16-03-19


ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാവർക്കും സ്നേഹപൂർവ്വം സ്വാഗതം
***************************
*ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാനിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." കഴിഞ്ഞയാഴ്ചയിലെ ബാക്കി ഇപ്പോൾ വായിക്കാം..*

ആത്മായനം തീക്ഷ്ണ ഭാവങ്ങളിലൂടെ മുന്നോട്ട്..:
*ഇതാണ് ഞാൻ..*
*ആത്മായനം*
*ജസീന റഹീം*
ആ ചെറിയ മാടമ്പിള്ളിയിലാണ് ജീവിതത്തിലെ നിർണായകമായ 7വർഷങ്ങളോളം ഞങ്ങൾ കഴിഞ്ഞത്.. ഇല്ലത്തെ നിബിഢ വനങ്ങൾ വാപ്പ വെട്ടിമാറ്റി ..കപ്പയും ചേമ്പും കാച്ചിലും നട്ടു.. നിറയെ ചക്ക പിടിയ്ക്കുന്ന വരിയക്കപ്ലാവൊരെണ്ണം മുൻവശത്തും കൂഴയൊരെണ്ണം അടുക്കള വശത്തും തലയെടുപ്പോടെ നിന്നു., മുറ്റം തൂത്ത് ഈർക്കിൽ പോലെ തേഞ്ഞ് ഞാനും..
ഒരിക്കലും വറ്റാത്ത കിണറും .. കിണറിനരികിൽ എന്നും കായ് പിടിക്കുന്ന രണ്ട് ചാമ്പ മരങ്ങളും.. ബ്ലാത്തി.. ആത്തി..പേര..കപ്പുമാവ്  .. വെള്ളംകൊള്ളിമാവ് തുടങ്ങിയവയാൽ സമൃദ്ധമായ 36 സെന്റ് സ്ഥലം.. എന്തൊക്കെ ഉണ്ടായിട്ടെന്താ.. പേപ്പട്ടിയുടെ കടിയേറ്റ് പേയിളകി മരിച്ച വേലൻ കാർന്നോര് കിടന്ന് മരിച്ച തെക്കിനിയും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണും ഓരോ നിമിഷങ്ങളെയും ഭയാശങ്കകളാൽ നിറച്ചു..
     വർഷമധ്യത്തിൽ സ്കൂൾ മാറിയതിനാൽ ഞങ്ങളുടെ  പഠനം പിറകോട്ടാകാതിരിക്കാൻ ഞങ്ങളെ ആദ്യമായി ഒരു ട്യൂട്ടോറിയലിൽ ട്യൂഷന് ചേർത്തു.. കുണ്ടറയിലെ അന്നത്തെ പ്രശസ്തമായ വ്യാസാ സ്റ്റഡീ സെന്റർ.. എല്ലാവരും 'രാജുവണ്ണൻ ' എന്നു വിളിച്ചിരുന്ന രാജേന്ദ്രൻ സാറായിരുന്നു അവിടുത്തെ പ്രിൻസിപ്പാൾ..രാജുവണ്ണനെ കുട്ടികൾക്ക് ഭയമായിരുന്നു.. പഠിക്കാത്തവരോട് യാതൊരു അലിവും കാട്ടാതെ അടിച്ച് പൊട്ടിക്കുമായിരുന്നു.. മലയാളവും സോഷ്യൽ സ്റ്റഡീസുമായിരുന്നു രാജുവണ്ണൻ പഠിപ്പിച്ചിരുന്നത്.. ഈ രണ്ടു വിഷയത്തിനും ഞാൻ സമർഥയായിരുന്നതുകൊണ്ട് രാജുവണ്ണന് എന്നോട് പ്രത്യേക വാത്സല്യമായിരുന്നു.. രാജുവണ്ണന്റെ ക്ലാസ്സിൽ അത്യാവശ്യം കമൻറുകൾ തട്ടി വിടാനും വേണ്ടി ഞാൻ ധൈര്യശാലിയായി.. അക്കാലത്തെ കുണ്ടറയിലെ കുട്ടികളുടെ വിജയത്തിൽ രാജുവണ്ണനും വ്യാസയ്ക്കും ചെറുതല്ലാത്ത സ്ഥാനമുണ്ടായിരുന്നു.. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് രാജുവണ്ണന്റെ മരണത്തോടെ വ്യാസയുടെ പ്രതാപകാലം അസ്തമിച്ചു തുടങ്ങി..
     വ്യാസയിലെ അധ്യാപകരിൽ കെമിസ്ട്രി പഠിപ്പിച്ചിരുന്ന മൂക്കിന് ആവശ്യത്തിലേറെ നീളമുള്ള രാജു സാറും ഈ ലോകം വിട്ടു പോയി.. ഫിസിക്സ് പഠിപ്പിച്ചിരുന്ന  ജയണ്ണൻ പിന്നീട് പട്ടാളത്തിൽ ചേർന്നു.. വ്യാസായിലെ പഴയൊരു വിദ്യാർഥിനിയെ വിവാഹം കഴിച്ച് സുഖമായി കഴിയുന്നു.. ഞാൻ കണക്കിന് ആദ്യമായി ജയിച്ചത് ഒമ്പതാം ക്ലാസ്സിൽ വ്യാസായിൽ ട്യൂഷന് ചേർന്നതിന് ശേഷമാണ്.. അധികം സംസാരിക്കാത്ത സ്കറിയാ സാറും മിനി ടീച്ചറുമായിരുന്നു വ്യാസായിലെ കണക്കു സാറൻ മാർ.. എന്റെ കണക്കിന്റെ മാർക്ക് ആദ്യമായി രണ്ടക്ക സംഖ്യയിലേക്ക് കടന്നു.. ക്ലാസ്സിൽ എപ്പോഴും ചിലച്ചു കൊണ്ടിരുന്ന എനിയ്ക്കാരാണ് 'കോഴിക്കുഞ്ഞെ' ന്ന ഇരട്ടപ്പേരിട്ടത്.. രാജുസാറാണെന്നാണോർമ്മ.. ആൺകുട്ടികൾ പലപ്പോഴും എന്നെ ഇരട്ടപ്പേരു വിളിച്ചു രസിച്ചു.. ഒരിക്കൽ സഹപാഠിയായ സുരേഷ് എന്നെ കോഴിക്കുഞ്ഞെന്ന് വിളിച്ചതിന് രാജുവണ്ണന്റെ കയ്യിൽ നിന്ന് തല്ലു വാങ്ങിക്കൊടുത്തെങ്കിലും ഇന്നും സുരേഷിനെ കാണുമ്പോൾ ഒരു കുറ്റബോധമെന്നെ അലട്ടാറുണ്ട്.
     1988 മാർച്ച് ലെ SSLC പരീക്ഷയിൽ ഫസ്റ്റ് ക്ലാസ്സോടെ ജാസ് വിജയിച്ചതോടെ അവളെക്കാൾ മാർക്ക് വാങ്ങുക എന്നത്  ഒരു വെല്ലുവിളിയായി മാറിയെനിക്ക്.. വിളക്കുടിയിൽ നിന്ന് അഞ്ചു വർഷങ്ങൾ കഴിഞ്ഞ് മടങ്ങി വന്ന ഞാൻ പഴയ കൂട്ടുകാരുള്ള ക്ലാസ്സിൽ തന്നെയെത്തിയതും റാണി,ഷൈല, അജി, പ്രിയ.. ഇവരൊക്കെ എന്നെ മറക്കാതിരുന്നതും എനിയ്ക്കാശ്വാസമായി.ഷീജ, ശ്രീലത, മനു, വിശാഖൻ, ഷാനവാസ്, ഷിഹാബ്,സുധ ഇങ്ങനെ ഓർമയിലെന്നും തങ്ങി നിൽക്കുന്ന കുറെ കൂട്ടുകാർ.. വിളക്കുടിയിൽ നിന്ന് വന്ന ആദ്യ നാളുകളിൽ രാഖിയും ഭുവനയും മഞ്ജുവുമൊക്കെ കത്തയച്ചിരുന്നു.. സ്കൂളിൽ വന്ന കത്തുകൾ ക്ലാസ് ടീച്ചർ പൊട്ടിച്ച് വായിച്ച ശേഷമായിരുന്നു എനിക്ക് തന്നിരുന്നത്.. ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടുമയച്ച കത്തുകളൊക്കെ ഏതൊക്കെയോ ടീച്ചറുമാരുടെ രജിസ്റ്ററിലെ പേജുകൾക്കിടയിൽ അപ്രത്യക്ഷമായതോടെ കത്തുകളും നിലച്ചു.
       ജാസ് പത്താം ക്ലാസ്സ് കഴിഞ്ഞ് കരിക്കോട് ടി.കെ.എം ആർട്സ് കോളേജിൽ പ്രീഡിഗ്രി സെക്കന്റ് ഗ്രൂപ്പിന് ചേർന്നു.. ഞാൻ പത്താം ക്ലാസ്സിലേക്കും.. ആയിടയ്ക്കാണ് പോരുവഴിയിലെ മൂത്തമ്മായുടെ മകൻ റഹീമിക്കായുടെ കല്യാണം കഴിഞ്ഞത് .. അധികം താമസിയാതെ ഉമ്മ അവരെ വിരുന്നിനായി ക്ഷണിച്ചു.. വാപ്പായും ഉമ്മയും കിടക്കുന്ന മുറി ഒഴിച്ചാൽ വാതിൽ അകത്തുനിന്ന് അടയ്ക്കാവുന്ന മറ്റൊരു മുറി ആരും കയറാത്ത പേപ്പട്ടി കടിയേറ്റ് പേ പിടിച്ച് വേലൻ കിടന്ന് മരിച്ച മുറിയായിരുന്നു.. വെറുതെ പോലും ഞങ്ങൾ ആ ഇരുൾ മൂടിയ മുറിയിലേക്ക് കയറാറില്ലായിരുന്നു..
    വീട്ടിൽ നവദമ്പതികൾ വരുമ്പോൾ അവരുടെ സ്വകാര്യതക്ക് നല്ലത് 'തെക്കിനി' തന്നെയാണെന്ന് ഉമ്മ മുൻകൂട്ടി കണ്ട് ..അവർ വരുംമുമ്പെ മുറിയെല്ലാം തൂത്ത് വൃത്തിയാക്കി കട്ടിലും പിടിച്ചിട്ട് സജ്ജീകരിച്ചു..റഹിമിക്കായുടെ പുതുമണവാട്ടിയോട് മുറിയെ കുറിച്ച് 'അതുമിതും 'പറയാൻ നിൽക്കണ്ടെന്ന് ഉമ്മ ഞങ്ങളെ നേരത്തേ ചട്ടം കെട്ടിയിരുന്നു.. ആരെങ്കിലും ആ മുറിയിൽ ഒന്നു കിടക്കുന്നതു കാണാൻ അതിയായി ആഗ്രഹിച്ചിരുന്ന ഞാൻ.. രാത്രിയാകുപ്പോൾ വേലന്റെ പ്രേതം അവരെ കട്ടിലോടെ മറിച്ചിടുന്നതും ..പുതുമണവാട്ടിയുടെ പേടിച്ചരണ്ട നിലവിളിയ്ക്കുമായി ഞാൻ

കാതോർത്തു കിടന്നു.. വെള്ളമിറ്റുന്ന നാവു നീട്ടി കുരയ്ക്കുകയും കിതയ്ക്കുകയും ചെയ്യുന്ന വേലന്റെ നിഴൽ ഇരുട്ടിൽ നിന്ന് എന്നെ നോക്കി പല്ലിളിച്ചു... അങ്ങനെ കിടന്നുകിടന്നുറങ്ങിപ്പോയ ഞാൻ രാവിലെ എഴുന്നേറ്റപ്പോൾ കണ്ടത് സുസ്മേരവദനരായി ചായയും കുടിച്ച് കൊച്ചുവർത്തമാനോം പറഞ്ഞിരിക്കുന്ന യുവമിഥുനങ്ങളെയാണ്.. അപ്പോൾ ആ ചെല്ലമ്മ ഞങ്ങളോട് പറഞ്ഞ് പേടിപ്പിച്ചതൊക്കെ ഇല്ലാക്കഥകളായിരുന്നോ എന്ന് സംശയമായി.. ഞങ്ങൾക്ക്  മുമ്പ് അവിടെ താമസിച്ചിരുന്നവർ രാത്രി കട്ടിലിൽ കിടക്കുകയും രാവിലെ തറയിൽ നിന്നെഴുന്നേൽക്കുകയും ചെയ്തിരുന്നത് വേലൻ തള്ളിയിട്ടിട്ടായിരുന്നു എന്നാണ് പലരും പറഞ്ഞത്.. ആ വീട്ടിലെ ഒരു മുറിയിലും ആരെയും സമാധാനമായി ഉറങ്ങാൻ വേലൻ സമ്മതിച്ചിരുന്നില്ലത്രേ...
    ഉമ്മ വളരെ നയത്തിൽ നവദമ്പതികളോട് "ഉറക്കം ശരിയായോ.. " ന്ന് ചോദിച്ചു.. "ചെറിയ ചൂടുണ്ടെങ്കിലും നന്നായി ഉറങ്ങി കൊച്ചുമ്മാ.. " യെന്ന മറുപടിയിൽ ഉമ്മ ചരിതാർഥയായി.. ഇനിയിപ്പോ മുറിയിൽ വേലൻ ഉണ്ടെങ്കിലും ഇന്നലെ രാത്രിയോടെ ഇവരെക്കണ്ട് മുറി വിട്ട് പോയിക്കാണുമെന്നായിരുന്നു ഉമ്മാടെ പ്രതീക്ഷ..ഉമ്മാടെ മനസിലെ ഗൂഢതന്ത്രവും അതു തന്നെയായിരുന്നു.. വേലനെ വിരട്ടിയോടിച്ച് മുടി കയ്യടക്കുക.. ഉമ്മ ആഗ്രഹിച്ച പോലെ തന്നെയായി കാര്യങ്ങൾ.. രാത്രിയിൽ മുറിയിൽ ആളിനെ കിടത്തി.. അതും മധുവിധു കൊണ്ടാടുന്ന ദമ്പതികളെ കിടത്തി വേലനെ നാണിപ്പിച്ചോടിച്ച് മുറി ഞങ്ങൾ കയ്യടക്കി എന്നു മാത്രമല്ല ഞങ്ങളുടെ തീണ്ടാരിപ്പുരയാക്കി ഞങ്ങൾ അതിനെ മാറ്റുകയും ചെയ്തു…
                  പത്താം ക്ലാസിലേക്ക് കടന്നതോടെ അതുവരെ ഇല്ലാതിരുന്ന ഒരു തലവേദനയും ഛർദ്ദിയും ഇടയ്ക്കിടെ എന്നെ അലട്ടാൻ തുടങ്ങി.. ചിലപ്പോഴൊക്കെ തലവേദന കാരണം ക്ലാസ്സിൽ കിടന്നു.. എന്റെ  തലവേദനയ്ക്ക് ഉമ്മ കണ്ടെത്തിയ കാരണങ്ങൾ രണ്ടായിരുന്നു.. ഒന്ന് പഠിക്കാനുള്ള മടി .. രണ്ട് തല തണുക്കെ വെള്ളമൊഴിച്ച് കുളിയ്ക്കാത്തത്.. രാത്രി തലവേദന കൊണ്ട് പുളയുന്ന എന്നെ കിണറ്റിൻ കര പിടിച്ചു നിർത്തി കിണറ്റിൽ നിന്ന് വെള്ളം കോരി ഞാൻ തണുത്ത് വിറയ്ക്കും  വരെ ഒഴിച്ചു .. ഓരോ തവണയും തലവേദനയുടെ ശക്തി രണ്ടു ദിവസത്തോളവും ഛർദ്ദിലിന്റെ ക്ഷീണം ഒരാഴ്ചയോളമോ നീണ്ടു നിന്നു...
   വെയിലായ വെയിലും .. മഴയായ മഴയും കൊണ്ട് ..എത്ര കാടും മേടും കേറി നടന്നിട്ടും തളരാത്ത ഞാൻ ..മാസത്തിൽ പല തവണ വരുന്ന തലവേദനയാൽ അങ്ങേയറ്റം അവശയായി.. ഏതു നിമിഷവും കടന്നു വരാവുന്നൊരു വേദനയ്ക്കുള്ള കാത്തിരിപ്പായി പിന്നെയുള്ള നാളുകൾ..
   ഇളമ്പള്ളൂർ എസ്.എൻ.എസ്.എം എച്ച്.എസ് ലെയും വ്യാസായിലെയും അടിയെ ഭയന്ന് തലവേദനയ്ക്കിടയിലും പഠിക്കാതെ നിവർത്തിയില്ലായിരുന്നു..
    വിളക്കുടിയിൽ നിന്ന് കുണ്ടറയെത്തിയതോടെ ഞങ്ങളുടെ വായനയുടെ ലെവൽ മാറി.. ബാലരമയും പൂമ്പാറ്റയും ബാലമംഗളവും കിട്ടാതായി.. ഞങ്ങളുടെ അയൽപക്കത്തുള്ള പെണ്ണുങ്ങൾ മംഗളം ,മനോരമ ,കുങ്കുമം..സഖി, സുനന്ദ  തുടങ്ങി വാരികകളുടെ വരിക്കാരായിരുന്നു.. ലീലാൻറി, മഹ്മൂദ താത്ത, റഷീദാത്ത ഇങ്ങനെ ഓരോ വീട്ടുകാർ ഓരോ വാരിക വരുത്തുകയും ബാർട്ടർ സമ്പ്രദായത്തിലൂടെ കൈമാറി വായിക്കുകയും ചെയ്തു.. മാത്യു മറ്റം ,ജോസി വാഗമറ്റം, കമലാ ഗോവിന്ദ് ,സുധാകർ മംഗളോദയം ,ബാറ്റൺ ബോസ്, കോട്ടയം പുഷ്പ നാഥ്തുടങ്ങിയവർ ഞങ്ങളുടെ ദിവസങ്ങളുടെ നിയന്ത്രണമേറ്റെടുത്തു.. പഠനത്തിനിടയിലെ വിശ്രമവേളകളെ ആനന്ദകരമാക്കുന്നതിൽ വാരികകൾ വലുതായ പങ്കു വഹിച്ചു.. വായനയുടെ ഉർവ്വര കാലം.. പാലുമായി വന്ന നായികയെ ബലാൽസംഗം ചെയ്ത ആലിപ്പഴത്തിലെ പ്രിൻസും കണ്ണീരാറ്റിലെ തോണിയിലെ ജെസിയും ജോസുമൊക്കെ ഞങ്ങളുടെ താരങ്ങളായി..പ0നത്തിൽ മോശമല്ലാത്തതു കൊണ്ട് ആഴ്ചപ്പതിപ്പ് വായിക്കുന്നതിൽ വലിയ നിയന്ത്രണമൊന്നും വീട്ടിലുണ്ടായിരുന്നില്ല.. എന്നാൽ തലവേദന കൂടിയപ്പോൾ ഇരുപത്തിനാല് മണിക്കൂറും വായിച്ചിട്ടാണെന്നും അതിനാൽ ആഴ്ചപ്പതിപ്പ് വായന നിർത്താനും ഉമ്മ കണിശക്കാരിയായി.. അപ്പോൾ മുതൽ പുസ്തകത്തിനകത്തായി വാരികകളുടെ സ്ഥാനം..വാരികയെ ഉള്ളിലൊളിപ്പിക്കാനും വേണ്ടി അന്ന് പാഠപുസ്തകങ്ങളുടെ വലിപ്പം കൂടിയിരുന്നു...
    ഇളമ്പള്ളൂർ ഹൈസ്കൂളിൽ ഞങ്ങളുടെ ക്ലാസ്സിൽ നന്നായി പഠിക്കുന്ന കുറെ കുട്ടികൾ ഉണ്ടായിരുന്നു.. ക്ലാസ്സിൽ സ്ഥിരം ഫസ്റ്റ് പ്രിയാ റഷീദായിരുന്നു.. അന്നേ മിടുക്കിയായിരുന്ന പ്രിയ ഇപ്പോൾ ഇലക്ട്രിസിറ്റിയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു.. ക്ലാസ്സിലെ ആസ്ഥാന ഗായിക റാണി ..വൈശാഖ സന്ധ്യ പാടി ഞങ്ങളെ കൊതിപ്പിച്ചപ്പോൾ ആസ്ഥാന ഗായകനായ മനു.. മാമ്പഴം ചൊല്ലി സ്വയംകരയുകയും മറ്റുള്ളവരെ കരയിക്കുകയും ചെയ്തു.. വിളക്കുടി ഡി.ബിയിൽ വച്ച് പങ്കെടുത്ത ഇംഗ്ലീഷ് റെസിറ്റേഷന് ശേഷം കുറേ കാലം ..സ്റ്റേജ് കാണുന്നതേ എനിയ്ക്ക് വിറയലായി..
    തലവേദനയും ഛർദ്ദിയുമായി എന്റെ പത്താം ക്ലാസ്സ് തീർന്നു.. പരീക്ഷ കഴിഞ്ഞതോടെ ആശുപത്രിയിൽ പോകാതെ പറ്റില്ലെന്നായി.. ആദ്യമൊരു ഇ.എൻ.ടി യെയാണ് കണ്ടത്.. കൊല്ലം നായേഴ്സിലെ കണ്ണ് വിദഗ്ധയെ കാണിക്കാനായിരുന്നു ഇ .എൻ . ടി യു ടെ നിർദ്ദേശം.. കാഴ്ച പരിശോധിക്കാനായി ഡോക്ടർ പല തരം ഗ്ലാസ്സുകൾ മാറി മാറി എനിക്ക് വച്ചു തന്നപ്പോഴാണ് ഞെട്ടിക്കുന്ന ഒരു സത്യം ഞാൻ തിരിച്ചറിഞ്ഞത്...
***************************

*രണ്ടുപേർ മിണ്ടാതിരിക്കുമ്പോൾ*
*സുരേഷ് കുമാർ.ജി*
രണ്ടു പേർ,മിണ്ടാതിരിക്കെ,പരിഭവി-
ച്ചെങ്ങു പോകുന്നു,കതിരിട്ട സൗഹൃദം
പൂക്കളിൽനിന്നടിവേരുകളിൽ,മേഘ
ജാലത്തിൽനിന്നുതിരിച്ചുനീർച്ചോലയിൽ..?
മൂകതമാറാത്ത ഗർഭഗൃഹങ്ങളിൽ
രാവിൻ തണുപ്പിൽ ,നിലാവിൻ കയങ്ങളിൽ..?
വണ്ടിക്കടിപെട്ടു പോയ ദേഹങ്ങളിൽ
സങ്കടപ്പെട്ടുതിരുന്ന നീർത്തുള്ളിയിൽ
പൂവിതളിൽ നിന്നു വേരുകളിൽ,മേഘ
ജാലത്തിൽ നിന്നു തിരിച്ചു നീർച്ചോലയിൽ..?
ഈരടിയിൽ നിന്നു വാക്കിന്റെ വാഴ്ത്തല
പ്പാടിൽ,അലറുന്ന കോമരത്തിൻ കണ്ണിൽ...?
കത്തും ചിത തൻ പ്രകാശത്തിൽ,ഉന്മാദ
നൃത്തം ചവിട്ടും പിശാചുക്കളിൽ,ഉഷ്ണ
ഗന്ധം വമിക്കും വൃണങ്ങളിൽ,ഊഷര
ഭൂവിൻ പിളർന്ന മുഖങ്ങളിൽ..
        *          *         *
ഒന്നിച്ചു പങ്കിട്ട നല്ല നേരങ്ങളിൽ
മഞ്ഞിന്റെ മാറാല വന്നു മൂടീടുമോ
പങ്കിട്ടൊരാത്മ രഹസ്യങ്ങളൊക്കെയും
പാതിവെന്തുഗ്ര ഗന്ധം പടർത്തീടുമോ

ഒന്നു തിരിച്ചു വിളിക്കാൻ മടിക്കയാൽ
ചിന്നിപ്പൊടിഞ്ഞു പോകുന്നുവോ ജീവിതം
മിണ്ടാൻമടിക്കെ മറക്കുന്നു കൈകോർത്തി
ട്ടൊന്നിച്ചു പൊട്ടിച്ചിരിച്ച പൂക്കാലവും
തമ്മിലൊരേ മനസ്സായ് നിന്നു നമ്മള-
ന്നൊന്നിച്ചു നേരിട്ട കാലവർഷങ്ങളും
 നമ്മളീ മിണ്ടാതിരിക്കെ പ്രപഞ്ചത്തി-
ലെന്തോ ഘനീഭവിക്കുന്നതായ് തോന്നുന്നു
പിന്നെയും ജാലകവാതിലിൽ കൊക്കുകൊ_
ണ്ടാരോ മുട്ടുന്നു..കിനാവായിരിക്കുമോ...?
***************************

*മാമരനോവുകൾ*
*ലാലു .കെ .ആർ*
മരങ്ങൾ പരസ്പരം
കെട്ടിപ്പുണരുന്നത് കണ്ടിട്ടുണ്ടോ ?
ചില്ലകളിൽ
ചില്ലകൾ കൊണ്ട് തലോടി
പരസ്പരം സാന്ത്വനിപ്പിക്കുന്നത് ...
കൂടെ നിൽക്കുന്ന
കുഞ്ഞിമരത്തെ
കുനിഞ്ഞ് ചുംബിക്കുന്നത് ...
വന്നു പുൽകിയ കാറ്റിനെ
ചേർത്തു പിടിച്ചൊന്ന് വിതുമ്പുന്നത് ...
കൂടുകൂട്ടിയ കിളിയമ്മയെ
നിറമിഴികളോടത്
നോക്കി നിൽക്കുന്നത് ...
കൂടെ നിൽക്കുന്ന
കൂട്ടുകാരി മരത്തിന്
അവളുടെ മുടികൾ മാടിയൊതുക്കി,
അന്ത്യചുംബനം നൽകുന്നത് ...
കണ്ടിട്ടുണ്ടോ നിങ്ങൾ ?
പിന്നെയവർ
പരസ്പരം നോക്കിയൊന്ന്
നിശബ്ദരാവും .
ഓർക്കുകയാവും ,
ഒരുമഴയിൽ കിളിർത്ത്
ഒരുമിച്ച് വളർന്നത്.
ചില്ലകൾ തളിർത്തത് .
മീനത്തിലെ ചൂടിൽ
ഒരുമിച്ച് നിന്ന് പൊള്ളിക്കരിഞ്ഞത്.
പ്രാർത്ഥിച്ച് പ്രാർത്ഥിച്ച്
മഴ കൊണ്ടുവന്നത്
കർക്കിടകത്തണുപ്പിൽ
തണുത്തു വിറച്ച്
കെട്ടിപ്പുണർന്ന് നിന്നത്
കാറ്റിലാടിയത്
മഴയോടൊപ്പം
പാട്ടു പാടിയത്
മഞ്ഞിൽ കുളിച്ച് നിന്ന്
നിലാവ് കണ്ടത്.
നിലാവെളിച്ചത്തിൽ
നൃത്തം ചെയ്തത്.
മരങ്ങൾ പരസ്പരം
കെട്ടിപ്പുണരുന്നത്
കണ്ടിട്ടുണ്ടോ നിങ്ങൾ ?
എപ്പോഴാണെന്നറിയുമോ നിങ്ങൾക്ക് ?
നിങ്ങളൊരു പക്ഷേ പറഞ്ഞേക്കും
കാറ്റിലാടുന്ന മരങ്ങളെ നോക്കി നിന്ന
കവിയുടെ കാല്പനികതയാണതെന്ന്
അല്ലേയല്ല
കാട്ടുവഴി കയറി
ഓരോ ജെ സി ബി യും
ഒരു ദിനോസറിനെ പോലെ
മുരണ്ട് നിരങ്ങി
വരുമ്പോഴാണത്.
അടിവേര് പറിഞ്ഞ്
ഒരാർത്തനാദത്തോടെ
നിലംപതിക്കുന്നതിന് മുമ്പ്
ഓരോ മരവും ചെയ്യാറുള്ളതാണത്
***************************

*ചെറിയ കാര്യങ്ങൾ*
*ഷീലാ റാണി*
സുഖമല്ലേ എന്നു ഞാൻ ചോദിക്കുമ്പോഴെല്ലാം ,
ലോകത്തുള്ള എല്ലാ വലിയ കാര്യങ്ങളെക്കുറിച്ചും
അവനെന്നോട് പറയും ..
എന്റെ ചെറിയ ലോകത്തിലെ
 വലിയ കാര്യങ്ങളെക്കുറിച്ച് ഞാനും ..
പുൽത്തലപ്പുകൾ പോലും
താണു തൊഴുതു നിൽക്കുന്നൊരു പെരുമഴക്കാലത്ത് ,
തണുത്ത് വിറച്ച
രണ്ട് പ്രാണനുകൾ
അല്പം ചൂടു തേടി
പുണരാനായുന്നതു പോലെ
 പരവശപ്പെട്ടു കൊണ്ട് ..
ഞങ്ങൾ യുദ്ധ നീതിയെക്കുറിച്ചും ,
ഗതികെട്ട രാഷ്ട്രീയത്തെക്കുറിച്ചും
 ചർച്ച ചെയ്യും ....
കവിതയെക്കുറിച്ചും
കലയെക്കുറിച്ചും
പറഞ്ഞു കൊണ്ട് ,
വേനലിന്റെ ദുഃഖങ്ങളെല്ലാം
 ഞൊടി നേരം കൊണ്ട് മറന്ന്
 പൂത്തുലഞ്ഞു പോയ
 രണ്ട് മരങ്ങൾ  പൂക്കണ്ണുകളിൽ
 പരസ്പരം കോരിക്കുടിക്കും പോലെ  കണ്ണുകൾ കൊണ്ട് പരസ്പരം
വാരിയുണ്ണും ... ..
ഒടുവിൽ പറഞ്ഞു തീരാത്തത്രയും പ്രിയപ്പെട്ടൊരിഷ്ടത്തെ അടക്കിപ്പിടിച്ച് ,
കണ്ണാഴങ്ങളിലേക്കൊരു നോട്ടമെറിഞ്ഞ് ,
ഒന്നും മിണ്ടാതെ രണ്ടു
 വഴി പിരിഞ്ഞു പോകും.
ഭൂമിയേയും ആകാശത്തിനെയും പോലെ ,
മഴവില്ലുകളും റോസാപ്പൂക്കളും കൈമാറുമ്പോഴും  ,
കാഴ്ചയുടെ ഇടവേളകളിൽ
പ്രണയം പറയാൻ മാത്രം  മറന്നു പോകുന്നവർ....
***************************

*പെൺ ചിന്ത*
*ഓർമ്മയിലെ പെൺകുപ്പായങ്ങൾ*
*റൂബി നിലമ്പൂർ*

 പെണ്ണെന്ന്  ആദ്യം  ഓർമ്മിപ്പിച്ചു തുടങ്ങിയത് എന്റെ  സ്നേഹ നിധിയായ  ഉമ്മുമ്മയാണ്.

   ഉറക്കെച്ചിരിക്കല്ലേ....., കാലിന്മേൽ  കാൽ കയറ്റിവെച്ച്  ഇരിക്കല്ലേ.....,, ഒച്ച  പൊന്തല്ലേ..... ഉമ്മറത്തോളം  പോവല്ലേ...... !!
അങ്ങിനെ  എനിക്കൊപ്പം  വളർന്നു  ആ  വേലിയും  അതിലെ  കൂർത്ത മുള്ളുകളും !!
                                പേരാപ്പെരു  മഴയത്ത്  ആണായിപ്പിറന്ന  കൂട്ടുകാരെല്ലാം മീൻപിടിക്കാൻ  തോട്ടിലേക്ക്  പായുമ്പോൾ എന്റെ  ഉള്ളം  കുത്തിയൊഴുക്ണ കലക്കവെള്ളംകൊണ്ട്  നിറയും. കാലിലെ  കാണാച്ചങ്ങല  വല്ലാതെ  വലിഞ്ഞ്  മുറിവേൽക്കും.മുതിർന്നു വന്നപ്പോഴേക്കും  മുൾവേലി  കാരാഗൃഹമായി ശക്തി പ്രാപിച്ചു.
            കാലമേറെ  ചെന്നപ്പോൾ  ഉമ്മുമ്മ  അൽഷിമേഴ്‌സിന്റെ  ആഴക്കുഴിയിലേക്ക്  നിലതെറ്റി  വീണു. ഇക്കാലമത്രയും  ഉമ്മുമ്മാന്റെയുള്ളിൽ  കെട്ടിക്കിടന്ന്  നീരുവെച്ച   "പെണ്ണത്തം " പൊട്ടിയൊലിച്ചു. സുബോധമില്ലാത്ത  വാക്കുകളായി  അവ  ഞങ്ങളെ  തൊട്ടു !

" നമ്മൾ  പെണ്ണുങ്ങള്  നൽക്കാലികളെപ്പോലെയാണ്  മക്കളേ..... മുതുകിൽ  കലപ്പയില്ലെന്നേയുള്ളൂ..... മൂക്കുകയറ്  ഉണ്ട് !!ചെറുപ്പം മുതലേ  ആർക്കൊക്കെയോ  വേണ്ടി  ജീവിക്കുന്നു.... നമ്മുടെ  അവകാശങ്ങളെയൊക്കെ  നമ്മൾതന്നെ  നഷ്ട്ടപ്പെടുത്തിക്കൊണ്ട്   !!
ആണുങ്ങളുടെ  കാലിലെ  തേഞ്ഞു തേഞ്ഞ് തീരുന്ന  ചെരുപ്പാണ് നമ്മള്.... !!! "

ഉമ്മുമ്മ  പിന്നെയും  പറഞ്ഞുകൊണ്ടിരുന്നു.
ഒരു  രക്ഷിതാവെന്ന  നിലയിൽ ഞങ്ങൾ പെൺകുട്ടികളുടെ അവകാശങ്ങളെ കൂട്ടിലടക്കേണ്ടി  വന്നതിന്റെ....  പ്രായശ്ചിത്തത്തിന്റെ  നീരുവറ്റിയ നിറമായിരുന്നു  ആ  വാക്കുകൾക്ക്. ഉള്ള് നിറഞ്ഞ  വാത്സല്യം  ഉള്ളിലടക്കിവെച്ച്  പുറത്തു കാണിക്കാതെ  പെരുമാറിയത് ലാളിച്ച് വഷളാക്കിയെന്ന്  നാട്ടുകാരെക്കൊണ്ട്  പറയിക്കാതിരിക്കാൻ  വേണ്ടിയായിരുവെത്രെ.
    അന്യവീട്ടിൽപോയി  പൊറുക്കേണ്ടവളെ അരുത്കൾകൊണ്ട് വേലികെട്ടി ഒതുക്കി  വളർത്തിയത്  ഉള്ള്  നൊന്തുകൊണ്ടായിരുന്നുവെത്രെ... !
ഈ  വ്യവസ്ഥകളെല്ലാം  മാറേണ്ടതുണ്ടെന്ന്  അന്ന്  ഉള്ളിൽ  പറയാതെ  പറഞ്ഞിട്ടുണ്ടെത്രെ... !
ഓരോ  അമ്മമാരുടെയും  നിവൃത്തികേടുകളുടെ  ചിത്രം ഉമ്മുമ്മ  ഞങ്ങൾക്കുമുന്നിൽ വെളിവില്ലാത്ത  മനസ്സുകൊണ്ട്  ശക്തമായി  വരച്ചിട്ടു  !
         ഉമ്മുമ്മ  ഒതുക്കിക്കെട്ടിവെച്ചു തരുന്ന എന്റെ  അനുസരണയില്ലാത്ത ചുരുണ്ട മുടി അഴിച്ച് പറത്തിയിട്ട്  ഞാൻ  നടക്കുമ്പോൾ  "പ്രാന്തത്തി.... പാറുക്കുട്ടി " എന്ന് തെല്ലരിശത്തോടെ വഴക്കുപറഞ്ഞ്  റിബണുകളുമായി  എനിക്ക്  പിന്നാലെ ഓടിനടക്കുന്ന ഉമ്മുമ്മ !  ഒരുപാട്  ജീവിതങ്ങളെ  കനിവോടെ  ഊട്ടിയ ആ  സാന്നിധ്യമാണ്  എന്റെയുള്ളിലെ ഒളിമങ്ങാത്ത ധീരയായ  പെൺശില്പം.
              " പെണ്ണുടുപ്പിന് ചന്തമേയുള്ളൂ . അതിന്റെ  ഊടുംപാവും  നെയ്തത് ബലമുള്ള  പരുക്കൻ  നൂലുകൾകൊണ്ടാണെന്ന് എന്നെ  ഓർമിപ്പിച്ച്  ഉമ്മുമ്മ  കടന്നുപോയി  !
               മാറ്റമില്ലാതെ തുടരുന്ന  പെൺ അവസ്ഥകളിലേക്ക്  ശിഷ്ടജീവിതവുംകൂടി തീറെഴുതാൻ പാകപ്പെടാത്ത  മനസ്സുമായി  ഞാനിവിടെ  ബാക്കിയാവുകയാണ്.......
***************************

*മഴക്കിനാവുകളിലേക്ക്..*
*ദിവ്യ.സി.ആർ.*
മഴത്തുള്ളികൾ കളം വരച്ചൊരു
മുറ്റത്തു നോക്കിയിരിക്കും നേരം.
മാനസതന്ത്രികളിലെവിടെയോ
മറ്റൊരു പാട്ടിൻ ശ്രുതി കേട്ടു.
മറക്കാത്ത മുറിവുകൾ കുത്തി നോവിക്കുന്നു
മഴത്തുള്ളികൾ ഭൂമിയെ പുണരും നേരം.
മാരിവില്ലൊന്നിടക്കു ചിമ്മി,
മിഴിയുതിർത്ത കണത്തെ നോക്കി.
മഴയൊരു പ്രണയമോ ? പ്രണയചാപല്യമോ ?
മഴയിലലിഞ്ഞൊരശ്രുകണങ്ങൾക്ക്.
മിണ്ടാതെയെന്നിലേക്കൊഴുകിയെത്തുന്നു ,
മിന്നൽ പിണരുപോൽ നിന്നോർമ്മകൾ..
മറയ്ക്കുന്നുവോ നിൻ നിഴലുകൾ
മാരിതൻ നൂലിഴത്തൂവലിനാൽ..
മറുപടം നീക്കി നീ മുന്നിലേക്കെത്താതെ
മറയുവതെന്തേ ഒരന്യനെപ്പോൽ !
മന്ദമാരുതൻ ചൊല്ലിയ കവിതയിൽ
മായാതെ വരക്കുന്നു നിൻചിത്രം.
മനസ്സിൽ കൊടുങ്കാറ്റായി ചിലമ്പിയെത്തും
മധുരമാം പ്രണയമായ് നിൻെറ മൗനം.
മഴയായി നീയെന്നിൽ പൊഴിയുംനേരം
മരണമേ നിന്നെ ഞാൻ പുൽകിടാം..
മറക്കാത്തൊരോർമ്മയായ് മാറിടും ,
മഴയും മഴനൂൽക്കിനാവുകളും !
***************************

*യക്ഷ ദുഃഖം*
*ശ്രീലാ അനിൽ*

മേഘദൂതിലെ യക്ഷനേക്കാൾ
വിരഹിയായ് ഖിന്നനായ്
ഏകനായ്,,,,
അലയുമ്പോഴും,,,,
പ്രിയേ,,,,,
എവിടെയോ പാറി വീണൊരു തെന്നലെൻ തനു തലോടവേ,,,,,
അറിയുന്നു നിൻ
കരസ്പർശമാകാറ്റിൻ
അണയ്ക്കലിൽ

അകലെ ',,,,,,
അകലെ എന്നാകിലും,,,
പരിത്യജിക്കയില്ല നിന്നോർമ്മകൾ,,,
ഗ്രാമ നൈർമല്യമേ,,,,
അഭിജ്ഞാനങ്ങളില്ലാതെ
രചിക്കട്ടെ പുതു ശാകുന്തളം,,,,
ഇവിടെ ഞാനേകനായ ലയവേ
ഏതുഷ്ണരാശിയിൽ
വേവുകയാണു നിന്മനം?

രതിതന്നുഗ്രശാപത്താൽ പതിത നീ ഉമയായ്,,,
പ്രണയാഗ്നിയിൽ നിന്നു കുമാരൻ സംഭവിക്കവേ,,,
മഹേശ്വര പ്രണയമായ്,,,
ഉടലുകളറിയാതെ,,,
ഉയിരറിയാതെ,,,
വീണ്ടും,,, മക്കളെ പ്രാണനൂതി,,,, ഉണർത്തിടാം,,,,

പ്രിയേ,,,
അറിയില്ല,,,

നീയാര്,,,,
യക്ഷദു:ഖമോ?
ശകുന്തളാനഷ്ടമോ,,,,,
ഉമതൻ തപ്ത പ്രണയമോ,,,,,
അറിയാം അകലങ്ങളിലെങ്കിലും ഒന്നായ്ലയിക്കുമൊരു മന്ത്രമുണ്ടാമന്ത്രമാണെന്നെ നിന്നിലലിയിക്കുന്നത്,,,,,
***************************

*ഉണർച്ച*
*ഗഫൂർ കരുവണ്ണൂർ*
പാതിരാവിൽ
ഉണർന്നിരിക്കുന്നവന്
നിശ്ശബ്ദതയുടെ
ഉള്ളുകള്ളിയറിയാം.
പുറം ലോകത്തെ
മൂടിക്കെട്ടിയുള്ള
കിടപ്പിന്റെ ശൂന്യതയും.
ശ്വാസംമുട്ടി മരിക്കുന്ന
സ്വപ്നങ്ങളെ കാണാം.
വിളിച്ചിട്ടും ഉണരാത്ത
വാക്കുകളെ അറിയാം.
മരം ഇലയെ
അണച്ചുനിൽക്കുന്നത്
കാണാം.
വേരുകൾ
പിറക്കാൻ പോകുന്ന
പൂക്കളോട്
മന്ത്രിക്കുന്നത്
കേൾക്കാം.
രാത്രിയുടെ ധ്യാനത്തിൽ
നീന്തിക്കളിക്കുന്ന
നിലാവിനെ കാണാം.
ഒച്ചയില്ലായ്മയുടെ
ലിപിയിൽ
കവിത നിറയ്ക്കാൻ
കണ്ണടച്ചിരിക്കുന്നവരെ
വെറുതെ നോക്കി നിൽക്കാം.
രാത്രിയുടെ ഉണ്ടക്കണ്ണു കെട്ടാൻ
മഴയിൽ നിലാവിഴയിട്ട്
ശീല നെയ്യാൻ മാത്രം
കൂർമതയുണ്ട്
ആ നിമിഷങ്ങൾക്ക്.
***************************

ഇനിയൊരു കുറിപ്പായാലോ..:point_down:🏻

*ഊരിയിട്ട ചെരുപ്പ്*
*നരേന്ദ്രൻ.എ.എൻ*
മുഹമ്മദലി എന്ന നാണിവൈദ്യരുടെ വീട് മഞ്ചേരിക്കടുത്ത് പട്ടർകുളത്താണ്.പത്തു പതിനഞ്ചു കൊല്ലത്തെ പരിചയമുണ്ട്. ഇപ്പോഴും കൊല്ലത്തിലൊരിക്കൽ പോയി രണ്ടു പൊതി കഷായം വാങ്ങും.കഷായം പൊതിയാൻ സമയമെടുക്കും.അപ്പോൾ, മുന്നിൽ നിരത്തിവച്ച വാരികകൾ വായിക്കും...

നാണിവൈദ്യർ ഉറച്ച വിശ്വാസിയാണ്. അടിയുറച്ച സുന്നിയാണ്.അതിനാൽത്തന്നെ മേശപ്പുറത്ത് സുന്നി സംഘടനകളുടെ വാരികകളാണ് ഉണ്ടാവാറുള്ളത്. അതിലൊന്നിൽ ഞാൻ ഈ കഥ വായിച്ചു.

ഒരു നാൾ വിശ്രമിക്കവേ മൂസാനബിയുടെ മനസ്സിൽ ഇങ്ങനെയൊരു ചോദ്യം ഉയർന്നു വന്നു. ദൈവമേ,മരണശേഷം നീ മനുഷ്യർക്കുവേണ്ടി ഒരുക്കിവക്കുന്ന സ്വർഗ്ഗീയാരാമത്തിൽ എനിക്ക് പ്രവേശനമുണ്ടെങ്കിൽ, അവിടെ എന്റെ കൂട്ടുകാരൻ ആരായിക്കും? കാത്തിരിക്കാതെ ദൈവം മറുപടി നൽകി. അത് താങ്കളുടെ തെരുവിലെ ഇറച്ചിവെട്ടുകാരനായിരിക്കും! അദ്ദേഹത്തിന്റെ മുഖം ഇരുണ്ടു പോവും മുമ്പ് ഇതുകൂടി ദൈവം കൂട്ടിച്ചേർത്തു.താങ്കൾ അയാൾക്കൊപ്പം ഒരുനാൾ കഴിയുക...

അടുത്ത ദിവസം അദ്ദേഹം ഇറച്ചിക്കടക്കു മുന്നിൽ അയാളെ കാത്തു നിന്നു.കടപൂട്ടി വീട്ടിൽ പോകുമ്പോൾ അദ്ദേഹം അയാളെ സമീപിച്ചു.ഞാൻ താങ്കളുടെ വീട്ടിലേക്കു വരട്ടെ?തീർച്ചയായും താങ്കൾ എന്റെ അതിഥിയാണ്.അയാൾ മറുപടി പറഞ്ഞു. അവർ നടന്നു.വീട്ടിലെത്തി.അയാൾ അതിഥിയോടു പറഞ്ഞു.താങ്കൾ ഇരിക്കുക. എനിക്ക് കുറച്ചു ജോലി ചെയ്തു തീർക്കാനുണ്ട്.ക്ഷമിക്കുക.

അയാൾ നേരെ അടുക്കളയിലേക്കു നടന്നു. വലിയൊരു ചെമ്പിൽ അരി കഴുകിയിട്ടു.ചെറിയ പാത്രത്തിൽ,കടയിൽ നിന്നെടുത്ത ഇറച്ചി കഷണങ്ങളാക്കി ഇട്ടു.തീ കത്തിച്ച് അടുപ്പിൽ വച്ചു.

നേരെ കിണറ്റുകരയിൽ ചെന്ന അയാൾ അവിടെയുള്ള വലിയ ചാടിയിൽ വെള്ളം കോരി നിറച്ചു.പിന്നീട് അകത്തേക്ക് പോയി. അവിടെ നിന്ന് അയാൾ രണ്ടു മനുഷ്യ രൂപങ്ങളെ എടുത്തു കിണറ്റിനരികിൽ കൊണ്ടു വന്നിരുത്തി.ഒന്ന് ഒരു പുരുഷനും മറ്റൊന്ന് ഒരു സ്ത്രീയുമായിരുന്നു.അവരെ കുളിപ്പിച്ച ശേഷം വീണ്ടും എടുത്തു മുറിയിൽ കൊണ്ടുപോയിക്കിടത്തി.അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴൊക്കെ അയാൾ തന്റെ അതിഥിയുടെ മുഖത്തു നോക്കിച്ചിരിച്ചു.ഞാൻ താങ്കളുടെ ക്ഷമ പരീക്ഷിക്കുകയാണോ സുഹൃത്തേ എന്ന സങ്കടം ആ ചിരിയിൽ നിഴലിച്ചത് മൂസാ നബി കണ്ടു.

വീണ്ടും അയാൾ അടുക്കളയിലേക്കു പോയി.പാത്രത്തിൽ കഞ്ഞിയും കറിയും കൊണ്ടുവന്നു.സ്പൂണു കൊണ്ട് ഇരുവർക്കും കഞ്ഞി വായിൽ ഒഴിച്ചുകൊടുത്തു.ഇറച്ചി ചെറിയ കഷണങ്ങളാക്കിക്കൊടുത്തു. കൊച്ചു കുട്ടികളെപ്പോലെ അവർ വായ് പൊളിച്ചു.പല്ലില്ലാത്ത മോണ കൊണ്ട് കുറേശ്ശെ ചവച്ചിറക്കി.

തങ്ങളുടെ മുന്നിലിരിക്കുന്ന മകന്റെ മുഖം കാണാൻ അവർക്ക് കാഴ്ചയില്ലായിരുന്നെങ്കിലും അവന്റെ മുടിയിഴകളിൽ തഴുകി ആ വൃദ്ധദമ്പതികൾ ഇങ്ങനെ പറഞ്ഞു.ഇവൻ ഞങ്ങൾക്കില്ലായിരുന്നെങ്കിൽ എന്തു നരകമാകുമായിരുന്നു ഞങ്ങളുടെ ജീവിതം! ദൈവമേ, മരണശേഷം നീ മനുഷ്യർക്കായൊരുക്കുന്ന സ്വർഗ്ഗീയാരാമത്തിൽ ഇവനെ പ്രവേശിപ്പിക്കുമെങ്കിൽ,അവിടെ മൂസാനബിയുടെ കൂട്ടുകാരനായിരിക്കാൻ ഇവനെ അനുഗ്രഹിക്കണേ...

മൂസാ നബി പിന്നെ അവിടെ നിന്നില്ല.യാത്ര പോലും പറയാനാവാതെ അദ്ദേഹം നടന്നു.വിജനമായൊരിടം തേടി. ആകാശത്തു നിന്ന് വീണ്ടും ചോദ്യമുയർന്നു. അല്ലയോ മൂസാ, ആ വൃദ്ധ ദമ്പതികളുടെ പ്രാർഥന എങ്ങനെ തള്ളിക്കളയാനാവും.?

കാൽമുട്ടുകളിൽ വീണ് അദ്ദേഹം ഉറക്കെക്കരഞ്ഞു. തേങ്ങലുകൾക്കിടയിൽ ആ ശബ്ദം ഇങ്ങനെ പുറത്തുവന്നു.ദൈവമേ,മരണശേഷം നീ മനുഷ്യർക്കൊരുക്കുന്ന സ്വർഗ്ഗീയാരാമത്തിൽ എന്നെ പ്രവേശിപ്പിക്കുകയാണെങ്കിൽ,ആ ഇറച്ചിക്കടക്കാരന്റെ കൂട്ടുകാരനായിരിക്കാനുള്ള ഭാഗ്യം തന്ന് എന്നെ അനുഗ്രഹിക്കണേ!

പട്ടർകുളത്ത് ബസ് സ്റേറാപ്പിലേക്ക് നടക്കുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു, എന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച്. ബസ്സിലിരിക്കുമ്പോൾ ഞാൻ അതെല്ലാം ക്രമപ്പെടുത്തി വക്കുകയായിരുന്നു.ഇന്നു ചെയ്യേണ്ടവ, നാളെ ചെയ്യാവുന്നവ, പതുക്കെ ചെയ്തു തീർക്കാവുന്നവ...

ബസ്സിറങ്ങി വീട്ടിലേക്കു നടന്ന്,ചെരുപ്പൂരിയിട്ട് അകത്തു കടന്നത് വർഷങ്ങൾക്കു മുമ്പാണ്. പുറത്ത് ഊരിയിട്ട ചെരുപ്പു പോലെ എന്റെ തീരുമാനങ്ങൾ ഇന്നും അവിടെത്തന്നെ കിടക്കുന്നു. തിരിഞ്ഞു നോക്കാതെ അനാഥമായിത്തന്നെ.
***************************

നമ്മുടെ ഗ്രൂപ്പംഗമായ ശ്രീ. യൂസഫ് നടുവണ്ണൂരിന്റെ, ചിന്തകളുടെ ഡൈവിങ്ങ് സ്പ്രിങ്ങ് ബോർഡിൽ അനുവാചകനെ കയറ്റി നിർത്തി പല മലക്കങ്ങളോടെ ചാടാൻ പ്രേരിപ്പിക്കുന്ന ഒരു കൂട്ടം പുതു കവിതകളുടെ സമാഹാരം"ഒറ്റ നിഴൽ " അടുത്തിടെ പ്രകാശനം ചെയ്തല്ലോ.. ഒറ്റ നിഴലിലെ പാരിസ്ഥിതികതയെ പറ്റി ഒരു പ്രഭാഷണം കേട്ടാലോ ..:point_down:🏻

https://youtu.be/ICwEFxf1IBI

ദേവേശൻ പേരൂർ ഒറ്റ നിഴലിലെ പാരിസ്ഥിതികത
യൂസഫ് നടുവണ്ണൂരിന്റെ ഒറ്റ നിഴൽ കവിതാ സമാഹാര പ്രകാശന ചടങ്ങിൽ ദേവേശൻ പേരൂർ പുസ്തക പരിചയം നടത്തി .
***************************
വായിക്കുക.....
ആസ്വദിക്കുക.....
വിലയിരുത്തുക...
അഭിപ്രായങ്ങൾ പ്രകടിപ്പിക്കുക ...