16-09-19b


📚📚📚📚📚📚
കാവേരിയുടെ നേര്
ഗ്രേസി

ഡിസി ബുക്സ്
പേജ് 80 
 

    കമണ്ഡലുവിൽ ഭർത്താവ് അഗസ്ത്യനെ കാത്തിരുന്ന് മുഷിഞ്ഞ കാവേരി പുറത്തേക്കൊഴുകി. യാഗം കഴിച്ചെത്തിയ മുനി കമണ്ഡലുവിലേക്ക്     മടങ്ങി തൻറെകൂടെ വരാൻ അഭ്യർത്ഥിച്ചു. ഭർത്താവിനോട് കനിവ് തോന്നിയ അവൾ തന്നെ രണ്ടായി പകുത്തു.ഉടൽ അഗസ്ത്യനൊപ്പം ആശ്രമത്തിലേക്ക്, ഉയിര് നദിയായി തീരങ്ങളിൽ നിന്ന് തീരങ്ങളിലേക്ക്....
എഴുത്തുകാരികൾക്ക് സമൂഹംനൽകുന്നചങ്ങലകകൾക്ക് ഉടലും ,എഴുത്തിന്റെ കാണാച്ചങ്ങലക്ക് നെഞ്ചും പകുത്തുനൽകി- എഴുത്തുകാരിയുടെ നേര് കാവേരിയുടെ നേരാണെന്ന് -ഗ്രേസി അനുവാചകനെ അനുഭവിപ്പിക്കുന്നു.

     അച്ഛൻ ശരീരത്തിലും യഹോവ മനസ്സിലും വാളുകാട്ടിപേടിപ്പിച്ചബാല്യം വാക്കൊതുക്കി വർണ്ണിക്കുന്നമുഖലേഖനം, 'യഹോവയുടെ വാൾ' നമ്മെ പുസ്തകത്തിൽ പിടിച്ചു കെട്ടും.
ആശാൻകളരിയോർമ്മയും അക്ഷരക്കണക്കോർമ്മക്കേടും കുറിക്കുന്ന 'അ അമ്മ ആശാനി'ലൂടെ നാം മുന്നോട്ടുപോവുക.
ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുഞ്ഞുമേരിയുടെ കുപ്പിമോഹിച്ചതും കുട്ടിച്ചാത്തന്റെ സഹായം അമ്മായി 'തല്ലി'ത്തകർത്തതും നെഞ്ചിലൂറുന്ന ചിരിയോടെ അറിയുക!
  ജനയുഗത്തിൽ ആദ്യകഥവന്നശേഷം കഥ പ്രസിദ്ധീകരിക്കാൻ 'കാമ'പൂർത്തിചോദിച്ച ഗുരുനാഥനെ പാത്രമാക്കിരചിച്ചകഥ പ്രകോപനമായതും,പരീക്ഷയിൽ മാർക്ക് വേണമെങ്കിൽ ആഗ്രഹം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടതും ഒരദ്ധ്യാപകനല്ലോ എന്നോർത്ത് കലിക്കാം.
പ്രണയപരീക്ഷണശാലയുടെ'ഗർഭസന്ധി'യിലനുതപിക്കാം.പാരലൽ കോളേജിലെ എഴുതാത്ത വെള്ളക്കടലാസിൽ(പ്രണയഭിക്ഷു)അമർത്തിവരച്ചവരയിൽ കൗതുകം കാട്ടാം.ഒരു പത്രസ്ഥാപനത്തിലെ ചിത്രകാരനെ ഇഷ്ടമായെന്നുപറഞ്ഞ് പത്രാധിപർക്കുകത്തെഴുതിയതും ,നാണംകുണുങ്ങിക്ക് കാലം കാതലുണ്ടാണ്ടാക്കിയപ്പോൾ,അതേപത്രമോഫീസിലെ ജോലിക്കാരനായ ഭർത്താവിനോട്"അന്നുഞാൻ വല്ലാത്തൊരുനാണംകുണുങ്ങിയായി പ്പോയി.അല്ലെങ്കിൽ ഗ്രേസി ശശിയുടെ ഭാര്യയാകുമായിരുന്നില്ല"എന്നുപറയുന്നതുകേട്ട് ഗ്രേസിക്കൊപ്പം പൊട്ടിച്ചിരിക്കാം.
'പരിണാമഗുപ്തി' എന്നകഥയിൽപറയുന്ന പ്രണയകാലത്തിന്റെ അയവിറക്കലും,കളഞ്ഞമോതിരം കരിച്ച വിവാഹസങ്കൽപ്പവും 'മുദ്രാങ്കുലീയം'പറഞ്ഞുതരും.ഗ്രേസിക്കു കഴിയാത്ത ലാഖവത്തോടെ നാമതു കേൾക്കുക .

  ഗർഭാസ്വാസ്ത്യം വശംകെടുത്തിയപ്പോൾ കുട്ടിയെ ഒഴിവാക്കാൻ മോഹിച്ചതും,വിഷുക്കണിയിൽ വെളിച്ചത്തിന്റെ തിരയിൽ നനഞ്ഞപ്പോൾ ,"എന്റെകുഞ്ഞ് ഈ ലോകം കണ്ടോട്ടെ"എന്ന് അവളുടെ ജന്മം വിഷുക്കൈനീട്ടമായിക്കിട്ടിയതും വായിക്കുമ്പോൾ നാമനുഭവിക്കുന്നവികാരമെന്താണ്!.
  തൻറെ കടിഞ്ഞൂൽ പ്രസവത്തോട് ഒരു സാധാരണ സ്ത്രീക്ക് പെരുമാറാൻകഴിയുന്നത് പോലെയാണോ ഗ്രേസി പെരുമാറിയത് എന്ന്  'ജീവിതത്തിൻറെ വഴികൾ' വായിച്ച്   അമ്പരക്കാം.

      ഗ്രേസി ജനിച്ച മൂവാറ്റുപുഴക്ക് തെക്കുള്ള  മാറാടിയിലെ ചെന്നിലത്ത് വീട്ടിലെ സർപ്പക്കാട്ടിലെ ഗന്ധർവ്വൻ പ്രതിമയെ  കൗതുകത്തോടെ കാണാം. സഹപാഠിയായ  കഥാകൃത്ത് പി.ആർ.നാണി കുട്ടിയുടെ പ്രണയകഥകൾ പോലെ  തൻറെ ഗന്ധർവനെ പാട്ടിൽ കെട്ടാൻ ആവാതെ വന്നപ്പോൾ  കവിതയല്ല തൻറെ വഴി എന്ന് ഗ്രേസി തിരിച്ചറിയുന്നു. പത്മരാജൻെറ ഞാൻ ഗന്ധർവ്വൻ കൂടി പുറത്തുവന്നപ്പോൾ, ഗന്ധർവ്വ കഥയിനി വയ്യെന്നായി  തീച്ചാമുണ്ഡി  എന്ന നോവലെറ്റിൽ ആ അനുഭവം ചേർത്തുവച്ചു.
        ഒരു വയസ്സായ കുഞ്ഞുമായി  ഭർത്താവിനോടൊപ്പം  യാത്ര ചെയ്യവേ ആലുവ ബാങ്ക് കവലയിൽ വെച്ച് കുട്ടിയെ മറന്ന ഭർത്താവിനോട് കയർത്തതും , ആ സംഭവത്തോട് ഒപ്പം കഥാകാരിയുടെ മനസ്സിൽ കയറിക്കൂടിയ ഭീകര സ്വപ്നവും സ്വന്തം  വീട്ടിലെ താമസവും; തന്നെ ആക്രമിക്കാൻ എപ്പോഴും പതിയിരിക്കുന്നപുരുഷനെ കുറിച്ചുള്ള പേടിയും ആ മനസ്സ്നമുക്ക് തുറന്നു തരും.

ഭർത്താവിന് വീതം കിട്ടിയ സ്ഥലത്ത്  നിർമ്മിതി മാതൃകയിൽ ചെലവ് കൂട്ടി വീട് പണിതതും, അന്യജാതിയിൽ പെട്ട പെണ്ണിനോട് ഭർത്താവിൻറെ വീട്ടുകാരുടെ ദേഷ്യവും, കണ്ടാൽ മിണ്ടാൻ പോലും കൂട്ടാക്കാത്ത വകയിലെ ഒരമ്മാവൻ വീട്ടിലെത്തി വീടിരിക്കുന്നത് ചുടലപ്പറമ്പ് ആണെന്ന് പേടിപ്പിച്ചതും പറഞ്ഞ് ,'തികച്ചും അവിശ്വസനീയം' എന്ന  ചെറുകഥയുടെ ജന്മരഹസ്യം പങ്കുവയ്ക്കുന്നു .
സ്വന്തം ശബ്ദത്തിലൂടെ അല്ലാതെ ആദ്യം ആകാശവാണിയിൽ വന്ന ഗ്രേസിയുടെ കഥയാണ് അത്.
'തൃണാവൃത്ത ശരീരങ്ങൾ' എന്ന കുറിപ്പ്- സ്വന്തം വീട്ടുകാരുടെ സഹായത്താൽ വാങ്ങിയ ചെറിയവീടും , സ്വർണാഭരണവും വിറ്റ്, സമ്പാദിച്ച ജോലിക്കുപോയി മടങ്ങവേ ;റെയിൽവേ സ്റ്റേഷൻ ബെഞ്ചിൽ തനിച്ചിരുന്ന്,ജോലിയില്ലാത്ത താൻ എങ്ങനെ  സ്വന്തം കുട്ടിയെ പുലർത്തുമെന്ന് ഭ്രമിച്ചത്," ഒരു പൈങ്കിളി കഥയുടെ അന്ത്യം"  എന്ന കഥയായി ജനിച്ചത്-വിശദീകരിക്കുന്നു.
               കഥാസമാഹാരത്തിന് പൂച്ച എന്ന പേര് കൊടുക്കണം എന്നാണ് ആഗ്രഹിച്ചത്. പ്രസാധകർക്ക്  'പടിയിറങ്ങിപ്പോയ പാർവ്വതി' ആണ് ഇഷ്ടപ്പെട്ടത്. ഒരു കൂട്ടുകാരിയുടെ കഥയാണത്. തൻറെ ഭാര്യയുടെ ജാരസംസർഗ്ഗത്തിന് ഗ്രേസി ഒത്താശ ചെയ്യുന്നു എന്ന് എന്ന് അയാൾ വിശ്വസിച്ചിരുന്നു. ശത്രുവായികരുതുന്ന അയാളോട് താൻ കൂട്ടുകാരിക്ക് പറയാനുള്ളത് കേൾക്കുക മാത്രമായിരുന്നു ചെയ്തതെന്ന് പറയാൻ കഴിഞ്ഞിട്ടുമില്ല. തൻറെ ഭാര്യയുടെ  ജാരസംസർഗ്ഗത്തിന് കുടപിടിച്ച ആളെ കണ്ട്, കുടമറച്ചുപോയ ആളെ കണ്ടപ്പോൾ തോന്നിയ വസനം നമുക്കും അനുഭവിക്കാം .

ആകാശവാണിയിൽ ഒരു ചർച്ചയ്ക്കായി ഒത്തുകൂടിയ  കോവിലിനും പി സുരേന്ദ്രനും ഒപ്പം യാത്രി നിവാസിൽ നിന്നും ബിയർ കുടിച്ചത് 'ഒരു കോവിലനും 3 കല്യാണി കുപ്പികളും' എന്ന ലേഖനത്തിൽ വായിച്ച് ,അവിടെ കണ്ട യുവാവിനെപ്പോലെ തുറിച്ചു നോക്കാം .

ലീലാവതി ടീച്ചറിൽ അനുഭവിച്ചറിഞ്ഞ ഗുരു സ്നേഹവും സ്വന്തം വിദ്യാർത്ഥികളിൽ നിന്ന് കിട്ടിയ നിർവേദവും പലർക്കും അനുഭവ സത്യമായിരിക്കും.

എറണാകുളം ജനറൽ ആശുപത്രിയിൽ  നട്ടെല്ല് ഓപ്പറേഷൻ ചെയ്ത് കിടന്നപ്പോൾ  പരിചയപ്പെട്ടതാണ് രണ്ട് ഗൗളികളെ. പണ്ടേ ഗൗളികളെ വലിയ പേടിയായിരുന്നു. ആശുപത്രിയിലെ നഴ്സിൻറെ അഹങ്കാരത്തോടു പ്രതികരിച്ച ഗൗളി പെണ്ണാണെന്ന് ഉറപ്പിച്ചു. അവരെ കഥാപാത്രമാക്കി യാണ് ഗൗളിജന്മം രചിച്ചത്. ജുറാസിക് പാർക്ക് വായിച്ചതോടെ ആ ജീവികൾ സ്വപ്നംനശിപ്പിച്ചതും, ശലഭങ്ങളെ  വായിലിക്കിയ ഗൗളിയുടെ നിഗൂഢമായ ചിരിയും, കൗതുകത്തോടെ വായിക്കാം.

ജീവിതത്തിൽ നിന്നും  കഥകൾ കണ്ടെത്തിയ ഒട്ടുവളരെ സന്ദർഭങ്ങൾ ഇനിയും പറയുന്നുണ്ട്. തനിക്ക് മുന്നേ വിവാഹിതയായ അനുജത്തിയുടെ വീട്ടിൽ സന്ധ്യക്ക് എത്തി മടങ്ങേണ്ടി വന്നത്, ബന്ധുവായ യുവാവിന്റെ വിവാഹപ്പരസ്യത്തിലെ ചതിയിൽ തപിച്ചതും-അത് ഓർമ്മ ക്കുറിപ്പായപ്പോൾ കിട്ടിയ ശകാരവും, ഹുയാൻസാങ്ങിന്റെ കിമുകിമാരും,ഫോണിൽ കാമുകിയായൊരു വേഷംകെട്ടിയതും,എൻ.മോഹനന്റെ സ്നേഹവും  രസകരമായി പറയുന്നുണ്ട്.

   ശപിക്കപ്പെട്ട ആത്മാക്കളായിരിക്കുമോ ഭൂമിയിൽ എഴുത്തുജന്മങ്ങളായി തീരുന്നത്  എന്ന്  സംശയിക്കുന്നു .സ്വന്തം ജീവിതം അവരെ അങ്ങനെ ചിന്തിപ്പിച്ചേക്കാം.   പക്ഷെ അനുവാചകന് പുണ്യ ജന്മങ്ങളാണ് എഴുത്തുജന്മങ്ങളെന്ന് അവരറിയുന്നുണ്ടാവുമോ.

രതീഷ്കുമാർ

🌾🌾🌾🌾🌾🌾