16-09-19

📚📚📚📚📚📚
ആഖ്യാനങ്ങളുടെ പുസ്തകം.
രാജേന്ദ്രൻ എടത്തുംകര

ലോഗോസ് ബുക്സ്
വില. Rs. 130 / -

         അടുത്തകാലത്ത് വായിച്ച തെളിമയുള്ള ഒരു സാഹിത്യവിമർശനഗ്രന്ധമാണ് രാജേന്ദ്രൻ എടത്തുംകരയുടെ  'ആഖ്യാനങ്ങളുടെ പുസ്തകം'.  മുൻനിശ്ചിതമായ ഏതെങ്കിലും സമവാക്യങ്ങളുടെ നിർദ്ധാരണമല്ല ഈ പുസ്തകത്തിലെ ലേഖനങ്ങൾ.   സ്വന്തം തട്ടകം കാക്കാൻ ഉറുമിയുമായി ഇറങ്ങിത്തിരിച്ച കടത്തനാടൻ പടയാളിയേയോ, സ്വമതസ്ഥാപനത്തിനായി വേദ ഛന്ദസ്സ് ഉദ്ധരിക്കുന്ന ആചാര്യനെ യോ നാമിവിടെ കാണില്ല.  പക്ഷേ നിരീക്ഷണങ്ങൾ ആധികാരികവും സമഗ്രവുമാകുന്നതിന്റെ തികവും അപഗ്രഥനങ്ങൾ യുക്തിയുക്തവും പ്രസക്തവുമാകുന്നതിന്റെ മികവും കൊണ്ട് അസാധാരണമായ വെളിച്ചം പ്രസരിക്കുന്ന പതിനൊന്ന് പ്രബന്ധങ്ങൾ ഈ പുസ്തകം കാഴ്ചവെയ്ക്കുന്നു.

കവി ഇടശ്ശേരിയും പൂതവും ഉണ്ണിയും അമ്മയും ഈ നിരൂപകനു വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നു തോന്നും  " പൂതപ്പാട്ടിലെ കാമവും കാമനയും " എന്ന ആദ്യ ലേഖനം വായിക്കുമ്പോൾ .  വരികളിലും വരികൾക്കിടയിലും വെളിച്ചം വീശി, പീഡനമായിരുന്നില്ല  മേളനമായിരുന്നു പൂതത്തിന്റെ  ലക്ഷ്യം എന്ന് നിരൂപകൻ കാട്ടിത്തരുമ്പോൾ നാം തെളിഞ്ഞ മനസ്സോടെ പൂതപ്പാട്ട് ഒരിക്കൽക്കൂടി എടുത്തു വായിക്കും; തീർച്ച.

ആറ്റൂർ രവിവർമ്മയുടെ "മേഘരൂപൻ" എന്ന കവിതയിൽ എങ്ങനെയൊക്കെയാണ് പി.കുഞ്ഞിരാമൻ നായരുടെ കാവ്യ ജീവിതം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നതെന്ന ലേഖനമാണ് " മേഘരൂപൻ: സന്ദിഗ്ധതയുടെ ഗജക്രീഡ " എന്ന രണ്ടാമത്തെ ലേഖനം .

കുമാരനാശാന്റെ നളിനീ കാവ്യത്തിന് ഏ.ആർ.രാജരാജവർമ്മ എഴുതിയ അവതാരികയുടെ ഒരു പുനർവായനയാണ് " നളിനിയുടെ അവതാരിക വീണ്ടും വായിക്കുമ്പോൾ " എന്ന മൂന്നാമത്തെ ലേഖനം .
രമണീയമായ സംഭോഗശൃംഗാരത്തിന്റെ ഉത്തമ കാഷ്ടയിലാണ് കാവ്യം പര്യവസാനിക്കുന്നതെന്ന് ഏ.ആർ വിശദീകരിക്കുന്നു. ബന്ധങ്ങളുടെ കെട്ടുപാടിൽ നിന്ന് പുറത്തു കടക്കാൻ ഉപദേശിക്കുന്ന ഗുരുവും  ആ ഉപദേശത്തിന് അർഹയായ ശിഷ്യയും ചേർന്ന് അപൂർവ്വസുന്ദരമായ രംഗസ്ഥലിയാണ് ആശാൻ കാവ്യാ വസാനത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് നിരൂപകൻ സമർത്ഥിക്കുന്നു. സത്വഗുണ പ്രധാനിയായ നായകനും രജോഗുണപ്രധാനിയായ നായികയും തമ്മിലുള്ള സംഘർഷമാണ് നളിനിയിലെ കഥാവസ്തുവിന്റെ സവിശേഷത എന്ന് എടത്തുംകര കാട്ടിത്തരുന്നു.

" തടവിലാകുന്നതിന്റെ സുഖം "  എന്ന ലേഖനം കുമാരനാശാന്റെ സ്വാതന്ത്ര്യ സങ്കൽപ്പത്തെ സൂക്ഷ്മമായി വിലയിരുത്തുന്ന ഒന്നാണ്.  ബ്രിട്ടീഷ് ഭരണത്തിന് സ്തുതി പാടിക്കൊണ്ടേയിരുന്നു എന്നു മാത്രമല്ല, സ്വാതന്ത്ര്യം എന്ന ആശയം തന്നെ ആശാന് അപ്രാപ്യമായിരുന്നു എന്ന് ഒരു സിംഹ പ്രസവം, ദുരവസ്ഥ, തീയക്കുട്ടിയുടെ വിചാരം,  തുടങ്ങിയ കവിതകൾ വിശകലനം ചെയ്ത് കാട്ടിത്തരുന്നു. മലയാള കവിതയുടെ ഭാവുകത്വത്തെ സാരമായി സ്വാധീനിച്ച ഒരു മഹാകവി മാനവികതയുടെ അടിസ്ഥാന ആശയങ്ങളിലൊന്നിനെ, സ്വാതന്ത്യ ബോധത്തെ, സൗകര്യപൂർവ്വം തമസ്ക്കരിച്ചതെങ്ങനെയെന്ന് രാജേന്ദ്രൻ എടത്തുംകരകാട്ടിത്തരുമ്പോൾ അതു സത്യമാണല്ലോ എന്ന് നമ്മുടെ മനസ്സും പറയുന്നു.

ലീലയിലൂടെയാണ് മൗലികവും ലൗകികവുമായ ഒരു പ്രണയകഥ മലയാളി ആദ്യമായി കേൾക്കുന്നതെന്ന് പറഞ്ഞു തരികയാണ്  " മധുരസ്വപ്ന സമം"  എന്ന ലേഖനത്തിലൂടെ . നളിനി പ്രണയം തേടിപ്പോയത് തന്നെ പ്രണയിക്കാത്ത ഒരാളെയാണ്. പ്രണയത്തെ ചപലതയായാണ് ദിവാകരൻ കാണുന്നത്. ലീലയും മദനനും പ്രണയത്തിനു വേണ്ടി ജീവൻ കൊടുക്കുകയാണ് ലീലയിൽ . ഇവിടെ പ്രണയം തളം കെട്ടി നിൽക്കുന്നത് നിരൂപകൻ കാട്ടിത്തരുന്നു.

ആർ രാമചന്ദ്രന്റെ  കവിതയും ചൊല്ലി നമ്മോടൊപ്പം കൂടുകയാണ് എടത്തുംകര  " ഏതോ പാന്ഥപാദത്തിൻ നാദം"  എന്ന ലേഖനത്തിലൂടെ .
അമ്പത്തിയഞ്ചു കവിതകളേ ആർ രാമചന്ദ്രന്റെ സമ്പൂർണ്ണ സമാഹാരത്തിൽ ഉള്ളൂ . " എന്റെ കവിതകൾ ഏറെയും എഴുതപ്പെടാത്തവയാണ്‌. എഴുതിയ കവിതകൾ വളരെ കുറച്ചു മാത്രം " എന്ന് കവി തന്നെ പറഞ്ഞതിന്റെ അർത്ഥം ഈ ലേഖനം ബോധ്യപ്പെടുത്തുന്നു.

"നിഷേധിക്കപ്പെട്ട ഇടങ്ങൾ" എന്ന ഗവേഷണാത്മക ലേഖനം ഒന്നു മാത്രം മതി ഈ പുസ്തകം വാങ്ങി സൂക്ഷിക്കാൻ. സാഹിത്യ ചരിത്രത്തിൽ ഇടം നിഷേധിക്കപ്പെട്ട എഴുത്തുകാരെയും കൃതികളെയും  അന്വേഷിച്ച് കണ്ടെത്തി തമസ്ക്കരിക്കപ്പെടാനിടയാക്കിയ സാഹചര്യങ്ങളെ വിശകലനം ചെയ്ത്‌ നമുക്ക് കാട്ടിത്തരികയാണ് ഈ ലേഖനം.  നോവലിലും ചെറുകഥയിലും നാടകത്തിലും മാത്രമല്ല ഭാഷയെ നവീകരിക്കാനുള്ള പ്രവർത്തനങ്ങളിൽ പോലും ഈ തമസ്ക്കരണം നടന്നിട്ടുണ്ട്.
മലയാള നാടകചരിത്രം  കല്ലൂർ ഉമ്മൻ പീലിപ്പോസിന്റെ ആൾമാറാട്ടം എന്ന നാടകത്തോടെയാണ് ആരംഭിക്കുന്നതെന്ന് മറച്ചുവെച്ച് കേരളവർമ്മ വലിയകോയിത്തമ്പുരാനെ കേരളീയ ശാകുന്തളത്തോടെ സിംഹാസനത്തിലിരുത്താനാണ് ചരിത്രകാരന്മാർ ശ്രമിക്കുന്നത്. എ.ആർ കേരളീയ ശാകുന്തളം പ്രസിദ്ധീകരിക്കുന്നതിന് പതിനഞ്ച് വർഷം മുമ്പ് ഷെയ്ക്സ്പിയറുടെ " കോമഡി ഓഫ് എറേഴ്സ് " ആൾമാറാട്ടം എന്ന പേരിൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നു എന്നറിയുമ്പോൾ നാം അമ്പരക്കും .
മാത്രമോ , സംസ്കൃത നാടകത്തിലൂടെയല്ല ഇംഗ്ലീഷ് നാടകത്തോടെയാണ്  ആധുനിക നാടക ചരിത്രം ആരംഭിക്കുന്നതെന്ന അറിവിന് മൂല്യം ഏറും .  നാടക ചരിത്രത്തിൽ ഇടം കിട്ടാതെ പോയ കോന്നനാത്ത് കുട്ടിപ്പാറുവമ്മയെയും  ഈ ഗവേഷകൻ കണ്ടത്തി കാട്ടിത്തരുന്നു.
തീവണ്ടിയെ തീവണ്ടി എന്ന് ആദ്യമായി വിളിച്ചത്‌ മോയിൻ കുട്ടി വൈദ്യരാണെന്ന അറിവും രസകരം തന്നെ.

ഇടശ്ശേരിയുടെ '' കുറ്റിപ്പുറം പാലം " എന്ന 48 വരിയുള്ള കവിത എങ്ങനെ അനശ്വരമായി എന്ന അന്വേഷണമാണ് കുറ്റിപ്പുറവും പൊന്നാനിയും എന്ന ലേഖനം . ഇടശ്ശേരിയുടെ ദേശപുരാണത്തോടൊപ്പം ഇടശ്ശേരിയുടെ ആത്മപുരാണം കണ്ടെത്തലും കൂടിയാവുന്നു ഈ കുറിപ്പ്.

ടി.പത്മനാഭന്റെ കഥകളിൽ കടന്നു വരുന്ന ഗാനശകലങ്ങളെക്കുറിച്ചുള്ള പഠനമാണ്  '' പന്മനാഭൻ പാടുമ്പോൾ " എന്ന ലേഖനം . പത്മനാഭന്റെ കഥകളിൽ പാട്ട് ഒരു അലങ്കാര വസ്തുവോ അധിക ഭംഗിയോ അല്ലെന്നും ആഖ്യാനത്തിന്റെ സ്വാഭാവികവും മൗലീകവുമായ ഘടകം തന്നെയാണെന്നും കാട്ടിത്തരുന്നു ഈ ലേഖനം .

'' കലീഫ, പയാട, കൊയ മാന്തിരം " എന്ന ലേഖനം പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കലീഫ എന്ന നോവലിലെ മിത്തുകളെ തേടിയുള്ള യാത്രയാണ്.  മിത്ത്, പുരാവൃത്തം എ ന്നെല്ലാം കേൾവിപ്പെട്ട വാക്ക് കുപ്പായമഴിച്ചു നിന്നാൽ പയാടയായി എന്നു പരിചയപ്പെടുത്തുന്നു.  കലീഫയുടെ കഥ മാത്രമല്ല ഒരു നാടിന്റെ കഥ ചായക്കൂട്ടുകൾ എല്ലാം ഒഴിവാക്കി പുനത്തിൽ വരച്ചുകാട്ടുന്നതെങ്ങനെയെന്ന് കാട്ടിത്തരുന്നു ഈ ലേഖനം.

ഓ.വി.വിജയന്റെ " ഖസാക്കിന്റെ ഇതിഹാസ " ത്തിൽ ലയിച്ചു കിടക്കുന്ന ലവണഅടരുകളെ സൂക്ഷ്മമായി അരിച്ചെടുത്ത് കാട്ടിത്തരികയാണ് ഖസാക്കിലെ പാമ്പ് എന്ന ലേഖനം . അമ്മയെ പ്രാപിച്ച പൗരാണിക നായകനായ ഈഡിപ്പസ്സിനെപ്പോലെ രവി അനിവാര്യമായ ദുരന്തത്തിലേക്കുള്ള യത്രയിലാണ് ഖസാക്കിൽ എത്തിച്ചേരുന്നത്‌.  ഖസാക്കിലെ എഴുത്തുകാർ, പാമ്പും വിഷവും, ഭൂപടങ്ങൾ, മരണങ്ങളുടെ ഉദ്യാനം, പക്ഷികൾ എന്നീ ഉപശീർഷകങ്ങളിലൂടെ ഇതിഹാസത്തിലേക്ക് വീണ്ടും വീണ്ടും വീണ്ടും ഖനനം നടത്തുകയാണ് രാജേന്ദ്രൻ എsത്തുംകര.

പരമ്പരാഗത വായനയുടെ പഴകിയ ചാലുകൾ ഉപേക്ഷിക്കാൻ കാണിക്കുന്ന ധീരതയുടെ മുദ്രകൾ ഓരോ ആഖ്യാനത്തിലും തെളിഞ്ഞു കിടക്കുന്നു.

ടി.ടി.വാസുദേവൻ
94473 13464

🌾🌾🌾🌾🌾🌾