17-04-19


പ്രിയരെ ആറു മലയാളിക്ക് നൂറു മലയാളം എന്ന പംക്തിയിലേക്ക് സ്നേഹത്തോടെ ഏവരേയും സ്വാഗതം ചെയ്യുന്നു.

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
മലപ്പുറം ജില്ലയിലെ ഭാഷാ വിശേഷങ്ങളാണ് ഈ ലക്കം
ആറു മലയാളിക്ക് നൂറു മലയാളം പംക്തിയിൽ
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
നിരവധി നാട്ടുമൊഴികളാൽ സമ്പന്നമാണ് മലയാള ഭാഷ.മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതിയിൽ മലയാളം സംസാരിക്കുന്നു. നിലമ്പൂരിനും പരപ്പനങ്ങാടിക്കും വ്യത്യസ്ത തരത്തിലുള്ള മലയാളമാണ്. അതേപോലെ കൊണ്ടോട്ടിയിലേയും പെരിന്തൽമണ്ണയിലേയും ഭാഷ വ്യത്യസ്തമാണ്. ജാതികൾ, മതങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യാസങ്ങൾ ഏറെയുണ്ട്. ഇതു പോലെ വാക്കുകളുടെ ഉച്ചാരണ രീതിയിൽ, നീട്ടലിലും കുറുക്കലിലും ഒക്കെ ധാരാളം വൈവിധ്യങ്ങൾ കണ്ടു വരുന്നു. മലപ്പുറം ജില്ലയിൽ പൊതുവേ കണ്ടു വരുന്ന ശൈലികളും ഉച്ചാരണ രീതികളുമാണ് ആദ്യം നാം പരിശോധിക്കുന്നത്.
       ക്രിയാപദത്തോടൊപ്പം "ഐക്കാരം " ചേർക്കുന്ന രീതി മലപ്പുറം മാത്രം കണ്ടു വരുന്ന ഒരു രീതിയാണ്. ഉദാ: വര്വൈക്കാരം, പോക്വൈക്കാരം.സ്വാഭാവീക അവസരങ്ങളിൽ വരുമായിരിക്കും, പോകുമായിരിക്കും എന്നത് ലോപിച്ച് ഇങ്ങനെയായി മാറിയതായിരിക്കും. മലപ്പുറം ഭാഷയെ മാപ്പിള ഭാഷ എന്നു വിശേഷിപ്പിക്കുന്നവരുണ്ട്. ഏതാനും പദങ്ങൾ ഒഴികെ ഹിന്ദുക്കളുടെയും മാപ്പിളമാരുടെയും ഭാഷാ രീതിയിൽ പ്രകടമായ വ്യത്യാസം കാണാനില്ല. എന്തിനാ, എന്നാത്തിനാ, എന്നാ,തുടങ്ങിയ പദങ്ങൾക്ക് പകരം മലപ്പുറത്തുകാ൪ " (എ)ത്താ" എന്നു എയെ നിശബ്ദമാക്കി ഉപയോഗിക്കുന്നു. ഇതേപോലെ ചുരുക്കി ഉപയോഗിക്കുന്ന രീതി മലപ്പുറം ജില്ലയിൽ പൊതുവേ കണ്ടു വരുന്നു. എനിക്കും എന്നതിന്നു പകരം ഇവിടെ "ച്ചും" എന്നു മാത്രം ചുരുക്കത്തിൽ പറയുന്നു. എനിക്ക് നീയും എന്നതിന്നു "ച്ച് ജും" എന്നു മാത്രം ചുരുക്കത്തിൽ പറയുന്നു. എനിക്ക് കിട്ടി (ച്ച് ട്ടി) എന്നും എനിക്ക് കിട്ടിയില്ല (ച്ചി ട്ടീല), എനിക്കും കിട്ടി(ച്ചും ട്ടി) എന്നിങ്ങനെ ചുരുക്കത്തിൽ പറയുന്നു.

    സ൪വ്വ നാമങ്ങളിലും ഈ ചുരുക്കൽ വ്യാപകമായി കാണാം.
എനിക്ക് (ച്ച്, ക്ക്, യ്ക്ക്)
ഞാൻ (നമ്മള്, ഞമ്മള്)
നമുക്ക് (നമ്മക്ക്, ഞമ്മക്ക്, അമ്മക്ക്)                           എന്നെ(ഇന്നെ)
നിന്നെ (അന്നെ)
നിന്റെ (അന്റെ)
നിനക്ക് (അണക്ക്)
നീ (ഇജ്, ഇയ്)
അവൻ (ഓൻ, ഓര്, ഓല്)
അവൾ (ഓൾ)
അവന്റെ (ഓന്റെ)
അവളുടെ (ഓളെ, ഓൾന്റെ)
അവരെ (ഓലെ, ഓരെ)
 മലപ്പുറത്ത് അന്റെ എന്നാൽ നിന്റെ എന്നാണർത്ഥമെങ്കിൽ കണ്ണൂരിൽ അന്റെ എന്നാൽ എന്റെ എന്നാണർത്ഥം. 
ന് എന്ന വിഭക്തി പ്രത്യയം മലപ്പുറത്ത് എന്തു മാറ്റമാണ് ഉള്ളതെന്ന് നോക്കാം. രാമന്(രാമന് ക്ക്)
അവന് (അവന്ക്ക്)
അമ്മയുടെ (അമ്മന്റെ, അമ്മേന്റെ)
ഉമ്മയുടെ (ഉമ്മന്റെ, ഉമ്മാന്റെ, ഉമ്മേന്റെ)
പീടികയീലേക്ക് പോകുക(പീടിപ്പോക്വാ)
ചന്തയിൽ പോകുക (ചന്തീപോക്വാ)
വീട്ടിൽ പോകുക(കുടീപ്പോക്വാ)

ബാപ്പച്ചി, ഉമ്മച്ചി
•••••••••••••••••
      ഹിന്ദിയിൽ ചില പദങ്ങളുടെ കൂടെ ബഹുമാനസൂചകമായി "ജി" എന്നു ചേർക്കാറുണ്ട്. മലപ്പുറത്തും ഇതേപോലെ ബഹുമാനം കാണിക്കാനായി "ച്ചി" എന്നു ചേർക്കുന്നു. ഉദാഹരണത്തിന് ബാപ്പച്ചി, ഉമ്മച്ചി എന്നിങ്ങനെ. ബഹുമാനമല്ലെങ്കിലും ചില പക്ഷികളുടെയും ജീവികളുടെയും പേരിന്റെ കൂടെ "ച്ചി" ചേ൪ക്കുന്നു. കാക്കച്ചി, തവളാച്ചി  എന്നു തന്നെ ഉപയോഗിച്ചു വരുന്നു. പൂജക ബഹുവചനത്തിൽ സ്വാമിയെ സ്വാമികൾ എന്നു വിളിക്കുന്നതു പോലെ ഭാര്യയെ പെണ്ണുങ്ങളെന്നു വിളിച്ചു വരുന്നു. വന്നിട്ടുണ്ട് എന്നതിന്നു പകരം "വന്നുക്ക്ണ്" എന്നും പോയിട്ടുണ്ട് എന്നതിന്നു പകരം പോയ്ക്ക്ണ് എന്നും പ്രയോഗിക്കുന്നു. പെരിന്തൽമണ്ണയിലും സമീപപ്രദേശങ്ങളിലും"വന്ന്ട്ടലെ", "പോയ്ട്ട്ലെ" എന്നു പ്രയോഗിക്കാറുണ്ട്. സ്നേഹത്തോടെ ഒരാളെ ക്ഷണിക്കുന്നതിന് ആ പദത്തിന്റെ കൂടെ ഓളി ചേർത്തു പ്രയോഗിക്കാറുണ്ട്. (വന്നോളീ, ഇരുന്നോളീ, കെടന്നോളീ, കുടിച്ചോളീ...). സ്നേഹത്തോടെ നിങ്ങൾ എന്നു പറയുന്നതിനു  പകരം "ങ്ങള്" എന്നു ഉപയോഗിച്ചു വരുന്നു. വരൂ, നിൽക്കൂ എന്നതിന്നു പകരം ആണി ചേർത്തു "വന്നാണി, നിന്നാണി,,, എന്നു എന്നും പറയാറുണ്ട്

ചില പ്രയോഗ ഭേദങ്ങൾ
••••••••••••••••••••••••••
ഉകാരത്തിന് പകരം ഒകാരം......
ചുണങ്ങ്(ചൊണങ്ങ്)
കുട (കൊട)
തുട (തൊട)
അകാരത്തിന് പകരം എ
ചരട് (ചെരട്)
ചന്ദനം (ചെന്നനം)
ചങ്ങല (ചെങ്ങല)
വരിക(വെരിക)

എ/അ  ചെള്ള് (ചള്ള്)
ഞ/ന    ഞെളിയുക (നളിയുക)
ഞരമ്പ് (നരമ്പ്)
ന/ഞ     നമ്മൾ (ഞമ്മൾ)
ഇ/കി      ഇള്ളക്കുട്ടി( കിള്ളക്കുട്ടി)
ഇക്കിളി (കിക്കിളി)
ഉ/ഇ       ഉമ്മ (ഇമ്മ)
               ഉപ്പ (ഇപ്പ)
               ഉപ്പ് (ഇപ്പ്)
ഇ/എ     ഇറച്ചി (എറച്ചി)
               ചിരട്ട (ചെരട്ട)
വ/യ      ചുവ (ചൊയ)
വ/ബ     വലുത് (ബൽത്)
                വരിക (ബരീ)
വ/മ       വാങ്ങുക (മാങ്വാ)
                വേണ്ടവ൪ (മാണ്ട്യോര്)
ബ/വ       സ൪ബത്ത് (സ൪വത്ത്)
                  സുബ൪ (സുവ൪)
മ/ന           മുപ്പത്(നുപ്പത്)
                    മുറുക്ക് (നുറുക്ക്)
സ/ത          സൽക്കാരം (തക്കാരം)
                    സംസാരം (തൌതാരം)
                   സൂചി (തൂയി)
തി-ത്         തിന്നുക (ത് ന്ന്ആ)
ര-ല            രണ്ട് (ലണ്ട്)
                    അവര് (ഓല്)
ഗ-ക           ഗോതമ്പ് (കോതമ്പം)
വ-ഗ           പോവുകയല്ലേ (പോഗ്വല്ലേ)
                   പൂവ് (പൂഗ്)
ഴ-ജ്, യ      വഴി (വജ്ജ്, വയി)
                    കുഴി (കുജ്ജ്, കുയി)
ഴു-ഓ           കഴുത്ത് (കൌത്ത്)
                     കഴുക്കോൽ (കൌക്കോൽ)
യ്യ-ജ്ജ          വയ്യ (വജ്ജ)
                      കയ്യ് (കജ്ജ്)


ഭ്രാന്ത്         പിരാന്ത്
പ്ലാവ്           പിലാവ്
വന്നപ്പോൾ  വന്നപ്പം, വന്നപ്പള്
പോയപ്പോൾ  പോയപ്പം, പോയപ്പള്
കുളിക്കുക     കുൾച്ച്വാ
തണുപ്പ്           തൺപ്പ്
ഇറച്ചി            എ൪ച്ചി

" ക്ക" പകരം ച്ച
പിടിക്കുക  പിടിച്ച്വാ
കഴിക്കുക  കയിച്ച്വാ
കുതിര  (കുദിര, കുദര)

പക്ഷികൾ
കുറ്റിച്ചൂളാൻ (കാലൻ കോഴി)
പൂത്താങ്കീരി (ചമ്മലക്കിളി)
മൂടു കുലുക്കി, പറമ്പൻ തെയ്യൻ (തിത്തിരി)
ആവൽ (വവ്വാൽ)
കുക്കുറണ്ട (കുട്ടുറുവൻ)
വാഴത്തത്ത (വെള്ള ചുണ്ടുള്ള തത്ത)
എർളാടി(ചെറിയ തരം പരുന്ത്)
കൂര്യാറ്റ (തൂക്കണാം കുരുവി)

സസ്യങ്ങൾ
പൊട്വൊണി, എരണി (ഇലഞ്ഞി)
കറൂത്ത, കറുമൂസ, കറുവത്ത് (പപ്പായ)
പറങ്കൂച്ചി (കശുമാവ്)
മൂച്ചി (മാവ്)
എരുമപ്പെട്ടി (ഇലമുളച്ചി)
ആണ്ടാമ്പോള (ഇളയ മുളന്തണ്ട്)
ഐരി (അരി)
കച്ചൂരം (കച്ചോലം)
ചെരങ്ങ (ചുരയ്ക്ക)
വത്തക്ക (തണ്ണി മത്തൻ)
അടക്കാപ്പഴം (പേരക്ക)
ഉറുമാമ്പഴം (മാതളം)
ചക്കപ്പഴം (സീതപ്പഴം)
കടലാസ് പൂവ് (ബോഗൺവില്ല)
ഇണ്ണിത്തണ്ട് (വാഴപ്പിണ്ടി)
മാണിത്തട്ട (വാഴക്കൂമ്പ്)
മുട്ടക്രൂസ് (കാബേജ്)
മാങ്ങ:  ഗോമാങ്ങ, ഓളോ൪, കിളിച്ചുണ്ടൻ, നാടൻ മാങ്ങ, മത്തങ്ങ മാങ്ങ, ഒട്ടുമാങ്ങ.
പഴങ്ങൾ: മാതോളി നാരങ്ങ, വട്വോപ്പുളി, പുളിങ്ങ (പുളി), ബായക്ക (വാഴപ്പഴം)
കിഴങ്ങ്: (കേങ്ങ്)
        ചക്കരക്കിഴങ്ങ് (മധുരക്കിഴങ്ങ്)
പൂള (കപ്പ)
കാവുത്ത് (കാച്ചിൽ)
എരിക്കിഴങ്ങ് (ഇഞ്ചി)
കിസറ് (ചെറിയ മധുരക്കിഴങ്ങ്)
നനക്കിഴങ്ങ്, മുക്കിഴങ്ങ്, കൊള്ളിക്കിഴങ്ങ്, എറച്ചിക്കിഴങ്ങ്, മാങ്ങായിഞ്ചി
ചക്ക: ഇടിച്ചക്ക, കൊത്തച്ചക്ക, പയഞ്ചക്ക, ബിലാത്തി,..... ചവിണി, ചൊള, ചക്കമടൽ, വെളഞ്ഞി (ചക്കപ്പശ)

നായ "നായി"യാണ് മലപ്പുറത്തുകാ൪ക്ക്. നായി ആണും പട്ടി പെണ്ണുമാണിവിടെ. അണ്ണക്കൊട്ടൻ (അണ്ണാൻ), തവളാച്ചി (തവള), പാറോന്ത് (പറക്കുന്ന ഓന്ത്), വാൽമൂട്ട (പുസ്തകപ്പുഴു), ഈര് (പേൻമുട്ട), പൂഴിത്തവള (ചൊറിത്തവള), പച്ചപ്പയ്യ് (പച്ചക്കുതിര), വരായ്ക്കാരൻ/ആശാരി (പ്രാ൪ത്ഥിക്കുന്ന പ്രാണി), പോക്കാൻ (കാട്ടുപൂച്ച), കുറുങ്ങി (പെൺ പൂച്ച).

പ്രാണികൾ: പ്റ്ക്ക, കാരി, പൊട്ടൻ, കൊതു, കൂറ, പാറ്റ, കണ്ണീച്ച, എരിയോൻ, മുഞ്ഞ, ഈച്ച, മണികണ്ടനീച്ച, വേട്ടാളൻ, കടന്നൽ, ചെള്ളി.

എലികൾ: നൊച്ചക്കൻ, പെരുച്ചാഴി, ചുണ്ടെലി, എലി, മണ്ടെലി.

പാമ്പ്: വട്ടക്കൂറ, അണലി, കരിയേല, പച്ചിളിപ്പാമ്പ്, മൂർഖൻ, കരിമൂർഖൻ, മലമ്പാമ്പ്, തേയി, ചേര, പുല്ലാനിമൂ൪ഖൻ.

ഉറുമ്പ്: എറുമ്പ്, ചോണൻ, പുളിയെറുമ്പ്, കുനിയൻ, കട്ടറുമ്പ്, വെഞ്ചെതൽ, ചെതല്.

മത്സ്യങ്ങൾ: കോട്ടി, മുജ്ജ് (മുഴു), ബിലാൽ (വരാൽ), കണ്ണൻ, കൊയ്ത്ത, തൊണ്ണി, കരുതല, പരൽ, പുത്യാപ്ലക്കോര (കിളിമീൻ), ബത്തൽ (കൊഴുവ, നത്തോലി), ഞൌഞ്ഞി (നത്തക്ക), കല്ലേങ്കാരി, കണ്ണാമ്പൂച്ചുട്ടി, ആരൽ, പൂട്ട, പ൪ച്ചി.

വീടുമായി ബന്ധപ്പെട്ട പദങ്ങൾ
••••••••••••••••••••••••••••••••
വീടിന് കുടി, പെര (പൊര), ചാള, ഇല്ലം, വാരിയം, വീട്, തുടങ്ങിയ പദങ്ങൾ വ്യത്യസ്ത ജാതിമത വിഭാഗങ്ങൾ അവരുടെതായ രീതിയിൽ ഉപയോഗിച്ചിരുന്നു. കുറ്റി, ഓടാമ്പല (വാതിൽ), ഉത്തരം, കൌക്കോൽ, വട്പ്പോത്( ചുമരിലെ ചെറിയ ദ്വാരം), ബട്ക്കിണി (അടുക്കള), ബട്ക്കിണി (അടുക്കള), മച്ച്, തട്ട്മ്മല്, മാള്യേമ്മല് (തട്ടിന്റെ മുകളിൽ), ജനോല, കിളിവാതിൽ, കസാല ,കോലായി, തായ്യ്യേര (ഇടനാഴി), മേപ്പെര,ചോര് (ചുമർ), ബൊമ്മാട് (വലിയ വീട്), തിണ്ണ (ഇരിക്കാനായി കെട്ടിയുയ൪ത്തി ഉണ്ടാക്കിയത്), അട്ടം (അടുക്കളയ്ക്ക് മുകളിൽ ഓടിന് താഴെ തടുക്ക് വെച്ച് മേഞ്ഞുണ്ടാക്കിയത്), പടി(ഇരിക്കാനും കിടക്കാനുമുള്ളത്), പലക/പല(ഭക്ഷണം ഇരുന്നു കഴിക്കാനുള്ളത്), കയിലാറ്റ (കയിൽ/തവി തൂക്കിയിടാൻ ചെറിയ മരപ്പലകയിൽ ദ്വാരമുണ്ടാക്കി നിർമ്മിക്കുന്നത്), അടച്ചൂറ്റി (അരിയൂറ്റാൻ), അട്ടക്കരി, മഞ്ച, പെരുച്ചാഴിമഞ്ച, ഒളിവാതിൽ, പിശ്ശാത്തി, വെട്ട് അത്തി (വെട്ടു കത്തി), തട്ടുന്തുലാൻ, കൊളത്ത് (കൊളുത്ത്), കേറ് (കിണ൪), പരമ്പ് (മുള കൊണ്ടുള്ള പായ), പാനി (മൺകലം).....


ശിശു ഭാഷ
••••••••••••
കുട്ടികൾ ഉപയോഗിക്കുന്ന ഭാഷ, അതോടൊപ്പം കുട്ടികളുമായി ഇടപെടുമ്പോൾ
മുതിർന്നവർ ഉപയോഗിക്കുന്ന ഭാഷയാണ് ഈ ഗണത്തിൽ പരിഗണിക്കപ്പെടുന്നത്.
       അപ്പി, ചീച്ചി (മൂത്രം), ഇമ്പു (വെള്ളം), മാമു, പാപ്പ (വാഴപ്പഴം), അമ്പ (പശു), എറച്ചി മാമു (ബിരിയാണി), പായസമാമു (സദ്യ), കുപ്പ (ഉടുപ്പ്), മീമി (മത്സ്യം), പോത്താമ്പി (പ്രേതം), ഒക്കിണി (ഉറക്കം), വാവു (മുറിവ്, രോഗം), തപ്പ (അമ്മിഞ്ഞ), കീകീ/പോപോ (വണ്ടി), കിള്ളക്കുട്ടി (ചെറിയ കുട്ടി), പീപ്പി (വിസിൽ), ഞാഞ്ഞ (തേങ്ങ), ഇങ്കി മാമു (നവജാത ശിശുക്കളുടെ വിശേഷ ഭക്ഷണം)

ആചാരങ്ങൾ
•••••••••••••••
  ആണ്ട൪തി (വിശേഷ ദിവസം), ആണ്ട് (ശ്രാദ്ധം), പള്ള കാണൽ(ഗർഭിണിയെ സന്ദ൪ശിക്കൽ), അട്യന്ത്രം (മരിച്ച് പതിനാലു ദിവസം കഴിഞ്ഞശേഷം കൂടിച്ചേരൽ), സുന്നത്ത് കല്യാണം, മുട്യാളച്ചിൽ (മുസ്ലിം സമുദായത്തിൽ കുട്ടി ജനിച്ച് ഏഴു ദിവസം കഴിഞ്ഞിട്ടു മുടി മൊട്ടയടിക്കുന്ന ചടങ്ങ്), ദുഃഖം കാണാൻ പോവൽ (മരണ വീട്ടിലെ സന്ദ൪ശനം), തക്കാരം (സൽക്കാരം), കുടിയിരിക്കൽ, കുറ്റൂസ (പുതിയ വീട്ടിൽ താമസം തുടങ്ങൽ), പുളികുടി (ഗ൪ഭിണിക്ക് ഏഴാം മാസം പുളി കലർത്തിയ ഭക്ഷണം കൊടുക്കൽ), പുറത്താകൽ (തീണ്ടാരി), തേടി വരിക (കല്യാണപ്പെണ്ണിന്റെ വീട്ടിലേക്ക് ചെക്കൻ വീട്ടുകാ൪ വരുന്നത്), വാതിലു കാഴ്ച (വിവാഹ ദിവസം ചെക്കന്റെ വീട്ടിലേക്ക് പെൺവീട്ടുകാ൪ പോകുക), കണ്ണോക്ക് (മരണപ്പെട്ട് മൂന്നാം ദിവസത്തെ ചടങ്ങ്), നനച്ചു കുളി, ഒരിക്കൽ (ദിവസത്തിൽ ഒരു നേരം മാത്രം അരിഭക്ഷണം കഴിക്കൽ), പെല (പുല), കൊടുതി/വെച്ചേൽപ്പിക്കുക (മരിച്ചു പോയവരെ സ്മരിക്കുന്ന ആചാരം), മന്ത്രാസം (മന്ത്രവാദം), ഉഴിഞ്ഞാൾച്ചിൽ (ഉഴിഞ്ഞു വാങ്ങൽ).......

https://youtu.be/xynEcKyUeUw
https://youtu.be/QQPNGuHCTTk
https://youtu.be/n7yzg3iXrzo

മലപ്പുറം ജില്ലയിലെ ഭാഷാ വിശേഷങ്ങൾ തുടരും
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ആറു മലയാളിക്ക് നൂറു മലയാളം എന്ന പരമ്പരയിലെ
ഈ ലക്കം തയ്യാറാക്കിയത്
ഡോ. പ്രമോദ് ഇരുമ്പുഴിയുടെ
മൽപ്രം ഭാഷ- മൈഗുരുഡ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ്.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

പുസ്തകം തയ്യാറാക്കിയ ഡോക്ട൪ പ്രമോദ് ഇരുമ്പുഴിയോട്
കടപ്പാട്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹