സംഗീതപ്പെരുമയ്ക്കൊപ്പം പുതുമയുടെ ആസ്വാദനവും പകരുന്നു ഇന്ത്യൻ മ്യൂസിക് എക്സ്പീരിയൻസ് കൂട്ടായ്മയുടെ സംഗീത ഉദ്യാനം....

അതിർവരമ്പുകളില്ലാത്ത ആസ്വാദനമാണു സംഗീതത്തെ ശ്രോതാക്കളിലേക്ക് എന്നും ആകർഷിക്കുന്നത്. ഉപകരണസംഗീതം മുതൽ വായ്പാട്ട് വരെ ഭാഷയേതാണെങ്കിലും ആസ്വദിക്കാനുള്ള മനസ്സാണ് പ്രധാനം. സാങ്കേതിക രംഗത്തുണ്ടായ വളർച്ച സംഗീത ഉപകരണങ്ങളിലും ഏറെ മാറ്റംവരുത്തി. സംഗീതത്തിന്റെ ഇമ്പത്തെ പുത്തൻ ഉപകരണങ്ങൾ തളർത്തിയെന്നു പഴമക്കാർ പറയുമ്പോഴും മാറ്റങ്ങൾക്കൊപ്പം നിൽക്കുന്നവരിലേറെയും പുതുതലമുറക്കാരാണ്. പ്രകൃതിയൊരുക്കിയ നൈസർഗികമായ താളം നേരിട്ടു പരിചയപ്പെടാൻ ആഗ്രഹിക്കുന്നവരാണ് ഏറെയും. ഇവർക്കായി ഇന്ത്യൻ മ്യൂസിക്ക് അക്കാദമി (ഐഎംഇ) എന്ന സംഗീത കൂട്ടായ്മ ഒരുക്കിയ സൗണ്ട് ഗാർഡൻ (സംഗീത ഉദ്യാനം) എന്തിനും പുതുമതേടുന്ന ഉദ്യാനനഗരവാസികൾക്കു പുത്തൻ അനുഭവമാണു പകർന്നുനൽകുന്നത്.
പുരാതന കാലത്തെ സംഗീത ഉപകരണങ്ങൾ മ്യൂസിയങ്ങളിലെ ചില്ലുകൂട്ടിൽ മാത്രം കണ്ടുപരിചയിച്ചവർ ജെപി നഗർ ഫേസ് ഏഴിലെ ബ്രിഗേഡ് മില്ലേനിയം കോംപ്ലക്സിലുള്ള ഇന്ത്യൻ മ്യൂസിക്ക് എക്സ്പീരിയൻസിന്റെ പ്രവേശന കവാടത്തിലെത്തിയാൽ അന്തംവിടും. നിങ്ങളെ അവിടെ സ്വീകരിക്കുന്നതു വിവിധ താളമേളങ്ങളാകും.

കല്ലുകളിൽനിന്നും മരത്തടികളിൽനിന്നും ഉയരുന്ന സ്വരങ്ങൾ ആസ്വദിക്കാം. കല്ലും ജലവും മരവും ലോഹങ്ങളുമൊക്കെ ഇവിടെ സംഗീത ഉദ്യാനത്തിലെ ഉപകരണങ്ങൾ ആകുന്നു. വിവിധതരം ലോഹമിശ്രിതങ്ങളിൽ തീർത്ത സൗണ്ട് സ്ട്രിപ്, സൗണ്ട് റെയിൽ, സൗണ്ട് ടേബിൾസ്, ബെൽ പ്ലെയിറ്റ്, വിൻഡോ ചിമി, സ്പൈറൽ സ്ട്രോം ഡ്രം തുടങ്ങിയ 12 സംഗീത ഉപകരണങ്ങളാണ് ഉദ്യാനത്തിലുള്ളത്. വെള്ളത്തിൽ കൈമുക്കി മിനുസമേറിയ ഗ്രാനൈറ്റ് കല്ലിൽ ഉരച്ചാൽ സംഗീതത്തിനൊപ്പം പ്രകമ്പനവും പുറപ്പെടുവിക്കുന്ന സിങിങ് സ്റ്റോൺ പുതുമയേറിയ അനുഭവമാണ് പകർന്നു നൽകുന്നത്.

കരിങ്കല്ലിനുള്ളിൽ തലയിട്ട് ശബ്ദമുണ്ടാക്കിയാൽ വിവിധ തരം ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന ഹമ്മിങ് സ്റ്റോൺ വിജയനഗര സാമ്രാജ്യ കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന ഉപകരണമാണ്. പഴയകാലത്ത് ക്ഷേത്രങ്ങളിലും രാജകൊട്ടാരങ്ങളിലെ സംഗീത സദസ്സുകളിലും ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തുന്നതിനൊപ്പം ഇത് ഉപയോഗിക്കാൻ കൂടി പ്രാപ്തരാക്കാനാണു മ്യൂസിയം ലക്ഷ്യം വയ്ക്കുന്നത്. പൂവിന്റെ ഇതളുകൾ വിരിയുന്ന മാതൃകയിലാണു ബെൽ പ്ലേറ്റ്സ് ഒരുക്കിയിരിക്കുന്നത്.

ഓരോ ഇതളിലും അടിച്ചുകഴിഞ്ഞാൽ സംഗീതത്തിന്റെ ലോ പിച്ചും ഹൈ പിച്ചും നേരിട്ടറിയാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലാണ് ഉപകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. വിവിധതരം ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന ട്യൂബുലാർ ബെല്ലുകൾക്കിടയിൽ ഇരുന്ന് സംഗീതവും ഭക്ഷണവും ആസ്വദിക്കാനുള്ള കഫേയും റസ്റ്ററന്റും ഉദ്യാനത്തിൽ ഒരുക്കിയിട്ടുണ്ട്.

സംഗീതപ്രേമികൾക്ക് ഒത്തുകൂടാനും പുതിയ മാറ്റങ്ങൾക്കുമായാണ് എട്ടുവർഷം മുൻപ് ഇന്ത്യൻ മ്യൂസിക് എക്സ്പീരിയൻസ് എന്ന കൂട്ടായ്മക്കു രൂപംകൊടുക്കുന്നത്. പരമ്പരാഗത സംഗീതത്തിന്റെ തനിമ നിലനിർത്തുന്നതിനൊപ്പം ഇത് പുതുതലമുറയ്ക്കുകൂടി കൈമാറുകയാണു കൂട്ടായ്മ ലക്ഷ്യമാക്കുന്നതെന്നു പ്രോജക്ട് ഡയറക്ടറും കർണാടക സംഗീതജ്ഞയുമായ മാനസി പ്രസാദ് പറഞ്ഞു. കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നവരും അംഗങ്ങളുമെല്ലാം ഏറെയും വനിതകൾ തന്നെ.

പുതുച്ചേരിയിലെ സ്വരം മ്യൂസിക്കൽ ഇൻസ്ട്രുമെന്റ്സ് ആൻഡ് റിസർച് ഗ്രൂപ്പാണ് സൗണ്ട് ഗാർഡനിലേക്കുള്ള ഉപകരണങ്ങൾ ഒരുക്കിയത്. ബെംഗളൂരു ആസ്ഥാനമായ ഫോലെ ഡിസൈൻ ആണ് ഉദ്യാനം രൂപകൽപന ചെയ്തതെന്ന് ഐഎംഇ ഔട്ട് റീച്ച് ഡയറക്ടർ ഡോ. സുമ സുധീന്ദ്ര പറഞ്ഞു. ഐഎംഇയുടെ സംഗീത മ്യൂസിയം നിർമാണം ഈവർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് അഡ്മിനിസ്ട്രേറ്റീവ് എക്സിക്യുട്ടീവ് ഡോ. അതിഥി ഗുഡി പറഞ്ഞു.

ജെപി നഗർ സെവൻത് ഫേസിലെ ബ്രിഗേഡ് മില്ലേനിയം കോംപ്ലക്സിനുള്ളിലാണ് ഇന്ത്യൻ മ്യൂസിക്ക് എക്സ്പീരിയൻസിന്റെ സൗണ്ട് ഗാർഡൻ പ്രവർത്തിക്കുന്നത്. രാവിലെ 11 മുതൽ രാത്രി ഒൻപതു വരെയാണ് പ്രവൃത്തിസമയം. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇൗ മാസം പ്രവേശനം സൗജന്യമാണ്.
വെബ്സൈറ്റ്: www.indianmusicexperience.org
https://youtu.be/9KBPAjz8wDw
https://youtu.be/raI_-j2QczU
https://youtu.be/NoZOy1O8Iz0