16-11-19

ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാ സഹൃദയർക്കും ഹൃദ്യമായ സ്വാഗതം..🙏🌹🌹🙏
ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാന്നിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." തുടർന്ന് വായിക്കാം..👇🏻
"ഞാൻ നിനക്ക് താജ് തോൽക്കണ കൂട് വെച്ചോളാം.."
പ്രിയം അവനോട് മാത്രം...
വേറെയാര് താജ് പണിതാലും ഒരു പ്രയോജനവുമില്ല.
പോരാത്തതിന്,ആദ്യ സമ്മാനപ്പെട്ടിയും കടൽ കടന്നെത്തി...
എന്താവും....?👇🏻

*********************

ഇതാണ് ഞാൻ
ആത്മായനം
ജസീന റഹീം

ഒരു മാസത്തെ ടീച്ചിംഗ് പ്രാക്ടീസ് .. ദിവസങ്ങൾ കഴിയുംതോറും കുട്ടികളോട് കൂടുതൽ അടുത്തു..  എക്കാലവും  സൂക്ഷിക്കാൻ അട്ടക്കുളങ്ങര സ്കൂളും ..കടലിരമ്പങ്ങൾ മനസിൽ പേറിയ അവിടുത്തെ കുഞ്ഞുങ്ങളെയും  ഹൃദയത്തോട് ചേർത്തു വച്ച് സ്കൂളിനോട് യാത്ര പറഞ്ഞ് തിരികെ കോളേജിലേക്ക്..
                പറയാൻ ഒരായിരം വിശേഷങ്ങൾ.. ആദ്യമായി ടീച്ചർ വേഷം കെട്ടിയതിന്റെ അനുഭവങ്ങൾ എല്ലാവരും പരസ്പരം പങ്കിട്ടു...
ഇതിനിടയ്ക്ക് ഹോസ്റ്റലിലേക്ക് കൃത്യമായി വന്നു കൊണ്ടിരുന്ന എയർമെയിലുകൾ ഒരു മാസത്തോളം കിട്ടാതിരുന്നു.. ഒരേ വിലാസത്തിൽ ആഴ്ചയിൽ പല തവണ വന്നു കൊണ്ടിരുന്ന കത്തുകൾ വാർഡന് സംശയം തോന്നാൻ കാരണമായി എന്ന് മനസിലാക്കിയപ്പോൾ സകല ദൈവങ്ങളെയും മനസിൽ ധ്യാനിച്ച് വാർഡന്റെ മുന്നിലെത്തി.. കല്യാണമുറപ്പിച്ചതാണെന്നും ആൾ ഗൾഫിലാണെന്നും  പറഞ്ഞതിനു ശേഷം പിന്നീട് പഴയതു പോലെ കത്തുകൾ എന്നെ കാത്ത് ലെറ്റർ ബോക്സിൽ കിടക്കാൻ തുടങ്ങി..
           ഹോസ്റ്റൽ ജീവിതത്തിന്റെ സുഖമൊന്ന് വേറെ തന്നെയായിരുന്നു.. രാത്രി പത്ത് മണിയായാൽ ലൈറ്റിട്ടാൽ തിരക്കി വന്ന് വഴക്കു പറയുന്ന വാർഡന്റെ സ്റ്റഡി ടൈമിലെ പഠനം നിരീക്ഷിക്കാനുള്ള വരവും,കറന്റ് കട്ട് സമയത്തെ പാട്ടും ബഹളവും,അത്കേട്ട് അതിന്റെ  പ്രഭവസ്ഥാനമറിയാൻ മുകളിലേക്ക് ടോർച്ചടിച്ച് നോക്കുന്ന സെക്യൂരിറ്റിച്ചേട്ടനും, കറന്റ് കട്ട് സമയത്ത് മതിലിന്മേൽ നിന്ന് നഗ്നത പ്രദർശിപ്പിക്കുന്ന ഞരമ്പന്മാരും, മെസ്സിൽ ആഴ്ചയിലൊരിക്കൽ വരുന്ന മീൻകറിക്കായി കാത്തിരിപ്പും, ആകെ കൂടി രസകരമായ ദിവസങ്ങൾ..
               നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളും തുന്നിച്ചേർത്ത് പറന്നു വരുന്ന കത്തുകൾ എല്ലാ അർത്ഥത്തിലും സന്തോഷം നിറഞ്ഞ ദിവസങ്ങൾ ..ഗൾഫിൽ നിന്നും നാട്ടിലേക്ക് വന്ന കൂട്ടുകാരന്റെ കയ്യിൽ കൊടുത്തു വിട്ട സ്വർണ നിറമുള്ള വാച്ചായിരുന്നു ആദ്യത്തെ സമ്മാനം.. "'നിനക്കെന്തു കൊടുത്തുവിടണമെന്ന്.. " എപ്പോഴുമുള്ള അവന്റെ ചോദ്യങ്ങൾക്ക് "ഒന്നും വേണ്ട.. " എന്ന് എക്കാലത്തും ഞാൻ ആവർത്തിച്ചു.. ഒരു പാട് വലിയ സ്വപ്നങ്ങൾ ഇല്ലാത്തവൾക്ക് ചെറിയ ജീവിതം മാത്രം കൊതിച്ചവൾക്ക് .. അവനോട് മാത്രമേ പ്രിയമുണ്ടായിരുന്നുള്ളൂ...
                      കാസർഗോഡു നിന്നും ബി.എഡ് മോഹങ്ങളുമായി തിരുവനന്തപുരത്തെത്തിയ താജുവിനെ വർഷത്തിന്റെ പാതിയിൽ വച്ചായിരുന്നു ഞാൻ പരിചയപ്പെട്ടത്.. അവൻ ഇംഗ്ലീഷിലായിരുന്നു.. എന്റെ കൂട്ടുകാരായ സോഷ്യൽ സയൻസിലെയും തമിഴിലെയും സതീഷും ശശിയുമൊക്കെ യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ അവന്റെ ഹോസ്റ്റൽ മേറ്റ്സായിരുന്നു.. അവരാണ് ഒരിക്കൽ താജുവിനെ എനിക്ക് പരിചയപ്പെടുത്തിയത്.. അവന്റെ കാസർഗോഡൻ ഭാഷ എനിക്ക് കൗതുകമായിരുന്നു.. രണ്ട് ക്ലാസ്സുകളിലായിരുന്നതിനാൽ അവനെ എപ്പോഴെങ്കിലുമൊക്കെ കാണുമ്പോൾ ഉപചാരത്തിനു വേണ്ടി കൈമാറുന്ന വാക്കുകളിൽ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.. കാരണം എന്നെ നോക്കുന്ന അവന്റെ കണ്ണുകളിലെ തിളക്കവും എന്നോട് സംസാരിക്കുമ്പോൾ അവൻ നേരിടുന്ന സംഭ്രമവും
പലപ്പോഴും കാണുകയും അതെന്നിൽ നേരിയ ഭയം ജനിപ്പിക്കുകയും ചെയ്തു.. അവൻ ഒരു സാധുവായിരുന്നു.. സതീഷും ശശിയുമൊക്കെ അവനെ പ്രോത്സാഹിപ്പി‌ക്കുണ്ടെന്ന് തോന്നിയപ്പോൾ എനിയ്ക്കവരോടും കലഹിക്കേണ്ടി വന്നു.. താജുവിൽ നിന്നും ഒഴിഞ്ഞുമാറി നടന്നു ഞാൻ..മാത്രമല്ല ഞാൻ എൻഗേജ്ഡാണെന്ന് വ്യക്തമായി അവനോട് സൂചിപ്പിക്കുകയും ചെയ്തു.. എന്നിട്ടും അവനെന്നെ ആഗ്രഹിച്ചു... മൂന്നാറിലേക്കുള്ള ഞങ്ങളുടെ ടൂറിൽ ഞങ്ങൾ ഒരേ ബസിലായിരുന്നു.. എന്റെ പിന്നാലെയുള്ള അവന്റെ നടപ്പും എന്നോട് അടുത്തിടപഴകാനുള്ള ശ്രമങ്ങളെയും പൂർണമായി നിരുൽസാഹപ്പെടുത്തിക്കൊണ്ട് എനിക്കവനെ പാടെ അവഗണിക്കേണ്ടി വന്നു..
            ഞങ്ങൾ മലയാളംകാർ നജീബ് ,ബിനു, ഡാലിയ, സൈനു ,ഷിബ, മിനി, ജ്യോതി, സെലിൻ.. എല്ലാവരും ടൂറിന്റെ ആനന്ദത്തിൽ മുഴുകി.. ഞങ്ങൾ രാത്രി മൂന്നാറിൽ തങ്ങി ..പിറ്റേന്ന് പുലർച്ചെ ടോയ്ലറ്റിൽ തിരക്കായതിനാൽ തേയിലത്തോട്ടങ്ങളിൽ വെളിയ്ക്കിരിക്കാൻ പോയ ആൺങ്ങൾക്ക് അരുവിയിൽ നിന്നും വെള്ളത്തിനു പകരം ഐസുകട്ടകൾ കൊണ്ടുരച്ച് ശൗചകർമ്മങ്ങൾ നിർവഹിക്കേണ്ടി വന്നു.. പകൽ മുഴുവനും രാജമലയിലും മാട്ടുപ്പെട്ടിയിലുമലഞ്ഞ് സന്ധ്യയോടെ മടക്കയാത്രയാരംഭിച്ചു... രാത്രി ബസിലുറങ്ങി രാവിലെ തിരുവനന്തപുരത്തെത്തുമ്പോൾ എല്ലാവരും ക്ഷീണിതരായിരുന്നു..
മൂന്നാർ ടൂറിന്റെ കുളിരിൽ നിന്നും കമ്മീഷന്റെയും പരീക്ഷകളുടെയും ചൂടിലേക്ക് വളരെവേഗമെത്തപ്പെട്ടു..
ഹോസ്റ്റൽ മുറികൾ ശരിക്കും പഠനമുറികളായി.. പെഡഗോഗിയും .. സൈക്കോളജിയും.. ഓപ്ഷണലും പരീക്ഷകളെല്ലാം കഴിഞ്ഞ് ചില നോട്ടങ്ങൾ കണ്ടില്ലെന്ന് നടിച്ച് തിരുവനന്തപുരത്തോട് വിട പറഞ്ഞു..
*********************

മണ്ണ്...
മനു വർഗീസ്

നിന്റെ കുഞ്ഞു കാലടി
എന്നിൽ പതിഞ്ഞപ്പോൾ
അറിയാതെ
മനസ് കുളിർത്തു..
ഇനിയും കാതങ്ങൾ
താണ്ടാൻ
വഴിയേറെ ഓടി ജയിക്കാൻ!
അറിയാതെ പ്രാർത്ഥിച്ചു പോയി!
പയ്യെ ചുവടുകൾ..
പിന്നേം ചുവടുകൾ...
നീ വളർന്നു വലുതായി..
കണ്ണുകളിൽ ആവേശം
മനസ്സിൽ കുടിലത
ഒക്കെ വളർന്നു ജയിച്ചു!
നിൻ വിജയമൊക്കെ
എന്നെ തകർത്തായിരുന്നു...
എന്നിൽ വളർന്നവൻ
എന്നിലെ ഊർജം
ഊറ്റി എടുത്തവർ..
എല്ലാം തകർക്കാനൊരുങ്ങി!
വിജയമെനിക്കെന്നുമോതി...
കാറ്റും കടലും നിലച്ചു ..
കിളികളോ എങ്ങോ മറഞ്ഞു..
പുൽക്കൊടിത്തുമ്പിൽ
കണ്മിഴിക്കുന്ന
മഞ്ഞു കണവും മറഞ്ഞു.
വിണ്ണിനെ കീഴടക്കീടാൻ
ഒത്തിരി കോട്ടകൾ കെട്ടി..
അറിയാതെ ഞാനും ചിരിച്ചു...
ഓട്ടത്തിനവസാനമില്ലേ..
ഒടുവിൽ നീ ഓടി അണയും..
ആരോരുമില്ലാതെയാകും.
എന്നെ നിനക്കന്നു വേണം..
ഒരുവേളയാരോ അടച്ചുവെക്കും
നിന്മിഴി പയ്യെ തിരുമ്മി..
കാണാൻ ഒരുങ്ങി ഞാൻ നിൽപ്പൂ..
ഒടുവിലെ യാത്രയെ പുൽകാൻ..
*********************

ഗസൽ
ലാലൂർ വിനോദ്

ഓമനേ.. ഈ മഴ നനയാതെ..
ചാരത്തിരിക്ക നീയൊരു നിമിഷം..
അകമാകെ നിറയുന്നു..
നീ തന്ന പരിലാളനത്തിൻ  കുളിർ
മഴയാലെന്റെ മൗനങ്ങൾ..
ഇന്നീ സന്ധ്യചേർന്നലിയുമ്പോൾ
ഇരുളിൻ മൊട്ടുമായ് രാവുവരും..
ഇന്നീമഴയുടെ പരിഭവം പോലെ..
നേർത്തലിയേണം നിന്നിലെ
പിണക്കമെന്നും...
എത്രനനഞ്ഞു നാം പലമഴ പലവട്ടം...
കൊതികൊണ്ടു തീരാതെ..
ഇടവഴിയിൽ....
അന്നുനിൻ കുടക്കീഴിൽചിതറിയ
മഴതുള്ളികളെന്നിലെന്നും
തോരാത്ത പൂമഴയായിരുന്നു..
അന്നും ആ മഴയ്ക്കെന്നും
നിന്നെക്കാൾ കുറുമ്പായിരുന്നു...
എത്രയറിഞ്ഞു നാം മഴയുടെ നോവുകൾ..
തുള്ളികൾ തോർന്നൊരു..
ഇലത്തുമ്പുകളിൽ..
എന്നുംനിൻ കൈകളാൽ കോതിയ..
ചുരുൾമുടി  കെട്ടിലും..
സുഖമുള്ള കുളിർമഴയായിരുന്നു..
എന്നുമാ മഴകൾക്കു..
നഷ്ടസുഗന്ധമായിരുന്നു...
*********************

എനിക്കിഷ്ടം..
സ്വപ്ന അലക്സിസ്

കണ്ണുകൾ തുറക്കുമ്പോൾ മുന്നിൽ
നിന്റെ മുഖം കാണാനായില്ലെങ്കിൽ
കണ്ണുകൾ ഒരിക്കലും തുറക്കാതെ ഉറങ്ങുവാനാണെനിക്കിഷ്ടം..
തണുപ്പിൽ നിന്റെ നെഞ്ചിന്റെ ചൂടില്ലെങ്കിൽ മഞ്ഞിന്റെ പുതപ്പുകൾക്കടിയിൽ
മരവിച്ച സ്വപ്നങ്ങളുടെ കബറിൽ മയങ്ങുവാനാണെനിക്കിഷ്ടം..
സൂര്യതേജസ്സോടെ വേദിയിൽ നിൽക്കുന്ന
നിന്റെ വാമഭാഗത്തല്ലെങ്കിൽ
സദസ്സിന്റെ നിഴലുറങ്ങുന്ന കടലാഴങ്ങളിൽ ഒളിക്കുവാനാണെനിക്കിഷ്ടം..
നിന്റെ  തീർത്ഥം ഏറ്റുവാങ്ങാൻ കഴിഞ്ഞില്ലെങ്കിൽ
നിറവേറ്റാത്ത സ്വപ്നങ്ങളുടെ
മണൽപ്പരപ്പുകൾ നിറഞ്ഞ മരുഭൂമി ആകുവാനാണെനിക്കിഷ്ടം..
നിന്റെ വിരൽത്തുമ്പുകൾ മീട്ടുന്ന വീണയാകാനായില്ലെങ്കിൽ
സംഗീതമുതിർക്കാത്ത കരിങ്കൽ ശിലയാകുവാനാണെനിക്കിഷ്ടം..
നിന്റെ മിഴികളിൽ തുടിക്കുന്ന സ്വപ്നങ്ങളാകാനായില്ലെങ്കിൽ
വിളർത്ത കവിളിൽ ഒടുങ്ങുന്നൊ- രശ്രുവാകുവാനാണെനിക്കിഷ്ടം...
നിന്റെ ശരീരം എരിയുന്ന മണ്ണിൽ
ഒടുങ്ങാനായില്ലെങ്കിൽ പിന്നെ
ഉതിർന്ന ഓർമ്മകളിൽ അലഞ്ഞ-
നന്തകാലം നീറാനാണ് എനിക്കിഷ്ടം...
*********************

പൂമ്പാറ്റകൾ....
ഷബ്ന

ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം മഴ പെയ്തു തുടങ്ങിയിരുന്നു..തിടുക്കത്തിൽ ബാഗിൽ നിന്നും കുടയെടുത്തു നിവർത്തി കാലുകൾക്ക് വേഗം കൂട്ടി.
രാവിലെ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം അമ്മ നിർബന്ധിച്ചില്ലായിരുന്നുവെങ്കിൽ കുടയെടുക്കാൻ മുതിരില്ലായിരുന്നു.
പെട്ടെന്നുള്ള മഴയിൽ കുടയില്ലാത്തവർ കടകളുടെ വാതിൽക്കൽ അഭയം പ്രാപിച്ചിരിക്കുന്നു. ഓട്ടോറിക്ഷകൾക്കായി  പലരും കൈമാടി വിളിക്കുന്നു.ശക്തമായ കാറ്റിൽ മഴത്തുള്ളികൾ  റോഡിൽ ഓടിനടക്കുന്നു.
കുടയിലെ  പിടിയിൽ മുറുക്കം കൂട്ടി കാറ്റിനെ എതിർത്തു മുന്നോട്ടു നടന്നു. മഴയിൽ നനഞ്ഞ്, യൂണിഫോം ധരിച്ച കുട്ടികൾ  മുന്നിൽക്കൂടി  പൊട്ടിച്ചിരിച്ചു കൊണ്ട് ഏതോ കടയ്ക്ക് മുന്നിൽ ഓടികയറി. 
ഓർമ്മയിൽ അവൾ വീണ്ടും കടന്നുവരുന്നു. അല്ലെങ്കിൽ തന്നെ എന്നാണ് താൻ അവളെ മറന്നിട്ടുള്ളത്. നിവർത്തിയ കുടയ്ക്കു കീഴിൽ ഓരോ തവണ നിൽക്കുമ്പോഴും  മനസിൽ തെളിയുന്ന അവ്യക്തമായ അവളുടെ മുഖം.
മുട്ടോളമെത്തുന്ന പച്ചപാവാടയും നിറം മങ്ങിയ വെളുത്ത ഷർട്ടും ധരിച്ച അവൾ എന്നും ക്ലാസ്സിൽ എത്തുമ്പോൾ വൈകിപ്പോയിരുന്നു. പഴകി ദ്രവിച്ച ബാഗും തോളിൽ തൂക്കി ഇടക്കിടെ  ഒഴുകി വരുന്ന മൂക്കളയെ മേലോട്ടു വലിച്ചു കയറ്റി  അവൾ അനുവാദത്തിനായി  ഏഴാം ക്ലാസ്സിന്റെ വാതിൽക്കൽ നിൽക്കും.
"ഉം എന്താ വൈകിയേ..?  " കനം പിടിപ്പിച്ച സ്വരവുമായി ടീച്ചർ ഉച്ചത്തിൽ ചോദ്യമെറിയും.
"ബസ് കിട്ടിയില്ല.... " പുരുഷന്മാരുടെതിന് സമാനമായ  സ്വരത്തോടെ  അവൾ മറുപടി പറയും..
അവൾക്കൊന്നിനെയും ഭയമില്ലായിരുന്നു. ടീച്ചറുടെ തടിച്ച ചൂരലിനെയും  സഹപാഠികളുടെ   പരിഹാസത്തെ അവഗണിച്ചും പഠിക്കാത്ത കുട്ടികളെ  ഹെഡ് മിസ്ട്രെസ്സിന്റെ മുറിയിൽ കൊണ്ടുപോകുമ്പോഴും അവൾ തന്റേടത്തോടെ നിന്നു. ഒരിക്കൽ ഭൂമി കുലുങ്ങുമാറ്  സ്വരം കേട്ടപാടെ കുട്ടികൾ എല്ലാം ക്ലാസ്സിൽ നിന്നും ഇറങ്ങിയോടിയപ്പോഴും  അവൾ ബെഞ്ചിൽ നിന്നും അനങ്ങിയില്ല. അറ്റണ്ടൻസ്‌ രജിസ്ട്രറിൽ പലപ്പോഴും അവളുടെ പേരിന്റെ നേരെ അവധി രേഖപ്പെടുത്തേണ്ടി വന്നു.
മഴയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്കുള്ള ഇന്റർവെൽ പീരീഡിൽ അവൾ പലപ്പോഴും  കുടയോട് മല്ലിടുന്നത് കാണാറുണ്ടായിരുന്നു.
"നീ വലുതാവുമ്പോ കുട നന്നാക്കുന്ന കടയിട്ടാൽ മതി ട്ടാ..."
അങ്കിൾ ഗൾഫിൽ നിന്നും കൊണ്ടു വന്ന നിറയെ പൂക്കളുള്ള  വർണക്കുടയ്ക്കു കീഴിൽ നിന്ന് താൻ അങ്ങനെ അവളോട്‌ വിളിച്ചു പറഞ്ഞപ്പോൾ തന്റെ കൂടെ നിന്ന പലരും ഉച്ചത്തിൽ ചിരിച്ചു.
പതിവ് പോലെ മൂക്കള വലിച്ചു കേറ്റി തലയൊന്നു ഉയർത്തി അവൾ തന്നെ നോക്കിചിരിച്ചു. ആ ചിരി തന്റെ ഹൃദയത്തിൽ തറഞ്ഞു കേറിയോ ? അറിയില്ല. ആ നോട്ടത്തോടെ പിന്നീട് അവളെ നോക്കി അങ്ങനെ പറയാൻ നാവു പൊങ്ങിയില്ല എന്നതാണ് വാസ്തവം.  പക്ഷേ കൂട്ടുകാർ ആ വാചകം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. അവർ അവളെ നോക്കി പലപ്പോഴായി  ആ വാചകം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു
അവളെന്നും ഒറ്റക്കായിരുന്നു.
മഴക്കാലത്ത് ഉണങ്ങാത്ത തുണിയിൽ നിന്നും വമിച്ച  മണമടിച്ച്
അവളുടെ അരികിൽ ഇരുന്ന കുട്ടികൾ പലപ്പോഴും മൂക്കു പൊത്തിപറഞ്ഞു.
"നിന്നെയെന്താ  ഇങ്ങിനെയൊരു മണം ? "
ചോദ്യം കേൾക്കുമ്പോൾ  അവൾ അവരെ നോക്കി നന്നായി ചിരിക്കും..എന്തെങ്കിലും മറുപടി നൽകും.. കുട്ടികളുടെ അവഗണനയിലും അവളുടെ ചുണ്ടിൽ എന്നും എപ്പോഴും ചിരി  ബാക്കിനിന്നു.
"എന്റെ വീട്ടിൽ ഫ്രിഡ്ജും ടിവിയുമുണ്ട്.. "
അവൾ ഒരു ദിവസം ഉറക്കെ പ്രഖ്യാപിച്ചു. അന്ന് അവളെ നോക്കിയവരുടെ കണ്ണുകളിൽ അസൂയ നിഴലിച്ചിരുന്നു.ടിവിയിലെ കഥകൾ കേൾക്കാൻ കുട്ടികൾ അന്ന് അവൾക്കു ചുറ്റിനും ആദ്യമായി കൂടി.
പതിവില്ലാതെ അവളുടെ പൊതിച്ചോറിൽ കണ്ട  വറുത്ത ഇറച്ചി കഷണം കണ്ട് നാവിൽ വെള്ളമൂറി അതിൽ തല പൂഴ്ത്തിയ അവളുടെ അരികിൽ ചെന്ന് താൻ ചോദിച്ചു.
"ഇറച്ചി ആണല്ലേ ? "
"ഉം...കുട്ടിക്ക് വേണോ?  " തല ഉയർത്തി അവൾ മറുചോദ്യം എറിഞ്ഞു.
വാട്ടിയ ഇലയുടെ അരികിലേക്ക് മാറ്റിവെച്ച കുറച്ചു കഷണത്തെ വായിലാക്കി  ചോദിച്ചു പോയി.
"കുട്ടിയുടെ വീട്ടിൽ ഇടക്കിടെ ഇറച്ചി വാങ്ങുവോ? "
തന്റെ ചോദ്യം കേട്ട് അവൾ ഉച്ചത്തിൽ ചിരിച്ചത് എന്തിനാണെന്ന്  മനസ്സിലാക്കാനുള്ള ശ്രമമൊന്നും തന്നിൽ നിന്നുമുണ്ടായില്ല.തന്റെ കണ്ണുകൾ അപ്പോഴും  ഇലയിൽ ബാക്കിയുള്ള ഇറച്ചി കഷണത്തിൽ ഉടക്കി നിന്നിരുന്നു.
 തനിക്കായി നീട്ടിയ ഇറച്ചി കഷണങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കാൻ ,  അന്ന് സ്‌കൂൾ വിട്ടപ്പോൾ പെയ്ത മഴയിൽ തന്റെ കുടയിൽ അവൾക്കും സ്ഥലം  നൽകാൻ  അവളെ കുടയിലേക്കു വിളിക്കുമ്പോഴും അവൾ കുടയുമായി മൽപ്പിടുത്തം നടത്തുകയായിരുന്നു.
"ടിവിയും ഫ്രിഡ്ജും ഉള്ള വീട്ടിൽ കുട പുതിയത് വാങ്ങിയാൽ എന്താ.. ? "
എന്റെ ചോദ്യം കേട്ട് അവൾ ഉച്ചത്തിൽ ചിരിച്ചു മറുപടി പറഞ്ഞു.
"അച്ഛൻ ഗൾഫിൽ നിന്നും കൊണ്ടുവരുമെന്ന് പറഞ്ഞിട്ടുണ്ട്.  '" ഗൾഫിൽ നിന്നും എത്തുമ്പോൾ പൊട്ടിക്കുന്ന പെട്ടിയെ ഓർത്തപ്പോൾ തനിക്കവളോട് വല്ലാതെ അസൂയ തോന്നിയ നിമിഷം.
പിന്നീടെപ്പോഴോ അവൾ ക്ലാസ്സിൽ വരാതെയായി. ആരും അവളെ തിരക്കിയില്ല. അവൾക്കായി വിഷമിക്കാൻ ആ ക്ലാസിൽ ഒരു കുട്ടിയും ഉണ്ടായിരുന്നില്ല. വീട്ടിൽ പച്ചക്കറി കൂടുതലായും  വാങ്ങുന്ന താൻ മാത്രം വെറുതെ  അവൾ തന്ന ഇറച്ചികഷണത്തിന്റെ രുചിയെ കുറിച്ചോർത്തു.
ഓണത്തിന് അവധി ദിവസങ്ങളിൽ ആന്റിയുടെ വീട്ടിൽ വെച്ചു പള്ളിയിൽ പോയി മടങ്ങിവരുമ്പോഴാണ് അവളെ വീണ്ടും കണ്ടത്. റോഡിന്റെ അരികിലെ  തോടിന്റെ വക്കത്ത് ഓല മേഞ്ഞ കുഞ്ഞു ചേരികളിലൊന്നിൽ മുടി വിരിച്ചിട്ട അവളുടെ തലയിലെ പേൻ ഒരു വൃദ്ധ കൊന്നുകൊണ്ടിരുന്നു. തന്നെ കണ്ടതും അവൾ ചാടിയെഴുന്നേറ്റു. അവൾ പറഞ്ഞ ഫ്രിഡ്ജും ടിവിയും പിന്നെ എനിക്കായി നീട്ടിയ ഇറച്ചി കഷണവും എനിക്കപ്പോൾ തേട്ടിവന്നു.
"ഇതാണോ വീട്?  "
അവൾ തലയാട്ടുമ്പോൾ അവളുടെ ചുണ്ടിലെ ചിരി വിളറിയത് അന്നേരം താൻ  ശ്രദ്ധിച്ചു.
സ്‌കൂളിൽ പോയി അവളുടെ വീമ്പിന്റെ  വിശേഷം പറഞ്ഞു പൊട്ടിച്ചിരിച്ചതും ബാക്കിയുള്ളവരുടെ  ചിരിമാലയ്ക്കു തിരി കൊളുത്തിയതും  താനായിരുന്നു .
ക്രിസ്തുമസ് അവധി കഴിഞ് ക്ലാസിൽ ചെന്നപ്പോൾ ക്ലാസ്സിലെ കുട്ടികളെയെല്ലാം വരിവരിയായി എങ്ങോട്ടോ കൊണ്ടുപോകാൻ ഒരുക്കി നിർത്തിയിരുന്നു. ക്ലാസില്ലാത്ത സന്തോഷത്തിൽ കുട്ടികൾ  ബസ്സിലിരുന്നു ഉറക്കെ കഥകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു. ബസ്സ് ചെന്നു നിന്നത് അന്ന്  കണ്ട ചേരികളിൽ ഒന്നിന്റെ മുന്നിലായിരുന്നു. ആൾക്കൂട്ടത്തിന്റെ ഇടയിൽ കുട്ടികൾ വരിവരിയായി നീങ്ങിക്കൊണ്ടിരുന്നു.
ആരോക്കെയോ പിറുപിറുത്തു.
ആത്മഹത്യയാത്രേ....
പ്രേമം വല്ലതും ആയിരിക്കും...
എന്നാലും ഏഴാം ക്ലാസ്കാരി ആത്മഹത്യ ചെയ്യുവോ?
നല്ല തന്റേടി കൊച്ചായിരുന്നു..അതിങ്ങനെ ചെയ്യുവോ?
  കറിയാച്ചൻ  മുതലാളീടെ വീട്ടിൽ  മാധവി പണിയ്ക്കു പോയിട്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ആ വീട്ടിൽ  അമ്മേം മോളും പോകാൻ തുടങ്ങിയപ്പോഴാ അതുങ്ങൾക്കിച്ചിരി ഭക്ഷണം കിട്ടി തുടങ്ങിയെ!  ചട്ടീം കലോം എറിയലല്ലോ അയാളുടെ പണി.
അപ്പോ അയാളോ ?
മാധവിടെ രണ്ടാം കെട്ടല്ലേ അയാൾ...അയാളിനി  കൊച്ചിനെ വല്ലതും..? ദുഷ്ടനായിരുന്നു.. ഗുണ്ട ! ഭാര്യയെ മടുത്തു ഇനി.. കൊച്ചിനെ വല്ലതും?
 തനിച്ചായിരുന്നപ്പോൾ എപ്പോഴോ തന്റെ നേർക്ക്  ബന്ധുവിന്റെ നീണ്ട കരങ്ങൾ  പതിക്കുവോളം അന്ന്   ചെവിയിൽ പതിഞ്ഞ വാക്കുകളുടെ അർത്ഥം   മുഴുവനായും പിടികിട്ടിയിരുന്നില്ല.
മുറ്റത്തെ ഷീറ്റു വലിച്ച് കെട്ടിയ മറയ്ക്കു താഴെ വെള്ള വിരിച്ച തുണിയിൽ അവൾ കിടന്നിരുന്നു .ചിരി മറയ്ക്കാൻ കൂട്ടിപിടിച്ച ചുണ്ടിനു കുറുകെ ചോര കട്ട പിടിച്ചു കിടന്നു..
അവളുടെ തലയ്ക്കൽ  എല്ലുന്തിയ ഒരു സ്ത്രീ അലമുറയിട്ടു കരഞ്ഞു കൊണ്ടിരുന്നു...കുട്ടികളായ തങ്ങളുടെയെല്ലാം മുഖത്തു ചോര വറ്റി നിശ്ശബ്ദരായി അന്യോന്യം നോക്കി നിന്നു.
കാലങ്ങൾക്കിപ്പുറവും  അവളും അവൾ നീട്ടിയ ഇറച്ചി തുണ്ടും കുടയ്ക്ക് കീഴെ  ഓർമ്മകളായി വീണ്ടും   വീണ്ടും ജീവൻ വെച്ചുകൊണ്ടിരുന്നു
മുനിസിപ്പൽ ഓഫീസിന്റെ മുന്നിൽ നാട്ടിയ സമരപ്പന്തലിൽ  അപ്പോഴും  ആരൊക്കെയോ നിരാഹാരം കിടക്കുന്നുണ്ടായിരുന്നു .
നീട്ടി വലിച്ചു കെട്ടിയ ബാനറിൽ എഴുതിയ അക്ഷരങ്ങളിൽ കണ്ണുകൾ ഉടക്കി .
Stop child abuse....
മഴ പെയ്തു കൊണ്ടേയിരുന്നു. ബസ് സ്റ്റോപ്പിൽ  കണ്ട  വീട്ടിലേക്കുള്ള ബസ്സിൽ ചാടികയറി നിലയുറച്ചപ്പോൾ  മുതുകിൽ ബാഗും തൂക്കി യൂണിഫോം ധരിച്ച  കുട്ടികൾ ബസ്സിൽ ഓടിവന്നു കലപില കൂട്ടി. പൂമ്പാറ്റകളെ പോലെ ചിറകുകളുള്ള  , കുഞ്ഞു പൂക്കളെ പോലെ മനോഹരമായ , അവരെ കണ്ടപ്പോൾ ഒരു ഞെട്ടലോടെ   പണ്ട്‌ വെള്ള പുതച്ചു കിടന്ന അവളുടെ രൂപത്തെയും മരക്കൊമ്പിൽ തൂങ്ങിയാടിയ രണ്ട് കുരുന്നുകളുടെ ചിത്രവും മനസ്സിൽ ഓടിവന്നത് എന്തിനാണാവോ ?
*********************
 
മാർജ്ജാര രോദനം...
നസീറ നൗഷാദ്

ഇരുകാലി മൃഗങ്ങളേ
കേട്ടുകൊള്ളൂ
വയറ്റുകണ്ണിയാമെൻ
മാർജ്ജാര രോദനം...
നിറ വയറുമായേന്തി- വലിഞ്ഞു പകലന്തിയോളം...
പശിയടക്കുവാനൊ-
രുരുളച്ചോറിനായ്...
സുഖപ്രസവം
കാക്കുവാൻ
ഭിഷഗ്വരനില്ല,
ആതുരാലയമില്ല,
ജീവകമില്ല,
ധാതുക്കളില്ല,
ദേഹരക്ഷയുമില്ല,
അരിഷ്ടവുമില്ല...
അരിഷ്ടിച്ചാണ് പോൽ
നിത്യേന ജീവിതം...
നിൻ പടിവാതിലിൽ
കാത്തുകിടന്നു
കിട്ടുന്നൊരൊരുപിടി
വറ്റു മാത്രം...
കിട്ടാക്കനിയാം
മത്സ്യത്തിൻ രുചി
നാവറിഞ്ഞ കാലം
മറന്നു പോയ്‌...
നര കയറിയ കാഴ്ച്ചയോ
പൈശാചിക ഭാവമോ
എൻ സ്വപ്നങ്ങളെല്ലാ-
മെറിഞ്ഞുടച്ചു...
വെറുമൊരു തോൽപ്പാവയായ്  തൂങ്ങിയാടുന്നു ഞാൻ
ഉദരത്തിനുള്ളിലെൻ
ഉണ്ണികൾ പിടയുന്നു
ഭൂമിതന്നവകാശി-
യല്ലെയീഞാനും...
തൂക്കുകയർ വിധിക്കാനെന്തു
പിഴച്ചു ഞാൻ...
മതം പറഞ്ഞടിപിടി
കൂടിയില്ല...
ആരോടുമൊട്ടുമേ
കന്മഷമില്ല...
ക്രൂരതയൊന്നുമേ
ചെയ്തതില്ല...
അമ്മ തൻ തേങ്ങലായ്
തീർന്നവരെങ്കിലു-
മിന്നെന്റെ പൈതങ്ങൾ
ഭാഗ്യവാൻമാർ...
ചെരുപ്പേറ് കൊള്ളാതെ
പുറം കാൽത്തൊഴി
യൊട്ടുമേയേൽക്കാതെ
ആട്ടും തുപ്പുമലച്ചിലു-
മില്ലാതെ,
എന്നുദരത്തിലൊടുങ്ങി-
യെൻ മക്കൾ,
ലോകം കാണാപിറവിയാം
ഹതഭാഗ്യർ...
*********************

വീട്...
പി.എസ്. സലേഷ്

പഴയൊരു
വീടുണ്ടായിരുന്നു
ഓടിനാൽ മേഞ്ഞത്...
വെളിച്ചംവീശുന്ന
ചില്ല്പാളിയിലൂടെ
ആകാശക്കാഴ്ചകളെ
നോക്കിയിരുന്ന്,
ഉത്തരമില്ലാത്ത
ചോദ്യങ്ങൾ നിരത്തിയ
കൂടപ്പിറപ്പുകളുടെ
അടയാളമായിരുന്ന വീട്..
ചോർന്നൊലിക്കുന്നിടത്തെല്ലാം
പാത്രങ്ങൾ നിരത്തിവെച്ച്,
മൂല പൊട്ടിയ ഓടിന്റെയും,
ചിതലരിച്ച പട്ടികകളുടെയും,
മനക്കണക്കെടുത്ത്
ഉറങ്ങാതെ ഉറക്കം നടിച്ചു
കിടന്നവന്റെ വീട്..
ആവി പറക്കുന്ന
പുട്ട് കുംഭത്തിന്റെ ചാരെ
താടിക്ക് കൈ കൊടുത്തിരുന്ന്
ജീരക പാത്രത്തിലെയും
മല്ലി പാത്രത്തിലെയും
മുഷിഞ്ഞ നോട്ടുകളുടെ
കണക്കിൽ കനവെഴുതിയി-
രുന്നവളുടെ വീട്
*********************
 
വെള്ളാരങ്കണ്ണുള്ള പെൺകുട്ടി
അർഷി

 പതിവുപോലെ പകൽ മുഴുവൻ ഒറ്റയ്ക്കിരുന്നു മുഷിഞ്ഞതിന്റെ ക്ഷീണം തീർക്കാനായാണ് അന്നും ഞങ്ങൾ പുറത്തേക്കിറങ്ങിയത്.
            കുവൈറ്റിൽ എത്തിയിട്ട് കുറച്ചധികം ആയെങ്കിലും  ഇപ്പോഴും പുറത്തിറങ്ങാൻ ആദ്യദിവസം എന്നതുപോലെ കൗതുകമാണ്. എത്ര കണ്ടാലും കണ്ടാലും മതിവരാത്ത അത്ര മനസ്സ് നിറയ്ക്കുന്ന കാഴ്ചകളാണ് ചുറ്റും  . അത് തന്നെയാണ് മഞ്ഞു മൂടിയ ആ വൈകുന്നേരവും തണുപ്പിനെ അവഗണിച്ചു  ഞങ്ങൾ പുറത്തിറങ്ങാൻ കാരണം.
             ഒട്ടുമിക്ക മലയാളി ഫാമിലിയും തിങ്ങി താമസിക്കുന്ന കുവൈറ്റിന്റെ ഹൃദയഭാഗമാണ്  അബ്ബാസിയ. തീപ്പട്ടി കൂടുപോലെ   അടുക്കിവെച്ച  ബിൽഡിംഗുകളും.റോഡിന്റ  ഇരു വശങ്ങളിലുമായി നിറഞ്ഞു നിൽക്കുന്ന മലയാളത്തിൽ ബോർഡ്‌ എഴുതിയ  കടകൾ, ജ്വല്ലറികൾ, . പിന്നെ ഇടുങ്ങിയ റോഡുകൾ. വെള്ളം പൊട്ടിയൊലിക്കുന്ന ഡ്രൈനേജുകൾ... ഒന്നും പുതുമയല്ല  എങ്കിലും ഗൃഹാതുരമായ  ഓർമ്മകൾ സമ്മാനിക്കും....സ്വന്തം നാടിനെ ഓർമിപ്പിക്കും
         മെയിൻ റോഡിലേക്കു കടക്കുമ്പോഴാണ്‌ കാഴ്ചകൾ വിസ്തൃതമാവുന്നതും,  നാട് അന്യം നിൽക്കുന്നതും.
റോഡിനു ഇരുവശവുമായി നിരനിരയായി സ്ഥാപിച്ചിട്ടുള്ള സ്ട്രീറ്റ് ലൈറ്റിലെ മങ്ങിയ മഞ്ഞ നിറത്തിലേക്ക് ഞാൻ പലപ്പോഴും ഇമ തെറ്റാതെ നോക്കി നിന്നിട്ടുണ്ട്. ഇരുൾ പടർന്ന ശാന്തമായ റോഡിൽ മങ്ങിയ ലൈറ്റുകൾ സമ്മാനിച്ച എന്റെ തന്നെ നിഴലിനെ കൂട്ടുപിടിച്ചുള്ള നടത്തം തന്നെയാണ് ഒരുപക്ഷെ മറ്റു പലതിനേക്കാളും ആസ്വദിച്ചിട്ടുള്ളത്
        അങ്ങനെ വലിയ റോഡിനു മദ്ധ്യേയുള്ള നടപ്പാതയിലൂടെ  നീണ്ടു കിടക്കുന്ന ഈന്തപ്പനകൾക്കരികിലൂടെ,  ഇരുവശവുംചീറിപ്പാഞ്ഞു പോവുന്ന വാഹനങ്ങളുടെ  ഭയാനകമായ വേഗത്തിൽ ഞങ്ങൾ  ആടിയുലഞ്ഞു നടന്നു...
അങ്ങനെയുള്ള യാത്ര എപ്പോഴും അവസാനിക്കുന്നത് പുരാതന തെരുവായ  മുജമ്മയിലാണ്.
     തെരുവിലുടനീളം ഇടുങ്ങിയ കടകളിലായി  നിറഞ്ഞു നിൽക്കുന്ന സ്വർണങ്ങളും  പലതരം വസ്ത്രങ്ങളും,  കളിക്കോപ്പുകളും,  ഒക്കെ കണ്ടു മടങ്ങുമ്പോൾ തന്നെ മനസ്സ് നിറയും.
മുജമ്മയിലേക്കുള്ള വഴിയിൽ നമ്മളെ സ്വാഗതം ചെയ്യുന്ന സ്വർണക്കടകളാണ് ഏറ്റവും വലിയ ആകർഷണം.ആർക്കും ഒന്ന് തൊട്ടു  നോക്കാവുന്ന നിലയിൽ അലക്ഷ്യമായി കൂട്ടി  വെച്ചിരിക്കുന്ന ആഭരണങ്ങൾ കാണുമ്പോൾ, സ്വർണത്തിന് ഒരു വിലയും ഇല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
      അങ്ങനെ  ആഭരണങ്ങളുടെ  മട്ടും ഭാവവും  കണ്ടു കണ്ണ് മഞ്ഞളിച്ചു മുന്നോട്ട് നടന്നപ്പോഴാണ്   ഒരു ടോയ്‌സ് ഷോപ്പിനു  മുൻപിലായി നിൽക്കുന്ന   വെള്ളാരം കണ്ണുള്ള ഒരു കൊച്ചു പെൺകുട്ടിയിൽ എന്റെ കണ്ണുകൾ ഉടക്കിയത് .അവളുടെ ശ്രദ്ധ എന്നിൽ മാത്രമായിരുന്നു എന്നുള്ളത് ആദ്യം കൗതുകമായി തോന്നി. പിന്നീട് അവൾ  പുരികമുയർത്തി  ആ തിളങ്ങുന്ന കണ്ണുകൾ കൊണ്ട്  നോട്ടം ഒന്നുകൂടെ തറപ്പിച്ചു.
ഒറ്റ നോട്ടത്തിൽ തന്നെ ഒരു അറബ് പെൺകുട്ടി. വെളുത്തു മെലിഞ്ഞ സ്വർണ്ണമുടിയുള്ളവൾ. റോസ് നിറത്തിലുള്ള ജാക്കറ്റ്  തലയോട് മൂടിയാണ് നിൽപ്പ്. പക്ഷെ ആ  നോട്ടത്തിൽ  ഞാൻ ആകെ  ആശ്ചര്യപ്പെട്ടു  പോയി.ആദ്യം ഒന്ന് ചിരിച്ചെങ്കിലും  പിന്നീട് മുന്നോട്ട് നടക്കാനൊരുങ്ങി. ആ നോട്ടം മനസ്സിൽ പതിഞ്ഞതിനാലാവണം ഓരോ കാൽ മുന്നോട്ട് വെക്കുമ്പോഴും ഞാൻ വീണ്ടും പിറകിലേക്ക് നോക്കിക്കൊണ്ടേയിരുന്നു. അപ്പോഴും അവളുടെ നോട്ടം എന്നിലേക്കു മാത്രമായിരുന്നു. പതിയെ നടത്തം അവസാനിപ്പിച്ചു ഞാൻ അവൾക്ക് നേരെ തിരിഞ്ഞു നിന്നു.ഞൊടിയിട കൊണ്ട് അവൾ എനിക്ക് അഭിമുഖമായി എത്തി.അപ്പോഴേക്കും ആ കണ്ണുകളുടെ തിളക്കം മങ്ങിത്തുടങ്ങിയിരുന്നു.
ഇടറിയ സ്വരത്തിൽ അവളെന്നോട് സംസാരിക്കാൻ തുനിഞ്ഞു
രണ്ടു കൈകൾ കൊണ്ടും ജാക്കറ്റിന്റെ ഓരോ  അറ്റം പിടിച്ചു കൊണ്ട് അവൾ  വിളിച്ചു
"അമ്മി..... "
ഒന്നും മനസ്സിലാവാതെ കുറച്ചു നേരം ഞാൻ  സ്തബ്ദ്ധയായി നിന്നു.
ആ പെൺകുട്ടി എന്താണ് എന്നെ അമ്മി എന്ന് വിളിച്ചത്. മനസ്സിലെ ആശങ്ക  അവളെയും സുഹൃത്തിനെയും  മാറി മാറി നോക്കി ഞാൻ അറിയിക്കാൻ ശ്രമിച്ചു.
" അമ്മി എവിടെ ആയിരുന്നു. എന്തിനാണ് എന്നെ വിട്ടു പോയത്.  എന്തിനാണ് എന്നെ ഒറ്റയ്ക്കാക്കിയത് ?"
നിലവിളിച്ചു കൊണ്ട് അവൾ എന്തൊക്കെയോ ചോദിച്ചു കൊണ്ടേയിരുന്നു.
ഭാഷയിൽ ദീർഘജ്ഞാനം  ഇല്ലെങ്കിലും ഉള്ള അറിവ് വെച്ച് അവൾ പറയുന്നതൊക്കെയും മനസ്സിലാക്കാൻ എനിക്ക് പറ്റി.
"അബ്ബാ പറഞ്ഞു ഉമ്മ മരിച്ചു പോയെന്ന്... എന്തിനാ കളവു പറഞ്ഞു പോയത്. വേറെ അമ്മി വീട്ടിൽ വന്നു പക്ഷെ എനിക്ക് എന്റെ അമ്മിയെ മതി... "
എന്ത് ചെയ്യണം എന്നോ എന്ത് പറയണം എന്നോ അറിയാതെ ഞാൻ  പകച്ചു നിന്നു.
ഞാൻ നിശബ്ദയായി നിൽക്കുന്നത് കൊണ്ടാവണം അവൾ കുറച്ചധികം ശക്തിയിൽ എന്റെ ജാക്കറ്റ് പിടിച്ചു വലിച്ചു അലറി കരഞ്ഞു കൊണ്ടേയിരുന്നു
                ചിലപ്പോൾ അവളുടെ മരിച്ചു പോയ ഉമ്മയുടെ രൂപസാദൃശ്യം തോന്നിയിട്ടുണ്ടാവാം എന്നെ കണ്ടപ്പോൾ. അതാവാം അവളിങ്ങനെ. പക്ഷെ എന്ത് പറഞ്ഞാണ് എനിക്കവളെ ആശ്വസിപ്പിക്കാൻ കഴിയുക ....?!!
ഉമ്മയുടെ സാമിപ്യം കൊതിക്കുന്ന അല്ലെങ്കിൽ എന്നെങ്കിലും ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ  എന്ന് ആഗ്രഹിക്കുന്ന  ആ ബാലികയോട് എങ്ങനെയാണു ഞാൻ നിന്റെ ഉമ്മയല്ലെന്നും, എനിക്ക് നിന്നെ അറിയുക പോലുമില്ലെന്നും പറയാനാവുക.
            ഉമ്മയുടെ വിയോഗത്തിൽ തകർന്ന ആ കുഞ്ഞു ഹൃദയം എന്ത് ആശ്വാസവാക്കുകളാലാണ് എനിക്ക് ചേർത്ത് വെക്കാനാവുക
അമ്മയേക്കാൾ വലിയ ആശ്വാസം ഈ ലോകത്തു മറ്റാർക്കാണ് കൊടുക്കാനാവുക..??!!
ഞാൻ തിരഞ്ഞ വാക്കുകളോ. പ്രവർത്തികളോ ഒന്നും തന്നെ ആ കുഞ്ഞു മനസിനെ സ്വാന്തനിപ്പിക്കാൻ മതിയായതല്ല എന്ന് നിമിഷനേരം  കൊണ്ട് ഞാൻ തിരിച്ചറിഞ്ഞു. അമ്മയേക്കാൾ  വലിയ സ്നേഹമോ അതിനേക്കാൾ മനസിനെ തണുപ്പിക്കുന്ന മറ്റൊരു   സാന്നിധ്യമോ ഒന്നും തന്നെ ഇല്ലല്ലോ.... !
അവളുടെ കണ്ണീരിൽ മനസ്സ് ചുട്ടു പുകയുകയായിരുന്നു. അത്ര തന്നെ ചൂടോടെ ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി. അമ്മയോളം ആവില്ലെങ്കിലും
ഇരു കൈകൾ കൊണ്ടും എന്നിലേക്കടുപ്പിച്ചു.. തലയിൽ മുഖം ചേർത്ത് വെക്കുമ്പോൾ അമ്മയുടേതെന്നു പോലെ അവൾക്ക് തോന്നിക്കാണും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ആ കുഞ്ഞു ഹൃദയമിടിപ്പ് സാധാരണ നിലയിലേക്കു വരുന്നത് എനിക്ക് അനുഭവിച്ചറിയാമായിരുന്നു. നഷ്ടപ്പെട്ടതെന്തോ അത്  തിരിച്ചു കിട്ടിയതിലുള്ള സന്തോഷത്താൽ   അവൾ പായിക്കുന്ന ഓരോ നിശ്വാസത്തിലും എന്നെയും തണുപ്പിച്ചു. കുറച്ചു നേരത്തേക്ക് ഞങ്ങൾക്ക് ചുറ്റും ആരുമില്ലായിരുന്നു, ശാന്തമായ സമുദ്രത്തിനു നടുവിൽ എന്നപോലെ.....  അവളുടെ ഉമ്മയെ എന്നിലേക്കു ഞാൻ ആവാഹിച്ചു കൊണ്ടേയിരുന്നു.......
" സാറാഹ് .. എന്താണ് ഇവിടെ സംഭവിക്കുന്നത്. ഇത് ആരാണ്..  " എന്ന് അയാൾ ഉച്ചത്തിൽ ചോദിച്ചതും അവളെ എന്നിൽ നിന്നും പറിച്ചു മാറ്റിയതും ഒരുമിച്ചായിരുന്നു...
"അബ്ബാ .. എന്റെ ഉമ്മി തിരിച്ചു വന്നു... "
പതിന്മടങ്ങു തിളങ്ങിയ ആ കണ്ണുകളിൽ നിന്ന് എനിക്ക് കണ്ണെടുക്കാനായില്ല.....
"ഉമ്മിയോ ഏതു ഉമ്മി...ഞാൻ പറഞ്ഞില്ലേ നിന്റെ ഉമ്മി ഇനി വരില്ലെന്ന് ".
             ഒരു കർക്കശക്കാരനായ പിതാവിനെ ഞാൻ അയാളിൽ കണ്ടു. അയാൾക്ക് ഒരു പക്ഷെ മറ്റൊരു ഭാര്യയെ  കിട്ടിയ സന്തോഷത്തിൽ  പഴയതൊക്കെ മറന്നതാവാം പക്ഷെ ആ കുഞ്ഞു മനസ്സ് അങ്ങിനെ ആവില്ലലോ...!!
"അമ്മി... അമ്മി... എന്റെ കൂടെ വാ... ഇവരോട് എന്നെ കൊണ്ടുപോവല്ലേ  എന്ന്  പറ.. എനിക്ക് ഉമ്മിയെ മതി... "
അയാളോടൊപ്പം തന്നെ തടിച്ച മറ്റൊരു സ്ത്രീയും ആ കുഞ്ഞിനെ വലിച്ചിഴച്ചു കൊണ്ട് പോവാനൊരുങ്ങി. ഗൗരവമുള്ള ഭാവം കൊണ്ട് തന്റെ  സൗന്ദര്യത്തെ മറച്ച ആ സ്ത്രീയായിരിക്കാം  അവൾ പറഞ്ഞ പുതിയ ഉമ്മ. ഇല്ല, ആ കുഞ്ഞിന് ഒരിക്കലും  അങ്ങനെ ഒരാളെ അംഗീകരിക്കാനാവില്ല, തീർച്ച.
      ഓരോ തവണ ആ കുഞ്ഞിനെ ഒരു ദയയും ഇല്ലാതെ വലിച്ചിഴയ്ക്കുമ്പോൾ അവളുടെ ഉമ്മ അവരിൽ നിന്നും അവളെ മോചിപ്പിക്കണം എന്ന് എന്നോട് അപേക്ഷിച്ചു കൊണ്ടേയിരുന്നു. പക്ഷെ അവളെ ഇനി ഒരിക്കൽകൂടി കാണാൻ പോലും അവസരമില്ലാത്ത എനിക്ക് പ്രാർത്ഥിക്കാനല്ലാതെ മറ്റെന്താണ് കഴിയുക ?!
പിന്നീട് ഒരു തരം മരവിപ്പായിരുന്നു  മനസിൽ. മരം കോച്ചുന്ന തണുപ്പിലും  ഞാൻ നിന്നു വിയർക്കുന്നത് കണ്ടിട്ടാവണം
ആശ്വസിപ്പിക്കാനെന്നോണം സുഹൃത്തു  എന്റെ തോളിൽ കൈ കൊണ്ട് ഒന്ന് തട്ടിയത്.
അധികം ആഗ്രഹിക്കുന്നത് ദൈവം കൊടുക്കില്ല എന്ന് പറയുന്നത് എത്ര സത്യമാണ്. എത്ര പേരാണ് പിഞ്ചു കുഞ്ഞുങ്ങളെ തങ്ങളുടെ സുഖത്തിനും,  സ്വകാര്യതക്കും  തടസ്സമായതിന്റെ പേരിൽ വെട്ടി നുറുക്കുന്നത്..എത്ര മക്കളെയാണ്  ഒരു നിമിഷത്തെ ദേഷ്യത്തിൽ ഒരു ചവിട്ടു കൊണ്ട് അമ്മമാർ ഈ ലോകത്തിൽ നിന്ന് പറഞ്ഞയക്കുന്നത്....എന്നാൽ അമ്മയില്ലാത്ത കുഞ്ഞുങ്ങളുടെയോ,കാലങ്ങളായി ഒരു കുഞ്ഞിക്കാലിന്  വേണ്ടി കേഴുന്ന അമ്മമാരുടെയോ മുഖം മനസ്സിൽ പതിഞ്ഞവർ ഒരിക്കൽ പോലും അങ്ങനെ ചിന്തിക്കാൻ തയ്യാറാവില്ല ..... നഷ്ടമാവുമ്പോഴാണ് പല ബന്ധങ്ങളും എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് നമുക്കു മനസ്സിലാവുക.. അത് മനസ്സിലാക്കിയാൽ പരസ്പരം സ്നേഹിക്കാൻ മാത്രമേ കഴിയൂ..
            സാറാഹ്യ്ക്കു വേണ്ടിയുള്ള പ്രാർത്ഥനകളായിരുന്നു തുടർന്നുള്ള യാത്രയിൽ മുഴുവൻ. എന്റെ മനസ്സിൽ ഒരുപാട് മാറ്റങ്ങൾക്കും ചിന്തകൾക്കും വഴിവെച്ച ആ കൊച്ചു ബാലികയെ ഇന്നും ഓർക്കുന്നു.  ഓരോ യാത്രയിലും ആ വെള്ളാരം കണ്ണുകളെ ഞാൻ തേടിക്കൊണ്ടേയിരിക്കുകയാണ്.....
*********************
 
ഒരു നിമിഷത്തിനായി
ധന്യ ബിപിൻ
  

മരണത്തിൻ മണമുള്ള
ഇരുണ്ട ഇടനാഴിയോരം ചേർന്ന്
ബാക്കി വെച്ച സ്വപ്നങ്ങളിലേക്ക്
വെറുതെ തിരിഞ്ഞു നോക്കുമ്പോൾ,
നിറഞ്ഞ കണ്ണുകളിൽ
നീയെനിക്കായി കരുതി വെച്ച
പ്രണയം മരവിച്ചു കിടന്നിരുന്നു.
അനന്തയിൽ
ലക്ഷ്യമറിയാതലയുമ്പോഴും
അകലെയെങ്ങോ അടർന്നു പോയൊരു
കുഞ്ഞു ഹൃദയം അഭയം തേടുന്നതറിഞ്ഞിരുന്നു .
വിരസമായ പകലുകളിൽ
സരസമായ ഓർമ്മകൾ കിതപ്പോടെ
കുതിച്ചെത്തിയിരുന്നു.
പ്രതീക്ഷയറ്റ ആത്മാവുറങ്ങുന്ന
ശരീരങ്ങൾ പതം
പറഞ്ഞു വിതുമ്പിയിരുന്നു.
അടഞ്ഞ പടിവാതിലോരം
അകലേക്കു നോക്കിയൊരമ്മക്കിളി
അന്നം വെടിഞ്ഞിരുന്നിരുന്നു .
വിശപ്പറിയാതെ ഇരുട്ടിലഭയം തേടി
വിങ്ങുന്ന നെഞ്ചിന്റെ താളത്തിൽ
അന്നുറങ്ങിയ താരാട്ടിന്നീണം
മുഴങ്ങിയിരുന്നു .
അന്നു മാത്രമെനിക്കായ്
തപിക്കുന്നൊരാത്മാക്കൾക്ക്
ഒപ്പമിരിക്കാൻ
കൊതി കൊണ്ടു.
കണ്ണീരൊഴുക്കിലകന്ന നിൻ പ്രണയത്തെ
കൈക്കുമ്പിളിൽ കോരി
നെഞ്ചോടു ചേർത്തിടാൻ ,
അഭയം തിരഞ്ഞുഴറുന്ന മനസ്സിനു
ഹൃദയച്ചൂടിൻ കരുത്തു പകർന്നിടാൻ
വിശപ്പറിയാതിരുട്ടിൻ മറവിൽ
ആശയറ്റിരിക്കുവോർക്കൊരു പിടി
അന്നമായ് മാറിടാൻ
ഇനിയും മടക്കി വിളിക്കാനാവാത്ത
ഇന്നലെകൾക്കു മുന്നിലൊരു നിമിഷം
മടക്കിക്കിട്ടുന്നതും കാത്ത്
പ്രതീക്ഷയോടെ ...
*********************