16-02-19

[7:30 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ഇന്നത്തെ നവ സാഹിതിയിലേക്ക് എല്ലാവർക്കും സ്നേഹപൂർവ്വം സ്വാഗതം..🙏🌹🌹🌹
[7:30 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ഗ്രൂപ്പംഗവും ആകാശവാണിയിലെ സ്ഥിരം ശബ്ദ സാനിധ്യവുമായ ജസീന റഹീമിന്റെ വൈവിധ്യ സമ്പന്നമായ അനുഭവാവിഷ്കാരം..." ഇതാണ് ഞാൻ..." കഴിഞ്ഞയാഴ്ചയിലെ ബാക്കി ഇപ്പോൾ വായിക്കാം..👇🏻
[7:30 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ഇതാണ് ഞാൻ...
ജസീന റഹീം
മാമി മൈസൂറിൽ നിന്ന് വരുമ്പോൾ കുറേ ചോളം.. മുള്ളങ്കി ..അമര തുടങ്ങിയവയുടെ വിത്തുകൾ കൊണ്ടുവന്നിരുന്നു.. കേരളത്തിൽ ഇതൊന്നും കിളിർക്കില്ലെന്നുറപ്പിച്ച് ഞങ്ങൾ പാകിയ ചോളമെല്ലാം മുളച്ച് ..പൂത്ത്.. കായ്ച്ച് കാറ്റിലാടി നിന്നു.. ചോളം തിന്നാൻ വരുന്ന തത്തകളെ പിടിക്കാൻ ചോളക്കുലകളിൽ ചക്കക്കറ പുരട്ടിയിട്ട് കതകിന്നു പിന്നിൽ തത്തയെ കാത്ത് ഞാൻ പമ്മിയിരുന്നു.. സ്വപ്നങ്ങളിൽ ..നിറയെ പച്ചപ്പനം തത്തകൾ എനിക്ക് ചുറ്റും പാറിപ്പറന്നു.. നേരിലാകട്ടെ.. അവറ്റകൾ ചോളക്കുലകൾ ചക്കക്കറയടക്കം കൊത്തിപ്പറന്നു പോകുന്നത് നോക്കി ഞാൻ ഇളിഭ്യയായി ...
     കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ മോഹം സ്വന്തമായി ഒരു കുതിരക്കുട്ടിയായിരുന്നു.. വീട്ടിൽ കുതിരക്കുഞ്ഞിനെ വളർത്തുന്നതും ഈ കുതിരപ്പുറത്തിരുന്ന് സ്കൂളിലും മദ്രസയിലും പോകുന്നതും വെറുതെ കനവു കണ്ടു നടന്നു.. യാത്രയ്ക്ക് കുതിര ഒരാവശ്യമായി തോന്നാൻ കാരണമുണ്ടായിരുന്നു..
     അന്നത്തെ ഞങ്ങളുടെ അവധിക്കാലങ്ങളെല്ലാം ഒരിടത്തേക്കായിരുന്നു.. ഉമ്മായുടെ നാടായ നെടുവത്തൂർ എന്ന മലമ്പ്രദേശത്തേക്ക്.. കൊട്ടാരക്കരയ്ക്കടുത്തുള്ള ഈ കുഗ്രാമത്തിൽ നിന്ന് വെറും രണ്ടായിരം രൂപ സ്ത്രീധനവുമായി വന്ന ഉമ്മായെ കണ്ടിട്ടാണോ 'ബഷീർ ' 'ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു, വിലെ കുഞ്ഞിത്താച്ചുമ്മയെ സൃഷ്ടിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു... ഈ രണ്ടായിരം പെറ്റുപെരുകിയാണ് വാപ്പ വീടു വാങ്ങിയതും വച്ചതുമെന്നൊക്കെ പറയാനും വേണ്ടി തൊലിക്കട്ടിയ്ക്കുടമയായിരുന്നു ഉമ്മ..
     ആദ്യമൊക്കെ കുണ്ടറയിൽ നിന്നും.. പിന്നീട് വിളക്കുടിയിൽ നിന്നും കൊട്ടാരക്കരയിലേക്കുള്ള ആനവണ്ടി യാത്രകൾ പീഢന പരമ്പരകളായിരുന്നു.. മണിക്കൂറുകൾ കാത്തു നിൽക്കുമ്പോൾ വരുന്ന തള്ളുവണ്ടിയിൽ ഞങ്ങളും എങ്ങനെയെങ്കിലും കയറിപ്പറ്റും.. ബസിലെ തിരക്കുകളിൽ പലപ്പോഴും വിയർത്ത .. മുഷിഞ്ഞ ശക്തിയേറിയ ചില അമർത്തലുകൾ എന്താണെന്ന് അന്ന് തിരിച്ചറിഞ്ഞിരുന്നില്ല.. കുഞ്ഞായിരുന്നെങ്കിലും അത് മോശപ്പെട്ട എന്തോ ആണെന്ന തിരിച്ചറിവിൽ തിരക്കുള്ള ബസുകളെ അന്നേ ഭയപ്പെട്ടുതുടങ്ങി... എത്ര കഷ്ടപ്പെട്ടാലും ഞങ്ങളുടെ ഇഷ്ട സാമ്രാജ്യത്തിലെത്തണമായിരുന്നു .. അങ്ങനെയാണ് കുതിരപ്പുറത്തുള്ള സ്വന്തവും സ്വതന്ത്രമായ യാത്രകളെ സ്വപ്നത്തിൽ ഞാൻ സ്വന്തമാക്കിയത്...
     തത്തകളെയും കുതിരകളെയും സ്വപ്നം കാണുക മാത്രമല്ല ഹിറ്റ്ലറിലെ ജഗദീഷിനെ പോലെ അന്തരീക്ഷത്തിൽ എഴുതി നടക്കലും ഒരു ശീലമായിരുന്നു.. അങ്ങനെ എഴുതിയാൽ അക്ഷര ഭംഗി കൂടുമെന്നും ഞാൻ കണ്ടെത്തി.. അന്തരീക്ഷയെഴുത്തിൽ എന്നെക്കാൾ സമർഥൻ ഇംഗ്ലീഷുകാരൻ ഹമീദായിരുന്നു.. ക്രിക്കറ്റൊക്കെ കണ്ടു പിടിച്ചിരുന്നതിനാൽ  ആശാൻ അന്തരീക്ഷത്തിൽ എറിയുന്ന ബൗളറായി.. ക്രിക്കറ്റ് കിറുക്കനായ ഹമീദിന് ക്രിക്കറ്റിന്റെ ഹരിശ്രീ അറിയാത്ത ഞങ്ങൾ വെള്ളയ്ക്ക എറിഞ്ഞ് മടുത്തു..
     പോച്ച പറിക്കാൻ ഞങ്ങൾ അഞ്ചംഗ സൈന്യം ഇറങ്ങുമ്പോൾ നാട്ടുകാരിൽ ചിലർ ആരാധനയോടെയും..ചിലർ ദേഷ്യത്തോടെയും നോക്കി.. കാരണം ഞങ്ങൾ നിരങ്ങുന്നയിടങ്ങളിൽ പിന്നെ പുല്ല് കിളിർക്കില്ലായിരുന്നു ... എത്രയെത്ര മതിലുകൾ തകർത്തു ഞങ്ങൾ.. എത്ര വേലികൾക്കിടയിൽ നൂഴ്ന്നു കയറി.. എന്തിന് ..വലിയ ആഴമുള്ള കനാലിൽ തൂങ്ങിക്കിടന്നു വരെ പോച്ച പറിച്ചു.. ഇങ്ങനെ പോച്ച പറിച്ചു നടന്ന കാലത്ത്  പറങ്കിയണ്ടി വിറ്റ് മുതലാളിമാരാകാൻ വീട്ടിൽ പറങ്കിമാവൊന്നും വേണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.. പരസ്പരം വഴക്കിടുമ്പോൾ പറങ്കിയണ്ടി കട്ട കഥകൾ അങ്ങോട്ടുമിങ്ങോട്ടും മത്സരിച്ച് വിളിച്ചു പറഞ്ഞു.. ഏറ്റവുമധികം പറങ്കിയണ്ടി വിറ്റത് കർണാടക ക്കുഞ്ഞുങ്ങളായിരുന്നു.. അപ്പുറത്തെ അമ്മാമ്മയുടെ പറമ്പിലെ അണ്ടികളെല്ലാം വവ്വാലുകൾ അവർക്കു മാത്രം രാത്രികളിൽ എറിഞ്ഞിട്ടു പോയി..
     വിളക്കുടിയുടെ ഒരറ്റത്തു നിന്ന് മറ്റേയറ്റം വരെ നീണ്ടു പരന്നു കിടക്കുന്ന വയലേലകൾ.. പാപ്പാരംകോട് മുതൽ ആവണീശ്വരം വരെ.. വയലുകൾക്കിടയിലൂടെ മഴക്കാലത്ത് കുതിച്ചും വേനലിൽ മെലിഞ്ഞു മൊഴുകുന്ന തോട്ടിൽ ഞങ്ങൾ കുത്തി മറിഞ്ഞു.. മഴക്കാലമായിരുന്നു ആഘോഷകാലം.. ഞങ്ങൾ കൊണ്ട മഴകൾക്ക് പച്ചപുല്ലിന്റെയും ചെളിമണ്ണിന്റെയും സുഗന്ധമായിരുന്നു .. വെള്ളമിറ്റുന്ന പോച്ചക്കെട്ടും തലയിലേറ്റി അമ്പതിലേറെയുള്ള പടികൾ പതിവായി കയറുമ്പോൾ എനിക്ക് വയസ് പതിനൊന്നോ.. പന്ത്രണ്ടോ...
              വാപ്പ വിളക്കുടിക്കാരനും ..ഉമ്മ കൊട്ടാരക്കരക്കാരിയും ... ഞാനോ..? ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് ജീവിതം .. വിളക്കുടി പോലെ തന്നെ ജീവിതത്തോട് എഴുതിച്ചേർത്ത ഉമ്മാടെ നാട്.. കൊട്ടാരക്കരയ്ക്കടുത്തള്ള നെടുവത്തൂർ.. ഓല മേഞ്ഞ ..ചാണകം മെഴുകിയ ഉമ്മവീടിന്റെ കുളിരും മണവും ഇന്നില്ല.. എല്ലാം നിലംപൊത്തി.. അവശേഷിപ്പുകളില്ലാതെ.. അവിടെ ഉണ്ടായിരുന്ന ചിലരൊക്കെ ഇന്നോർമകളിലുമായി..
       പാറയും മലയും റബർ തോട്ടവും നെൽവയലും തോടുകളുമുള്ള നെടുവത്തൂർ അന്നുമിന്നും വലിയ മാറ്റങ്ങളില്ലാതെ.. ഗ്രാമ്യശോഭ കുറഞ്ഞെങ്കിലും പൂർണമായും നശിക്കാതെ നിലനിൽക്കുന്നു.. അവധിക്കാലമാകാൻ കാത്തിരിക്കുന്നത് തന്നെ ഉമ്മവീട്ടിലേക്ക് പോകാനായിരുന്നു.. അവിടെ താഴെയും മുകളിലുമായി രണ്ടു വീടായിരുന്നു.. താഴെ വീട്ടിൽ  എന്റെ ഉപ്പുപ്പ ഹസനപ്പ റാവുത്തരും ഉമ്മുമ്മ മറിയംബീവിയുമായിരുന്നു താമസം.. ഹസനപ്പ- മറിയംബീവി ദമ്പതികൾക്ക് ആറു മക്കളായിരുന്നു. ഒന്നാമൻ അബ്ദുൾ ഗനി കുട്ടിക്കാലത്തേ നാടുവിട്ടു പോയി.. അന്നു നാടുവിടൽ ഒരു ഫാഷനായിരുന്ന കാലം.. നാടുവിട്ട് പോയ മാമ മദ്രാസിൽ നിന്ന് ഒമ്പതോ പത്തോ വയസുള്ള മെഹറുവിനെ കല്യാണം കഴിച്ചോണ്ടിങ്ങു പോന്നു.. അന്ന് ശൈശവ വിവാഹമൊക്കെ പതിവായിരുന്നു.. ഇവരുടെ ദാമ്പത്യവല്ലരിയിൽ മക്കളൊന്നും പിറന്നില്ല..
       രണ്ടാമത്തെത് അസ്മ ബീവി.. ഉപ്പുപ്പ വസ്തു വൊക്കെ വിറ്റ് അസ്മ ബീവിയെ പോരുവഴിയിലേക്ക് കെട്ടിച്ച് വിട്ടു.. ആറു മക്കളും മരുമക്കളും ചെറുമക്കളുമൊക്കെ ആയ ശേഷം മൂത്തമ്മ ഒരു വർഷം മുമ്പ് മരണമടഞ്ഞു..
       മൂന്നാമനായ ജലാൽ അത്യാവശ്യം പോക്കിരിയായിരുന്നു.. സ്കൂളിൽ പോകാതെ കാടുകേറി നടന്നിട്ടും പത്താം ക്ലാസ്സ് പാസായ കുടുംബത്തിലെ ആദ്യ പൗരൻ.. ക്ലാസ്സിൽ കയറാതെ കച്ചറ കാട്ടി നടന്നയാളോട് പരീക്ഷാ ദിവസം സാറ് ചോദിച്ചു .. "ടാ.. ജലാലേ.. നീയെങ്ങനെ ജയിക്കും...?" അസാമാന്യ ധൈര്യശാലിയും മനക്കട്ടിയ്ക്കുടമയുമായ ജലാലുദീൻ ഉടുത്തിരുന്ന മുണ്ട് പൊക്കി സാറിനെ കാട്ടിയെന്നും തുടയോട് ചേർത്ത് റബ്ബറിട്ട് കെട്ടി വച്ചിരിക്കുന്ന പേപ്പർക്കെട്ടുകൾ (അസൂയാലുക്കൾ കോപ്പി എന്നൊക്കെ വിളിക്കും) കണ്ട് ഗുരു ശിഷ്യനെ നമിച്ചുവെന്നും ഞാൻ പിൽക്കാലം കേട്ട കഥകളിലൊന്ന്.. ഈ മാമായ്ക്ക് മുറപ്പെണ്ണിനെ ഇഷ്ടമായിരുന്നുവെന്നും. കുശുമ്പികളായ പെങ്ങന്മാർ അത് എതിർത്തതിനെ തുടർന്ന് നാടുവിട്ട് പോയി കർണാടകയിൽ ജീവിക്കവെ ..അവിടുന്ന് ആരുമറിയാതെ കല്യാണം കഴിച്ച് വർഷങ്ങൾ കഴിഞ്ഞ് നാട്ടിൽ വന്നതും മറ്റൊരു കഥ.. ചിലത് വെറും  കഥകളായിരുന്നില്ല .. ജീവിതങ്ങളായിരുന്നു..
       നാലാമത്തെത് ലൈലാബീവി.. ഞാൻ പിറന്നു വീണപ്പോൾ എന്റെ നാവിൽ സ്വർണം കൊണ്ട് കുത്തിവരച്ച് എനിക്ക് തൊട്ടു തന്ന മൂത്തുമ്മ.. ജീവിതത്തിൽ സന്തോഷമെന്തെന്നറിയാത്ത മൂത്തുമ്മാ യും കുടുംബവുമായിരുന്നു നെടുവത്തൂരെ മുകളിലെ വീട്ടുകാർ..
       അഞ്ചാമത്തവൾ ആരിഫ.. എന്റെ മാതാശ്രീ.. പത്താം ക്ലാസ്സ് തോറ്റ് അതിന്റെ അഹങ്കാരം ഒട്ടുമില്ലാതെ കുണ്ടറയിലെ ബന്ധുവീട്ടിൽ കഴിയവെ അവിടുത്തെ സ്ഥിരം ഡ്രൈവറായിരുന്ന മുഹമ്മദ് കുഞ്ഞിനെ ..ഞങ്ങളുടെ വാപ്പയെ കുടിക്കാൻ വെള്ളം കൊടുത്ത് പാട്ടിലാക്കിയ സാമർഥ്യക്കാരി..
       ആറാമത്തെയാൾ ജമാലുദീൻ.. പതിവായി പലഹാരം കൊണ്ടു വന്നിരുന്ന അത്തായെ ഒരു ദിവസം മുടക്കം വന്നപ്പോൾ കരണക്കുറ്റിക്കടിച്ച് പുകച്ചവൻ.. പോത്തുപോലെ വളർന്നിട്ടും സ്കൂൾ വിട്ട് വന്നാലുടൻ അമ്മായെ പിടിച്ചു നിർത്തി അമ്മിഞ്ഞ കുടിച്ചവൻ.. ജ്യേഷ്ഠന്റെ മക്കളില്ലാത്ത ദുഃഖം കണ്ട് തന്റെ മൂന്നു മക്കളിൽ ഒരാളെ ജ്യേഷു ന് മനസോടെ കൊടുത്ത ഹൃദയാലുവായ സഹോദരൻ..
       നെടുവത്തൂരെ അവധിക്കാലങ്ങൾ ബന്ധുക്കളാൽ .. രുചിക്കൂട്ടുകളാൽ.. കഥ നിറഞ്ഞ രാവുകളാൽ..പൂവിളി നിറഞ്ഞ പകലുകളാൽസമ്പന്നമായിരുന്നു.. ഇന്നവ വിരസവും കണ്ണീരുപ്പു പുരണ്ടതുമാണെങ്കിലും
               എന്റെ ഉപ്പുപ്പ..അതായത് ഉമ്മായുടെ അത്ത..ഹസനപ്പ റാവുത്തർ ...ഞാൻ കണ്ടുതുടങ്ങിയ കാലം മുതൽ  വെളുവെളുത്ത..മെലിഞ്ഞ ...പല്ലെല്ലാം കൊഴിഞ്ഞ സുന്ദരക്കുട്ടപ്പനായിരുന്നു.. ഉപ്പുപ്പാടെ പേര് ഹസന - പാരാ- വുത്തർ എന്നാണ് കുട്ടിക്കാലത്ത് ഞാൻ പഠിച്ചു വച്ചിരുന്നത്.. ഇത് പറഞ്ഞ് ഞാൻ ഉമ്മായെ കളിയാക്കിയിരുന്നു " ഉമ്മാ.. ങ്ങടെ അത്താടെ എന്തൊരു വൃത്തികെട്ട പേരാ.. " അപ്പോൾ ഉമ്മാ യാകട്ടെ ആ പേരിനെ കുറെക്കൂടി നീട്ടി പറഞ്ഞ് ആനന്ദിക്കുകയാണ് ചെയ്തത്.. ഒരിക്കലും തിരുത്തി തരാഞ്ഞത് ഉമ്മാടെ പാണ്ഡിത്യക്കുറവാണെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞില്ല..
     ഞാൻ താമസിച്ച ഇടങ്ങളൊക്കെയും സർവ്വമത സാഹോദര്യം പുലർന്ന വയായതിനാൽ ജാതികളെയും ജാതിഭേദങ്ങളെയും കുറിച്ച് ഏറെക്കുറെ അജ്ഞയായിരുന്നു.. റാവുത്തർ എന്നത് മുസ്ലീങ്ങളിൽ ഒരു വിഭാഗമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് ഏറെ മുതിർന്ന ശേഷമാണ്... റാവുത്തർ മാരുടെ ചരിത്രത്തെ കുറിച്ച് റിജാം റാവുത്തർ എന്ന പ്രിയ ചങ്ങാതിയുടെ രചനകളിൽ നിന്നാണ് കൂടുതൽ അറിഞ്ഞത്...
         ഞങ്ങൾ പരമ്പരാഗതമായി പ്രണയികളായിരുന്നു.. ഉപ്പുപ്പ അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ അണ്ട്യാപ്പീസിലെ മേസ്തിരിയായിരുന്നുവത്രെ.. ( കേട്ട് കേൾവിയാണ്.. ഞാൻ കാണുമ്പോഴൊക്കെ ആശാൻ ഉണക്കച്ചീനി വേവിച്ചത്... കപ്പലണ്ടി ഇത്യാദി വകകൾ കല്ലിൽ വച്ച് ഇടിച്ച് പൊടിയാക്കി തിന്ന്ചുമ്മാ ഇരിപ്പാണ്..) ഒരിക്കൽ ..യുവതിയായഎന്റെ ഉമ്മുമ്മ അവരുടെ സഹോദരന് ചോറുമായി അ ണ്ട്യാപ്പീസിലെത്തിയപ്പോൾ എന്റെ ഛായയിലുള്ള (അതോ ഉമ്മുമ്മാടെ ഛായ എനിക്കോ..) ഉമ്മുമ്മായെ കണ്ട മാത്രയിൽ ഉപ്പുപ്പ ...പ്രണയ പരവശനായി ...വേരോടെ പിഴുത വടവൃക്ഷം പോലെ ... ഉമ്മുമ്മാടെ മുന്നിലേക്ക് ഒറ്റ വീഴ്ചയായിരുന്നു..
വീഴ്ചയിൽ മരം ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചു ..അതിപ്രകാരമായിരുന്നു..
" പെണ്ണേ... നിന്നെ ഞാൻ കെട്ടിക്കോട്ടെ..?"
എന്നെ പോലെ ആണത്തമുള്ള ധൈര്യശാലിയായിരുന്നു ഉമ്മുമ്മ... വെട്ടൊന്ന്.. മുറി രണ്ട്... ഉടൻ വന്നു മറുപടി
"അതിനു വെച്ച വെള്ളമങ്ങ് വാങ്ങിയേരെ..!!"

       ഉപ്പുപ്പ ആരാ മോൻ.. അല്ല ആരുടെയൊക്കെയാ..  എന്റെ ഉപ്പുപ്പ ഒരു വാശി പോലെ ആ വെല്ലുവിളി ഏറ്റെടുത്തു.. ആങ്ങളയുമായി ചങ്ങാത്തം കൂടി മറിയം ബീവി എന്ന സുന്ദരിയെ.. എന്റെ ഉമ്മുമ്മായെ സ്വന്തമാക്കി.. കല്യാണദിവസം  കല്യാണ പെണ്ണിനെ സ്വന്തം വീട്ടുപടിക്കൽ നിർത്തി ഒറ്റ ചോദ്യമങ്ങ് ചോദിച്ചു കൊടുത്തു.. "വെള്ളം.. വാങ്ങിയോ.. ഇല്ലേ..?അങ്ങനെ കരുനാഗപ്പള്ളിക്കാരി മറിയംബീവി കൊട്ടാരക്കരക്കാരൻ ഹസനപ്പ റാവുത്തരുടെ ഭാര്യയും ഞങ്ങൾടെ ഉപ്പുപ്പായും ഉമ്മുമ്മാ യുമായി....
                 ആർഭാടങ്ങളില്ലാത്ത ജീവിതമോ.. ബാല്യത്തിൽ ചെയ്യേണ്ടി വന്ന ജോലികളോ ഒന്നും ഒരിക്കലും എന്നെ സങ്കടപ്പെടുത്തിയിരുന്നില്ല.. പക്ഷേ വലിയൊരു സങ്കടം എന്നുമെന്നെ അലട്ടിയിരുന്നു.. ഒരു സഹോദരൻ ഇല്ലാത്ത വേദന വളരെ വലുതായിരുന്നു .. എന്തു കൊണ്ട് ഉമ്മ ഞങ്ങൾക്കായി ഒരു ആങ്ങള യെ പ്രസവിച്ചില്ല.. മക്കൾ രണ്ടും പെണ്ണായതിനാൽ ആൺകുട്ടികളോട് വളരെ ജീവനായിരുന്നു വാപ്പാക്കും ഉമ്മായ്ക്കും.. അയൽപക്കത്തെ ആൺകുട്ടികളെ കളിപ്പിച്ചും .. കുളിപ്പിച്ചും.. തീറ്റിച്ചും അവർ നിർവൃതിയടഞ്ഞെങ്കിലും എനിക്കും ജാസിനുമത് ഈർഷ്യയായി.. സ്വന്തമല്ലാത്ത ഒന്നിനെയും അംഗീകരിക്കാൻ മനസില്ലാത്ത സ്വാർഥതയുടെ ബാല്യം.. ഒരു ആൺക്കൊച്ചിനെ എടുത്തു വളർത്താമെന്ന് വാപ്പയും ഉമ്മാക്കും പറയുമ്പോൾ ഞങ്ങൾ ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തി..കാരണം ആകെയുള്ള  അഞ്ചാറ് സെന്റും ഒരു കുഞ്ഞി വീടും അഞ്ചാറ് ചട്ടീം കലങ്ങളും രണ്ടു കട്ടിലും മൂന്നാലു കസേരയും മൂന്നായി പങ്കുവയ്ക്കപ്പെടുന്നത് സ്വപ്നത്തിൽ പോലും അസാധ്യമായിരുന്നു..
       സ്വന്തമെന്ന പോലെ ഞങ്ങൾ ഒരുപാട്  സ്നേഹിച്ച ആങ്ങളമാരായിരുന്നു ലൈലാ മൂത്തുമ്മാടെ മക്കളായ ഷാജൂക്കായും.. അബൂക്കായും.. നെടുവത്തൂരേക്കുള്ള ഞങ്ങൾടെ യാത്രകൾ പോലും അവർക്കു വേണ്ടിയായിരുന്നു.. മൂത്തുമ്മാടെ മൂന്നു മക്കളിൽ മൂത്ത നജീത്ത അവധിയാഘോഷിക്കാൻ ചെന്ന ഞങ്ങളെക്കൊണ്ട് മുറ്റമടിപ്പിക്കുക .. വെള്ളം കോരിക്കുക .. പോച്ച പറിപ്പിക്കുക (പാപി ചെല്ലുന്നിടം പാതാളമെന്ന പോലെ പശുക്കൾ നിറഞ്ഞ ഒരു അമ്പാടിയായിരുന്നു അവിടെയും ) ഇത്യാദി പണികൾ എടുപ്പിച്ചിട്ട് ആശാട്ടി റാണിയെ പോലെ സുഖിച്ചിരിക്കുമായിരുന്നു.. ഞങ്ങളെ ക്കൊണ്ട് ജോലിയെടുപ്പിച്ചിട്ട് പകരം മമ്മൂട്ടിയുടെ സിനിമ കാണാൻ കൊട്ടാരക്കര വരെ നടത്തി കൊണ്ടു പോകുമായിരുന്നു.. ഒരു സിനിമയ്ക്ക് വേണ്ടി എന്തു ത്യാഗവും ചെയ്യാൻ മനസുള്ള പാവങ്ങളായിരുന്നല്ലോ ഞങ്ങൾ..നജീത്ത കടുത്ത മമ്മൂട്ടി ആരാധികയും മോഹൻലാൽ വിരോധിയുമായിരുന്നു.. യാത്രയും... നിറക്കൂട്ടും.. അക്കച്ചീടെ കുഞ്ഞുവാവയും.. ഉപാസനയും .. സ്നേഹമുള്ള സിംഹവും തുടങ്ങി എൺപതുകളിലെ മിക്ക മമ്മൂട്ടിച്ചിത്രങ്ങളും കണ്ട് നജീത്തായെ പോലെ മമ്മൂട്ടിപ്രേമിയാവുകയും മമ്മൂട്ടിയെ പോലെ സുന്ദരനായ ഭാവി ഭർത്താവിനെ സ്വപ്നം കാണുകയും ചെയ്തു.. സ്കൂളിലെ കൂട്ടുകാരിയായ രേഖ ശങ്കറിന്റെ ആരാധികയായിരുന്നു.. നോട്ട് ബുക്ക് നിറയെ അവൾ  ശങ്കർ _മേനക ജോഡികളുടെ പടമൊട്ടിച്ച് നിറച്ചപ്പോൾ ഞാൻ മമ്മൂട്ടിയുടെ പടങ്ങൾ തേടി നടന്നു...
       രണ്ട് ഇക്കാമാരും ഞങ്ങളെ സിനിമയ്ക്ക് കൊണ്ടു പോകുമായിരുന്നു.. വിളക്കുടിയിലെ ഞങ്ങളുടെ പഞ്ഞകാലങ്ങളിൽ ഷാജൂക്കായും അബൂക്കായും കൂടി അരി ചാക്കിലാക്കി നെടുവത്തൂർ നിന്ന് കൊട്ടാരക്കര വരെ കൊണ്ടുവന്ന് അവിടുന്ന് ട്രെയിനിൽ കയറ്റി ആവണീശ്വരത്ത് വന്നിറങ്ങുകയും അവിടുന്ന് പിന്നെയും ചുമന്ന് വീട് വരെ കൊണ്ടുവരികയും ചെയ്തിരുന്നു.. ജാസെന്നും ജസീന്നും വച്ചാൽ ഒത്തിരി ഇഷ്ടമായിരുന്ന അവർ രണ്ടു പേരും അഞ്ചു വർഷം മുമ്പ് ഞങ്ങളെ വിട്ടു പോയി.. ഷാജൂക്കായോടായിരുന്നു എല്ലാവർക്കും കൂടുതലിഷ്ടം.. ഇക്ക കുറച്ച് കറുത്തിട്ടായിരുന്നു.. ഞങ്ങൾ കറുമ്പാ...ന്നു സ്നേഹത്തോടെ വിളിച്ചു.. ഭക്ഷണം കഴിക്കുമ്പോൾ"ജസീ... അങ്ങോട്ട് നോക്കെ... " ന്ന് പറഞ്ഞ് എന്റെ ശ്രദ്ധ മാറ്റി പാത്രത്തിൽ നിന്ന് പൊരിച്ച മീൻ കൊത്തിയെടുക്കുന്ന കറുമ്പൻ ഷാജൂക്ക .. സ്കൂളിനോടും പുസ്തകങ്ങളോടും കടുത്ത വിരോധികളായ ഇക്കാമാർ സ്കൂളിൽ കയറാതെ പലപ്പോഴും സിനിമയ്ക്ക് പോവുകയും വൈകിട്ട് മൂത്താപ്പാടെ കയ്യിൽ നിന്ന് അടി വാങ്ങിക്കൂട്ടുകയും ചെയ്തു.. മൂത്താപ്പാടെ മദ്യപാനം തകർത്തു കളഞ്ഞ ജീവിതങ്ങൾ.. മൂത്താപ്പായും.. ഇക്കാമാരും ഇന്നില്ല.. നജീത്ത ആൻഡമാനിൽ കുടുംബ സമേതം മക്കളും ചെറുമക്കളുമായി  കഴിയുന്നു.. മൂത്തുമ്മ ആൻഡമാനിലും നെടുവത്തൂരമായി മാറി മാറി കഴിയുന്നു..
       നെടുവത്തൂരെ ഓണക്കാലങ്ങൾ... ഇക്കാടെ കൂട്ടുകാരും നെജീത്താടെ കൂട്ടുകാരും പിന്നെ ഞങ്ങളഞ്ചും.. മാമാമാരും മാമിമാരും.. ഞങ്ങൾ അശകൊശലേ ... പെണ്ണുണ്ടോ...യും മാണിക്കച്ചെമ്പഴുക്കയും പാടിക്കളിച്ചു.. മൂത്തുമ്മ ഞങ്ങൾക്കായി കളിയോയ്ക്കയും വറ്റലുകളും ഓണസദ്യയുമൊരുക്കി.. മൂത്താപ്പ ഞങ്ങൾക്കായി ഊഞ്ഞാലിട്ടു.. ഈ ഓണക്കളികൾക്കിടയിൽ .. എല്ലാവരും ഊഞ്ഞാലാടി പിൻവാങ്ങിയിട്ടും ആട്ടം നിലയ്ക്കാത്ത ഒരൂഞ്ഞാൽപ്പടിയിൽ രണ്ടു പേരിരുന്നു.. അവർക്കിടയിൽ എന്നാണോ ... എപ്പോഴാണോ.. പ്രണയം പൊട്ടി മുളച്ചതെന്നറിയില്ല.
               വിളക്കുടിയിലെത്തിയപ്പോഴും എന്റെ മദ്രസാ പഠനം തുടർന്നു.. ക്ലാസ്സിലെ സഹപാഠികൾ പലരും എന്നെക്കാൾ വളരെ മുതിർന്ന കുട്ടികളായിരുന്നു.. അതൊരു രസകരമായ കാഴ്ചയായിരുന്നു.. സ്കൂളിലെ അഞ്ചാം ക്ലാസുകാരിയായ എന്റെ മദ്രസയിലെ ക്ലാസ്മേറ്റ്സ് സ്കൂളിൽ ഒമ്പതിലോ പത്തിലോ പഠിക്കുന്നവർ.. സ്കൂളിലെ അറബ് ക്ലാസിൽ വച്ചു മാത്രം പരിചയമുള്ള നൗഷാദും മദ്രസയിൽ സഹപാഠിയായി..
   കുണ്ടറയിൽ വച്ച് ആദ്യ നാളുകളിൽ മദ്രസയിൽപ്പോക്ക് മടിയായിരുന്നെങ്കിലും പിന്നീട് മടി മാറി ഞാനങ്ങ് ഉഷാറായിരുന്നു.ഉസ്താദ്  ചായ കുടിക്കുമ്പോൾ അതിലൊരു പങ്ക് വാത്സല്യപൂർവ്വം എനിക്കും കിട്ടി.. മറ്റു കുട്ടികൾക്കു മുന്നിൽ എനിക്കത് വലിയ അംഗീകാരമായിരുന്നു.. കുണ്ടറയിൽ എന്റെ പ്രിയ ഉസ്താദ്മാരായ കാസിംകുഞ്ഞ് ഉസ്താദ്.. മമ്മൂഞ്ഞുസ്താദ് എല്ലാവരെയും ഇന്നും ഓർക്കുന്നു.. എങ്കിലും അവരെക്കാളൊക്കെ ഞാനിന്ന് മിക്കപ്പോഴും അനുതാപത്തോടെ ഓർക്കുന്ന ഒരാൾ.. നാസർ ഉസ്താദ് .. കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെ ഇരയായി ബംഗ്ലളൂരുവിൽ കഴിയുന്ന ..അബ്ദുൾ നാസർ മഅദ്നിയാണ്.. വിളക്കുടി.. പാപ്പാരംകോട് പള്ളിയിൽ രണ്ടു വർഷക്കാലം എന്റെ ഉസ്താദായിരുന്നു.. അന്ന് അദ്ദേഹത്തിന് ഇരുപഞ്ചോളം വയസേ ഉണ്ടായിരുന്നുള്ളൂ.. അതീവ സുന്ദരനായ ചെറുപ്പക്കാരനായ ഉസ്താദ്.. അന്ന് വീട്ടിൽ പശുവുണ്ടായിരുന്നതിനാൽ ഉസ്താദിന് പാൽ കൊണ്ടു കൊടുത്തിരുന്നത് ഞങ്ങളായിരുന്നു.. ഒരു ശിഷ്യ എന്നതിലുപരി പെങ്ങളേ. എന്നായിരുന്നു എന്നെ ഉസ്താദ് എപ്പോഴും  വിളിച്ചിരുന്നത്.. എന്റെ പ്രായത്തിലുള്ള കുഞ്ഞിപ്പെങ്ങൾ മൈനാഗപ്പള്ളിയിലെ വീട്ടിലുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു.. ഒരിക്കൽ മണ്ണൻ പനി വന്ന് കിടപ്പിലായ എന്നെ കാണാൻ ഉസ്താദ് വന്നു.. ഒരവധിക്കാലം കഴിഞ്ഞ് മദ്രസ തുറന്നപ്പോഴേക്കും ഉസ്താദ് വിളക്കുടിയിൽ നിന്നു പോയിരുന്നു..
     വിളക്കുടിയിൽ നിന്ന് പാപ്പാരംകോട് വരെയുള്ള വിജനമായ ചെമ്മൺപാതയിലൂടെ പലപ്പോഴും തനിച്ചായിരുന്നു മദ്രസായാത്ര.. പാതയുടെ ഇരുവശവും റബർ തോട്ടം.. വീടുകൾ നന്നേ കുറവായിരുന്നു.. വിളക്കുടി രാജേന്ദ്രൻ എന്ന എഴുത്തുകാരന്റെ പറമ്പിൽ കയറി  പെറുക്കിത്തിന്ന എത്രയെത്ര മൂവാണ്ടൻ മാങ്ങകൾ.. കണ്ണിമാങ്ങാക്കാലം തൊട്ട് മാമ്പഴക്കാലം വരെ ..വഴിയിലുള്ള മാവിൻ ചോട്ടിൽ നിന്നു നുകർന്ന ഭിന്നരുചികൾ.. വിളക്കുടിയിലെ വീട്ടിൽ വലിയൊരു കിളിച്ചുണ്ടൻ മാവുണ്ടായിരുന്നു.. മാവിനു താഴെ ഒരു കല്ലുവെട്ടാംകുഴിയും.. കുഴിയിൽ വീഴാതെ മാങ്ങ പറിച്ചെടുക്കുക ഒരു നല്ല അഭ്യാസമായിരുന്നു.. ഉച്ചകഴിഞ്ഞാൽ പിന്നെ നാലുമണി വരെയുള്ള സമയങ്ങളിൽ പച്ചമാങ്ങ കൊത്തിപ്പൊടിച്ച് ചെറിയ ഉള്ളിയും വറ്റൽമുളകം അരിഞ്ഞിട്ട് ഉപ്പും ചേർത്ത് വെളിച്ചെണ്ണ കൂട്ടിക്കുഴച്ച് തീറ്റ നേരങ്ങൾ.. ഇന്നും നാവിൻ തുമ്പിലെ രുചിയുള്ള ഓർമ്മകളായി നിൽക്കുന്നു..
     ഓരോരുത്തർക്കും ഓരോ സമയമായിരുന്നു മദ്രസയിൽ.. പലപ്പോഴും മറ്റുള്ളവർ ഒന്നിച്ച് പോകുമ്പോൾ ഞാൻ തനിച്ചായിരുന്നു പോക്ക്.. ഭയന്ന് വിറച്ച് റബർ തോട്ടത്തിന് നടുവിലെ റോഡിലൂടെ മന്നം സ്കൂളിന്റെ അടുത്തെത്തും,.സ്കൂൾ കഴിഞ്ഞാൽ പിന്നെയും നിബിഢമായ തോട്ടം.. ചിലപ്പോൾ നിബിഢമായ തളിരിലകളാൽ കറുത്തിരുണ്ടും.. മറ്റു ചിലപ്പോൾ ഇലകൾ കൊഴിച്ച് നഗ്നരായും.. കാണപ്പെട്ട റബർ മര കാഴ്ചകളിലൂടെ.. ഭയന്ന് കരഞ്ഞോടിയ എത്രയെത്ര ദിവസങ്ങൾ.. അവിടെ തോട്ടത്തിൽ താഴെ 'ചങ്ങല മാടൻ 'ഉണ്ടെന്നും.. കുഴിയിൽ നിന്നെഴുന്നേറ്റ് ചങ്ങല കിലുക്കി  പിന്നാലെ വന്നു കുട്ടികളെ പിടിക്കുമെന്നും ആരിൽ നിന്നൊക്കെയോ കേട്ട കഥകൾ.. മദ്രസ വരെ തിരിഞ്ഞ് നോക്കി.. നോക്കി.. പിന്നിലെ കരിയിലയനക്കങ്ങൾ പോലും ചങ്ങല കിലുക്കമാണെന്ന് ഭയന്നോടിയ ആ വഴികൾ ഇന്ന് തിരിച്ചറിയാനാവാത്ത വിധം മാറിയിരിക്കുന്നു.. കാലം എന്നെ പ്പോലെ ഞാൻ നടന്നു തീർത്ത വഴികളെയും മാറ്റിയിരിക്കുന്നു.. ഒരുപാട്..
                (തുടരും)
[7:31 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: പ്രണയ ദിനത്തോട് തൊട്ടു നിൽക്കുന്ന നവ സാഹിതിയല്ലേ..
ആദ്യം പ്രണയമാവാം..🌹
[7:31 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: പ്രണയം
ദിവ്യ.സി.ആർ
സായന്തനത്തിൽ വിടരുന്ന
പൂവിനോടെന്നുമെൻ പ്രണയം.
ഒഴുകുന്ന പുഴതൻ താളത്തിൽ
പുൽകുന്ന കാറ്റിനോടാണെൻെറ പ്രണയം.
വിജനമാം ആകാശപൊയ്കയിൽ വിടരുന്ന
നക്ഷത്രപ്പൂവിനോടാണെൻെറ പ്രണയം.
നിഴലിനാൽ ചാറിയ തെങ്ങോലപ്പീലിയിൽ
തുളുമ്പുന്ന, ചന്ദ്രനോടാണെൻ്റെ പ്രണയം.
ഇരുളിൻെറ മാറിൽ തലചായ്ച്ചുറങ്ങുന്ന
തളിർമരച്ചില്ലയോടാണെൻെറ പ്രണയം.
ഇനിയും ജന്മങ്ങൾ നിറങ്ങളാൽ
പൂക്കുന്ന പ്രണയത്തെ പുൽകുവാൻ മോഹം !
[7:31 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: പ്രണയം...
ആലാപനം - ബിജു👇🏻
[7:32 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: എന്റെ പ്രണയ ലേഖനം -നിരഞ്ജൻ👇🏻
[7:32 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: എന്റെ പ്രണയലേഖനം ..
പ്രിയപ്പെട്ടവളേ,
നിനക്കെന്റെ പ്രണയദിനാശംസകൾ...
എന്റെ പ്രണയം നിന്നെ അറിയിക്കാൻ ഞാൻ ഒരു ദിവസത്തെയും കൂട്ട് പിടിക്കില്ല..!!
എനിക്ക് നിന്നോടുള്ള പ്രണയം ഞാൻ പറയാതെ അറിയുന്നില്ലേ നീ..!
ദിവസങ്ങൾ അല്പായുസ്സുകൾ ആണ്..മണിക്കൂറുകൾ കൊണ്ട് അവസാനിക്കുന്നത്..!!
എനിക്ക് നിന്നെ യുഗങ്ങളോളം പ്രണയിക്കണം..!!
എനിക്ക് നിന്നോടുള്ള പ്രണയത്തിന്റെ അവശേഷിപ്പുകൾ ഈ ലോകം അവസാനിക്കുവോളം എന്റെ തൂലികയിലൂടെ പറന്നു നടക്കണം..!! അവസാനിക്കാത്ത പ്രണയം നിന്നിൽ എന്നും നിറയണം..!!
ഞാനും എന്നിലെ നീയും വിസ്‌മൃതിയായാലും പിറവി കൊണ്ട അക്ഷരങ്ങൾക്ക് ഒരിക്കലും മരണമില്ലല്ലോ..!!
ഒരു ദിവസം കൊണ്ട് പറഞ്ഞു തീർക്കാനാവരുത് നമ്മുടെ പ്രണയം..!!
നിന്നെ പ്രണയിക്കാൻ എനിക്ക് നീ എപ്പോഴും സ്വന്തമാകണമെന്നില്ല...!!
സ്വന്തമായില്ലെങ്കിലും പ്രണയിക്കണം എന്ന് തോന്നിയത് നിന്നെ മാത്രമാണ്..
                    നീയിപ്പോൾ എന്റെ അരികിലില്ലെങ്കിലും നിന്റെ സാമിപ്യത്തിന്റെ  ഓർമകളിലാണ് എന്റെ ഓരോ നിമിഷവും കടന്നു പോകുന്നത്..!
ഇവിടെ ഈ നിലാവുള്ള രാത്രിയിൽ നിനക്കായ് ഞാൻ കുറിക്കുന്ന പ്രണയാക്ഷരങ്ങൾക്ക് ചിറകുകൾ മുളച്ചെങ്കിൽ അവ പെട്ടന്ന് നിന്നിലേക്ക് പറന്നു വന്നേനെ...!
നിന്നോടൊപ്പമുള്ള നിമിഷങ്ങൾ ഞാൻ സ്വപ്നം കാണട്ടെ ഇവിടിരുന്ന്..!
നിന്റെ സ്നേഹ ചുംബനത്താൽ പുളകം കൊള്ളുന്ന എന്നെ ഈ രാവിൽ തനിച്ചാക്കി നീ കടന്നു കളയരുത്..!!
അരികിൽ ചേർന്ന് നിൽക്കുന്ന നിന്നെയാണെനിക്കിഷ്ടം..!!
ഈ തണുത്ത രാവിൽ നീ അടുത്തുള്ളപ്പോൾ നിലാവിന് പോലും ശോഭ കുറയുന്നുവോ..!!
നമ്മുടെ മുഖം തഴുകി കടന്നു പോകുന്ന കുളിർകാറ്റും അലസഭാവത്തിൽ തിരിഞ്ഞു നോക്കുന്നുണ്ട്..!!
ദൂരെ അനന്തതയിൽ താരങ്ങൾ കൺ ചിമ്മുന്നത് നമ്മുടെ ചുംബനങ്ങൾ കണ്ടു നാണിച്ചിട്ടാവാം...!
പാരിജാത പൂക്കളുടെ മനംമയക്കുന്ന ഗന്ധം നിന്റെ മുടിയിഴകൾക്ക് എങ്ങനെ കിട്ടി...!!
മഞ്ഞു വീണ നിന്റെ കൂന്തലിൽ നിലാവിന്റെ ചായക്കൂട്ടുകൾ തിളക്കം കൂട്ടുന്നു..!!
മോഹിപ്പിക്കുന്ന ഈ രാവിൽ നിന്റെ മടിത്തട്ടിൽ തലചായ്ച്ചുറങ്ങട്ടെ ഞാൻ..!!
നിന്റെ നനുത്ത കാതുകളിൽ എന്റെ ചുണ്ടുകൾ പ്രണയ സംഗീതം പൊഴിക്കട്ടെ..!!
നിന്റെ മൃദുല വിരലുകളാൽ എന്റെ മുടിയിഴകൾക്ക് ജീവൻ വെക്കട്ടെ..!!
നമുക്കായ് നിലാവ് ഇടക്ക് മേഘങ്ങൾക്കിടയിൽ മറയുന്നുണ്ട്..!!
പാതി വിടർന്ന നിന്റെ മിഴികൾ എന്റെ ചുണ്ടുകളാൽ മുഴുവനായും മൂടികൊള്ളുന്നു..!!
ഈ നിലാവുള്ള രാത്രിയും നമ്മുടെ പ്രണയവും ഒരിക്കലും  അവസാനിക്കാതിരിക്കട്ടെ....!
                                     നിന്റെ മാത്രം       
                                      നിരഞ്ജൻ..
[7:32 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: കാഴ്ച-ശ്രീല അനിൽ👇🏻
[7:32 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: കാഴ്ച
ശ്രീല അനിൽ
എന്റെ മനസ്സിന്റെ പടിപ്പുരവാതിൽ കൺമിഴിക്കുന്നത്
വിശാലമായ മായക്കാഴ്ചകളിലേക്കാണ്,,,,
പല വർണങ്ങൾ,,, ചിതറിയിട്ടുണ്ടാവും,,,
ദു:ഖത്തിന്റെ കരിക്കറുപ്പ്,,,,
പാരുഷ്യത്തിന്റെ കടും ചോപ്പ്
ഇളം ചിരിയുടെ നനുത്ത റോസ്,,,,
നിരാശയുടെ നരച്ച ചാരനിറം,,,,
പ്രതീക്ഷയുടെ സ്വർണ മഞ്ഞ,,,,
കണിക്കൊന്നപ്പൂവുപോലെ,,,,
പിന്നെയും പേരറിയാത്ത ഭാവങ്ങൾ,,,,,
ഓരോ ഭാവങ്ങൾക്കും
പല പല വർണങ്ങൾ,,,,,
എല്ലാ ഭാവങ്ങളും ഒന്നാകുന്നത് എപ്പോഴാണ്?,,,,,,,.
എല്ലാറ്റിലും തിളക്കം നിന്റെ സ്നേഹവർണത്തിനാണ്,,,,,,
നിന്റെ കരുതലിന് ഏഴു നിറം,,,,
മഴവില്ലഴക്,,,,,
മനസ്സിന്റെ പടിപ്പുര വാതിൽ തുറന്നു വയ്ക്കുന്നത് നിന്റെ തലോടലിന്റെ പച്ചപ്പിലേക്ക് തന്നെ,,,,
[7:33 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: കാഴ്ച - ആലാപനം - ശ്രീല അനിൽ👇🏻
[7:33 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ആളറിയാം ..👇🏻
[7:33 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ശ്രീലാ അനിൽ
കോട്ടയം സ്വദേശിനി,,,
കോട്ടയം ഗവ മോഡൽ എച്ച് എസ് എസ്, ൽ ഹൈസ്കൂളിൽ മലയാളം അധ്യാപിക,,,,
ഭർത്താവും രണ്ടു പെൺകുട്ടികളുമടങ്ങുന്ന കുടുംബം
ഭർത്താവ് അനിൽ ഗവ.സേർവൻറാണ്, ( GST officer)
കുട്ടികൾ വിദ്യാർഥിനികൾ,,
മൂത്ത ആൾ ഐശ്വര്യ,,BSc Argiculture,,, final year ,,,,
രണ്ടാമത്തെ ആൾ,,, ദേവഗായത്രി,,,
B Voc,,, TTL first Sem,,,
(ഗ്രൂപ്പംഗം)
[7:34 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: അവൾ - ദേവി.കെ.എസ്👇🏻
[7:34 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: അവൾ
ദേവി.കെ.എസ്
അവൾ
മണലിൽ
എഴുതിക്കൊണ്ടേയിരിക്കുന്നു
ഒരു തിര....... വൻ തിര
പൂഴിക്കടകൻ ചാടി മറിഞ്ഞ്
മായ്ച്ചു കൊണ്ടും.
എഴുതലും മായക്കലും
സുഖമില്ലാത്ത വേദന!
എന്നിട്ടും
തിര വരുന്നതും കാത്ത്
അവൾ എഴുത്ത്
എന്നും
എപ്പോഴും ......
[7:34 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ദേവി.കെ.എസ്,
മലയാളം അധ്യാപിക
MES ഹയർ സെക്കണ്ടറി  സ്ക്കൂൾ
വെണ്ടല്ലൂർ, ഇരിമ്പിളിയം
[7:34 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: കുടിയേറ്റം -യൂസഫ് നടുവണ്ണൂർ👇🏻
[7:34 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: കുടിയേറ്റം
യൂസഫ് നടുവണ്ണൂർ
ഒന്നാനാം കുന്നിന്മേൽ
ഒരടി മണ്ണിന്മേൽ
ഒരായിരം കിളി
കൂടു വെക്കാൻ
പാറിപ്പറന്നു വന്നു.
ഇളം കിളിയോ
പൈങ്കിളിയോ
താഴ്ന്നിരുന്നാടിയില്ല
കുടിയേറ്റം
നിയമവിരുദ്ധമായതിനാൽ
അവർ,
വിതയ്ക്കുകയോ
കൊയ്യുകയോ ചെയ്യാത്ത
ആകാശത്തിലെ പറവകളായി...
[7:34 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: പിന്നെയും - സുനിത ഗണേഷ്👇🏻
[7:35 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: പിന്നെയും...
സുനിത ഗണേഷ്
ചില കാര്യങ്ങൾ
 അങ്ങിനെയാണ്...
കടലാസു വെള്ളയിൽ
പകർത്തിവെക്കാൻ ആവില്ല...
പേനത്തുമ്പിൽ മഷിത്തുള്ളി
സാന്ദ്രീകരിച്ചു നിൽക്കും,
ഒഴുകാൻ മടിച്ച്....
അടയാളപ്പെടുത്താൻ മടിച്ച്....
കടലാസു മൈതാനത്ത്
അക്ഷരങ്ങൾ ഉരുണ്ടു കളിക്കും....
ചിലപ്പോൾ സദാചാര വേലികളിൽ
അള്ളിപ്പിടിച്ച് ഒളിച്ചിരിക്കും....
ഇലക്ട്രോണിക് പേജുകളിൽ
വിരലുകൾ കുഴഞ്ഞു വീഴും...
കീപാഡ് പിടുത്തം തരാതെ
തുള്ളിക്കളിക്കും....
ചിലപ്പോളൊക്കെ അങ്ങിനെയാണ്...
കണ്ണിലെ സ്വപ്നങ്ങളെ അമ്മിക്കല്ലിലിട്ടു
മുളകു കൂട്ടി അരച്ചെടുക്കുമ്പോൾ
 സ്വീകരണ മുറിയിലെ
മെഡലുകൾ നോക്കി ചിരിക്കും...
ആ ചിരിക്ക് മറ്റു അർത്ഥങ്ങൾ
ഒന്നും ഉണ്ടാവില്ല...
ഉറക്കമൊഴിച്ച
രാത്രികളെയും നടന്നു തീർത്ത
വഴികളെയും ഓർത്തു
വെറുതെ ചിരിക്കുന്നതാവാം....
പാത്രം തേക്കുമ്പോൾ
ചിലപ്പോൾ എച്ചിൽ വറ്റുകൾ
കിണ്ണത്തിനരികിൽ നിന്നെത്തിനോക്കി
കൊഞ്ഞനം കാണിക്കുണ്ടാവാം....
ഒന്നും ഉദ്ദേശിച്ചായിരിക്കില്ല,
സദാചാരം മൂന്നുനേരം
പുഴുങ്ങി വിളമ്പുന്ന ശീലാവതിയോടുള്ള
ബഹുമാനമാകാം....
ചിലതൊക്കെ അങ്ങിനെയാണ്,
കനവുകളെ കത്തിച്ചുകളഞ്ഞ്
മിടിപ്പില്ലാത്ത ശരീരമായി
ചോറ്റുപാത്രങ്ങൾ
നിറച്ചു കൊണ്ടിരിക്കണം....
 ഹൈപോത്തലാമസിനെ വഞ്ചിച്ച്
തലയോട്ടിക്കകത്തു തന്നെ അവറ്റയെ
തളച്ചിടണം, ഹാ സ്വപ്നങ്ങൾ ഒരിക്കലും
കിണറ്റുമതിൽ ചാടരുത്....
ഈ സത്യാനന്തരയുഗത്തിലും
ഞാനെന്തൊക്കെ ജൽപനങ്ങളാണ്
പുലമ്പുന്നത്?
ചിലപ്പോളൊക്കെ അങ്ങിനെയാണ്..
സ്വാഭാവികതകളെ കുഴിച്ചുമൂടി
ഞാൻ പിന്നെയും
പണ്ടത്തെ ചങ്കരനൊപ്പം
തെങ്ങിൻമുകളിൽ തന്നെ, നിങ്ങളോ?
[7:35 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: പിന്നെയും - ആലാപനം -സുനിത ഗണേഷ്👇🏻
[7:35 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: സുനിത ഗണേഷ്
ഭൗതിക ശാസ്ത്രാവിഭാഗം അധ്യാപിക,
ഗവ. വിക്ടോറിയ കോളേജ്
പാലക്കാട്
[7:36 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ഇനി കാലിക പ്രസക്തിയുള്ള ഒരു കവിതയാകാം...👇🏻
[7:36 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: വരും വാർത്തകൾ
ലാലു .കെ .ആർ
അങ്ങകലെ
പൂക്കളുടെ നാട്ടിൽ നിന്ന്
മേൽവിലാസം തേടി
ഒരു കറുത്ത പെട്ടി .
പെട്ടി നിറയെ മണം .
ഭർത്താവിന്റെ മണം,
അച്ഛന്റെ മണം,
മകന്റെ മണം,
ആങ്ങളയുടെ മണം....
ഭാര്യ പിന്നെ
കുളിച്ചൊരുങ്ങിയില്ല
അച്ഛൻ കൂട്ടുകാരോടൊന്നും
പട്ടാള വിശേഷങ്ങൾ പറഞ്ഞ്
പൊട്ടിച്ചിരിച്ചില്ല .
അച്ഛന് തോക്കുണ്ടെന്ന്
ടീച്ചറിനോട്
വീമ്പു പറയാനൊന്നും
ഉണ്ണി പോയതേയില്ല .
ശബ്ദമില്ലാതൊരു വീട്,
വിവാഹ വാർഷികവും
പിറന്നാളാഘോഷങ്ങളുമില്ലാതെ
കാലങ്ങളായങ്ങനെ ....
കുറേ കാലം കഴിഞ്ഞാണ്
ശവപ്പെട്ടി കുംഭകോണത്തിന്റെ
വാർത്ത കണ്ടുകൊണ്ടിരുന്ന ടിവി
മേശേന്ന് താഴെ വീണ്
പൊട്ടിച്ചിതറിപ്പോയത്
[7:36 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ലാലു കെ ആർ
കരോട്ട് വീട്
മുഹമ്മ പി ഒ
ആലപ്പുഴ
ജോലി ഫോറസ്റ്റ് ഡിപാർട്ട് മെന്റിൽ . ഇപ്പോൾ പറമ്പിക്കുളം കടുവ സങ്കേതത്തിലെ  പറമ്പിക്കുളം ഫോറസ്റ്റ് റേഞ്ചിലെ ക്ലർക്കാണ്
കഴിഞ്ഞ മെയ് മാസത്തിൽ ഭാഷാപോഷിണിയിൽ കവിതയും അടുത്തിടെ മംഗളത്തിൽ ഒരു കഥയും പ്രസിദ്ധീകരിച്ചു.
[7:37 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: കൊന്നപ്പൂവുകൾ - വിനോദ്.കെ.ടി.👇🏻
[7:37 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: കൊന്നപ്പൂവുകൾ
വിനോദ്.കെ.ടി
കൊമ്പുകളാലും ഇലകളാലും
ഇത്തിരി പോലും
നഗ്നത മറയ്ക്കാത്ത
ഓരോ കൊന്നമരവും
കണ്ണുകൾക്ക് പ്രാപിക്കാനായി മാത്രം നിൽക്കുന്ന ഒരുവളാകുന്നു,
ഭൂമിയിൽ
പ്രണയം നഷ്ടപ്പെടുന്ന
ഓരോ നിമിഷങ്ങളിലും
പരിഹാസത്തിന്റെ
ഒരിതൾ വീതം
കാറ്റിന്നുസമ്മാനിക്കുന്നവളായ് !
ഉടൽ നാണം മറന്ന
അവളുടെ നിൽപ്പ് കണ്ട്
ശരീരം തന്നെയഴിച്ചുവെച്ച്
സ്വയം മറന്നു
നിൽക്കാത്തതായാരുണ്ട്?
 പക്ഷേ,
പള്ളിപ്പറമ്പിലെ
കൊന്നമരം മാത്രം
അഹങ്കാരമഞ്ഞയഴിച്ച്
ചന്തം കുറഞ്ഞൊരു നിൽപ്പുണ്ട്,
മീസാൻ കല്ലിന്റെ
കനം താങ്ങാനാകാതെ
ആറടി രാജ്യത്തുറങ്ങുന്ന
ആത്മാവിന്റ രാജാവിന്
കാവലാളായി.
[7:37 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: കൊന്നപ്പൂവുകൾ - ആലാപനം - വിനോദ്.കെ.ടി.👇🏻
[7:37 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: വീണ്ടും അച്ഛനെ പറ്റി....👇🏻
[7:38 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: അച്ഛൻ
ശിവദാസൻ.എ
ചെറുപ്പത്തിൽ അച്ഛന്റെ കൂടെ ഗുരുവായൂർ അമ്പലത്തിൽ പോവും .. വൈകുന്നേരമാണ് പോവുക.. കുളിയും തൊഴലുമൊക്കെ കഴിഞ്ഞാൽ പടിഞ്ഞാറെ നടയിലെ അച്ഛന്റെ സ്ഥിരം ഹോട്ടലിൽ നിന്ന് ഇഡ്ഢലിയോ മസാലദോശയോ..
 ഉറക്കമിളച്ചിരുന്ന് ക്യഷ്ണനാട്ടം കളി.. അച്ഛനും സുന്ദരപണിക്കരും ചേർന്ന് കഥ പറഞ്ഞു തരും.. വീണ്ടും കുളി. വാകച്ചാർത്ത് തൊഴുത് പുലർച്ചെ അഞ്ച് മണിയുടെ സന്ധ്യ ബസ്സിനു മടക്കം.. അച്ഛന്റെ  മടിയിൽ കിടന്ന് ഉറക്കവും മയക്കവുമായങ്ങനെ ഒരു സുബഹ് യാത്ര..
   ബസ്സ് കുറ്റിപുറം പാലത്തിൽ കയറിയാൽ സ്ലാബുകളുടെ ഗ്യാപ്പിൽ കാറ്റു തട്ടിയുണ്ടാകുന്നൊരു ശബ്ദമുണ്ട്...ങ്ഹൂം ങ്ഹൂം ങ്ഹൂം ങ്ഹൂം.. 
    അതിന്റെ താളം എനിക്കിഷ്ടമാണ്.. അച്ഛന്റെ മടിയിൽ നിന്നും ഞാൻ ഉണരും..
  അതുപോലെ ജീവിതത്തിൽ ബോധമാകേണ്ട ചില ബോധ്യങ്ങളുടെ  മുരളലുകളുണ്ടാവും നമുക്കൊക്കെ ജീവിതത്തിൽ..
 എനിക്കിന്ന് അത്തരമൊരു ദിവസമായിരുന്നു..
[7:38 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ഇനി മുരളികാ ദേവ്‌ എന്ന കൊച്ചു കവയിത്രിയുടെ ഹൃദയ നൊമ്പരം ഭാരതപ്പുഴ കേട്ടാലോ ...👇🏻
[7:38 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ഭാരതപ്പുഴ
മുരളികാ ദേവ്
ഭാരതപ്പുഴ
കത്തിക്കറുത്ത്
മേലോട്ടുയരുന്ന പുഴ
മനുഷ്യൻ,
ദുഷ്ട മനുഷ്യൻ
മണലിനെ പോലും
തീയിട്ട് കരിയ്ക്കുന്നു...
കരയിക്കുന്നു ..
ആകാശത്തിലേക്ക്
ഉയർന്നുയർന്നു പോവുന്ന
കരിങ്കോട്ടയിൽ
നമ്മുടെ പുഴ
കത്തിയമരുന്നു.
നായ്ക്കൾ
ഓടിച്ചാടി നടക്കുന്ന മണൽ
കാട്ടു പൊന്തയെ
വിഴുങ്ങുന്ന
തീ വായ..
ആ വായയിൽ
ഇത്തിരി വെള്ളം പോലും
ഒഴിക്കാനാവാതെ
ദൂരെ,
കരഞ്ഞു കണ്ണീരൊഴുക്കുന്ന
പുഴ....
തീച്ചിരിയുമായി
മനുഷ്യർ.....
[7:38 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: മുരളികാ ദേവ്
നാലാം ക്ലാസ് വിദ്യാർത്ഥിനി,
ജി.യു.പി.എസ്.നരിപ്പറമ്പ്
[7:39 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ദൈവം
മൂസ എരവത്ത്
അവന്റെ ദൈവം
വാക്കുപാലിച്ചു
അവനിപ്പോൾ
സ്വർഗ്ഗത്തിലാണ്.
ചിതറിത്തെറിച്ചവ
കൂട്ടിക്കെട്ടിയപ്പോൾ
പറ്റിയ പിഴവാവാം,
കാഴ്ചകൾ മാത്രം
നിശ്ചലമാണ്.....
നാൽപ്പത്തിരണ്ട്
മനുഷ്യമാംസക്കൂനകൾ,
വിറങ്ങലിച്ചു പോയ നാൽപ്പത്തിരണ്ട്  വീടുകൾ,
നാൽപ്പത്തിരണ്ട്
നിലവിളിക്കുന്ന നാടുകൾ ,
കാഴ്ച്ചകൾ മാറുന്നേയില്ല.
സ്വർഗ്ഗത്തിൽ
മറ്റൊരു കാഴ്ച്ചയുമില്ലേ
എന്ന ചോദ്യത്തിന്
  മൗനമായിയുന്നു ഉത്തരം  .
സ്വർഗ്ഗമപ്പോൾ
പൊട്ടിത്തെറിക്കാറായ
ഒരു ബോംബായിരുന്നു.
എവിടേയോ ഒരു വീട്ടിൽ
മോണകാട്ടി ചിരിക്കുന്ന
കുഞ്ഞിനെയോർത്ത്
 തലകുനിച്ച ദൈവമപ്പോൾ
 നരകത്തിലേക്ക്
നടന്നു പോയി.
ഒരിക്കൽ,
അവന്റെ ദൈവവും 
പരമകാരുണികനും
ദയാപരനുമായിരുന്നു...
[7:39 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: പ്രയാണം - ജയേഷ് പായം👇🏻
[7:39 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: പ്രയാണം
 ജയേഷ് പായം
തിരിഞ്ഞു നോക്കുവാനൊരിക്കലും ഞാൻ തുനിഞ്ഞതില്ലീ പ്രയാണ വീഥിയിൽ
ത്യജിച്ചു മോഹന പ്രതീക്ഷകൾ സ്വയം
വഹിച്ചു ദുർവഹം മരക്കുരിശുകൾ
മൃത്യു പാദങ്ങളെ തിരഞ്ഞു പോകാതെ
മലകൾ താണ്ടി ഞാനിവിടെയെത്തവെ
പൊഴിഞ്ഞു മേലാകെ വിയർപ്പു നീർകണം
പൊടിഞ്ഞു കാലിണയിതിൻ ചുടുനിണം
യുഗാന്തകാരത്തിലിടറി നീങ്ങിയും
നിതാന്ത ദുഃഖത്തിൻ കനലിൽ നീറിയും
സ്വയം ശപിക്കലും മുറുമുറുപ്പുമായ്
മദഭരിതനായ് മുടന്തിനീങ്ങിയും
ഒടുവിലീ ജന്മ കവലതൻ ചാരെ
കിടപ്പൂ ഞാനൊരു കിതക്കും നായപോൽ
തുടക്കമെന്തെന്നും ഒടുക്കമെന്തെന്നും
നടുക്കത്തോടെ ഞാൻ മനസ്സിലാക്കവെ
ഇരുണ്ട ഭൂതത്തിൻ നിഴലനക്കങ്ങൾ
ദുരന്ത ഭീതിതൻ ഇടിമുഴക്കങ്ങളായ്
[7:39 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ജയേഷ് പായം
കണ്ണൂർ ജില്ലയിലെ ഇരിട്ടി പായം സ്വദേശി .
കവി, ഗാനരചയിതാവ്, അഭിനേതാവ് എന്നീ നിലകളിൽ അറിയപ്പെടാനുള്ള എളിയ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. കവിതാ മേഖലയിൽ : ചെറിയ രണ്ട് അവാർഡുകളും, കവിതാമത്സരങ്ങൾക്ക് ചെറിയ, ചെറിയ സമ്മാനങ്ങളും കിട്ടിയിട്ടുണ്ട്. ഗാന രംഗത്ത് :ഒരു സിനിമയിൽ രണ്ട് പാട്ട് എഴുതിയിട്ടുണ്ട്. ആൽബത്തിന് വേണ്ടിയും പാട്ടെഴുതിയിട്ടുണ്ട്...
[7:39 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: ജയേഷ് പായം
[7:40 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: വാത്സല്യം
അനാമിക
തെക്കിനിയിലെ തെന്നൽ
നാലുകെട്ടിന്റെയോരത്തായ്  
നലമെഴും നാടകശാലകൾക്കപ്പുറം..
നാലുകോണും ചേരുമാമേൽക്കൂടിന്നു താങ്ങായ് ,തൂണുപോലുണ്ടായിരുന്നു,
താഴ്വാരങ്ങൾ  നട്ടുനനച്ചൊരു മുത്തശ്ശി.....
തളംകെട്ടിനിൽക്കുമാ  താംബൂലവർണ്ണങ്ങൾ  താരാട്ടുകൂട്ടിച്ചുവപ്പിച്ച മുത്തി
തെക്കിനിമുറിയിലെ
തണുവാർന്ന തെന്നലായൊറ്റക്കരമുണ്ടിൻ  
വെണ്മയിലലിഞ്ഞവൾ 
പടരുന്ന കുലവേരു
മണ്ണിലുറപ്പിക്കാൻ മൂകം 
പകലന്തിയോളം തണ്ണീരുതേവിയോൾ .....
നരയാർന്ന,നീൾമിഴിക്കോണിലൊരിത്തിരി നനവുമായ് 
നിത്യവും  നാലമ്പലം ചുറ്റിയോൾ...
താരാട്ടുപാട്ടായി, താരകബ്രഹ്മംപോൽ
തായയായ് വാത്സല്യദുഗ്ദ്ധം പകർന്നവൾ..
കാലമാം കനവതിൽ, കാനനച്ചോലയിൽ
കാവേരിതന്നുടെ പുണ്യകുംഭങ്ങളിൽ
തേടുന്നു ഞാനിന്ന്
തെക്കിനിമറതന്റെ
താളമാം മുത്തിയെ...
തെക്കേപ്പുരയിലെ  മുറ്റത്തൊരുകോണിൽ കായ്ച്ചൊരാതൈത്തെങ്ങിലലിയുന്ന
കാലമാം കനവിനെ........
[7:40 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: അനാമിക ( തൂലികാനാമം)
പേര്: സിന്ധു ടീച്ചർ
          ജി.എച്ച്.എസ്.എസ്.വീയപുരം
          ആലപ്പുഴ
[7:40 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: കൊളാഷ് - വെട്ടം ഗഫൂർ👇🏻
[7:40 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: കൊളാഷ്
വെട്ടം ഗഫൂർ
ഓരോ സ്ത്രീയും
ഓരോ കടലാണ്..
കണ്ണീരിന്റെ
ഉപ്പ് ചുവയുള്ള
മുത്തുച്ചിപ്പിയുടെ
നോവ് പേറുന്ന
നുരയും പതയുമുള്ള
പ്രണയത്തിന്റെ
തിരത്തള്ളലുള്ള കടൽ..
ഓരോ സ്ത്രീയും
ഓരോ ചുമരാണ്
കരിയും പുകയും
മണക്കുന്ന
ചുട്ടരച്ച ചമ്മന്തിയുടെ
മണം പേറുന്ന
അടയാളങ്ങൾ
മാത്രം ബാക്കിയായ
വിള്ളൽ വീണ
അടുക്കളച്ചുമർ...
ഓരോ സ്ത്രീയും
ഓരോ ഖനിയാണ്
പുതുതായി
കുഴിച്ചെടുക്കേണ്ട
ലോഹങ്ങൾ
തിങ്ങിനിറഞ്ഞ ഖനി..
ഓരോ സ്ത്രീയും
ഓരോ ചൂട്ടാണ്.
ആഞ്ഞ് വീശുന്തോറും
ആളിക്കത്തുന്ന ചൂട്ട്...
ഓരോ സ്ത്രീയും
ഓരോ കാൽചിലങ്കയാണ്
മഹോത്സവങ്ങളിലെ,
ഉന്മാദ നൃത്തത്തിന്റെ
ലഹരി പേറുന്ന
പൊട്ടിയ കാൽചിലങ്ക ..
അതെ,
ബാക്കിയാവുന്ന
ഓർമച്ചിത്രങ്ങൾ
തുന്നിച്ചേർത്ത
ഒരു കൊളാഷത്രേ അവൾ ..
[7:41 PM, 2/16/2019] ഗഫൂർമാഷ� � ആലത്തിയ ൂർ: വായിക്കുക ...
ആസ്വദിക്കുക...
വിലയിരുത്തുക...
അഭിപ്രായങ്ങൾ പങ്കു വെക്കുക....
🙏🙏🙏